Latest News

‘മദ്രാസിലെ മോൻ’– കേരളം ഒരുകാലത്തു പേടിച്ചുവിറച്ച പ്രയോഗമായിരുന്നു ഇത്. കരിക്കൻ വില്ല കൊലക്കേസിലെ മുഖ്യപ്രതി റെനി ജോർജിന്റെ വിളിപ്പേര്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട റെനി പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു പരോളിലിറങ്ങി എന്നറിഞ്ഞപ്പോൾ തിരുവല്ലയിലെ കുടിലിലിരുന്നു ഗൗരി പേടിച്ചുവിറച്ചു. കരിക്കൻ വില്ല ദമ്പതികൾ കൊല്ലപ്പെട്ട കേസിലെ പ്രതികളെ കണ്ടെത്തുന്നതിനു നിർണായക സാക്ഷിമൊഴി നൽകിയയാളാണു മഞ്ഞാടി പൂതിരിക്കാട്ട് മലയിൽ ഗൗരി (ഗൗരിയമ്മ– 98). കഴിഞ്ഞദിവസം അന്തരിച്ച ഗൗരിയമ്മ, കരിക്കൻ വില്ലയിലെ ജോലിക്കാരി ആയിരുന്നു. കൊച്ചുമകൾ മിനിയുടെ വസതിയിലായിരുന്നു അന്ത്യം.

1980 ഒക്‌ടോബർ 6ന് മീന്തലക്കര ക്ഷേത്രത്തിനു സമീപം കരിക്കൻവില്ലയിൽ കെ.സി.ജോർജ് (63), ഭാര്യ റേച്ചൽ (കുഞ്ഞമ്മ–56) എന്നിവർ കൊല്ലപ്പെട്ടത് കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഒരുനാൾ പകരം ചോദിക്കാൻ റെനി തന്റെ വീട്ടിൽ എത്തുമെന്ന് ഗൗരി ഭയപ്പെട്ടു. റെനി പക്ഷേ, ഒരിക്കലും ഗൗരിയോടു പകരം ചോദിക്കാൻ പോയില്ല. എന്നാൽ ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടിയപ്പോൾ പകരമായി ഒന്നു ചോദിച്ചു, ഗൗരിയുടെ പ്രിയപ്പെട്ട യജമാനത്തിയെ കൊന്നതിനു മാപ്പ് ! തന്റെ പാപപരിഹാരത്തിനായി പ്രാർഥിക്കാൻ അപേക്ഷിക്കുകയും ചെയ്തു. കേരളത്തെ ചോരയാൽ വിറപ്പിച്ചൊരാൾ മാനസാന്തരപ്പെട്ടു ദൈവവഴിയിൽ എത്തിയ കഥ കൂടിയാണു കരിക്കൻ വില്ല പറയുന്നത്.

കരിക്കൻവില്ല ഇപ്പോൾ ശാന്തമാണ്; കൊലപാതകത്തിന്റെ രക്‌തമണം വിട്ടകന്നിരിക്കുന്നു. പക്ഷേ, ‘മദ്രാസിലെ മോനും’ കൂട്ടുകാരും അവിടെ ചെയ്‌ത അരുംകൊല തിരുവല്ല മീന്തലക്കര ഗ്രാമത്തിന് ഇന്നും നടുക്കുന്ന ഓർമയാണ്. മധ്യതിരുവിതാംകൂറിനെ ഞെട്ടിച്ച സംഭവമാണത്. ഏറെക്കാലം കുവൈത്തിൽ ജോലിചെയ്‌തു ലക്ഷങ്ങളുടെ സമ്പാദ്യവുമായി നാട്ടിലെത്തിയതാണു മക്കളില്ലാത്ത ദമ്പതികൾ. പുറംലോകവുമായി ഇവർ ഏറെ ബന്ധപ്പെട്ടിരുന്നില്ല. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണു ജോർജിനെയു റേച്ചലിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കുത്തേറ്റിരുന്നു. കത്തി റേച്ചലിന്റെ വയറ്റിൽ തറച്ചിരുന്നു. മേശപ്പുറത്തു നാലു ചായക്കപ്പുകളുണ്ടായിരുന്നു.

