Latest News

മയക്കുമരുന്ന് കള്ളക്കടത്ത്, ആളുകളെ തട്ടിക്കൊണ്ട് പോകല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, സംഘടിതകുറ്റകൃത്യങ്ങള്‍ എന്നിവക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ വധ ഭീഷണിയെതുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് നാട് വിട്ട് സ്വീഡനില്‍ അഭയം തേടിയ പാക് മാധ്യമ പ്രവര്‍ത്തകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാകിസ്ഥാനിലെ ബലൂചിസ്താന്‍ ടൈംസ് എന്ന ഓണ്‍ലൈന്റെ ചീഫ് എഡിറ്ററായിരുന്ന സാജിദ് ഹുസൈനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് 22 മുതല്‍ സാജിദിനെ കാണാനില്ലായിരുന്നു. പാകിസ്ഥാനില്‍ നിന്ന് പലായനം ചെയ്തതിനുശേഷം യു.എ.ഇ, ഉഗാണ്ട, ഒമാന്‍ എന്നീ രാജ്യങ്ങളിലായിരുന്നു. അവിടുന്നാണ് 2018ല്‍ സ്വീഡനിലെത്തിയത്. സ്വീഡനില്‍ സുഹൃത്തിനൊപ്പം താമസിച്ച് ഒരു സ്ഥാപനത്തില്‍ പാര്‍ട്ട്‌ട്ടൈം ജോലിനോക്കി വരികയായിരുന്നു സാജിദ്. ഭാര്യയെയും മക്കളെയും സ്വീഡനിേലക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ഇദ്ദേഹം.

ഏപ്രില്‍ 23ന് സ്റ്റോക്ഹോമിന് സമീപത്തെ അപ്‌സലയിലെ ഫൈറിസ് നദീതീരത്താണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി.

കോവിഡ് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി രാജ്യത്ത് നിയന്ത്രിതമായി മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെങ്കിലും ബാറുകൾക്ക് മേയ് 17 വരെ പ്രവർത്തനാനുമതിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗരേഖപ്രകാരം ബാറുകളുടെ പ്രവര്‍ത്തനം മേയ് നാല് മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി കര്‍ശനമായി വിലക്കിയിരിക്കുന്നു. ഒരു സോണിലും പാടില്ലാത്തവ എന്ന് പറഞ്ഞാണ് ബാറുകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല എന്ന് ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു.

കേരളവും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങള്‍ കനത്ത വരുമാനനഷ്ടം ചൂണ്ടിക്കാട്ടി നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മദ്യവിൽപ്പനശാലകൾ കൃത്യമായ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാമെന്നാണ് പറയുന്നത്. പാൻ, ഗുഡ്ക, സിഗററ്റ് എന്നിവ വിൽക്കുന്ന കടകൾ തുറക്കാമെന്ന് പറയുന്നു. അഞ്ച് പേരിൽ കൂടുതൽ മദ്യവിൽപ്പനശാലകളിൽ ഒരേസമയം ഉണ്ടാകാൻ പാടില്ല. ഇത്തരം വസ്തുക്കൾ വിൽക്കുന്ന കടകൾ തമ്മിൽ ആറടി അകലം പാലിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. പൊതുസ്ഥലങ്ങളിൽ മദ്യമടക്കമുള്ള മേൽപ്പറഞ്ഞ ലഹരി വസ്തുക്കളുടെ ഉപയോഗം പാടില്ല.

എന്നാൽ കേന്ദ്രം അനുവദിച്ച ഇളവുകൾ നടപ്പാക്കുന്നത് കൃത്യമായ ഇടപെടലോടെ മതിയെന്ന നിലപാടിൽ‌ കേരളം. കേന്ദ്രം അനുവദിച്ച ഇളവ് അനുവദിച്ച മദ്യ വിൽപന ശാല തുറക്കുന്നത് ഉൾപ്പെടെ കരുതലോടെ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ബാർബർ ഷോപ്പുകൾ തുറക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നത തലയോഗത്തിൽ ധാരണയായി.

ബീവറേജസ് ഉൾപ്പെടെ മദ്യഷോപ്പുകൾ തുറക്കുന്നത് വലിയ തോതിൽ ആൾക്കൂട്ടം രൂപം കൊള്ളുന്നതിന് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. കുടാതെ ഗ്രീൻ സോണിൽ ഇളവുകളോടെ അനുവദിച്ച പൊതുഗതാഗതവും വേണ്ടെന്ന് വയ്ക്കുകയാണ് സർക്കാർ. എന്നാൽ വയനാടിനും എണറാകുളത്തിനും ഒപ്പം ഇപ്പോൾ രോഗികളൊന്നുമില്ലാത്ത തൃശ്ശൂരും ആലപ്പുഴയും കൂടി ഗ്രീൻ സോണിലുൾപ്പെടുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം. കഴിഞ്ഞ 21 ദിവസങ്ങളായി പുതിയ രോഗികൾ ഇല്ലെന്ന വിലയിരുത്തലാണ് ഇത്തരം ഒരു അഭിപ്രായം ഉയരാൻ കാരണമായത്.

അതേസമയം, മൂന്നാം ഘട്ട ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ച മറ്റ് ഉളവുകൾ‌ നടപ്പാകാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മറ്റ് ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രിയുടെ പതിവ് വാർത്താ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

കോവിഡ് ലോക്ക് ഡൗണ്‍ മൂലം നാട്ടിലെത്താനാകാതെ ബ്രിട്ടനില്‍ കുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പട്ടിണിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നാട്ടിലേയ്ക്ക് മടങ്ങാനാകാതെ യുകെയില്‍ കുടുങ്ങിയിരിക്കുന്നത്. ആതുരസേവന സംഘടനകള്‍ നല്‍കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് അതിജീവനത്തിന് ആശ്രയം. എന്നാല്‍ ഈ സംഘടനകള്‍ തുടര്‍ന്ന് ഭക്ഷണം നല്‍കാന്‍ കഴിയുന്ന നിലയിലല്ല. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാര്‍ട്ട് ടൈം ജോലികള്‍ നഷ്ടമായിക്കഴിഞ്ഞു.

യുകെയിലെ വിവിധ സ്റ്റുഡന്റ്‌സ് ഗ്രൂപ്പുകള്‍ ലോക്കല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായും ചാരിറ്റബിള്‍ സംഘടനകളുമായും ബന്ധപ്പെട്ട് അടിയന്തരമായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കുന്നുണ്ടെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തൊഴില്‍ നഷ്ടപ്പെട്ടത് മൂലം മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ചെലവാക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. തങ്ങളെ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിച്ചതായി ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പറയുന്നു. നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലുമിനി യൂണിയനും ഭക്ഷണമെത്തിക്കുന്നുണ്ട്്. പലരും ശരിക്കും പട്ടിണിയില്‍ തന്നെയാണെന്ന് സേവാ ട്രസ്റ്റ് എന്ന സംഘടനയുടെ ചരണ്‍ സെഖോണ്‍ പറയുന്നു. യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളില്‍ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി ഹാര്‍ഡ്ഷിപ്പ് ഫണ്ടിലെ പണം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട്്, ഈലിംഗ് സൗത്താളില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപി വീരേന്ദ്ര ശര്‍മ, വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്യംസണ് കത്ത് നല്‍കിയിരുന്നു. 2018-19ലെ കണക്ക് പ്രകാരം 270000ത്തിനടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുകെയിലുള്ളത്.

ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്നയാളാണ് മല്ലിക സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ ഇതിന് പല ഉദ്ദാഹരണങ്ങളുമുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയുമായി ബന്ധപ്പെടുത്തി മല്ലികയെ ഒന്നു ട്രോളാമെന്നു കരുതി വന്നയാള്‍ക്കും കിട്ടി കണക്കിന്. ഒരു ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നതായിരുന്നു മല്ലിക.

ലോക് ഡൗണ്‍ കാലവും മക്കളുടെ വിശേഷങ്ങളുമൊക്കെ പങ്കുവച്ച് പോകുമ്പോഴായിരുന്നു പരിഹാസ ചോദ്യവുമായി ഒരാള്‍ എത്തുന്നത്. അയാള്‍ക്ക് അറിയേണ്ടത് പൃഥ്വിയുടെ ലംബോര്‍ഗിനിയെ കുറിച്ചായിരുന്നു. ലംബോര്‍ഗിനി ഇപ്പോള്‍ എവിടെയാണമ്മേ എന്നായിരുന്നു കക്ഷിക്ക് അറിയേണ്ടിയിരുന്നത്. ഒട്ടും വൈകിയില്ല മറുപടിക്ക്. ‘ അതിവിടെ അലമാരയില്‍ വച്ചു പൂട്ടിയേക്കുകയാ മോനേ, ആവശ്യത്തിന് പുറത്തെടുത്താല്‍ മതിയല്ലോ’ എന്നായിരുന്നു ചിരിയോടെയുള്ള ആ തിരിച്ചടി!

