Latest News

ഏപ്രില്‍ 15 മുതല്‍ ഇന്ത്യയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ്. അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്കായാണ് ആദ്യ സര്‍വീസുകള്‍. കോഴിക്കോട്, നെടുമ്പാശ്ശേരി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ്. ഇന്ത്യയിലെ നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രത്യേക സര്‍വീസുകളെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു. നിരവധി പേരാണ് ആദ്യ മണിക്കൂറില്‍ തന്നെ വെബ്സൈറ്റിലൂടെ വിമാന ടിക്കറ്റ് സ്വന്തമാക്കിയത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭ്യമല്ല. 1800 ദിര്‍ഹം (37000 രുപ) മുതലാണ് ടിക്കറ്റ് നിരക്ക്.

നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി മടങ്ങേണ്ടവര്‍ക്കും സന്ദര്‍ശക വിസയില്‍ യുഎഇയില്‍ കുടുങ്ങിപ്പോയവര്‍ക്കും വേണ്ടിയാവും ആദ്യ സര്‍വീസുകള്‍ എന്നാണ് സൂചന. ഏഴ് കിലോഗ്രാമിന്റെ ഹാന്‍ഡ് ബാഗേജ് മാത്രമേ അനുവദിക്കു. മറ്റ് ലഗ്ഗേജുകള്‍ കൊണ്ടുപോകാനാവില്ല. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കും ഏപ്രില്‍ 15 മുതല്‍ ഫ്‌ളൈ ദുബായ് യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ളവ ഈമാസം മുപ്പതോടെ സര്‍വീസ് ആരംഭിച്ചേക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഗള്‍ഫില്‍ ഇത് വരെ കൊവിഡ് ബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. മരണ സംഖ്യ അറുപതും.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച പിഎം കെയര്‍സ് ഫണ്ടിലേയ്ക്ക് ലഭിക്കുന്ന പണം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിലേയ്ക്ക് (പിഎംഎന്‍ആര്‍എഫ്) മാറ്റണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. കഴിഞ്ഞ ദിവസം സോണിയ അടക്കമുള്ള വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി മോദി കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും സോണിയ ഗാന്ധി മുന്നോട്ടുവച്ചിരിക്കുന്നത്. 20,000 കോടി രൂപ ചിലവഴിച്ച് ഡല്‍ഹിയില്‍ നടത്താനുദ്ദേശിക്കുന്ന സെന്‍ട്രല്‍ വിസ്ത സൗന്ദര്യവത്കരണ പദ്ധതി ഉപേക്ഷി്ക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

പിഎം കെയര്‍സ് ഫണ്ട്, പിഎം എന്‍ആര്‍ഫിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക

ഇത് സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താന്‍ സഹായിക്കും. കൃത്യമായ ഓഡിറ്റിംഗിന് വിധേയമാക്കപ്പെടും. ഫണ്ട് വിതരണത്തിന് രണ്ട് സംവിധാനമുണ്ടാകുന്നത് അനാവശ്യമാണ്. 1948 മുതല്‍ രാജ്യത്ത് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയുണ്ട്. പിഎം കെയര്‍സ് ഫണ്ടിന്റെ ആവശ്യമെന്തെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. 2019 സാമ്പത്തികവര്‍ഷം അവസാനം പിഎംഎന്‍ആര്‍എഫില്‍ 3800 കോടി രൂപ ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്നും സോണിയ പറയുന്നു.

സര്‍ക്കാര്‍ പരസ്യങ്ങളും രണ്ട് വര്‍ഷത്തേയ്ക്ക് ഒഴിവാക്കുക

പ്രിന്റ്, ഇലക്ട്രോണിക്ക്, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നല്‍കുന്ന എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളും നിര്‍ത്തുക. സര്‍ക്കാരിന്റേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും പരസ്യങ്ങള്‍ രണ്ട് വര്‍ഷത്തേയ്ക്ക് ഒഴിവാക്കുക. കൊവിഡ് 19നുമായി ബന്ധപ്പെട്ടതോ പൊതുജനാരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ടതോ ആയ പരസ്യങ്ങള്‍ മാത്രം നല്‍കുക.

20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതി ഉപേക്ഷിക്കുക

ഡല്‍ഹിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത സൗന്ദര്യവത്കരണ, നിര്‍മ്മാണപദ്ധതി ഉപേക്ഷിക്കുക. ഇത് തീര്‍ത്തും അനാവശ്യമായ ചിലവാണെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.

