കൊവിഡ് രോഗം ഗുരുതരമായ രീതിയിൽ പടർന്നുപിടിക്കുന്നതിനിടെ രോഗം പരിശോധിക്കുന്നതിന് വേണ്ടിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തമിഴ്‌നാട്ടിലേക്ക് ഇനിയും എത്തിയില്ല. ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കാനിരുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ അമേരിക്ക കൊണ്ടുപോയെന്നാണ് ലഭിച്ച വിവരം. ഇതോടെ തമിഴ്‌നാട്ടിൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം നേരിടുകയാണ്.
കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ചൈനയിൽ നിന്നാണ് തമിഴ്‌നാട് ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഓർഡർ ചെയ്തത്. എന്നാൽ ആ കിറ്റുകൾ ഇന്ത്യയിൽ ഇത് വരെ എത്തിയിട്ടില്ല. ഇന്ത്യയിൽ എത്തിയാൽ ഉടൻ സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷം 50000 കിറ്റുകൾ അധികമായി വീണ്ടും ഓർഡർ ചെയ്തിരുന്നു. മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ട് ലക്ഷം കിറ്റുകളാണ് വീണ്ടും ആവശ്യപ്പെട്ടത്. ഇതോടെ ഇതുവരെ നാല് ലക്ഷം കിറ്റുകൾ ആണ് ഓർഡർ ചെയ്തതെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷൺമുഖം ശനിയാഴ്ച പറഞ്ഞു.
നേരത്തെ, ജർമ്മനിയും ഫ്രാൻസും അമേരിക്കയ്‌ക്കെതിരെ സമാനമായ പരാതിയുമായി രംഗതെത്തിയിരുന്നു. ഹോങ്കോങിൽ നിന്നും തങ്ങൾക്ക് അനുവദിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ അമേരിക്ക തട്ടിക്കൊണ്ടു പോയതായാണ് രാഷ്ട്രങ്ങൾ ആരോപിച്ചിരുന്നത്.
ലോക്ക് ഡൗണിനിടെ സമൂഹ അടുക്കളയില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം കാത്തുനിന്നവരുടെ ഇടയിലേക്ക് മിനിലോറി പാഞ്ഞുകയറി. എറണാകുളം ടൗണ്‍ഹാളിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ലോക്ക് ഡൗണായതിനാല്‍ സമൂഹ അടുക്കളയില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം കാത്ത് നിന്ന അതിഥി തൊഴിലാളികള്‍ അടക്കമുളളവര്‍ക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ടെത്തിയ മിനി ലോറി പാഞ്ഞുകയറുകയായിരുന്നു.
കടുത്ത വെയിലും ചൂടുമായതിനാല്‍ തണല്‍ തേടി മരത്തിന്റെ ചുവട്ടിലാണ് അതിഥി തൊഴിലാളികള്‍ അടക്കമുളളവര്‍ വിശ്രമിച്ചിരുന്നത്. ഇവരുടെ ഇടയിലേക്കാണ് എറണാകുളം നോര്‍ത്ത് പാലം ഭാഗത്ത് നിന്നുവന്ന വെളളകുപ്പി കയറ്റി വന്ന ലോറി പാഞ്ഞുകയറിയത്.
ശേഷം സമീപത്തുളള മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
കണ്ണൂര്‍ കുടിയാന്മലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ നിരീക്ഷണം ലംഘിച്ച് വിശ്വാസികള്‍ക്കൊപ്പം കുരിശ് മല യാത്ര നടത്തിയ ഇടവക വികാരിക്കെതിരെ കേസ്. വികാരി ലാസര്‍ വരമ്പകത്തിനെതിരെയാണ് കേസെടുത്തത്.
ശനിയാഴ്ച രാവിലെയാണ് പത്തിലധികം വിശ്വാസികള്‍ക്കൊപ്പം വൈദീകന്‍ കുരിശ് മല കയറിയത്. കൊവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആളായിരുന്നു വൈദികന്‍.
