ലണ്ടൻ : കോവിഡ് എന്ന മഹാമാരി മനുഷ്യ ജീവിതത്തിൽ വിതച്ച താളപ്പിഴകൾ വാക്കുകൾക്കും അപ്പുറമാണ് . കോവിഡിനു മുമ്പും പിമ്പും എന്ന ഒരു ലോകക്രമം ഉരുത്തിരിയുന്ന പ്രതിഭാസമാണ് ആഗോളതലത്തിൽ കണ്ടു വരുന്നത്. മനുഷ്യമനസ്സിലേക്കു കോവിഡ് കോരിയിട്ടത് പൊള്ളുന്ന നോവുകളുടെ അണയാത്ത കനൽ കണങ്ങളാണ് , അതിലേക്ക് സ്വാന്ത്വനത്തിന്റെ കുളിർ മഴയായ് സംഗീതം പെയ്തിറങ്ങുന്ന സർഗ്ഗ സന്ധ്യകളുമായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ സ്ട്രിങ്സ് ഓർക്കസ്ട്ര നിങ്ങൾക്കരികിലേക്ക് എത്തുന്നു . മനസ്സാണ് മനുഷ്യൻ ; മനസ്സെടുക്കുന്ന തീരുമാനങ്ങളാണ് സ്വപ്നപ്പൂക്കളായി നാളെ നമുക്ക് ചുറ്റും സൗരഭ്യം വിതറുന്നത് . ആ മനസ്സിനെ വിഷാദം ബാധിച്ചാൽ സ്വപ്നങ്ങളുടെ പൂങ്കപാവങ്ങളാണ് വിഷാദത്തിൻറെ മരുഭൂവുകളാകുന്നത് .
കോവിഡ് വിഷാദ ഭീതിയിൽ ജീവിത വഴികളിൽ ഒറ്റപെട്ടവരെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തിൽ എത്തിക്കുന്ന നൂതന സംഗീത പരിപാടി ആയ ‘ ആഗോള അന്താക്ഷരി ‘ യുടെ കാലിക പ്രസക്തി . ഈ വിഷാദ കാലയളവിൽ വൈവിദ്യമാർന്ന സംഗീത സന്ധ്യ അവതരിപ്പിച്ച് ആഗോള സംഗീത പ്രേമികളുടെ ശ്രദ്ധ ആകർഷിച്ച ‘ സ്ട്രിങ്സ് ഓർക്കസ്ട്ര ‘ വീണ്ടും ചരിത്രം രചിക്കുന്നു.
കരളേ നിൻ കൈപിടിച്ചാൽ … ‘ എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനം , ദൈവദൂതൻ എന്ന സിനിമ വേണ്ടി പാടിയ പി . വി . പ്രീത നയിച്ച ഗാനസന്ധ്യ പോയ കാഴ്ച്ചകളിൽ കണ്ടത് ആയിരക്കണക്കിന് സംഗീത പ്രേമികളാണ് . പിന്നീട് വന്ന ആഴ്ചയിൽ ഭാരത് സജികുമാർ നയിച്ച സന്ധ്യയും ശ്രദ്ധിക്കപ്പെട്ടു .
ആലീസ് ഉണ്ണികൃഷ്ണൻ മലയാളി ഒരിക്കലും മറക്കാത്ത ഗായിക , 90 കളിലെ അമ്പലപ്പറമ്പിൽ അലയടിച്ച ശബ്ദം . നാടക ഗാനങ്ങളുടെ രാജകുമാരി . 1994 ലെ ഏറ്റവും മികച്ച നാടക ഗായികയ്ക്കുള്ള കേരളം സംസ്ഥാന സർക്കാരിന്റെ പുരസ്കാരം , എണ്ണിയാൽ ഒടുങ്ങാത്ത പുരസ്കാരങ്ങൾ . ആലിസ് ഉണ്ണികൃഷ്ണൻ നയിച്ച കഴിഞ്ഞ സംഗീത രാവ് ആസ്വദിച്ചത് പതിനായിരങ്ങളാണ് . അര നൂറ്റാണ്ട് കാലം സംഗീത രംഗത്തെ നിറസാന്നിദ്യമായ ആലീസ് ഉണ്ണിക്യഷ്ണൻ ആയിരങ്ങളുടെ മനസ്സിലേക്കാണ് സ്വാന്തനത്തിന്റെ കുളിർമഴയായി പെയ്തിറങ്ങിയത് .
ഇത്തവണ ‘ സ്ട്രിങ്സ് ഓർക്കസ്ട്ര ‘ വരുന്നത് ഏഷ്യാനെറ്റിലെ പ്രശസ്ത അവതാരകയും അറിയപ്പെടുന്ന ഗായികയുമായ പ്രീത നയിക്കുന്ന ‘ ആഗോള അന്താക്ഷരി എന്ന ഇൻറ്റർ ആക്റ്റീവ് പരിപാടിയുമായാണ് . മൂന്ന് ടീം അടങ്ങുന്ന ഒരു എപ്പിസോഡായാണ് ഓരോ ആഴ്ച്ചയും കടന്നു പോകുന്നത് . ഓരോ രാജ്യത്തെയും ഓരോ ടീം ആയി തരം തിരിക്കപ്പെടും . ഇതൊരു ആഗോള പരിപാടി ആയതിനാൽ മത്സരാർത്ഥികൾ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടും . എല്ലാ രാജ്യത്ത് നിന്നുള്ളവർക്കും പങ്കെടുക്കാവുന്നതാണ് . അതാത് രാജ്യങ്ങളിൽ നിന്നുളളവർ പരസ്യത്തിൽ കൊടുത്തിരിക്കുന്ന whatsapp നമ്പറിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ടിന്റെ മൂന്നോ നാലോ വരികൾ പാടി അയക്കുക. സംഗീതം സ്വാന്തനത്തിന്റെ അമൃത് പൊഴിക്കുന്നതിനോടൊപ്പം പുതിയ പുതിയ കലാകാരൻമാരെയും കലാകാരികളെയും കണ്ടെത്തുക കൂടി ചെയ്യുന്നു .
നിങ്ങളുടെ വീടിന്റെ സുരക്ഷിതത്തിലും സ്വകാര്യതയിലും ഇരുന്ന് എന്തുകൊണ്ട് ഈ പരിപാടിയിൽ പങ്കെടുത്തു കൂട ? സ്വപ്നങ്ങൾ നിങ്ങളുടേതാണ് . അതിനെ പിന്തുടരുക . അത് പൂവിടട്ടെ . സുഗന്ധവാഹിയാകട്ടെ
ജിപ്സൺ തോമസ്
ലണ്ടൻ : പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ട് പി ജെ ജോസഫിന്റെയും സി ഫ് തോമസിന്റെയും നേതൃത്വത്തിലുള്ള ഔദ്യോഗിക കേരളാ കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കും. കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന ഓൺലൈൻ മീറ്റിങ്ങിലാണ് തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്. ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപമായ ശ്രീ പി ജെ ജോസെഫിന്റെ നേതൃത്വത്തിൽ ജനോപകാരപ്രദവും കാർഷിക കേരളത്തിന്റെ സമഗ്ര വികസനം ലക്‌ഷ്യംവച്ചുള്ളതുമായ പരിപാടികൾക്ക് എല്ലാവിധ പിന്തുണയും നൽകുവാനും യോഗം തീരുമാനിച്ചു. പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ടിന്റെ അഭ്യർത്ഥന പ്രകാരം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കാതെ വലഞ്ഞ വിദ്യാർത്ഥികളടക്കമുള്ള പ്രവാസി സമൂഹത്തിന്റെ പ്രശ്നം കേരളാ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയ പാർട്ടി വർക്കിങ് ചെയർമാൻ ശ്രീ പിജെ ജോസഫ് എം എൽ എയ്ക്ക് യോഗം നന്ദി രേഖപ്പെടുത്തി. പ്രവാസി കേരള കോൺഗ്രസ് നേതാക്കളായ ശ്രീ ബിജു ഇളംതുരുത്തിൽ , ജിപ്സൺ തോമസ് എട്ടുത്തൊട്ടിയിൽ, ബിനോയ് പൊന്നാട്ട് , ജോസ് പരപ്പനാട്ട് , സിജോ വല്ലിയാനിപ്പുറം , ജെയിംസ് അറ ക്കത്തോട്ടം , സിബി കാവുകാട്ട് , ജിസ് കാനാട്ട് തുടങ്ങിയവർ സംസാരിച്ചു.
