ചില തുറന്നു പറച്ചിലുകളിലൂടെ വിവാദ നായികയെന്ന പേര് ചാര്‍ത്തിക്കിട്ടിയ നടിയാണ് കസ്തൂരി.മലയാളത്തിലും തമിഴിലും നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടി തനിക്ക് സിനിമാ രംഗത്തു നിന്നു നേരിടേണ്ടി വന്നിട്ടുള്ള ചൂഷണങ്ങളെപ്പറ്റി തുറന്നു പറഞ്ഞതാണ് പലപ്പോഴും വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.ഇപ്പോള്‍ വീണ്ടുമൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുകയാണ് നടി.
താന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ആ സംഭവമെന്നും എന്നാല്‍ ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ ആ കാര്യത്തെ കൂള്‍ ആയിത്തന്നെ താന്‍ ഡീല്‍ ചെയ്തുവെന്നും കസ്തൂരി പറയുന്നു..താന്‍ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്‍ തന്നോട് ഗുരുദക്ഷിണയായി ചോദിച്ചത് തന്റെ ശരീരമായിരുന്നുവെന്ന് കസ്തൂരി തുറന്നു പറഞ്ഞു.
ഗുരു ദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നോട് പറഞ്ഞിരുന്നു. ആദ്യമൊന്നും എനിക്കു അദ്ദേഹം ഉദ്ദേശിച്ചകാര്യം മനസ്സിലായിരുന്നില്ല.എന്നാല്‍ തനിക്ക് കാര്യം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി തന്നെ താന്‍ കൊടുത്തെന്നും പിന്നീട് തന്നോട് സംസാരി ച്ചിട്ടേയില്ലെന്നും കസ്തൂരി പറഞ്ഞിരിന്നു.
പിന്നെ തനിക്കു മറ്റൊരു ദുരനുഭവമുണ്ടായത് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു വ്യക്തിയുടെ ഭാഗത്തു നിന്നായിരുന്നുവെന്നും അദ്ദേഹം ഒരു നിര്‍മ്മാതാവായിരുന്നുവെന്നും താരം ഓര്‍ക്കുന്നു.തനിക്കു ഒരുപാട് മോഹന വാഗ്ദാനങ്ങള്‍ നല്‍കി തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്.
പക്ഷെ അയാളുടെ പ്രായത്തെയോര്‍ത്ത് കൂടുതലൊന്നും തനിക്കു പറയാന്‍ കഴിഞ്ഞില്ലെന്നും കസ്തൂരി പറയുന്നു.സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ തങ്ങളുടെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളുമാണ് നമ്മുടെ സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി വ്യക്തമാക്കുന്നു.
കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം പാലിക്കുകയാണെങ്കില്‍ ഇങ്ങനെ പാലിക്കണം. 180 സീറ്റുള്ള വിമാനം ചാര്‍ട്ട് ചെയ്ത് യാത്ര ചെയ്ത് നാലംഗ കുടുംബം.
പത്തുലക്ഷം രൂപ മുടക്കിയായിരുന്നു ഒരു കുടുംബത്തിലെ നാലുപേരുടെ ഈ ആഡംബര യാത്ര. എയര്‍ബസ് എ320യാണു ഈ കുടുംബം ബുക്ക് ചെയ്തത്.
യുവതി, രണ്ടു മക്കള്‍, മുത്തശ്ശി എന്നിവരാണ് യാത്രികര്‍. തിങ്കളാഴ്ച രാവിലെ 9.05ന് വിമാനം ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട് 10.30 ഓടെ ഭോപ്പാലില്‍ എത്തുകയായിരുന്നു.
നാലു പേരുമായി 11.30 ഓടെ യാത്ര തിരിച്ച് 12.55 ഓടെ ഡല്‍ഹിയില്‍ തിരിച്ചെത്തുകയും ചെയ്തു.
ആഭ്യന്തര വിമാനസര്‍വീസ് പുനരാരംഭിച്ചതോടെ ഒട്ടേറെ ആളുകളാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് സ്വദേശത്തേക്കു മടങ്ങുന്നത്.
അതേസമയം, സമ്പന്നരായ പലരും ആള്‍ക്കൂട്ടം ഒഴിവാക്കി തനിച്ച് യാത്ര ചെയ്യുന്നതിനാണ് താല്‍പര്യപ്പെടുന്നതെന്ന് വ്യോമ ഉദ്യോഗസ്ഥര്‍ പറയുന്നു.
വിമാനങ്ങള്‍ ചാര്‍ട്ടു ചെയ്യുന്നത് സംബന്ധിച്ച് ഒട്ടേറെപ്പേര്‍ അന്വേഷണവുമായി എത്തുന്നുണ്ട്. ഇന്ധനവില കുറവായതിനാല്‍ ആകര്‍ഷകമായ വിലയില്‍ യാത്ര നല്‍കാന്‍ കമ്പനികള്‍ക്കു കഴിയുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
എ320 ചാര്‍ട്ടേഡ് വിമാനത്തിന് ഒരു മണിക്കൂറിന് നാലു മുതല്‍ അഞ്ചു ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.
ഇന്ധനവിലയെ അടിസ്ഥാനപ്പെടുത്തി നിരക്കില്‍ മാറ്റം വരാം. ഡല്‍ഹി-മുംബൈ-ഡല്‍ഹി വിമാനം 16-18 ലക്ഷം രൂപയാണ് ഈടാക്കുന്നത്.
കൊമേഴ്സ്യല്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തുന്നതിന് ഒരു ദിവസം മുന്‍പ് യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്ക് മൂന്നു പേരുമായെത്തിയ ചാര്‍ട്ടേഡ് വിമാനം 80 ലക്ഷം രൂപ ഈടാക്കിയതായിട്ടാണു വിവരം.