മുന്‍പ് ഒരഭിമുഖത്തില്‍ പൃഥ്വിരാജ് വാങ്ങിയ ആഡംബര വാഹനമായ ലംബോര്‍ഗിനി എത്തിക്കാന്‍ പര്യാപ്തമായ റോഡുകള്‍ കേരളത്തില്‍ ഇല്ലെന്നുള്ള മല്ലികയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരേയുള്ള വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു. അതിന്റെ ചുവട് പിടിച്ചായിരുന്നു ഈ ചോദ്യവും. എന്തായാലും ഈ ചോദ്യവും അതിനുള്ള ഉത്തരവും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിട്ടുണ്ട്.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ബോളിവുഡിലെ രണ്ട് പ്രിയതാരങ്ങള്‍ ലോകത്തോട് വിടപറഞ്ഞത്. ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും മരണം സിനിമാലോകത്ത് തീരാനഷ്ടമായിരിക്കുകയാണ്. ഇരുവരുടെയും വിയോഗത്തില്‍ വേദന മാറും മുന്‍പേ ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ഇതിഹാസമായ നസറുദ്ദീന്‍ ഷായുടെയും മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി.

നസ്റുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം മരിച്ചുവെന്നും അടക്കമുളള അഭ്യൂഹങ്ങളാണ് പലരും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്. വ്യാജവാര്‍ത്തകള്‍ കണ്ടതോടെ പ്രതികരണവുമായി നസറുദ്ദീന്‍ ഷായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും രംഗത്തെത്തി.

വാര്‍ത്തകള്‍ തെറ്റാണെന്നും നസറുദ്ദീന്‍ ഷായ്ക്ക് കുഴപ്പമൊന്നും ഇല്ലെന്നും ഷായുടെ ഭാര്യയും പ്രശസ്ത നടിയുമായ രത്ന പഥക് വ്യക്തമാക്കി. അദ്ദേഹം ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ നസറുദ്ദീന്‍ ഷാ തന്നെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രതികരണവുമായി രംഗത്ത് വന്നു.

”തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് തിരക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. താന്‍ സുഖമായി വീട്ടിലിരുന്ന് ലോക്ക്ഡൗണ്‍ നിരീക്ഷിക്കുകയാണ്. അഭ്യൂഹങ്ങളൊന്നും ദയവ് ചെയ്ത് വിശ്വസിക്കാതിരിക്കുക” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

”പ്രശ്നങ്ങളൊന്നുമില്ല. ബാബ സുഖമായിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചുളള എല്ലാ പ്രചാരണങ്ങളും വ്യാജമാണ്. അദ്ദേഹം സുഖമായി തുടരുന്നു. ഇര്‍ഫാന്‍ ഭായിക്കും ചിന്റു ജിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവരെ വളരെ അധികം മിസ്സ് ചെയ്യുന്നു. അവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഇത് വളരെ വേദനിപ്പിക്കുന്നു നഷ്ടമാണ്” എന്ന് ഷായുടെ മകന്‍ വിവാന്‍ ഷായും പ്രതികരിച്ചു.

ഹൃദയശാസ്ത്രക്രിയയ്ക്ക് വിധേയനായ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമുള്ള രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കിമ്മിന് സൗഖ്യം നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. എന്നാല്‍ ദക്ഷിണ കൊറിയ ഈ വാര്‍ത്തകളെല്ലാം തള്ളി.

ആരോഗ്യനില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതുചടങ്ങളില്‍ പങ്കെടുത്തതായി ഉത്തരകൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നീണ്ട 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഒരു പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്.

പ്യോംഗ് യാംഗിലെ വളം നിര്‍മാണ വ്യവസായ കേന്ദ്രം കിം ജോങ് ഉദ്ഘാടനം ചെയ്തതായി കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. സഹോദരി കിം യോ ജോങിനും രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് കിം ജോങ് ഉന്‍ ചടങ്ങിനെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിമ്മിനെ ജനങ്ങള്‍ ആഘോഷത്തോടെയാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വ്യവസായ കേന്ദ്രം കിം ജോങ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങള്‍ കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സിയും പുറത്തുവിട്ടിരുന്നു. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അറബ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ ”ഇസ്ലാമോഫോബിയ’ ആരോപിക്കുകയും പ്രതിഷേധങ്ങള്‍ അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഈ വിമര്‍ശനം അദ്ഭുതപ്പെടുത്തുന്നതല്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യയില്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ നടക്കുന്ന അനിഷ്ട സംഭവങ്ങളും മുസ്‌ലിം വിരുദ്ധ അഭിപ്രായങ്ങളും വിദേശത്ത് പ്രതികൂല പ്രതികരണങ്ങളുണ്ടാക്കുകയാണ്. ഇത് മൂലം തുടര്‍ച്ചയായ് ഉണ്ടായിക്കൊണ്ടിരിക്കുന്ന കോട്ടങ്ങളെ മറികടക്കാന്‍ നമ്മുടെ രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെ മാറ്റേണ്ടതാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

‘ഗവര്‍ണ്‍മെന്റ് എന്ത് പറയുന്നു എന്നതല്ല കാര്യം, അവരും മറ്റുള്ളവരും എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നതാണ് കാര്യം. ഉന്നത പദവികളലങ്കരിക്കുന്ന മോഡി സര്‍ക്കാരിന്റെ കടുത്ത പിന്തുണക്കാരില്‍ പലരുടെയും മോശപ്പെട്ട പെരുമാറ്റങ്ങള്‍ തടയുന്നതില്‍ ഭരണകൂടം ദയനീയമായ് പരാജയപ്പെട്ടു. ഇത്തരക്കാര്‍ക്ക് മൗനാനുവാദം നല്‍കുന്നതിലൂടെ ഇന്ത്യയെ കുറിച്ചുള്ള മൊത്തം കാഴ്ച്ചപ്പാടാണ് മാറുന്നത്’ തരൂര്‍ പറഞ്ഞു.

ഇന്ത്യക്ക് പുറത്തായിരിക്കുന്ന കാലത്തോളം മുസ്‌ലിംങ്ങളെ മഹത്വവല്‍ക്കരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെന്ന് വരുത്തിത്തീര്‍ക്കുന്നവര്‍ രാജ്യത്തിനകത്ത് അവരെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്യുകയാണ്. ഇത്രയും ആധുനികമായ കാലയളവില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഒട്ടും തന്നെ ന്യായീകരണം അര്‍ഹിക്കാത്തവയാണെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

മുസ്ലീങ്ങള്‍ക്കെതിരെ കരുതിക്കൂട്ടി നടത്തുന്ന ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ രാജ്യത്തെ തന്നെ പ്രതികൂലമായ രീതിയിലാണ് ബാധിക്കുന്നത്. പ്രശ്നത്തില്‍ സമവായ ശ്രമത്തിനായുള്ള മോഡിയുടെയും വിദേശകാര്യ മന്ത്രിയുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെന്നും നമ്മുടെ രാജ്യത്തെ സാഹചര്യങ്ങളെയാണ് ആദ്യം മാറ്റേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.

യു.എ.ഇ രാജകുടുംബാംഗവും കുവൈത്ത് സര്‍ക്കാരും ഈ വിഷയത്തില്‍ നേരത്തെ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിവിധ മുസ്‌ലിം സംഘടനകളും മറ്റ് അറബ് രാഷ്ട്രങ്ങളും നേരത്തെ തന്നെ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളരുന്നത് തടയാന്‍ വേണ്ട നടപടികളെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

കൊ​​​ല്ല​​​ത്തു​​​നി​​​ന്നു കാ​​​ണാ​​​താ​​​യ സ്ത്രീ​​​യെ പാ​​​ല​​​ക്കാ​​​ട് കൊ​​​ല​​​പ്പെ​​​ടു​​​ത്തി കു​​​ഴി​​​ച്ചി​​​ട്ട​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തിയ സംഭവത്തിൽ പ്രതി പ്രശാന്ത് കാട്ടിയത് കൊടിയ ക്രൂരതയെന്ന് പോലീസ്. കേസില്‍ അതിവേഗം കുറ്റപത്രം നല്‍കാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.  കൊല്ലപ്പെടുമ്പോൾ സുചിത്ര ഗര്‍ഭിണിയായിരുന്നുവെന്നതും ഞെട്ടിക്കുന്നതാണ്. വ്യാഴാഴ്ച പുലര്‍ച്ചയോടെ പ്രതിയെ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു.