ബജറ്റ് ചിലവ് 30 ശതമാനം കുറക്കുക

ശമ്പളം, പെന്‍ഷന്‍ കേന്ദ്ര പദ്ധതികള്‍ എന്നിവയല്ലാതെ, സര്‍ക്കാര്‍ ചിലവ് 30 ശതമാനം വെട്ടിക്കുറക്കുക.

വിദേശയാത്രകൾ ഒഴിവാക്കുക

പ്രധാനമന്ത്രി, രാഷ്ട്രപതി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടേതടക്കം എല്ലാവരുടേയും വിദേശയാത്രകള്‍ ഒഴിവാക്കുക. അടിയന്തരാവശ്യങ്ങളില്‍ ദേശീയ താല്‍പര്യം പരിഗണിച്ച് മാത്രം ഇതില്‍ ഇളവുകള്‍ നല്‍കാം.

ലോക് ഡൗണ്‍ മൂലം അര്‍ഹിച്ചിരുന്ന അന്ത്യയാത്ര ലഭിക്കാതെ പോയ ശശി കലിംഗയെക്കുറിച്ച് സിനിമ-നാടക അഭിനേതാവ് വിനോദ് കോവൂരിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണെങ്കിലും വിനോദ് അവസാനമായി തന്റെ സഹപ്രവര്‍ത്തകനെ കാണാനായി പോയിരുന്നു. ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിയനയിച്ച ഒരു താരം ആരോരും ഇല്ലാതെ കിടക്കുന്നത് സഹിക്കാന് കഴിയാത്ത കാഴ്ച്ചയാണെന്നാണ് വിനോദ് സങ്കടത്തോടെ എഴുതുന്നത്. ഒരു റീത്ത് പോലും വയ്ക്കാന്‍ സാധിക്കാതെ പോയെന്ന നിരാശയും ഈ കുറിപ്പിലൂടെ വിനോദ് പങ്കുവയ്ക്കുന്നുണ്ട്.

വിനോദ് കോവൂരിന്റെ കുറിപ്പ്;

നാടക സിനിമാ നടന്‍ ശശി കലിംഗ വിടവാങ്ങി.

കാലത്ത് മരണ വിവരം അറിഞ്ഞത് മുതല്‍ സിനിമാ പ്രവര്‍ത്തകരെ പലരേയും വിളിച്ചു നോക്കി. എന്നാല്‍ ലോക് ഡൗണ്‍ കാലാവസ്ഥ കാരണം ആര്‍ക്കും വരാന്‍ ധൈര്യം വന്നില്ല. എങ്ങനെ എങ്കിലും പോയി ശശിയേട്ടനെ ഒരു നോക്ക് കണ്ട് അന്തിമോപചാരം അര്‍പ്പിക്കണം എന്ന് മനസ് ആഗ്രഹിച്ചു അമ്മ അസോസിയേഷനുമായ് ബന്ധപ്പെട്ടു. ആര്‍ക്കും എത്താന്‍ പറ്റാത്ത ചുറ്റുപാടാണ് ,വിനോദ് പറ്റുമെങ്കില്‍ ഒന്നവിടം വരെ ചെല്ലണം എന്നു ഇടവേള ബാബു ചേട്ടന്‍ പറഞ്ഞു. അപ്പോഴാണ് ആകസ്മികമായ് കോഴിക്കോട്ടെ സാമൂഹിക പ്രവര്‍ത്തനങ്ങളില്ലെല്ലാം സജീവ പ്രവര്‍ത്തകനായ ആഷിര്‍ അലി വിളിക്കുന്നു വിനോദേ ശശിയേട്ടനെ കാണാന്‍ പോവുന്നുണ്ടോന്ന് ചോദിച്ച് .ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാറുമായ് വരാം വിനോദ് റെഡിയായ് നിന്നോളൂന്ന്.

പിലാശ്ശേരിക്കടുത്തെ ശശിയേട്ടന്റെ വീട്ടില്‍ എത്തിയപ്പോള്‍ ശരിക്കും സങ്കടം തോന്നി. ആ വലിയ മുറ്റത്ത് ഒരു മേശമേല്‍ ശശിയേട്ടന്‍ എന്ന നടന്‍ മരിച്ചു കിടക്കുന്നു. ഈ പോസ്റ്റിനോടൊപ്പം ഞാനിട്ട ഫോട്ടോയില്‍ നിങ്ങള്‍ക്ക് കാണാം. വിരലില്‍ എണ്ണാവുന്നവരെ വീട്ട് മുറ്റത്ത് ഉണ്ടായിരുന്നുള്ളു. ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിയനയിച്ച ഒരു താരം ആരോരും ഇല്ലാതെ കിടക്കുന്നു. ഈ കൊറോണ എന്ന വിപത്ത് നമ്മുടെ നാട്ടില്‍ വന്നില്ലായിരുന്നെങ്കില്‍ ശശിയേട്ടന്റെ സഹപ്രവര്‍ത്തകരെ കൊണ്ടും ആരാധകരെ കൊണ്ടും നാട്ടുകാരെ കൊണ്ടും അവിടമാകെ തിങ്ങി നിറഞ്ഞേനേ. നിര്‍ഭാഗ്യവാനാണ് ശശിയേട്ടന്‍. ഇടവേള ബാബു ചേട്ടന്‍ പറഞ്ഞിരുന്നു പറ്റുമെങ്കില്‍ കിട്ടുമെങ്കില്‍ ഒരു റീത്ത് അമ്മയുടെ പേരില്‍ വെക്കണംന്ന്. പക്ഷെ റീത്തൊന്നും അവശ്യ സര്‍വീസില്‍ പെടാത്ത സാധനമായത് കൊണ്ട് എവിടുന്നും കിട്ടീല .ശശിയേട്ടന്റെ വീട്ടിന്റെ മുറ്റത്ത് വിരിഞ്ഞ് നിന്ന മൂന്ന് റോസാപൂക്കള്‍ എടുത്ത് ഒരു നാര് കൊണ്ട് കൂട്ടി കെട്ടി ഞാന്‍ ശശിയേട്ടന്റെ ചേതനയറ്റ ശരീരത്തില്‍ സമര്‍പ്പിച്ചു പറഞ്ഞു ശശിയേട്ടാ ഇതേ ഉള്ളൂ റീത്തൊന്നും കിട്ടാനില്ലാ. കലാകുടുംബത്ത് നിന്ന് വേറെ ആരും വന്നിട്ടില്ല നാട്ടിലെ സാഹചര്യമൊക്കെ ശശിയേട്ടന് അറിയാലോ? സത്യത്തില്‍ കാലാവസ്ഥയൊക്കെ അനുകൂലമായിരുന്നെങ്കില്‍ ഇപ്പോള്‍ ശശിയേട്ടന്റെ മൃതശരീരം കോഴിക്കോട് ടൗണ്‍ഹാളില്‍ പ്രദര്‍ശനത്തിന് വെക്കേണ്ട സമയമായിരുന്നു. ലോക് ഡൌണ്‍ കാരണം ഒന്നിനും ഭാഗ്യമില്ലാതെ പോയി ശശിയേട്ടന്. 5 സിനിമ കളില്‍ ശശിയേട്ടന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് ഞാന്‍ .എന്നെ വലിയ പ്രിയമായിരുന്നു . ‘ഏറ്റവും ഒടുവില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമ വി.എം വിനുവിന്റെ കുട്ടിമാമയായിരുന്നു. സന്തോഷമുള്ള ഏറെ ഓര്‍മ്മകള്‍ ആ ഷൂട്ടിംഗ് നാളുകളിലുണ്ടായിരുന്നു. ഞങ്ങള്‍ വാപ്പയും മകനുമായി അഭിനയിച്ച ഒരു സിനിമ വെളിച്ചം കാണാതെ പോയി അത് വലിയ ഒരു സങ്കടമായ് അവശേഷിക്കുന്നു.

ശശിയേട്ടാ സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നാടക പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും ഞാന്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

രാജ്യത്ത് ഇതുവരെ 4421 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറില്‍ 354 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 117 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. 326 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനങ്ങളുടേയും വിദഗ്ധരുടേയും അഭിപ്രായം പരിഗണിച്ച് 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.മഹാരാഷ്ട്രയിലാണ് ഇതുവരെ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് – 748.

ഉത്തര്‍പ്രദേശിലെ ആഗ്രയിലും ഗൗതംബുദ്ധ നഗറിലും കേരളത്തിലെ പത്തനംതിട്ടയിലും രാജസ്ഥാനിലെ ഭില്‍വാരയിലും ഈസ്റ്റ് ഡല്‍ഹിയിലും ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സ്ട്രാറ്റജി വിജയകരമാണെന്ന് ആരോഗ്യ ജോയിന്റെ സെക്രട്ടറി അറിയിച്ചു. ഒരു കൊവിഡ് രോഗി ക്വാറന്റൈന്‍ ചെയ്യുന്നില്ലെങ്കില്‍ ഈ രോഗി 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് രോഗം പടര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍ പഠനം പറയുന്നതായി ലാവ് അഗര്‍വാള്‍ പറഞ്ഞു. 2500 കോച്ചുകളിലായി 40,000 ഐസൊലേഷന്‍ ബെഡ്ഡുകള്‍ റെയില്‍വേ തയ്യാറാക്കിയിട്ടുണ്ട്. പ്രതിദിനം 375 ഐസൊലേഷന്‍ ബെഡ്ഡുകള്‍ നിര്‍മ്മിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 133 കേന്ദ്രങ്ങളില്‍ ഈ പ്രവര്‍ത്തനം നടക്കുന്നുണ്ട്.

