Latest News

സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്തയുടെ എതിര്‍പ്പ് തള്ളി സര്‍ക്കാര്‍. ഈ വര്‍ഷം പുതുക്കിയ സമയക്രമം തുടരും. സംസ്ഥാനത്ത് നടപ്പാക്കിയ സ്‌കൂള്‍ സമയമാറ്റം ഈ അധ്യയനവര്‍ഷം തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ എടുത്ത തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തെ ഭൂരിഭാഗം സംഘടനകളും സ്വാഗതം ചെയ്തുവെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ചിലര്‍ അഭിപ്രായവ്യത്യാസം അറിയിച്ചു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. രാവിലെ 10ന് തുടങ്ങുന്ന ക്ലാസുകള്‍ 9.45ന് ആരംഭിക്കുന്നുവെന്ന് മാത്രമേ ഉള്ളൂ. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും പരാതി അടുത്ത വര്‍ഷം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സമസ്തയ്ക്ക് ഇതു സംബന്ധിച്ച് ഒരു തരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

സിഎംഎസ്, കെപിഎസ്എംഎ, എയിഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍, മദ്രസാ ബോര്‍ഡ്, മുസ്ലീം എഡ്യൂക്കേഷന്‍ സൊസൈറ്റി, എല്‍എംഎസ്, എസ്എന്‍ ട്രസ്റ്റ് സ്‌കൂള്‍സ്, എസ്എന്‍ഡിപി യോഗം സ്‌കൂള്‍സ്, കേരള എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍, സമസ്ത ഇകെ വിഭാഗം, എപി വിഭാഗം, എന്‍എസ്എസ് എന്നീ സംഘടനകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

ശനിയാഴ്ച ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

മഹാരാഷ്ട്ര തീരംമുതൽ കേരള തീരംവരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു.

ഫുഡ് ഡെലിവറി ഏജന്റുമാരുടെ വേഷത്തിലെത്തി ജൂവലറിയിൽ കവർച്ച നടത്തി രണ്ടം​ഗ സംഘം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് രണ്ടുപേർ ഫുഡ് ഡെലിവറി ബോയ്സിന്റെ വേഷത്തിലെത്തി നിമിഷങ്ങൾക്കുള്ളിൽ ആഭരണങ്ങൾ കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് 3.30-ഓടെയായിരുന്നു സംഭവം. ബ്ലിങ്കിറ്റിന്റെയും സ്വിഗ്ഗിയുടെയും ഡെലിവറി ഏജന്റുമാരുടെ വേഷത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ പ്രതികൾ ജൂവലറി ജീവനക്കാരനെ തള്ളിമാറ്റി കടയിലേക്ക് തള്ളിക്കയറുകയായിരുന്നു. തുടർന്ന് ഇരുവരും വേഗത്തിൽ ഡിസ്‌പ്ലേ കെയ്സുകളിൽനിന്ന് ആഭരണങ്ങൾ വാരിയെടുത്ത് ബാ​ഗുകളിൽ നിറച്ചു. നിമിഷങ്ങൾക്കുള്ളിൽ ആഭരണങ്ങൾ കൈക്കലാക്കി പ്രതികൾ ഇരുചക്രവാഹനത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

കടയിൽനിന്ന് ഏകദേശം 20 കിലോഗ്രാം വെള്ളിയും 125 ഗ്രാം സ്വർണ്ണവും മോഷണം പോയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചനകള്‍ ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടർന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചനകൾ ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പിടിയിലായ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പ്രതിക്കായി പഴുതകളടച്ച അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. ന​ഗരം വിട്ടുപോയിട്ടില്ലെന്നുതന്നെയായിരുന്നു പോലീസ് നി​ഗമനം. ഇത് ശരിവെക്കുന്നതായിരുന്നു പിന്നീട് പ്രതിയെ കണ്ണൂർ ന​ഗരത്തിൽ പ്രതിയെ കണ്ടെന്ന സൂചനകൾ. ​ഗോവിന്ദച്ചാമി നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇത് പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.

ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.

കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി. കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച (ജൂലൈ 25) അവധിയായിരിക്കുമെന്നും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണെന്നും കളക്ടര്‍ അറിയിച്ചു.

ഇടുക്കി ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതണ്. എല്ലാ വിദ്യാർത്ഥികളും വീടിനുള്ളിൽ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അഭ്യർഥിച്ചു.

സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയർലൈൻ നടത്തുന്ന വിമാനമാണ് തകർന്നു വീണതെന്നാണ് വിവരം. ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകായിരുന്നു.പ്രാഥമിക വിവരങ്ങളനുസരിച്ച് അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉൾപ്പെടെ 43 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്ന് റീജിയണൽ ഗവർണർ വാസിലി ഓർലോവ് പറഞ്ഞു.

അതേസമയം ടിൻഡയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ഒരു മലഞ്ചെരുവിൽ വിമാനത്തി്റെ കത്തുന്ന ഫ്യൂസ്ലേജ് രക്ഷാ ഹെലികോപ്റ്റർ കണ്ടെത്തിയതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. രക്ഷപ്പെട്ടവരുടെ ഒരു തെളിവും ലഭിച്ചില്ലെന്ന് പ്രാദേശിക രക്ഷാപ്രവർത്തകർ പറഞ്ഞു.

രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചതായി മേഖലയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. നിലവിൽ 25 ആളുകളെയും രക്ഷാപ്രവർത്തനത്തിനായുള്ള അഞ്ച് യൂണിറ്റ് ഉപകരണങ്ങളും അയച്ചിട്ടുണ്ടെന്നും കൂടാതെ നാല് വിമാനങ്ങളും ജീവനക്കാരും സജ്ജമാണെന്നും എഎഫ്‌പി റിപ്പോർട്ട് ചെയ്തു. മോശം ദൃശ്യപരത കാരണം ലാൻഡിംഗിനിടെ ജീവനക്കാരുടെ പിഴവ് മൂലമാണ് അപകടമുണ്ടായതെന്നാണ് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തുന്നത്.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

100 മേനി വിജയം നേടിയവർ മൂന്നരപ്പതിറ്റാണ്ടിനു ശേഷം വീണ്ടും ഒത്തുചേർന്നു. സൗഹൃദങ്ങൾ പുതുക്കിയും മധുര നിമിഷങ്ങൾ വീണ്ടും ഓർത്തും അവർ ഒത്തുചേരൽ ഹൃദ്യമാക്കി.

സെൻറ് തെരേസാസ് ഹൈസ്കൂളിൽ 10-ാം ക്ലാസിൽ 100% വിജയത്തോടെ പാസായ 1987 ബാച്ച് വിദ്യാർത്ഥികളാണ് 38 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നത്.

സ്കൂൾ ഗ്രൗണ്ട് സ്റ്റേജിൽ നടന്ന ഒത്തുചേരലിന്റെ ഉദ്ഘാടനം അന്നത്തെ അധ്യാപകർ ദീപം തെളിച്ച് നിർവഹിച്ചു. സ്കൂളിൻറെ പ്രവർത്തനങ്ങൾക്കും ഭവന നിർമ്മാണ പദ്ധതിക്കുമായി പൂർവ്വ വിദ്യാർത്ഥികൾ ഫണ്ട് സ്വരൂപിച്ച് ഹെഡ് മിസ്ട്രസിനെ കൈമാറി.

പരിപാടികൾക്ക് നേതൃത്വം കൊടുത്തത് പ്രീതി കെപി, ഓമന, അരുണ , ബീന പീറ്റർ എന്നിവരായിരുന്നു. 38 വർഷത്തിനുശേഷമുള്ള ഒത്തുചേരൽ സാധ്യമാക്കിയത് നിലവിലെ പ്രിൻസിപ്പൽ ആയിട്ടുള്ള സിസ്റ്റർ ലിൻഡയുടെ പൂർണ്ണ പിന്തുണയാണ്.

 

ബര്‍മിങാം: യുകെ മലയാളികള്‍ക്കിടയില്‍ നൃത്തം ചെയ്യുന്നവര്‍ നൂറുകണക്കിനല്ല മറിച്ച് ആയിരങ്ങളാണ് എന്നതാണ് വാസ്തവം. എന്നാല്‍ ഇന്നലെ ബിർമിംഗ്ഹാമില്‍ അവസാനിച്ച ലോക നൃത്ത വേദിയായ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ 2025 എന്ന ആഗോള നൃത്ത വേദിയിലേക്ക് അധികമാരും എത്തുന്നില്ല എന്നാല്‍ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ നടക്കുന്നതറിഞ്ഞ് ഓഡിഷനില്‍ പങ്കെടുത്ത ശേഷം മത്സര വേദിയില്‍ എത്തിയ മാഞ്ചസ്റ്ററിന് അടുത്ത സ്റ്റോക്ക്‌പോര്‍ട്ടിലെ കീര്‍ത്തനയും ഡെന്റണിലെ നവമിയും വീട്ടിലേക്ക് മടങ്ങിയത് ഫോക്ക്‌ലോര്‍ വിഭാഗത്തിലെ രണ്ടാം സ്ഥാനവും നേടിയാണ്,അതുപോലെ നവമി സരീഷ് ഹിപ് ഹോപ് സോളോ വിഭാഗത്തിൽ 35 രാജ്യങ്ങളുമായി മത്സരിച്ച് 8 മത് റാങ്കും നേടി എന്നത് യുകെയിലെ ഓരോ മലയാളി നര്‍ത്തകര്‍ക്കും അഭിമാന കാരണമാകുകയാണ്.

ഒരേ മലയാളി സംഘടനയിലെ അംഗങ്ങളായ കുടുംബത്തിലെ കുട്ടികള്‍ എന്ന നിലയ്ക്കാണ് രണ്ടു പ്രദേശങ്ങളില്‍ ആയി താമസിക്കുന്ന കീര്‍ത്തനയ്ക്കും നവമിക്കും സുഹൃത്തുക്കളാകാന്‍ കഴിഞ്ഞതും ഇപ്പോള്‍ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ എന്ന ലോകവേദിയിലേയ്ക്ക് നൃത്ത ചുവടുകള്‍ വച്ച് എത്താനായതും. അള്‍ട്ടിമേറ്റ് ഡാന്‍സ് പ്രൊഡക്ഷന്‍ എന്ന കമ്പനിയാണ് സാധാരണയായി യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ വച്ച് ഈ ലോക നൃത്ത വേദിക്ക് അവസരം ഒരുക്കുന്നത്. ലോകത്തിലെ ഏതു ഭാഗത്തുള്ള നൃത്തവും കാണാന്‍ ഈ വേദിയില്‍ എത്തിയാല്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തവണ ബിര്‍മിങാമില്‍ നാലു ദിവസമായി നടന്ന ഈ ലോക നൃത്തമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും അതാതു രാജ്യങ്ങളെ പ്രതിനിധീകരിച്ചു ഒട്ടേറെ പേർ പങ്കെടുത്തിരുന്നു. എന്നാല്‍ കീര്‍ത്തനയും നവമിയും ബ്രിട്ടനെ പ്രതിനിധീകരിച്ചു ചെയ്തത് നാടോടി നൃത്തത്തിന് സമാനമായ ഫോക്ക്‌ലോര്‍ നൃത്ത ഇനമായിരുന്നു.