മാര്‍ച്ച് 17ന് കൊല്ലത്തുനിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി രണ്ടുദിവസം ഒപ്പം താമസിപ്പിച്ചു ശാരീരികബന്ധം പുലർത്തിയ ശേഷം ആണ് പ്രതി പ്രശാന്ത് കൊലപാതകം നടത്തിയത്. 20ന് രാത്രി ഏഴുമണിയോടെയാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഉറക്കത്തിലായിരുന്ന സുചിത്രയെ എമര്‍ജന്‍സി ലാമ്പിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം സുചിത്രയുടെ അച്ഛന്റെ ഫോണ്‍ എത്തിയെങ്കിലും പ്രശാന്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി. കാലില്‍ ചവിട്ടിപ്പിടിച്ച് കഴുത്തു മുറുക്കി മരണം ഉറപ്പാക്കിയശേഷം മൃതശരീരം ബെഡ്ഷീറ്റ്‌കൊണ്ട് പുതപ്പിച്ചു.

പുലര്‍ച്ചെ അഞ്ചിനുണര്‍ന്ന് കത്തിയും കൊടുവാളും ഉപയോഗിച്ച് രണ്ട് കാലിന്റെയും മുട്ടിന് താഴോട്ടുള്ള മാംസം ചെത്തിയെടുത്തു. എല്ലുമാത്രമായതോടെ ഒടിച്ചുമാറ്റി. സുചിത്രയുടെ സ്വര്‍ണാഭരണങ്ങളെല്ലാം ഊരിമാറ്റി. വീടിന്റെ പുറകുവശത്ത് മതിലിനോടു ചേര്‍ന്ന് കുഴിയെടുത്ത് അതിലിട്ട് കത്തിക്കാനായിരുന്നു ശ്രമം. അതിനായി നേരത്തേതന്നെ കുപ്പിയില്‍ രണ്ട് ലിറ്ററും കാനില്‍ അഞ്ച് ലിറ്ററും ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോളും കരുതിയിരുന്നു. 21ന് രാത്രിയായിരുന്നു മൃതശരീരം കത്തിക്കാനുള്ള ശ്രമം നടന്നത്. കുഴിയിലിട്ട് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കുഴി വലുതാക്കി ശരീരവും കാലും അതിലിട്ട് മൂടി. പാറക്കല്ലുകള്‍ അടുക്കിയശേഷം വീണ്ടും മണ്ണിട്ട് കുഴി നിറച്ചു.

മുഖത്തലയിലെ സമ്പന്ന കുടുംബത്തിലെ അംഗമാണു സുചിത്ര പിള്ള. അച്ഛന്റെയും അമ്മയുടെയും ഏക മകള്‍. പഠനത്തിലും മിടുക്കിയായിരുന്നു. പ്രശാന്തുമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി സംശയമുണ്ട്. സംഗീത അദ്ധ്യാപകനായ ഇയാള്‍ക്കു പിയാനോ വാങ്ങാനായി സുചിത്ര കടമായി 2.5 ലക്ഷം രൂപ നല്‍കിയിരുന്നതായും പറയുന്നു. ഇതിന്റെ തെളിവം പൊലീസിന് കിട്ടിയിട്ടുണ്ട്. സുചിത്ര 2008ല്‍ കൊട്ടാരക്കര സ്വദേശിയെയും 2015ല്‍ ഹരിപ്പാട് സ്വദേശിയെയും വിവാഹം കഴിച്ചിരുന്നു. ഈ ബന്ധങ്ങള്‍ നിയമപരമായി വേര്‍പെടുത്തി. രണ്ട് കല്യാണത്തിനും സ്ത്രീധനമായി 100 പവന്‍ വീതം കൊടുത്തിരുന്നു. അത് തിരിച്ചു വാങ്ങാതെയായിരുന്നു ഡിവോഴ്‌സ്.

കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററില്‍ ബ്യൂട്ടിഷ്യന്‍ ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു സുചിത്രാ പിള്ള. ഭര്‍ത്താവ് തന്റെ വീട്ടുകാരുമായി സ്വരച്ചേര്‍ച്ചയിലല്ലാത്തതിനാല്‍ മറ്റൊരു സ്ഥലത്താണെന്നാണു സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. സമയം പോകാന്‍ വേണ്ടി മാത്രമായിരുന്നു ജോലിയെ സുചിത്ര കണ്ടിരുന്നത്. പ്രശാന്തിന്റെ ഭാര്യയുമായി സുചിത്രയ്ക്കു വര്‍ഷങ്ങളുടെ സൗഹൃദം ഉണ്ടായിരുന്നു. വീട്ടില്‍ ഇടയ്‌ക്കൊക്കെ സുചിത്ര വരുമായിരുന്നു. ഈ കുടുംബസൗഹൃദം വീട്ടുകാര്‍ അറിയാതെ പ്രശാന്തുമായുള്ള പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു. പ്രശാന്തും സുചിത്രയും നിരന്തരം ബന്ധപ്പെട്ടിരുന്നു. ഗര്‍ഭിണിയാണെന്ന കാര്യം പൊലീസ് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. സുചിത്രയുടെ വയറ്റില്‍ വളര്‍ന്നിരുന്നത് പ്രശാന്തിന്റെ കുട്ടിയാണെന്നാണ് സൂചന. ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞതാണ് പ്രശാന്തിന്റെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചത്

