കൊച്ചി : സ്വര്‍ണക്കടത്തിന്റെ കാരിയര്‍മാരായി സിനിമാ മേഖലയിലെ യുവതികളെ ഉപയോഗിക്കുന്ന സംഘത്തിലേക്ക്‌ അന്വേഷണം നീളുമ്പോള്‍ ഷംന കാസിം കേസിലും ഒത്തുതീര്‍പ്പിനായി ഇടപെടല്‍ ശക്‌തം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘങ്ങളെ രക്ഷിക്കാന്‍ ചലച്ചിത്രരംഗത്തുതന്നെയുള്ളവര്‍ സജീവമാണെന്നാണ്‌ വിവരം.

തട്ടിക്കൊണ്ടുപോകല്‍, ബ്ലാക്ക്‌മെയിലിങ്‌, മനുഷ്യക്കടത്ത്‌ എന്നിവ ഈ മേഖലയില്‍ ഉള്‍പ്പെട്ടവര്‍ നേരിടേണ്ടിവരുന്നത്‌ ചില സ്‌ഥിരം റാക്കറ്റുകളുടെ ഒത്താശയോടെയാണെന്നാണ്‌ പോലീസിന്റെ സംശയം.

നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച ഗുണ്ടാ സംഘത്തിന്‌ ചലച്ചിത്ര മേഖലയിലെ ഉന്നതരുമായി ഉണ്ടായിരുന്ന ബന്ധം ഇതിനകം വ്യക്‌തമായിട്ടുണ്ട്‌. ആ സംഭവം ഒത്തുതീര്‍പ്പിന്റെ വക്കിലെത്തിയപ്പോഴാണ്‌ സ്‌ഥലം എം.എല്‍.എയുടെ അവിചാരിത ഇടപെടല്‍മൂലം പുറംലോകം അറിഞ്ഞത്‌.

ഷംന കേസിനെത്തുടര്‍ന്ന്‌ പ്രതികളെക്കുറിച്ച്‌ പരാതിനല്‍കിയ യുവ മോഡല്‍ ഏതാനും ആഴ്‌ചകള്‍ക്കു മുമ്പ്‌ പോലീസ്‌ സ്‌റ്റേഷനിലെത്തി നല്‍കിയ പരാതി പുറംലോകമറിയാതെ ഒത്തുതീര്‍ക്കുകയായിരുന്നു. ഇക്കാര്യം മോഡല്‍തന്നെ വെളിപ്പെടുത്തി. ഷംന കേസ്‌ ഉത്ഭവിച്ചപ്പോഴാണ്‌ നേരത്തെ താന്‍ പരാതി നല്‍കിയിരുന്ന വിവരം പുറത്തുപറയാന്‍ അവര്‍ തയാറായത്‌.

ഇതേത്തുടര്‍ന്ന്‌ ചലച്ചിത്ര മേഖലയില്‍ നിന്നു തനിക്ക്‌ നേരെ ഭീഷണി ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന്‌ ഇന്നലെ മോഡല്‍ വെളിപ്പെടുത്തി. തന്നോടൊപ്പമുണ്ടായിരുന്ന മറ്റ്‌ മോഡലുകളുടെ ഭാവിയും അപകടത്തിലാണെന്ന്‌ അവര്‍ കരുതുന്നു.

പനമ്പിള്ളിനഗറില്‍ നടി ലീന മരിയ പോളിനെ ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ പണം തട്ടാന്‍ ശ്രമിച്ച സംഘം പിടിയിലായപ്പോള്‍ പുറത്തുവന്നതും പ്രതികളുടെ പിന്നില്‍ പ്രവര്‍ത്തിച്ച രാജ്യാന്തര തട്ടിപ്പ്‌ സംഘങ്ങളുടെ ബന്ധങ്ങളാണ്‌. നടിയും ഗായികയുമായ യുവതിയും അന്യസംസ്‌ഥാനക്കാരിയായ നടിയും ഇത്തരം സംഘങ്ങളുടെ കാരിയര്‍മാരായി പ്രവര്‍ത്തിച്ചുവെന്ന സംശയത്തില്‍ അന്വേഷണം തുടങ്ങിയിരുന്നെങ്കിലും എങ്ങുമെത്തിയില്ല. സ്‌ഥിരമായി വിദേശ സ്‌റ്റേജ്‌ ഷോകളില്‍ പങ്കെടുക്കുന്നവരെയാണ്‌ സംഘം ചൂഷണം ചെയ്യാറുള്ളത്‌.

ഇതിനിടെ ഷംന കാസിമിനു പിന്നാലെ തട്ടിപ്പുസംഘത്തെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ മോഡലായ യുവതിക്കെതിരേ പല കേന്ദ്രങ്ങളില്‍നിന്നും സമ്മര്‍ദമെന്നു വെളിപ്പെടുത്തല്‍. ഈ സംഘത്തിനെതിരേ നല്‍കിയ പരാതിപോലും പിന്‍വലിക്കണോ എന്ന്‌ ആലോചിക്കുകയാണെന്നും പരാതി പിന്‍വലിക്കാന്‍ പല കേന്ദ്രങ്ങളില്‍ നിന്ന്‌ സമ്മര്‍ദ്ദമുണ്ടെന്നും ഈ യുവതി വെളിപ്പെടുത്തി. ബ്ലാക്ക്‌മെയില്‍ സംഘത്തിന്റെ ചൂഷണത്തിനു വിധേയരായ ഏതെങ്കിലും പെണ്‍കുട്ടിയുടെ പേര്‌ പുറത്തുപറഞ്ഞാല്‍ അത്‌ മാനനഷ്‌ടക്കേസിന്‌ ഇടയാക്കുമെന്നാണ്‌ ഭീഷണി.

ഇതോടെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ച ഒപ്പമുള്ളവര്‍പോലും പിന്മാറുമോ എന്നാണ്‌ ആശങ്ക. എന്തിനാണ്‌ ആവശ്യമില്ലാത്ത പേരുകള്‍ പോലീസിനോട്‌ പറഞ്ഞതെന്ന്‌ ചോദിച്ച്‌ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍തന്നെ ഫോണ്‍ വിളിക്കുകയാണ്‌. ഒപ്പം നിന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണ്‌ താന്‍ മുന്നോട്ടുവന്നതെന്നും കേസ്‌ ഫയല്‍ ചെയ്യാന്‍ തയാറായതെന്നും മോഡല്‍ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി.