Latest News

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെരുകിയതോടെ കര്‍ശന നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ച് കേന്ദ്ര സര്‍ക്കാര്‍. മുഴുവന്‍ സ്‌കൂളുകളും ഷോപ്പിംഗ് മാളുകളും നീന്തല്‍ക്കുളങ്ങളും അടച്ചുപൂട്ടാന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് താജ്മഹല്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ എല്ലാം അടച്ചിടാന്‍ ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കി. ഈ മാസം 31 വരെയാണ് അടിച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. ഇന്ത്യയില്‍ ഇതുവരെ 114 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു മരണവും ബാധിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്. നാല് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള യാത്രികകര്‍ക്ക് കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ, ഖത്തര്‍, കുവൈറ്റ് ഒമാന്‍ എന്നി രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കും ഈ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നവരും ഇന്ത്യയിലെത്തിയാല്‍ 14 ദിവസം നിര്‍ബന്ധമായി ക്വാറന്റൈന് വിധേയമാകണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

ചൈന, ഇറ്റലി, ഇറാന്‍ കൊറിയ, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്കാണ് ഈ നിര്‍ദ്ദേശം ഇപ്പോള്‍ നിലവിലുളളത്. നാളെ മുതല്‍ തീരുമാനം നടപ്പില്‍ വരും. യൂറോപ്യന്‍ യൂണിയനില്‍നിന്നോ യുറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍,തുര്‍ക്കി, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരുമായി ഇന്ത്യയിലേക്ക് സഞ്ചരിക്കരുതെന്ന് വിമാനകമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പല സ്വകാര്യ സ്ഥാപനങ്ങളും ഇതിനോടകം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ വരെ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിത്തുടങ്ങിയിരിക്കുന്നു.

കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ അമേരിക്കയിൽ തോക്കുകളുടെയും വെടിമരുന്നിന്റെയും വിൽപ്പന കുതിച്ചുയരുകയാണ്. വൈറസ് മൂലം സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭയമാണ് ചില അമേരിക്കക്കാരെ സ്വയം സംരക്ഷണത്തിനുള്ള ഒരു മാർഗ്ഗമായി തോക്കുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പടിഞ്ഞാറൻ തീരത്തുള്ള ആയുധ കടകൾക്ക് പുറത്ത് വലിയ ക്യൂ പ്രകടമായിരുന്നു. കാലിഫോർണിയയിലെ കൽവർ സിറ്റിയിലെ മാർട്ടിൻ ബി റിറ്റിംഗ് തോക്ക് ഷോപ്പിൽ കഴിഞ്ഞ ഒരാഴ്ചയായി ക്യൂ ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ല.

‘നമുക്ക് തോക്കുകൾ ആവശ്യമില്ലെന്ന് രാഷ്ട്രീയക്കാരും തോക്ക് വിരുദ്ധരും വളരെക്കാലമായി നമ്മോട് പറയുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ, അവരടക്കം ധാരാളം ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നത്. എന്തുചെയ്യണമെന്ന്‌ സ്വയം തീരുമാനിക്കാം’ എന്നാണ് ഒരു ഉപഭോക്താവ് ‘ലോസ് ആഞ്ചലസ് ടൈംസിനോട്’ പറഞ്ഞത്. തന്റെ സ്റ്റോറിൽനിന്നും ഇത്തരത്തിൽ വൻതോതിൽ ആയുധ വിൽപ്പന നടക്കുന്നത് ആദ്യമാണ് എന്ന്‌ നോർത്ത് കരോലിനയിലെ ഷാർലറ്റിലുള്ള ഹയാട്ട് ഗൺസ് എന്ന രാജ്യത്തെ ഏറ്റവും വലിയ തോക്ക് ഷോപ്പുകളുടെ ഉടമ ലാറി ഹയാട്ട് പറയുന്നു. ‘തങ്ങളെയും കുടുംബത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആളുകൾക്ക് തോന്നി തുടങ്ങിയതാണ് തോക്കുകളും വെടിക്കോപ്പുകളും വാങ്ങുന്നതിനുള്ള വലിയ തിരക്കിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാന ഓൺലൈൻ തോക്ക് കച്ചവടക്കാരനായ ആംമോ ഡോട്ട് കോം ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയുള്ള വിൽപ്പനയുടെ കണക്കുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 23 വരെയുള്ള 11 ദിവസത്തെ അപേക്ഷിച്ച് അതിനു ശേഷമുള്ള 11 ദിവസത്തെ വിൽപ്പന 68 ശതമാനമാണ് വർദ്ധിച്ചത്. നോർത്ത് കരോലിന, ജോർജിയ എന്നിവിടങ്ങളിൽ വിൽപ്പന യഥാക്രമം 179 ശതമാനവും 169 ശതമാനവും ഉയർന്നു. പെൻ‌സിൽ‌വാനിയ, ടെക്സസ്, ഫ്ലോറിഡ, ഇല്ലിനോയിസ്, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും തോക്കുകളുടെയും വെടിക്കോപ്പുകളുടെയും വിൽപ്പന കുതിച്ചുയരുകയാണ്.

സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ യുവ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ കടുത്ത പ്രതിസന്ധി. ആശുപത്രി അണുവിമുക്തമാക്കിയെന്ന് അധികൃതർ വ്യക്തമാക്കി. രോഗികളുടെ തുടർ പരിശോധന നിർത്തി. അടിയന്തിര ശസ്ത്രക്രികൾ അടക്കമുള്ളവ തടസ്സപ്പെടാതെ ബാക്കിയെല്ലാ സേവനങ്ങളും വെട്ടിച്ചുരുക്കും. ഡോക്ടറുമായി സമ്പർക്കം പുലർത്തിയ 43 ഡോക്ടർമാർ അടക്കം 76 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി.

വിദഗ്ധ ഡോക്ടർമാരടക്കം ജീവനക്കാർ ഒറ്റയടിക്ക് പോവുന്നതോടെ വലിയ പ്രതിസന്ധിയാണുണ്ടാകുക. അടിയന്തിര ശസ്ത്രക്രിയകൾ മാത്രമേ നടക്കൂ. തുടർ പരിശോധനകൾ നിർത്തി. ഒപിയിൽ അടിയന്തിര പരിശോധനകൾ മാത്രമേ നടക്കൂ. തുടർ പരിശോധനകൾ ഉണ്ടാകില്ല. അടിയന്തര സാഹചര്യമില്ലാത്ത രോഗികളെ ഡിസ്ചാർജ് ചെയ്ത് തുടങ്ങിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

സ്പെയിനിൽ നിന്നെത്തിയ മാർച്ച് 1 മുതൽ 11 ദിവസം ഡോക്ടർ നിരീക്ഷണത്തിലിരിക്കാതെ ആശുപത്രിയിലെ സുപ്രധാന യോഗങ്ങളിൽ വരെ പങ്കെടുത്തു. 10-നും 11-നും രോഗികളെ പരിശോധിച്ചു. ഇതോടെയാണ് സമ്പർക്ക പട്ടിക വലുതായത്. 5 വകുപ്പ് മേധാവികളടക്കം 43 ഡോക്ടർമാർ. ഇതിൽ 26 പേരുടേതും ഹൈ റിസ്ക് സമ്പർക്കം.

നിലവിൽ പുറത്തുവിട്ട പട്ടികയിൽ രോഗികളില്ല. രണ്ട് ദിവസം ഡോക്ടർ ഒപിയിൽ രോഗികളെ പരിശോധിച്ചിരുന്നുവെന്നാണ് വിവരം.നിലവിൽ 18 നഴ്സുമാരും 13 ടെക്നിക്കൽ സ്റ്റാഫും പട്ടികയിലുണ്ട്. ഇവരുടെ കുടുംബങ്ങൾ കൂടി രണ്ടാംഘട്ട സമ്പർക്ക പട്ടികയിൽ വരുന്നതോടെ എണ്ണം ഇനിയും കൂടും. ഇത്തരത്തിൽ വിശദമായ സമ്പർക്ക പട്ടിക ഇനിയും പുറത്തിറക്കേണ്ടതുണ്ട്.

കിണറ്റിൽ നഗ്നമായ നിലയിൽ 16കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. പെൺകുട്ടിയുടെ അൽ‌ക്കാരനായ കൗമാരക്കാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊന്നത്. മുതലമട മൂച്ചംകുണ്ട് മൊണ്ടിപതി കോളനിയിലാണ് സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ:

പെൺകുട്ടിയോട് പ്രണയം നടിച്ചിരുന്ന പ്രതി സംഭവദിവസം രാത്രി പെൺകുട്ടിയുടെ അമ്മയും അനുജത്തിയും ക്ഷേത്രത്തിൽ പൊങ്കൽ ഉത്സവത്തിനു പോയ സമയത്ത് പെൺകുട്ടിയെ വിളിച്ചു. സംസാരിക്കാനുണ്ട് എന്നുപറഞ്ഞ് വീടിന് 300 മീറ്റർ അകലെയുള്ള തെങ്ങിൻതോപ്പിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചു. എതിർത്ത് നിലവിളിച്ച പെൺകുട്ടിയുടെ വായ പൊത്തി. പിടിവലിക്കിടയിൽ സമീപത്തുള്ള ആഴമേറിയ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം ഇയാൾ പെൺകുട്ടിക്കു വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. പൊലീസിന്റെ പഴുതടച്ചുള്ള ചോദ്യം ചെയ്യലിൽ കൗമാരക്കാരൻ കുറ്റം സമ്മതിക്കുകയായിരുന്നു.

11നു രാത്രി സ്വന്തം വീടിനു സമീപം അമ്മാവന്റെ വീടിന്റെ ടെറസിൽ അദ്ദേഹത്തിന്റെ മക്കൾക്കും സ്വന്തം സഹോദരിക്കുമൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടിയുടെ മൃതദേഹം നഗ്നമായ നിലയിൽ സമീപത്തുള്ള കിണറ്റിൽ കണ്ടെത്തിയത് നിരവധി സംശയങ്ങൾക്കു വഴിവച്ചിരുന്നു. കുട്ടിയുടെ പിതാവു വർഷങ്ങ‍ൾക്കു മുൻപു മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹോദരിമാർ കുട്ടിയെ ഇടയ്ക്കു കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നതിനാൽ അമ്മ വ്യാഴാഴ്ച കോയമ്പത്തൂരിലെത്തി അന്വേഷിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നു കണ്ടെത്തി. തുടർന്നു വെള്ളിയാഴ്ച കൊല്ലങ്കോട് പൊലീസിൽ പരാതി നൽകി. പൊലീസ് കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അന്വേഷണം നടത്തി. ശനിയാഴ്ച രാവിലെയാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം വീടിനടുത്തുള്ള വലിയ കിണറ്റിൽ കണ്ടെത്തിയത്.

അത്ര അടച്ചുറപ്പില്ലാത്ത ഒാലകൊണ്ടുളള വീടാണ് ഇവര്‍ക്കുളളത്. ഉൗരിലെ മിക്കവര്‍ക്കും വീടുണ്ടെങ്കിലും സ്വന്തമായി സ്ഥലമൊന്നുമില്ലാത്തതിനാല്‍ ബന്ധുക്കളുടെ തണലിലാണ് അമ്മയും രണ്ടു പെണ്‍മക്കളും കഴിഞ്ഞിരുന്നത്. ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യ, കൊല്ലങ്കോട് ഇൻസ്പെക്ടർ കെ.പി. ബെന്നി എന്നിവരുടെ നേതൃത്യത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊറോണാവൈറസിനുള്ള മരുന്നു കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ക്ക് വന്‍ തുക വാഗ്ദാനം ചെയ്തുവെന്നും മരുന്ന് അമേരിക്കയ്ക്കു മാത്രമായി ലഭിക്കാനുള്ള നീക്കം നടത്തിയെന്നുമുള്ള റിപ്പോര്‍ട്ട് ജര്‍മ്മന്‍ സർക്കാർ ശരിവച്ചിരിക്കുകയാണ്. പ്രധാനപ്പെട്ട ജര്‍മ്മന്‍ പത്രങ്ങളിലൊന്നായ വെല്‍റ്റ് ആം സൊണ്‍ടാഗ് (Welt am Sonntag) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ട്രംപ് ക്യുവര്‍വാക് (CureVac) എന്ന ജര്‍മ്മന്‍ കമ്പനിക്ക് വന്‍ തുക തന്നെ വാഗ്ദാനം ചെയ്തുവെന്നാണ്.

കമ്പനി നിര്‍മ്മിക്കുന്ന വാക്‌സിന്‍ അമേരിക്കയില്‍ മാത്രമായിരിക്കണം വില്‍ക്കുന്നതെന്നതാണ് അദ്ദേഹം മുന്നോട്ടുവച്ച നിബന്ധനയത്രെ. ക്യുവര്‍വാക് ജര്‍മ്മന്‍ സർക്കാരിന്റെ അധീനതയിലുള്ള ‘പോള്‍ എല്‍റിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാക്‌സീന്‍സ് ആന്‍ഡ് ബയോമെഡിക്കല്‍ മെഡിസിന്‍സു’മായി ചേര്‍ന്നാണ് കൊറോണാവൈറസിന് മരുന്നു കണ്ടെത്താന്‍ യത്‌നിക്കുന്നത്.