ലോകത്തെവിടെ ചെന്നാലും ആരാധകരുള്ള ബാലറ്റ്, കന്റംപ്രറി, ഹിപ് ഹോപ്, ഫോക്ക്‌ലോര്‍, ജാസ്, മ്യൂസിക്കല്‍ തീയേറ്റര്‍, ടാപ് തുടങ്ങിയ ഒട്ടേറെ ഇനങ്ങളില്‍ ആയിരുന്നു മത്സരം. സാധാരണയായി നവംബര്‍ മുതല്‍ മെയ് വരെയുള്ള സമയങ്ങളില്‍ ആണ് ഈ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നത്. യുകെയില്‍ ഇത്തവണ ഏപ്രിലില്‍ ആണ് നര്‍ത്തകരെ തേടിയുള്ള ഓഡിഷന്‍ നടന്നത്. ഈ വര്‍ഷം ലോകത്തെ വിവിധ രാജ്യങ്ങളില്‍ ആയി 20 ലൊക്കേഷനുകളില്‍ നടന്ന ലൈവ് സെക്ഷനുകളില്‍ 6600 നര്‍ത്തകരാണ് അവസരം തേടി എത്തിയത്. അതില്‍ നിന്നും ഫൈനലിസ്റ്റുകളായി നാലു ദിവസത്തെ മത്സരത്തിനു ബര്‍മിങാമില്‍ എത്തിയത് 1500 ലേറെ നര്‍ത്തകരും. ഈ കണക്കുകളില്‍ നിന്നും ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ മത്സര വേദി ലോകമെങ്ങും ആകര്‍ഷിക്കുന്ന ആരാധകരുടെ എണ്ണവും ഊഹിക്കാവുന്നതാണ്.

ബര്‍മിങാമിലെ രണ്ടു വേദികളില്‍ ആയിട്ടാണ് നൂറുകണക്കിന് നര്‍ത്തകര്‍ ഒരേ സമയം മത്സരത്തിന് ഇറങ്ങിയത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കായി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ വിഭാഗമായിട്ടാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ഇതില്‍ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആകര്‍ഷക ഘടകങ്ങളുമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുക 1.2 മില്യണ്‍ ആയി ഉയര്‍ന്നു എന്നത് തന്നെ ലോക വിസ്മയങ്ങളില്‍ ഒന്നാകാന്‍ ശേഷിയുള്ള സമ്മാനത്തുകയുമാണ്. ഫോക്ക്‌ലോര്‍ ഡ്യൂറ്റ് വിഭാഗത്തില്‍ സീനിയര്‍ മത്സരത്തിലാണ് കീര്‍ത്തനയും നവമിയും ഫസ്റ്റ് റണ്ണര്‍ അപ് ആയി മാറിയത്. നന്നേ ചെറുപ്പം മുതല്‍ ഡാന്‍സ് പരിശീലനം നടത്തിയിട്ടുള്ള നവമി വിവിധ ഡാന്‍സ് ഇനങ്ങളില്‍ പ്രാവീണ്യം നേടിയ യുവ നര്‍ത്തകിയാണ്. എങ്കിലും ഹിപ് ഹോപില്‍ അത്ര പെട്ടെന്ന് ആര്‍ക്കും മറികടക്കാനാകാത്ത പരിശീലനമാണ് നവമി സ്വന്തമാക്കിയിരിക്കുന്നത്.

