Latest News

ഋഷി കപൂറിന്റെ മരണത്തിനു മുമ്പുള്ള ഐസിയുവിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ആശുപത്രിയില്‍ അദ്ദേഹത്തെ പരിചരിക്കുന്നവരാരോ രഹസ്യമായി ചിത്രീകരിച്ച വിഡിയോ ആണ് താരത്തിന്റെ മരണശേഷം വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് അര്‍ജുന്‍ കപൂര്‍, മിനി മാതുര്‍, കരണ്‍ വാഹി എന്നീ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഐസിയുവില്‍ ഫോണ്‍ ഉപയോഗിച്ചതിനെ കുറിച്ചും ആശുപത്രി ജീവനക്കാര്‍ക്ക് എതിരെയുമാണ് താരങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. ഋഷി കപൂറിന്റെ സ്വകാര്യതക്ക് എതിരെയുള്ള കനത്ത ലംഘനമാണിതെന്നും എന്ത് സംഭവവും ആദ്യം എത്തിക്കുന്ന ചിലരുടെ ഭ്രാന്തമായ ചിന്തകളാണ് ഇത്തരം പ്രവർത്തികള്‍ക്കു പിന്നിലെന്നും അർജുൻ കപൂർ പറഞ്ഞു. വിഡിയോ ലഭിച്ചാല്‍ അത് ഫോര്‍വേഡ് ചെയ്യരുതെന്നാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാക്കുകയാണ് പെന്റഗൺ ഔദ്യോഗികമായി പങ്കുവച്ചിരിക്കുന്ന വിഡിയോ. വർഷങ്ങൾക്ക് മുൻപ് തന്നെ പ്രചരിച്ച വിഡിയോകൾ വ്യാജമല്ലെന്ന് ഇതോടെ വ്യക്തമാവുകയാണ്. ‌മൂന്നു വിഡിയോകളാണ് പെന്റഗൺ പുറത്തുവിട്ടത്.യുഎസ് നാവിക സേനയിലെ പൈലറ്റുമാർ 2004 ലും 2015 ലും പറക്കലിനിടെ കണ്ട തിരിച്ചറിയാൻ സാധിക്കാത്ത ചില ബഹിരാകാശ വസ്തുക്കളുടെ ദൃശ്യങ്ങളാണ് ഇവയിൽ.

2004ലുള്ള വിഡിയോയിൽ പസിഫിക് സമുദ്രത്തിനു മുകളിൽ വർത്തുളാകൃതിയിലുള്ള വസ്തു പറന്നുനിൽക്കുന്നതിന്റെ അവ്യക്തചിത്രമാണുള്ളത്. ഇതു പിന്നീട് അതിവേഗം ഉയരുന്നതും കാണാം. ഒരു വസ്തു ഇത്ര വേഗത്തിൽ ചലിക്കുന്നതു താൻ കണ്ടിട്ടില്ലെന്ന് സംഭവത്തിനു ദൃക്സാക്ഷിയായ കമാൻഡർ ഡേവിഡ് ഫ്രേവർ പറഞ്ഞു.

2015 ലെ വിഡിയോകളിൽ ആകാശത്ത് അതിവേഗം സഞ്ചരിക്കുന്ന ചില വസ്തുക്കളുടെ ചിത്രങ്ങളാണ്. ഇതിലൊരെണ്ണം വട്ടംകറങ്ങുന്നതായും കാണാം.ഈ വിഡിയോകൾ ചില സ്ഥാപനങ്ങൾ നേരത്തേ പുറത്തുവിട്ടിരുന്നു.തുടർന്ന് ഇവ അന്യഗ്രഹ ജീവികളുടെ വാഹനങ്ങളാണെന്ന് (യുഎഫ്ഒ) ഒരു കൂട്ടരും മറിച്ച് വ്യാജദൃശ്യങ്ങളാണെന്നു വേറൊരു കൂട്ടരും വാദിച്ചു.പെന്റഗണിന്റെ വെളിപ്പെടുത്തലോടെ വിഡിയോ സത്യമെന്നു തെളിഞ്ഞിരിക്കുകയാണ്.എന്നാൽ ഇവ അന്യഗ്രഹ വാഹനങ്ങളാണോയെന്ന സംശയം ബാക്കിയാണ്.

