ലോകം മുഴുവൻ മഹാമാരി കൊറോണ എന്ന കോവിഡ് 19 ന്റെ പിടിയിൽ അമർന്നു ജീവഹാനികൾ സംഭവിക്കുമ്പോൾ ആ വാർത്തകൾ കണ്ടു ഏവരെയും പോലെ നെടുവീർപ്പെട്ടു വേദനയോടെ ഇരുന്ന പുളിങ്കുന്ന് ഗ്രാമവാസികളുടെ നെഞ്ചിൽ ഇടിത്തീ കോരിയിട്ട ഇരട്ടപ്രഹരം ആയി പടക്കനിർമാണ ശാലയിലെ വൻ ദുരന്തം .
കിലോമീറ്റുറുകൾ അപ്പുറം കേട്ട വൻ സ്ഫോടനം. അറിഞ്ഞും കെട്ടും ഓടിയടുത്ത നാട്ടുകാർ പടക്കശാലയിൽ ജോലിചെയ്യുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരുടെതു പറഞ്ഞു വേദനയോടെ ഒന്നും പറ്റരുതേ എന്ന് ഹൃദയം ഉരുകി പ്രാർഥിച്ചത് വെറുതെ ആയി. ഒന്നിന് പിറകെ ഒന്നായി മരണം നാലായി. ഗുരുതരാവസ്ഥയിൽ ഇനിയും രണ്ടുപേർ.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്ന പുളിങ്കുന്ന് സ്വദേശി വിജയമ്മ സുരേന്ദ്രൻ ആണ് ഒടുവിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു പുളിങ്കുന്ന് വലിയ പള്ളിക്ക് സമീപം പടക്ക നിർമാണശാല പൊട്ടിത്തെറിച്ചത്.
വിജയമ്മയെ കൂടാതെ ബിനു, റെജി, കുഞ്ഞുമോൾ എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. അനധികൃത പടക്ക നിർമാണ യൂണിറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി. പുളിങ്കുന്ന് സ്വദേശി കൊച്ചുമോൻ ആന്റണി പുരയ്ക്കലിൻറെ ഉടമസ്ഥതയിലുള്ളതാണ് ഈ പടക്ക നിർമ്മാണ യൂണിറ്റ്.
വലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.
സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.
ബിജോ തോമസ് അടവിച്ചിറ
മലയാള സിനിമയിൽ ഒരുകാലത്ത് ഏറെ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് സച്ചി-സേതു എന്നിവരുടേത്. ചോക്ലേറ്റ് എന്ന പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി തിരക്കഥ രചിച്ചിരുന്നത്. പിന്നീട് എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ നിന്ന് മലയാളികൾക്ക് ലഭിക്കുകയുണ്ടായി. മമ്മൂട്ടി ചിത്രമായ ഡബിൾസിന് വേണ്ടിയാണ് ഇരുവരും അവസാനമായി ഒരുമിച്ചു തിരക്കഥാ രചിക്കുന്നത്. അതിന് ശേഷം രണ്ട് പേരും സ്വതന്ത്ര തിരകഥാകൃത്തുകളായി മാറുകയായിരുന്നു. സച്ചിയുമായി പിരിയാനുള്ള കാരണം സേതു അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.
ഒരു ബിൽഡിംഗ് ഓണർ – ടെനന്റ് ബന്ധത്തിലൂടെ സേതുവിനെ പരിചയപ്പെട്ടതെന്ന് സച്ചി വ്യക്തമാക്കി. തിരക്ക് ഒഴിഞ്ഞ വൈകുന്നേരങ്ങളിൽ സിനിമകളെ കുറിച്ചു സംസാരിക്കാറുണ്ടെന്നും രണ്ട് പേർക്കും സിനിമ സീരിയസായിട്ട് തോന്നിയപ്പോൾ കൂട്ടായി ഒരു പരിശ്രമം നടത്തിയാലോ എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് സച്ചി പറയുകയുണ്ടായി. രണ്ട് പേർക്കും രണ്ട് പേരുടേതായ സിനിമകൾ ഉണ്ട് സെൻസിബിലിറ്റിയുണ്ട് ഭാഷബോധവുമുണ്ട്, എല്ലാ കാര്യങ്ങളിലും രണ്ട് രീതികൾ ആയതുകൊണ്ട് അധിക നാൾ മുന്നോട്ട് പോവില്ല എന്ന് നേരത്തെ തങ്ങൾക്ക് അറിയാമായിരുന്നു എന്ന് സച്ചി കൂട്ടിച്ചേർത്തു.