എന്തായാലും വിമാനക്കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാണ് പണക്കാരുടെ ഇത്തരം യാത്രകള്‍.
അഞ്ചല്‍ ഉത്ര കൊലക്കേസില്‍ കൂടുതൽ വെളിപ്പെടുത്തലുകൾ. ഒടുവിൽ ഉത്രയെ പാന്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഭർത്താവ് സൂരജ് അന്വേഷണസംഘത്തോട് എല്ലാം തുറന്നുപറഞ്ഞു.
ഉത്രയെ കൊലപ്പെടുത്താനുള്ള സാഹചര്യങ്ങൾ വിശദീകരിക്കെയാണ് പുറംലോകം അറിയാത്ത കാര്യങ്ങളിലേക്ക് കടന്നത്. ഉത്രയെ പാന്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചപ്പോഴൊക്കെയും ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി കൊടുത്തതായി സൂരജ് മൊഴി നൽകി.
മാർച്ച് രണ്ടിനാണ് ഉത്രയ്ക്ക് ആദ്യം പാന്പു കടിയേറ്റത്. പാന്പിനെ മുറിക്കുള്ളിൽ വിടുന്നതിന് മുന്‍പ് ഉത്രയ്ക്ക് പായസത്തിൽ ഉറക്കഗുളിക പൊടിച്ച് നൽകി. അന്ന് അണലിയെക്കൊണ്ടാണ് കടിപ്പിച്ചത്. പക്ഷെ കടിയേറ്റ ഉടനെ ഉത്ര നിലവിളിച്ചതിനാൽ പദ്ധതി പാളുകയായിരുന്നു.
പിന്നീട് മേയ് ആറിന് രാത്രിയിൽ ജ്യൂസിൽ കൂടുതൽ ഉറക്കഗുളിക പൊടിച്ചു കലർത്തിയാണ് നൽകിയത്. അത് കഴിച്ചതോടെ ഉത്ര മയങ്ങിപോകുകയായിരുന്നു. പിന്നീട് അഞ്ചു വയസുള്ള മൂർഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. . ഉത്രയുടെ മരണം ഉറപ്പാകുന്നതുവരെ കാത്തിരുന്നതായാണ് വിവരം.
സൂരജ് ജോലിചെയ്യുന്ന സ്ഥലത്തിന് സമീപമുള്ള മെഡിക്കൽസ്റ്റോറിൽനിന്നാണ് ഉറക്കഗുളിക വാങ്ങിയത്. ഇന്നലെ അന്വേഷണസംഘം മെഡിക്കൽസ്റ്റോറിൽ പോയിരുന്നെങ്കിലും കടഅടഞ്ഞുകിടന്നിരുന്നു. പിന്നീട് കടയുടമയുടെ മൊഴിരേഖപ്പെടുത്തിയതായാണ് വിവരം.
വിവാഹമോചനത്തിന് ഉത്രയുടെ വീട്ടുകാർ തയാറെടുപ്പ് നടത്തുന്നതായുള്ള വിവരം ലഭിച്ചതിനെതുടർന്നാണ് സൂരജ് ഉത്രയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഏതാണ്ട് അരക്കോടിയോളം രൂപ നൽകേണ്ടിവരുമെന്ന സാഹചര്യം ഇയാളെ തളർത്തി. ജനുവരിമുതൽ ഇയാൾ ഉത്രയെ കൊലപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതായാണ് വിവരം.
ഉത്രയെ ഒഴിവാക്കിയാൽ സ്വത്തെല്ലാം മകൻ ധ്രുവിന് ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു സൂരജ്. കുടുംബത്തിൽവച്ചു ഉത്രയെ വീട്ടുകാർ പീഡിപ്പിച്ചുവന്നിരുന്ന വിവരം മുഴുവനും മാതാപിതാക്കളെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും വീട്ടുകാർ വിവാഹമോചനത്തെപ്പറ്റി ആലോചിച്ചിരുന്നില്ലെന്നാണ് ഉത്രയുടെ പിതാവ് പറയുന്നത്. പാന്പിനെ സൂരജിന് കൈമാറിയ എഴുകോണിലെത്തിച്ചും ഇന്നലെ തെളിവെടുപ്പ് നടത്തി.
മാത്രമല്ല സൂരജിന് നൽകിയ പാന്പുകളെ സുരേഷ് പിടിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി. ഇന്ന് സൂരജിന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഇന്ന് ഉച്ചയോടെ സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും നാളത്തേക്ക് മാറ്റാനാണ് സാധ്യതയെന്നും സൂചനയുണ്ട്. 30ന് പ്രതികളെ കോടതിയിൽ ഹാജരാക്കും.
സണ്ണി പത്തനംതിട്ട
ഗ്ലാസ്‌ഗോ : പ്രമുഖ എഴുത്തുകാരനും മുൻ കേന്ദ്ര-സംസ്ഥാന മന്ത്രിയും എം.പി.യുമായിരുന്ന വീരേന്ദ്രകുമാറിന്റ നിര്യാണത്തിൽ ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ വിഭാഗം അനുശോചനം വിഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തി.
ഇന്ത്യൻ രാഷ്ട്രീയ രംഗത്തിന് മാത്രമല്ല മലയാള ഭാഷക്കും തീരാനഷ്ടമാണ് എം.പി.വി.യുടെ മരണമെന്ന് ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ് സണ്ണി പത്തനംതിട്ട അറിയിച്ചു. ജീവിതത്തിന്റ അവസാന നാളുകൾ വരെ സാമുഹ്യ തിന്മകൾക്കെതിരെ അദ്ദേഹം ലേഖനങ്ങൾ എഴുതിക്കൊണ്ടിരിന്നു. വിഡിയോ കോൺഫ്രൻസിൽ പങ്കെടുത്ത സാഹിത്യകാരൻ കാരൂർ സോമൻ, ലണ്ടൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. 1987 ൽ കേരള മന്ത്രി സഭയിൽ അംഗമായിരുന്ന എം.പി.വി. മനുഷ്യനെപ്പോലെ മരങ്ങളെയും സ്‌നേഹിച്ച മഹൽ വ്യക്തിത്വമായിരുന്നു. അതുകൊണ്ടാണ് മരം മുറിക്കരുതെന്ന് കർശന നിയമം മുന്നോട്ട് വെച്ചത്. അത് മരത്തിന് കോടാലികൈയ് കാലനായി പലർക്കും തോന്നി. മരത്തിന്റ ചുവട് മുറിക്കാൻ കാട്ടുകള്ളന്മാർ തറയിൽ നിൽക്കുമ്പോൾ അധികാര മരത്തിന്റ മുകളിലിരിക്കുന്ന മന്ത്രിക്കത് മനസ്സിലായില്ല. ചുരുക്കത്തിൽ മരത്തിന്റ ചുവട് മുകളിലിരിന്നു മുറിക്കുംപോലെയായി കാര്യങ്ങൾ. രാഷ്ട്രീയം എന്തായിരുന്നാലും പാവം മരത്തിനെ രക്ഷിക്കാൻ ഒറ്റ ദിവസം കൊണ്ട് രാജിവെച്ചു പുറത്തുപോയ അടിയുറച്ച കാഴ്ചപ്പാടുള്ള, കാലുറപ്പിച്ചു നിന്ന വ്യക്തിത്വമായിരുന്നു. ഇന്നുവരെ കേരള മന്ത്രിസഭയിൽ ഇതുപോലൊരാൾ കടന്നു വന്നിട്ടില്ല. പിന്നീട് കണ്ടത് ശ്രീ.എം.എ. ബേബി മന്ത്രിയായിരിക്കുമ്പോൾ മരം മുറിക്കുന്നവരെ താഴെയിറക്കിയ അനുഭവമാണ്. പ്രകൃതിയെ മാറോട് ചേർത്ത് പിടിക്കുന്നവർ ഭരണകേന്ദ്രങ്ങളിൽ ഇല്ലെന്നുള്ളതാണ് വാസ്തവം. അതിന്റ ദുരന്തങ്ങൾ നമ്മൾ പല വിധത്തിൽ അനുഭവിക്കുന്നു.
സാഹിത്യ ലോകത്തു് ചെറുതും വലുതുമായ ധാരാളം പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള എം.പി.വി. ചിറ്റൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിപി ഫൗണ്ടേഷന്റെ രാഷ്ട്രവിജ്ഞാനി പുരസ്‌കാരത്തിന് 1998 കൾക്ക് മുൻപ് അദ്ദേഹത്തിന്റ “രാമന്റെ ദുഃഖ൦” തിരെഞ്ഞെടുത്തു. ആ കുട്ടത്തിൽ വിക്ടർ ലീനസ് സ്മാരക പുരസ്‌കാരത്തിന് എന്റെ “കദന മഴ നനഞ്ഞപ്പോൾ” എന്ന നോവലും തെരെഞ്ഞെടുത്തു. സർഗ്ഗാന്വഷണ പ്രതിഭ പുരസ്‌കാരം “കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങൾ” എന്ന കൃതിക്ക് ഡോ.പോൾ മണലിലിനും, കാവ്യ രത്ന പുരസ്‌കാരം പ്രൊഫ.വി.ജി തമ്പിക്കും ലഭിച്ചു. അദ്ദേഹത്തിന്റ ബുദ്ധന്റെ ചിരി, ഹൈമവതഭൂവിൽ, രാമന്റെ ദുഃഖ൦ തുടങ്ങിയ കൃതികൾ മലയാള ഭാഷക്ക് ലഭിച്ച ഏറ്റവും നല്ല കൃതികളാണ്.
രാഷ്ട്രീയ സാംസ്കാരിക സാഹിത്യ ആത്മീയ മേഖലകളിൽ ഇതുപോലെ നിറഞ്ഞ കാഴ്‌ചപ്പാടുള്ളവർ ചുരുക്കമാണ്. അദ്ദേഹത്തിന്റ രചനകൾ ചരിത്രത്തിൽ നിന്നോ പുരാണേതിഹാസങ്ങളിൽ നിന്നോ ഹിമാലയൻ യാത്രകളിൽ നിന്നോ എവിടെ നിന്നായാലും ആ രചനചാരുതയാൽ മലയാള ഭാഷ ചൈതന്യപൂർണ്ണമായെന്ന് കാരൂർ സോമൻ അഭിപ്രായപ്പെട്ടു. സെക്രട്ടറി ശശി ചെറായിയും അനുശോചനം രേഖപ്പെടുത്തി.
എം പി വീരേന്ദ്രകുമാർ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ഇന്ന് രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം അൽപസമയത്തിനകം കോഴിക്കോട്ടെ വീട്ടിൽ എത്തിക്കും. സംസ്കാരം കൽപറ്റയിൽ നടക്കും.
രാഷ്ട്രീയനേതാവും സാഹിത്യകാരനും പ്രഭാഷകനുമായ അദ്ദേഹം രണ്ടുതവണ കോഴിക്കോട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തി. ധനം,തൊഴിൽ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയായിരുന്നിട്ടുണ്ട്. 1987ൽ സംസ്ഥാന വനംവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. അന്ന് 48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവച്ചു.
