Latest News

കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങള്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുക, എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക, സ്വന്തം വീടിന്റെ കരുതല്‍ ഉറപ്പാക്കുക, ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുക, തൊഴില്‍ നിന്ന് ആരെയും പിരിച്ചു വിടരുത്, ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിക്കുക, പ്രായമായവരെയും പാവപ്പെട്ടവരെയും സഹായിക്കുക എന്നിവയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍. രാജ്യത്തെ
അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോഡി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മെയ് മൂന്നുവരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധ ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഇന്ത്യ ഒരുപരിധി വരെ പിടിച്ചുനിര്‍ത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ പ്രതിരോധത്തില്‍ ഇതുവരെ രാജ്യം വിജയിച്ചുവെന്നും മറ്റ് പല രാജ്യങ്ങളിലും ഇന്ത്യയിലേക്കാള്‍ 30%ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രോഗത്തിനെതിരായ യുദ്ധത്തില്‍ ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ ആഗോള മാതൃകയായെന്നും തുടക്കത്തിലേ പ്രശ്‌നം കണ്ടെത്തിയത് ഇന്ത്യയ്ക്ക് തുണയായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സമൂഹ്യ അകലം പാലിക്കല്‍ തന്നെയാണ് രോഗം തടയാനുള്ള ഏറ്റവും വലിയ മാര്‍ഗമെന്നും രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

 

300 കോടി ബഡ്ജറ്റിൽ രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആർ ആർ ആർ. രൗദ്രം രണം രുദിരം ( ആര്‍ആര്‍ആര്‍) എന്നാണ് ചിത്രത്തിന്റെ പേര്. ബാഹുബലിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ആഴ്ച്ച അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ജൂനിയര്‍ എൻ.ടി.ആര്‍., രാംചരണ്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രം പറയുന്നത് 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ്. ചിത്രത്തിൽ മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ മോഹൻലാലും അഭിനയിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ജൂനിയർ എൻ.ടി.ആർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുരുവിന്റെ വേഷത്തിലാകും ചിത്രത്തിൽ മോഹൻലാൽ എത്തുക എന്നും റിപ്പോർട്ടുകളിൽ പറയുന്നു. ചില തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

 

വാർത്ത ശരി വെക്കുക ആണെങ്കിൽ ജൂനിയർ എൻ.ടി ആറിനൊപ്പമുള്ള മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രമാകും ഇത്. നേരത്തെ 2016ൽ പുറത്തിറങ്ങിയ ജനത ഗ്യാരേജിൽ ഇരുവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചിത്രം രണ്ട് ദേശീയ അവാർഡുകളും സ്വന്തമാക്കിയിരുന്നു.

രാംചരന്റെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന് ഛായാഗ്രഹണം കെ.കെ. സെന്തിൽകുമാറും, പ്രൊഡക്‌ഷൻ ഡിസൈനിങ് സാബു സിറിലും, കഥ വി. വിജയേന്ദ്ര പ്രസാദും, സംഗീതം കീരവാണിയും, വിഎഫ്എക്സ് വി. ശ്രീനിവാസ് മോഹനനും, എഡിറ്റിങ് ശ്രീകർ പ്രസാദും, കോസ്റ്റ്യൂം രാമ രാജമൗലിലും നിർവഹിക്കുന്നു. രണ്ട് യഥാർത്ഥ പോരാളികൾ ഉള്ള ഒരു സാങ്കൽപ്പിക കഥയാണ് ഇത് എന്നാണ് രാജമൗലി ചിത്രത്തെക്കുറിച്ച് പറയുന്നത്. ഒരു കാര്യവും ചെറിയരീതിയിൽ ചെയ്യുവാൻ ആഗ്രഹിക്കാത്ത ഒരാളാണ് താനെന്നും അതിനാലാണ് ഇതൊരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്നതെന്നും രാജമൗലി പറയുന്നു.

