Latest News

കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 195 പേരാണ്. രാജ്യത്ത് കൊവിഡ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1568 ആയി ഉയര്‍ന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3900 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 46,433 ആയി. രാജ്യത്ത് നിലവില്‍ 32124 സജ്ജീവ രോഗികളാണുള്ളത്. അതേസമയം 12727 പേര്‍ക്ക് രോഗം ഭേദമായത് ആശ്വാസം പകരുന്നുണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് കൊവിഡ് വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 14,000 കടന്നു. 583 പേരാണ് ഇവിടെ മരിച്ചത്. ഗുജറാത്തില്‍ ഇതുവരെ 5804 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 4898, തമിഴ്നാട്ടില്‍ 3550, രാജസ്ഥാനില്‍ 3061 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകള്‍.

ലോക്ക് ഡൗണില്‍ സ്‌നേഹാന്വേഷണങ്ങളുമായി മോഹന്‍ലാല്‍ വിളിച്ച അനുഭവം പങ്കുവെച്ച് ഗായകന്‍ വിധു പ്രതാപ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിധു പ്രതാപ് മോഹന്‍ലാല്‍ വിളിച്ച കാര്യം ആരാധകരുമായി പങ്കുവെച്ചത്. രണ്ട് കാലഘട്ടങ്ങളില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വിധു പ്രതാപ് ഹൃദയസ്പര്‍ശിയായ കുറിപ്പ് ആരാധകരുമായി പങ്കുവെച്ചത്.

എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നുവെന്നും സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാന്‍ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്‌നേഹം എന്നുമാണ് വിധു പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചത്.

വിധുപ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

പലപ്പോഴും ചെറിയ ചില കരുതലുകള്‍ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാന്‍ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്‌നേഹം.ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്‌നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്‌നേഹത്തിനും

ഇടിഞ്ഞുവീഴാറായ കൂരയില്‍ നിന്നും എത്തി സിവില്‍ സര്‍വ്വീസില്‍ അഭിമാന നേട്ടം കരസ്ഥമാക്കി കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിതയായിരിക്കുകയാണ് ശ്രീധന്യ സുരേഷ് . ദാരിദ്ര്യത്തിന്റെ കയ്പ് നിറഞ്ഞ ജീവിതത്തില്‍ നിന്നും വിജയം കയ്യിലൊതുക്കിയ ശ്രീധന്യ ഇന്ന് കേരളത്തിലും ആദിവാസി സമൂഹത്തിനും അഭിമാനവും മാതൃകയുമായി മാറിയിരിക്കുകയാണ്.

പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന ശ്രീധന്യയെ കൂലിപ്പണിക്കാരായ അച്ഛന്‍ സുരേഷിനും അമ്മ കമലയ്ക്കും പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. തരിയോട് നിര്‍മ്മല സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നാണ് ശ്രീധന്യ എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കിയത്.

ദേവഗിരി കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 2016ലാണ് അദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. കുറഞ്ഞ മാര്‍ക്കിന് അദ്യ പരീക്ഷയില്‍ അവസരം നഷ്ടപ്പെട്ട ശ്രീധന്യ ഉറച്ച നിശ്ചയദാര്‍ണ്ഡ്യത്തോടെ പരിശീലനം തുടര്‍ന്നു.

2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്റ്ററായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളാണ് മനസില്‍ ഉണ്ടായിരുന്ന സ്പാര്‍ക്ക് വീണ്ടും ആളിക്കത്തിച്ചത്.

അടിസ്ഥാനപരമായ പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്ന വിശ്വസമാണ് ശ്രീധന്യക്കുണ്ടായിരുന്നത്. തിരുവനന്തപുരം ഫോര്‍ച്യൂണ്‍ സിവില്‍ സര്‍വീസ് അക്കാദമിയിലായിരുന്നു ശ്രീധന്യ പരിശീലനത്തിനായി ചേര്‍ന്നത്.

സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് ശ്രീധന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നടത്തിയത്. സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ കേരള പൊലീസില്‍ കോണ്‍സ്റ്റബിളായി ലഭിച്ചിരുന്ന ജോലി ശ്രീധന്യ വേണ്ടെന്നുവച്ചിരുന്നു.

പരീക്ഷയില്‍ വിജയം നേടി ഇന്റര്‍വ്യൂന് തിരഞ്ഞെടുത്ത ശ്രീധന്യയ്ക്ക് എന്നാല്‍ ഡല്‍ഹിയില്‍ വരെ എത്താനുള്ള പണം കയ്യിലില്ലായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് മകളെ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂന് പറഞ്ഞയക്കാനുള്ള പണം പോലും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് സുഹൃത്തുക്കളില്‍ നിന്നും മറ്റും വാങ്ങിയ 40000 രൂപയുമായാണ് ശ്രീധന്യ ഡല്‍ഹിയില്‍ എത്തിയത്. മകളുടെ പഠനത്തിനാവശ്യമായ പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. അത്രയധികം ദാരിദ്ര്യത്തിന്റെ കയ്പറിഞ്ഞാണ് ശ്രീധന്യ സുരേഷ് വിജയം കയ്യിലൊതുക്കിയത്.

അതുകൊണ്ട് തന്നെ ശ്രീധന്യയുടെ വിജയം മലയാളികള്‍ അത്ര പെട്ടെന്ന് മറക്കില്ല. കേരളത്തിനും ആദിവാസി സമൂഹത്തിനും അഭിമാനനേട്ടം കൈവരിച്ച ശ്രീധന്യയെ പ്രമുഖരെല്ലാം അഭിനന്ദിച്ചിരുന്നു. വയാനാട് എംപിയായ രാഹുല്‍ ഗാന്ധി നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരുന്നു.

അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് കരസ്ഥമാക്കിയ വയനാട് പൊഴുതന അമ്പലക്കൊല്ലി ഇഎംഎസ് കോളനിയിലെ സുരേഷ്-കമല ദമ്പതികളുടെ മകള്‍ ശ്രീധന്യ ഇന്ന് ചരിത്രത്തിലേക്കാണ് നടന്നുകയറിയത്. ആദിവാസി സമൂഹത്തില്‍ നിന്നും ആദ്യ സിവില്‍ സര്‍വ്വീസ് വിജയം നേടിയ ശ്രീധന്യ ഇന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിതയായിരിക്കുന്നു. ഉടന്‍ തന്നെ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ശ്രീധന്യ ചുമതലയേല്‍ക്കും.

കമ്മട്ടിപ്പാടം,ലൂസിഫര്‍ തുടങ്ങിയ ചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ഷോണ്‍ റോമി.അറിയപ്പെടുന്ന ഒരു മോഡലുകൂടിയാണ് ഷോണ്‍.തന്റെ ഫോട്ടോഷൂട്ടുകള്‍ ഒക്കെ താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഈ ലോക്ക് ഡൗണിലും വേറിട്ട ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് താരം.ബിക്കിനിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. വീടിന്റെ ടെറസിന് മുകളില്‍ വച്ചെടുത്ത ചിത്രമാണിത്.പേര്‍ളിമാണി,ദീപ്തി സതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന് കമന്റു നല്‍കിയിട്ടുണ്ട്.

 

 

View this post on Instagram

 

Watermelon and kiwi 🥝 📸 @anusree_r_nair

A post shared by Shaun Romy (@shaunromy) on

കൊറോണ ബാധിച്ചു മരിക്കുന്നവരുടെ വാർത്തകൾ തുടർച്ചയായി വരുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരിയായ വീട്ടമ്മയുടെ മരണവാര്‍ത്ത കുവൈത്തിൽ നിന്നും എത്തുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ തെക്കനായില്‍ സുമിയാണ് (37) കുവൈറ്റില്‍ വിടപറഞ്ഞിരിക്കുന്നത്. ഈ മരണ വാര്‍ത്ത ഏതൊരാളുടെയും ഹൃദയത്തെ സ്പർശിക്കുന്നതാണ്‌. നമുക്ക് ഇത് വാർത്ത മാത്രമെങ്കിൽ, ഈ മരണം രണ്ട് കുട്ടികൾക്ക് ഒരമ്മയുടെ തീരാനഷ്ടമാണ്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുമിയുടെ മരണം എന്നാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്ന വിവരം. ഭര്‍ത്താവ് ഉപേക്ഷിച്ച സുമിക്ക് രണ്ട് മക്കളാണുള്ളത്. കുട്ടികളെ പഠിപ്പിക്കാൻ അവർക്ക് നല്ലൊരു വഴി കാണിച്ചു കൊടുക്കാൻ വേണ്ടി ആറു മാസം മുന്‍പാണ് കുവൈറ്റില്‍ ഇവര്‍ ഹോം നഴ്‌സ് ജോലിയ്ക്കായി എത്തിയത്. കോട്ടയം പാറാമ്പുഴ സംക്രാന്തി മാമ്മൂട് സ്വദേശിനിയാണ് പരേതയായ സുമി.

വീട്ടുജോലിക്കായി കുവൈത്തിലെത്തിയ ഇവര്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആഴ്ചകളായി എംബസിയുടെ ഷെല്‍ട്ടറില്‍ കഴിയുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെയാണ് ഇവര്‍ക്കു ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്നു ഇവരെ മുബാറക്ക് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയിഎങ്കിലും മരണത്തെ തടയാനായില്ല എന്നാണ് ഇതുമായി ലഭിക്കുന്ന വിവരം.

 

ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍. അസിസ്റ്റന്‍ കലക്ടര്‍ ട്രെയിനിയായി ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ കേരളത്തില്‍ ആദ്യമായി ആദിവാസി സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന വ്യക്തികൂടിയാണ്.

തരിയോട് നിര്‍മല ഹൈസ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജില്‍നിന്ന് സുവോളജിയില്‍ ബിരുദാനന്ദര ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയത്.

മുഖ്യമന്ത്രിയും ഗവര്‍ണറുമടക്കം നിരവധി പേരാണ് സിവില്‍ സര്‍വീസ് ജയിച്ചപ്പോള്‍ ശ്രീധന്യക്ക് ആശംസകള്‍ അറിയിച്ചു രംഗത്തെത്തിയത്. അന്ന് ഗവര്‍ണറായിരുന്ന പി സദാശിവം വയനാട്ടില്‍ എത്തിയപ്പോള്‍ ശ്രീധന്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ട്വന്റി ട്വന്റി ലോകകപ്പും ഇന്ത്യയുടെ ഓസ്ട്രയിൽ പര്യടനവും റദ്ധാക്കിയാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ കടുത്ത സമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തും. വരുമാനത്തിൽ വലിയൊരു പങ്ക് കൊണ്ടു വരും എന്നു വിശ്വസിച്ചിരുന്ന രണ്ട് ക്രിക്കറ്റ് മേളകൾ എങ്ങനെയെങ്കിലും നടത്തണമെന്ന വാശിയിലാണ് അവർ. ഒന്ന് ഇന്ത്യയുള്ള ക്രിക്കറ്റ് പരമ്പര. രണ്ട് ട്വന്റി20 ലോകകപ്പ്. കളിക്കാരെ താമസിപ്പിക്കാൻ പഞ്ചനക്ഷത്ര ഹോട്ടൽ ഒരുക്കിയും യാത്രാ ഇളവുകൾ പ്രഖ്യാപിച്ചും ഇന്ത്യയോട് അവർ പറയാതെ പറയുന്നത്

എന്നാൽ കാര്യങ്ങളെല്ലാം കൈവിട്ടു പോവുകയാണെങ്കിൽ നഷ്ടം കുറയ്ക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അഞ്ചുകോടി ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 250 കോടി രൂപ) വായ്പയെടുത്തു എന്നാണു പുതിയ വാർത്ത.

ഒക്ടോബർ മുതൽ 2021 ജനുവരി വരെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം നിശ്ചയിച്ചിരിക്കുന്നത്. നാല് ടെസ്റ്റുകൾ, മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20യും എന്നിവയാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് മത്സരങ്ങൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമാണ്. എന്നാൽ ലോകമെങ്ങും ലോക്ഡൗണിലായതോടെ പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി. ഇന്ത്യൻ പര്യടനത്തിനിടെ, ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ട്വന്റി20 ലോകകപ്പ്. ലോക്ഡൗൺ മൂലം രണ്ട് ചാംപ്യൻഷിപ്പുകളും നടക്കാതായാൽ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് വൻ സാമ്പത്തിക നഷ്ടമായിരിക്കും.

ഇന്ത്യൻ പരമ്പര റദ്ദാക്കിയാൽ മാത്രം 300 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1450 കോടി രൂപ) ആയിരിക്കും നഷ്ടം. സാമ്പത്തിക അടിത്തറ തകർന്നതോടെ 80 ശതമാനം ജീവനക്കാരെ ഇപ്പോൾ തന്നെ താൽക്കാലികമായി പിരിച്ചു വിട്ട ബോർഡിന്റെ നട്ടെല്ല് അതോടെ ഒടിയും.

ഇന്ത്യൻ പര്യടനമാണ് മുഖ്യം എന്ന രീതിയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇപ്പോഴുള്ള പോക്ക്. അഡ്‌ലെയ്ഡ് ഓവലിൽ പണി തീർത്ത പുതിയ ആഡംബര ഹോട്ടൽ ഇന്ത്യൻ ടീമിന് നിർബന്ധിത എസൊലേഷൻ കേന്ദ്രമായി നൽകുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇന്ത്യൻ ടീമിന് പ്രത്യേക ഇളവ് നൽകുന്ന കാര്യം ഓസ്ട്രേലിയൻ സർക്കാരും പരിഗണിക്കുന്നുണ്ട്. ബിസിസിഐ പര്യടനത്തിന്റെ കാര്യത്തിൽ ഇതുവരെ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. ട്വന്റി20 ലോകകപ്പ് റദ്ദാക്കുകയാണെങ്കിൽ ഇന്ത്യൻ പര്യടനം നീട്ടി വയ്ക്കുക എന്ന പ്ലാൻ ബിയും ഓസ്ട്രേലിയയുടെ മനസ്സിലുണ്ട്.

പര്യടനത്തിനായി ഇന്ത്യ വരാതിരുന്നാൽ അതു ഞങ്ങളെ തകർത്തു കളയും. രാജ്യത്തെ സാഹചര്യങ്ങളൊക്കെ വളരെ വേഗം മെച്ചപ്പെടുന്നുണ്ട്. 3–4 അല്ലെങ്കിൽ 4–5 മാസത്തിനുള്ളിൽ ഇന്ത്യയ്ക്ക് സുരക്ഷിതമായി ഇവിടെ വരാം എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. – മാർനസ് ലബുഷെയ്ൻ (ഓസീസ് ബാറ്റ്സ്മാൻ)

നടുക്കടലിൽ ഒരു മണിക്കൂറോളം മരണത്തെ മുന്നി‍ൽക്കണ്ട 2 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയത് ഭാഗ്യം കൊണ്ടു മാത്രം. അഴിത്തലയിൽ നിന്നു മത്സ്യബന്ധനത്തിനു പോയി ഫൈബർ വള്ളം മറിഞ്ഞ് കടലിൽ വീണ മുസല്യാരവിട പുതിയ പുരയിൽ റഹിം (42), വയൽ വളപ്പിൽ സിദ്ധിഖ്(45) എന്നിവരെയാണ് മറ്റു വള്ളങ്ങളിലുളളവർ രക്ഷിച്ചത്.

ഇന്നലെ പുലർച്ചെ 4 ന് മീൻ പിടിക്കാൻ പോയ ഇരുവരുടെയും വള്ളം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. നീന്തൽ ശരിക്കറിയാത്ത റഹീമിനെയും ശരീരത്തിലേററി സിദ്ധിഖ് ഒരു മണിക്കൂറോളം പിടിച്ചു നിന്നെങ്കിലും തളരാൻ തുടങ്ങിയപ്പോഴാണ് മറ്റു വള്ളക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്കും റഹീം കുറെ വെള്ളം കുടിച്ച് ക്ഷീണിതനായിരുന്നു.

മറിഞ്ഞ ഫൈബർ തിരിച്ചിട്ട് ഇരുവരെയും സുരക്ഷിതരാക്കിയ ശേഷം തീരദേശ സ്റ്റേഷനിൽ വിവരം അറിയിച്ചു. അവരാണ് വള്ളം കെട്ടി വലിച്ച് ഇരുവരെയും ബോട്ടിൽ കരയ്ക്ക് എത്തിച്ചത്. രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു. നേരത്തേ 2 തവണ കടലിൽ തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട സിദ്ധിഖ് മൂന്നാം വട്ടമാണ് അദ്ഭുതകരമായി രക്ഷപ്പെടുന്നത്.രോഗം മൂലം ഒരു കാൽ നഷ്ടപ്പെട്ട മുസല്യാരവിട വി.കെ.അസ്കറിന്റേതാണ് ഫൈബർ വള്ളം. ഇതിന്റെ എൻജിനും വലയും നശിച്ചു. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

യു.കെ-യില്‍ ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ കുട്ടികൾ പട്ടിണി കിടക്കുന്ന വീടുകളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷണം വാങ്ങാൻ പാടുപെടുകയാണ്. കുട്ടികളുള്ള വീടുകളിൽ അഞ്ചിലൊന്ന് പേർക്കും കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളിൽ ആവശ്യത്തിന് ഭക്ഷണം ലഭ്യമായിട്ടില്ലെന്ന് ഫുഡ്‌ ഫൌണ്ടേഷനില്‍ നിന്നുള്ള വിവരങ്ങളെ ആധാരമാക്കി ‘ദി ഗാര്‍ഡിയന്‍, മിറാർ ‘ എന്നി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം തന്നെ ദുർബലരായ കുടുംബങ്ങൾ ഒറ്റപ്പെടലും വരുമാനനഷ്ടവും നേരിടുന്നതിനാൽ പല കുടുംബങ്ങളും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്ന അവസ്ഥയുമുണ്ട്.

വലിയ കുടുംബങ്ങൾ, ഒരൊറ്റ രക്ഷാകർതൃ വീടുകൾ, വികലാംഗരായ കുട്ടികൾ തുടങ്ങിയവര്‍ക്കിടയിലാണ് പ്രശ്നം ഏറ്റവും രൂക്ഷം. ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളിൽ 30% പേരും വികലാംഗരായ കുട്ടികളുള്ള 46% മാതാപിതാക്കളും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സൗജന്യ പ്രഭാതഭക്ഷണ ക്ലബ്ബുകളെയും സ്കൂൾ ഉച്ചഭക്ഷണത്തെയും ആശ്രയിക്കുന്ന കുട്ടികൾ ഉള്ള കുടുംബങ്ങളും ദുരിതത്തിലാണ്. സ്കൂളുകൾ വീണ്ടും തുറക്കുന്നതുവരെ കുട്ടികള്‍ക്ക് ആഴ്ചയിൽ 15 പൌണ്ട് ഫുഡ് വൗച്ചറുകൾ നൽകുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍, പല മാതാപിതാക്കൾക്കും വൗച്ചറുകൾ ഡൗണ്‍ലോഡ് ചെയ്യാനോ സൂപ്പർമാർക്കറ്റുകളിൽ റിഡീം ചെയ്യാനോ കഴിയുന്നില്ല.

മഹാമാരി തുടങ്ങുന്നതിനു മുന്‍പ് സൗജന്യ പ്രഭാത ഭക്ഷണ ക്ലബ്ബുകളെ ആശ്രയിച്ചിരുന്ന കുട്ടികളുടെ എണ്ണം 621,000 വരുമെന്നാണ് കണക്ക്. അതില്‍ 136,000 പേർക്ക് മാത്രമാണ് ഇപ്പോള്‍ ബദൽ മാര്‍ഗ്ഗങ്ങള്‍ ഉള്ളതെന്ന് ഫുഡ്‌ ഫൌണ്ടേഷന്‍ വ്യക്തമാക്കുന്നു. സൗജന്യ സ്കൂൾ ഭക്ഷണത്തിന് അർഹരായ 31% കുട്ടികൾക്ക് ഇപ്പോഴും മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. അത്തരത്തിലുള്ള 500,000-ത്തിലധികം കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്.

കേരളാ പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന് നടന്‍ ടൊവീനോ തോമസും. കൊറോണ വൈറസിനെ തുരത്താന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബുദ്ധിമുട്ടിലാഴ്ന്ന സാധാരണക്കാരുടെ വിശപ്പകറ്റാനാണ് താരവും പ്രവര്‍ത്തകനായി രംഗത്ത് ഇറങ്ങിയത്.

കേരള പോലീസ് സംഘടിപ്പിക്കുന്ന ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് നടന്‍ ടൊവീനോ തോമസ് പങ്കാളിയായത്. മറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി നല്‍കുന്ന പ്രവൃത്തികളിലും താരം ഒപ്പം ചേര്‍ന്നു.

നടന്‍മാരായ ദിനേശ്, കൈലാഷ് തുടങ്ങിയവരും കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഈ പദ്ധതിയില്‍ പങ്കാളികളായി. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

RECENT POSTS
Copyright © . All rights reserved