ജനതാദൾ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദൾ (യുണൈറ്റഡ്) എന്നിവയുടെ മുൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റാണ്. ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാവാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമാണ്. എൽഡിഎഫ് രൂപീകരിച്ച കാലത്ത് മുന്നണി കൺവീനറായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
മദിരാശി നിയമസഭാംഗവും സോഷ്യലിസ്റ്റ് പാർട്ടി നേതാവുമായിരുന്ന എം കെ പദ്മപ്രഭാ ഗൗഡറുടെയും മരുദേവി അമ്മയുടെയും മകനായി 1936ലാണ് വീരേന്ദ്രകുമാറിന്റെ ജനനം. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവ്വകലാശാലയിൽ നിന്ന് എംബിഎ ബിരുദവും നേടി.
കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ വി ഡാനിയല്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്‌കാരം തുടങ്ങി എണ്‍പതിലേറെ അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ അര്‍ഹനായിട്ടുണ്ട്.
സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, പ്രതിഭയുടെ വേരുകള്‍തേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോള്‍, ആമസോണും കുറെ വ്യാകുലതകളും, സ്മൃതിചിത്രങ്ങള്‍, എം പി വീരേന്ദ്രകുമാറിന്റെ കൃതികള്‍ (2 വോള്യം), ഹൈമവതഭൂവിൽ,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുൾ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോൻ സാഹിത്യപുരസ്കാരം,ഓടക്കുഴൽ അവാർഡ്,സ്വദേശാഭിമാനി പുരസ്കാരം, മൂർത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
അഞ്ചല്‍ സ്വദേശി ഉത്രയുടെ മരണം പാമ്പ് കടിയേല്‍പ്പിച്ചുളള കൊലപാതകമാണെന്നു തെളിഞ്ഞതോടെ കേരള പൊലീസിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നൊരു കേസ് ആയത് മാറിയിരിക്കുകയാണ്. പ്രതിയുടെ കുറ്റസമ്മതം ഉണ്ടെങ്കിലും കേസ് കോടതിയില്‍ തെളിയിക്കാന്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയെ തെളിവുകളും ഏറെ നിര്‍ണായകമാണ്. വരുന്ന ചെറിയൊരു പിഴവ് പോലും കേസ് ദുര്‍ബലപ്പെടുത്തുമെന്നുള്ളതിനാല്‍ എല്ലാ വഴികളിലൂടെയുമുള്ള തെളിവ് ശേഖരണം അന്വേഷണ സംഘം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിരുന്നു ഉത്രയെ കടിച്ച പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള തീരുമാനം. യുവതിയുടെ മരണത്തിനു പിന്നാലെ പാമ്പിനെ കണ്ടെത്തി തല്ലിക്കൊന്നു കുഴിച്ചിട്ടിരുന്നു.
എന്നാല്‍ ഈ പാമ്പ് കേസില്‍ വളരെ പ്രധാനപ്പെട്ടൊരു കണ്ണിയാണെന്നു തിരിച്ചറിയാണ് പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ചില നിര്‍ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നുണ്ട്. അപ്പോഴും ചില കോണുകളില്‍ നിന്നുയരുന്ന സംശയങ്ങളും പരിഹാസങ്ങളും കുഴിയില്‍ കിടന്ന് ചീഞ്ഞുപോയ പാമ്പിനെ തോണ്ടി പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതുകൊണ്ട് എന്തെങ്കിലും ഗുണം കിട്ടുമോയെന്നാണ്!
സമാനരീതിയില്‍ കേരള പൊലീസ് ഇതിനു മുമ്പും പരിഹസിക്കപ്പെട്ടിരുന്നു. ഇന്നത് പാമ്പാണെങ്കില്‍ അന്നൊരു ചത്ത പൂച്ചയുടെ പേരലായിരുന്നു. പരിഹാസങ്ങളൊന്നും വകവയ്ക്കാതെ ചത്ത പൂച്ചയുമായി മുന്നോട്ടു പോയ അന്വേഷണ സംഘം തെളിയിച്ചത് ഒരു സ്ത്രീയുടെ ക്രൂരമായ കൊലപാതകമായിരുന്നു. ഒരിക്കലും പിടിക്കപ്പെടില്ലെന്നു കരുതിയ പ്രതിയെ കുടുക്കിയത് ഒരു പൂച്ചയുടെ ജഡമായിരുന്നുവെന്നു. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ആ കൊലപാതക കേസിനെ വിശേഷിപ്പിക്കുന്നത്; ചത്തപൂച്ച തെളിയിച്ച കേസ് എന്നാണ്.
2008 ല്‍ നടന്ന, പൂച്ച നിര്‍ണായക കഥാപാത്രമായി മാറിയ ആ കൊലപാതക കഥ തുടങ്ങുന്നത് ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍ പത്തിയൂര്‍പ്പാടത്തെ കുളത്തില്‍ ഒരു യുവതിയുടെ മൃതദേഹം പൊങ്ങുന്നതില്‍ നിന്നാണ്. കുളത്തില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിപ്പോയിരുന്നു. രണ്ട് പാദങ്ങള്‍ കുളത്തിന് മുകളില്‍ പൊങ്ങിനില്‍ക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പ്രദേശവാസികള്‍ക്ക് തീര്‍ത്തും അപരിചിതയായ ഒരു സ്ത്രീയായിരുന്നു അത്. മൃതദേഹത്തിന്റെ വയറ് കുത്തിക്കീറി കുടല്‍മാലയെല്ലാം പുറത്തുചാടിയ അവസ്ഥയിലായിരുന്നു. മൃതദേഹം കുളത്തില്‍ താഴ്ന്ന് പോകുന്നതിനായി ഒരു വേലിക്കല്ല് ശരീരത്തില്‍ ചേര്‍ത്ത് വച്ച് കെട്ടിയിരുന്നു. സ്ത്രീ ഉടുത്തിരുന്ന സാരി കൊണ്ട് തന്നെ രണ്ട് പാദങ്ങളും കെട്ടിയ നിലയിലായിരുന്നു. ഈ പാദങ്ങളാണ് കുളത്തിന് മുകളിലേക്ക് പൊങ്ങിവന്നത്.
പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് തെളിഞ്ഞെങ്കിലും ഇവര്‍ നാട്ടുകാര്‍ക്കെല്ലാം അപരിചിതയാണെന്നതും സമീപപ്രദേശങ്ങളിലൊന്നും ഈ പ്രായത്തിലുള്ള സ്ത്രീയെ കാണാതെ പോയതായി പരാതി ലഭിച്ചിട്ടില്ലെന്നതും പോലീസിന്റെ അന്വേഷണത്തില്‍ തുടക്കത്തില്‍ തന്നെ തടസ്സമായി. മൃതദേഹം കിടന്ന കുളത്തിന് ചുറ്റിലും നിരവധി വീടുകളും എപ്പോഴും ആള്‍പ്പെരുമാറ്റമുള്ള പ്രദേശവുമായിരുന്നു. ആരാണ് മരിച്ചതെന്ന് പോലും വ്യക്തതയില്ലാത്ത കേസ്. അന്ന് കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ഹരികൃഷ്ണന് ആയിരുന്നു അന്വേഷണ ചുമതല. മൃതദേഹ പരിശോധനയില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറയ്ക്കാന്‍ ശ്രമിച്ചതാണെന്ന് വ്യക്തമായി. കുളത്തിന് സമീപത്ത് സംശയകരമായ രീതിയില്‍ യാതൊന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. കുളത്തിനടുത്തേക്ക് വരുന്ന സ്ഥലത്ത് ഒരു സര്‍പ്പക്കാവുണ്ട്. കാവിന് സമീപത്ത് എന്തോ ചത്തുചീഞ്ഞ മണം അനുഭവപ്പെട്ടതിനാല്‍ പോലീസ് അവിടെയും പരിശോധിച്ചു.ഒരു പൂച്ച ചത്തുകിടന്നതായിരുന്നു അത്.
പ്രാഥമികമായി സ്ത്രീയുടെ മരണവുമായി ബന്ധിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല. എന്നാല്‍ സ്ത്രീയുടെ മൃതദേഹത്തിന്റെ അതേ പഴക്കം തന്നെ പൂച്ചയുടെ മൃതദേഹത്തിനുമുണ്ടായിരുന്നതാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണണനില്‍ ചില സംശയങ്ങളുണര്‍ത്തിയത്. സ്ത്രീയുടെയും പൂച്ചയുടെയും പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഹരികൃഷ്ണന്റെ തീരുമാനം. ഇത് ആളുകളില്‍ ഒരു കൗതുകമുണ്ടാക്കുകയും ചെയ്തു. ഒരു ചത്ത പൂച്ചയ്ക്ക് കേരളാ പോലീസ് ആദ്യമായായിരിക്കും മഹസര്‍ എഴുതിയത് തന്നെ.
പൂച്ചയുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഫോറന്‍സിക് സര്‍ജന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഒരു വെറ്റിനറി സര്‍ജന്‍ ആണ് ഈ പോസ്റ്റുമോര്‍ട്ടം നടത്തിയത്. പൂച്ചയുടെയും സ്ത്രീയുടെയും ആമാശയത്തില്‍ ഫ്യൂരിഡാന്‍ എന്ന വിഷം കലര്‍ന്ന ഒരേ ഭക്ഷണമായിരുന്നു ഉണ്ടായിരുന്നു. ഇരു മരണങ്ങളുടെയും ഏകദേശ സമയവും ഒന്നുതന്നെയായിരുന്നു. അതോടെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം സ്ത്രീയെ കുളത്തില്‍ കെട്ടിത്താഴ്ത്തിയതാണെന്ന് വ്യക്തമായി. സ്ത്രീ ആരാണെന്നും ആരാണ് അവരെ കൊലപ്പെടുത്തിയതെന്നും അവര്‍ കഴിച്ച അതേ ഭക്ഷണം പൂച്ചയുടെ വയറ്റിലും എങ്ങനെയെത്തി എന്നത് സംബന്ധിച്ചുമുള്ള ചോദ്യങ്ങളാണ് പിന്നീട് പോലീസിന് മുന്നില്‍ ഉയര്‍ന്നത്. സ്ത്രീയാരാണെന്ന അന്വേഷണം ഫലം കാണാതായതോടെ അന്വേഷണ സംഘം പൂച്ചയുടെ പിന്നാലെ പോകാന്‍ തീരുമാനിച്ചു. പരിചയമുള്ള ആളുകള്‍ക്കൊപ്പം മാത്രമേ പൂച്ച സഞ്ചരിക്കുകയുള്ളൂ എന്ന് കുട്ടിക്കാലത്തേ മനസിലാക്കിയ തിയറിയാണ് ഹരികൃഷ്ണന്‍ ഉപയോഗിച്ചത്.
പൂച്ചയുടെ ഉടമയാകും കൊലയാളിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ചത്ത പൂച്ചയുടെ ചിത്രങ്ങള്‍ എടുത്തിരുന്നു. ചത്ത പൂച്ചയുടെ ഫോട്ടോയുടെ ഫോട്ടോയും കൊണ്ട് നടക്കലായി പിന്നീട് പോലീസുകാരുടെ ജോലി. ഇതും നാട്ടുകാരില്‍ ചിരിയുണര്‍ത്തി. ചത്ത് ചീഞ്ഞ പൂച്ചയുടെ ഫോട്ടോ നോക്കിയാല്‍ ഏതാണ്ട് എല്ലാ പൂച്ചയും ഒരുപോലിരിക്കുമല്ലോ? ‘ജീവനുള്ള പൂച്ചകളെ പോലും പരസ്പരം തിരിച്ചറിയാനാകില്ല.. അപ്പോഴാണ് ചത്ത പൂച്ചയെ.. വെറുതെയല്ല ഇവന്മാരെ കിറുക്കന്മാരെന്ന് വിളിക്കുന്നത്’ ഒളിഞ്ഞും തെളിഞ്ഞുമുള്ള കളിയാക്കലുകള്‍ പൊലീസ് കേട്ടു. പക്ഷേ കാര്യമാക്കിയില്ല. ആ പരിഹാസങ്ങളെല്ലാം പെട്ടെന്നാണ് അവസാനിച്ചത്.