പറന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിക്കുന്ന പഞ്ചവര്‍ണ തത്തകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ഓസ്‌ട്രേലിയയിലാണ് സംഭവം. കൊറോണ വൈറസിന് സമാനമായ മറ്റൊരു വൈറസാണ് പഞ്ചനവവര്‍ണതത്തകളുടെ ജീവനെടുക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൂട്ടമായി പറക്കുന്ന പഞ്ചവര്‍ണതത്തകള്‍ പെട്ടന്നാണ് പരസ്പരം കൊത്ത്കൂടി നിലത്തേക്ക് വീണ് ശ്വാസം മുട്ടി ചാവുന്നത്. ഏതാനും ദിവസങ്ങളായി ഓസ്‌ട്രേലിയയിലെ ബ്രിസേബേനിലാണ് ഈ വിചിത്ര പ്രതിഭാസം അരങ്ങേറുന്നത്. നൂറുകണക്കിന് തത്തകളാണ് ഇത്തരത്തില്‍ ചത്ത് വീണത്.

ഭ്രാന്ത് പിടിച്ചത് പോലെ തത്തകള്‍ പരസ്പരം കൊത്തുകയും അതിന് ശേഷം ചത്ത് വീഴുകയും ചെയ്യുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പറക്കുന്നതിനിടയില്‍ ചലനം നിലയ്ക്കുന്ന തത്തകള്‍ നിലത്തേക്ക് വീഴുന്നതിന് ഇടയ്ക്ക് മറ്റ് തത്തകളെ കൊത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്നതോടെ അവയും ചത്ത് വീഴുകയാണെന്നും അവര്‍ പറയുന്നു.

ശ്വാസം മുട്ടിയാണ് പക്ഷികള്‍ക്ക് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂട്ടം കൂടി പറക്കുന്നതിനിടയില്‍ തത്തകള്‍ക്കിടയില്‍ കൊറോണയ്ക്ക് സമാനമായ വൈറസ് വ്യാപനം നടക്കുന്നുവെന്നാണ് ഗ്രിഫിറ്റ് സര്‍വ്വകലാശാലയിലെ ഡാറില്‍ ജോണ്‍സ് പ്രതികരിക്കുന്നത്.

തത്തകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന ഈ സാഹചര്യം ആശങ്കാകരമാണെന്നും ഡാറില്‍ പറയുന്നു. വൈറസ് ബാധ മനുഷ്യരിലേക്ക് പകരാനും സാധ്യതയുള്ളതിനാല്‍ ഈ സാഹചര്യമൊഴിവാക്കാന്‍ തത്തകള്‍ക്ക് ആരും തീറ്റ നല്കരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രമുഖ വ്യവസായിയും മാനന്തവാടിയിലെ അറയ്ക്കല്‍ പാലസ് ഉടമയുമായ ജോയി അറക്കലിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ബര്‍ദുബായ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍. ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14 ാം നിലയില്‍ നിന്ന് ചാടി ജോയി ആത്മഹത്യചെയ്തതാണെന്ന് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി.

ഏപ്രില്‍ 23നായിരുന്നു ജോയി ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു മരണം. യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമായ ജോയിയുടെ രണ്ട് ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.

ഇതിനിടെയാണ് പുതിയ എണ്ണ വില ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തില്‍ കാലതാമസം നേരിട്ടത്. മൂന്ന് മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ച പദ്ധതി വൈകിയത് ജോയിയെ മനോവിഷമത്തിലാക്കിയിരുന്നതായാണ് കുടുംബ സുഹൃത്തുക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഉർജസോത്രസ്‌ പ്രകൃതിയിലേക്ക് തന്നെ തിരിച്ചു നൽകുന്ന ജോയിയുടെ സ്വപ്ന പദ്ധതി ആണ് പാതിവഴിയിൽ വച്ച് ഈ കൊടും സാഹസത്തിൽ അവസാനിപ്പിച്ചത്

പെട്രോള്‍ വിലയിടിവില്‍ ഉണ്ടായ നഷ്ടമാണ് പദ്ധതി പൂര്‍ത്തീകരണം വൈകിപ്പിച്ചത്. യുഎഇയില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവസായിയുടെ പേര് ജോയിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത് തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹവുമായി ജോയിക്ക് ഒരു ബന്ധവുമില്ലെന്നും സുഹൃത്തിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ ജോയിയുടെ മരണത്തിനു പിന്നിൽ പ്രോജക്ട് ഡയറക്ടറുടെ പങ്കു അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു ജോയിയുടെ മകൻ ബർദുബൈ പോലീസ്‌സ്റ്റേഷനിൽ പരാതി നൽകിയതായി യുഎഇ ന്യൂസ് ബറോയിൽ നിന്നും ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. ഒരിക്കലും സ്വമേധയായി ജോയി ആത്മഹത്യക്കു മുതിരില്ലന്നും പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലുകൾ മനംനൊന്തു ജോയി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും ജോയിയുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അറിയാൻ കഴിഞ്ഞത്.കനേഡിയൻ പൗരത്വമുള്ള ലെബനൻ സ്വദേശി റാബി കാരദിന്റെ പങ്കു അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് മകൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്

വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് ജോയിയുടെ മൃതദേഹം അറയ്ക്കല്‍ പാലസില്‍ എത്തിച്ചത്. രാവിലെ ഏഴരയോടെ പള്ളിയില്‍ എത്തിച്ച മൃതദേഹം ചടങ്ങുകള്‍ക്ക് ശേഷം എട്ടുമണിയോടെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു. മാനന്തവാടി മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ പള്ളിയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് അടക്കം ചെയ്തത്.

ചെന്നൈ നഗരത്തെ കൊവിഡ് വലിഞ്ഞുമുറുക്കുന്നു. കോയമ്പേട് മാര്‍ക്കറ്റിലെ 81 കച്ചവടക്കാര്‍ത്ത് കൊവിഡ്-19 സ്ഥിരീകരിച്ചു. മാര്‍ക്കറ്റ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.

രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അരിയല്ലൂര്‍, പെരമ്പലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, തിരുനെല്‍വേലി, കടലൂര്‍, വിഴിപ്പുരം ജില്ലകളിലാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

2323 പേര്‍ക്കാണ് ഇതുവരെ തമിഴ്നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 1038 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട്.

മയക്കുമരുന്ന് കള്ളക്കടത്ത്, ആളുകളെ തട്ടിക്കൊണ്ട് പോകല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, സംഘടിതകുറ്റകൃത്യങ്ങള്‍ എന്നിവക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ വധ ഭീഷണിയെതുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് നാട് വിട്ട് സ്വീഡനില്‍ അഭയം തേടിയ പാക് മാധ്യമ പ്രവര്‍ത്തകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാകിസ്ഥാനിലെ ബലൂചിസ്താന്‍ ടൈംസ് എന്ന ഓണ്‍ലൈന്റെ ചീഫ് എഡിറ്ററായിരുന്ന സാജിദ് ഹുസൈനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് 22 മുതല്‍ സാജിദിനെ കാണാനില്ലായിരുന്നു. പാകിസ്ഥാനില്‍ നിന്ന് പലായനം ചെയ്തതിനുശേഷം യു.എ.ഇ, ഉഗാണ്ട, ഒമാന്‍ എന്നീ രാജ്യങ്ങളിലായിരുന്നു. അവിടുന്നാണ് 2018ല്‍ സ്വീഡനിലെത്തിയത്. സ്വീഡനില്‍ സുഹൃത്തിനൊപ്പം താമസിച്ച് ഒരു സ്ഥാപനത്തില്‍ പാര്‍ട്ട്‌ട്ടൈം ജോലിനോക്കി വരികയായിരുന്നു സാജിദ്. ഭാര്യയെയും മക്കളെയും സ്വീഡനിേലക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ഇദ്ദേഹം.

ഏപ്രില്‍ 23ന് സ്റ്റോക്ഹോമിന് സമീപത്തെ അപ്‌സലയിലെ ഫൈറിസ് നദീതീരത്താണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി.

കോവിഡ് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി രാജ്യത്ത് നിയന്ത്രിതമായി മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെങ്കിലും ബാറുകൾക്ക് മേയ് 17 വരെ പ്രവർത്തനാനുമതിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗരേഖപ്രകാരം ബാറുകളുടെ പ്രവര്‍ത്തനം മേയ് നാല് മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി കര്‍ശനമായി വിലക്കിയിരിക്കുന്നു. ഒരു സോണിലും പാടില്ലാത്തവ എന്ന് പറഞ്ഞാണ് ബാറുകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല എന്ന് ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു.

കേരളവും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങള്‍ കനത്ത വരുമാനനഷ്ടം ചൂണ്ടിക്കാട്ടി നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മദ്യവിൽപ്പനശാലകൾ കൃത്യമായ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാമെന്നാണ് പറയുന്നത്. പാൻ, ഗുഡ്ക, സിഗററ്റ് എന്നിവ വിൽക്കുന്ന കടകൾ തുറക്കാമെന്ന് പറയുന്നു. അഞ്ച് പേരിൽ കൂടുതൽ മദ്യവിൽപ്പനശാലകളിൽ ഒരേസമയം ഉണ്ടാകാൻ പാടില്ല. ഇത്തരം വസ്തുക്കൾ വിൽക്കുന്ന കടകൾ തമ്മിൽ ആറടി അകലം പാലിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. പൊതുസ്ഥലങ്ങളിൽ മദ്യമടക്കമുള്ള മേൽപ്പറഞ്ഞ ലഹരി വസ്തുക്കളുടെ ഉപയോഗം പാടില്ല.

എന്നാൽ കേന്ദ്രം അനുവദിച്ച ഇളവുകൾ നടപ്പാക്കുന്നത് കൃത്യമായ ഇടപെടലോടെ മതിയെന്ന നിലപാടിൽ‌ കേരളം. കേന്ദ്രം അനുവദിച്ച ഇളവ് അനുവദിച്ച മദ്യ വിൽപന ശാല തുറക്കുന്നത് ഉൾപ്പെടെ കരുതലോടെ മതിയെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ബാർബർ ഷോപ്പുകൾ തുറക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നത തലയോഗത്തിൽ ധാരണയായി.

ബീവറേജസ് ഉൾപ്പെടെ മദ്യഷോപ്പുകൾ തുറക്കുന്നത് വലിയ തോതിൽ ആൾക്കൂട്ടം രൂപം കൊള്ളുന്നതിന് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. കുടാതെ ഗ്രീൻ സോണിൽ ഇളവുകളോടെ അനുവദിച്ച പൊതുഗതാഗതവും വേണ്ടെന്ന് വയ്ക്കുകയാണ് സർക്കാർ. എന്നാൽ വയനാടിനും എണറാകുളത്തിനും ഒപ്പം ഇപ്പോൾ രോഗികളൊന്നുമില്ലാത്ത തൃശ്ശൂരും ആലപ്പുഴയും കൂടി ഗ്രീൻ സോണിലുൾപ്പെടുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം. കഴിഞ്ഞ 21 ദിവസങ്ങളായി പുതിയ രോഗികൾ ഇല്ലെന്ന വിലയിരുത്തലാണ് ഇത്തരം ഒരു അഭിപ്രായം ഉയരാൻ കാരണമായത്.

അതേസമയം, മൂന്നാം ഘട്ട ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ച മറ്റ് ഉളവുകൾ‌ നടപ്പാകാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മറ്റ് ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രിയുടെ പതിവ് വാർത്താ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

കോവിഡ് ലോക്ക് ഡൗണ്‍ മൂലം നാട്ടിലെത്താനാകാതെ ബ്രിട്ടനില്‍ കുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പട്ടിണിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നാട്ടിലേയ്ക്ക് മടങ്ങാനാകാതെ യുകെയില്‍ കുടുങ്ങിയിരിക്കുന്നത്. ആതുരസേവന സംഘടനകള്‍ നല്‍കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് അതിജീവനത്തിന് ആശ്രയം. എന്നാല്‍ ഈ സംഘടനകള്‍ തുടര്‍ന്ന് ഭക്ഷണം നല്‍കാന്‍ കഴിയുന്ന നിലയിലല്ല. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാര്‍ട്ട് ടൈം ജോലികള്‍ നഷ്ടമായിക്കഴിഞ്ഞു.

യുകെയിലെ വിവിധ സ്റ്റുഡന്റ്‌സ് ഗ്രൂപ്പുകള്‍ ലോക്കല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായും ചാരിറ്റബിള്‍ സംഘടനകളുമായും ബന്ധപ്പെട്ട് അടിയന്തരമായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കുന്നുണ്ടെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തൊഴില്‍ നഷ്ടപ്പെട്ടത് മൂലം മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ചെലവാക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് വലിയൊരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. തങ്ങളെ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

മൂവായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമെത്തിച്ചതായി ഇന്ത്യന്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പറയുന്നു. നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലുമിനി യൂണിയനും ഭക്ഷണമെത്തിക്കുന്നുണ്ട്്. പലരും ശരിക്കും പട്ടിണിയില്‍ തന്നെയാണെന്ന് സേവാ ട്രസ്റ്റ് എന്ന സംഘടനയുടെ ചരണ്‍ സെഖോണ്‍ പറയുന്നു. യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളില്‍ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി ഹാര്‍ഡ്ഷിപ്പ് ഫണ്ടിലെ പണം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട്്, ഈലിംഗ് സൗത്താളില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപി വീരേന്ദ്ര ശര്‍മ, വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്യംസണ് കത്ത് നല്‍കിയിരുന്നു. 2018-19ലെ കണക്ക് പ്രകാരം 270000ത്തിനടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുകെയിലുള്ളത്.

ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്നയാളാണ് മല്ലിക സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ ഇതിന് പല ഉദ്ദാഹരണങ്ങളുമുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയുമായി ബന്ധപ്പെടുത്തി മല്ലികയെ ഒന്നു ട്രോളാമെന്നു കരുതി വന്നയാള്‍ക്കും കിട്ടി കണക്കിന്. ഒരു ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നതായിരുന്നു മല്ലിക.

ലോക് ഡൗണ്‍ കാലവും മക്കളുടെ വിശേഷങ്ങളുമൊക്കെ പങ്കുവച്ച് പോകുമ്പോഴായിരുന്നു പരിഹാസ ചോദ്യവുമായി ഒരാള്‍ എത്തുന്നത്. അയാള്‍ക്ക് അറിയേണ്ടത് പൃഥ്വിയുടെ ലംബോര്‍ഗിനിയെ കുറിച്ചായിരുന്നു. ലംബോര്‍ഗിനി ഇപ്പോള്‍ എവിടെയാണമ്മേ എന്നായിരുന്നു കക്ഷിക്ക് അറിയേണ്ടിയിരുന്നത്. ഒട്ടും വൈകിയില്ല മറുപടിക്ക്. ‘ അതിവിടെ അലമാരയില്‍ വച്ചു പൂട്ടിയേക്കുകയാ മോനേ, ആവശ്യത്തിന് പുറത്തെടുത്താല്‍ മതിയല്ലോ’ എന്നായിരുന്നു ചിരിയോടെയുള്ള ആ തിരിച്ചടി!

മുന്‍പ് ഒരഭിമുഖത്തില്‍ പൃഥ്വിരാജ് വാങ്ങിയ ആഡംബര വാഹനമായ ലംബോര്‍ഗിനി എത്തിക്കാന്‍ പര്യാപ്തമായ റോഡുകള്‍ കേരളത്തില്‍ ഇല്ലെന്നുള്ള മല്ലികയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരേയുള്ള വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു. അതിന്റെ ചുവട് പിടിച്ചായിരുന്നു ഈ ചോദ്യവും. എന്തായാലും ഈ ചോദ്യവും അതിനുള്ള ഉത്തരവും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിട്ടുണ്ട്.

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ബോളിവുഡിലെ രണ്ട് പ്രിയതാരങ്ങള്‍ ലോകത്തോട് വിടപറഞ്ഞത്. ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും മരണം സിനിമാലോകത്ത് തീരാനഷ്ടമായിരിക്കുകയാണ്. ഇരുവരുടെയും വിയോഗത്തില്‍ വേദന മാറും മുന്‍പേ ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ഇതിഹാസമായ നസറുദ്ദീന്‍ ഷായുടെയും മരണവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി.

നസ്റുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം മരിച്ചുവെന്നും അടക്കമുളള അഭ്യൂഹങ്ങളാണ് പലരും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്. വ്യാജവാര്‍ത്തകള്‍ കണ്ടതോടെ പ്രതികരണവുമായി നസറുദ്ദീന്‍ ഷായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും രംഗത്തെത്തി.

വാര്‍ത്തകള്‍ തെറ്റാണെന്നും നസറുദ്ദീന്‍ ഷായ്ക്ക് കുഴപ്പമൊന്നും ഇല്ലെന്നും ഷായുടെ ഭാര്യയും പ്രശസ്ത നടിയുമായ രത്ന പഥക് വ്യക്തമാക്കി. അദ്ദേഹം ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ നസറുദ്ദീന്‍ ഷാ തന്നെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രതികരണവുമായി രംഗത്ത് വന്നു.

”തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് തിരക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. താന്‍ സുഖമായി വീട്ടിലിരുന്ന് ലോക്ക്ഡൗണ്‍ നിരീക്ഷിക്കുകയാണ്. അഭ്യൂഹങ്ങളൊന്നും ദയവ് ചെയ്ത് വിശ്വസിക്കാതിരിക്കുക” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

”പ്രശ്നങ്ങളൊന്നുമില്ല. ബാബ സുഖമായിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചുളള എല്ലാ പ്രചാരണങ്ങളും വ്യാജമാണ്. അദ്ദേഹം സുഖമായി തുടരുന്നു. ഇര്‍ഫാന്‍ ഭായിക്കും ചിന്റു ജിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവരെ വളരെ അധികം മിസ്സ് ചെയ്യുന്നു. അവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഇത് വളരെ വേദനിപ്പിക്കുന്നു നഷ്ടമാണ്” എന്ന് ഷായുടെ മകന്‍ വിവാന്‍ ഷായും പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved