Latest News

ടൊവീനോ തോമസ് നായകനായി തീയ്യേറ്ററില്‍ ഏറ്റവും ഒടുവിലെത്തിയ ചിത്രമായിരുന്നു ‘ഫോറന്‍സിക്’. കഴിഞ്ഞ ദിവസമാണ് ചിത്രം ടീവിയില്‍ സംപ്രേക്ഷണം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ അഖില്‍ പോള്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടത്.

ക്ലൈമാക്‌സ് രംഗത്തില്‍ ഫോക്‌സ് വാഗന്‍ പോളോയില്‍ ടൊവീനോയുടെ കഥാപാത്രവും വില്ലന്‍ കഥാപാത്രവും യാത്ര ചെയ്യുന്നതും ഒടുവില്‍ ഇരുവരും തമ്മില്‍ കാറിനുള്ളില്‍ വച്ച് ഏറ്റുമുട്ടുന്നതിനിടെ വാഹനം അപകടത്തില്‍ പെടുന്നതുമാണ് രംഗം. ഈ രംഗം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെ ഒരുക്കിയതായിരിക്കും എന്നാണ് ചിത്രം കണ്ട എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ ക്ലൈമാക്‌സില്‍ കാര്‍ പറന്നു പൊങ്ങുന്നതും അപകടത്തില്‍ പെടുന്നതെല്ലാം തന്നെ യഥാര്‍ത്ഥമായി ചിത്രീകരിച്ചതാണെന്നാണ് മെയ്ക്കിങ് വീഡിയോയില്‍ കാണിക്കുന്നത്. സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖറും ടീമുമാണ് ഈ സാഹസിക പ്രകടനം കാഴ്ചവെച്ചത്. അവരുടെ ടീമില്‍ തന്നെയുള്ള ഒരാളാണ് കാറിനകത്ത് ഉണ്ടായിരുന്നത്.

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാക്കി ഒരുക്കിയ മലയാളത്തിലെ ആദ്യ മുഴുനീള ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ടൊവീനോ തോമസ് സാമുവല്‍ കാട്ടൂര്‍ക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് എത്തിയത്. മംമ്ത മോഹന്‍ദാസ് റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. ആദ്യമായാണ് മംമ്ത ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയത്. രഞ്ജി പണിക്കര്‍, റെബ മോണിക്ക, സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

കുവൈറ്റ്: മലയാളി നേഴ്‌സ് കുവൈറ്റില്‍ നിര്യാതനായി. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് പ്രിന്‍സ് മാത്യു ജോസഫ് (33) ആണ് അന്തരിച്ചത്. മുബാറക് ആശുപത്രിയിലെ കോവിഡ് ഐസിയു വിഭാഗത്തിലെ സ്റ്റാഫ് ആയിരുന്നു പരേതനായ പ്രിൻസ്. നേരത്തെ ഇതേ ആശുപത്രിയില്‍ വാര്‍ഡ് 5 ആയിരുന്നു ജോലി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശവസംസ്ക്കാര സംബന്ധമായ വിവരങ്ങൾ ഒന്നും അറിവായിട്ടില്ല.

പ്രിൻസിന്റെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനങ്ങൾ ബന്ധുക്കളെ അറിയിച്ചുകൊള്ളുന്നു.

കോവിഡ് ബാധിച്ച് അമേരിക്കയിലും ദുബായിലുമായി രണ്ടു മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സുബിന്‍ വര്‍ഗീസാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. നാല്‍പത്തിയാറു വയസായിരുന്നു. ആലപ്പുഴ മേക്കാട്ടില്‍ കുടുംബാംഗമാണ്. ഷാർജയിൽ നിർമാണ കമ്പനിയിൽ ഡ്രൈവറായ തൃശൂർ മതിലകം പുതിയകാവ് സ്വദേശി അബ്ദുൽ റസാഖ് ആണ് ദുബായില്‍ മരിച്ചത്. നാൽപ്പത്തെട്ട് വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ന്യുമോണിയ കൂടി പിടിപെട്ടതാണ് മരണകാരണം. മൃതദേഹം ദുബായിൽ സംസ്കരിക്കും.

