പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനായ ബിജെപി നേതാവ് പത്മരാജൻ കൂടുതൽ കുട്ടികളെ ഉപദ്രവിച്ചതായി വെളിപ്പെടുത്തൽ. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹപാഠിയാണ് ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്.
‘നിരന്തരം ശുചിമുറിയിൽ കൊണ്ടുപോയി പപ്പൻമാഷ് ഓളെ ഉപദ്രവിച്ചു. ഒരു ദിവസം കരഞ്ഞുകൊണ്ടാണ് വന്നത്. മറ്റു കുട്ടികളോടും മോശമായി മാഷ് പെരുമാറാറുണ്ട്. മാഷെ പേടിച്ചാ ഓള് സ്‌കൂളിൽ വരാതിരുന്നത്. പുറത്തു പറഞ്ഞാൽ ഉമ്മയുടെയും ജീവൻ അപകടത്തിലാകുമെന്ന് ഭയന്നിരുന്നു. ഓള് വല്ലാത്ത പേടിയിലായിരുന്നു. എൽഎസ്എസ് ക്ലാസെന്ന് പറഞ്ഞ് അവധിദിവസം സ്‌കൂളിലേക്ക് വിളിപ്പിച്ചു. ഓളാകെ പേടിച്ചുപോയി”- സഹപാഠിയായ പെൺകുട്ടി പറഞ്ഞു. പരാതിയിലും മജിസ്‌ട്രേട്ടുമുമ്പാകെ നൽകിയ രഹസ്യമൊഴിയിലും ഈ സംഭവമെല്ലാം പീഡനത്തിനിരയായ പെൺകുട്ടിയും തുറന്നുപറഞ്ഞിട്ടുണ്ട്
പാനൂർ പൊലീസിനെ വെട്ടിച്ച് പ്രതി ഒളിച്ചുകഴിഞ്ഞത് ആർഎസ്എസ്സുകാരനായ പൊയിലൂർ വിളക്കോട്ടൂരിലെ കുനിയിൽ രാജീവന്റെ വീട്ടിൽ. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ വധശ്രമം, വിളക്കോട്ടൂരിലെ സിപിഐ എം പ്രവർത്തകൻ ജ്യോതിരാജ് വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രാജീവൻ.
വിളക്കോട്ടൂരിൽ കൂടുതൽ പൊലീസിനെ കണ്ടതോടെ ബുധനാഴ്ച രാവിലെ ബന്ധുവായ ബിജെപി പ്രവർത്തകൻ പൊയിലൂർ തട്ടിൽപീടികയിലെ മത്തത്ത് നാണുവിന്റെ വീട്ടിലേക്ക് മാറ്റി. അവിടെവച്ചാണ് പ്രതിയെ പിടിച്ചത്. രാജീവന്റെ വീട്ടിലാണ് പൊലീസ് ആദ്യമെത്തിയത്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പുതിയ ഒളിയിടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ബ്രിട്ടിഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ ലാൻഡ് ചെയ്തു. ലോക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ യുകെ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിനാണു ബ്രിട്ടിഷ് സർക്കാരിന്റെ പ്രത്യേക നിർദേശത്തിൽ വിമാനമെത്തിയത്. വൈകിട്ട് 5.25ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ വിമാനം ഏഴരയോടെ 110 യാത്രക്കാരുമായി കൊച്ചിയിലെത്തി. തുടർന്ന് ഇവിടെനിന്ന് 158 പേരേയും കൂട്ടി ആകെ 268 യാത്രക്കാരുമായാണ് വിമാനം യുകെയിലേക്കു പുറപ്പെട്ടത്. ബഹ്റൈൻ വഴിയാണ് മടക്കം.
കേരളത്തിലും തമിഴ്നാട്ടിലും ചികിൽസയ്ക്കായും വിനോദസഞ്ചാരത്തിനായും എത്തിയവരാണു യാത്രക്കാരെല്ലാവരും. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം നിശ്ചിത ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് ഇവർ മടങ്ങാനായി വിമാനത്താവളത്തിലെത്തിയത്. ബ്രിട്ടിഷ് വിമാനത്തിൽ പോയവരിൽ 7 പേർ കോവിഡ് രോഗമുക്തി നേടിയ ശേഷം നിശ്ചിത ദിവസങ്ങൾ നിരീക്ഷണത്തിലും കഴിഞ്ഞവരാണ്. ബ്രിട്ടിഷ് സംഘത്തിൽ, നേരത്തെ മൂന്നാറിലെ റിസോർട്ടിൽ നിന്ന് മുങ്ങി വിമാനത്താവളത്തിൽ പിടിയിലായ ബ്രിയാൻ നെയിലും ഭാര്യയും ഉൾപ്പെടും.
കേരളത്തിൽ കുടുങ്ങിയ ബ്രിട്ടിഷ് പൗരൻമാരിൽ തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ നേരത്തേ സർക്കാർ ശേഖരിച്ചിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവരെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക വാഹനങ്ങളിൽ വിമാനത്താവളങ്ങളിലേക്കു എത്തിക്കുകയായിരുന്നു. സ്വദേശത്തേക്കു മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച ഏതെങ്കിലും യുകെ പൗരൻമാർ സംസ്ഥാനത്ത് ഉള്ളതായി അറിവില്ലെന്നു ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ രാജ്കുമാർ മനോരമ ഓൺലൈനോടു പറഞ്ഞു.
കേരളത്തിലേക്കു ബ്രിട്ടിഷ് എയർവെയ്സിന് നിലവിൽ സർവീസുകളില്ല. യൂറോപ്യൻ സെക്ടറിലേക്കു വിമാന സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. കേരളത്തിൽ നിന്ന് യൂറോപ്യൻ സെഗ്‍മെന്റിലേക്കു നേരിട്ട് സർവീസ് നടത്തുമ്പോൾ ശരാശരി 10 മണിക്കൂറെങ്കിലും പറക്കേണ്ടതുണ്ട്. ഇതുപോലെയുള്ള ലോങ് ട്രിപ്പുകളിൽ പൈലറ്റ് മാറ്റം ഉൾപ്പടെയുള്ള കാര്യങ്ങളിലെ സാങ്കേതിക തടസം നിലനിൽക്കുന്നതിനാലാണ് ഇത്തരം സർവീസ് നടത്തുന്നതിന് വിമാനക്കമ്പനികൾ മുന്നോട്ടു വരാത്തത്. രാജ്യാന്തര സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് കേരളത്തിൽ ഓപ്പറേറ്റിങ് ഹബ് ഉള്ള സാഹചര്യത്തിൽ മാത്രമേ ഇത്തരത്തിലുള്ള സാങ്കേതിക തടസങ്ങൾ മറികടക്കാനാവൂ.
പോലീസ് വാഹനം തടഞ്ഞതോടെ മറ്റൊരു വാഹനം പിടിക്കാന്‍ രോഗിയായ പിതാവിനെയും ചുമലിലേറ്റി മകന് ഒരു കിലോമീറ്ററോളം ഓടി. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കൊല്ലം പുനലൂരിലാണ് സംഭവം. പുനലൂരിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികനെ വിട്ടയച്ചതോടെയാണ് കുടുംബം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങിയത്. പുനലൂര്‍ തൂക്കു പാലത്തിനടുത്തുവച്ച് പോലീസ് ഇവരുടെ ഓട്ടോ തടഞ്ഞു. രേഖകള്‍ കാണിച്ചെങ്കിലും പോലീസ് കടത്തിവിട്ടില്ലെന്നു കുടുംബം പറയുന്നു.
ഇതോടെ മകന് മറ്റൊരു വാഹനം പിടിക്കാന്‍ പിതാവിനെയും തോളിലേറ്റി ഓടുകയായിരുന്നു. എന്നാല്‍ ഇവരുടെ പക്കല്‍ ആശുപത്രി രേഖകള്‍ ഇല്ലായിരുന്നെന്നു പോലീസ് പറഞ്ഞു. സംഭവം അന്വേഷിക്കുമെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കൊല്ലത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
രസകരമാണ് ഈ അപ്പൂപ്പന്‍മാരുടെ ടിക് ടോക്ക് പ്രകടനം. തലയണമന്ത്രം എന്ന ചിത്രത്തിലെ രസകരമായ രംഗത്തിനാണ് ഇവര്‍ ടിക് ടോക്ക് ചെയ്തിരിക്കുന്നത്. ശ്രീനിവാസനായി ഒരു അപ്പൂപ്പന്‍ പകര്‍ന്നാടുമ്പോള്‍ ഡ്രൈവിങ് പഠിപ്പിക്കുന്ന മാമുക്കോയ ആയിരിക്കുകയാണ് മറ്റൊരു അപ്പൂപ്പന്‍. ടിക് ടോക്കും ഡബ്‌സ്മാഷും എല്ലാം യുവതലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് വാദിക്കുന്നവര്‍ കണ്ടിരിക്കണം ഈ അപ്പൂപ്പന്‍മാരുടെ ടിക് ടോക്ക് പ്രകടനം.
കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016-ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.
കൊവിഡ് ഭീതി മാറിയില്ല, ആശങ്കയിലാക്കി ഡെങ്കിപ്പനിയും. തൊടുപുഴയില്‍ പത്ത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലാണ്. ഡെങ്കിപ്പനി വരാതിരിക്കാനും പ്രതിരോധിക്കാനും ഓരോരുത്തരും സഹകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു. പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ലോക് ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. ഇതിനൊപ്പം വേനല്‍ മഴ കൂടി വന്നതോടെ ഡെങ്കിപ്പനി പടര്‍ന്നു. നേരത്തെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്നതാണ് ഈ കൊതുകുകള്‍. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍, ടയറുകള്‍, റബര്‍ തോട്ടത്തിലെ ചിരട്ടകള്‍ തുടങ്ങിയവയില്‍ മഴവെള്ളം കെട്ടികിടക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്നു. വീടും പരിസരവും എല്ലാവരും വൃത്തിയാക്കി വെക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങിയ രാജ്യത്തിന്റെ പലഭാഗത്തായുള്ള കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ കൂടുതല്‍ ദുരിതത്തിലേക്ക്. ഒരു നേരത്തെ ഭക്ഷണം മാത്രം കഴിച്ചാണ് പലരും ജീവന്‍ നിലനിര്‍ത്തുന്നത്. ഡല്‍ഹിയിലെ യമുനാ നദിയുടെ തീപത്ത് കഴിയുന്ന തൊഴിലാളികള്‍ ശ്‌മശാനത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പഴങ്ങള്‍ കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹിയിലെ പ്രധാന ശ്മശാനമായ നിഗംബോദ് ഘട്ടില്‍ അന്തിമ ചടങ്ങുകളുടെ ഭാഗമായി ഉപേക്ഷിച്ച പഴങ്ങളാണ് കുടിയേറ്റ തൊഴിലാളികള്‍ പെറുക്കി എടുക്കുന്നത്.
വെയിലത്ത് കൂട്ടിയിട്ടിരിക്കുന്ന വാഴപ്പഴങ്ങളില്‍ ചീഞ്ഞുപോകാത്തവ തെരഞ്ഞെടുക്കുത്ത് ഇവര്‍ ബാഗിലാക്കുകയാണ്. വാഴപ്പഴങ്ങള്‍ പെട്ടന്ന് ചീഞ്ഞുപോകില്ലെന്നും അതിനാല്‍ ഒന്നോ രണ്ടോ ദിവസം അത് കഴിച്ച് ജീവന്‍ നിലനിര്‍ത്താമെന്നും അവര്‍ പറയുന്നു.”ഞങ്ങള്‍ക്ക് സ്ഥിരം ഭക്ഷണം ലഭിക്കാറില്ല. അതുകൊണ്ടാണ് പഴങ്ങള്‍ എടുക്കുന്നത്”- അലഗറില്‍ നിന്നുള്ള തൊഴിലാളി പറയുന്നു. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ട നൂറുകണക്കിന് തൊഴിലാളികള്‍ നോര്‍ത്ത് ഡല്‍ഹിയില്‍ യമുന തീരത്തും പാലത്തിന്റെ അടിയിലുമായാണ് അഭയം തേടിയിരിക്കുന്നത്. അടുത്തുള്ള ഗുരുദ്വാരയില്‍ നിന്ന് നല്‍കുന്ന ഒരു നേരത്തെ ഭക്ഷണമാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
ഡല്‍ഹിയില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ വ്യാപകമായ സാമൂഹിക ബഹിഷ്‌കരണം. മലയാളി നഴ്‌സുമാര്‍ക്ക് കടയുടമ അവശ്യ വസ്തുക്കള്‍ നിഷേധിച്ചു. കൊറോണ രോഗം സ്ഥിരീകരിച്ച നഴ്‌സിന്റെ സഹപ്രവര്‍ത്തകരോട് വീടൊഴിയാനും ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരില്‍ 25ല്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് കണക്ക്. അതിനിടെയാണ് കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ സാമൂഹിക ബഹിഷ്‌കരണം നടക്കുന്നത്.