ജര്‍മ്മന്‍ സർക്കാരുമായി ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ട്രംപിന്റെ നീക്കത്തെക്കുറിച്ചു പറഞ്ഞതെന്ന് അദ്ദേഹം അമേരിക്കയ്ക്ക് ഒരു കൊറോണാവൈറസ് വാക്‌സിന്‍ ലഭിക്കാന്‍ ശ്രമിക്കുകയാണ്. ‘പക്ഷേ, അമേരിക്കയ്ക്കു മാത്രം,’ എന്നാണ്. എന്നാല്‍, സമ്മര്‍ദ്ദത്തിലായ ജര്‍മ്മന്‍ സർക്കാർ ക്യുവര്‍വാക് കമ്പനിക്ക് കൂടുതല്‍ തുകയും മറ്റും വാഗ്ദാനം ചെയ്ത് തങ്ങള്‍ക്കൊപ്പം നിർത്താന്‍ ശ്രമിക്കുകയാണ്.

അതേസമയം, ജര്‍മ്മനിയുടെ ആരോഗ്യ വകുപ്പ് ഇക്കാര്യങ്ങളെല്ലാം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് ശരിവയ്ക്കുകയും ചെയ്തു. വെല്‍റ്റ് ആം സോണ്‍ടാഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ശരിയാണെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അവരുടെ റിപ്പോര്‍ട്ട് ശരിയാണെന്ന് ഞങ്ങള്‍ക്കു സാക്ഷ്യപ്പെടുത്താന്‍ പറ്റുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വക്താവ് റോയിട്ടേഴ്‌സിനോടു പറഞ്ഞത്.

മുതിര്‍ന്ന ജര്‍മ്മന്‍ രാഷ്ട്രീയക്കാരനും, ഹെല്‍ത് ഇക്കണോമിക്‌സ് പ്രൊഫസറുമായ കാള്‍ ലൗറ്റര്‍ബാക് ഈ വാര്‍ത്തയോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഉണ്ടാക്കപ്പെട്ടേക്കാവുന്ന വാക്‌സിന്‍ അമേരിക്കയില്‍ മാത്രം വില്‍ക്കാനുള്ള ശ്രമം ഏതു രീതിയിലും തടയണം. മുതലാളിത്തത്തിന് പരിധി കല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എടത്വാ:കൊറോണ വൈറസ്‌ പ്രതിരോധത്തിന്റെ ഭാഗമായി ആനപ്രമ്പാൽ തെക്ക് സൗഹൃദ സമിതിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ ജാഗ്രത മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. തലവടി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ മടയ്ക്കൽ ജംഗ്ഷൻ മുതൽ മണ്ണാരുപറമ്പിൽപടി വരെയുള്ള റോഡിൻ്റെ ഇരുഭാഗങ്ങളിലായി താമസിക്കുന്ന 30 കുടുംബങ്ങൾ ചേർന്ന് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് കിയോസ്ക് സ്ഥാപിച്ചതിന് തൊട്ടു പിന്നാലെയാണ് കൊറോണാ ബോധവത്ക്കരണത്തിന് ജാഗ്രത മുന്നറിയിപ്പ് ഫലകം സ്ഥാപിച്ചത്.

കുടിവെളളം ശേഖരിക്കുവാൻ എത്തുന്നവർക്ക് ആദ്യം ബോധവത്ക്കരണം എന്ന ലക്ഷ്യം വെച്ചാണ് കുടിവെള്ള സംഭരണിക്ക് സമീപം മുന്നറിയിപ്പ് ഫലകം സ്ഥാപിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടത്തിന് പ്രാധാന്യം കൊടുക്കുവാനും സൗഹൃദ നഗറിൽ ഭിക്ഷാടനം പ്രോത്സാഹിപ്പിക്കാതിരിക്കാനും തീരുമാനിച്ചു.

വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.രക്ഷാധികാരി ജോർജ് തോമസ് കടിയന്ത്ര ഫലക അനാശ്ചാദനം നിർവഹിച്ചു. തോമസ്കുട്ടി പാലപറമ്പിൽ,ബാബു വാഴകൂട്ടത്തിൽ,വിൻസൺ പൊയ്യാലുമാലിൽ,വർഗ്ഗീസ് വി.സി വാലയിൽ, കുഞ്ഞുമോൻ പരുത്തിക്കൽ ,ദാനിയേൽ തോമസ്, ജോസ് കുറ്റിയിൽ, റെജി തോമസ്, ഷിബു, തോമസ് വർഗ്ഗീസ് കുടയ്ക്കാട്ടുകടവിൽ എന്നിവർ പ്രസംഗിച്ചു.സാനിടൈസർ, ഫെയ്‌സ് മാസ്‌ക്, ഗ്ലൗസ് എന്നിവയ്ക്ക് അമിതവില ഏർപ്പെടുത്തുന്നതിൽ അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.