അന്ന് രാത്രി ക്രൂരതയ്ക്ക് ശേഷം സുചിത്രയുടെ മൊബൈല്‍ ഓണാക്കിയശേഷം പ്രശാന്ത് രാത്രി കാറില്‍ തൃശ്ശൂര്‍ മണ്ണുത്തിയിലെത്തി. ഈ സമയം പ്രശാന്തിന്റെ മൊബൈല്‍ ഓഫ് ചെയ്ത് വീട്ടില്‍ വെച്ചിരുന്നു. മണ്ണുത്തിയിലെത്തി സുചിത്രയുടെ ഫോണ്‍ നശിപ്പിച്ചുകളഞ്ഞശേഷമാണ് മടങ്ങിയെത്തിയത്. കൊല്ലത്തുനിന്നെത്തിയ സുചിത്രയും രാംദാസ് എന്ന സുഹൃത്തും തന്നോടൊപ്പം പാലക്കാട്ട് താമസിച്ചിരുന്നെന്നും ഇവരെ തൃശ്ശൂര്‍ മണ്ണുത്തിയില്‍ കൊണ്ടുചെന്ന് യാത്രയയച്ചെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്.

ഇവര്‍ മഹാരാഷ്ട്രയിലേക്ക് പോയതായും പോലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് ബലം നല്‍കുന്നതിനാണ് ഫോണ്‍ മണ്ണുത്തിയില്‍ കൊണ്ടുപോയി നശിപ്പിച്ചത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വയര്‍ കത്തിച്ചശേഷം അതിനകത്തെ കമ്പിപോലും പലയിടങ്ങളിലായാണ് നിക്ഷേപിച്ചത്. വീടിന്റെ ഭിത്തിയില്‍ പറ്റിയ രക്തക്കറകളൊക്കെ പെയിന്റടിച്ച് മറയ്ക്കാന്‍ ശ്രമിച്ചിരുന്നു. പലയിടത്തുനിന്നും രക്തം ചുരണ്ടിമാറ്റിയിരുന്നു. സുചിത്രയുടെ ബാഗും വസ്ത്രങ്ങളും മറ്റൊരിടത്തിട്ട് കത്തിച്ചുകളയുകയുമാണ് ചെയ്തത്. ഈ ക്രൂരതകളൊക്കെ വിരൽ ചൂണ്ടുന്നത് കൊലപാതകത്തിന് വ്യക്തമായ തിരക്കഥ പ്രശാന്ത് തയ്യാറാക്കിയിരുന്നു എന്നു തന്നെയാണ്.

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍ പൂരം. അത്തരമൊരു ഉത്സവം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചടങ്ങ് പോലുമില്ലാതെ ഇതാദ്യമായി പൂര്‍ണമായും ഒഴിവാക്കുകയാണ്. പൂരം പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടവും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തിന് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്.

തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്ബട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്ബാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.പൂരപ്രേമികള്‍ മതിമറന്നാഘോഷിക്കുന്ന നിമിഷങ്ങളാണ് കൊറോണ തകര്‍ത്തത്.

ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പ്രൗഢഗംഭീരമായ തിരിച്ചുവരവ് കാണാന്‍ കാത്തിരുന്ന ആനപ്രേമികള്‍ക്കും കൊറോണ കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.

പൂജ കൃഷ്ണ

എല്ലാവരും വായിച്ചു വിജയിച്ച പുസ്തങ്ങളെ കുറിച്ച് എഴുതി കാണാറുണ്ട്, സന്തോഷം!!!

എങ്കിൽ ഒരു വെറൈറ്റി പിടിക്കാം എന്ന് കരുതി. എന്നെ തോൽപ്പിച്ചു കളഞ്ഞ ഒരു പുസ്തകത്തെ കുറിച്ച് എഴുതാം. ആ ഇനവും പരിഗണിക്കുമല്ലോ അല്ലെ?