ലോക്ക് ഡൗണില്‍ പ്രണയസാഫല്യം. 28 ദിവസം ഒരേവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞശേഷം ഗുജറാത്തിപ്പെണ്‍കുട്ടിയെ കോഴിക്കാട് സ്വദേശിയായ യുവാവ് വരണമാല്യമണിയിച്ചു. കുണ്ടൂപ്പറമ്പ് സ്വദേശി ഉജജ്വല്‍ രാജും മുംബൈക്കാരിയായ ഹേതല്‍ മോദിയുമാണ് ലോക്ക് ഡൗണില്‍ വിവാഹിതരായത്.

നാലുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. യുകെ. മാഞ്ചസ്റ്ററിലെ സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. കുണ്ടൂപ്പറമ്പ് ‘ഉജ്ജ്വല്‍കൃഷ്ണ’ വീട്ടിലെ റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ പുത്തന്‍പുരയിലിന്റെയും അനിതാ രാജിന്റെയും മകനായ ഉജ്ജ്വല്‍ രാജ് ഓസ്‌ട്രേലിയയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്.

ഹേതല്‍ മോദി മുംബൈയില്‍ ഐ.ടി. മാനേജരും. ഗുജറാത്തി കുടുംബത്തിലെ അംഗമായ ഹേതല്‍ മുംബൈയിലാണ് സ്ഥിരതാമസം. ഇരുവരുടെയും ബന്ധത്തില്‍ ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. ഏപ്രില്‍ അഞ്ചിനായിരുന്നു കോഴിക്കോട്ട് വെച്ച് ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്.

എന്നാല്‍ അതിനിടെ കൊറോണ വില്ലനായി എത്തി. മാര്‍ച്ച് 17-നുതന്നെ ഉജ്ജ്വല്‍ നാട്ടിലെത്തി. 14 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടതിനാല്‍ അമ്മയായ ചേതനാ മോദിക്കൊപ്പം വധുവും ഉജ്ജ്വലിന്റെ വീട്ടിലേക്കെത്തി. ലോക്ഡൗണിന്റെ തലേന്ന് രാത്രിയായിരുന്നു അവരുടെ വരവ്. അങ്ങനെയാണ് വധുവും അമ്മയും വരന്റെ വീട്ടില്‍ ക്വാറന്റൈനിലായി.

ഏപ്രില്‍ 5ന് ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹം പിന്നീട് മെയ് ഏഴിന് എടക്കാട് ക്ഷേത്രത്തിലേക്കുമാറ്റുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ ശേഷം കല്ലായി കളരിക്കല്‍ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ദേവീക്ഷേത്രസന്നിധിയില്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ അങ്ങനെ ഉജ്വലും ഹേതലും വിവാഹിതരായി.

കൊറോണ മാനദണ്ഡങ്ങളനുസരിച്ചായിരുന്നു വിവാഹം. വധൂവരന്മാരും അടുത്ത ബന്ധുക്കളുമുള്‍പ്പെടെ 15 പേരാണ് പങ്കെടുത്തത്. എല്ലാവരും മുഖാവരണമണിഞ്ഞ് ഒരു കാറില്‍ മൂന്നുപേര്‍ മാത്രമായി യാത്ര. ലോക്ക് ഡൗൺ ആയതിനാൽ ഹേതലിന്റെ സഹോദരനായ വിവേക് മോദിക്കും ഭാര്യ ഹണിക്കും മുംബൈയില്‍ നിന്നെത്താനായില്ല.

എങ്കിലും ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും സുഹൃത്തുക്കളും നാട്ടിലെ ബന്ധുക്കളുമടക്കം എണ്‍പതോളം പേര്‍ വിവാഹമംഗളവും അനുഗ്രഹവുമായി മുഹൂര്‍ത്തസമയത്ത് സൂം ആപ്പിലൂടെ ഓണ്‍ലൈനിലെത്തിയിരുന്നു.

തിരുവല്ല ബസേലിയൻ മഠത്തിൽ സന്യസ്ത വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇന്നലെയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമാണെന്നാണ് നിഗമനം. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിൽ ഉള്ളത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേകസംഘം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.