റേച്ചലിന്റെ ആഭരണങ്ങൾ, ജോർജിന്റെ റോളെക്‌സ് വാച്ച്, ടേപ്പ് റിക്കോർഡർ, പണം എന്നിവ അപഹരിക്കപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്‌ഥലത്തുനിന്നും അന്വേഷണ സംഘത്തിനു ലഭിച്ച ഏകസൂചന കൊല നടന്ന വീടിനുള്ളിൽ വാരിവലിച്ചിട്ടിരുന്ന രക്തം പുരണ്ട കടലാസുകളിൽ പതിഞ്ഞ പുത്തൻ ഷൂസിന്റെ അവ്യക്തമായ പാടുകളാണ്. ഗൗരിയെ പൊലീസ് ചോദ്യം ചെയ്‌തപ്പോൾ തലേന്നു വൈകിട്ടു താൻ ജോലികഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ നാലുപേർ കാറിൽ വന്നിരുന്നെന്നും വന്നവർക്കു ചായയുണ്ടാക്കാൻ റേച്ചൽ പറഞ്ഞതായും ഗൗരി അറിയിച്ചു. റേച്ചൽ തന്നെയാണു ചായ കൊണ്ടുപോയി കൊടുത്തത്. ‘മദ്രാസിലെ മോൻ’ ആണു വന്നതെന്നു റേച്ചൽ തന്നോടു പറഞ്ഞിരുന്നതായി ഗൗരി വെളിപ്പെടുത്തി. ഈ മൊഴിയാണ് കേസിനു തുമ്പുണ്ടാക്കിയത്.

കൊല്ലപ്പെട്ട ജോർജിന്റെ ഒരു ബന്ധു മദ്രാസിൽ പഠിക്കുന്നുണ്ടായിരുന്നു – റെനി ജോർജ്. ആ യുവാവും മൗറീഷ്യസ് സ്വദേശി ഹസൻ ഗുലാം മുഹമ്മദ്, മലേഷ്യൻ സ്വദേശി ഗുണശേഖരൻ, കെനിയക്കാരനായ കിബ്‌ലോ ദാനിയൽ എന്നീ കൂട്ടുകാരുമാണു പ്രതികളെന്നു വ്യക്‌തമായി. റെനിയും ഹസനും ആദ്യം പൊലീസ് പിടിയിലായി. ഗുണശേഖരനെ തൊട്ടടുത്ത ദിവസം കിട്ടി. രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ച കിബ്‌ലോ, പറ്റാതെ വന്നപ്പോൾ കീഴടങ്ങി. മദ്രാസിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥികളായിരുന്നു ഇവർ. മദ്യത്തിനും ലഹരിമരുന്നിനും അടിമകളായിരുന്നു. പണമുണ്ടാക്കാൻ ചെറിയ മോഷണങ്ങളും നടത്തിവന്നിരുന്നതായി പൊലീസ് കണ്ടെത്തി. പണം തട്ടാനാണു സുഹൃത്തുക്കളെയും കൂട്ടി റെനി ചെന്നൈയിൽനിന്നു കാറോടിച്ചു തിരുവല്ലയിലെത്തി കൊല നടത്തിയത്.

കരിക്കൻവില്ലയിലെ പകൽജോലിക്കാരി ഗൗരിയുടെ വൈകിവന്ന മൊഴിയിലെ ഒരു വാചകമാണ് പിന്നെ പൊലീസിനെ നയിച്ചത്. ‘രക്തം പുരണ്ട കടലാസിൽ പതിഞ്ഞ ഈ ഷൂസിന്റെ അടയാളത്തിൽ നിന്നാണു കേസിലെ മുഖ്യ പ്രതി റെനി ജോർജ് കൊലപാതകം നടന്നു പത്താം ദിവസം പിടിയിലായത്. 1980 ഒക്ടോബറിലാണു തിരുവല്ലയിൽ ദമ്പതികൾ കൊല്ലപ്പെട്ടത്. അന്നു ഞാൻ ചെങ്ങന്നൂർ എഎസ്പിയായിരുന്നു. കേസിന്റെ അന്വേഷണ ചുമതല എനിക്കും മേൽനോട്ടം അന്നത്തെ എസ്പി ടി.പി.ഗോപിനാഥനും. വീടിനുള്ളിൽ വാരിവലിച്ചിട്ടിരുന്ന രക്തം പുരണ്ട കടലാസുകളിൽ ഷൂസിന്റെ പാടുകൾ ശേഷിച്ചിരുന്നു.

അതിന്റെ ചിത്രമെടുത്ത് പ്രദേശത്തെ എല്ലാ ചെരിപ്പുകടകളിലും കാണിച്ചെങ്കിലും അവിടെങ്ങും ആ രീതിയിലുള്ള ഷൂസ് ഇല്ലെന്നു മനസ്സിലായി. അന്നു ഫൊറൻസിക് സയൻസ് ലാബ് മേധാവിയായിരുന്ന വിഷ്ണു പോറ്റി ആ പാടുകൾ പരിശോധിച്ചു. ഈ ഷൂസ് വിദേശ നിർമിതമാണെന്ന സംശയം ഞാൻ എസ്പിയോടു പറഞ്ഞു. അതിനിടെ, വീട്ടിലെ ജോലിക്കാരിയെ ചോദ്യം ചെയ്തു. മകൻ ചെന്നൈയിൽ നിന്ന് അന്നു വരുമെന്ന് വീട്ടുകാർ പറഞ്ഞിരുന്നതായി മൊഴി നൽകി. ചെന്നൈ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു കേസിലെ പ്രതി റെനി ജോർജ് അറസ്റ്റിലായത്. അയാളുടെ താമസസ്ഥലത്തു നിന്ന് ആ വിദേശ നിർമിത ഷൂസും കണ്ടെടുത്തു. വിലയേറിയ ഷൂസ് ആയിരുന്നതിനാലാണ് അയാൾ അത് ഉപേക്ഷിക്കാതിരുന്നത്.’– സിബി മാത്യൂസ് പറഞ്ഞു.

പ്രതികളെ 1982 ജനുവരി ഒന്നിനു കോട്ടയം സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1983 മാർച്ച് 21നു ഹൈക്കോടതി വിധി ശരിവച്ചു. പൂജപ്പുര ജയിലിലായിരുന്നു റെനിയുടെയും ഗുണശേഖരന്റെയും മുഹമ്മദിന്റെയും വാസം. കെനിയക്കാരനായ കിബ്‌ലോയെ ഡൽഹി തിഹാർ ജയിലിലേക്കു മാറ്റി. ജയിൽവാസം 1995 ജൂണിൽ പൂർത്തിയായി. ഓഗസ്‌റ്റോടെ ഗുലാം മുഹമ്മദും ഗുണശേഖരനും കിബ്‌ലോയും സ്വന്തം നാട്ടിലേക്കു മടങ്ങി. മുഖ്യപ്രതിയായ റെനി ജോർജ് ജയിൽവാസകാലത്തുതന്നെ മാനസ്സാന്തരപ്പെട്ടിരുന്നു. പരോളിലിറങ്ങുന്ന സമയങ്ങളിൽ സുവിശേഷ പ്രചാരകനായി. 14 വർഷവും ഒൻപതുമാസവും ജയിലിൽ കിടന്ന റെനി ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പൂർണമായും മാറിയിരുന്നു.

ജയിലിലെ തന്റെ ആദ്യ ആറു വർഷങ്ങൾ പശ്‌ചാത്താപലേശമില്ലാതെ റെനി പഴയപോലെ മയക്കുമരുന്നിൽ മുഴുകികഴിഞ്ഞു. പൂജപ്പുര ജയിലിൽ മയക്കുമരുന്ന് എത്തിക്കാൻ ഗൂഢസംഘങ്ങൾ അന്നുമുണ്ടായിരുന്നുവെന്നും അവരുടെ കണ്ണിയായി ജയിൽ ഉദ്യോഗസ്‌ഥരും ഉണ്ടായിരുന്നുവെന്നും റെനി പിന്നീടു സാക്ഷ്യപ്പെടുത്തി. ഏറ്റുമാനൂർ വിഗ്രഹമോഷണകേസിലെ സ്‌റ്റീഫൻ, ക്യാപ്‌റ്റൻ ജോസ്, പ്രശസ്‌തനായ ഒരു നിർമാതാവ്.. സഹ തടവുകാരുടെ പട്ടിക നീളുന്നു. പരോളിലിറങ്ങുന്ന തടവുകാർ മയക്കുമരുന്നിനുള്ള പണം കണ്ടെത്തി മടങ്ങിവരും. ഒരിക്കൽ പരോളിലിറങ്ങിയപ്പോൾ റെനിയുടെ ഊഴമായിരുന്നു.

‘മദ്രാസിലെ മോൻ’ എന്നപേരിൽ സിനിമയെടുത്ത നിർമാതാവിനെ ഭീഷണിപ്പെടുത്തി 60,000 രൂപയുമായാണ് തിരികെവന്നത്. അതിൽ പകുതി ഒരു ജയിൽ ഉദ്യോഗസ്‌ഥൻ കൊണ്ടുപോയി. 1987ൽ പരോളിൽ ഇറങ്ങിയതു തിരുവല്ലയിൽ ഒരു സഹകരണ ബാങ്ക് കൊള്ളയടിക്കാൻ ജയിലിൽവച്ചേ പദ്ധതിയിട്ടായിരുന്നു. വീട്ടിലെത്തി സേഫ് തകർക്കാനുള്ള ഗ്യാസ് കട്ടറും മറ്റു സ്വരുക്കൂട്ടുന്നതിനിടയിൽ താടിവച്ച ഒരു അപരിചിതൻ റെനിയെ തേടിയെത്തി. തന്നോടൊപ്പം ഒരു സ്‌ഥലം വരെ വരണമെന്നു പറഞ്ഞപ്പോൾ ഏതോ കവർച്ചയിൽ പങ്കാളിയാകാൻ തന്നെ ക്ഷണിക്കുകയാണെന്നാണ് കരുതിയത്. കൂടെപ്പോയി. പക്ഷേ, എത്തിയത് ഒരു പ്രാർഥനാലയത്തിൽ !

അവിടെ കൂട്ടിക്കൊണ്ടുവന്ന താടിക്കാരനോടു റെനിക്ക് അടങ്ങാത്ത ദേഷ്യമാണു തോന്നിയത്. പക്ഷേ, എന്തുകൊണ്ടോ ഇറങ്ങിപ്പോയില്ല. ആ പ്രാർഥനാ സംഘത്തിലിരിക്കവേ തന്റെ മനസ്സിൽ എന്തോ പരിവർത്തനം നടക്കുന്നതു റെനി അറിഞ്ഞു. പരോൾ കഴിഞ്ഞു കൊള്ളമുതലുമായി എത്തുന്ന റെനിയെ കാത്തിരുന്ന ജയിലിലെ കൂട്ടുകാർ ബാഗിൽ ഒരു ബൈബിൾ മാത്രം കണ്ടു ക്ഷോഭിച്ചു. റെനി അതുകണ്ടു മന്ദഹസിച്ചു. അടുത്ത പരോൾ കഴിഞ്ഞു റെനി മടങ്ങി വന്നതു വിവാഹിതനായാണ്. വധു ബഹ്‌റൈനിൽ നഴ്‌സായ മംഗലാപുരം സ്വദേശി ടിന. കൊലയാളി യുവാവിന്റെ മനം മാറ്റത്തിൽ വിശ്വാസം അർപ്പിച്ച് ടിന ജീവിത പങ്കാളിയാകാൻ തീരുമാനിക്കുകയായിരുന്നു. ആ വിശ്വാസം തെറ്റിയില്ല.

ഒരു വ്യാഴവട്ടത്തിന്റെ ജയിൽശിക്ഷ കഴിഞ്ഞു റെനി ബെംഗളൂരുവിൽ ടിനയ്‌ക്കൊപ്പം പുതിയൊരു ജീവിതം തുടങ്ങി. കിബ്‌ലോയും ഗുണശേഖറും ഗുലാമും മോചിതരായി തങ്ങളുടെ രാജ്യങ്ങളിലേക്കു മടങ്ങി. അവരെയൊന്നു പിന്നീടു റെനി കണ്ടിട്ടില്ല. പിന്നീട് ഭാര്യ ടീനയുമൊത്തു ബെംഗളൂരുവിൽ തടവുകാരുടെ മക്കൾക്കായി ഭവനം നടത്തി. കരിക്കൻവില്ല ഇന്നൊരു പ്രാർഥനാ ഭവനമാണ്. കേസന്വേഷണത്തിനു ചുക്കാൻപിടിച്ച എസ്.പി: ഗോപിനാഥ്, സി.ഐ: എ.കെ. ആചാരി, എസ്.ഐ. അബ്‌ദുൽ കരിം എന്നിവർ മരിച്ചു. മദ്രാസിലെ മോനെന്ന വെളിപ്പെടുത്തൽ വഴി കേസിനു തുമ്പുണ്ടാക്കി ചരിത്രസാക്ഷിയായ മഞ്ഞാടി കുതിരിക്കാട് ഗൗരിയും കഴിഞ്ഞദിവസം ജീവിതത്തോടു വിടപറഞ്ഞു.

കരിക്കൻവില്ല ഇന്നൊരു പ്രാർഥനാ ഭവനമാണ്. ഏതാനും വർഷം മുൻപു ഗോസ്‌പൽ ഫോർ ഏഷ്യ ഈ വീടും പറമ്പും വാങ്ങി. കൊലപാതകത്തിന്റെ നടുക്കത്തിലായിരുന്ന ഭവനത്തിൽനിന്ന് ഇന്നുയരുന്നതു സദ്‌‍വാർത്തയുടെ സന്ദേശങ്ങൾ. കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ സിബി മാത്യുവും റെനിയെ വീണ്ടും കണ്ടുമുട്ടി. പരോളിലിറങ്ങിയ കുറ്റവാളി തനിക്കു ശിക്ഷ വാങ്ങിത്തന്നെ ഉദ്യോഗസ്‌ഥനെ തേടിപ്പിടിച്ചു ചെന്നുകണ്ട് ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നു പറഞ്ഞപ്പോൾ സിബിക്കു വിശ്വസിക്കാനായില്ല. റെനിയുടെ മാനസാന്തരത്തിന്റെ കഥ ദൃശ്യവും ശബ്‌ദവുമായി സിഡി രൂപത്തിൽ പുറത്തിറങ്ങിയപ്പോൾ ആദ്യ സിഡി ഏറ്റുവാങ്ങാനെത്തിയതും സിബി മാത്യൂസായിരുന്നു, കാലം കാത്തുവയ്ക്കുന്ന വിധിയുടെ വിളയാട്ടം അഥവാ നീതി വരുന്ന വഴി !

ഇടതുമുന്നണി വാതില്‍ തുറന്നാല്‍ അതിലൂടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കയറിവരാമെന്ന് പാലാ എംഎല്‍എ മാണി സി. കാപ്പന്‍. ഇടതുമുന്നണി തീരുമാനത്തിനൊപ്പം നല്‍ക്കും. എന്നാല്‍ പാലാ സീറ്റില്‍ ഒത്തുതീര്‍പ്പില്ല. സീറ്റ് വീട്ടുകൊടുക്കുന്ന വിഷയം ഉദിക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

അതേസമയം, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കാനുള്ള പാലമിട്ട് സിപിഎം. യുഡിഎഫ് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജനകീയ അടിത്തറയുള്ള പാര്‍ട്ടിയെന്ന് കോടിയേരിയുടെ പ്രശംസ. ജോസ് കെ മാണി പി ജെ ജോസഫ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു.

യുഡിഎഫിന്റെ ഭാഗമായിരുന്ന എല്‍ ജെ ഡി യുഡിഎഫ് വിട്ട് എല്‍ ഡി എഫിലേക്ക് വന്നിരുന്നുവെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. യുഡിഎഫിലെ പ്രതിസന്ധി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു. ബാര്‍ കോഴ സമരം ഇപ്പോഴത്തെ വിഷയമല്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ജോസ് കെ.മാണി വിഭാഗത്തെ എല്‍.ഡി.എഫ്. പരിഗണിക്കുന്നതില്‍ സന്തോഷമെന്ന് എംഎൽഎമ്മാരായ റോഷി അഗസ്റ്റിനും, എൻ. ജയരാജും . കോടിയേരിയുടെ നിലപാട് രാഷ്ട്രീയവിലയിരുത്തലിന്റെ ഭാഗമായിരിക്കാം. ഇടതുമുന്നണി പ്രവേശം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നിട്ടില്ല. കേരളരാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിന് കൃത്യമായ ഇടമുണ്ട്. പാര്‍ട്ടിയുടെ ഇടം എവിടെയാണെന്ന് പിന്നീട് വ്യക്തമാക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

എന്നാൽ ജോസ് കെ.മാണി വരുന്നതുകൊണ്ട് നേട്ടമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ക്രിസ്ത്യന്‍ വോട്ടുകള്‍ ആരുടെയും കുത്തകയല്ല. ജോസ് പക്ഷത്തിന്‍റെ വരവ് ഇടതുമുന്നണി ചര്‍ച്ചചെയ്തിട്ടില്ല. ഭരണത്തുടര്‍ച്ചയ്ക്ക് ജോസ് പക്ഷത്തിന്റെ സഹായം വേണ്ട, നശിപ്പിക്കാതിരുന്നാല്‍ മതിയെന്നും കാനം പറഞ്ഞു. സി.പി.ഐയ്ക്ക് കണക്കിന്റെ രാഷ്ട്രീയത്തിലല്ല രാഷ്ട്രീയത്തിന്റെ കണക്കിലാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂയോര്‍ക്ക്: പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ കോവിഡ് വൈറസ് വ്യാപനം നടക്കുന്ന അമേരിക്കയില്‍ ഒരു ദിവസ രോഗബാധിതരുടെ എണ്ണം പുതിയ റെക്കോഡ് തീര്‍ക്കുന്നു. 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയ രോഗികളുടെ എണ്ണം ബുധനാഴ്ച ആദ്യമായി അരലക്ഷത്തില്‍ എത്തി. ലോകത്ത് രോഗവ്യാപനം ഏറ്റവും കൂടുതലായ നിലയിലേക്ക് ഉയര്‍ന്നതോടെ കാലിഫോര്‍ണിയ മുതല്‍ ഫ്‌ളോറിഡ വരെ റസ്‌റ്റോറന്റുകള്‍, ബാറുകള്‍, ബീച്ചുകള്‍ എന്നിവയെല്ലാം അടച്ചിരിക്കുകയാണ്.

അമേരിക്കയില്‍ ബുധനാഴ്ച രേഖപ്പെടുത്തിയ നില 52,000 പുതിയ രോഗികളുടെതാണ്. രോഗബാധ ഈ നിലയിലായതോടെ ജൂലൈ നാലിന് നടക്കേണ്ട അമേരിക്കന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ രോഗഭീതിയുടെ നിഴലിലായി. ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ മിക്ക കൗണ്ടികളിലും റസ്‌റ്റോറന്റുകള്‍ക്ക് ഉള്ളിലിരുന്നുള്ള കഴിപ്പ് കാലിഫോര്‍ണിയ നിരോധിച്ചിട്ടുണ്ട്. അടുത്തയാഴ്ച മുതല്‍ ന്യൂയോര്‍ക്കിലെയും റെസ്‌റ്റോറന്റുകളില്‍ ഉള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക് വരും. അതേ സമയം രോഗവ്യാപ്തി ഇങ്ങിനെ കൂടുമ്പോഴും മാസ്‌ക്ക് ധരിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന പതിവ് ട്രംപ് തുടരുന്നതില്‍ അതൃപ്തി ഉയരുന്നുണ്ട്.

കഴിഞ്ഞയാഴ്ച രോഗവ്യാപനത്തിന്റെ ആഗോള നിലവാരം ഏറ്റവും ഉയര്‍ന്ന നിലയിലായി. ദിവസം തോറും 160,000 എന്ന കണക്കിലാണ് രോഗവ്യാപനമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡേറ്റാ പറയുന്നു. ലോകത്തുടനീളമായി 10 ദശലക്ഷം രോഗബാധിതര്‍ ഉണ്ടാകുമെന്നും അഞ്ചു ലക്ഷം പേരെങ്കിലും മരിക്കുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ജൂണ്‍ 25 മുതല്‍ ജൂലൈ 1 വരെ ഏഴു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായത് ജൂണ്‍ 28 നാണ്. 189,500 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആൻജിയോഗ്രാം ചെയ്യുന്നതിനിടെ യന്ത്രഭാഗം ഹൃദയവാൽവിൽ തുളഞ്ഞുകയറിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞമാസം നാലിനായിരുന്നു ആൻജിയോഗ്രാം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ഇടയിൽ ഉപകരണം പൊട്ടി ഹൃദയവാൽവിൽ തുളഞ്ഞുകയറുകയായിരുന്നു

പരുമലയിലെ ആശുപത്രിയിൽ എത്തിച്ചാണ് ഉപകരണം പുറത്തെടുത്തത്. ആദ്യ ശസ്ത്രിക നടത്തിയ ഡോക്ടർ കുറ്റസമ്മതം നടത്തിയെന്നും കുടുംബം പറഞ്ഞു

ഇന്നലെയാണ്‌ വീണ്ടും ശാരീരിക അസ്വസ്ഥതകൾ കാരണം ബിന്ദുവിനെ ആശുപത്രിയിൽ കൊണ്ടുപോയത്. രാത്രിയോടെ മരിച്ചു. വാർത്ത പുറത്തു വരാതിരിക്കാൻ ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകാമെന്ന് നിരന്തരം വിളിച്ചു പറയുകയാണെന്നും കുടുംബം പറഞ്ഞു

ജോജി തോമസ്

കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തെ പുറത്താക്കിയത് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ രാഷ്ട്രീയ നാടകമാണെന്നതിന്റെ സൂചനകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജോസ് പക്ഷത്തെ പുറത്താക്കിയത് ജോസഫ് പക്ഷത്തെ വെട്ടിലാക്കാനാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫ് നേതൃത്വവുമായി സാധ്യമായ മാർഗ്ഗങ്ങളിലൂടെയെല്ലാം ഏറ്റുമുട്ടാനും പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫിനോട് അടുക്കുവാനും കച്ചകെട്ടി ഇറങ്ങിയ ജോസഫ് പക്ഷമാണ് ഇപ്പോൾ യഥാർത്ഥത്തിൽ വെട്ടിലായിരിക്കുന്നത് .

എൽഡിഎഫിനെ ഭരണത്തുടർച്ച കിട്ടുമെന്ന് കരുതപ്പെടുന്ന സാഹചര്യത്തിൽ ഒരു മുന്നണി മാറ്റം ജോസഫ് പക്ഷത്തെ ഒട്ടുമിക്കവരുടെയും മനസ്സിലുണ്ടായിരുന്നു. ജോസ് പക്ഷവുമായി പോര് മുറുക്കി പുറത്ത് പോകാൻ കളമൊരുക്കുകയാണ് ജോസഫ് പക്ഷത്തിൻെറ ലക്ഷ്യമെന്ന് യുഡിഫിലെ ബുദ്ധികേന്ദ്രങ്ങൾക്ക് നേരത്തെതന്നെ സംശയം ഉണ്ടായിരുന്നു. പിണറായി വിജയൻെറ ഭരണത്തെ പുകഴ്ത്തി ഒരു പ്രമുഖ പത്രത്തിൽ പിജെ ജോസഫ് എഴുതിയ ലേഖനം വന്നപ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമായി . ഇതിൻെറ ഫലമായാണ് ഒരു മുഴം നീട്ടി കയറെറിഞ്ഞ്‌ ജോസ് പക്ഷത്തെ പുറത്താക്കി ജോസഫിൻെറ എൽഡിഎഫ് പ്രവേശനസ്വപ്നം തല്ലികെടുത്താൻ യുഡിഫിനായത്. പെട്ടെന്നൊരു ദിവസം പുറത്താക്കലിന് ശേഷം ജോസ് പക്ഷ നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിലും യുഡിഎഫ് നേതൃത്വത്തിനുള്ള വിമർശനം മനപൂർവ്വം ഒഴിവാക്കുകയും ചെയ്തു.ഇതെല്ലം കൂട്ടിവായിക്കുമ്പോൾ ജോസ് പക്ഷത്തെ പുറത്താക്കിയത് താത്കാലികമായ ഒരു രാഷ്ട്രീയ നാടകത്തിൻെറ രംഗങ്ങളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കൂട്ടിവായിക്കുന്നത്.