ഹൈസ്കൂൾ കാലഘട്ടത്തിൽ ആണ് വായന തലയ്ക്കു പിടിച്ചത്. ബാലരമയിൽ നിന്നും പൂമ്പാറ്റയിൽ നിന്നുമൊക്കെ പെട്ടെന്ന് ഒരു പ്രൊമോഷൻ ഞാൻ എനിക്ക് തന്നെ നൽകിയ സമയം. സംശയിക്കേണ്ട, കളിക്കുടുക്ക അന്ന് പ്രചാരത്തിൽ ഇല്ല.

തിരുവല്ല മുസിപ്പൽ ലൈബ്രറിയിൽ ഒരു അംഗത്വം നേടുകയായിരുന്നു ആദ്യ ഉദ്യമം. പുസ്തകങ്ങളെ കുറിച്ച് എന്നെ പോലെ തന്നെ വല്യ പിടിപാടൊന്നും ഇല്ലാത്ത ലൈബ്രേറിയൻ ചേട്ടനും കൂടി ആയപ്പോൾ, സംഭവം കൊഴുത്തു.

കണ്ണാടി കൂട്ടിൽ നിരന്നിരിക്കുന്ന പുസ്തകങ്ങൾ എന്നെ ഒന്ന് പേടിപ്പിച്ചു. പുസ്തങ്ങകളുടെ മുഷിവും, ആദ്യ പേജിൽ ഒട്ടിക്കുന്ന പിങ്ക് നിറത്തിലുള്ള ചാർട്ടിലെ എന്ററികളുടെ എണ്ണവും നോക്കി, പുസ്തകത്തിന്റെ ഗുണ നിലവാരം അളക്കുന്ന നിലയിലേക്ക് പെട്ടന്ന് എനിക്ക് തരം താഴാൻ സാധിച്ചത് തുണയായി. നിലവാര തകർച്ച എനിക്ക് പുത്തരി ആയിരുന്നില്ല!!!

ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ട ഒരു അവസ്ഥ, വായനയുടെ പൂരം കൊടികയറി. ചിലവ ഒക്കെ കയിച്ചെങ്കിലും, ഏറെയും മധുരതരമായിരുന്നു. എന്നാൽ ഇതിലൊക്കെ മധുരം, വായനക്കാരെ ബുദ്ധിജീവികളായി കരുതിയ, സ്വതവേ പൊങ്ങിയായ എനിക്ക്, അപ്പോഴും ബാല പ്രസിദ്ധീകരണങ്ങളുടെ ഇടയിൽ നിന്ന് കരകയറാത്ത സമപ്രായ ക്കാരുടെ ഇടയിൽ, ഞാൻ തന്നെ ഉണ്ടാക്കി എടുത്ത ഒരു ബുദ്ധിജീവി ഇമേജ് ആരുന്നു. വെറുതെ അവരുടെ ഇടയിൽ ഇരിക്കുമ്പോൾ, മാക്സിം ഗോർക്കിയുടെ അമ്മയെ കുറിച്ച് പറഞ്ഞു, നെടുവീർപ്പിട്ടു, സെല്ഫ് പ്രൊമോഷൻ ഞാൻ കൊഴുപ്പിച്ചു!!!

അങ്ങനെ എടുത്താൽ പൊങ്ങാത്ത പൊങ്ങച്ചവും ആയി, ഒരു ദിവസം മുസിപ്പൽ ലൈബ്രറിയുടെ പടികൾ കേറി ഞാൻ ചെന്നത്, തലകുത്തി വീഴാൻ ആണെന്ന് ഒട്ടും കരുതിയില്ല. ചെന്ന ഉടനെ പതിവ് പോലെ ഞാൻ പുസ്തകങ്ങളെ അളക്കാൻ തുടങ്ങി. അധികനേരം നീണ്ടില്ല, തേടിയ പോലെ ഒന്ന് കയ്യിൽ കിടച്ചു. ടൈറ്റിൽ ആണ് അസാധ്യം ‘ആദിത്യനും രാധയും മറ്റു ചിലരും’. രാജുവിന്റെയും രാധയുടേം ഒരു ചെറിയ ലാഞ്ചന!!! എഴുത്തുകാരന്റെ പേരും കൊള്ളാം എം മുകുന്ദൻ. ഇന്നത്തെ വേട്ട മൃഗം ഇത് തന്നെ.