മഠത്തിൽ കന്യാസ്ത്രീ പഠന വിദ്യാർഥിനിയായിരുന്നു ദിവ്യ പി ജോൺ. ഇന്നലെ രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികൾ വലിയ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും, ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സെത്തിയാണ് ദിവ്യയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ദിവ്യ മരിച്ചു.

കിണറ്റിൽനിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തിൽപ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ മഠത്തിൽ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ടോറൻറ്റോ: തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി കാനഡയിലുണ്ടായ അപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. അബിന്‍ സന്തോഷ് പരക്കനാല്‍ (21 ) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. കാനഡയിലെ ജോര്‍ജിയന്‍ കോളേജില്‍ ബിരുദ പഠനം പൂർത്തിയാക്കി പ്ലെയിസ്മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

കിങ്സ്റ്റണില്‍ തന്റെ മറ്റ് സുഹൃത്തുക്കളോടൊപ്പം നടത്തിയ വഞ്ചിയാത്രയ്ക്കിടെ ആണ് അപകടം ഉണ്ടായത്. മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം ഇപ്പോൾ വ്യക്തമല്ലെങ്കിലും ഫ്രീസിങ് ലെവലിൽ ഉള്ള വെള്ളത്തിൽ വീഴുകയും തുടർന്ന് നീന്തി രക്ഷപെടാനുള്ള ശ്രമിത്തിനിടയിൽ ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്‌തു എന്നാണ് കരുതുന്നത്.  തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററില്‍ ആക്കിയെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. അപകടത്തെപ്പറ്റിയുള്ള പൊലീസ് അന്വോഷണം നടന്നുകൊണ്ടിരിക്കുന്നു എന്നാണ് അറിയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം അറിയുവാൻ സാധിക്കുക.

നാട്ടിൽ നിന്ന് പ്ലസ് ടു വിദ്യാഭ്യസം പൂര്‍ത്തിയാക്കിയ ശേഷം ബാരിയിലെ ജോര്‍ജിയന്‍ കോളേജില്‍ ഉന്നത പഠനം അബിൻ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ഏഴ് മാസമായി  അദ്ദേഹം കിംഗ്സ്റ്റണില്‍ പ്ലേസ്‌മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് അപകടവും തുടർന്ന് മരണംവും സംഭവിക്കുന്നത്. മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കാന്‍ മലയാളി സംഘടനകൾ ശ്രമിക്കുന്നുണ്ട് എങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ ഇത് ഇപ്പോൾ സാധ്യമാകുമോ എന്ന് ഉറപ്പില്ല.

കിംഗ്സ്റ്റണില്‍ ആണ് അപകടം ഉണ്ടായത്. അടുത്തിടെയാണ് ബാരിയില്‍ നിന്ന് കിംഗ്സ്റ്റണിലേക്ക് അബിൻ താമസം മാറിയത്. ടോറോണ്ടോയിൽ നിന്നുംഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന കിങ്സ്റ്റൺ. അബിന്റെ അപകടമരണ വാർത്തയറിഞ്ഞു കുടുംബാംഗങ്ങളും കൂട്ടുകാരും സഹപ്രവർത്തകരും ഞെട്ടലിൽ ആണ് ഉള്ളത്.

വണ്ണപ്പുറം പറയ്ക്കനാല്‍ സന്തോഷിന്റെ മകനാണ് പരേതനായ എബിന്‍ സന്തോഷ്. മാതാവ് ഷൈനി സന്തോഷ് (മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, വണ്ണപ്പുറം) തീക്കോയി ഒട്ടലാങ്കല്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍- ആല്‍ബിന്‍ (വൈദിക വിദ്യാര്‍ത്ഥി, കോതമംഗലം രൂപത), ബിബിന്‍, സെലിന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍, ജയ്‌റാണി പബ്ലിക് സ്‌കൂള്‍, കാളിയാര്‍, തൊടുപുഴ)