ജോസഫ് പക്ഷം എൽഡിഎഫിന് സ്വീകാര്യമാണ് . പക്ഷേ ജോസ് കെ മാണി പക്ഷത്തെ എതിർക്കുന്ന സിപിഐ ലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ജോസ് പക്ഷം ബി ജെ പിയിലേക്ക് ചേക്കേറുന്നത് സഭാ നേതൃത്വവും എൻഎസ്എസും ശക്തമായി എതിർക്കും. അതുകൊണ്ടുതന്നെ ജോസ് പക്ഷത്തിന്റെ അവസാന ആശ്രയം യുഡിഎഫ് ആണ്. ഈ രാഷ്ട്രീയ നാടകത്തിന്റെ ഉള്ളു കള്ളികളെക്കുറിച്ച് ജോസ് വിഭാഗത്തിന് സൂചന ലഭിച്ചിട്ടുള്ളതായാണ് അറിയാൻ സാധിക്കുന്നത് . ഇപ്പോൾതന്നെ ജോസ് പക്ഷത്തെ പുറത്താക്കിയതിലുള്ള അതൃപ്തി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി പങ്കുവെച്ചതായാണ് അറിവ്. എം.പി മാരുടെ നഷ്ടത്തിലൂടെ ഡൽഹിയിൽ പ്രതിപക്ഷത്തെ ഒന്നുകൂടി ദുർബലമാക്കുന്ന നടപടിക്ക് കോൺഗ്രസ് നേതൃത്വം ഒരിക്കലും കൂട്ടുനിൽക്കില്ല. ജോസ് പക്ഷത്തെ പുറത്തിക്കിയിട്ടില്ലെന്നുള്ള ഉരുണ്ടുകളിയുമായി രമേശ് ചെന്നിത്തല പത്രസമ്മേളനം നടത്തിയത് ഹൈക്കമാൻഡ് നൽകിയ ശക്തമായ താക്കീതിൻെറ ഫലമാണ്. ഈ നാടകങ്ങളുടെ എല്ലാം അവസാനം ജോസ് പക്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യുഡിഎഫിൽ തന്നെ ഉണ്ടാകുമെന്ന ഉറപ്പ് നേടിയെടുത്തതുണ്ടാവുമെന്നാണ് പലരും രഹസ്യമായി പങ്കു വയ്ക്കുന്ന വിവരം.

 

ജല്ലിക്കട്ട് തിയറ്ററുകളിലെത്തിയപ്പോള്‍ ലിജോ ജോസ് പെല്ലിശേരി ഇടുക്കിയില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. 19 ദിവസത്തിനുള്ളില്‍ ലിജോ പൂര്‍ത്തിയാക്കി മിസ്റ്ററി ത്രില്ലര്‍ ചുരുളി പ്രേക്ഷകരിലെത്തുകയാണ്. പുതുനിരയിലെ ശ്രദ്ധേയനായ കഥാകൃത്ത് വിനോയ് തോമസിന്റെ കഥയെ ആധാരമാക്കി എസ് ഹരീഷിന്റെ തിരക്കഥ. മധു നീലകണ്ഠന്‍ ആദ്യമായി ലിജോയുടെ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നു. ദീപു ജോസഫിന്റെ എഡിറ്റിംഗ്.

മൈലാടുംപറമ്പില്‍ ജോയ് എന്ന കഥാപാത്രത്തെ തേടി ചെമ്പന്‍ വിനോദ് ജോസും, വിനയ് ഫോര്‍ട്ടും ഏറെ പ്രത്യേകതയുള്ള സ്ഥലത്തേക്ക് എത്തുന്നതാണ് പ്രമേയമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. ലിജോ പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം.

ഭൂരിഭാഗം രംഗങ്ങളും കാട്ടിനകത്ത് ചിത്രീകരിക്കപ്പെട്ട ചിത്രവുമാണ് ചുരുളി. ചെമ്പന്‍ വിനോദ് ജോസും വിനയ് ഫോര്‍ട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് താരങ്ങള്‍

രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഫസല്‍ എ ബക്കര്‍ ആണ് സൗണ്ട് മിക്‌സിംഗ്. ഗോകുല്‍ ദാസ് ആര്‍ട്ട് ഡയറക്ടര്‍. ആന്‍സണ്‍ ആന്റണി ലൈന്‍ പ്രൊഡ്യൂസര്‍. ആനിമേഷന്‍ ആന്‍ഡ് വിഎഫ്എക്‌സ് യുനോനിയന്‍സ്. ശ്രീരംഗ് സജിയാണ് സംഗീത സംവിധാനം. മാഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവ്യര്‍ മേക്കപ്പും ടിനു പാപ്പച്ചന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്.