മാഞ്ചസ്റ്ററിൽ ഡാൻസ് ടീച്ചർ കൂടിയാണ് നവമി സാരിഷ് . മാതാപിതാക്കളായ സരീഷ് സിദ്ധാര്‍ഥന്‍, ശ്രുതി സരീഷ് എന്നിവര്‍ നല്‍കുന്ന കലര്‍പ്പില്ലാത്ത പിന്തുണയാണ് നവമിയെ നൃത്ത വേദികളില്‍ മനോഹരമായ ചുവടുകള്‍ക്ക് പ്രാപ്തയാക്കുന്നത്. തൃശൂരില്‍ വേരുകള്‍ ഉള്ള കുടുംബമാണ് നവമിയുടേത്. ഇരുപതില്‍ എത്തിയ കീര്‍ത്തനയാകട്ടെ സിനിമാറ്റിക്, ഫ്യൂഷന്‍ ഡാന്‍സുകളുടെ ആരാധിക കൂടിയാണ്. നന്നേ ചെറുപ്പത്തിലേ നൃത്ത പരിശീലനം തുടങ്ങിയ കീര്‍ത്തന കിട്ടുന്ന ഒരു വേദിയും വിട്ടുകളയാത്ത നര്‍ത്തകി കൂടിയാണ്. മാതാപിതാക്കളായ കൃഷ്ണദാസ് രാമാനുജാവും ശ്രീജ കൃഷ്ണദാസും തന്നെയാണ് കീര്‍ത്തനയുടെ നൃത്തലോകത്തില്‍ പൂര്‍ണ പങ്കാളികളായി കൂടെ നില്‍ക്കുന്നതും. പാലക്കാട് നിന്നും കുടിയേറിയ കുടുംബമാണ് കീര്‍ത്തനയുടേത്.

ഷിബു മാത്യു

സ്പിരിച്ച്വൽ ഡെസ്ക് . മലയാളം യുകെ

അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന കീത്തിലിയുടെ ഒഥൻ്റിക് സിറ്റി സഭയുടെ നാലാമത് വാർഷിക കൺവെൻഷൻ ജൂലൈ 26 – ന് കീത്തിലിയിൽ നടക്കും. കീത്തിലി ഫെൽ ലൈൻ സ്കൗട്ട് ഹാളിൽ ശനിയാഴ്ച വൈകിട്ട് 6 മണിക്ക് റിവൈവൽ വോയ്സിൻ്റെ ഗാനശുശ്രൂഷയും തുടർന്ന് സ്‌റ്റെഫിൻ സത്യദാസ് , ബില്ലി ബാബുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വർഷിപ്പോടെ കൺവെൻഷന് തുടക്കമാകും. പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന കൺവെൻഷനിൽ പാസ്റ്റർ പോൾ അധ്യക്ഷ പ്രസംഗം നടത്തും. തുടർന്ന് ലണ്ടനിലെ പ്രസിദ്ധമായ ഇമ്മാനുവേൽ ചർച്ചിൻ്റെ ഫൗണ്ടറും സീനിയർ പാസ്റ്ററുമായ, പാസ്റ്റർ ജെഫി ജോർജ്ജ് നാലാമത് വാർഷിക കൺവെൻഷന് പ്രധാന സന്ദേശം നൽകും. തുടർന്ന് അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായ ഒഥൻ്റിക് സിറ്റി കീത്തിലിയുടെ കൺവെൻഷൻ കോർഡിനേറ്ററായ പ്രഫിൻ ജോൺ നന്ദി പ്രകാശനം നടത്തും. 8.30 ന് സ്നേഹ വിരുന്നോടെ നാലാമത് വാർഷിക കൺവെൻഷൻ സമാപിക്കും.

രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂണിലാണ് ലോകത്താകമാനം പടർന്ന് പന്തലിച്ചിട്ടുള്ള അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി ഒഥൻ്റിക് സിറ്റി സഭ കീത്തിലിയിൽ ശുശ്രൂഷകളാരംഭിക്കുന്നത്. അന്നു മുതൽ തുടർച്ചയായ ഞായറാഴ്ച്ചകളിൽ പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടന്നു വരുന്നു. കീത്തിലിയിലും പരിസര പ്രദേശത്തുനിന്നുമായി നിരവധിയാളുകൾ ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തിക്കൊണ്ടിരിക്കുന്നു. നാലാമത് വാർഷിക കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കേരള തീരത്ത് ഇന്ന് വൈകുന്നേരം മുതല്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതചുഴിയായി ദുര്‍ബലമായി. ചക്രവാജച്ചുഴി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Copyright © . All rights reserved