സ്വന്തം ലേഖകൻ 

ലണ്ടൻ : ലൈഫ് ഇൻഷ്വറൻസ് മാർക്കറ്റിങ് റിസേർച്ച് അസ്സോസിയേഷനും ( LIMRA )  , ലൈഫ് ആൻഡ് ഹെൽത്ത് ഇൻഷ്വറൻസ് ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷനും  (LIFE) സംയുക്തമായി നടത്തിയ 2018 ലെ ഇൻഷ്വറൻസ് ബാരോ മീറ്റർ സർവേ പ്രകാരം 45 % ൽ അധികം ആളുകൾ ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( F C A ) യുടെ അംഗീകാരമുള്ള വെബ്‌സൈറ്റുകളിൽ അപേക്ഷകൾ സമർപ്പിച്ച് താരതമ്യ പഠനം നടത്തിയതിനുശേഷം നേരിട്ട് ഓൺലൈൻ വഴി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ബ്രിട്ടണിലെ ഭൂരിപക്ഷം വരുന്ന ഇംഗ്ളീഷ് ജനത ഏറ്റവും അധികം ഉത്തരവാദിത്വത്തോടെ വാങ്ങിച്ച് ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നം ഏതാണ് എന്ന് ചോദിച്ചാൽ ഒരേ സ്വരത്തിൽ അവർ പറയും അത് ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ആണെന്ന് .

ഭാവി ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി അവർ ഏറ്റവും അധികം പ്രാധാന്യത്തോടെ വാങ്ങുന്ന ഉൽപ്പന്നങ്ങളാണ് ലൈഫും , ക്രിട്ടിക്കലും , ഇൻകം പ്രൊട്ടക്ഷനും അടക്കമുള്ള ഇൻഷ്വറൻസ് പോളിസികൾ . പല ഉൽപ്പന്നങ്ങളും ഇടനിലക്കാർ വഴി വാങ്ങുമ്പോഴും എന്തുകൊണ്ടാണ് ഇൻഷ്വറൻസ് പോളിസികൾ മാത്രം അവർ നേരിട്ട് അപേക്ഷകൾ സമർപ്പിച്ച് വാങ്ങിക്കുന്നതിന്റെ കാരണങ്ങൾ നമ്മൾ ഓരോ യുകെ മലയാളിയും വളരെ ശ്രദ്ധാപൂർവ്വം അറിഞ്ഞിരിക്കേണ്ടവയാണ്.

ഒന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ എടുക്കുന്ന സമയം മുതൽ മരണം വരെയും , അതിന് ശേഷവും അവരുടെ കുടുംബത്തിനും ആവശ്യമുള്ളവയാണെന്ന ബോധ്യം .

രണ്ട് : ഈ ഇൻഷ്വറൻസ് പോളിസികൾ മാത്രമാണ് തങ്ങളുടെ ജീവിതത്തിൽ ഉടനീളം ഏക ആശ്രയമാകുന്നത് എന്ന അവരുടെ തിരിച്ചറിവ് .

മൂന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ ക്ലെയിം ചെയ്യുമ്പോൾ ലഭിക്കാതെ വന്നാൽ ലക്ഷക്കണക്കിന് പൗണ്ടിന്റെ സാമ്പത്തിക ബാധ്യത തങ്ങൾക്കും കുടുംബത്തിനും ഉണ്ടാകുമെന്ന അവരുടെ  ഭയം .

നാല് : ഈ ഇൻഷ്വറൻസ് പോളിസികൾക്ക് അപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പോലും അവസാനം ക്ലെയിം ചെയ്യുമ്പോൾ ഇൻഷ്വറൻസ് തുക ലഭിക്കാതിരിക്കാനുള്ള കാരണമാകുമെന്ന അവരുടെ അവബോധം .

അഞ്ച് : ഒരു സാമ്പത്തിക ഉപദേശകൻ പൂരിപ്പിക്കുന്ന അപേക്ഷാഫോറത്തിലെ തെറ്റുകൾക്ക് തന്റെ കുടുംബമായിരിക്കും അവസാനം ബലിയാടാവുക എന്ന ചിന്ത.

ആറ് : യുകെയിൽ സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഏജൻസിയായ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി ( F C  A  ) അംഗീകരിച്ചിട്ടുള്ള കമ്പനികൾ തന്നെയാണോ തങ്ങൾക്ക് ഇൻഷ്വറൻസ് നൽകുന്നതെന്ന് , ഓൺലൈൻ പേജിൽ രേഖപ്പെടുത്തിയിരിക്കുന്ന രെജിസ്ട്രേഷൻ നമ്പരിലൂടെ ഉറപ്പ് വരുത്താൻ കഴിയുന്നു .

ഏഴ് : അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ ആവശ്യമായി വന്നാൽ അതേ വെബ്‌സൈറ്റിൽ തന്നെയുള്ള ഐഫ് സി എ ( F C  A  ) യുടെ അംഗീകാരമുള്ള ഉപദേഷ്‌ടാവുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്നു .

എട്ട് : ഇൻഷ്വറൻസ് ഏജന്റിന്റെ അനാവശ്യമായ താല്പര്യത്തിന് വഴങ്ങാതെ സ്വന്തം ആരോഗ്യ വിവരങ്ങൾ കൃത്യമായും , സത്യസന്ധമായും രേഖപ്പെടുത്താൻ കഴിയുന്നു .

ഒൻപത് : ഓരോ വ്യക്തികൾക്കും ഇൻഷ്വറൻസ് തുക ഉറപ്പ് നൽകുന്ന  Underwriters  ( ഇൻഷ്വറൻസ് തുക വാഗ്‌ദാനം നൽകുന്ന യഥാർത്ഥ കമ്പനി ) ആരാണെന്ന് അപ്പോൾ തന്നെ അറിയാൻ കഴിയുന്നു .

പത്ത് : ഇൻഷ്വറൻസ് പോളിസികളെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന Key Facts എന്ന വളരെ പ്രധാനപ്പെട്ട ഇൻഷ്വറൻസ് പ്രമാണം പോളിസി എടുക്കുന്നതിന് മുമ്പ് തന്നെ കാണുവാനും , വായിച്ച് മനസ്സിലാക്കുവാനും കഴിയുന്നു .

പതിനൊന്ന് : ഈ ഇൻഷ്വറൻസ് പോളിസികൾ ഒരു ചെറിയ തുകയെ സംരക്ഷിക്കാനല്ല മറിച്ച് ലക്ഷക്കണക്കിന് പൗണ്ടിന്റെ ബാധ്യതയെ സംരക്ഷിക്കാൻ ഉള്ളതായതുകൊണ്ട് , പോളിസിയുടെ നിബന്ധനകളെല്ലാം പൂർണ്ണമായും സംശയനിവാരണം നടത്തിയതിന് ശേഷം മാത്രമേ അവർ ഉടമ്പടി പത്രം ഒപ്പിട്ട് നൽകി പോളിസി എടുക്കുകയുള്ളൂ .

പന്ത്രണ്ട് : അപേക്ഷാഫോറത്തിലെ ആരോഗ്യകരമായ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നല്കാൻ കഴിയുന്നില്ലായെങ്കിൽ ഡോക്ടറുടെ സാക്ഷ്യപത്രം എടുത്തതിനു ശേഷം മാത്രം പോളിസി തുടങ്ങിയാൽ മതി എന്ന് സ്വയം ആവശ്യപ്പെടാനും , അങ്ങനെ സുരക്ഷിതമായി പോളിസികൾ ആരംഭിക്കുവാനും കഴിയുന്നു .

മേൽപറഞ്ഞ അനേകം കാരണങ്ങൾകൊണ്ടാണ് ഇംഗ്ളീഷുകാർ ഇൻഷ്വറൻസ് പോളിസികൾ ഓൺലൈൻ സൈറ്റുകളിൽ അപേക്ഷകൾ സമർപ്പിച്ച് താരതമ്യ പഠനത്തിന് ശേഷം വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നത്.