അഖിൽ മുരളി

ഇന്നെൻ ചാരെയായ് ചമഞ്ഞിരുന്നൊ-
രോട്ടുരുളി കൗതുകത്താൽ നോക്കീടവേ ഓർത്തുപോകുന്നൊരാ സുഖം
നിറഞ്ഞ കാലവൈഭവങ്ങൾ.
തിളക്കമോ മങ്ങിയവക്കിന്നൊ, രേകാന്ത
വാസ, സമമായൊരു ജീവിതമാടവേ.
കണിവെള്ളരി, മാമ്പഴം, അവക്കൊപ്പം
പഴവർഗ്ഗങ്ങൾ കണ്ടിടാൻ കൊതിക്കുന്നു
മാലോകരെന്നുമേ, മറക്കുന്നു മാനവൻ
നികത്തുന്നു വയലുകൾ, അഴിക്കുന്നു
ഭൂമി തൻ കോമള വേഷവും.
മുറ്റത്തിനോരത്ത് കണ്ടിടുന്നെന്നുടെ
പൂത്തൊരാകൊമ്പുകളോർമ്മകൾ മാത്രമായ്.
കണിയായ് കണ്ടിടാൻ പൂവണിഞ്ഞിന്നു ഞാൻ
മഞ്ഞപൊന്നാടചുറ്റിടും സുന്ദരിയാം യുവതിയെപോലെ.
എന്തിതു ചന്തം, നിർന്നിമേഷമായാ കാഴ്ച
കണ്ടിടാനുദിച്ചുയർന്നു ഹൃദ്രമ ദേവൻ,
മെല്ലെ മെല്ലവേ, യാ മഞ്ഞിൻ മൂടുപടമഴി-
ച്ചിടാൻ വെമ്പൽക്കൊണ്ടീടുന്നു ദേവൻ.
സ്നേഹമാണുദേവനെന്നിലായെന്നുമേ
സ്നേഹിച്ചീടുക ഞാനോ വ്യർത്ഥമായ്.
കണ്ണന്റെ ചിലമ്പൊലിപോലെയെന്നാകൃതി
തെന്നലിലേകുന്നു ഞാനാ നൂപുരനാദം,
മേടമാസമാണിത്, ആഗമനമോതിയെത്തീ വിഷുപ്പക്ഷികൾ, നെൽപ്പാടങ്ങൾ കനക
ശോഭയിലാടവേ, അണിഞ്ഞൊരുങ്ങീ പ്രഭാ-
വതിയായ് ഭൂമിദേവിയെനിക്കൊപ്പമായ്,
കൊട്ടും പാട്ടും തകര്പ്പുമായൊരുത്സവ-
കാല നാട്യത്തിൽ ലയിച്ചീടുന്നു വസുധ.
ഹുങ്കാരം മുഴങ്ങിയമാത്രമേൽ ഞെട്ടിയു-
ണർന്നു ഞാനാകെ പരവശയായ്, തിരിഞ്ഞു
നോക്കി ഞാനെന്നുടെയോരത്തു, കണ്ടില്ലാരുമേ
ഉന്മാദചിത്തരായ്.
തെറ്റിപ്പോകുന്നു കാലത്തിൻ കണക്കുകൾ
തേങ്ങി വിടരും ദളങ്ങൾ അറിയായുഗത്തിലായ്,
നിലതെറ്റി വീഴുന്നു നീർമുത്തുകൾ കവിൾ- ത്തുടുപ്പിലായ്, കണ്ണീരല്ലതു മഞ്ഞുതുള്ളിയെ-
ന്നറിഞ്ഞാലും.
ഇന്നുമോർക്കുന്നു ഞാനാജീവിതം, ഹർഷം
നിറഞ്ഞൊരാ നാൾ വഴികൾ, വിഷാദാനന്ദ
തിമിർപ്പിലാണ്ടൊരു ലാസ്യ, കദന പർവമിതെന്ന- റിഞ്ഞീടുന്നു,
വിറക്കുന്നു മേനിയും, നടുക്കുന്നു കാഴ്ചകൾ
ഉലയുന്നു മലരുകൾ, കൊഴിയുന്നു മണ്ണിലായ്,
കണിയായ് മാറിടാനിന്നെനിക്കാവില്ല, വിഷുദിന നാളിലായെന്മേനി കാണും ഇലകൾ മാത്രമായ്.

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.

തിരുവല്ലാ മാക്‌ഫാസ്റ്റ് കോളേജിൽ നിന്നും എംസിഎ ബിരുദം പൂർത്തിയാക്കി അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

ചിത്രീകരണം : അനുജ കെ

 

ന്യൂഡൽഹി∙ കോവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോൾ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആളുകൾ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യാത്ര അനുവദിച്ചാൽ നിലവിൽ കേന്ദ്രസർക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകും. ഹർജികൾ നാല് ആഴ്ചത്തേക്കു മാറ്റിവച്ചു.

ഇതിനിടെ സുപ്രീംകോടതിയില്‍ തിരിച്ചടിച്ചത് ഹര്‍ജി നല്‍കിയവരുടെ അവധാനതയില്ലായ്മയെന്നു മന്ത്രി കെ.ടി.ജലീല്‍ കുറ്റപ്പെടുത്തി. ഒരുമാസത്തേക്കു പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള സാധ്യത അടച്ചുവെന്നും ജലീല്‍ തുറന്നടിച്ചു. ആളുകളുടെ കണ്ണില്‍പൊടിയിടാന്‍ ആലോചനയില്ലാത്ത ഇടപെടലുകള്‍ നടത്തരുത്. കോടതിയില്‍ പോകുംമുന്‍പ് കേന്ദ്രത്തെയാണ് സമീപിക്കേണ്ടിയിരുന്നത്. തിരികെയെത്തുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാനം തയാറെടുത്തിരുന്നെന്നും ജലീല്‍ പറഞ്ഞു.

വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ യാത്രാവിലക്ക് ഏർപെടുത്തിയത്. ഗൾഫ് രാജ്യങ്ങൾക്കു പുറമേ യുഎസ്, ബ്രിട്ടൻ എന്നിവിടങ്ങളിലും ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു. അവരെയും തിരികെയെത്തിക്കണമെന്നും ആവശ്യമുണ്ട്. ഇവരെയൊക്കെ ഇപ്പോൾ ഇന്ത്യയിലെത്താൻ അനുവദിച്ചാൽ അതു രോഗവ്യാപനത്തിനു കാരണമായേക്കും. അങ്ങനെ സംഭവിച്ചാൽ നിലവിലെ ലോക്ഡൗണും യാത്രാവിലക്കും ലക്ഷ്യങ്ങളും തകിടം മറിയാൻ ഇടയാകും.

പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ചികിത്സാ സൗകര്യങ്ങളുൾപ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. അക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രവാസികളെ ഇപ്പോൾ നാട്ടിലെത്തിക്കുന്നതു പ്രായോഗികമായി തെറ്റായ കാര്യമാണെന്നും എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഹർജിയിലെ ആവശ്യങ്ങൾ കോടതി പൂർണമായി തള്ളിയിട്ടില്ല. ഒരു മാസം കഴിഞ്ഞ് ഇടപെടൽ വേണമെങ്കിൽ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അഞ്ചാം പാതിരയിലെ സൈക്കോ സൈമൺ എന്ന കഥാപാത്രം യഥാർഥ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതിയാരിന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പുതിയ കണ്ടുപിടുത്തം. കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ട കൊലപാതക കേസിലെ പ്രതി കേഡല്‍ ജീന്‍സന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു സൈക്കോ സൈമണെ സൃഷ്ടിച്ചതെന്നാണ് നവനീത് എന്ന പ്രേക്ഷകൻ പറയുന്നത്.

നവനീതിന്റെ കുറിപ്പ് വായിക്കാം:

സ്പോയിലർ ( അഞ്ചാം പാതിര കണ്ടവർ മാത്രം വായിക്കുക)

അഞ്ചാം പാതിര എന്ന സിനിമയിൽ മെയിൻ കില്ലറെക്കാൾ ആൾക്കാരെ വേട്ടയാടിയത് സൈക്കോ സൈമൺ എന്ന കഥാപാത്രമാണ്. ഇത് റിയൽ ലൈഫ് സംഭവമാണെന്ന് എത്ര പേർക്കറിയാം?

2017 ലാണ് സംഭവം. തിരുവനന്തപുരം നന്ദൻകോട് ബേൽസ് കോംപൗണ്ടിലെ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് സമീപം ഉള്ള പ്രൊഫസർ രാജാ തങ്കം , ഡോക്ടർ ജീൻ പത്മ ദമ്പതികളുടെ വീട്ടിൽ നിന്ന് രാത്രി പുകയും തീയും വരുന്നത് കണ്ട് ജനങ്ങൾ ആ വീടിന്റെ ഉള്ളിലേക്ക് ഓടി കയറുന്നു. വീട്ടിൽ മൊത്തം നാല് മൃതദേഹങ്ങൾ കത്തി കരിഞ്ഞ് പുഴുവരിച്ച നിലയിൽ ജനങ്ങൾ കണ്ടെത്തുന്നു. മരിച്ചത് രാജാ തങ്കം, ജീൻ പത്മ, മകൾ കരോളിൻ, ബന്ധു ലളിത എന്നിവരാണ്‌. മകൻ കേഡൽജീൻസണെ അവിടെ കാണാനും ഇല്ല.

പൊലീസ് ഇയാളാണ് കൊല നടത്തിയത് എന്ന് അനുമാനിക്കുന്നു. എന്നാൽ കൊല നടത്തിയ ശേഷം ചെന്നൈയിൽ ഒളിവിൽ പോയ കേഡൽ ജീൻസൺ ഒരാഴ്ചകകം തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ പൊങ്ങുന്നു. പൊലീസ് ഇവനെ തൽക്ഷണം അറസ്റ്റ് ചെയ്തു. എന്തായിരുന്നു കൊലപാതകകാരണം എന്ന് ചോദിച്ചപ്പോൾ മുപ്പത്കാരനായ അവൻ പറഞ്ഞ ഉത്തരം അന്ന് കേരളമൊട്ടാകെ ചില്ലറ ഭീതിയും കൗതുകവുമാണ് നൽകിയത്.

” ആസ്ട്രൽ പ്രൊജക്‌ഷൻ ”

ഇതായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞ മറുപടി. തുടക്കത്തിൽ ഇവനെന്താണ് പറയുന്നത് എന്ന് പൊലീസിന് ഒന്നും മനസിലായില്ല. അതിനാൽ പൊലീസ് മനശാസ്ത്രജ്ഞരുടെ സഹായം തേടിയപ്പോൾ പുറത്ത് വന്നത് കേരള മനസാക്ഷി ഒട്ടാകെ പിടിച്ച് കുലുക്കിയ ഞെട്ടിക്കുന്ന വിവരങ്ങളാണ്. ” മരണ ശേഷം തന്റെ കുടുംബാംഗങ്ങളുടെ ആത്മാവ് സ്വർഗത്തിലൂടെ പറക്കുന്നത് തനിക്ക് കാണണമായിരുന്നു. അതിന് വേണ്ടിയാണ് അവരെ കൊന്നത് ” . ഇതാണ് കേദൽ മനശാസ്ത്രജ്ഞർക്ക് നൽകിയ മറുപടി. ആദ്യം കൊന്നത് അമ്മയെ.

ഉച്ചയോടെ കംപ്യൂട്ടറിൽ താൻ വികസിപ്പിച്ചെടുത്ത ഗെയിം കാണിച്ച് തരാന്ന് പറഞ്ഞ് അവൻ തൻ്റെ മുകളിലത്തെ മുറിയിലെ റൂമിലേക്ക് കൊണ്ട് പോയി. കംപ്യൂട്ടർ ടേബിലിന് മുമ്പിൽ ഇരുന്ന അമ്മയെ മഴുവിന് വെട്ടി കൊലപ്പെടുത്തി.മൃതദേഹം വലിച്ച് മുകളിലത്തെ നിലയിലെ ടോയ്ലറ്റിൽ ഇട്ടു. പിന്നെ കൊന്നത് സമാന രീതിയിൽ അപ്പനെയും പെങ്ങളെയും. അന്ന് രാത്രി കണ്ണ് കാണാത്ത 69 കാരി വല്യമ്മ ലളിതയെയും. കൊന്ന ശേഷം അവൻ മൂന്ന് ദിനത്തോളം ഈ മൃതദേഹങ്ങളോടൊപ്പം ആ വീട്ടിൽ കഴിഞ്ഞു. വീട്ടിലെ ആൾക്കാർ ഇപ്പൊഴും ജീവനോടെ ഉണ്ടെന്ന് കാണിക്കാൻ അവൻ അഞ്ചാൾക്കുള്ള ഫുഡ് ഹോട്ടലീന്ന് വാങ്ങി.വേലക്കാരിയോട് ബന്ധുവിൻ്റെ കല്യാണത്തിന് വീട്ടുകാര് ദൂരെ പോയിരിക്കുവാ. അതോണ്ട് കുറച്ച് ദിനം വീട്ടിലേക്ക് വരണ്ടാന്ന് പറഞ്ഞു. മൂന്ന് ദിവസങ്ങൾക്ക് ശേഷം രാത്രി അവനാ നാല് മൃതദേഹങ്ങൾ പെട്രോളൊഴിച്ച് കത്തിച്ച് നാട് വിട്ടു.കൂടെ ഒരു കാര്യം കൂടി അവൻ ചെയ്തു. അവൻ്റെ ശരീരത്തിൻ്റെ ആകൃതിയിൽ ഒരു ഡമ്മി ഉണ്ടാക്കി അവൻ മരിച്ചു എന്ന് കാണിക്കാനായി അവൻ ആ ബോഡി കത്തിച്ചു.

തുടർന്നുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ കേഡൽ മൊഴിമാറ്റി. കുടുംബത്തിൽ നിന്ന് ഉള്ള അവഗണനയാണ് കൊലപാതകകാരണം എന്ന് അവൻ പറഞ്ഞു. പോലീസ് വിശ്വസിച്ചതും അംഗീകരിച്ചതും ഈ മൊഴിയാണ്.

ഫിലിപൈൻസിലും, ഓസ്ട്രേലിയയിലും പ്ലസ്ടുവിന് ശേഷം തുടർ പoനത്തിന് പോയ കേ‍ഡൽ കോഴ്സ് ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുകയും ചെയ്‌തു. തന്നെ വെറും +2 കാരനായും തൊഴിൽ രഹിതനാകും ആണ് വീട്ടുകാർ കണ്ടിരുന്നത് എന്നും അതേ ചൊല്ലി വീട്ടിൽ എന്നും താൻ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമായിരുന്നു എന്നും തുടർന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും കേദൽ പൊലീസിന് വീണ്ടും മൊഴി മാറ്റി നൽകി. സ്കീസോഫ്രീനിയ എന്ന മാനസിക രോഗം കേദലിന് ഉണ്ട് എന്ന് മനശാസ്ത്രജ്ഞരും സാക്ഷ്യപ്പെടുത്തി.

മാനസിക രോഗി എന്ന നിലകണക്കിലെടുത്ത് കേദലിനെ ജയിലിൽ അടക്കുകയും അവിടുന്ന് സഹതടവുകാരുടെ ഇടയിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങളും അക്രമങ്ങളും കാരണം ഇയാളെ മെന്റൽ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇടയ്ക്ക് ന്യൂമോണിയയോ മറ്റോ പിടിപെട്ട് അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ ആയിരുന്നു. അത് ഭേദമായി. ഇന്നും കേദൽ കേരളത്തിലെ ഏതോ ഒരു മാനസികാശുപത്രിയിലാണ്.

സമൂഹത്തിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ജീവിക്കുന്നവർ ആണ് കേഡലിന്റെ ഫാമിലി. അപ്പൻ പ്രൊഫസർ, അമ്മ ഡോക്ടർ, പെങ്ങൾ ചൈനയിൽ എം.ബി.ബി.എസ് പഠനം കഴിഞ്ഞ് വന്ന വിദ്യാർഥി.

പുറമെ സൗമ്യനും ശാന്തനുമായ കേഡൽ വളരെ ഇൻട്രൊവേർടാണ്. കേദൽ സമൂഹത്തിൽ നിന്ന് അകലം പാലിച്ച് വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ താൻ പഠിച്ച ഗെയിമിങ്ങിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സിലും മുഴുകി ഗെയിം വികസിപ്പിച്ചെടുക്കുന്ന പരിപാടി ആണെന്ന് പറയപ്പെടുന്നു. വർഷങ്ങളായി ആ വീട്ടിൽ താമസിച്ചിട്ടും അവനെ അയൽപക്കക്കാർക്കോ നാട്ടുകാർക്കൊ പോലും അറിയില്ല. എന്നും ഒരു നീലയും, കറുത്തതുമായ റ്റി ഷെർട് മാത്രമേ കേദൽ ധരിക്കുമായിരുന്നുള്ളു എന്ന് ആ വീട്ടിലെ വേലക്കാരി സാക്ഷ്യപ്പെടുത്തുന്നു. അന്ന് താനാ വീട്ടിലുണ്ടായിരുന്നെങ്കിൽ താനും കൊല്ലപ്പെടുമായിരുന്നു എന്നും അവർ പറയുന്നു.

നന്ദൻകോട്ടെ ഇവർ താമസിച്ചിരുന്ന ആ ആളൊഴിഞ്ഞ വീടിൻ്റെ നിലവിലത്തെ അവസ്ഥ ഒരു പ്രേതാലയം പോലെയാണ്. ഒരു ഞെട്ടിക്കുന്ന ത്രില്ലർ ഇനി വരണമെങ്കിൽ അതിന് വേണ്ട എല്ലാ എലമെന്റ്സും കേ‍‍ഡലിന്റെ ജീവിതത്തിൽ ഉണ്ട്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒരു വർഷത്തോളമായി ചിലവഴിച്ചുകൊണ്ടിരിക്കുന്ന നാസയുടെ ബഹിരാകാശയാത്രികർ ഭൂമിയിലേക്ക് തിരിച്ചു വരികയാണ്. അവര്‍ പോകുമ്പോള്‍ ഉള്ള ലോകമല്ല ഇപ്പോള്‍. കൊറോണ ഭീതിയില്‍ ഭൂമിയാകെ മൂകമായിരിക്കുകയാണ്.

ഏഴ് മാസത്തിന് ശേഷം കുടുംബത്തെയും സുഹൃത്തുക്കളെയും കാണുമ്പോള്‍ അവരെയൊന്നു ആലിംഗനം ചെയ്യാന്‍ പോലും കഴിയില്ലെന്നത്, അവിടെ എത്തിയാല്‍ ബഹിരാകാശത്തേക്കാൾ കൂടുതൽ ഒറ്റപ്പെട്ട അവസ്ഥയായിരിക്കും എന്നത്, എല്ലാം എങ്ങിനെ അട്ജസ്റ്റ് ചെയ്യുമെന്ന ആശങ്കയിലാണ് ജെസീക്ക മെയർ. എങ്കില്‍പോലും എല്ലാവരേയും നേരില്‍ കാണാനെങ്കിലും കഴിയുമല്ലോ എന്ന ആശ്വാസമാണ് ഭൂമിയിലേക്കുള്ള മടക്കയാത്രയെ ആകാംക്ഷാ ഭരിതമാക്കുന്നത് എന്നും അവര്‍ പറഞ്ഞുവയ്ക്കുന്നു.

കൊറോണ വൈറസ് പാൻഡെമിക്കിനെക്കുറിച്ചുള്ള വാർത്തകൾ അറിയാൻ അവര്‍ നിരന്തരം ശ്രമിച്ചിരുന്നു. ‘അങ്ങ് താഴെ ഭൂമിയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാന്‍ അതിയായ ആകാംക്ഷയുണ്ട്. പലതും കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു’ എന്ന് ബഹിരാകാശയാത്രികയായ ജെസീക്ക മെയർ പറയുന്നു. ‘പക്ഷെ, ഇവിടെന്ന് നോക്കുമ്പോള്‍ ഭൂമി എല്ലായ്പോഴും എന്നപോലെ അതിശയകരമാംവിധം മനോഹരമാണ്. അതിനാല്‍, ഞങ്ങള്‍ ഇവിടെ എത്തിയതിനുശേഷം അവിടെ സംഭവിച്ച മാറ്റങ്ങള്‍ വിശ്വസിക്കാൻ പ്രയാസമാണ്’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് മോർഗൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. മെയര്‍ സെപ്റ്റംബറിലും. റഷ്യൻ ഒലെഗ് സ്‌ക്രിപോച്ച്കയ്‌ക്കൊപ്പം സോയൂസ് കാപ്‌സ്യൂളിൽ അവർ കസാക്കിസ്ഥാനിൽ വന്നിറങ്ങും. പസഫിക് സമുദ്രത്തിൽ അപ്പോളോ 13 സംഘം പറന്നിറങ്ങിയതിന്റെ കൃത്യം 50-ാം വാര്‍ഷിക ദിനത്തിലാണ് മൂന്ന് ബഹിരാകാശയാത്രികരും ഭൂമിയിലേക്ക് മടങ്ങുന്നത് എന്നതും പ്രത്യേകതയാണ്. ‘ഇപ്പോള്‍ വലിയ പ്രതിസന്ധിയുണ്ട്, ആ പ്രതിസന്ധി ഭൂമിയിലാണ്’ മോർഗൻ പറഞ്ഞു.

ക്രിക്കറ്റ് കരിയറില്‍ നിര്‍ണായക ഘട്ടത്തില്‍ സഹായത്തിനെത്തിയത് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണെന്ന് മുന്‍ പാക് താരം സഖ്ലയിന്‍ മുഷ്താഖ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റിനകത്തും പുറത്തും ശത്രുക്കളായി ഏറ്റുമുട്ടുന്ന കാലത്ത് പോലും തന്നെ സഹായിച്ച കുംബ്ലെയെ കുറിച്ചാണ് സഖ്ലയിന്‍ വാചാലനായത്. 2004ലാണ് താരം അവസാനമായി പാക്കിസ്ഥാനുവേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. പാക്കിസ്ഥാന്റെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരിലൊരാളായാരുന്നു സഖ്ലയ്ന്‍.

കുംബ്ലെ തന്നെ സഹായിച്ചതിനെ കുറിച്ച് സഖ്ലയിന്‍ പറയുന്നു.- അന്ന് തങ്ങള്‍ ഇംഗ്ലണ്ടിലായിരുന്നു. മത്സരശേഷം കുംബ്ലെയുമായി സംസാരിക്കുന്നതിനിടയില്‍ കാഴ്ചയുടെ കാര്യവും താന്‍ പറയുകയുണ്ടായി. പാക്കിസ്ഥാനിലെ പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. കുംബ്ലെയാണ് ലണ്ടനിലെ ഡോക്ടറായ ഭരത് റുഗാനിയെ നിര്‍ദ്ദേശിച്ചത്. സൗരവ് ഗാംഗുലിയും കുംബ്ലെയും അവിടെ ചികിത്സയ്ക്കായി എത്തിയിരുന്നു. കുംബ്ലെ അദ്ദേഹത്തിന്റെ നമ്പര്‍ തരികയും താന്‍ ഡോക്ടറെ സന്ദര്‍ശിക്കുകയുമായിരുന്നെന്ന് സഖ്ലയിന്‍ പറഞ്ഞു. ഡോക്ടര്‍ തന്നെ പരിശോധിക്കുകയും കണ്ണട തരികയും ചെയ്തു.

ദീര്‍ഘനാളത്തെ ചികിത്സയ്ക്കുശേഷം തനിക്ക് കാഴ്ച തിരികെ കിട്ടിയെന്നും സഖ്ലയിന്‍ വെളിപ്പെടുത്തി. അനില്‍ കുംബ്ലെ തന്റെ രക്ഷയ്ക്കെത്തിയിരുന്നില്ലെങ്കില്‍ കരിയര്‍ തുടരാന്‍ കഴിയുമായിരുന്നില്ലെന്നും മുന്‍ സ്പിന്നര്‍ പറയുന്നുണ്ട്. ടീമുകള്‍ പരസ്പരം പോരടിക്കുമ്പോഴും കളിക്കാര്‍ തമ്മില്‍ കളത്തിന് പുറത്ത് സുഹൃത്തുക്കളായിരുന്നെന്നാണ് താരം പറയുന്നത്. ചികിത്സയ്ക്കുമുന്‍പ് ഫീല്‍ഡ് ചെയ്യാന്‍ അത്യധികം ബുദ്ധിമുട്ടിയിരുന്നു. ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ പിച്ചില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് വ്യക്തമായിരുന്നില്ല. എന്നാല്‍, ചികിത്സയ്ക്കുശേഷം കാഴ്ച തിരിച്ചുകിട്ടി. തനിക്ക് മൂത്ത സഹോദരനെപോലെയാണ് കുംബ്ലെയെന്ന് സഖ്ലയ്ന്‍ പറഞ്ഞു.

കൊവിഡ് 19 പ്രതിരോധത്തില്‍ സഹായം പ്രഖ്യാപിച്ച് അമൃതാനന്ദമയി മഠം. 13 കോടി രൂപയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മഠം നല്‍കുന്നതെന്ന് അറിയിച്ചു. പിഎം കെയര്‍സ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയുമാണ് നല്‍കുക.

കൂടാതെ കൊവിഡ്-19 രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(അമൃത ആശുപത്രി) സൗജന്യ ചികിത്സയും നല്‍കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മര്‍ദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃത സര്‍വകലാശാലയും, അമൃത ആശുപത്രിയും ചേര്‍ന്ന് ഒരു മാനസികാരോഗ്യ ടെലിഫോണ്‍ സഹായകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.

മക്കളെ കൊലപ്പെടുത്തുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന പെറ്റമ്മമാരുടെ വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുകാലമായി മാധ്യമങ്ങളില്‍ നിറയുകാണ്. അത്തരത്തില്‍ അമ്മയെന്ന പരിശുദ്ധമായ വാക്കിന് കളങ്കമേല്‍പ്പിച്ചുകൊണ്ട് തന്റെ അഞ്ച് മക്കളെ പുഴയിലെറിഞ്ഞു കൊന്ന ഒരു പെറ്റമ്മയുടെ വാര്‍ത്തയാണ് ഇന്ന് പുറത്തുവരുന്നത്.

ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ ജഹാംഗീറാബാദിലാണ് സംഭവം. ഒരു തൊഴിലാളിസ്ത്രീയാണ് തന്റെ അഞ്ച് കുഞ്ഞുങ്ങളെയും ഗംഗാനദിയിലെറിഞ്ഞത്‌. ഇതില്‍ പന്ത്രണ്ടും പത്തും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ചയാണു സംഭവം. മഞ്ജുയാദവ് എന്നസ്ത്രീയാണ് നൊന്തു പ്രസവിച്ച അഞ്ച് മക്കളെയും പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് കുട്ടികളെ ഇവര്‍ നദിയിലെറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്.

ഇവര്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം, പട്ടിണിയായതിനെ തുടര്‍ന്നാവാം മഞ്ജുയാദവ് മക്കളെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസക്കൂലിയില്‍ കഴിഞ്ഞിരുന്ന കുടുംബം അടച്ചിടലിനുശേഷം വരുമാനം നിലച്ച് പട്ടിണിയിലായതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചു. സ്റ്റാന്‍ലി ചെറയാണ് വൈറസ് ബാധയേറ്റ് മരിച്ചത്. 80നോടടുത്തായിരുന്നു പ്രായം. തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെ സാമ്പത്തികമായി സഹായിച്ചവരില്‍ പ്രമുഖനുമായിരുന്നു ഇദ്ദേഹം.

ഞായറാഴ്ച നടത്തിയ വൈറ്റ്ഹൗസ് യോഗത്തില്‍ തന്റെ സുഹൃത്ത് ഗുരുതരമായി രോഗബാധിതനായ വിവരം ട്രംപ് അറിയിച്ചിരുന്നു. കൊവിഡ് ബാധിതനായവരില്‍ ഒരാള്‍ തന്റെ സുഹൃത്താണെന്നും നല്ല പ്രായമുണ്ടെന്നും പക്ഷെ അദ്ദേഹം കരുത്തനായ മനുഷ്യനാണെന്നും ആണ് മാര്‍ച്ച് അവസാനം നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്.

വര്‍ധിച്ചു വരുന്ന കൊവിഡ് സ്ഥിരീകരണ കണക്കുകളാണ് തന്റെ തീരുമാനങ്ങള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കു പിന്നിലെന്നായിരുന്നു ട്രംപ് മാധ്യമങ്ങള്‍ക്ക് ചോദ്യത്തിനു മറുപടി നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡറും റിയല്‍എസ്റ്റേറ്റ്കാരനുമെന്നാണ് ട്രംപ് മരണപ്പെട്ട തന്റെ സുഹൃത്തിനെ വിശേഷിപ്പിച്ചത്.

RECENT POSTS
Copyright © . All rights reserved