എം . ഡൊമനിക്
ഇംഗ്ലണ്ടിന്റെ തെക്കുഭാഗത്തുള്ള ഔൾസ്ബറിലെ നേരിയ തണുപ്പുള്ള രാത്രി.
ക്ലോക്കിൽ രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു ഒൻപത് മിനിറ്റ്. ലിറ്റിൽ ബ്രുക് ലിഷർ സെന്ററിലെ കോട്ടേജുകളില്‍ ലൈറ്റുകള്‍ അണഞ്ഞു തുടങ്ങി.
അവസാനത്തെ രാത്രി മൂങ്ങയും വില്ലോമരപ്പൊത്തിൽ ചേക്കേറിക്കഴിഞ്ഞു.
എങ്ങും കുറ്റാ കുറ്റിരുട്ട് !
കിഴക്കേ ചക്രവാളത്തിൽ മിന്നിയ കൊള്ളിയാനിൽ ഔൾസ്ബറിയുടെ മരതക ഭംഗി വെട്ടി തിളങ്ങിയപ്പോൾ ക്ഷിപ്ര വേഗത്തിൽ കൂരിരുട്ട് ആ കൊള്ളിയാനേ വിഴുങ്ങികളഞ്ഞു.
എങ്ങും പേടിപ്പെടുത്തുന്ന നിശബ്ദത. ഇരുപത്തി മൂന്നാമത്തെ കോട്ടേജില്‍, തലവരെ പുതച്ചു മൂടി കിടന്ന അയർക്കുന്നംകാരൻ അനിലിനോട് പിണങ്ങിയ ഉറക്കദേവത അങ്ങ് സോമേർസെറ്റ്നും അപ്പുറം മടിച്ചു നിൽക്കുകയാണ്.
പെട്ടെന്ന് എവിടെ നിന്നോ ഒരു അപശബ്ദം. ശബ്ദം കേട്ട ദിക്കറിയാതെ, ബെഡ്ഡില്‍നിന്നും പേടിച്ചോടിയ അനിൽ ചെന്ന് പെട്ടത് അടുക്കളയിൽ.
അറിയാതെ അലുമിനിയം കലത്തിൽ കുടുങ്ങിയ തന്റെ കാല് വലിച്ചൂരാൻ ശ്രമിച്ചു കൊണ്ട് അയാൾ അയ്യോ എന്ന് വിളിച്ചു പോയി.
കറി പത്രത്തിൽ മിച്ചമുള്ള ചിക്കൻ കറിയിൽ തലയിട്ട് കൊണ്ടുനിന്ന ഒരു കറുത്ത മരപ്പട്ടി പേടിച്ച് വിറയ്ക്കുന്ന അനിലിനെ കണ്ട് ജനലിൽ കൂടി അതിവേഗം പുറത്തേക്കു ചാടി.
അകലെ കാട്ടിലെ കള്ളിപ്പാലയിൽ പുലർച്ചെയുടെ നാലാം യാമത്തിൽ ഔൾസ്ബറി വഴി നടത്തുന്ന രാത്രി സഞ്ചാരത്തിന് ഒരുങ്ങുന്ന അതി സുന്ദരിയായ വടയക്ഷി, വെണ്മേഘം തോൽക്കും തൂവെള്ള ഫ്രോക്കും ഉടുത്ത് മെയ്യാഭരണങ്ങൾ അണിയുന്ന തിരക്കിൽ ആയിരുന്നു. അപ്പോൾ ഗ്ലോസ്ടറിൽ നിന്നും ഉത്ഭവിച്ച ഒരു ശീത കാറ്റ് മെല്ലെ തെക്കോട്ടു വീശുന്നുണ്ടായിരുന്നു.
ഓ !ഈ നശിച്ച രാത്രി ഒന്ന് അവസാനിച്ചിരുന്നെങ്കിൽ !അനിലിന്റെ മനസ്സ് തേങ്ങി കൊണ്ടിരുന്നു. ഇരുട്ടിൽ പേടിച്ച അയാൾ തന്റെ ബങ്ക് ബെഡിൽ തലവരെ മൂടി പുതച്ചു പുലരിയാകാൻ കൊതിച്ചു വിറകൊണ്ടു കിടന്നു.
പുതപ്പിനുള്ളിൽ നിന്നും ഉയർന്ന സ്വന്തം ചങ്കിടിപ്പുകൾ പോലും അയാളെ പേടിപ്പെടുത്തി.
ഈ വിജനമായ കാട്ടിലെ റിസോർട്ടിൽ വീക്കെൻഡ് ചിലവഴിക്കാൻ തോന്നിച്ച നിമിഷത്തെ അയാൾ പഴിച്ചു. പുറത്ത് കാറ്റിന് ശക്തി കൂടിക്കൊണ്ടിരുന്നു.
അത് ബാത്റൂമിലെ വെന്റിലേറ്ററിന്റെ ഡോറിൽ ഊഞ്ഞാൽ ആടി.
അയർക്കുന്നംകാരൻ അനിൽ വർഗീസും കുറവിലങ്ങാടുകാരൻ ബിനു ജോർജ് ഉം ഇംഗ്ലണ്ടിൽ വച്ച് സുഹൃത്തുക്കൾ ആയവർ ആണ് .അവർ ഇവിടെ കോട്ടജ് നമ്പർ 23 ൽ ഫാം ഹോളിഡേ ആഘോഷിക്കാൻ വന്നിരിക്കുകയാണ്.
ആ കോട്ടജിന്റെ ചുവരുകൾ മന്ത്രിക്കുന്ന ഭീതിപ്പെടുത്തുന്ന കദന കാവ്യം അവരുടെ കർണ്ണ പുടങ്ങൾക്ക് പ്രാപ്യം ആയിരുന്നെകിൽ.!
……..—————————————————————————————————–
പത്തു പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണത് . ലൂസിയും ഫ്രഡിയും സമപ്രായക്കാർ. ചെറുപ്പം മുതൽ അറിയുന്ന ബാല്യകാല സഖികൾ.
ഒരുമിച്ചു കളിച്ചു വളർന്ന അവർ അറിവായപ്പോൾ ഒന്നിച്ചു ജീവിക്കാൻ സ്വപ്‌നങ്ങൾ നെയ്തു. അവരുടെ സ്വപ്നങ്ങൾക്ക് മഞ്ഞിന്റെ പരിശുദ്ധിയും മാരിവില്ലിന്റെ ശോഭയും ഉണ്ടായിരുന്നു.
വിൻചെസ്റ്ററിലെ സെന്റ്. മാർട്ടിൻസ് ഗ്രാമർ സ്കൂളിൽ പഠിച്ചിരുന്ന അവർക്ക് ഭാവി ജീവിതത്തെ കുറിച്ച് വ്യക്തമായ പ്ലാനുകൾ ഉണ്ടായിരുന്നു.
എ ലവൽ റിസൾട്ട് വന്നതിനോടൊപ്പം തന്നെ
ഫ്രഡിക്ക് സൗത്താംപ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിനും ലൂസിയ്ക്ക് ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സിനും അഡ്മിഷൻ ഓഫറുകൾ വന്നു.
രണ്ടുമാസങ്ങൾക്ക് ശേഷം അവർ ജീവിതത്തിൽ ആദ്യമായി രണ്ട് വഴിക്ക് പിരിയാൻ പോവുകയാണ്.
ലോക്കൽ പബ്ബിൽ ഇരുന്ന് ബിയർ നുണയുമ്പോൾ ലൂസി അവളുടെ വേർപാടിന്റെ വിഷമം അവനോടു പറഞ്ഞു.
ഫ്രഡി അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു
“മണ്ടി പെണ്ണേ !നമ്മൾ ദൂരോട്ട് ഒന്നും അല്ലല്ലോ പോകുന്നത്. എന്നും വാട്സ്ആപ്പിൽ നമുക്ക് കാണാമല്ലോ.
മൂന്നു വർഷം വേഗം പോകും. അതുകഴിഞ്ഞാൽ നമ്മൾ ഒന്നിച്ചു ജീവിക്കാൻ പോകുവല്ലേ, Cheer up my girl”
അവന്റെ ഹൃദയത്തിൽ നിന്നും പകർന്ന ഉറപ്പിന്മേൽ അവളുടെ പരിവേദനങ്ങൾ അലിഞ്ഞു ഇല്ലാതായി.
വസന്ത കാലങ്ങളിൽ അവർ തങ്ങളുടെ സൈക്കിളുകളിൽ വിൻചെസ്റ്ററിന്റെ കൊച്ചു കുന്നുകളിലും താഴ്വാരങ്ങളിലും ഉല്ലാസ പറവകളെപ്പോലെ കറങ്ങി നടന്നു.
വീക്ക് എന്റുകളിൽ അവർ ബോൺമിത്തിലെ വിശാലമായ തരി മണൽ ബീച്ചിൽ സൂര്യ സ്നാനം നടത്തി. ഇടവേളകളിൽ ഇംഗ്ലീഷ് ചാനലിലെ നീല കടല്‍ബീച്ചില്‍ ഊളിയിട്ട് ഉല്ലസിക്കുകയും ചെയ്തു.
കടൽ കരയിൽ, അസ്തമയ സൂര്യാംശു ലൂസിയുടെ സ്വർണ്ണ തല മുടിയിൽ പറ്റി പിടിച്ചിരിക്കുന്ന ചെറുമണൽ തരികളെ വജ്രങ്ങൾ ആക്കുകയും അവളുടെ കവിളുകളെ കൂടുതൽ അരുണാഭമാക്കുകയും ചെയ്തു.
ഫ്രഡിയും ഒത്തുള്ള ഉല്ലാസ ദിനങ്ങൾക്ക് താത്ക്കാലികം ആയി പോലും ഒരു വിരാമം ഉണ്ടാകുന്നത് ഓർക്കുമ്പോൾ ലൂസിയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
ഒരു ദിവസം അവളുടെ മനസ്സിൽ ഒരു ഐഡിയ തോന്നി. അവൾ ഫ്രഡിയെ വിളിച്ചു.
ഹായ് ഫ്രഡി, യൂ ഓൾ റൈറ്റ് ഡാർലിംഗ്. വൈകുന്നേരം കാണുമ്പോൾ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.
ഇത് കേട്ടപ്പോൾ ഫ്രഡി പറഞ്ഞു നീ പറയു എന്താ കാര്യം.
അവന് അത് അപ്പോൾ അറിഞ്ഞേ തീരു.
അവളെങ്കിൽ അവന്റെ ഉദ്വേഗം കൂട്ടാനായി അത് വൈകുന്നേരം കാണുമ്പോഴെ പറയൂ എന്ന് പറഞ്ഞ് അവന്റെ മനസിനെ ഊഹങ്ങളുടെ കൂടെ അലയാൻ വിട്ടു .
ഫ്രഡിക്ക് ഇവൾ എന്ത് കാര്യം ആണ് തന്നോട് പറയാൻ പോകുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ഇവൾ എന്നെ ഉപേക്ഷിക്കാൻ പോവുകയാണോ? അതോ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഏയ്, അത് എന്തൊരു വേണ്ടാത്ത ചിന്തയാണ്,
അവന്റെ മനസ്സു പോലും അവനെ കുറ്റപ്പെടുത്തി.
എന്നാലും വൈകുന്നേരം ലോക്കൽ പബ്ബിൽ കാണുന്നത് വരെ അവന് മനഃസമാധാനം ഉണ്ടായില്ല.
ഫ്രഡി അന്ന് വൈകുന്നേരം പബ്ബിൽ അൽപ്പം നേരത്തെ എത്തി.
ലൂസി വരുന്നതിനു മുൻപേ തന്നെ അവൻ ഒരു പയന്റ് ബിയറും അവൾക്ക് ഒരു ഗ്ലാസ് റെഡ് വൈനും ഓർഡർ ചെയ്തു.
ഒരു ഒഴിഞ്ഞ ടേബിളിൽ അവൻ ഡ്രിങ്ക്സ് റെഡി ആക്കി വച്ചു.
ഓഗസ്റ്റ് മാസത്തിലെ ആ സന്ധ്യ തെളിഞ്ഞ ആകാശത്താൽ പ്രസന്നമായിരുന്നു. കതിരവന്റെ ചെങ്കതിരുകൾക്ക് ചൂടും കരുത്തും ഉണ്ടായിരിന്നു.
അത് രാത്രി വളരെ വൈകിയും പ്രകാശിക്കത്തക്ക പോലെ ആദിത്യൻ ആവശ്യത്തിനു വെളിച്ചം കരുതിയിരുന്നു.
ആ സന്ധ്യാ വെളിച്ചത്തിലൂടെ ലൂസി, ഫ്രഡി യുടെ അടുത്തേയ്ക്ക് കയറി വന്നു. മെറൂൺ കളർ ഉള്ള മിനി സ്കേർട്ടും ക്രീം കളർ ഉള്ള ടോപ് ഉം ആണ് അവൾ അണിഞ്ഞിരുന്നത്. തന്റെ നീണ്ട സ്വർണ്ണ മുടിയെ ഒരു ചുവന്ന ഹെഡ് ബാൻഡ് കൊണ്ട് അവൾ ഒതുക്കി വച്ചിരുന്നു.
അവൾ ഫ്രഡിയെ ആലിംഗനം ചെയ്ത് കസേരയിൽ അവന് അഭിമുഖം ആയി ഇരുന്നു.
അവർ ഇരുവരും ചിയേഴ്സ് പറഞ്ഞ് ഡ്രിങ്ക്സ് ഒരിറക്ക് കുടിച്ചു.
ഫ്രഡി അവളോട് ചോദിച്ചു “ലൂസി, നീ എന്താണ് പറയാൻ ഉണ്ട് എന്ന് പറഞ്ഞത്? വേഗം പറയൂ ”
അവന്റെ വെപ്രാളം കണ്ട് അവൾക്ക് ചിരി വന്നു.
അവൾ പറഞ്ഞു എനിക്ക് ഒരു ഐഡിയ തോന്നി. . നമ്മൾ അടുത്ത മാസം അവസാനം യൂണിവേഴ്സിറ്റിയിലേക്ക് പോവുകയല്ലേ. അതിനു മുൻപ് നമുക്ക് ഒരു ഫാം ഹോളിഡേയ്ക്ക് പോയാലോ?
ഫാം ഹോളിഡേയോ?
അതെ. ദൂരെ ഒന്നും വേണ്ട. വലിയ ചിലവില്ലാതെ രണ്ട് ദിവസം നമ്മൾ ഒരുമിച്ച്.
ഇവിടെ അടുത്ത് ഒരു സ്ഥലം ഞാൻ കണ്ടു വച്ചിട്ടുണ്ട്.
ഔൾസ്ബറിയിൽ ലിറ്റിൽ ബ്രുക് ലിഷർ സെന്ററിൽ.
കേട്ടപ്പോൾ നല്ല കാര്യം എന്ന് ഫ്രഡിക്കും തോന്നി. ഇതായിരുന്നോ ഇത്ര വലിയ സസ്പെൻസ്. നീ എന്നെ വെറുതെ ടെൻഷൻ ആക്കി കളഞ്ഞല്ലോ, അവൻ പറഞ്ഞു.
അവർ അവിടെ ഇരുന്നു തന്നെ ഓൺലൈൻ വഴി ഔൾബറിയിലെ ലിറ്റിൽ ബ്രുക് ലിഷർ സെന്ററിൽ ഒരു കോട്ടേജ് അടുത്ത വെള്ളി, ശനി ദിവസത്തേയ്ക്ക് രണ്ട് രാത്രികൾ ബുക്ക് ചെയ്തു.
കാത്തിരുന്ന വെള്ളിയാഴ്ചയായി. അന്ന് ഉച്ച കഴിഞ്ഞു. അവർ രണ്ടുപേരും അത്യാവശ്യം രണ്ടുദിവസത്തേയ്ക്ക് വേണ്ട സാധനങ്ങൾ ബാഗിൽ പായ്ക്കു ചെയ്തെടുത്തു. ഫ്രഡി അവന്റെ വോക്‌സവാഗൺ പോളോയിൽ അവളുടെ വീട്ടിൽ ചെന്ന് അവളെയും കൂട്ടി മർസെൽ ലിഷർ സെന്ററിലേക്ക് യാത്രയായി.
അവന്റെ കാറിൽ വലിയ സന്തോഷത്തിൽ ചിരിച്ചും വാർത്തമാനങ്ങൾ പറഞ്ഞും ഡ്രൈവ് ചെയ്ത് ഇരുവരും ചെറുവഴികൾ കടന്ന് ലിറ്റിൽ ബ്രുക് ലിഷർ സെന്ററിൻറെ മെയിൻ ഗേറ്റിൽ എത്തി.
ശരിയായ എൻട്രൻസ് അതു തന്നെ എന്ന് ഉറപ്പ് വരുത്തിയ ശേഷം അവർ മുന്നോട്ട് നീങ്ങി.
ചൂറ്റും മരങ്ങളാൽ ചുറ്റപ്പെട്ട ഒരു പ്രദേശം. അൽപ്പം മുന്നോട്ട് ചെന്നപ്പോൾ ഒരു ചെറിയ കോട്ടേജിൽ, ഓഫീസ് എന്ന് എഴുതിയിരിക്കുന്നത് കണ്ടു.
അവർ അതിന്റെ അടുത്ത് കാർ നിർത്തി.
ഓഫീസിൽ ചെന്ന് അവരുടെ ബുക്കിങ് ഓർഡർ കാണിച്ചു.
അറ്റൻഡർ അവരെ കോട്ടജ് നമ്പർ 23 നുള്ള കീ കൊടുത്തിട്ട് വരാന്തയിൽ വന്ന് കുറച്ച് അകലെ ഉള്ള കോട്ടേജ് ചൂണ്ടി കാണിച്ചു കൊടുത്തു.
ഫ്രഡിയും ലൂസിയും വണ്ടി പാർക്ക് ചെയ്തിട്ട് അവരുടെ സാധനങ്ങളും എടുത്ത് തങ്ങളുടെ 23 ആം നമ്പർ കോട്ടേജിനെ ലക്ഷ്യം വച്ച് മുന്നോട്ട് നടന്നു.
ടാർ ഇടാത്ത വഴിയുടെ രണ്ട് വശങ്ങളിലും ആയി പല വലിപ്പത്തിലുള്ള ബങ്ക് ഹൗസുകളും കോട്ടേജുകളും. അപ്പുറത്ത് മാറി കുട്ടികൾക്കുള്ള ചെറിയ ഊഞ്ഞാലുകൾ സ്ലൈഡ്കൾ, സീ സോ മുതലായവ.
ഒരു ഭാഗത്ത് റെസ്റ്ററന്റ്.അതിന്‍റെ വരാന്തയില്‍ വെൻഡിങ് മെഷീനുകൾ. വഴിയുടെ സൈഡുകളിൽ ഫ്ലവർ ബെഡുകളിൽ പലതരം പൂക്കൾ.
അവയിൽ തേൻ പരതുന്ന പറവകളും തേനീച്ചകളും.
ചൂടുപാടിൽ എല്ലാം വന്മരങ്ങളും കുറ്റിക്കാടും. മരങ്ങളിൽ ഉല്ലസിക്കുന്ന കുരുവികൾ. ചെറു ചെടികളിൽ പറന്നു നടക്കുന്ന റോബിൻ, ഗോൾഡ് ഫിഞ്ച്. ഉയരത്തിൽ മരക്കൊമ്പിൽ ഇരുന്നു കുറുകുന്ന വുഡ് പിജിയൻ.
അവർ എല്ലാവരും പുതിയതായി വന്ന ഫ്രഡിക്കും ലൂസിയ്ക്കും സ്വാഗതം ഓതി.
അവർ കോട്ടേജ് തുറന്ന് അവരുടെ സാധങ്ങൾ എടുത്ത് വച്ചു. ഒരു ഡബിൾ ബർഡ്‌റൂം ബാത്ത് അറ്റാച്ഡ്. ചെറിയ കിച്ചൺ കം സിറ്റിംഗ് ഏരിയ.
അവർക്ക് ഇഷ്ട്ടപ്പെട്ടു.
അവർ വെൻഡിങ് മെഷീനിൽ നിന്ന് ഓരോ കോക് എടുത്തു കുടിച്ചു കൊണ്ടു പരിസരം എല്ലാം ഒന്ന് കാണാൻ പോയി.
വന്മരങൾ കാവൽ നിൽക്കുന്ന കുറ്റി കാടുകളിൽ കൂടി തെളിഞ്ഞ ഒറ്റയടി പാതകൾ കാണുന്നുണ്ട്.
അവർ അതിലെ കുറെ മുന്നോട്ട് നടന്നപ്പോൾ നല്ല തെളിനീർ ഒഴുകുന്ന ഒരു കുഞ്ഞരുവി കണ്ടു. അതിനടുത്തു നിന്ന് അവർ പല സെൽഫികൾ എടുത്തു. അവൾ അതൊക്കെ റീ ചെക്ക് ചെയ്തു തൃപ്തി വരുത്തി.
അവർ വീണ്ടും ഇടവഴിയെ കുറേ കൂടി മുന്നോട്ട് നടന്നപ്പോൾ ക്യാമ്പ് ഫയർ ചെയ്യുന്ന ഒരു പിറ്റ് കണ്ടു. അതിനോട് അടുത്ത് ഫയർ വുഡിന്റെ ശേഖരവും ഉണ്ടായിരുന്നു.
“ഫ്രഡി, നമുക്ക് രാത്രി ഇവിടെ ഒരു ക്യാമ്പ്ഫയർ സെറ്റ് ചെയ്ത് ഡാൻസ് ചെയ്യണം.”
അവൾ പറഞ്ഞു. അവൻ അതിന് സമ്മതം മൂളി.
അവിടെ നിന്ന് മുൻപോട്ട് നോക്കുമ്പോൾ വലിയ പച്ചപ്പുൽ മൈതാനവും അതിൽ മേഞ്ഞു മെയ്യുരുമ്മി നടക്കുന്ന കാട്ടു താറാവുകളെയും കണ്ടു. ചെറുതും വലുതുമായ ഓരോ കൂട്ടങ്ങൾ.
അതിനും അപ്പുറം അതാ ഒരു നീല ജലാശയം. അതിന്റെ ഇറമ്പിൽ നിന്നും വെള്ളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന ഞാങ്ങണകൾ.
“അതുകണ്ടോ ആ തടാകം, നമുക്ക് അവിടേക്ക് പോകാം ഫ്രഡി? ”
അവന്റെ കൈപിടിച്ചു അവൾ കെഞ്ചി.
അവർ പുൽപരപ്പിൽ കൂടി നടന്ന് തടാകകരയിലേയ്ക്ക് പോയി. അവരെ കണ്ട കാട്ടു താറാവുകൾ കൂട്ടത്തോടെ ജലാശയത്തിലേക്ക് പൊങ്ങി പറന്നു .
അതിനിടയിൽ ആവോളം സെൽഫികൾ എടുത്ത് ഫ്രഡിയും ലൂസിയും ആ പ്രകൃതി ഭംഗിയുടെ ഭാഗമായി.
നീല ജലം ശാന്തമായ് ശയിക്കുന്ന ആ തടാകത്തിൽ ചില കളിവള്ളങ്ങളും കെട്ടി ഇട്ടിരുന്നു. തടാകത്തിലേക്ക് ഇറക്കി കെട്ടിയിരിക്കുന്ന ഒരു ബോട്ട് ജെട്ടിയും വളരെ മനോഹരം ആയിരിക്കുന്നു.
ജെട്ടിയിൽ കയറി നിന്ന് ആ മിഥുനങ്ങൾ ചുറ്റും കണ്ണോടിച്ചു. അസ്തമയ സൂര്യന്റെ അരുണാഭമായ മുഖം അകലെ മരങ്ങളുടെ ഇലച്ചാർത്തുകൾക്ക് ഇടയിലേക്ക് മറഞ്ഞു കൊണ്ടിരുന്നു.
തടാകത്തിൽ അവിടവിടെ നീന്തി നടന്ന് ഇര തേടുന്ന ഹംസങ്ങളും കൊക്ക് ഉരുമി തുഴയുന്ന താറാവുകളും. ചുറ്റും എമ്പാടും മരങ്ങളും അവയിൽ പറന്നു നടന്ന് കലപില കൂട്ടുന്ന പക്ഷികളും താഴെ സമൃദ്ധമായ പുൽമേടും.
“എത്ര സുന്ദരമാണീ സന്ധ്യ ഫ്രഡി. നമുക്ക് ഈ ജെട്ടിയുടെ അറ്റത്തു നിന്ന് എല്ലാ ആംഗിളിലും സെൽഫികൾ എടുക്കാം”
ലൂസി അവനോട് പറഞ്ഞു.
അവനും അതിനോട് യോജിച്ചു.
അവർ ബോട്ട് ജെട്ടിയുടെ അങ്ങേ തലക്കൽ നിന്ന് പല പോസുകളിൽ സെൽഫികൾ എടുക്കുകയും എടുത്ത ഫോട്ടോകളുടെ ഭംഗി നോക്കി ആസ്വദിക്കുകയും ചെയ്തു കൊണ്ടിരുന്നു.
പെട്ടെന്ന് ഒരു അഭിശബ്ത നിമിഷത്തിൽ അപ്രതീക്ഷിതമായി ലൂസിയുടെ കാൽ വഴുതി, അവൾ വെള്ളത്തിലേക്കു മറിഞ്ഞു വീണു.
അവിചാരിതമായി വെള്ളത്തിലേക്ക് മറിഞ്ഞുതാണുപോയ അവൾ സമനില വീണ്ടെടുക്കുമ്പോഴേയ്ക്കും കലങ്ങിയ വെള്ളത്തിന്റെ ആഴത്തിലെ ചെളിയിൽ പൂണ്ട് കാലുകൾ തറഞ്ഞു പോയിരുന്നു . അവൾ ശ്വാസത്തിനായി പിടഞ്ഞു.
മൊബൈൽ ഫോണിൽ ഫോട്ടോ നോക്കി ആസ്വദിച്ചു കൊണ്ടിരുന്ന ഫ്രഡി എന്തോ ശബ്ദം കേട്ടെങ്കിലും എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ ഒരു മിനിറ്റ് വൈകി. തിരിഞ്ഞു നോക്കുമ്പോൾ ലൂസിയെ കാണുന്നില്ല.
കലങ്ങി തുടങ്ങിയ വെള്ളത്തിൽ തുരു തുരാ കുമിളകൾ പൊങ്ങുന്ന ഭാഗത്തേയ്ക്ക് അവൻ എടുത്ത് ചാടി.
കലങ്ങിയ വെള്ളത്തിന്റെ ആഴങ്ങളിൽ അവൻ ലൂസിയെ തപ്പി. കലക്കലും ചെളിയും അവന്റെ ദൃഷ്ടികളെ മറച്ചു.
അവൻ വെള്ളത്തിനു മീതെ വന്നു ശ്വാസം എടുത്ത് വീണ്ടും ആഴത്തിലേക്ക് ഊളിയിട്ടു.
ഈ സമയം കൊണ്ട് ചളിയിൽ കാൽ തറഞ്ഞു പോയ ലൂസിയുടെ പ്രാണൻ രണ്ട് കുമിളകൾ ആയി ജലോപരിതലത്തിൽ വന്നു പൊലിഞ്ഞ് അനന്തതയില്‍ വലയം പ്രാപിച്ചു. അത് ഹതഭാഗ്യവാന്‍ ആയ അവൻ അറിഞ്ഞില്ല.
ആഴങ്ങളിൽ വീണ്ടും കുറെ തപ്പിയതിനു ശേഷം ലൂസിയുടെ മുടി അവന്റെ കയ്യിൽ തടഞ്ഞു. അവൻ അവളെ മുടിയിൽ പിടിച്ചു പൊക്കി വേഗം കരക്ക് എത്തിച്ചു. പരിഭ്രമത്താൽ അവന്റെ ഹൃദയം ശക്തമായി മിടിച്ചു കൊണ്ടിരുന്നു.
വലിയ വായിൽ ഉള്ള അവന്റെ നിലവിളി കേട്ട് കോട്ടേജുകളിൽ നിന്നും ആളുകൾ ഓടി കൂടി. അവരിൽ ഒരാൾ ഡോക്ടർ ആയിരുന്നു. അയാൾ ലൂസിയ്ക്ക് കൃത്രിമ ശ്വാസം കൊടുക്കുമ്പോൾ മറ്റൊരാൾ ആംബുലൻസ് വിളിച്ചു വരുത്തി.
എന്നാൽ അവളുടെ ആത്മാവ് എപ്പഴേ അനന്തതയിലേക്ക് പറന്നു പോയിരുന്നു.
ആർക്കും അവളെ രക്ഷിക്കാൻ ആയില്ല.
സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരം തകർന്ന ഫ്രഡി വളരെ കാലം ചിത്തഭ്രമം പിടിപെട്ട്
വിൻചെസ്റ്ററിന്റെ തെരുവുകളിൽ അലഞ്ഞു നടന്നു. വർഷങ്ങൾ പോകവേ പിന്നെ അവനെ അവിടെ എങ്ങും കണ്ടില്ല.
അവനോടു ക്രൂരത കാട്ടിയ വിധിയും കാലവും ഇതു പോലെ
എത്ര പേരെ നിർദ്ദയം തകർത്തിരിക്കുന്നു?
ജീവിതം പാതി വഴിയിൽ പൊലിഞ്ഞ ലൂസി ഒരു യക്ഷിയായി മാറി.അവൾ ഇപ്പോഴും ഫ്രഡിയെ തിരയുകയാണ്.
ദുർമരണം സംഭവിച്ച അവൾ കാലങ്ങൾ ആയി വെള്ളിയാഴ്ചകളുടെ അന്ത്യയാമങ്ങളിൽ ലിറ്റിൽ ബ്രുക് ലിഷർ പാർക്കിന്റെ ഓരോ മൂലയിലും ഒഴുകി നടക്കും. അപ്പോൾ അവിടെ സാധാരണം അല്ലാത്ത ഒരു കാറ്റ് രൂപപ്പെടും.
രാത്രിയിൽ ക്യാമ്പ് ഫയർ നടത്തുമ്പോൾ തീ പാറുന്ന കണ്ണുകൾ ഉള്ള ഒരു യക്ഷിയെ നീല തടാകത്തിന്റെ
മീതെയും പൈൻ മരങ്ങളുടെ മുകളിലും
ബോട്ട് ജെട്ടിയിലും കോട്ടജ് 23 ലും കണ്ടിട്ടുള്ളവർ ഉണ്ടത്രേ.
ഇക്കാലം അത്രയും ആരെയും അവൾ ഉപദ്രവിച്ചതായി മാത്രം കേട്ടിട്ടില്ല. എന്നിരിക്കലും ഈ കഥ അവിടെ പുതിയതായി താസിക്കാൻ വരുന്നവർക്ക് അറിയില്ല.
….. ഈ ദുരന്ത കഥകൾ ഒന്നും അറിയില്ലെങ്കിലും അടുക്കളയിൽ വച്ച് മരപ്പട്ടി പേടിപ്പിച്ച പാവം അനിലിന് പിന്നെ ഉറക്കം വന്നേയില്ല..അടുത്ത ബെഡിൽ കിടക്കുന്ന കുറവിലങ്ങാടുകാരൻ ബിനുവിനും മനസ്സിൽ അകാരണമായ ഭീതി. അദൃശ്യമായ എന്തോ ഒന്ന് ഭയപ്പെടുത്തുന്നതുപോലെ ഒരു തോന്നൽ …നേരത്തെ കേട്ട അസുഖകരമായ ആ ശബ്ദം എന്തായിരിക്കും ? അവർ നിശബ്ദം ചിന്തിച്ചുകൊണ്ട് കിടന്നു. ….
അകലെ എങ്ങോ കുറുക്കന്മാര്‍ ഭീകരമായി ഓലി ഇടുന്നത് കേട്ടു. തീരെ അരോചകം ആയിരുന്നു ആ ശബ്ദം. അപ്പോൾ ജനൽ ചില്ലിൽ കൂടി ഒരു ശക്തമായ വെട്ടം തെളിഞ്ഞു വന്നത് അവർ ഇരുവരും കണ്ടു.
ആ വെട്ടത്തിന്റെ അങ്ങേ തലക്കൽ നിന്ന് മരങ്ങൾക്ക് മുകളിൽ കൂടി തൂവെള്ള ഫ്രോക്ക് ഇട്ട സ്ത്രീ രൂപം ആകാശത്തിലൂടെ കൊട്ടേജിലേയ്ക്ക് മെല്ലെ ഇറങ്ങി വന്നു. ആ ഭീകര രൂപം കോട്ടേജിന്റെ ഇടനാഴിയിലൂടെ പതിയെ എന്തോ തിരഞ്ഞുനടന്നു ….,
ആ ശപിക്കപ്പെട്ട നിമിഷങ്ങൾ യുഗങ്ങളു പോലെ തോന്നിച്ചു . പിന്നെ അത് ബെഡ് റൂമും കടന്ന് പ്രധാന വാതിലിലൂടെ പുറത്തുപോയി. ആപോക്കില്‍ മുറിയിലെ ജനാല വിരികള്‍ കാറ്റില്‍ എന്നപോലെ പറന്നുനിന്നു. .അവളുടെ കണ്ണുകള്‍ അഗ്നിമയവും വദനം ചുവന്നതും ആയിരുന്നു. തേജോമയ അതിന്റെ ദുംഷ്ട്രങ്ങള്‍ വജ്രം പോലെ വെട്ടി വിളങ്ങി. ഒറ്റ നോട്ടത്തിൽ എത്ര ധൈര്യവാനും വിറച്ചു പോകുന്ന ഭീഭത്സ രൂപം.
പേടിച്ചുവിറച്ചു മയങ്ങിപ്പോയ അനിലും ബിനുവും ബോധം വന്നപ്പോൾ എഴുന്നേറ്റ് ലൈറ്റ് ഇട്ടിരുന്നു നേരം വെളുപ്പിച്ചു. രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാനായില്ല . പ്രാണ ഭീതിയിൽ അവരുടെ കണ്ണുകൾ വീങ്ങിയും ചുണ്ടുകൾ വിറകൊണ്ടുമിരുന്നു.
നേരം വെളുത്തപ്പോൾ തന്നെ അവർ ജീവനും കൊണ്ട് സ്ഥലം വിട്ടു. ലിറ്റിൽ ബ്രുക് ലിഷർ സെന്ററിലെ ഭീഭത്സമായ രാത്രിയെക്കുറിച്ചു ഓർക്കുമ്പോൾ പോലും ഇന്നും അവരുടെ സിരകളിലെ രക്തം, ഭയം കൊണ്ട് ഉറഞ്ഞുപോകും .
എം . ഡൊമനിക്
ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ്
ജയ്പുർ ∙ മദ്യപിക്കുന്നത് തൊണ്ടയിൽ നിന്ന് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും, അതിനാൽ മദ്യവിൽപനശാലകൾ തുറക്കണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തെഴുതി. സാങ്കോഡിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഭരത് സിങ് കുന്ദൻപുർ ആണ് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ലോക്ഡൗൺ കാരണം സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ, അനധികൃത മദ്യവിൽപനക്കാർ നേട്ടമുണ്ടാക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.
‘വ്യാജമദ്യം കഴിച്ച് ജനങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. അത് സർക്കാരിനും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. സർക്കാരിനെയും ജനങ്ങളെയും സഹായിക്കുന്നതിന്, സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ വീണ്ടും തുറക്കുന്നതാണ് ബുദ്ധി. മദ്യം ഉപയോഗിച്ച് കൈകഴുകുമ്പോൾ കൊറോണ നശിക്കുന്നതുപോലെ, മദ്യം കഴിക്കുന്നത് തൊണ്ടയിലെ വൈറസിനെ നശിപ്പിക്കാൻ സഹായിക്കും. വ്യാജ മദ്യം കുടിക്കുന്നതിനേക്കാൾ നല്ലതാണ് ഇത്’– കത്തിൽ പറയുന്നു.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവ 35 ശതമാനമായും ബിയർ ഉൾപ്പെടെയുള്ളവയുടെ തീരുവ 45 ശതമാനമായും സംസ്ഥാന സർക്കാർ ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് ഭരത് സിങ്ങിന്റെ കത്ത്. അതേസമയം, രാജസ്ഥാനിൽ മൂന്ന് കോവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 58 ആയി. 2584 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തലവടി :ലോക് ഡൗൺ കാലഘട്ടം അവിസ്മരണീയമാക്കി വിദ്യാർത്ഥിനി. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന എന്തും ഉപയോഗപ്രദമാക്കുകയാണ് അശ്വതി അജികുമാർ.
തലവടി നടുവിലെമുറിയിൽ കലവറശ്ശേരിൽ അജികുമാറിൻ്റെയും ജൂനായുടെയും ഏകമകളാണ് അശ്വതി അജികുമാർ.ലോക് ഡൗൺ കാലം വീടിനുള്ളിൽ തന്നെ ആയിരുന്നെങ്കിലും ഒറ്റ നിമിഷം പോലും പാഴാക്കാതെ വർണ്ണങ്ങൾ ചാലിച്ച് ഉപയോഗശൂന്യമായ മുട്ടത്തോടുകൾ ,കുപ്പികൾ, ചിരട്ട തുടങ്ങിയ വസ്തുക്കളിൽ ചിത്ര പണികൾ ചെയ്ത് കൗതകകരമാക്കുകയായിരുന്നു അശ്വതി.
ചിത്രരചനയിലും കഴിവ് തെളിയിക്കപെട്ട അശ്വതി നിരവധി ചിത്രങ്ങൾ ഇതിനോടകം വരച്ചു കഴിഞ്ഞു.ലോക് ഡൗണിന് ശേഷം ഇവയുടെ എക്സിബിഷൻ നടത്തി ലഭിക്കുന്ന തുക പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് നല്കാനാണ് അശ്വതിയുടെ തീരുമാനം. എക്സിബിഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കാമെന്ന് തലവടി തിരുപനയനൂർകാവ് ദേവിക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരി തിരുമേനി പറഞ്ഞിട്ടുണ്ടെന്ന് അശ്വതി പറഞ്ഞു.ക്ഷേത്രം മാനേജർ കൂടിയാണ് അശ്വതിയുടെ പിതാവ് അജികുമാർ കലവറശ്ശേരിൽ.
പ്ലസ് ടൂ പരീക്ഷ കാലയളവിൽ ലോക് ഡൗൺ ആരംഭിച്ചപ്പോൾ കൂട്ടുകാരുമായി സമ്പർക്കം ഒന്നും ഇല്ലാതെ വീട്ടിൽ കഴിയുന്ന സമയത്ത് ഒരു മുട്ടത്തോടിൽ നടത്തിയ പരീക്ഷണം വിജയിച്ചു.ഇതോടെ നിറങ്ങളെ കൂട്ടുപിടിച്ച് മനസ് നിറയെ വർണ്ണങ്ങളാക്കി ആ വര്‍ണങ്ങള്‍ പാഴ് വസ്തുക്കളിൽ ചേര്‍ത്ത് വച്ച് ബോട്ടില്‍ ആര്‍ട് ഉൾപെടെയുള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ നിരവധി കൗതുക വസ്തുകളാണ് നിര്‍മ്മിച്ചത്.ഗിറ്റാർ, പാവകൾ, കിളിക്കൂട്, നൈറ്റ് ലാംബ് ,ഫ്ളവർ ബേസ് തുടങ്ങിയ നിരവധി ഇനങ്ങൾ ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു.
മുട്ടാർ സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ആയ ആശ്വതി ഹൈസ്കൂൾ പഠന കാലയളവിൽ ജൂണിയർ റെഡ് ക്രോസ് അംഗവും കഴിഞ്ഞ രണ്ട് വർഷം എൻ.എസ്.എസ് വോളണ്ടിയറും ആയിരുന്നു.കൂടാതെ തലവെടി തിരുപനയനൂർകാവ് ദേവിക്ഷേത്ര വിദ്യാ രാജ്ഞി യജ്ഞത്തിൻ്റെ ലീഡർ കൂടിയാണ്. രണ്ടാം ക്ലാസ് മുതൽ നവരാത്രി വിദ്യാ രാജ്ഞി യജ്ഞത്തിൽ പങ്കെടുത്തിട്ടുള്ള അശ്വതിക്ക് ലഭിച്ച പരിശീലനവും പ്രോത്സാഹനവും ആണ് അശ്വതിയെ ഒരു ബഹുമുഖ പ്രതിഭയാക്കിയതെന്ന് മാതാപിതാക്കൾ പറഞ്ഞു.വാർത്ത വായന മത്സരങ്ങളിൽ മികവ് പുലർത്തുന്ന അശ്വതിക്ക് ഇംഗ്ലീഷ് അദ്ധ്യാപിക ആകാനാണ് താത്പര്യം.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മെയ് 21നകം കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് പഠന റിപ്പോർട്ട്. സിങ്കപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനിലെ ഗവേഷകരാണ് പഠന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള രോഗബാധിതർ, രോഗബാധ സംശയിക്കുന്നവർ, രോഗവിമുക്തരായവർ തുടങ്ങിയവരുടെ വിവരങ്ങൾക്കൊപ്പം കൊറോണ വൈറസിന്റെ ജീവിത ചക്രത്തിന്റെ വിവരങ്ങളും ശേഖരിച്ച് നിർമിതബുദ്ധിയുടെ സഹായത്തോടെ അപഗ്രഥിച്ചാണ് ഗവേഷകർ പഠനം നടത്തിയത്.
ഗവേഷകരുടെ നിഗമനമനുസരിച്ച് മെയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ കോവിഡ്-19 ന്റെ വ്യാപനം 97 ശതമാനവും കറയും. മെയ് 29 ആകുമ്പോഴേക്കും ലോകമാകെയുള്ള കോവിഡ് വ്യാപനത്തിന്റെ നിരക്കും വലിയ തോതിൽ കുറയും. ഡിസംബർ എട്ട് ആകുമ്പോഴേക്കും രോഗം പൂർണമായും അപ്രത്യക്ഷമാകുമെന്നും ഇവർ വിലയിരുത്തുന്നു. മെയ് 16 വരെ ലോക്ക് ഡൗൺ നീട്ടിയാൽ ഇന്ത്യയിൽ കൊറോണ രോഗികൾ പുതിയതായി ഉണ്ടാകില്ലെന്നും ഇവർ നേരത്തെ നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു.
അതേസമയം ഈ റംസാൻ കാലം കഴിയുന്നതോടെ ഇന്ത്യയിൽ രോഗവ്യാപനം ഇല്ലാതാകുമെന്നും സന്തോഷത്തിന്റെ ഈദ് ആഘോഷിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിലവിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 26,496 ആണ്. 824 പേർ മരിക്കുകയും 5,803 പേർ രോഗമുക്തരാകുകയും ചെയ്തു.
ഹൃദയം നിറച്ച് സ്വീകരണം….. പൊട്ടിക്കരഞ്ഞ് ഡോക്ടർ, കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ തീവ്രപരിചരണ വാർഡിൽ ദിവസങ്ങളോളം ഡ്യൂട്ടി നോക്കി മടങ്ങിയ ഒരു വനിതാ ഡോക്ടറെ കുടുബാംഗങ്ങളും പരിസരവാസികളും സ്വീകരിക്കുന്നതാണ് വിഡിയോയയിൽ കാണുന്നത്.
പ്ലക്കാർഡുകൾ പിടിച്ചും പുഷ്പങ്ങൾ വര്‍ഷിച്ചുമാണ് ഡോക്ടറെ അവർ സ്വീകരിക്കുന്നത്. വീടിനു മുന്നിൽ തന്നെ വരവേൽക്കാനെത്തിയവരെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ട് ഡോക്ടർക്ക്. അവർ പൊട്ടിക്കരയുന്നതും ഒരു ബന്ധു ചേർത്തു പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും കാണാം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വിറ്റർ പേജിൽ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘ഇതുപോലെയുള്ള നിമിഷങ്ങൾ ഹൃദയത്തെ സന്തോഷം കൊണ്ടു നിറയ്ക്കും. ഇതാണ് ഇന്ത്യയുടെ ചൈതന്യം. നമ്മൾ സധൈര്യം കോവിഡിനെതിരെ പോരാടും. ആ പോരാട്ടത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് നമ്മൾ എന്നും അഭിമാനം കൊള്ളും’– മോദി ട്വിറ്ററിൽ കുറിച്ചു.
This Lady Doctor is Working in a ICU Dept. in a Hospital Where Covid-19 Patients were treated.
She Came Home After 20 Days of Non-Stop Service.
Her Family & Society Members Welcomed Her.#HeartTouching#kind20#CoronaWarriors #IndiaFightsCoronavirus @TajinderBagga @arunsoodbjp pic.twitter.com/m9QMfl0mmI— Deepak Malhotra (@deepak_bjp) April 30, 2020
പ്രതിരോധത്തിനായി രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ഒരുപറ്റം ആരോഗ്യപ്രവർത്തകരുടെ സംഘമാണ് സ്വജീവൻ പോലും നോക്കാതെ രോഗത്തെ രാജ്യത്തു നിന്നു തുടച്ചു നീക്കാൻ മണിക്കൂറുകളോളം പിപിഇ കിറ്റുകൾക്കും മുഖാവരണങ്ങൾക്കുമുള്ളിൽ അഹോരാത്രം പ്രവർത്തിക്കുന്നതും. എന്നാൽ ഇവർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നുണ്ടോ എന്നത് മിക്കപ്പോഴും ചോദ്യചിഹ്നമാണ്. കോവിഡ് വാർഡിൽ നിന്ന് വീടുകളിലേക്ക് എത്തുന്ന പലരും തിക്താനുഭവൾ പങ്കുവയ്ക്കുമ്പോഴും അതിൽ നിന്നു വ്യത്യസ്തമാവുകയാണ് ഈ വീഡിയോ… ഇതുപോലെയുള്ള നിമിഷങ്ങൾ കാണുമ്പോൾ ഉറപ്പിക്കാം…. നമ്മൾ കോവിഡിനെ അതിജീവിക്കും
യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം. പത്തനംതിട്ട ഇടപെരിയാരം സ്വദേശി പ്രകാശ് ലക്ഷ്മണ്‍ ആണ് അബുദാബിയില്‍ മരിച്ചത്.യുഎഇയില്‍ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച ഏഴുപേരാണ് മരിച്ചത്. 27,000ത്തോളം പേരെയാണ് വ്യാഴാഴ്ച മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്.അതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ.
രാജ്യം കൊറോണ ഭീതിയില്‍ കഴിയുകയാണ്. കൊറോണ പ്രതിസന്ധി കാലത്ത് ശക്തമായ പ്രതിപക്ഷമാകുകയാണ് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന് വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്.
ലോക് സഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് ശേഷം ദേശീയ നേതൃത്വത്തില്‍ നിന്ന് മാറിനിന്ന രാഹുല്‍ഗാന്ധിക്ക് കൊറോണ പ്രതിസന്ധി തിരിച്ചുവരവിനുള്ള പാതയൊരുക്കിയിരിക്കുന്നു. രണ്ടാം വരവില്‍ രാഹുല്‍ ഗാന്ധി തന്റെ രീതിയിലുള്ള മാറ്റങ്ങള്‍ ആവര്‍ത്തിക്കുന്നു. രഘുറാം രാജനുമായി നടന്ന സംഭാഷണം ഇതിന്റെ തുടക്കം മാത്രമാണ്.
രാഹുല്‍ ഗാന്ധി രഘുറാം രാജനുമായി നടത്തിയ സംഭാഷണത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധ മേനോന്‍. രാഹുല്‍ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംവാദം കേട്ടപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നി. അത്രമേല്‍, മനോഹരമായിരുന്നു ആ സംഭാഷണമെന്നും നമ്മളെല്ലാവരും കേള്‍ക്കേണ്ട ഒന്നായിരുന്നെന്നും സുധ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി താങ്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരണമെന്നും താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ടെന്നും സുധമേനോന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാമൂഹ്യ-സാംസ്‌കാരിക മൂലധനങ്ങളില്‍ ഒന്ന് ആയിരുന്നു ‘ പപ്പു മോന്‍ ‘ നരേട്ടീവ്. രാഹുല്‍ ഗാന്ധിയെ വെറും രാജകീയ പ്രിവിലേജില്‍ അഭിരമിക്കുന്ന വിഡ്ഢിയായി ഇന്ത്യന്‍ ജനതക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നത്
കൃത്യമായ പ്ലാനിങ്ങോടെ , അതിസൂക്ഷ്മമായി നടപ്പാക്കപ്പെട്ട ഒരു പദ്ധതി ആയിരുന്നു. ആണത്ത ദേശീയതയ്ക്ക് മാത്രമേ ദേശ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ എന്ന പൊതുബോധം ‘ചൗക്കിദാര്‍ വേഴ്‌സസ് പപ്പുമോന്‍’ എന്ന നരേട്ടീവിലൂടെ കൃത്യമായി ഹിന്ദി ഹൃദയഭൂമിയില്‍ ഉഴുതു മറിക്കുന്നതില്‍ അവര്‍ വിജയിച്ചു.
ഇന്ന് രാഹുല്‍ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംവാദം കേട്ടപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നി. അത്രമേല്‍, മനോഹരമായിരുന്നു ആ സംഭാഷണം. നമ്മളെല്ലാവരും കേള്‍ക്കേണ്ട ഒന്ന്.
സത്യസന്ധതയുടെ ലളിതഭംഗിയും, അടിയുറച്ച നെഹ്രുവിയന്‍ മൂല്യബോധവും, സോഷ്യലിസ്‌റ് ചിന്തയുടെ സ്വാധീനവും രാഹുല്‍ഗാന്ധിയുടെ ചോദ്യങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു. നിലനില്‍ക്കുന്ന നിയോലിബറല്‍ വ്യവസ്ഥ കൂടുതല്‍ മാനവികവും, വികേന്ദ്രീകൃതവും, ശാക്തീകരണത്തില്‍ ഊന്നിയതും ആക്കാനുള്ള പ്രായോഗിക സമീപനങ്ങള്‍ ആയിരുന്നു രഘു രാം രാജന്‍ പങ്കു വെച്ചത്.
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സങ്കീര്‍ണ്ണതകളുടെ ആഴവും, പരപ്പും, ഘടനാപരമായ വൈവിധ്യങ്ങളും, അധികാരകേന്ദ്രീകരണമുണ്ടാക്കുന്ന അപചയങ്ങളും, വളര്‍ന്നു വരുന്ന സാമൂഹ്യഅകലങ്ങളും, ജാതിയും ഒക്കെ വളരെ വ്യക്തതയുടെ രാഹുല്‍ഗാന്ധിയുടെ സംഭാഷണത്തില്‍ കടന്നു വരുന്നുണ്ട്. അധികാരവികേന്ദ്രീകരണവും, പഞ്ചായത്തുകളുമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കിയത് എന്ന് എടുത്തു പറയുന്നുണ്ട് അദ്ദേഹം. സമഗ്രാധിപത്യത്തിന്റെ എല്ലാ രൂപങ്ങളെയും എതിര്‍ക്കുന്നതോടൊപ്പം,ആഗോളസമ്പത് വ്യവസ്ഥയുടെ അടിസ്ഥാന വൈരുധ്യങ്ങളും ചര്‍ച്ച ചെയ്യുന്ന സംവാദത്തില്‍, സമ്പത്തിന്റെ തുല്യമായ വിതരണം ആണ് ഇന്ത്യക്ക് അനിവാര്യം
എന്ന് രണ്ടുപേരും സമ്മതിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യം.
‘There is an infrastructure of division and an infrastructure of hatred, and that poses a big problem’ എന്ന് സമകാലിക ഇന്ത്യയെ രാഹുല്‍ഗാന്ധി സുവ്യക്തമായി അടയാളപ്പെടുത്തിയപ്പോള്‍, അതിനോട് യോജിച്ചുകൊണ്ട് സാമൂഹ്യ ഐക്യം ഒരു ‘പൊതുനന്മ’ ആണെന്ന് രഘുറാം രാജന്‍ ഉത്തരം പറഞ്ഞ നിമിഷം ആണ് എനിക്ക് അതിരില്ലാത്ത ആദരവ് ആ രണ്ടു മനുഷ്യരോടും തോന്നിയത്.