പരസ്പരം യോജിക്കാവുന്ന ചില കഥകൾ ഇൻഡസ്ട്രിയിലെ എൻട്രിയ്ക്ക് വേണ്ടി ആദ്യം ചെയ്യുകയും പിന്നീട് പിരിയാമെന്നും ഇരുവരും തീരുമാനിക്കുകയായിരുന്നു എന്ന് സച്ചി തുറന്ന് പറയുകയുണ്ടായി. തിരക്കഥാ രചിക്കുമ്പോൾ രണ്ട് പേർക്കും രണ്ട് അഭിപ്രായം പലപ്പോഴായി വന്നപ്പോൾ ഒരുപാട് തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും രണ്ട് പേരുടെ സ്ക്രിപ്റ്റ് സെൻസ് വളരുവാൻ കാരണമായിയെന്ന് സച്ചി വ്യക്തമാക്കി. ഇപ്പോഴും സേതുവായി നല്ല സൗഹൃദം നിലനിർത്തുന്നുണ്ട് എന്ന് സച്ചി കൂട്ടിച്ചേർത്തു. സച്ചി അവസാനമായി സംവിധാനം ചെയ്ത അയപ്പനും കോശിയും അടുത്തിടെ തിരക്കഥ മാത്രം രചിച്ച ഡ്രൈവിംഗ് ലൈസൻസും വലിയ വിജയമാണ് നേടിയെടുത്തത്.
ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത ഒഴിയുന്നില്ല. മൊബൈല്‍ ടവറുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ഇന്ന് പോലീസിന് ലഭിക്കും. പ്രദേശത്ത് അന്ന് മൊബൈല്‍ ഉപയോഗിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കുമെന്നതിനാല്‍ കേസന്വേഷണത്തിന് ഏറ്റവും ഗുണകരമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തുന്നതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. കുട്ടിയെ കാണാതായ സമയം മുതല്‍ മൃതദേഹം കണ്ടെത്തിയതുവരെയുള്ള എല്ലാ ഫോണ്‍ സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. അന്വേഷണസംഘം ഇന്നലെ കുട്ടിയുടെ മാതാപിതാക്കളെ നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു.
അമ്മ ധന്യയുമായി ഒരു മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. പൊലീസിന്റെ സംശയങ്ങള്‍, രക്ഷിതാക്കളുടെ സംശയങ്ങള്‍, ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഓരോ വിവരവും ചോദിച്ചറിഞ്ഞത്. മൊഴി രേഖപ്പെടുത്താനായി ഇവരെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ രണ്ടുതവണ ധന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കുട്ടി ഒരിയ്ക്കലും തനിയെ പുഴയുടെ ഭാഗത്തേക്ക് പോകില്ലെന്ന നിലപാടിലാണ് അച്ഛനും അമ്മയും ഇന്നലെയും ഉറച്ചുനിന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 61 പേരെ ചോദ്യം ചെയ്തു.
മുഖം മറയ്ക്കാതെ പൊതുവിടത്തില്‍ തുമ്മിയ ബൈക്ക് യാത്രികനായ യുവാവിനെ ക്രൂരമര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ബൈക്ക് യാത്രക്കാരനായ ഒരാള്‍ യുവാവിനെ തടഞ്ഞ് നിര്‍ത്തുകയും മുഖം മറയ്ക്കാതെ തുമ്മിയതെന്തിനാണെന്ന് ചോദിക്കുകയും ചെയ്തു. ഇത് വാക്കുതര്‍ക്കത്തിന് കാരണമാകുകയും യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്.
കോവിഡ് 19 നെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചൈന താക്കീത് നല്കിയ ഡോക്ടര്‍ക്ക് മേല്‍ ചുമത്തിയ കുറ്റം ചൈനീസ് അധികാരികള്‍ പിന്‍വലിച്ചു. കൊറോണരോഗത്തെ കുറിച്ചും അതിന്റെ ഭവിഷ്യത്തിനെ കുറിച്ചും ചൈനീസ് സര്‍ക്കാരിന് മുന്നറിയിപ്പു നല്കിയ ഡോ ലീ വെന്‍ലിയാങ് കോവിഡ് 19 ബാധിച്ച് ഫെബ്രുവരിയില്‍ മരിച്ചിരുന്നു.
അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് വുഹാന്‍ പോലീസ് പിന്‍വലിച്ചെന്ന് പാര്‍ട്ടി അച്ചടക്ക സമിതി അറിയിച്ചു. ഡോക്ടര്‍ ലീയുടെ കുടുംബത്തിനോട് ക്ഷമാപണം നടത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നല്കിയ പോലീസുകാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. വൂഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം, ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പില്‍ ലീ പങ്കുവെക്കുകയായിരുന്നു. തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ലീയുടെ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ലീയുടെ പേര് സന്ദേശത്തില്‍നിന്ന് മായ്ക്കപ്പെട്ടിരുന്നുമില്ല. തുടര്‍ന്ന് വ്യാജ വാര്‍ത്താ പ്രചരണ കുറ്റം ലീക്ക് മേല്‍ പോലീസ് ചുമത്തുകയായിരുന്നു.
അമേരിക്കന്‍ ഗായകനും എഴുത്തുകാരനും അഭിനേതാവുമായ കെന്നി റോജേഴ്സ് അന്തരിച്ചു. 81 വയസ്സുള്ള അദ്ദേഹം മരിച്ച വിവരം കുടുംബമാണ് പുറത്ത് വിട്ടത്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. കൊറോണവൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്കാരം സ്വകാര്യ ചടങ്ങായി നടത്താനാണ് തീരുമാനം.
ആറ് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ കലാസപര്യയില്‍ ദി ഗാംബ്ലര്‍, ലേഡി, ഐലന്‍ഡ്സ് ഇന്‍ സ്ട്രീം, ഷീ ബിലീവ്സ് ഇന്‍ മീ, ത്രൂ ദ ഇയേഴ്സ് തുടങ്ങിയ ഗാനങ്ങള്‍ ഏറെ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്.
1970-കളിലും 1980-കളിലും സംഗീത രംഗത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു റോജേഴ്സിന്റെ ഗാനങ്ങള്‍. മൂന്ന് തവണ ഗ്രാമി പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. 2015-ല്‍ അദ്ദേഹം വിടപറയല്‍ സംഗീത പര്യടനം ആരംഭിച്ചു. 2018 ഏപ്രിലില്‍ അദ്ദേഹം ആരോഗ്യ കാരണങ്ങളാല്‍ ആ പര്യടനം പകുതി വഴിയില്‍ അവസാനിപ്പിച്ചു.
അദ്ദേഹം ഡോളി പാര്‍ട്ടണുമായി ചേര്‍ന്ന് വിശ്വവിഖ്യാതമായ ഡ്യുവറ്റുകള്‍ പാടിയിട്ടുണ്ട്. 1938 ഓഗസ്ത് 21-നാണ് അദ്ദേഹം ജനിച്ചത്.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നീണ്ടുപോകുന്നതോടെ അനിശ്ചിതത്വത്തിലാകുന്നത് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ രാജ്യാന്തര ഭാവി കൂടിയാണ്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റ് ക്രീസിനോട് വിടപറഞ്ഞ ധോണി ടി20 ലോകകപ്പിലൂടെ മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ആരാധകർ. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാതെ വന്നാൽ ധോണിക്ക് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരുക അസാധ്യമാകും. ഇത് അടിവരയിടുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടുക എന്നത് ധോണിയെ സംബന്ധിച്ചടുത്തോളം ഇനി അപ്രായോഗികമായിരിക്കുമെന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. “ധോണിയെ ഇനിയും ഇന്ത്യൻ ടീമിൽ കാണുക എന്നത് എന്റെ ആഗ്രഹമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് നടക്കുമെന്ന് തോന്നുന്നില്ല” ഗവാസ്കർ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ധോണി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത്. ന്യൂസിലൻഡിനെതിരായ സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രീസ് വിട്ട ധോണി സൈനിക സേവനമുൾപ്പടെയുള്ള കാര്യങ്ങൾക്ക് സമയം ചെലവഴിക്കുകയായിരുന്നു.
ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ മാത്രമേ ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകൂ എന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമില്‍ കടിച്ചുതൂങ്ങി നില്ക്കാന് ആഗ്രഹിക്കുന്ന താരമല്ല ധോണി. ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ തീര്‍ച്ചയായും ധോണി ടി20 ലോകകപ്പിലും ഉണ്ടാകുന്നുമായിരുന്നു രവി ശാസ്ത്രിയുടെ വാക്കുകൾ.