“ഭക്ഷണം വാങ്ങാന്‍ കടയില്‍ പോയിരുന്നു.ആശുപത്രിയില്‍ രോഗികളുമായി ഇടപഴകുന്നവരാണ് ഞങ്ങളെന്നതിനാൽ സാധനങ്ങള്‍ തരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കടയുടമ പറഞ്ഞത്”, ഡൽഹിയിലെ മലയാളിയായ ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ പറയുന്നു.
ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിനെ താമസസ്ഥലത്തു നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ സമീപത്ത് താമസിക്കുന്നവര്‍ സംഘടിച്ച് ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മലയാളികളുള്‍പ്പെടെയുള്ള നഴ്‌സുമാരോട് വീടൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. നഴ്‌സുമാരുടെ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ ശുചീകരണ പ്രവര്‍ത്തകര്‍ എത്തുന്നില്ലെന്ന പരാതിയുമുണ്ട്.
പാനൂരിലെ വിവാദമായ പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജൻ അറസ്റ്റിൽ. ബന്ധുവീട്ടിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാലത്തായിയിലെ സ്കൂളിൽ അധ്യാപകനായ പത്മരാജൻ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണു പരാതി. തൃപ്പങ്ങോട്ടൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് കുനിയില്‍ പത്മരാജൻ.
അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ 11 പേർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ബിജെപി നേതാവു കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണു കേസ്. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി നിരാഹാര സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായി. പാലത്തായി യുപി സ്കൂള്‍ അധ്യാപകനായിരുന്ന പത്മരാജന്‍ ഇതേ സ്കൂളിലെ വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
പത്മരാജനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അധ്യാപകനെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 17നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജനുവരിയിലും ഫെബ്രുവരിയിലുമായി മൂന്നു പ്രാവശ്യം അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണു വിദ്യാര്‍ഥിനിയുടെ മൊഴി.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താത്കാലിക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നു. 3000 ബെഡുകളാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരുക്കുന്നത്. അതില്‍ 800 എണ്ണം തീവ്ര പരിചരണ വിഭാഗത്തിലേക്കാണെന്ന് എഞ്ചിനീയറിംഗ് ഡയറക്ടറായ അലി അബ്ദുല്‍ഖാദര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധത്തിനായി 4000- 5000 ബെഡുകളുള്ള രണ്ട് താത്കാലിക ആശുപത്രികള്‍ ഒരുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി പറഞ്ഞിരുന്നു. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയ്യാറാണ്.
ആശുപത്രിയുടെ അവസാന ഘട്ട പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയമിക്കുമെന്നാണ് വിവരം.
ആശുപത്രി ഭാഗികമായി നാളെ തുറക്കും. 1000 ബെഡാണ് നാളേയ്ക്ക് തയ്യാറായിരിക്കുന്നത്. ഘട്ടം ഘട്ടമായാണ് ആശുപത്രി ഒരുക്കുക. ആവശ്യങ്ങള്‍ കൂടുന്നതിന് അനുസരിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കും.
കോവിഡ് രോഗികള്‍ക്കായി 10000 ബെഡുകളാണ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്. രാജ്യാന്തര വാണിജ്യ വ്യവസായ പ്രദര്‍ശനങ്ങള്‍ നടക്കുന്ന ഇടമാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍. ബെഡുകളുടെ എണ്ണം ഉയര്‍ത്തുന്നതിനായി ഹോട്ടലുകളും ആശുപത്രികളാക്കിയേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് 19 ബാധിച്ച് ന്യൂയോര്‍ക്കില്‍ പത്തനംതിട്ട സ്വദേശി മരിച്ചു. റാന്നി അത്തിക്കയം മടന്തമണ്‍ സ്വദേശി അച്ചന്‍കുഞ്ഞാ(64)ണ് മരിച്ചത്. അച്ചന്‍കുഞ്ഞിന്റെ ഭാര്യക്കും മക്കള്‍ക്കും നേരത്തെ കോവിഡ് 19 പിടിപെട്ടിരുന്നു. ഇവരെ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് ഇദ്ദേഹത്തിനും വൈറസ് ബാധ പടര്‍ന്നത്.
വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലാണ് ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും താമസം. യോങ്കേഴ്സിലെ സെന്റ് പീറ്റേഴ്സ് ക്നാനായ ചര്‍ച്ച് അംഗമായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് സെക്രട്ടറിയും പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.