പൊതുജനാരോഗ്യം കമ്പോളവല്‍ക്കരിക്കാന്‍ പാടില്ലാത്ത ഒരു പൊതു നന്മ ആകുന്നത് പോലെത്തന്നെ പരമപ്രധാനമാണ് വൈവിധ്യങ്ങളുടെ ഈ നാട്ടില്‍ സമാധാനപരമായ സാമൂഹ്യസഹവര്‍ത്തിത്വവും ഒരു പൊതുനന്മയാകുന്നത് എന്ന് ഈ സംഭാഷണം നമ്മെ ഓര്‍മിപ്പിക്കുന്നു.അതിലുപരി എക്കാലവും എല്ലാ ഭരണാധികാരികള്‍ക്കും പ്രസക്തമാകേണ്ട മറ്റൊന്ന് കൂടി രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. ഏകമാനമായ ഒരു പരിഹാരം ഇന്ത്യയില്‍ ഒരിക്കലും പ്രായോഗികമാകില്ലെന്ന ഉത്തമബോധ്യം. ഇന്ത്യയിലെ അസമത്വങ്ങളുടെയും, വൈവിധ്യങ്ങളുടെയും അന്തസത്ത മനസിലാക്കിക്കൊണ്ടുള്ള,
സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ, ഒരു വിശാല-വികേന്ദ്രീകൃതമോഡല്‍ ആണ് ഇനിയുള്ള കാലം ഇന്ത്യക്ക് ആവശ്യം എന്ന തിരിച്ചറിവ്…
പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി താങ്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക… താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്..
കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കും ആശ്വാസം. ഇവര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് ആദ്യ സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ ഇന്ന് വൈകുന്നേരം ആറിന് പുറപ്പെടും. ആദ്യഘട്ടത്തില്‍ 1200 പേരെ കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനാണിത്. അതിനാല്‍ തന്നെ മറ്റെവിടെയും ട്രെയിനിന് സ്റ്റോപ്പില്ല. ആലുവയില്‍ നിന്ന് പുറപ്പെട്ടാല്‍ ഭുവനേശ്വറില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. ഒഡീഷയില്‍ നിന്നുള്ള തൊഴിലാളികളെയാവും കൊണ്ടുപോവുക. വിവിധ കാംപുകളില്‍ നിന്നായി പോകേണ്ടവരെ റെയില്‍വെ സ്റ്റേഷനില്‍ പൊലീസുകാര്‍ എത്തിക്കും.
ഇന്ന് ഒരു ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുക. നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും വിവരമുണ്ട്. ആരും തിരക്ക് കൂട്ടേണ്ടെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. പ്രധാന സ്റ്റേഷനുകളില്‍ നിന്ന് ട്രെയിനുകള്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എല്ലാ ട്രെയിനുകളും നോണ്‍ സ്റ്റോപ്പ് ട്രെയിനുകളായിരിക്കും. വിവിധ ജില്ലകളിലുള്ള തൊഴിലാളികളെ റെയില്‍വെ സ്റ്റേഷനുകളില്‍ എത്തിക്കുന്ന കാര്യം അതത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരായി പിഎസ്ജി)യെ ചാമ്പ്യന്‍മാരായി പ്രഖ്യാപിച്ചു. കൊവിഡ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ലീഗ് ഉപേക്ഷിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ മുന്നിലുള്ള പിഎസ്ജിയെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബറിന് മുമ്പ് ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗോ റഗ്ബി ലീഗോ മറ്റ് കായിക മത്സരങ്ങളോ പുനരാരംഭിക്കാനാവില്ലെന്ന് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെ ഫ്രഞ്ച് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം. രണ്ടാം സ്ഥാനത്തുള്ള ഒളിമ്പിക് മാഴ്‌സെയെക്കാള്‍ 12 പോയന്റ് ലീഡാണ് പിഎസ്ജിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ എട്ട് സീസണില്‍ പി എസ് ജിയുടെ ഏഴാം കിരീടമാണിത്. ലീഗ് സീസണ്‍ അവസാനിപ്പിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള മാഴ്‌സെയ്ക്കും മൂന്നാം സ്ഥാനത്തുള്ള സ്റ്റേഡ് റെന്നായിസിനും അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പായി.
ഫ്രഞ്ച് ലീഗ് പുനരാരാംഭിക്കുന്ന കാര്യം അധികൃതര്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. ജൂണില്‍ ലീഗ് മത്സരങ്ങള്‍ പുനരാരാംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ് അധികൃതര്‍. അടുത്തവര്‍ഷത്തെ ലീഗ് വണ്‍ സീസണ്‍ ഓഗസ്റ്റില്‍ ആരംഭിക്കേണ്ടതാണെങ്കിലും കൊവിഡിന്റെ പ്ശ്ചാത്തലത്തില്‍ നീട്ടിവെക്കാനാണ് സാധ്യത. കൊവിഡ് മൂലം രാജ്യത്ത് പൊതുപരിപാടികള്‍ സെപ്റ്റംബര്‍ ഒന്നുവരെ നിരോധിച്ച പശ്ചാത്തലത്തില്‍ ഈ സീസണിലെ ഡച്ച് ലീഗ് മത്സരങ്ങള്‍ നേരത്തെ ഉപേക്ഷിച്ചിരുന്നു. കൊവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച യൂറോപ്പിലെ ഫുട്‌ബോള്‍ ലീഗുകളൊന്നും ഇതുവരെ പുനരാരാംഭിച്ചിട്ടില്ല. ലീഗ് മത്സരങ്ങള്‍ എപ്പോള്‍ പുനരാരാംഭിക്കാനാകുമെന്ന് മെയ് 25ന് മുമ്പ് അറിയിക്കണമെന്ന് യുവേഫ ലീഗ് അധികൃതര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു
ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ആദ്യ ട്രെയിൻ ഓടിത്തുടങ്ങി. “ഒറ്റത്തവണ പ്രത്യേക ട്രെയിൻ” എന്ന് അറിയിച്ചിരിക്കുന്ന ട്രെയിൻ ഇന്ന് പുലർച്ചെ തെലങ്കാനയിൽ നിന്നാണ് ജാർഖണ്ഡിലേക്ക് പുറപ്പെട്ടത്.
1,200 തൊഴിലാളികളുമായി തെലങ്കാനയിലെ ലിംഗാംപള്ളിയിൽ നിന്നാണ് ജാർഖണ്ഡിലെ ഹതിയ ജില്ലയിലേക്ക് ട്രെയിൻ യാത്ര നടത്തുന്നത്. ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ ഉൾപ്പെടെ പാലിച്ചാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
24 കോച്ചാണ് ട്രെയിനിലുള്ളത്. എന്നാൽ സാധാരണയായി 72 പേരെ ഉൾക്കൊള്ളുന്ന ഒരു കമ്പാർട്ടുമെന്റിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് 54 പേർ മാത്രമേ യാത്ര ചെയ്യുന്നുള്ളു എന്നാണ് വാർത്താ ഏജൻസിയായ പിടിഐ വ്യക്തമാക്കുന്നത്. തെലങ്കാന സർക്കാറിന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് “ഒറ്റത്തവണ പ്രത്യേക ട്രെയിൻ” അനുവദിച്ചതെന്നാണ് റെയിൽവേ മന്ത്രാലയം നൽകുന്ന അറിയിപ്പ്. ഇത് ഒറ്റത്തവണയുള്ള പ്രത്യേക ട്രെയിൻ മാത്രമായിരുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മാത്രമേ കൂടുതൽ ട്രെയിനുകൾ ആസൂത്രണം ചെയ്യുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മറ്റ് ആളുകൾക്കും നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രെയിനിൽ സർവീസ് നടത്തുന്നത്. കേന്ദ്രത്തിന്റെ ഉത്തരവിന് പിന്നാലെ പഞ്ചാബ്, ബീഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നിവയ്ക്ക് പുറമെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇത സംസ്ഥാന തൊഴിലാളികൾക്കായി ട്രെയിനുകൾ ആവശ്യപ്പെട്ടിരുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി അഞ്ച് ആഴ്ചകൾക്കുശേഷമാണ് രാജ്യത്ത് ഒരു പാസഞ്ചർ ട്രെയിൻ സര്‍വീസ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.