വീട്ടിൽ ചെന്ന്, ബാലരമ തുറക്കുന്ന ലാഘവത്തിൽ ഞാൻ പുസ്തകം തുറന്നു വായന ആരംഭിച്ചു. ഒരു കടിഞ്ഞാൺ ഇല്ലാത്ത കുതിര പുറത്തു കേറിയ അവസ്ഥ. കുതിരയുടെ മേൽ ഒരു നിയന്ത്രണവും കിട്ടുന്നില്ല, അത് എവിടേക്കൊക്കെയോ എന്നേം കൊണ്ട് പായുന്നു. ഓരോ വാചകങ്ങളിലും, മുകുന്ദൻ എന്നെ കുടഞ്ഞെറിയാൻ നോക്കിയെങ്കിലും, പൊങ്ങച്ചം തലയ്ക്കു പിടിച്ച എന്നിലെ വായനക്കാരി അതിന്മേൽ പിടിച്ചു തൂങ്ങി കിടന്നു. അക്ഷരാർഥത്തിൽ തോറ്റു പോകുക എന്നൊക്കെ പറഞ്ഞാൽ എന്താണെന്നു എനിക്ക് മനസ്സിലായി, എന്നിലെ വായനക്കാരി ഇനിയും ഏറെ വളരാനുണ്ടെന്ന നഗ്ന സത്യവും!!!

പുസ്തകത്തിന്റെ പേരും, എഴുത്തു കാരന്റെ പേരും, എന്റെ ചോർന്നു പോയ അഹങ്കാരവും അല്ലാതെ ആ പുസ്തകത്തിനെ കുറിച്ചുള്ള ഒന്നും എന്നിൽ അവശേഷിക്കുന്നില്ല. പലരുടെയും വായനാനുഭവങ്ങൾ കേട്ടപ്പോൾ ആ പുസ്തകം ഒന്ന് കൂടി വായിച്ചു നോക്കണം എന്ന് തോന്നി. ഒരു കൗമാരക്കാരിയിൽ നിന്ന് ഒരു കൗമാരക്കാരന്റെ അമ്മയിലേക്കുള്ള പ്രയാണം, ബൗദ്ധിക തലത്തിലും ഉണ്ടായിട്ടുണ്ടോ എന്ന ഒരു വിലയിരുത്തലും ആക്കാം.

ജീവിതത്തിലെ മറ്റു തിരക്കുകൾ വായന ശീലത്തെ തള്ളി മാറ്റിയിട്ടു ഏറെ നാളായി. പാചക കുറുപ്പുകളിലേക്കും, ടെക്നിക്കൽ ഫോറുമുകളിലേക്കും മാത്രമായി വായന ഒതുങ്ങി. ഏക ആശ്വാസം ഫേസ്ബുക്കിലെ നിലവാരം പുലർത്തുന്ന ഗ്രൂപ്പുകളും, ചില എഴുത്തുകാരും ആണ്. എങ്കിലും സംഭവം സ്‌ക്രീനിൽ തന്നെ!!!

അപ്പോൾ ഒന്നുടെ വായിച്ചു നോക്കാം അല്ലെ? എങ്ങാനും ബിരിയാണി കിട്ടിയാലോ?

വാൽകഷ്ണം: മുകുന്ദൻ എന്ന മഹാനായ എഴുത്തുകാരനെയോ അദ്ദേഹത്തിന്റെ മഹത്തരമായ ഒരു കൃതിയെയോ ഒരു തരത്തിലും അധിക്ഷേപിക്കാൻ ഉള്ള ശ്രമം അല്ല ഇത്, മറിച്ചു എന്റെ ബൗദ്ധിക നിലവാരത്തെ കുറിച്ചുള്ള ഒരു അവലോകനം മാത്രം.

 

പൂജാ കൃഷ്ണ : സ്വതവേ ഒരു എഴുത്തുകാരി ഒന്നും അല്ല. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ എഴുതിയെന്നു മാത്രം. കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസിൽ ബിരുദാനന്തര ബിരുദം ആണ് വിദ്യാഭ്യാസം. ഒരു വർഷം അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്, അതിനു ശേഷം ഇന്ന് വരെ ഓട്ടോമേഷൻ എഞ്ചിനീയറിംഗ് ആണ് തൊഴിൽ. തൊഴിലിടം എന്റെ വീട് തന്നെ. സ്വന്തന്ത്ര കരാർ അടിസ്ഥാനത്തിൽ www.upwork.com പോർട്ടൽ മുഖേന ജോലി ചെയ്യുന്നു. സ്വദേശം തിരുവല്ലയാണ്, ഇപ്പോൾ വിവാഹം കഴിഞ്ഞു കുടുംബത്തോടൊപ്പം പാലായിൽ താമസം.ഭർത്താവു ബിനുമോൻ പണിക്കർ ചൂണ്ടച്ചേരി സെയിന്റ് ജോസഫ്സ് കോളേജിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ അധ്യാപകനാണ്.

 

 

 

Copyright © . All rights reserved