ന്യൂഡല്‍ഹി: കൊറോണയുടെ വ്യാപനം വർധിച്ചുകൊണ്ടിരിക്കുന്ന ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ കോവിഡ്19 ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ എഫ്.ഐ.എച്ച്. സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായ സിസ്റ്റര്‍ അജയ മേരി(68)യാണ് മരിച്ചത്. നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും രോഗവ്യാപനം വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കൊല്ലം കുമ്പള സ്വദേശിനിയാണ് സിസ്റ്റര്‍ അജയ മേരി. കുറച്ചു ദിവസങ്ങളായി ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബെംഗളൂരു, റായ്പുര്‍, ബിലാസ്പുര്‍(ഛത്തീസ്ഗഢ്) എന്നിവിടങ്ങളില്‍ കഴിഞ്ഞ മുപ്പതുവര്‍ഷത്തോളം സിസ്റ്റര്‍ അജയ മേരി സേവനം അനുഷ്ഠിച്ചിരുന്നു. ഇതിനു ശേഷമാണ് ഡല്‍ഹിയിലെത്തിയത്. സംസ്‌കാര സംബന്ധമായ വിവരങ്ങൾ അറിവായിട്ടില്ല.
വടക്കൻ ബോട്സ്വാനയിൽ 350 ലധികം കാട്ടാനകൾ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നിഗൂഡമായ ഈ കൂട്ട മരണത്തെ സംരക്ഷണ ദുരന്തം (conservation disaster) എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മെയ് മാസത്തിന്‍റെ തുടക്കത്തിൽ ഒകാവാംഗോ ഡെൽറ്റയിലാണ് ആദ്യമായി 169 ആനകള്‍ അടങ്ങുന്ന ഒരു കൂട്ടത്തെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജൂൺ പകുതിയോടെ ഈ സംഖ്യ ഇരട്ടിയിലധികമായി. ജഡങ്ങളില്‍ 70 ശതമാനവും കണ്ടെത്തിയത് മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ വരുന്ന പ്രദേശത്താണ്.
‘ഇത് വളരെക്കാലമായി കാണാത്ത ഒരു പ്രതിഭാസമാണ്. സാധാരണ വരള്‍ച്ചയുടെ കാലത്താണ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാറ്. അല്ലാതെ മറ്റൊരു സാഹചര്യത്തില്‍ ഇത്രയും ആനകള്‍ ഒരുമിച്ച് ചരിഞ്ഞ സംഭവം എന്ന്റെ അറിവില്‍ ഇല്ല’ എന്നാണ് യുകെ ആസ്ഥാനമായുള്ള നാഷണൽ പാർക്ക് റെസ്ക്യൂയിലെ ചാരിറ്റി കൺസർവേഷൻ ഡയറക്ടർ ഡോ. നിയാൾ മക്കാൻ പറഞ്ഞത്. ബോട്സ്വാന സർക്കാർ ഇതുവരെ സാമ്പിളുകൾ പരിശോധിച്ചിട്ടില്ല. അതിനാൽ മരണകാരണങ്ങൾ എന്താണെന്നോ, അത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം അവ്യക്തത തുടരുന്നു.
വിഷം, പകര്‍ച്ചവ്യാധി എന്നീ രണ്ടു സാധ്യതകളാണ് ശാസ്ത്രജ്ഞർ മുന്നോട്ടു വയ്ക്കുന്നത്. ചില ആനകളെ വട്ടം കറങ്ങുന്ന നിലയില്‍ കണ്ടതായി പ്രാദേശ വാസികളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ന്യൂറോളജിക്കൽ വൈകല്യത്തിന്റെ സൂചനയാണ്. ‘ശവങ്ങള്‍ നോക്കിയാല്‍ ചിലത് മുഖം കുത്തിയാണ് വീണതെന്ന് കാണാം. അവർ വളരെ പെട്ടന്ന് മരിച്ചുവെന്ന് അര്‍ഥം. വട്ടം കറങ്ങി വീണ ആനകള്‍ വളരെ പതുക്കെയാകാം ചരിഞ്ഞത്. അതിനാല്‍തന്നെ മരണകാരണം എന്താണെന്ന് അനുമാനിക്കാന്‍ പ്രയാസമാണ്’ എന്നാണ് മക്കാൻ പറയുന്നത്. ബോട്സ്വാന സര്‍ക്കാര്‍ ഇപ്പോഴും സാമ്പിള്‍ ലാബിലേക്കയച്ച് പരിശോധിക്കാന്‍ തയ്യാറായിട്ടില്ല എന്നതും അദ്ദേഹം വളരെ ഗൌരവത്തോടെയാണ് നോക്കിക്കാണുന്നത്.
അധിനിവേശ വെസ്റ്റ് ബാങ്കിനറെ പ്രധാന ഭാഗങ്ങളും ജോര്‍ദാന്‍ താഴ്വരയും ജൂണ്‍ ഒന്നിനകം പിടിച്ചെടുക്കുമെന്നായിരുന്നു ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ വര്‍ഷം വീണ്ടും അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന ശക്തമായ വിയോജിപ്പുകളേയും, പലസ്തീന്‍ ജനതയുടെ പ്രധിരോധത്തെയും, കൊവിഡ് മഹാമാരിയെയും അതിജീവിച്ചുകൊണ്ട് ജൂത രാഷ്ട്രം വിപുലീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അങ്ങിനെ സംഭവിച്ചാല്‍ ശക്തമായ ‘പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്നായിരുന്നു ഫ്രാന്സിന്‍റെ മുന്നറിയിപ്പ്. അത്തരം നീക്കങ്ങളില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒരു ഇസ്രായേലി പത്രത്തില്‍ ലേഖനമെഴുതി.
എന്നും ‘ഇസ്രായേലിന്റെ കൂടെ നിന്നിട്ടുള്ള ആള്‍ എന്ന നിലയില്‍’ നിന്നുകൊണ്ടാണ് ജോണ്‍സണ്‍ ലേഖനം എഴുതിയത്. ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേര്‍ക്കല്‍ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 1967 ന് മുമ്പുള്ള അതിർത്തികളിൽ നിന്നും യാതൊരു മാറ്റവും യുകെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ കാബിനറ്റ് മന്ത്രിയും നെതന്യാഹുവിന്റെ വിശ്വസ്തനുമായ ഒഫിർ അകുനിസ് ആണ് കൂട്ടിച്ചേർക്കൽ പ്രക്രിയ ആരംഭിക്കില്ലെന്ന് സ്ഥിരീകരിച്ചത്. യുഎസുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ ആണെന്നും, അതു പൂര്‍ത്തിയായ ശേഷം മാത്രമേ നടപടികള്‍ ആരംഭിക്കൂ എന്നും ഇസ്രായേലിന്റെ ആർമി റേഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി.
ട്രംപ് മുന്നോട്ടു വച്ച മധ്യപൂർവദേശ രൂപരേഖ പ്രകാരമാണ് ഇസ്രായേല്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ ഒരുങ്ങുന്നത്. വെസ്റ്റ് ബാങ്കിന്റെ 30% ഇസ്രയേലിന്റെ ഭാഗമാക്കുകയും ബാക്കി ഭാഗം പലസ്തീന്റെ പരമാധികാരത്തിൽ വിട്ടുനൽകുകയും ചെയ്യുക എന്നതാണ് ജനുവരിയിൽ ട്രംപ് മുന്നോട്ടു വച്ച ആശയം. ഇത് പലസ്തീൻ തള്ളിക്കളഞ്ഞതാണ്. ലോകരാജ്യങ്ങളെല്ലാം ഒരേ പോലെ എതിര്‍ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ജൂലൈയിൽ കൂട്ടിച്ചേര്‍ക്കല്‍ പുനരാരംഭിക്കനാകും എന്ന പ്രതീക്ഷ ഒഫിർ അകുനിസ് പങ്കുവെച്ചു.
സൂപ്പര്‍ഹിറ്റ് ചിത്രം ‘കൈദി’ക്ക് ശേഷം ലോകേഷ് കനകരാജ്-വിജയ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാസ്റ്റര്‍’. ചിത്രത്തില്‍ വില്ലനായി എത്തുന്നത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഒരു സൂം അഭിമുഖത്തിലാണ് തന്റെ കഥാപാത്രത്തെ കുറിച്ച് താരം മനസ് തുറന്നത്.
വില്ലത്തരത്തിന്റെ ആള്‍രൂപമാണ് ചിത്രത്തിലെ ആ കഥാപാത്രമെന്നാണ് വിജയ് സേതുപതിയുടെ വിലയിരുത്തല്‍. ‘മാസ്റ്ററില്‍ ഞാന്‍ ഒരു വില്ലനാണ്. ഒരു കൊടും വില്ലനാണ് ആ കഥാപാത്രം. തിന്മയുടെ ആള്‍രൂപം. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു’ എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.
വിജയിയുടെ വില്ലനായി ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത് കൊണ്ടും ‘കൈദി’യുടെ ഗംഭീര വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയാണ് ‘മാസ്റ്റര്‍’. മാളവിക മോഹന്‍ ആണ് ചിത്രത്തിലെ നായിക.
ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ്, ആന്റണി പെപ്പേ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കോവിഡ് 19 വൈറസ് ബാധിച്ച് ഡല്‍ഹിയില്‍ കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി മരിച്ചു. സിസ്റ്റര്‍ അജയമേരി, തങ്കച്ചന്‍ മത്തായി എന്നിവരാണ് മരിച്ചത്. എഫ്‌ഐഎച്ച് ഡല്‍ഹി പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാള്‍ ആയിരുന്നു സിസ്റ്റര്‍ അജയമേരി.
പത്തനംതിട്ട പന്തളം സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ച തങ്കച്ചന്‍ മത്തായി. 65 വയസായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞദിവസമാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. രോഗബാധിതരുടെ എണ്ണം 89000 കവിഞ്ഞു. മരണം 2800ഉം കടന്നു. അതേസമയം ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുന്നിലെത്തി. 66.08 ശതമാനം പേര്‍ക്കാണ് രോഗം മാറിയത്.
എന്നാല്‍ ഡല്‍ഹിയില്‍ കോവിഡ് സാഹചര്യങ്ങള്‍ മാറുന്നുവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. ജൂണ്‍ 30 കഴിയുമ്പോള്‍ 60000 കോവിഡ് ആക്ടീവ് കേസുകള്‍ പ്രതീക്ഷിച്ചെങ്കില്‍ അത് 26,000 ആക്കി കുറയ്ക്കാന്‍ സാധിച്ചുവെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
കൊവിഡാണെന്ന ഭീതിയിൽ കുഴഞ്ഞുവീണയാളെ സഹായിക്കാതെ നാട്ടുകാർ. ഒരു മണിക്കൂറിലേറെ ചികിത്സ വൈകിയതിനെത്തുടർന്ന് നഗരമധ്യത്തിൽ കുഴഞ്ഞുവീണ വയോധികൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. വൈക്കം സ്വദേശി തങ്കപ്പനാണ് മരിച്ചത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ സ്വകാര്യ വാഹനങ്ങളിൽ കയറ്റാൻ പലരും മടിക്കുകയായിരുന്നു. തുടർന്ന് ചികിത്സ ലഭിക്കാതെ ഒരുമണിക്കൂറോളം റോഡിൽ കിടന്നശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ലഭിച്ചത്.
ഒരുമണിക്കൂറിനു ശേഷമെത്തിയ സ്വകാര്യ ട്രസ്റ്റിന്റെ ആംബുലൻസിൽ തങ്കപ്പനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇദ്ദേഹം കെഎസ്ആർടിസി സ്റ്റാൻഡിൽ തീയ്യേറ്റർ റോഡിനോട് ചേർന്ന് കുഴഞ്ഞുവീണത്.
മതിലിനോട് ചേർന്ന് നിൽക്കുന്നതിനിടെ മുഖമടിച്ച് വീഴുകയായിരുന്നു. യാത്രക്കാർ അറിയിച്ചതനുസരിച്ച് കൺട്രോൾ റൂമിൽനിന്ന് പോലീസെത്തിയെങ്കിലും ആംബുലൻസ് ലഭിച്ചില്ല. അഗ്നിരക്ഷാസേനയെ അറിയിച്ചെങ്കിലും കൊവിഡിന്റെ പേരുപറഞ്ഞ് എത്താൻ കഴിയില്ലെന്ന് അറിയിച്ചു. പോലീസും യാത്രക്കാരും പല ആംബുലൻസുകാരെയും വിളിച്ചിട്ടും കൊവിഡ് ഭീതിയിൽ ആരും വരാൻ തയാറായില്ല.
ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ മുംബൈ പോലീസ് ചോദ്യം ചെയ്‌തേയ്ക്കും. ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സമന്‍സ് അയച്ചേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബന്‍സാലിയുടെ രണ്ട് ചിത്രങ്ങളില്‍ സുശാന്തിനെ നായകനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഈ വേഷങ്ങളില്‍ നിന്ന് താരം ഒഴിവാക്കപ്പെട്ടു. സിനിമകളില്‍ നിന്നുള്ള ഇത്തരം മാറ്റി നിര്‍ത്തലുകളും മറ്റുമാണ് സുശാന്തിനെ വിഷാദത്തിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രധാനമായും ഉയര്‍ന്ന് വന്നിരുന്ന ആരോപണം. ഇതിന്റെ ഭാഗമായാണ് ബന്‍സാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
അതേസമയം, യഷ് രാജ് ഫിലിംസിലെ കാസ്റ്റിംദ് ഡയറക്ടറായ ഷാനു ശര്‍മ്മയെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ 28 ന് നേരത്തെ ഷാനുവിനെ ചോദ്യം ചെയ്തിരുന്നു. ആദിത്യ ചോപ്രയുടെ ബ്യോംകേഷ് ബക്ഷിയിലും ശുദ്ധ ഡെസി റൊമാന്‍സിലും ഷാനു ഉണ്ടായിരുന്നു. നടി കങ്കണ റാവത്തിനേയും സംവിധായകന്‍ ശേഖര്‍ കപൂറിനേയും മൊഴി രേഖപ്പെടുത്താനായി പോലീസ് വിളിപ്പിക്കും.
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗമുക്തരായ ദിനമാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ എട്ട് പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച് പേര്‍ക്കും, വയനാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യുഎഇ- 27, കുവൈറ്റ്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹറിന്‍- നാല്, മാള്‍ഡോവ- ഒന്ന്, ഐവറി കോസ്റ്റ്- ഒന്ന് എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി- 13, മഹാരാഷ്ട്ര-10, തമിഴ്‌നാട്- എട്ട്, കര്‍ണാടക- ആറ്, പഞ്ചാബ്- ഒന്ന്, ഗുജറാത്ത്- ഒന്ന്, പശ്ചിമബംഗാള്‍- ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ അഞ്ച് പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലയില്‍ നാല് പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
മലപ്പുറം ജില്ലയില്‍ 57 പേരുടെയും (പാലക്കാട്-1), പാലക്കാട് ജില്ലയില്‍ 53 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 23 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ 15 പേരുടേയും, കണ്ണൂര്‍ ജില്ലയില്‍ 14 പേരുടെയും (കാസര്‍ഗോഡ്-8), ഇടുക്കി ജില്ലയില്‍ 13 പേരുടെയും, എറണാകുളം ജില്ലയില്‍ 11 പേരുടെയും (ആലപ്പുഴ 1), തൃശൂര്‍ ജില്ലയില്‍ 8 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 7 പേരുടെയും, കോട്ടയം ജില്ലയില്‍ ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2,088 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2,638 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.
വിവിധ ജില്ലകളിലായി 1,78,099 പേരാണ് നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,111 പേര്‍ വീട്/ഇന്‍സ്‌റ്റിറ്റ‌്യൂഷണൽ ക്വാറന്റെെനിലും 2,988 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 403 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,589 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിൾ, ഓഗ്‌മെന്റഡ് സാംപിൾ, സെന്റിനൽ സാംപിൾ, പൂള്‍ഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,799 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4,722 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 52,316 സാംപിളുകൾ ശേഖരിച്ചതില്‍ 50,002 സാപിളുകൾ നെഗറ്റീവ് ആയി.
ഇന്ന് മൂന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടെയ്‌ൻമെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പ്പറേഷൻ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.
മൂന്ന് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (എല്ലാ വാര്‍ഡുകളും), കീഴല്ലൂര്‍ (4 സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയെയാണ് കണ്ടെയ്‌ൻമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 123 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്.