മാര്‍ച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനായി 38 വയസ്സുകാരനായ മുന്‍ ക്യാപ്റ്റന്‍ ചെന്നൈയില്‍ ഒരുമാസം മുമ്പ് എത്തിയിരുന്നു. ട്രോഫി തിരിച്ചു പിടിക്കുന്നതിനായി ധോണിക്കൊപ്പം സുരേഷ് റെയ്നയും മുരളി വിജയും കഠിനമായി പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, കൊറോണ വൈറസിന്റെ വ്യാപനം അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചു.
ഏപ്രില്‍ 15 വരെ ഐപിഎല്‍ 13-ാം സീസണ് മാറ്റിവച്ചിരിക്കുകായണ്. വെട്ടിച്ചുരുക്കിയ ഐപിഎല്ലോ ടൂര്‍ണമെന്റ് റദ്ദാക്കലോ പ്രതീക്ഷിക്കാം. കൊറോണ പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് ലോകമെമ്പാടും അസോസിയേഷനുകള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നു. ഐപിഎല്‍ സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും എടുക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 70 പേരെയാണ്. രോഗം സ്ഥിരീകരിച്ച എല്ലാവരും ഗള്‍ഫില്‍ നിന്ന് തിരിച്ചു വന്നവരാണ്. 52,705 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
ഇതോടെ ആകെ 52 പേര്‍ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചു. കാസറഗോഡ് ആറു പേര്‍ക്കും ഏറണാകുളത്ത് മൂന്നു പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആളുകള്‍ കൂടുന്ന എല്ലാ ആഘോഷങ്ങളും ചടങ്ങുകളും ഒഴിവാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വിവിധ മതമേലധ്യക്ഷന്മാര് ഇക്കാര്യത്തില്‍ ഉറപ്പ് തന്നതായും അത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പലരും പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാലിക്കാതിരിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിരോധനാജ്ഞ അടക്കമുള്ള കടുത്ത നീക്കങ്ങളിലേക്ക് സര്‍ക്കാരിന് പോകേണ്ടതായി വരും.
കോവിഡ് 19 ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ നിരവധി സെലിബ്രിറ്റികളാണ് സ്വയം ഐസൊലേഷനില്‍ കഴിയുന്നത്. വിചിത്രമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഗായിക മൈലെ സൈറസ്. ക്വാറന്റീനില്‍ കഴിയുന്ന താന്‍ അഞ്ച് ദിവസമായി കുളിച്ചിട്ടില്ല എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വെളിപ്പെടുത്തുന്നത്.
അഞ്ച് ദിവസമായി താന്‍ കുളിക്കുകയോ വസ്ത്രങ്ങള്‍ മാറുകയോ ചെയ്തിട്ടില്ല എന്ന് മൈലെ പറയുന്നത്. മാത്രമല്ല അടുത്തൊന്നും കുളിക്കാന്‍ പ്ലാന്‍ ഇല്ലെന്നും ഗായിക വ്യക്തമാക്കുകയും ചെയ്തു. മഴവില്‍ നിറത്തിലുള്ള തൊപ്പിയും കറുത്ത ഓവര്‍സൈസ് ബനിയനും ധരിച്ചാണ് മെലെയുടെ ഇരിപ്പ്.
കൊറോണ പടരുന്ന സാഹചര്യത്തില്‍ വൃത്തിയായിരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞ് നിരവധി കമന്റുകളാണ് വീഡിയോക്ക് വരുന്നത്. ലോകത്ത് 282,868 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 11,822 പേരാണ് മരിച്ചത്.
View this post on Instagram
MOOD until further notice 🌈 ( Watch Bright Minded: Live With Miley Mon-Fri 11:30am-12:30pm PT )
അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാൻ പറഞ്ഞിട്ടും കേട്ടില്ലെങ്കിൽ എന്തുചെയ്യും? നാലു ചീത്ത പറഞ്ഞ് അവിടെയിരുത്തും. അതുതന്നെയാണിപ്പോൾ മലയാളികൾ ചെയ്തതും. കൊറോണവൈറസ് പടരുന്നതിനിടെ പരമാവധി വീട്ടിൽത്തന്നെ തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ.
ഓരോരുത്തരും സുരക്ഷിത അകലം പാലിച്ച് കോവിഡിനെ പടരാതെ പരമാവധി തടയുകയാണു ലക്ഷ്യം. കേന്ദ്രസർക്കാർ ഞായറാഴ്ച ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. കേരളം പൂർണ പിന്തുണയും നൽകിയിട്ടുണ്ട്. അതിനിടയിലാണ് കോവിഡ് സംശയിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടവരിൽ ചിലർ ‘ചാടിപ്പോയ’ വാർത്ത പുറത്തുവരുന്നത്.
മറ്റുള്ളവരുടെ ജീവൻവച്ചുള്ള ഈ ഞാണിന്മേൽ കളി കൈവിട്ടുപോകുമെന്ന അവസ്ഥയായതോടെയാണ് മലയാളികൾ സമൂഹമാധ്യമങ്ങളിൽ പുതിയൊരു തന്ത്രവുമായെത്തിയത്. വീട്ടിലിരിക്കാൻ ബുദ്ധിമുട്ടുള്ളവർക്കു നേരെ മലയാളി നടത്തിയ തനി നാടൻ പ്രയോഗം ട്വിറ്ററിൽ ടോപ് ട്രെൻഡാവുകയും ചെയ്തു– #വീട്ടിലിരിമൈ#$^&* എന്ന ഹാഷ്ടാഗാണ് ട്വിറ്ററിൽ ട്രെൻഡായത്. മലയാളത്തിലുള്ള ഒരു ഹാഷ്ടാഗ് ഇത്തരത്തിൽ ട്രെൻഡാകുന്നതും അപൂർവം.
ഇതെന്താണു സംഗതിയെന്നു സംശയം പ്രകടിപ്പിച്ച അയൽസംസ്ഥാനക്കാര്‍ക്കു മലയാളികൾതന്നെ അർഥം കണ്ടെത്താനുള്ള വഴി പറഞ്ഞുകൊടുത്തു– What is the word for ‘Hair’ in Tamil? എന്നു ഗൂഗിളിൽ ടൈപ് ചെയ്താല്‍ മതി. തമിഴിലും അതത്ര നല്ല വാക്കൊന്നുമല്ല, ചീത്തപറയാൻ തന്നെയാണ് പലയിടത്തും ഉപയോഗിക്കുന്നത്. എങ്കിലും സംഗതി പിടികിട്ടും.
സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് #വീട്ടിലിരിമൈ#&*&^% ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്തത്. ‘സാധാരണ ഞാനങ്ങനെ മോശം വാക്കുകളൊന്നും പറയാത്തതാണ്, പക്ഷേ ഇതൊരു നല്ല കാര്യത്തിനു വേണ്ടിയായതിനാൽ പറയുകയാണ്..’ എന്നായിരുന്നു ഒരു ട്വീറ്റ്. ട്രോളുകളും മീമുകളും വിഡിയോകളും ജിഫുകളും കോമഡി ഡയലോഗുകളുമൊക്കെ ചേർത്ത് ഹാഷ്ടാഗ് ട്വിറ്ററില്‍ കത്തിപ്പടരുകയാണ്. രാവിലെ തുടങ്ങി ഉച്ചയായപ്പോഴേക്കും 15,000ത്തിലേറെ ട്വീറ്റുകളാണ് ഈ ഹാഷ്ടാഗുകളോടെ ട്വിറ്ററിലെത്തിയത്.
കാസർകോട് നിരീക്ഷണത്തിലിരിക്കെ പുറത്തുപോയ വ്യക്തിയുടെ സമ്പർക്ക വിവരങ്ങൾ ഉച്ചയോടെ പുറത്തുവന്നതോടെ ആ വാർത്ത ചൂണ്ടിക്കാട്ടിയും ഹാഷ്ടാഗുകൾ നിറഞ്ഞു. #CoronaStopKarona എന്ന ഹിന്ദി ഹാഷ്ടാഗും ട്രെൻഡ് ലിസ്റ്റിലുണ്ട്. ട്വിറ്ററിൽ ശനിയാഴ്ച ട്രെൻഡ് ലിസ്റ്റിലെത്തിയ ഹാഷ്ടാഗുകളിലേറെയും കൊറോണയുമായി ബന്ധപ്പെട്ടതായിരുന്നു. #StayHomeStaySafe, #JantaCurfewMarch22, #SocialDistancing, #WarAgainstVirus, #BreakTheChain തുടങ്ങിയ ഹാഷ്ടാഗുകളുണ്ടെങ്കിലും കേരളത്തിൽ സൂപ്പർ ഹിറ്റായി #വീട്ടിലിരിമൈ#&*&^% തുടരുകയാണ്.