Latest News

സോഷ്യൽമീഡിയയിലൂടെയുള്ള അധിക്ഏഷപം സഹിക്കാനാകാതെ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ച് തമിഴ്‌നടി വിജയ ലക്ഷ്മി. അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് തന്റെ അവസാന വീഡിയോ ആണെന്നും ജീവനൊടുക്കുകയാണെന്ന് അറിയിച്ചും ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ച ശേഷമായിരുന്നു വിജയലക്ഷ്മിയുടെ ആത്മഹത്യാ ശ്രമം.

നടിെ കുറിച്ച് ചിലർ അപകീർത്തികരമായ പ്രചാരണങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി നടത്തി വരികയായിരുന്നെന്നാണ് വിവരം. നാം തമിഴർ പാർട്ടി നേതാവ് സീമാനും അനുയായി ഹരി നാടാർ എന്നിവരാണ് വിജയലക്ഷ്മിക്കെതിരെ വ്യാപകമായി അധിക്ഷേപം ചൊരിഞ്ഞിരുന്നത്. ഇതേതുടർന്ന് നടി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുകയായിരുന്നു.

തന്നെക്കുറിച്ച് ഹരിനാടാർ അപകീർത്തികരമായ പ്രചരണങ്ങൾ നടത്തിയിരുന്നുവെന്ന് വിജയലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. ഈ സമ്മർദ്ദങ്ങൾക്കിടയിലും തനിക്ക് ജീവിക്കാനുള്ള പ്രചോദനം തന്റെ അമ്മയും സഹോദരിയുമായിരുന്നുവെന്നും പക്ഷേ ഒരു സ്ത്രീയെന്ന നിലയിൽ തന്റെ നേർക്കുള്ള ആക്രമണങ്ങൾ വല്ലാതെ വേദനിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചുവെന്നും വിജയലക്ഷ്മി പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തന്റെ അമ്മയെയും സഹോദരിയെയും നോക്കണമെന്നും സീമനെയോ പരി നാടാരെയോ ജാമ്യമെടുക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്. അഡയാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദേവദൂതനിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് വിജയലക്ഷ്മി. ഫ്രണ്ട്‌സ്, ബോസ് എങ്കിറാ ഭാസ്‌കർ, മീസയാ മുറുക്ക് എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

സ്വകാര്യമില്ലുകളിൽ നിന്നും സംസ്ഥാനത്തെ റേഷൻകടകളിൽ എത്തിച്ച അരിയിൽ മാരക വിഷാംശം ഉള്ളതായി റിപ്പോർട്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച വിലകുറഞ്ഞ അരി പോളിഷ് ചെയ്തും റെഡ് ഓക്‌സൈഡ് ചേർത്തും മട്ട അരി (സിഎംആർ) എന്ന വ്യാജേന എത്തിക്കുകയായിരുന്നു എന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിലുള്ള അരി എത്തിച്ചിരിക്കുന്നത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ചില റേഷൻകടകളിലേക്കാണെന്നും റേഷൻ കടക്കാരും കാർഡ് ഉടമകളും വ്യാപകമായി പരാതി ഉയർത്തിയെന്നും റിപ്പോർട്ട് ഉണ്ട്.

എറണാകുളം കാലടിയിലെ മില്ലുകളിൽ നിന്നാണ് കൂടുതൽ അരി എത്തിയതെന്നാണ് വിവരം. ഉപഭോക്താക്കളും റേഷൻ വ്യാപാരികളും നൽകിയ പരാതിയിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ അന്വേഷണത്തിന് നിർദേശം നൽകി. 56 സ്വകാര്യമില്ലുകളാണ് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാറുമായി കരാറുള്ളത്. ഇവിടങ്ങളിൽ വലിയ കൊള്ളയാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.

100 കിലോ നെല്ല് നൽകുമ്പോൾ 64.5 കിലോ അരി തിരികെ സപ്ലൈകോക്ക് നൽകണം. ഒരു ക്വിന്റലിന് 214 രൂപ മില്ലുടമകൾക്ക് നൽകും. എന്നാൽ കർഷകരിൽനിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള നെല്ല്, മില്ലുകാർ അരിയാക്കി വൻവിലയ്ക്ക് സ്വകാര്യ മൊത്തക്കച്ചവടക്കാർക്ക് മറിച്ചുവിൽക്കുകയാണ് പതിവ്. പകരം തമിഴ്‌നാട്, ആന്ധ്ര, മൈസൂരു എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ വെള്ള അരി തവിടുപയോഗിച്ച് യന്ത്രസഹായത്തോടെ പോളിഷ് ചെയ്ത് മട്ടയാക്കി റേഷൻ കടകളിലേക്ക് എത്തിക്കും. ഈ അരി നന്നായി കഴുകിയാൽ ചുവപ്പുനിറം മാറി വെള്ളയാകുന്നതാണ് പതിവ്. അതേസമയം, റേഷൻകട വഴി വിതരണം ചെയ്യുന്നതിനായി എത്തുന്ന മട്ട അരി എറെയും നിറം ചേർത്തവയാണെന്ന് മുമ്പ് വിജിലൻസ് അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.

സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 702 പേർക്ക്. 745 പേർക്ക് രോഗമുക്തി

ഇന്നത്തെ രോഗബാധ ജില്ല തിരിച്ച്

തിരുവനന്തപുരം – 161

കൊല്ലം – 22

ആലപ്പുഴ – 30

പത്തനംതിട്ട – 17

കോട്ടയം -59

ഇടുക്കി -70

എറണാകുളം – 15

തൃശൂർ – 40

പാലക്കാട് -41

മലപ്പുറം – 86

കണ്ണൂർ – 38

കോഴിക്കോട് – 68

വയനാട് – 17

കാസർഗോഡ് – 38

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും തലസ്ഥാന നഗരം പൂര്‍ണമായും അടച്ചിടുന്നത് തുടരില്ലെന്ന് മേയര്‍ കെ. ശ്രീകുമാര്‍. ലോക്ഡൗണ്‍ അവസാനിച്ചാല്‍ കണ്ടെയിന്‍മെന്റ് സോണില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുമെന്നും മേയര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് രോഗവ്യാപനം തീരദേശമേഖലയിലും നഗര- ഗ്രാമ മേഖലകളിലും രൂക്ഷമാകുന്നതിനിടെ ആദിവാസി മേഖലയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് നഗരത്തില്‍ നടപ്പിലാക്കിയിരുന്ന സമ്പൂര്‍ണ ലോക്ഡൗണ്‍ നാളെ അവസാനിക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിറുത്തുന്നു

ഏറ്റുമാനൂർ ഹൈ റിസ്ക് മേഖലയായി പ്രഖ്യാപിച്ചു

ഇന്നലെ നടത്തിയ ആൻ്റിജൻ പരിശോധനയിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോയിസ് പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികൾ അടക്കമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത് . 50 പേരിൽ നടത്തിയ പരിശോധനയിലാണ് 33 പേർക്ക് രോഗം സ്ഥിരീകരിച്ചത് .

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിറുത്തുന്നു.

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഓഗസ്റ്റ് ഒന്ന് മുതൽ സർവീസ് നിറുത്തുന്നു. സംയുക്ത സമരസമിതിയുടെതാണ് പ്രഖ്യാപനം .സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ്് തീരുമാനം.

 

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, രോഗമുക്തരായവരുടെ എണ്ണം കൂടി. 745 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 19,727 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1054. ഇന്ന് 483 പേര്‍ സമ്പര്‍ക്കംവഴി രോഗം നേടിയവരാണ്. ഇതില്‍ 35 പേരുടെ ഉറവിടം അറിയില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശത്തുനിന്നും
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 91 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 43 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം-161
മലപ്പുറം-86
കൊല്ലം-22
പത്തനംതിട്ട-17
ഇടുക്കി-70
എറണാകുളം-15
കോഴിക്കോട്-68
പാലക്കാട്-41
തൃശൂര്‍-40
കണ്ണൂര്‍-38
ആലപ്പുഴ-30
വയനാട്-17
കാസര്‍കോട്-38
കോട്ടയം-59

കഴിഞ്ഞ 24 മണിക്കൂറിനിടെ 18417 സാംപിളുകള്‍ പരിശോധിച്ചു. 1237 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 9611 പേരാണ് കൊറോണ ചികിത്സയിലുള്ളത്.

ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടുന്ന ഒരു സംഘം ഗവേഷകര്‍ നടത്തിയ കൊറോണാവൈറസിനെ കുറിച്ചു നടത്തിയ കണ്ടെത്തല്‍ പുത്തന്‍ പ്രതീക്ഷ നൽകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വൈറസ് അതിന്റെ ജനിതക ശ്രേണി (genetic sequence) ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തന്മാത്രയുടെ ഘടന തിരിച്ചറിഞ്ഞതാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിന് ആവേശം പകരുന്നത്. ആതിഥേയന്റേതെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ പറ്റിക്കൂടാന്‍ ഇത് വൈറസിനെ സഹായിക്കുന്നു. ഇത് കേന്ദ്രീകരച്ച് കോവിഡ് ബാധയ്‌ക്കെതിരെ ആന്റിവൈറല്‍ മരുന്നുകള്‍ നിർമിച്ചെടുക്കാന്‍ സാധിച്ചേക്കുമെന്നാണ് ചില ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. സുപ്രസിദ്ധ ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചര്‍ കമ്യൂണിക്കേഷന്‍സില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് എന്‍എസ്പി10 (nsp10) എന്നു പറയുന്ന മോളിക്യൂളാണ് വൈറല്‍ എംആര്‍എന്‍എകളുടെ (mRNAs) ഘടന മാറ്റി, ആതിഥേയ കോശത്തിന്റെ സ്വന്തം എംഅര്‍എന്‍എ ആണെന്നു തെറ്റിധരിപ്പിക്കത്തക്ക രൂപമെടുക്കാന്‍ വൈറസിനെ അനുവദിക്കുന്നത്. എംആര്‍എന്‍എകളാണ് പ്രോട്ടീനുകള്‍ ഉണ്ടാക്കാനുള്ള രൂപരേഖ.

സാന്‍ അന്റോണിയോയിലെ, ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത് സയന്‍സ് സെന്ററിലെ ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. അവര്‍ പറയുന്നത് ഈ മാറ്റംവരുത്തല്‍ വഴി, എന്‍എസ്പി10 ആതിഥേയ കോശം അതിന്റെ പ്രതിരോധ പ്രതികരണം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. അതൊരു പ്രച്ഛന്നവേഷം കെട്ടലാണ്. സ്വയം മാറ്റംവരുത്തല്‍ നടത്തിയാണ് ആതിഥേയ കോശത്തെ തെറ്റിധരിപ്പിക്കുന്നത്. കോശത്തിനെ അതിന്റെ സ്വന്തം കോഡിലുള്ള എന്തൊ ആണ് എന്നു തെറ്റിധരിപ്പിക്കാന്‍ സാധിക്കുന്നതിലൂടെയാണ് വൈറസിനെതിരെയുള്ള പ്രതികരണം ആതിഥേയന്റെ ശരീരത്തില്‍ ഉണ്ടാകാത്തതെന്ന് പഠനത്തിന്റെ സഹ രചയിതാവായ യോഗേഷ് ഗുപ്ത പറയുന്നു.

എന്‍എസ്പി16ന്റെ 3ഡി രൂപം അനാവരണം ചെയ്യുക വഴി നോവല്‍ കൊറോണാവൈറസ് സാര്‍സ്-കോവ്-2നെതിരെ പുതിയ മരുന്നു കണ്ടെത്താനുള്ള സാധ്യതയാണ് തെളിയുന്നത്. പുതിയ മരുന്നുകള്‍ ഉപയോഗിച്ച് എന്‍എസ്പി16 ജനിതക മാറ്റം വരുത്തുന്നത് ഇല്ലാതാക്കാന്‍ സാധിച്ചാല്‍, ആതിഥേയന്റെ കോശത്തിന്റെ പ്രതിരോധ സിസ്റ്റത്തിന് കടന്നുകയറ്റക്കാരനായ വൈറസിനുമേല്‍ പ്രതിരോധം തീർക്കാനാകുമെന്ന് ഗുപ്ത പറഞ്ഞു. യോഗേഷിന്റെ പഠനം, കോവിഡ്-19 വൈറസിന്റെ പ്രധാനപ്പെട്ട ഒരു എന്‍സീമിന്റെ 3ഡി ഘടനയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് വൈറസിന്റെ അടിസ്ഥാന ഘടനയിലേക്ക് വെളിച്ചം വീശുന്നുവെന്നും പഠനത്തിന്റെ സഹ രചയിതാക്കളലൊരാളായ റോബട്ട് ഹ്രോമസ് പറയുന്നു.

ഡല്‍ഹിയില്‍ പടര്‍ന്നുപിടിച്ച കോവിഡിനെ തടയാനായുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇരുപത്തിയേഴുകാരനായ ഡോക്ടര്‍ ജോഗിന്ദര്‍ ചൗധരിയാണ് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചത്. ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു ജോഗിന്ദര്‍ ചൗധരി.

രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഇത് കോവിഡ് സ്‌പെഷ്യല്‍ ആശുപത്രിയാക്കി മാറ്റിയിരുന്നു. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത്. ജൂണ്‍ 27നാണ് ജോഗിന്ദര്‍ ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോക് നായക് ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതോടെ സര്‍ ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

3.4 ലക്ഷത്തിന്റെ ആശുപത്രി ബില്ലാണ് കുടുംബത്തിന് ലഭിച്ചത്. കര്‍ഷകനാണ് ജോഗിന്ദറിന്റെ അച്ഛന്‍. ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ആ ബില്ല്. സഹായം തേടി അച്ഛന്‍ ബാബാ സാഹേബ് അംബേദ്കര്‍ ഡോക്ടേഴ്‌സ് അസോസിയേഷനെ സമീപിച്ചു.

തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ 2.8 ലക്ഷം രൂപ സ്വരൂപിച്ച് അച്ഛന് നല്‍കി. ഡോക്ടറുടെ കുടുംബത്തിന്റെ അവസ്ഥ അസോസിയേഷന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അധികൃതര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഡോക്ടറുടെ കുടുംബം.

രാജ്യത്ത് 47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിരോധിച്ച ആപ്പുകള്‍ ഏതെല്ലാമെണെന്ന പട്ടിക ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ഇന്ത്യ നിരോധിച്ച 59 ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 106 ആയി

അതേസമയം നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ചില മുന്‍ നിര ഗെയിമിംഗ് ആപ്പുകള്‍ കൂടി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഏജന്‍സികളുമായി ഇവര്‍ ഡാറ്റ പങ്കിടുന്നുണ്ടെന്നാണ് ആരോപണം. സ്വകാര്യത, ദേശീയ സുരക്ഷാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് 250 ഓളം ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള ഗെയിം ആപ്ലിക്കേഷനായ പബ്ജി ഉള്‍പ്പടെയുള്ളവ ഇത്തരത്തില്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് വ്യാപനം തടയാന്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളില്‍ ഒന്നാണ് മാസ്‌ക് ധാരണവും സാനിറ്റൈസര്‍ ഉപയോഗവും. മാസക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ പിടിവീഴും എന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോള്‍, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ആട് ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.

കാന്‍പൂരിലെ ബെക്കന്‍ഗഞ്ച് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വഴിയരികില്‍ മാസ്‌ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞ ആടിനെ പോലീസുകാര്‍ ജീപ്പില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ആടിന്റെ ഉടമസ്ഥന്‍ സ്റ്റേഷനിലെത്തി. ആടിനെ വിട്ടുതരണമെന്ന് അപേക്ഷിച്ചു. ഒടുവില്‍ ആടിനെ വിടാമെന്ന് പോലീസ് സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ ഇനി മാസ്‌കില്ലാതെ ആടിനെ റോഡില്‍ അലയാന്‍ വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് ഉടമസ്ഥന് ആടിനെ വിട്ടു നല്‍കിയത്. മൃഗങ്ങള്‍ക്കും കൊവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ അവയെ മാസ്‌ക് ധരിപ്പിക്കണമെന്നാണ് ഇവര്‍ പറയുന്നത്. ആളുകള്‍ വീട്ടിലെ നായ്ക്കളെ വരെ മാസ്‌ക് ധരിപ്പിക്കുന്നു. പിന്നെന്താ ആടിനെ മാസ്‌ക് ധരിപ്പിച്ചാല്‍ എന്ന് സ്റ്റേഷനിലെ സിഐയുടെ ചോദ്യം.

സംസ്ഥാനത്ത് ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മന്ത്രിസഭായോഗം. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടിലേക്ക് പോകുമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.

കണ്ടെയിന്‍മെന്റ് സോണുകളില്‍ പോലീസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അതാതു ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.

കെ.എസ്.ചിത്രയുടെ ഏതെങ്കിലും ഒരു പാട്ടു കേള്‍ക്കാതെ അല്ലെങ്കില്‍ മൂളാതെ ദിനം പോലും മലയാളി കടന്നു പോകുന്നില്ല. വിനയത്തിന്റെ രാഗപൗര്‍ണമിയായി നിന്നുകൊണ്ട് അവര്‍ പാടിയ ഭാവാര്‍ദ്രമായ ഗാനങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ താളമാണ്. അതില്‍ പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോയില്ല.

എപ്പോഴും വിനയത്തിന്റെ രാഗ പൗര്‍ണമിയായി നിലകൊള്ളുവാനും സാധാരണക്കാരന്റെ മനസിലെ പാട്ടായി മാറുവാനും കഴിഞ്ഞു എന്നതാണു ചിത്രയെന്ന ഗായികയുടെ ഇതുവരെ കേട്ട ഈണങ്ങളേക്കാള്‍ മധുരതരമാക്കുന്നത്.

കരമന കൃഷ്ണന്‍ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛന്‍ തന്നെ ആദ്യ ഗുരു. മകളുടെ പാട്ടിനായി തന്നെയായിരുന്നു ജീവിതത്തിന്റെ പകുതിയിലധികവും അച്ഛന്‍ മാറ്റിവച്ചതും. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിക്കുന്നത് എം.ജി.രാധാകൃഷ്ണനാണ്.

അട്ടഹാസമെന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. എങ്കിലും സംവിധായകന്‍ സത്യന്‍ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണന്‍ ഈണമിട്ട രജനീ പറയൂ എന്ന ഗാനമാണു ചിത്രയുടെ ആദ്യ ഹിറ്റ്. യേശുദാസിനൊപ്പം പങ്കിട്ട നിരവധി വേദികളും കെ.എസ് ചിത്രയുടെ സംഗീത ജീവിതത്തിനു കരുത്തേകി.

തെന്നിന്ത്യയുടെ തന്നെ ഗായികയാക്കി കെ.എസ് ചിത്രയെ മാറ്റുന്നത് ഇളയരാജയുടെ ഗാനങ്ങളായിരുന്നു. നീ താനേ അന്തക്കുയില്‍ എന്ന ഗാനത്തിലൂടെ തമിഴിനു ഇളയരാജ ചിത്രയെ പരിചയപ്പെടുത്തി. സിന്ധുഭൈരവിയിലവെ ‘പാടറിയേന്‍ പഠിപ്പറിയേന്‍’… എന്ന പാട്ടിലൂടെ അവരുടെ പ്രിയഗായികയാക്കിയും മാറ്റി.

ആറു ദേശീയ പുരസ്‌കാരങ്ങളും 15 സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രയെ തേടിയെത്തി. ആന്ധ്ര സര്‍ക്കാര്‍ ഒമ്പതു പ്രാവശ്യവും തമിഴ്‌നാട് നാലു പ്രാവശ്യവും കര്‍ണാടക മൂന്നു പ്രാവശ്യവും ഒറിസ സര്‍ക്കാര്‍ ഒരു പ്രാവശ്യവും മികച്ച ഗായികയായി ചിത്രയെ തിരഞ്ഞെടുത്തു. 2005ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും ആദരിച്ചു. ചിത്രയെ തേടി വരാത്ത അംഗീകാരങ്ങള്‍ കുറവാണെന്നു തന്നെ പറയാം.

RECENT POSTS
Copyright © . All rights reserved