ഒരു വീട്ടില്‍ ചെന്നപ്പോള്‍ തങ്ങളുടെ വീട്ടിലെ പൂച്ചയെ കാണാനില്ലെന്നും നിറവും പാടും എല്ലാം കണ്ടാല്‍ ഏതാണ്ട് ഇതുപോലിരിക്കുമെന്നും ഉത്തരം ലഭിച്ചു. പൂച്ച ചത്തുപോയ കാര്യമൊന്നും വീട്ടുകാര്‍ അറിഞ്ഞിട്ടില്ല. എന്നാല്‍ ഈ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം നടന്നുവെന്ന് സംശയിക്കുന്നതിന്റെ ഏതാണ്ട് അടുത്ത ദിവസങ്ങളില്‍ തന്നെയാണ് പൂച്ചയെ കാണാതായതെന്ന് വീട്ടുകാര്‍ക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചു. അതോടെ പൂച്ച ഈ വീട്ടിലേത് തന്നെയാണെന്ന് പോലീസിന് ഉറപ്പായി. പൂച്ച താമസിച്ചിരുന്ന വീടിന് പരിസരങ്ങളിലുമെല്ലാം പോലീസ് പ്രത്യേക നിരീക്ഷണം നടത്തിയെങ്കിലും സംശയിക്കേണ്ടതായി യാതൊന്നും കണ്ടെത്താനായില്ല. വീട്ടുകാര്‍ക്കാര്‍ക്കും ഈ കൊലപാതകവുമായി ബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ പോലീസിന് വ്യക്തമായി.
അതോടെ ചുറ്റിലുമുള്ള എല്ലാ വീടുകളിലേക്കും പോലീസ് നിരീക്ഷണം നീണ്ടു. ആ വീടുകളിലെയെല്ലാം അംഗങ്ങളുടെ പെരുമാറ്റങ്ങളെല്ലാം സാധാരണമായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ജലാലുദ്ദീന്‍ എന്നയാള്‍ പലനാടുകളില്‍ സഞ്ചരിച്ച് പാത്രങ്ങള്‍ കച്ചവടം നടത്തുയാള്‍ ആയിരുന്നു. പോലീസിന് ഇയാളെ നേരിട്ട് കാണാന്‍ സാധിച്ചില്ല. കച്ചവടവുമായി ബന്ധപ്പെട്ട് അയാള്‍ യാത്രയിലായിരുന്നു. ഇയാളുടെ ഫോണ്‍ നമ്പരിലേക്ക് ഹരികൃഷ്ണന്‍ ഓരോ തവണ വിളിക്കുമ്പോഴും ഓരോ സ്ഥലങ്ങളില്‍ നില്‍ക്കുന്നുവെന്ന് പറഞ്ഞ് ഹാജരാകാന്‍ കൂട്ടാക്കാതിരുന്നു. അതോടെ ഹരികൃഷ്ണന് കൂടുതല്‍ സംശയങ്ങളുണ്ടായി.
ജലാലുദ്ദീനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചു. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ നില്‍ക്കുന്ന യഥാര്‍ത്ഥ സ്ഥലം മാറ്റിയാണ് ഇയാള്‍ പറഞ്ഞിരുന്നതെന്ന് തനിക്ക് മനസിലായതായി ഹരികൃഷ്ണന്‍ പറയുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തന്നെ പോലീസ് തീരുമാനിച്ചു. അപ്പോഴേക്കും നാട്ടുകാരുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദമുയര്‍ന്നു. കാരണം കൊല്ലപ്പെട്ടതാരാണെന്ന് പോലും പോലീസിന് അതുവരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് തന്നെയുള്ള പരിശോധനയില്‍ അയാള്‍ വീട്ടിലെത്തിയത് തിരിച്ചറിഞ്ഞ പോലീസ് അവിടെ നിന്ന് തന്നെ അയാളെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
പാത്രക്കച്ചവടത്തിനായി കരുവാറ്റ എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഇയാള്‍ കൊലചെയ്ത സ്ത്രീയെ പരിചയപ്പെട്ടത്. കരീലക്കുളങ്ങരയില്‍ നിന്നും ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ അകലെയാണ് കരുവാറ്റ. അവരുമായി ആദ്യം സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമായ ഇയാള്‍ അവരുടെ ആഭരണങ്ങളും മറ്റും ഇയാള്‍ വാങ്ങി പണയം വയ്ക്കുകയും ആ പണം തന്റെ ധൂര്‍ത്തിനായി ചെലവഴിക്കുകയും ചെയ്തിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സ്ത്രീ ഈ ആഭരണങ്ങള്‍ തിരികെ ചോദിച്ചു. അതോടെ സ്ത്രീയെ കൊലപ്പെടുത്താന്‍ തന്നെ ഇയാള്‍ തീരുമാനിച്ചു. ആഭരണങ്ങള്‍ നല്‍കാമെന്ന വാക്ക് ആവര്‍ത്തിച്ച് തിരുവനന്തപുരത്ത് കറങ്ങി നടന്ന ശേഷം രാത്രിയോടെ കായംകുളത്ത് വന്ന ഇവര്‍ കൃത്യം നടന്ന പാടത്തെത്തി. ഭക്ഷണമെടുത്തുകൊണ്ട് വരാമെന്ന് പറഞ്ഞ് സ്ത്രീയെ അവിടെയിരുത്തിയ ഇയാള്‍ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് വന്ന ഭക്ഷണത്തില്‍ ഫ്യൂരിഡാന്‍ കലര്‍ത്തുകയും ചെയ്തു.
പാടത്തിരുന്ന് തന്നെ അത് കഴിച്ച സ്ത്രീ അത് തീരും മുമ്പ് തന്നെ ശര്‍ദ്ദിച്ച് മരിച്ച് വീഴുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ മൃതദേഹത്തിന്റെ വയറ് ഒരു കത്തി ഉപയോഗിച്ച് കീറുകയും പാദങ്ങള്‍ രണ്ടും കൂട്ടിക്കെട്ടുകയും ചെയ്ത ശേഷം ദേഹത്ത് വേലിക്കല്ല് കെട്ടി കുളത്തിലെറിയുകയായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്നും ഭക്ഷണ പൊതിയുമായി പോകുന്ന ജലാലുദ്ദീന് പിന്നാലെ പൂച്ചയും കൂടിയത് ഇയാള്‍ അറിഞ്ഞില്ല. സ്ത്രീ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയും അവരുടെ ശര്‍ദ്ദിലും കഴിച്ച പൂച്ചയുടെ ശരീരത്തിലും ഫ്യൂരിഡാന്‍ കലര്‍ന്നു.
കുറ്റം പ്രതി സ്വയം ഏറ്റുപറഞ്ഞതോടെ അന്വേഷണ സംഘം പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചു. നാല് വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില്‍ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജലാലുദ്ദീന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. പൂച്ചയുടെ വഴിയിലൂടെ സഞ്ചരിച്ച് പോലീസ് തന്നിലേക്കെത്തുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്ന് ജലാലുദ്ദീന്‍ തന്നെ പോലീസിനോട് സമ്മതിച്ചു.
അച്ഛന്റെ കണ്ണില്ലാത്ത ക്രൂരതയുടെ നഷ്ടം മനസ്സിലാക്കാന്‍ കുഞ്ഞ് ധ്രുവിനായിട്ടില്ല. താങ്ങാകേണ്ട കൈകള്‍ തന്നെ തന്റെ ജീവിതത്തിന്റെ നിറം കെടുത്തിയതൊന്നും അവനറിയില്ല. മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം അവന്‍ പുതിയ ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങുകയാണ് ഇനി.
മനസ്സാക്ഷി മരവിക്കാത്തവരുടെ ഉള്ളിലെ നോവാണ് അഞ്ചലിലെ ഉത്രയുടെ ഒരുവയസ്സുകാരന്‍ കുഞ്ഞ് ധ്രുവ്. പിച്ചവയ്ക്കുംമുമ്പേ പെറ്റമ്മയെ ഇല്ലാതാക്കിയത് സ്വന്തം അച്ഛനാണ്. ഉത്രയുടെ മരണദിവസമാണ് അവന്‍ അവസാനമായി അമ്മയുടെ ചൂടേറ്റ് ഉറങ്ങിയത്.
കോവിഡ് കാലത്തിന് മുന്‍പൊന്നും അമ്മയെ പിരിഞ്ഞിരുന്ന ശീലം കുഞ്ഞുധ്രുവിനില്ല.
വീട്ടില്‍ വരുമ്പോഴും മറ്റെവിടെ പോകുമ്പോഴും മകന്‍ ധ്രുവും ഉത്രയുടെ ഒപ്പമുണ്ടാകും.
പാമ്പുകടിയേല്‍ക്കുന്നതിന് മുന്‍പ് മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും ഉത്ര കുഞ്ഞുമായി സ്വന്തം വീട്ടില്‍ നിന്നിരുന്നു. രണ്ടോ മൂന്നോ ദിവസം വീട്ടില്‍ നിന്ന ശേഷമാണ് അടൂരിലെ സൂരജിന്റെ വീട്ടിലേക്കു മടങ്ങുന്നത്. പാമ്പ് കടിയേറ്റ ദിവസം ധ്രുവുമൊന്നിച്ചാണ് ഉത്ര കിടന്ന് ഉറങ്ങിയതും.
മാര്‍ച്ച് രണ്ടിന് പാമ്പുകടിയേറ്റ് ഉത്ര ആശുപത്രിയിലായതോടെ കുഞ്ഞിനെ സൂരജിന്റെ വീട്ടിലായിരുന്നു. കോവിഡ് 19നെ തുടര്‍ന്ന് ആശുപത്രികളിലേക്കു പ്രവേശന നിയന്ത്രണങ്ങളുള്ളതിനാല്‍ ധ്രുവിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നുമില്ല.
52ാം ദിവസം ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങുംവഴി
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി മടങ്ങുമ്പോഴാണ് സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കാറില്‍ നിന്ന് ഉത്ര ഇറങ്ങിയില്ല. ആഴ്ചയില്‍ രണ്ടുതവണ മുറിവില്‍ മരുന്നു വയ്ക്കാന്‍ പോകുമ്പോഴും ധ്രുവിനെ കണ്ടു.
ഇതിനിടയില്‍ ഏപ്രില്‍ 16നായിരുന്നു ധ്രുവിന്റെ ഒന്നാം പിറന്നാള്‍. ആ സമയത്തു സൂരജ് വീട്ടിലേക്കു കൊണ്ടുപോയി മകന്റെ പിറന്നാള്‍ കേക്ക് മുറിക്കുകയായിരുന്നു.
മെയ് 7ന് പുലര്‍ച്ചെയാണ് ഉത്ര അഞ്ചലിലെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാര്‍ച്ച് 2ന് ഭര്‍തൃവീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് സ്വന്തം വീട്ടില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് രണ്ടാമതും പാമ്പ് കടിയേല്‍ക്കുന്നത്.
അടച്ചിട്ട മുറിയില്‍ വച്ച് പാമ്പ് കടിയേറ്റ സംഭവത്തില്‍ സംശയം തോന്നി ഉത്രയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയയോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്.
ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ച സൂരജ് കൊല്ലം കല്ലുവാതുക്കലിലെ പാമ്പുപിടുത്തക്കാരന്‍ സുരേഷില്‍ നിന്ന് ഫെബ്രുവരി 26 ന് അണലിയെ വാങ്ങി.
മാര്‍ച്ച് 2ന് ആദ്യമായി ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചു, എന്നാല്‍ ഭാഗ്യം കൊണ്ട് അന്ന് ഉത്രയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി.
എന്നാല്‍, ഏപ്രില്‍ 24ന് സൂരജ് കൂടുതല്‍ വിഷമുള്ള മൂര്‍ഖനെ വാങ്ങി കുപ്പിയിലാക്കി ഉത്രയുടെ വീട്ടിലെത്തി. ഒരു മുറിയില്‍ കിടന്നുറങ്ങവെ പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ തുറന്ന് വിട്ടു. ഉത്രയുടെ മരണം ഉറപ്പിക്കും വരെ മുറിയില്‍ ഉറങ്ങാതെ നോക്കിയിരുന്നെന്നും സൂരജ് തന്നെ അന്വേഷണഉദ്യാഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു
തൊടുപുഴില്‍ വനിത എസ്‌ഐയ്ക്ക് നേരെ അപമാനിക്കാന്‍ ശ്രമം. പോലീസ് ജീപ്പിനുള്ളില്‍ വെച്ചാണ് പോലീസ് ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ പോലീസ് ഡ്രൈവറായ സിയാദിനെ സസ്‌പെന്റ് ചെയ്തു. സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ്‌ഐയ്ക്കാണ് ദുരനുഭവമുണ്ടായത്.
ഡ്രൈവര്‍ക്കൊപ്പം രാത്രി പട്രോളിങ്ങിന് പോകുന്നതിനിടെയാണ് അപമാനിക്കാന്‍ ശ്രമം നടത്തിയത്. പിറ്റേ ദിവസം എസ്‌ഐ മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജില്ലാ പോലീസ് മേധാവി സിയാദിനെ സസ്പെന്‍ഡ് ചെയ്തത്. ഇടുക്കി എആര്‍ ക്യാമ്പില്‍നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റിലാണ് സിയാദ് പോലീസ് ഡ്രൈവറായി തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിയത്.
സംസ്ഥാനത്തിന് ഇന്ന് ആശങ്കയുടെ ദിനം. ഇന്ന് 84 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 31 പേര്‍ വിദേശത്ത് നിന്നും, 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശ്ശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3 കൊല്ലം ഇടുക്കി ആലപ്പുഴ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. തെലങ്കാന സ്വദേശിയാണ് മരിച്ചത്. തെലങ്കാനയിലേക്ക പോകേണ്ട അജ്ജയ്യ രാജസ്ഥാനില്‍ നിന്നും ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് വന്നതാണ്. അതെസമയം 3 പേരുടെ രോഗം ഭേദമായി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്ന് വീതം നെഗറ്റീവായി. ഇതുവരെ 1088 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
ഇവരില്‍ 526 പേര്‍ നിലവില്‍ ചികിത്സയിലാണ്. 1,15,297 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,14,305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 210 പേരെ ആശുപത്രിയില്‍ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 58,460 എണ്ണം നെഗറ്റീവായി. മുന്‍ഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9217 എണ്ണം നെഗറ്റീവാണ്.
സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായത് കണ്ടു കെവിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും. കെവിന്റെ കണ്ണീരോര്‍മ്മകള്‍ നിറയുന്ന പുതിയ വീട്ടില്‍ ജോസഫും മേരിയും സഹോദരി കൃപയും മനസ്സുകൊണ്ട് നീനുവുമുണ്ട്.
കോട്ടയം കരിയംപാടത്ത് നാല്‌സെന്റ് ഭൂമിയിലാണ് നാല് മാസം കൊണ്ട് വീടൊരുങ്ങിയത്. കെവിന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സ്വന്തം വീടെന്ന സ്വപ്‌നം സഫലമായിരിക്കുന്നത്.
സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ സഹായ ധനവും പിഎം ആവാസ് യോജനയില്‍ നിന്നുള്ള 4 ലക്ഷം രൂപയും കുടുംബ സുഹൃത്തിന്റെ സഹായവുമെല്ലാം കൂട്ടിയാണ് വീടുപണി പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് തറക്കല്ലിട്ടു. മാര്‍ച്ചില്‍ പണി പൂര്‍ത്തിയായെങ്കിലും ലോക്ഡൗണ്‍ മൂലം കഴിഞ്ഞ മാസം അവസാനമാണ് കെവിന്റെ കുടുംബം പുതിയ വീട്ടിലേക്കു മാറിയത്. സ്വന്തമായി ഒരു വീട് എന്നായിരുന്നു കെവിന്റെ സ്വപ്നമെന്ന് അച്ഛന്‍ ജോസഫ് പറയുന്നു. ഇനി മകള്‍ കൃപയുടെ വിവാഹം നടത്തണം.
കെവിന്റെ ഭാര്യ നീനു കേരളത്തിനു പുറത്ത് പഠിക്കുകയാണ്. പതിവായി ഫോണ്‍ ചെയ്ത് വിശേഷങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് കെവിന്റെ അമ്മ മേരി പറയുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ നീനുവിനു വരാന്‍ കഴിഞ്ഞിട്ടില്ല.
2018 മെയ് 28നാണ് കെവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊല്ലം തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍, നീനുവിന്റെ പിതാവും ഹോദരനുമടങ്ങിയ സംഘം കെവിനെ തട്ടിക്കൊണ്ടു പോയി തെന്മല ചാലിയക്കര പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.