 

നാല് വര്‍ഷം മുമ്പ് 2015-ല്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങി ഒരു ഹോളിവുഡ് സിനിമയിലെ പ്രധാന റോളില്‍ കലിംഗ ശശി അഭിനയിച്ചിരുന്നു. പക്ഷേ, അഞ്ചു വര്‍ഷം കഴിഞ്ഞ് അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോഴും ആ സിനിമ തിയ്യറ്ററുകളിലെത്തിയില്ല. സിനിമയുടെ പേരോ മറ്റ് വിശദവിവരങ്ങളോ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു ഹോളിവുഡിലെ കരാറെന്നും സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനി അത് അനൗണ്‍സ് ചെയ്ത ശേഷമേ ആ സിനിമയെ കുറിച്ച് മാധ്യമങ്ങളോട് പറയാന്‍ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശമുണ്ടെന്നും അദ്ദേഹം  പറഞ്ഞിരുന്നു. ഹോളിവുഡിലെ മുന്‍നിര നടന്‍മാര്‍ അഭിനയിച്ച സിനിമയുടെ ഷൂട്ടിങ്ങിനായി ദിവസവും പോയിരുന്നത് താമസിക്കുന്ന  ഹോട്ടലിന്റെ റൂഫ്‌ടോപ്പില്‍ നിന്ന് ഹെലികോപ്റ്ററിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗദ്ദാമയില്‍ അഭിനയിക്കാന്‍ ദുബായില്‍ പോയതായിരുന്നു ശശി. അവിടുത്തെ ഒരു ഷോപ്പിങ് മാളില്‍ വെച്ച് ഒരാള്‍ ശ്രദ്ധിച്ചു. അയാളാണ് ഹോളിവുഡിലേക്ക് പൊക്കിെക്കാണ്ടുപോയത്. സുപ്രസിദ്ധ ഹോളീവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് നായകനായി അഭിനയിച്ച സിനിമ ബൈബിളിലെ കഥയെ അടിസ്ഥാനമാക്കിയായിരുന്നുവെന്നും അതില്‍ യൂദാസിന്റെ റോളായിരുന്നു തനിക്കെന്നും ശശി വെളിപ്പെടുത്തിയിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയിലൂടെ 2009-ലാണ് കലിംഗ ശശി സിനിമയില്‍ ഹരിശ്രീ കുറിക്കുന്നത്. അതിനുശേഷം ഇരുന്നൂറിലധികം സിനിമകളില്‍ അദ്ദേഹം വിഷമിട്ടു. ഹാസ്യരംഗങ്ങളും സീരിയസ് സിറ്റുവേഷനുകളും ഒരേപോലെ കൈകാര്യം ചെയ്യുന്ന ഈ കലാകാരന്‍ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ചേരുവയായി മാറുകയായിരുന്നു. കോഴിക്കോട്ടെ പ്രമുഖ നാടകകമ്പനിയായ സ്റ്റേജ് ഇന്ത്യയുടെ നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടിരുന്ന തന്നെ സിനിമയിലേക്ക് കൈപിടിച്ച് നടത്തിയതും പുറത്തുതട്ടി ഉയര്‍ത്തിവിട്ടതും രഞ്ജിത്താണെന്ന് ശശി നന്ദിയോടെ സ്മരിച്ചിരുന്നു. ”രഞ്ജിസാറിനു മുന്നില്‍ ഞാന്‍ ഇരിക്കില്ല. അത്രയ്ക്ക് കടപ്പാടും നന്ദിയും അദ്ദേഹത്തിനോടുണ്ട്.”

പല്ലുകളില്ലാത്ത വായയായിരുന്നു ശശിയുടെ ഹൈലൈറ്റ്. ആവശ്യമുള്ളപ്പോള്‍ ഹാസ്യവും മറ്റു ചിലപ്പോള്‍ ക്രൗര്യവും പ്രകാശിപ്പിക്കാന്‍ ശശിയുടെ രൂപത്തിന് കഴിഞ്ഞു. അഭിനയിക്കാന്‍ വേണ്ടി പല്ലുകള്‍ എടുത്തു കളഞ്ഞതാണോയെന്ന് ചോദിച്ചപ്പോള്‍ ശശി ഉറക്കെ ചിരിച്ചു കൊണ്ട് ശശി പറഞ്ഞത് ഇതായിരുന്നു.-‘വീട്ടിലെ ഏക ആണ്‍കുട്ടിയായിരുന്നു ഞാന്‍. മുതിര്‍ന്നവര്‍ എല്ലാവരും വരുമ്പോള്‍ എനിക്ക് മിഠായി തരും. എല്ലാം വാങ്ങിതിന്ന് എനിക്കത് ഒരു ഹോബിയായി. അങ്ങനെ ചെറുപ്പത്തിലേ പല്ല് കേടുവന്നു, അങ്ങനെയത് കൊഴിഞ്ഞു പോയി. ഏതായാലും ഇപ്പോള്‍ സിനിമയില്‍ അതൊരു അനുഗ്രഹമായി.’

കോഴിക്കോട് കുന്ദമംഗലത്തെ വാഴപറമ്പാണ് ശശിയുടെ നാട്. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ നിന്ന് ഡിഗ്രിയെടുത്ത ശേഷം നാടകവും യാത്രകളുമായി ജീവിതം ആഘോഷിക്കുകയാണ് ശശി ചെയ്തത്. നാടകത്തിലേക്കെത്താന്‍ ഒരു കാരണവുമുണ്ടായിരുന്നു. കോഴിക്കോട്ടെ പ്രസിദ്ധ നാടകകമ്പനിയായ സ്റ്റേജ് ഇന്ത്യയുടെ ജീവനാഡിയായിരുന്ന വിക്രമന്‍ നായര്‍ ശശിയുടെ അമ്മാവനാണ്. കെ.ടി. മുഹമ്മദിന്റെ സാക്ഷാത്ക്കാരം, സ്ഥിതി, സംഹാരം തുടങ്ങി ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു.

പ്രശസ്ത ഹോളിവുഡ് അഭിനേത്രി ലീ ഫിയറോ കൊറോണ ബാധിതയായി അന്തരിച്ചു. 91 വയസുണ്ടായിരുന്നു. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ JAWS എന്ന സിനിമയിലെ മിസിസ് കിന്റ്‌നര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഫിയറോ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പരിചിത.

JAWS ചിത്രീകരിച്ച അമേരിക്കയിലെ മാസചൂസിറ്റ്‌സിലെ മാര്‍ത്താസ് വിനിയാര്‍ഡ് ദ്വീപിലായിരുന്നു ഫിയറോ താമസിച്ചിരുന്നത്. ഇവിടുത്തെ തിയേറ്റര്‍ വര്‍ക്ഷോപ്പ് ഡയറക്ടറായും മെന്ററായും 25 വര്‍ഷത്തോളം ഫിയറോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആയിരത്തോളം യുവ അഭിനേതാക്കള്‍ക്ക് അഭിനയത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്ത അധ്യാപികയുമായിരുന്നു അവര്‍.

40 വര്‍ഷത്തെ ദ്വീപ് ജീവിതത്തിനൊടുവില്‍ 2017 ല്‍ കുടുംബത്തോടൊപ്പം ഒഹിയോയിലേക്ക് ഫിയറോ താമസം മാറ്റിയിരുന്നു. മരണം സംഭവിക്കുന്നതും ഇവിടെവച്ചാണ്.

നെറ്റ്ഫ്‌ളിക്‌സിലെ ക്രൈം പരമ്പര ‘യൂ’വിലെ മി. മൂണി എന്ന കഥാപാത്രത്തിലൂടെയും ‘ഡെസ്പരേറ്റലി സീക്കിംഗ് സൂസന്‍’, ‘ക്രോക്കഡൈല്‍ ഡോണ്‍ഡി’ എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ മാര്‍ക്ക് ബ്ലം, സ്റ്റാര്‍ വാര്‍സ് പരമ്പരകളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ആന്‍ഡ്രൂ ജാക്, മൈക്കലാഞ്ചലോ അന്റോണിയോനിയുടെ സ്റ്റോറി ഓഫ് എ ലൗവ് അഫയര്‍(1950), യുവാന്‍ അന്റോണിയോ ബാര്‍ഡെമിന്റെ ഡെത്ത് ഓഫ് എ സൈക്ലിസ്റ്റ്(1955) എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ പ്രിയതാരമായ ലുചിയ ബോസെ എന്നീ പ്രശസ്തര്‍ക്കു പിന്നാലെ കൊറോണ മൂലം മരണമടയുന്ന മറ്റൊരു പ്രമുഖ താരമാണ് ലീ ഫിയറോ.

കൊവിഡ് 19 ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പൂര്‍ത്തിയാകുമെങ്കിലും 21 ദിവസത്തേയ്ക്ക് കൂടി ലോക്ക് ഡോണ്‍ നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ.ഗോപീകുമാറും അറിയിച്ചു. സംസ്ഥാനത്തേയും രാജ്യത്തെ വിവിധ ഭാഗങ്ങളിലേയും വിദേശത്തേയും ആരോഗ്യ വിദഗ്ധരുമായി കഴിഞ്ഞകുറച്ച് ദിവസങ്ങളായി നടത്തിവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഐഎംഎ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

യുകെ, യുഎസ്, ഇറ്റലി, ജര്‍മ്മനിസ സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ സ്വീകരിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേയും വിദേശരാജ്യങ്ങളേയും അപേക്ഷിച്ച് കൊവിഡിനെതിരായ പ്രതിരോധത്തില്‍ മികച്ച നടപടികള്‍ കൈക്കൊണ്ട നടപടികള്‍ മികച്ചതാണ്. ഈ നേട്ടം നിലനിര്‍ത്തണമെങ്കില്‍ 21 ദിവസം കൂടി ലോക്ക് ഡൗണ്‍ തുടരണം.

ലോക്ക് ഡൗണ്‍ ഉടന്‍ പിന്‍വലിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകളെത്തുന്ന നിലയുണ്ടാകാം. ഇത് കേരളത്തില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് പല രാജ്യങ്ങളും കേസുകൾ പതിനായിരത്തിനടുത്തെത്തിയപ്പോളാണ് ലോക്ക് ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. ഇന്ത്യ 500ൽ താഴെ കേസുകൾ നിൽക്കെത്തന്നെ ലോക്ക് ഡൗണ്‍ നടപ്പാക്കിയത് കേസുകൾ പിടിച്ചുനിർത്താൻ സഹായിച്ചതായും ഐഎംഎ വിലയിരുത്തി.

ഡിസംബര്‍ 31നു കോവിഡ് 19 ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു മരണവും സംഭവിക്കാത്ത ഒരു ദിവസം ചൈന കടന്നു പോയി. ഇന്നലെ 32 കോവിഡ് കേസുകള്‍ രാജ്യത്തു സ്ഥിരീകരിച്ചു. എല്ലാ കേസുകളും വിദേശത്തു നിന്നും വന്നവരാണ്. ഇപ്പോള്‍ 81,740 പേരാണ് ചൈനയില്‍ കോവിഡ് ബാധിതരായിട്ടുള്ളത്. 3331 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേ സമയം ചൈന പുറത്തുവിടുന്നത് യഥാര്‍ത്ഥ കണക്കുകള്‍ അല്ലെന്ന് അമേരിക്കയടക്കം ആരോപിച്ചിരുന്നു.

സമൂഹ വ്യാപനം ഇല്ല എന്നു സ്ഥിരീകരിച്ചതോടെ ഹുബെയ് പ്രവിശ്യയില്‍ നിയന്ത്രണങ്ങള്‍ക്ക് കഴിഞ്ഞ മാസം തന്നെ ഇളവ് വരുത്തിയിരുന്നു. രോഗം ആഞ്ഞടിച്ച വുഹാനിലെ ഇളവുകള്‍ ഏപ്രില്‍ 8 മുതല്‍ നിലവില്‍ വരും.

ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് ഇന്‍റന്‍സീവ്കെയര്‍ യൂണിറ്റിലേക്ക് മാറ്റി. ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിലേക്ക് തിങ്കളാഴ്ച രാത്രി 7 മണിക്കാണ് ബോറിസ് ജോണ്‍സണെ മാറ്റിയത്. വെന്റിലേറ്റര്‍ സൌകര്യം ആവശ്യമായി വരാനുള്ള സാധ്യത കണക്കിലെടുത്താന് ഈ നടപടി എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

കോവിഡ് 19 സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞിട്ടും നിരന്തരമായി രോഗ ലക്ഷണങ്ങള്‍ മാറാത്തതത്തിനെ തുടര്‍ന്ന് ജോണ്‍സണെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയെ ടെസ്റ്റുകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് ഡൌണിങ് സ്ട്രീറ്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം വിദേശകാര്യ മന്ത്രി ഡൊമിനിക്ക് റാബിന് കൈമാറി.അര ലക്ഷം പേര്‍ രോഗബാധിതരായ യു കെയില്‍ 5000ത്തിലധികം പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞിട്ടുണ്ട്.

ടോക്കിയോയില്‍ അടക്കം കൊറോണ കേസുകളുടെ എണ്ണം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ ജപ്പാനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കാന്‍ സാധ്യതയുണ്ട്. 3600 കേസുകളും 85 മരണവുമാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്.രോഗ വ്യാപനത്തിന്റെ കാര്യത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് അമേരിക്ക. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ചു 3,67,000 പേരില്‍ രാജ്യത്തു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണ സംഖ്യ 11,000 കടന്നു.

ലോകമാകെ പതിമൂന്നര ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് കണക്ക്. മരണ സംഖ്യ മുക്കാല്‍ ലക്ഷത്തിനോടടുക്കുന്നു. രോഗം പടര്‍ന്ന് പിടിച്ച യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളില്‍ മഹാമാരി നിയന്ത്രണ വിധേയമായി എന്നു പറയാറായിട്ടില്ല. ഇറ്റലിയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ 111 പേര്‍ കൂടുതല്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 636 മരണമാണ് രാജ്യത്തു രേഖപ്പെടുത്തിയത്.

അതേസമയം സ്പെയിനില്‍ തുടര്‍ച്ചയായി നാലാം ദിവസം മരണ സംഖ്യയില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ 637 പേരാണ് രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചത്.

കൊറോണ വൈറസ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ മരുന്ന് ഹൈഡ്രോക്ലോറോക്വിന്‍ ഇന്ത്യ വിട്ടു നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന യുഎസ്സിന്റെ ഭീഷണിക്കെതിരെ രാജ്യത്ത് പ്രതിഷേധമുയരുന്നു. പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ‘സൗഹാര്‍ദ്ദത്തില്‍ തിരിച്ചടിക്കല്‍ ഇല്ലെ’ന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇന്ത്യ ഈ ജീവന്‍‍രക്ഷാ മരുന്ന് ആവശ്യമുള്ളവര്‍ക്കെല്ലാം നല്‍കണം. രാജ്യത്ത് ഈ മരുന്നിന്റെ ലഭ്യത ഉറപ്പു വരുത്തിയതിനു ശേഷമേ അത് ചെയ്യാവൂ എന്നും രാഹുല്‍ പറഞ്ഞു.

യുഎസ് പ്രസിഡണ്ടിന്റെ പ്രസ്താവന അസ്വീകാര്യമാണെന്ന പ്രസ്താവനയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എത്തിയിട്ടുണ്ട്. അതെസമയം, ട്രംപിന്റെ ഭീഷണിക്കു മുമ്പില്‍ മോദി സര്‍ക്കാര്‍ വീണുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം മരുന്നു കയറ്റുമതിയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കം ചെയ്തത് ഇന്ത്യയെ അടിയറ വെക്കലാണ്. ട്രംപിനു വേണ്ടി വന്‍തുക ചെലവിട്ട് മാമാങ്കം ഒരുക്കിയതിന് മോദിക്ക് ലഭിച്ചത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയുടെ മുന്‍ഗണന ഇന്ത്യാക്കാരെ ചികിത്സിക്കുക എന്നതായിരിക്കണം. നിര്‍ണായകമായ മരുന്നുകളുടെ ക്ഷാമത്തിലേക്ക് ഇന്ത്യയെ തള്ളിവിടാന്‍ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിക്കൊടുക്കുന്ന മോദിയ അനുവദിച്ചുകൂടാ. ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല,” സീതാറാം യെച്ചൂരി പറഞ്ഞു.

യുഎസ് പ്രസിഡണ്ടിന്റെ പ്രസ്താവനയില്‍ അത്ഭുതം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ശശി തരൂരും രംഗത്തു വന്നു. തന്റെ ഇക്കണ്ട കാലത്തെ ലോകരാഷ്ട്രീയ പരിചയത്തില്‍ ഒരു രാഷ്ട്രത്തലവന്‍ ഇങ്ങനെ ഭീഷണി മുഴക്കുന്നത് കണ്ടിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. മോദിയുമായി താന്‍ സംസാരിച്ചെന്നും അവര്‍ പരിഗണിക്കാമെന്നാണ് അറിയിച്ചതെന്നും പരിഗണിച്ചില്ലെങ്കില്‍ അതിന് തിരിച്ചടിയുണ്ടാകുമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ യുഎസ്സിനെ വെച്ച് ഒരുപാട് നേട്ടമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. “ഞങ്ങളുടെ വിതരണം തടസ്സപ്പെടുത്തിയാല്‍” എന്നു തുടങ്ങുന്ന ട്രംപിന്റെ പ്രസ്താവനയില്‍ ധാര്‍ഷ്ട്യവും തരൂര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു ഉല്‍പന്നം യുഎസ്സിന് വില്‍ക്കാമെന്ന് തീരുമാനിക്കുമ്പോള്‍ മാത്രമാണ് അത് യുഎസ്സിനുള്ള വിതരണമാകുനെന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതെസമയം യുഎസ്സില്‍ നിന്ന് കാനഡയിലേക്കുള്ള എന്‍95 മാസ്കുകളുടെ കയറ്റുമതി ട്രംപ് തടഞ്ഞിരിക്കുകയാണ്. തങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞാണിത്. കാനഡയിലെ ജനസാന്ദ്രതയേറിയ ഒന്റേറിയോ പ്രവിശ്യയിലേക്ക് കയറ്റി അയയ്ക്കാന്‍ തയ്യാറെടുക്കവെയാണ് അധികാരികള്‍ തടഞ്ഞത്. ഒന്റേറിയോയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്കുകള്‍ നിലവില്‍ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്.

രാജ്യത്ത് 1950ലെ ഡിഫന്‍സ് പ്രൊഡക്ഷന്‍ നിയമം നടപ്പാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ നടപ്പാക്കിയ ഈ നിയമപ്രകാരം സുരക്ഷാവസ്ത്രങ്ങളുടെ കയറ്റുമതി അധികാരികള്‍ക്ക് തടയാന്‍ സാധിക്കും. കാന‍ഡ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് യുഎസ്സില്‍ നിന്ന് എന്‍95 മാസ്കുകള്‍ ഏറെയും കയറ്റുമതി ചെയ്യുന്നത്.

കോവിഡ്-19 ചികിത്സയില്‍ മലേറിയ മരുന്നിന്റെ സാധ്യത സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് യുഎസ് പ്രസിഡണ്ട് ഡൊണാള്‍‌ഡ് ട്രംപ് പ്രസ്തുത മരുന്ന് തന്റെ രാജ്യത്ത് ലഭ്യമാക്കാനായി അന്തര്‍ദ്ദേശീയ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയത്. ഇന്ത്യയായിരുന്നു ട്രംപിന്റെ പ്രധാന ലക്ഷ്യം. മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൊവിഡ് ചികിത്സയില്‍ ഈ മരുന്നിനുള്ള സാധ്യത തിരിച്ചറിഞ്ഞ ഇന്ത്യ അവയുടെ കയറ്റുമതി നിരോധിച്ചിരുന്നു. മാത്രവുമല്ല, ഉല്‍പാദകരില്‍ നിന്ന് ഈ മരുന്ന് വന്‍തോതില്‍ വാങ്ങിവെക്കാനുള്ള നടപടികള്‍ ആരോഗ്യമന്ത്രാലയം തുടങ്ങുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് ഈ മരുന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചത് സാക്ഷാല്‍ ട്രംപ് തന്നെയാണ്. ഈ സമ്മര്‍‌ദ്ദത്തില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മരുന്ന് വിട്ടു നല്‍കുന്നത് പരിഗണിക്കാമെന്ന് സമ്മതിച്ചു. ട്രംപിന്റെ ഭീഷണി വന്നതോടെ അതിവേഗത്തില്‍ നിരോധനം നീക്കം ചെയ്യുകയും ചെയ്തു.

കൊറോണ കാലത്ത് ജ്വല്ലറികള്‍ അടഞ്ഞുകിടക്കുമ്പോഴും സ്വര്‍ണം പവന്റെ വില കുതിച്ചുയരുന്നു. സ്വര്‍ണം പവന് സര്‍വ്വകാല റെക്കോര്‍ഡാണ് രേഖപ്പെടുത്തിയത്. പവന് 32,800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 4100 രൂപ നല്‍കണം.

മാര്‍ച്ച് ആറിനാണ് സ്വര്‍ണവില 32,320 ല്‍ എത്തിയത്. ഇന്ന് അതും ഭേദിച്ചു. സ്വര്‍ണവില മാത്രമല്ല അവശ്യ സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കുകയാണ്. കൊറോണ കാലത്തെ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍

RECENT POSTS
Copyright © . All rights reserved