കഴിഞ്ഞ മാർച്ച് 7 നാണ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ സ്ഥലത്ത് കിയോസ്ക് സ്ഥാപിച്ചത്.ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡൻറ് തോമസ് കെ. തോമസിൻ്റെ നേതൃത്വത്തിൽ കുടിവെള്ളം മുടങ്ങാതെ ഈ പ്രദേശവാസികൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്.

ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് മുപ്പത് വർഷങ്ങൾ കഴിയുന്നു.ഈ പ്രദേശത്തുള്ളവർ ആകെ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്.എന്നാൽ ഇപ്പോൾ തോടുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങിയതു മൂലം രൂക്ഷമായ ശുദ്ധജല ക്ഷാമമാണ്.ഇത് പരിഹരിക്കുന്നതിന് വേണ്ടി ജനകീയ പങ്കാളിത്വത്തോടെ പാരേത്തോടിൻ്റെ ആഴം കൂട്ടുന്ന പദ്ധതിക്ക് പിന്തുണ നല്കാനും തീരുമാനിച്ചു.

തുടക്കത്തില്‍ തിരിച്ചറിയുകയും ചികില്‍സ തേടുകയും ചെയ്താല്‍ കോവിഡിനെ പേടിക്കേണ്ടെന്ന് സംസ്ഥാനത്ത് ആദ്യം രോഗത്തെ അതിജീവിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി. രോഗം സ്ഥിരീകരിച്ചശേഷവും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായില്ല. അഞ്ചുദിവസത്തിനകം പനിയും തൊണ്ടവേദനയും മാറി. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അതേപടി പാലിച്ചതാണ് ഗുണകരമായതെന്നും അവര്‍ പറഞ്ഞു.

‘ചൈനയിൽ നിന്നു വരുന്നതായതുകൊണ്ട് എന്തെങ്കിലും ലക്ഷണം കാണുന്നുണ്ടെങ്കിൽ അറിയിക്കണമെന്ന നിർദേശം ലഭിച്ചിരുന്നു. അതിനാൽ ഞാൻ വീട്ടിൽത്തന്നെയായിരുന്നു. ചെറിയൊരു തൊണ്ടവേദനയും ചുമയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതു കണ്ടപ്പോൾത്തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ചു. ഉടൻ വീട്ടിലേക്ക് ആംബുലൻസ് വന്ന് ആശുപത്രിയിൽ കൊണ്ടുപോയി.

തൊണ്ടവേദന ഉള്ളതുകൊണ്ട് ആശുപത്രിയിൽ അതിനുള്ള ചികിത്സ നൽകി. പിറ്റേ ദിവസം രക്തസാംപിളുകളും തൊണ്ടയിൽ നിന്നെടുത്ത സ്രവവുമെല്ലാം പരിശോധനയ്ക്ക് അയച്ചു. 30നാണ് അതിന്റെ റിസൽട്ടു വന്നത്.

തുടക്കത്തിൽതന്നെ ആശുപത്രിയിൽ പോയി മരുന്നു കഴിച്ചതുകൊണ്ടാണോ എന്നറിയില്ല വേറേ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഉണ്ടായിരുന്ന തൊണ്ടവേദനയും ചുമയും മരുന്ന് കഴിച്ച് മാറുകയും ചെയ്തു.

കൃത്യമായ ചികിത്സ കിട്ടിയാൽ ജലദോഷപ്പനി പോലെതന്നെ മാറ്റി എടുക്കാവുന്ന ഒന്നാണ് ഇതും. നമുക്ക് ഒരു ബുദ്ധിമുട്ട് തോന്നുമ്പോൾതന്നെ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഗുരുതരമാകുന്നതിനു മുൻപു ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളു.

അ‍ഞ്ചു ദിവസം മാത്രമേ എനിക്ക് മരുന്ന് ഉണ്ടായിരുന്നുള്ളു. 25 ദിവസം ആശുപത്രിയിൽ ഐസൊലേഷനിലായിരുന്നു. എന്റെ രോഗം മുഴുവൻ മാറിയതിനു ശേഷമാണ് ഡിസ്ചാർജ് ചെയ്തത്.

ചൈനയിൽ നിന്നു വന്നപ്പോൾതന്നെ ഇവിടെയുള്ള ഡിസ്പെൻസറിയിൽ അറിയിക്കണമെന്ന നിർദേശം നൽകിയിരുന്നു. അവിടെ എത്ര ദിവസം താമസിച്ചിരുന്നു തുടങ്ങിയ പൂർണവിവരങ്ങളും എയർപോർട്ടിൽ നൽകി. വീട്ടിൽ വന്ന് അടുത്തദിവസംതന്നെ ഹെൽത്ത് സെന്ററിൽ റിപ്പോർട്ട് ചെയ്തു. അതിനുശേഷം വിവരങ്ങൾ കൊടുത്ത എയർപോർട്ടിൽ നിന്നും എന്നെ ബന്ധപ്പെട്ടിരുന്നു. നാട്ടിലുള്ള ഹെൽത്ത് ഇൻസ്പെക്ടറും ദിവസവും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.

ലക്ഷണങ്ങൾ കാണുമ്പോൾതന്നെ ചികിത്സിച്ചാൽ നമ്മളിൽ നിന്നു മറ്റൊരാളിലേക്ക് പകരുന്നത് ഒഴിവാക്കാം. അതുതന്നെയാണ് ഏറ്റവും പ്രധാനവും.

രോഗബാധിത മേഖലയിൽ നിന്നു വരുന്നവർ 28 ദിവസം വീട്ടുകാരുമായി സമ്പർക്കം പാടില്ലാതെ ഒറ്റയ്ക്ക് ഒരു റൂമിൽ താമസിക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകിയിരുന്നു. അതുകൊണ്ടുതന്നെ മാസ്ക് ധരിച്ച് വീട്ടിൽ ഒറ്റയ്ക്ക് ഒരു റൂമിൽ കഴിയുകയാണ് ഉണ്ടായത്. വേറേ ആരുമായും സമ്പർക്കം ഉണ്ടായില്ല. അതുകൊണ്ടുതന്നെ വീട്ടിലോ പരിസരത്തോ ഉള്ള ആർക്കും രോഗം ബാധിച്ചില്ല. ക്വാറന്റൈൻ നിരീക്ഷണങ്ങൾ കൃത്യമായി പാലിച്ചതുകൊണ്ടാണ് രോഗപ്പകർച്ച ഉണ്ടാകാഞ്ഞത്.

സാധാരണ പനിക്ക് ഉണ്ടാകുന്നതുപോലെയുള്ള ലക്ഷണങ്ങളാണെങ്കിലും അനുഭവപ്പെടുന്ന ബുദ്ധിമുട്ടിൽ വ്യത്യാസം തോന്നിയിരുന്നു. തൊണ്ടയിൽ നല്ല ഇറിറ്റേഷനുംവരണ്ട ചുമയുമായിരുന്നു. ചൈനയിൽ നിന്നു വന്നതുകൊണ്ട് ഒരു പേടിയുമുണ്ടായിരുന്നു.

ആരോഗ്യവകുപ്പും ഡോക്ടർമാരും നൽകുന്ന നിർദേശങ്ങൾ പാലിച്ചാൽ ഭയപ്പെടേണ്ട സാഹചര്യമേ ഇല്ല. പുറത്തു നിന്നു വരുന്ന ആളാണെങ്കിൽ, നമുക്കു വേണ്ടിയും മറ്റുള്ള ജനങ്ങൾക്കു വേണ്ടിയും 28 ദിവസം ഒറ്റയ്ക്കു താമസിക്കുക. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അപ്പോൾതന്നെ ആരോഗ്യവകുപ്പിനെ അറിയിക്കുക. ബാക്കി കാര്യങ്ങളെല്ലാം അവർ നോക്കിക്കോളും.’

ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളുടെ ആക്ഷേപങ്ങള്‍ക്ക് ഇരയായ ക്വാഡന്‍ ബെയില്‍സ് എന്ന ക്വീന്‍സ്ലാന്റ് സ്വദേശിയായ ഒമ്പതുവയസുകാരന്റെ കരച്ചിൽ ലോകം മുഴുവൻ കണ്ടിരുന്നു. അവന് ആശ്വാസം പകർന്ന് നിരവധി സെലിബ്രിറ്റികൾ രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തിലൊരാളാണ് മലയാളികളുടെ സ്വന്തം ഗിന്നസ് പക്രു. ഇപ്പോള്‍ തനിക്ക് നന്ദി പറഞ്ഞ് ക്വാഡന്‍ രംഗത്തെത്തിയ സന്തോഷം പക്രു തന്നെയാണ് അറിയിക്കുന്നത്. ഓസ്ട്രേലിയയിലെ ദേശീയ മാധ്യമമായ എസ്.ബി.എസ് മലയാളത്തിന്‍റെ വാര്‍ത്ത ഷെയര്‍ ചെയ്താണ് പക്രു അപൂര്‍വമായ ഈ അനുഭവം അറിയിക്കുന്നത്.

താനും ക്വേഡനെ പോലെ ഒരുകാലത്ത് കരഞ്ഞിട്ടുണ്ട്. ക്വാഡൻ കരഞ്ഞാൽ തോറ്റുപോകുന്നത് ക്വാഡന്റെ അമ്മയാണെന്നായിരുന്നു പക്രുവിന്റെ വാക്കുകൾ. ‘പക്രുവിന്റെ പോലെ ക്വാഡന്റെയും ആഗ്രഹം ഒരു അഭിനേതാവ് ആകുകയെന്നുള്ളതാണ്. അവനും അദ്ദേഹത്തെപ്പോലെ നടനാകണം.’ അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ മകന് വലിയ പ്രചോദനമാണ് നൽകിയതെന്ന് അമ്മ അറിയിക്കുന്നു. ശ്രവണ സഹായിയുടെ സഹായത്തോടെയല്ലാതെ ക്വാഡന് കേൾക്കാനാകില്ല. അതിനാൽ പക്രുവുമായുള്ള വിഡിയോ കോളിനായി ക്വാഡൻ കാത്തിരിക്കുകയാണെന്നും എന്നെങ്കിലും ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തെ കാണുമെന്നും അമ്മ അറിയിച്ചു.

ഗിന്നസ് പക്രുവുമായി സംസാരിച്ച എസ് ബി എസ് മലയാളം ഇംഗ്ലീഷിലും മലയാളത്തിലും ഇത് റിപ്പോര്ട്ട് ചെയ്തിരുന്നു. റിപ്പോര്‍ച്ച് വായിച്ച യാരാക്ക ബെയില്‍സ് ‘അവന് നിങ്ങളോട് സംസാരിക്കണം’ എന്നാണ് എസ് ബി എസ് മലയാളത്തോട് പറഞ്ഞത്.

ഒരു നടനാകണമെന്നാണ് ക്വേഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത് – യാരാക്ക പറഞ്ഞു.

ആലുവ∙ കോവിഡ് രോഗഭീതിയും തൊഴിലില്ലായ്മയും വർധിച്ചതോടെ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിടുന്നു. ഒരാഴ്ചയായി ഉറങ്ങിക്കിടന്ന ആലുവ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൻ തിരക്ക്. ഗുവാഹത്തി, ഹൗറ എക്സ്പ്രസുകളിലും ചെന്നൈ മെയിലിലും കാലുകുത്താൻ ഇടമുണ്ടായിരുന്നില്ല.

എറണാകുളത്തുനിന്നു കയറിയ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ ആലുവയിൽ എത്തിയപ്പോൾ കൂടുതൽ പേർ കയറാതിരിക്കാൻ വാതിലുകൾ അകത്തുനിന്നടച്ചതു സംഘർഷത്തിനിടയാക്കി. ആർപിഎഫ് ഇടപെട്ടു വാതിൽ തുറപ്പിച്ചു.

തിരക്കു മൂലം ഗുവാഹത്തി, ഹൗറ എക്സ്പ്രസുകളിൽ കയറിപ്പറ്റാൻ കഴിയാത്തവരാണ് ചെന്നൈ മെയിലിൽ പോയത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കു കുറച്ചുനാളായി പണി കുറവാണ്‌. നാട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പുകൾക്കിടെയാണ് കോവിഡ് ഭീതി പടർന്നത്.

യാത്രയ്ക്ക് അണുമുക്ത ബസുകളും ട്രെയിനുകളും

തിരുവനന്തപുരം ∙ കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസുകളും ട്രെയിനുകളും അണുമുക്തമാക്കാനുള്ള നടപടികൾ തുടങ്ങി. ബസുകൾ യാത്ര ആരംഭിക്കും മുൻപാണു വൃത്തിയാക്കുന്നത്. ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് തറ കഴുകി വൃത്തിയാക്കുകയും സീറ്റും കമ്പികളും ജനലിന്റെയും വാതിലിന്റെയും ഭാഗങ്ങളും അണുനാശിനികൾ സ്പ്രേ ചെയ്തു തുടയ്ക്കുകയുമാണു ചെയ്യുന്നത്. ഇതിനു ജീവനക്കാരെ നിയോഗിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

യാത്ര പുറപ്പെടും മുൻപ് ട്രെയിനുകളുടെ അകത്തും പുറത്തും അണുനാശിനികൾ സ്പ്രേ ചെയ്യുന്നതായി ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. ട്എസി കോച്ചുകളിൽ കമ്പിളിപ്പുതപ്പു വിതരണം ഒരു മാസത്തേക്കു നിർത്തി. ആവശ്യമെങ്കിൽ കോച്ച് അറ്റൻഡന്റിനോടു ചോദിച്ചു വാങ്ങാം. എസി കോച്ചുകളിലെ കർട്ടനുകൾ നീക്കം ചെയ്തു തുടങ്ങി. ജീവനക്കാർക്കു മാസ്ക് നൽകി.

 

കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ ഇന്ന് സഭയില്‍ വിശ്വാസ വോട്ട് തേടിയില്ല. വിശ്വാസ വോട്ട് എന്ന് തേടണമെന്ന് എന്ന് നിര്‍ദ്ദേശിക്കാനുള്ള അവകാശം ഗവര്‍ണര്‍ക്കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ വനേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണഘടന ചട്ടങ്ങള്‍ പാലിക്കണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ഠണ്ടന്‍ ആവശ്യപ്പെട്ടപ്പോള്‍ സഭയെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ചു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ ഈ മാസം 26 ന് സഭ വീണ്ടും സമ്മേളിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ഇന്ന് വിശ്വാസ വോട്ട് തേടാനായിരുന്നു ഗവര്‍ണര്‍ നേരത്തെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സഭയില്‍ എങ്ങനെ കാര്യങ്ങള്‍ നടത്തണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന നിലപാടാണ് സര്‍ക്കാരും സ്പീക്കറും തീരുമാനിച്ചത്. ഇന്നലെ രാത്രി മന്ത്രിസഭ യോഗം ചേര്‍ന്ന് ഗവര്‍ണറെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം വിശ്വാസ വോട്ട് തേടാൻ തയ്യാറാണെന്നും അതിന് മുമ്പ് ബിജെപി തടവിലാക്കിയ കോൺഗ്രസ് എംഎൽഎമാരെ മോചിപ്പിക്കണമെന്നായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം. കോൺഗ്രസിൽ രാജിവെച്ച എംഎൽഎമാർ ബാംഗളുരുവിൽ ബിജെപിയുടെ തടവിലാണെന്നാണ് ആരോപണം.

ഇന്ന് രാവിലെ സഭയിലെത്തിയ ഗവര്‍ണര്‍ എല്ലാ ചട്ടങ്ങളും പാലിച്ച് മധ്യപ്രദേശിന്റെ അന്തസ് ഉയര്‍ത്തിപിടിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി കോണ്‍ഗ്രസ് അംഗങ്ങള്‍ ഗവര്‍ണര്‍ സഭയെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം തുടങ്ങി. ഇതേ തുടര്‍ന്നാണ് ഈ മാസം 26 വരെ സഭ നിര്‍ത്തിവെച്ചത്. ഇനി അതിന് ശേഷമെ വിശ്വാസ വോട്ടു നടക്കുകയുള്ളൂ

വിജയ ചിഹ്നം കാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി കമല്‍നാഥും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും സഭയിലെത്തിയത്. ബിജെപി നേതാവും മുന്‍മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹ്വാനും ആത്മവിശ്വാസത്തോടെയാണ് സഭയില്‍ എത്തിയത്.
വിശ്വാസ വോട്ട് സംബന്ധിച്ച് സ്പീക്കറാണ് തീരുമാനമെടുക്കുകയെന്ന് ഇന്നലെ ഗവര്‍ണറെ കണ്ടതിന് ശേഷം മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സ്പീക്കറോട് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്

കോണ്‍ഗ്രസിന് സഭയില്‍ 108 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 22 പേരാണ് രാജി സമര്‍പ്പിച്ചത്. ഇത് സ്വീകരിക്കപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം തികയ്ക്കാനുള്ള സീറ്റുകള്‍ ഉണ്ടാവില്ല. 230 അംഗസഭയില്‍ 22 പേരുടെ പേര് രാജി സ്വീകരിക്കുകയാണെങ്കില്‍ ആകെ സീറ്റ് 206 ആകും. 104 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ആവശ്യം . രാജി സ്വീകിരിച്ചാല്‍ ഇന്നത്തെ അവസ്ഥയില്‍ കോണ്‍ഗ്രസിന് അത്രയും അംഗങ്ങളുടെ പിന്തുണയില്ല. രാജിക്കാര്യം നേരിട്ട് വിശദീകരിക്കണമെന്നാണ് സ്പീക്കർ ആവശ്യപ്പെട്ടിട്ടുള്ളത്.

Copyright © . All rights reserved