ദുബൈയില്‍ നിന്നും വന്ന കുടിയാന്മല സ്വദേശിയായ യുവാവിന് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വൈദീകനോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. യുവാവിന്റെ മാതാപിതാക്കളുമായി വൈദികന് സമ്പര്‍ക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച മാതാപിതാക്കള്‍ക്കും രോഗബാധ കണ്ടെത്തി. ഇതിനിടെയാണ് വൈദീകന്‍ വിശ്വാസികള്‍ക്കൊപ്പം മല കയറിയത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9,152 ആയി. 24 മണിക്കൂറിനിടെ 34പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 308 ആയി. മഹാരാഷ്ട്രയില്‍ 1985 രോഗികള്‍, മരണം 149. മധ്യപ്രദേശ് 36, ഗുജറാത്ത് 25, ഡല്‍ഹി 24പേരും മരിച്ചു. മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ മൂന്ന് നഴ്സുമാര്‍ക്കും പുണെയില്‍ ഒരു നഴ്സിനുമാണ് രോഗം സ്ഥിരീകരിച്ചത്. ധാരാവിയിൽ ഇന്ന് അഞ്ചാമത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ രോഗബാധിതരുടെ എണ്ണം 47 ആയി. മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി
ആറുദിവസം കൂടുമ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇതുവരെ ഒരു ലക്ഷത്തി എണ്‍പത്തിയാറായിരം സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്‍റെ പ്രഖ്യാപനം വൈകാതെയുണ്ടാകും. കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്നുമുതല്‍ ഒാഫീസുകളില്‍ എത്തുമെന്നാണ് സൂചന.
മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുത്തന്‍പുര കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ ആശ്രമത്താഴത്ത് കോഞ്ഞിരവേലില്‍ മജീദിന്റെ മകന്‍ അക്ബര്‍ ഷാ ആണ് മരിച്ചത്. 18 വയസ്സുമാത്രമേ പ്രായമുള്ളൂ.
ഞായറാഴ്ച വൈകിട്ട് 5.30 ഓടെ മൂവാറ്റുപുഴയാറ്റിലെ പുത്തന്‍പുര കടവിലാണ് സംഭവം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ടു പോവുകയായിരുന്നു.
സുഹൃത്തുക്കള്‍ ഒച്ചവച്ചതോടെ സംഭവം കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, യുവാവിനെ പുറത്തെടുത്തങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍മലാ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു അക്ബര്‍ ഷാ.
സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസ് കുറയുന്നത് ആശ്വാസകരമാണെന്ന് മന്ത്രി കെ കെ ശൈലജ. പരിശ്രമത്തിന് ഫലം ലഭിക്കുന്നുണ്ട്. പൂര്‍ണമായി ആശ്വാസം ലഭിച്ചെന്ന് പറയാനായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്കയുണ്ട്. വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്തുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പരിശോധനക്കായി 10 ലാബുകള്‍ സജ്ജമാണ്. കാസര്‍കോട് നിന്നും പോസിറ്റീവ് കേസ് വരാത്തത് ആശ്വാസകരമാണ്. കാസര്‍കോട് മാത്രം ഇന്നലെ 28 പേര്‍ രോഗമുക്തി നേടി.
കേന്ദ്രത്തില്‍ നിന്ന് ലോക്ക്‌ഡൌണില്‍ ഇളവ് ലഭിക്കുന്ന മുറക്ക് നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കും. ചികിത്സയിലുള്ള ഒന്ന് രണ്ട് പേര്‍ ഗൗരവതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരുണ്ട്. വിഷു പ്രമാണിച്ച് അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ദുബായില്‍ കൊവിഡ് ബാധിച്ച് രണ്ടാഴ്ച ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി പ്രദീപ് സാഗറാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. തുടക്കത്തില്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ഒരാഴ്ച മുമ്പ് രോഗം കടുത്തതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കുകയുണ്ടായി. ദുബായി കോർപൊർറ്റഷനിൽ ടാക്സി ഡ്രൈവർ ആയിരുന്നു ഇദ്ദേഹം.
ഇദ്ദേഹത്തിനൊപ്പം ഒരുമിച്ച് താമസിച്ചിരുന്നവർ നൽകുന്ന വിവരം അനുസരിച്ച് രണ്ടാഴ്ച മുന്പാണ് രോഗലക്ഷണങ്ങൾ കണ്ടിരുന്നത്. ഇതേതുടർന്ന് ഇവർക്ക് ആശുപത്രിയിൽ പോകാൻ സാധിച്ചിരുന്നില്ല. രോഗശമനത്തിനായി പനിയുടെ മരുന്നാണ് ഇവർ കഴിച്ചിരുന്നത്. പിന്നെ രോഗം സംശയിച്ചതിനെ തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ പോയി ടെസ്റ്റ് ചെയ്തതിൽ പോസിറ്റീവ് ആയിരുന്നില്ല. വീണ്ടും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനെത്തുടർന്ന് രണ്ടാമത് നടത്തിയ റെസ്റ്റിലാണ് കൊറോണ പോസിറ്റീവ് ആയത്. ഇതേതുടർന്ന് അവിടെയുള്ള ആശുപത്രിയിൽ തന്നെ ചികിത്സയ്ക്ക് അഡ്മിറ്റ് ചെയ്യുകയായിരുന്നു.
എവിടെനിന്നും വേണ്ടത്ര ചികിത്സകളോ ബോധവത്കരണമോ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഒരാൾക്ക് അസുഖം ഉണ്ടായാൽ തന്നെ കൃത്യമായ ഐസൊലേഷനിൽ ആക്കുകയോ ഒപ്പം കൃത്യമായ പരിചരണമോ ലഭ്യമാകുന്നില്ല. പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതോ ഒപ്പം സ്വയം ചികിൽത്സ നേടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. മലയാളികൾ ഒരുമിച്ച് താമസിക്കുന്നിടങ്ങളിൽ കൃത്യമായ ബോധവത്കരണം ഉണ്ടാകുന്നില്ല, ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ് നിലനിൽകുന്നത്.
എട്ട് വർഷമായി ഇദ്ദേഹം ദുബായിൽ തന്നെയായിരുന്നു. രണ്ടാഴ്ചയായി രോഗലക്ഷണങ്ങൾ ഇദ്ദേഹത്തിൽ പ്രകടമായിരുന്നു. ഇതേതുടർന്ന് പത്ത് ദിവസമായി ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതേതുടർന്ന് ഇന്ന് രാവിലെയാണ് ഇദ്ദേഹം മരണപ്പെട്ടത്. ഗുരുതരമായ സാഹചര്യമായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്നവരാണ് ഇവരെ ചികിൽസിച്ചിരുന്നത്. ആയതിനാൽ തന്നെ പലരിലും ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആണെന്ന റിസൾട്ട് ആണ് ലഭിച്ചത്. പലരും ഇതിനാൽ തന്നെ ആശങ്കയിലാണ്.
കൊറോണാവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ സ്വീകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നു യുഎഇ. സ്വകാര്യമേഖലയിലെ തൊഴിലാളികളില്‍ താല്‍പര്യമുള്ളവരെ തിരികെ അയയ്ക്കാനുള്ള യുഎഇ നടപടികളോടു സഹകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ധാരണാപത്രങ്ങള്‍ റദ്ദാക്കാന്‍ ആലോചിക്കുന്നുണ്ട്.
തിരികെപ്പോകാന്‍ ആഗ്രഹിക്കുന്ന കോവിഡ് ബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയാറാണെന്ന് യുഎഇ അറിയിച്ചിട്ടും ഇന്ത്യ പ്രതികരിച്ചിട്ടില്ല. യുഎഇ നടപടികളോടു സഹകരിക്കാത്ത രാജ്യങ്ങളുടെ റിക്രൂട്‌മെന്റ് ക്വോട്ട വെട്ടിക്കുറയ്ക്കുന്നതും പരിഗണനയിലാണെന്നു മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.
കോവിഡ് ഓട്ടം തുടങ്ങിയതു മുതല്‍ മിക്ക 108 ആംബുലന്‍സ് ഡ്രൈവര്‍മാരും കുടുംബത്തെ ഓര്‍ത്ത് വീട്ടില്‍ പോകുന്നില്ല. പോകുന്നവര്‍ കുടുംബത്തെ ബന്ധുവീട്ടിലേക്കു പറഞ്ഞു വിടുകയാണ്. അതുകൊണ്ടാണ് മഞ്ചേരിയിലെ മൂന്നു വയസ്സുകാരി ഇനിയയുടെ ആഗ്രഹം കോവിഡ് കാലത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കിടയിലെ സങ്കടക്കാഴ്ചയായത്.
പെരിന്തല്‍മണ്ണയിലെ ആംബുലന്‍സ് ജീവനക്കാരനായ വറ്റല്ലൂര്‍ പള്ളിപ്പറമ്പില്‍ സഗീര്‍ വീട്ടില്‍ പോയിട്ട് 25 ദിവസം കഴിഞ്ഞു. ഫോണ്‍ മുഖേന ആണു വീട്ടുകാരുമായി ബന്ധം. ഏക മകള്‍ ഉപ്പയെ കാണാന്‍ വാശി പിടിക്കുമ്പോള്‍ നാളെ വരുമെന്നു പറഞ്ഞു ഭാര്യ ആശ്വസിപ്പിക്കുമെന്നു സഗീര്‍ പറയുന്നു. നാളെകള്‍ ആഴ്ചകള്‍ക്കു വഴിമാറി. രോഗികളെയും കൊണ്ടു ആശുപത്രിയിലേക്കു കുതിക്കുമ്പോള്‍ കുടുംബ കാര്യങ്ങള്‍ മാറ്റിവയ്ക്കുകയാണ്.
ഇന്നലെ പുലാമന്തോള്‍ ഭാഗത്തുനിന്നു രോഗിയെ കൊണ്ടു വരുമ്പോള്‍ വീടിനു സമീപത്തുകൂടെ പോകുന്ന വിവരം ഭാര്യയെ വിളിച്ചു പറഞ്ഞു.ഉപ്പയെ കാണാന്‍ വാശി പിടിക്കുന്ന കുഞ്ഞുമോളുടെ ആഗ്രഹം വീണ്ടുമൊരു നാളേയ്ക്കു നീട്ടി വയ്ക്കാന്‍ ഉമ്മ മനസ്സിനു കഴിഞ്ഞില്ല. വീടിനു മുന്നില്‍ മകളും ഭാര്യയും കാത്തുനിന്നു. കൂടെ രോഗി ഉള്ളതിനാല്‍ വണ്ടി നിര്‍ത്താതെ ഒന്നു കൈ വീശിക്കാണിച്ചു യാത്ര തുടര്‍ന്നെന്നു സഗീര്‍ പറഞ്ഞു.
യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. വില്ലന്‍ വേഷത്തിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു താരം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയുടെ യൂത്ത് ഐക്കണായി മാറുകയായിരുന്നു താരം. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടന്‍ എന്നതിനും അപ്പുറത്ത് നല്ലൊരു മനുഷ്യന്‍ കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ച സന്ദര്‍ഭങ്ങള്‍ ഏറെയായിരുന്നു. പ്രളയകാലത്ത് ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു താരം. നേരിട്ട് ക്യാംപുകളിലേക്ക് സാധനങ്ങളെത്തിക്കാനും വീടുകളില്‍ കുടുങ്ങിപ്പോയവരെ ക്യാംപുകളിലേക്ക് മാറ്റാനുമൊക്കെ താരവും സജീവമായിരുന്നു.
കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. സിനിമ, സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തിവെക്കുകയായിരുന്നു. തിയേറ്ററുകള്‍ അടച്ചിട്ടതോടെ റിലീസുകളും നിര്‍ത്തുകയായിരുന്നു. വീട്ടിലിരിക്കാനുള്ള നിര്‍ദേശം പാലിക്കുകയെന്ന ഉത്തരവാദിത്തമാണ് നമുക്ക് ഇപ്പോഴുള്ളതെന്ന് ടൊവിനോ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. മനസ്സിലാണ് ആഘോഷങ്ങളുടെ തിരി തെളിയുന്നതെന്നും താരം പറയുന്നു. അമ്മയുണ്ടാക്കുന്ന വിഭവങ്ങളില്ലാത്ത ഈസ്റ്ററായിരുന്നു കഴിഞ്ഞുപോയതെന്നും താരം പറയുന്നു.
ഈസ്റ്ററിന് എല്ലാവരും ഒരുമിച്ച് കൂടുന്ന പതിവാണ് തങ്ങളുടേതെന്ന് ടൊവിനോ പറയുന്നു. രുചികരമായ വിഭവങ്ങളാണ് ഈസ്റ്ററിന് അമ്മ ഉണ്ടാക്കാറുള്ളത്. ആ ദിവസത്തെ പ്രധാന പ്രത്യേകതയും അത് തന്നെയാണ്. ഇത്തവണത്തെ വലിയ നഷ്ടവും അതായിരുന്നു. അമ്മയുണ്ടാക്കുന്ന വിഭവങ്ങളില്ലാതെയായിരുന്നു ഈസ്റ്റര്‍ കടന്നുപോയത്. ആഘോഷങ്ങള്‍ക്കെല്ലാം പരിധി നിശ്ചയിക്കേണ്ടി വന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഈസ്റ്റര്‍.
അനിയത്തിയുടെ ചികിത്സയ്ക്കായി അമ്മയും വെല്ലൂരിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഹോം ക്വാറന്റൈനിലാണ് അമ്മ ഇപ്പോള്‍. കുട്ടികളെ വീട്ടില്‍ നിര്‍ത്തണ്ട എന്ന് തീരുമാനിച്ചിരുന്നു. ഭാര്യയും കുഞ്ഞും ചേട്ടന്റെ ഭാര്യയും കുടുംബവും അവരുടെ വീടുകളിലേക്ക് പോവുകയായിരുന്നു. ഈസ്റ്ററിന് അവര്‍ വീട്ടിലില്ലാത്തതും സങ്കടമുള്ള കാര്യമാണ്.
സഹോദരിയുടെ വിവാഹ ശേഷം ചേട്ടനും താനും ബാച്ചിലേഴ്‌സ് ആയിരുന്നപ്പോഴുള്ള ഈസ്റ്റര്‍ ആഘോഷമാണ് ഓര്‍മ്മയില്‍ വരുന്നത്. ആഘോഷങ്ങളിലെല്ലാം പാചകവും ഒരുമിച്ചാണ്. അമ്മയുടെ കൈയെത്താതെ തൃപ്തി വരാറില്ല. ഇത്തവണ അമ്മയെ അടുക്കളയില്‍ കയറ്റിയില്ല. അമ്മയെ അമ്മയുടെ മുറിയില്‍ നിന്നും പുറത്ത് ഇറക്കുന്നില്ല. വീട്ടില്‍ അമ്മയും അപ്പനും ചേട്ടനും മാത്രമുള്ള അവസ്ഥയാണ് ഇപ്പോഴത്തേത്.
അമ്മ ചെയ്തിരുന്ന ജോലികളെല്ലാം ഇപ്പോള്‍ അപ്പനും മക്കളും ചേര്‍ന്നാണ് ചെയ്യുന്നത്. വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ ചേട്ടന് ജോലികളില്‍ ചെറിയൊരു ഇളവ് കൊടുത്തിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ അമ്മയുടെ കൈപ്പുണ്യം മിസ്സ് ചെയ്‌തെന്നും താരം പറയുന്നു. ലോക് ഡൗണായതിനാല്‍ വീട്ടില്‍ത്തന്നെ ഇരിക്കുക, ഈ നിര്‍ദേശം എന്തിന് വേണ്ടിയെന്ന് മനസ്സിലാക്കി അത് പാലിക്കലാണ് ഇപ്പോഴത്തെ ഉത്തരവാദിത്തം. ഫെഫ്കയുടെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി കിച്ചണില്‍ താനും ഭാഗമാണെന്നും ടൊവിനോ പറയുന്നു.
ബ്രേക്ക് ദ ചെയ്ന്‍ ക്യാംപയിനുമായും ടൊവിനോ സഹകരിക്കുന്നുണ്ട്. വീട്ടില്‍ ഇരുന്ന് നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട സമയമാണ് ഇപ്പോഴത്തേത്. മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോഡ് കൗണ്‍ പ്രഖ്യാപിച്ചത്. ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത ചിത്രത്തിലേക്ക് പോവുമെന്നും ടൊവിനോ തോമസ് പറയുന്നു.