അതീവ ഗൗരവകരമായ ഈ കാരണങ്ങളെ വിലയിരുത്തുമ്പോൾ വർഷങ്ങളോളം വലിയ തുക പ്രീമിയം അടച്ച് , ലക്ഷക്കണക്കിന് തുകയുടെ ഇൻഷ്വറൻസ് പോളിസികൾ എടുത്ത് വച്ചിരിക്കുന്ന ഓരോ യുകെ മലയാളിയും തങ്ങൾ എടുത്ത് വച്ചിരിക്കുന്ന പോളിസികൾ തങ്ങൾക്കും കുടുംബത്തിനും ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ് . അല്ലെങ്കിൽ രോഗിയായി തീർന്ന ശേഷമോ , മരണ ശേഷമോ പങ്കാളികൾ ഇൻഷ്വറൻസ് തുകയ്ക്കായി ക്ലെയിം ചെയ്യുമ്പോൾ ലഭിക്കാതെ വന്ന് വൻ സാമ്പത്തിക ബാധ്യതയിലേയ്ക്ക് പോകുവാനും സാധ്യതയുണ്ട് .

അതുകൊണ്ട് ഇപ്പോഴത്തെ സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കുവാനായി പലതരം ഇൻഷ്വറൻസ് പോളിസികൾ എടുത്തിട്ടുള്ളവരും , പുതിയതായി എടുക്കാൻ ആഗ്രഹിക്കുന്നവരുമായ ആരെങ്കിലും ഓൺലൈനിലൂടെ നിങ്ങളുടെ പോളിസികളെ സൂക്ഷ്മപരിശോധന നടത്തുവാൻ ആഗ്രഹിക്കുന്നെങ്കിൽ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണ് .

നിങ്ങളുടെ ഇൻഷ്വറൻസ് പോളിസികൾ ഓൺലൈനിൽ സൂക്ഷപരിശോധന നടത്തുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എങ്ങനെയാണ് ഓൺലൈനിലൂടെ ഇൻഷ്വറൻസ് പോളിസിയുടെ അപേക്ഷകൾ സമർപ്പിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള യൂ ട്യുബ് ‌വീഡിയോ കാണുക .

[ot-video][/ot-video]

 

സ്പിരിച്വല്‍ ടീം. മലയാളം യുകെ.
പരിശുദ്ധ കന്യക ദേവാലയത്തില്‍ പ്രാര്‍ത്ഥനയും തപസ്സും അനുഷ്ഠിച്ചു കൊണ്ടാണ് ജീവിച്ചിരുന്നത്. സദാ പ്രാര്‍ത്ഥനാ നിരതമായ ജീവിതമാണ് നയിച്ചിരുന്നത്. ദൈവീകമായ കാര്യങ്ങള്‍ ധ്യാനിച്ചും വിശുദ്ധ ഗ്രന്ഥപഠനത്തിലും നിര്‍ദ്ദിഷ്ടമായ ജോലികള്‍ നിര്‍വ്വഹിച്ചുമാണ് അവള്‍ സമയം ചെലവഴിച്ചത്. നമ്മള്‍ ദൈവ സേവനത്തില്‍ എത്രമാത്രം തല്‍പരരാണെന്ന് ചിന്തിക്കേണ്ടതാണ്. ദൈവകല്പനകള്‍ അനുസരിക്കുന്നതിലും ജീവിതാന്തസ്സിന്റെ ചുമതലകള്‍ അനുഷ്ഠിക്കുന്നതിലും നമ്മെ ഭരമേല്പ്പിച്ചിട്ടുള്ള ജോലികള്‍ വിശ്വസ്തതാ പൂര്‍വ്വം നിര്‍വ്വഹിക്കുന്നതിലും നാം എത്രമാത്രം തല്‍പരരാണ്??

പ്രാര്‍ത്ഥന.
ദൈവ ജനനിയായ പരിശുദ്ധ കന്യകാമറിയമേ, അവിടുന്ന് സകല ഗുണസമ്പൂര്‍ണ്ണയായിരുന്നല്ലോ. ഞങ്ങളുടെ വിശ്വാസം ക്ഷയിക്കുകയും പ്രത്യാശ ബലഹീനമാവുകയും സ്‌നേഹം മന്ദീഭവിക്കുകയും ചെയ്യുമ്പോള്‍ അവിടുത്തെ അത്ഭുതകരമായ മാതൃക ഞങ്ങള്‍ക്ക് ശക്തി നല്‍കട്ടെ. ആകെയാല്‍ ദിവ്യ ജനനീ, ഞങ്ങള്‍ അങ്ങയുടെ സുകൃതങ്ങള്‍ അനുകരിച്ചു കൊണ്ട് പരിപൂര്‍ണ്ണമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കേണമേ. സജീവമായ വിശ്വാസവും അചഞ്ചലമായ പ്രത്യാശയും തീഷ്ണതയുള്ള സ്‌നേഹവും മറ്റ് ക്രിസ്തീയ സുകൃതങ്ങളും അഭ്യസിക്കുന്നതിനായി ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീതയെ അങ്ങ് പരിഹരിക്കണമേ..

സുകൃതജപം.
ദാവീദിന്റെ കോട്ടയായ മറിയമേ…
നാരകീയ ശക്തിയോടുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് നീ അഭയമാകേണമേ…

ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’.
അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്. ആദ്യ എപ്പിസോഡില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ഈ പംക്തിക്ക് ലഭിച്ചിരിക്കുന്നത്. ജനശ്രദ്ധയാകര്‍ഷിച്ച ഈ പംക്തിയില്‍ ഇത്തവണയെത്തുന്നത് ബാംഗ്‌ളൂരില്‍ സ്ഥിരതാമസമായ അനു ജോണാണ്. കേരളത്തില്‍ കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴയിലാണ് അനുവിന്റെ ജന്മദേശം. വിവാഹിതയായെത്തിയത് കണ്ണൂര്‍ ജില്ലയിലെ കുടിയാന്മലയില്‍. ഭര്‍ത്താവ് സോമി ജേക്കബ്ബ് കമ്പനി സെക്രട്ടറിയായി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. മൂന്നു മക്കള്‍. എലിസബത്ത്, ജേക്കബ്ബ്, ജോണ്‍. മൂവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട ഉണക്ക ചെമ്മീന്‍ മുരിങ്ങക്കോലും തക്കാളിക്കയും തേങ്ങയും ഇട്ട് കറി വെച്ച അതി സ്വാദിഷ്ടമായ കറിയാണ് അനുവിന്റെ സ്‌പെഷ്യല്‍. കൃത്രിമ സ്വഭാവമുളള ഒരു ചേരുവകളും ചേര്‍ക്കാതെ പ്രകൃതിയുമായി ഏറ്റവുമികം ബന്ധമുള്ള മണ്‍ചട്ടിയിലാണ് ഇത് ഉണ്ടാക്കുന്നത് എന്നതാണ് ഈ കറിയുടെ ഏറ്റവും വലിയ പ്രത്യേകത.

ഉണക്ക ചെമ്മീന്‍ മുരിങ്ങക്കോല്‍ തക്കാളിക്ക കറി

ചേരുവകള്‍
ഉണക്ക ചെമ്മീന്‍ 60g
വെളിച്ചെണ്ണ. 4 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി 6 എണ്ണം
പച്ചമുളക് 2 എണ്ണം
കറിവേപ്പില ഒരു നുള്ള്
തേങ്ങ ഒരു മുറി (ചിരണ്ടിയത്)
വെളുത്തുള്ളി 3 അല്ലി
വറ്റല്‍മുളക് 3 എണ്ണം
തക്കാളിക്ക 4 എണ്ണം ( അധികം പഴുക്കാത്തത്)
മുരിങ്ങക്കോല്‍ 1 ( കഷണങ്ങളായി മുറിച്ചത് )
മഞ്ഞള്‍പ്പൊടി അര ടീ സ്പൂണ്‍
മുളക് പൊടി ഒരു ടീ സ്പൂണ്‍

പാകം ചെയ്യുന്ന വിധം.
തലയും വാലും നുള്ളിക്കളഞ്ഞ് വൃത്തിയാക്കിയ ഉണക്ക ചെമ്മീന്‍ വെള്ളത്തില്‍ നന്നായി കഴുകി പിഴിഞ്ഞ് മാറ്റി വെയ്ക്കുക.
ചിരണ്ടിയ തേങ്ങ 3 വെളുത്തുള്ളിയും 3 ചുവന്നുള്ളിയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ച് മാറ്റിവെയ്ക്കുക.
ചൂടായ മണ്‍ചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന മൂന്ന് ചുവന്നുള്ളിയും കറിവേപ്പിലയും പച്ചമുളകും ഇട്ട് വഴറ്റി അതിനുള്ളിലേയ്ക്ക് കഴുകി പിഴിഞ്ഞ് വെച്ചിരിക്കുന്ന ഉണക്ക ചെമ്മീനിട്ട് വീണ്ടും വഴറ്റുക. അതിനുശേഷം നാലായി മുറിച്ച തെക്കാളി, കഷണങ്ങളായി മുറിച്ച മുരിങ്ങക്കോല്‍, മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ചേരുവകള്‍ക്ക് സമമായി വെള്ളമൊഴിച്ച് ചട്ടി മൂടിവെച്ച് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം അരച്ചു വെച്ചിരിക്കുന്ന തേങ്ങയുടെ മിശ്രിതം ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തിളച്ച് കഴിഞ്ഞതിനു ശേഷം തീ വളരെ ചെറുതായി കുറയ്ക്കുക.
ചൂടായ മറ്റൊരു പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചെറിയ കഷണങ്ങളാക്കിയ വറ്റല്‍മുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ ഇട്ട് മൂപ്പിച്ച മിശ്രിതം ചെറിയ തീയിലിരിക്കുന്ന കറിയില്‍ ഒഴിച്ച് നന്നായി ഇളക്കുക. അതിന് ശേഷം തീ അണയ്ക്കുക. അതോടൊപ്പം മണ്‍ചട്ടി പത്ത് മിനിറ്റോളം മൂടിവെയ്ക്കണം. കടുകിന്റെയും കറിവേപ്പിലയുടെയും ഉള്ളിയുടെയും മണമുള്ള പറന്നു പൊങ്ങുന്ന ആവി തണുത്ത് വെള്ളമായി കറിയോട് വീണ്ടും ചേരുമ്പോള്‍ കറിയ്ക്ക് രുചി കൂടും. ചൂട് ചോറിനോടൊപ്പം ചാറ് കറിയായി കഴിച്ചാല്‍ ഇപ്പോള്‍ ഉണ്ണുന്നതിനെക്കാള്‍ ഇരട്ടിചോറ് ഉണ്ണാന്‍ സാധിക്കുമെന്ന് അനു പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]

എടത്വാ: ആലപ്പുഴ ഡവലപ്മെൻ്റ് റസ്പോൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ എടത്വാ ,തായംങ്കരി പ്രദേശങ്ങളിൽ അണു നശികരണ പ്രവർത്തനം നടത്തി.

എടത്വാ ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എസ്.ഐ: സിസിൽ ക്രിസ്റ്റിൻ രാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ആനി ഈപ്പൻ, അംഗങ്ങളായ തങ്കച്ചൻ ആശാം പറമ്പിൽ,
ശ്യാമള രാജൻ, ടി.ടി. ജോസഫ്,ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ഹരീന്ദ്രനാഥ് തായംങ്കരി, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, എ.ജെ. കുഞ്ഞുമോൻ, സാനിച്ചൻ ആൻ്റണി ,ജീമോൻ ജോസഫ്‌, വിജയകുമാർ തായംങ്കരി , വിൽസൺ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ എന്നിവർ സംബന്ധിച്ചു.

എടത്വാ പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ആശുപത്രി ,മാവേലി സ്റ്റോർ ,റേഷൻ കടകൾ, ആയുർവേദ ആശുപത്രി, കൃഷി ഭവൻ, എ ടി എം മെഷിനുകൾ ,ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി.

ചീഫ് കോർഡിനേറ്റർ പ്രേം സായി ഹരിദാസ്, കോർഡിനേറ്റർ ലിജു നിസാർ ,ജീജ ,ബിന്ദു ഹരിദാസ്, രതീഷ് ,വിജേഷ്, കൊച്ചുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പത്തി അഞ്ച് അംഗ സംഘമാണ് വിവിധ ഇടങ്ങളിലെ അണു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്.

RECENT POSTS
Copyright © . All rights reserved