ഇന്ത്യന്‍ ആര്‍മി ഇഎംഇ ഈസ്റ്റേണ്‍ കമാന്‍ഡ് വികാസ് സാമ്യല്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ദിവസങ്ങളായി കൊവിഡ് വൈറസിനോട് പോരാടുകയായിരുന്നു വികാസ്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാവരും കൊവിഡില്‍ നിന്ന് രക്ഷപ്പെട്ടു.

രാജ്യത്തിനുവേണ്ടി ആറ് ഓപ്പറേഷന്‍സ് കമാന്‍ഡ്‌സില്‍ ഉള്‍പ്പെട്ടിട്ടുള്ള ജവാനാണ് വികാസ്. അതേസമയം, ജൂണ്‍ മുപ്പതിന് അതിര്‍ത്തിയിലുള്ള 53 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസ് മറ്റ് ചലച്ചിത്രതാരങ്ങളിലേക്കും. പ്രതികള്‍ ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ വരെ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. അതേസമയം, മറ്റൊരു നടനെയും നടിയെയും തട്ടിപ്പ് സംഘം സമീപിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഘം എന്നു സ്വയം പരിചയപ്പെടുത്തിയാണ് ഫോണില്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചത്.

പൊലീസ് കഴിഞ്ഞ ദിവസം വിളിപ്പിച്ച നടന് സ്വര്‍ണ്ണക്കടത്തിന് പകരമായി സംഘം ഓഫര്‍ ചെയ്തത് രണ്ടുകോടിയും ആഡംബര കാറുമായിരുന്നു. ഇടപാടിന് മുമ്പ് എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങുന്നതാണ് സംഘാംഗങ്ങളുടെ രീതി. അതുകൊണ്ട് തന്നെ ഇടപാടെല്ലാം ഫോണ്‍ വഴി മാത്രമാണ് നടന്നത്.

വിവാഹ ആലോചനയെന്ന വ്യാജേന ഫോണില്‍ ബന്ധം പുലര്‍ത്തിയ ഷംന കാസിമിനോടും അത്യാവശ്യമെന്ന് പറഞ്ഞ് ഒരുലക്ഷം ചോദിച്ചിരുന്നു. അത് കൊടുത്തില്ലെങ്കിലും ഷംന ബന്ധം തുടര്‍ന്നപ്പോള്‍ വിശ്വാസം നിലനിര്‍ത്താനായാല്‍ കൂടുതല്‍ വാങ്ങിയെടുക്കാം എന്ന കണക്കുകൂട്ടലിലാണ് പെണ്ണുകാണലെന്ന പേരില്‍ നേരിട്ട് വീട്ടിലെത്തിയത്. ഇതിനെല്ലാം മുമ്പണ് പ്രമുഖ നായികനടിയെ ഇവര്‍ ഫോണില്‍ വിളിച്ച് സ്വര്‍ണ്ണകടത്തിന് ക്ഷണിച്ചത്.

ഫോണ്‍ നമ്പറിന്റെ അഡ്രസ് ശേഖരിച്ച് നടിയുടെ ഭര്‍ത്താവ് തിരിച്ചുവിളിച്ചപ്പോള്‍ അപകടം മനസിലാക്കി സംഘം പിന്മാറി. കാലങ്ങളായി കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളത്തിലെ പ്രമുഖ നടനെ ബന്ധപ്പെടാന്‍ സംഘം പലവട്ടം ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടാത്തതിനാല്‍ നടന്നില്ല. ഷംനയുടെ പരാതിയില്‍ പ്രതികള്‍ അറസ്റ്റിലായ ശേഷം ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെ വന്‍ വാഗ്ദാനം നല്‍കി പാലക്കാട്ടും കോയമ്പത്തൂരുമെല്ലാം വിളിച്ചുവരുത്തി താമസിപ്പിച്ച് ഒടുവില്‍ സ്വര്‍ണമെല്ലാം ഊരിവാങ്ങി, തന്ത്രപൂര്‍വം കയ്യിലുള്ള പണം വരെ വാങ്ങിയെടുത്ത് തട്ടിപ്പ് സംഘം മുങ്ങിയിട്ടുണ്ട്. മുന്‍കാല സംവിധായകരില്‍ ഒരാള്‍ പുതിയ സിനിമയെടുക്കുന്നു എന്നറിഞ്ഞ് ബന്ധപ്പെട്ട സംഘം വാഗ്ദാനംചെയ്തത് സിനിമ നിര്‍മിക്കാന്‍ അഞ്ചുകോടി രൂപയാണ്. അത്ര വലിയ തുകയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതിനാല്‍ സംവിധായകന്‍ തട്ടിപ്പിനിരയാകാതെ രക്ഷപ്പെട്ടു.

മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് ടൂറിസം ഓഫീസര്‍ സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ചു. ആന്ധ്രാപ്രദേശിലാണ് സംഭവം. നെല്ലോറെ ജില്ലയിലെ ടൂറിസ്റ്റ് ഓഫിസറായ ഭാസ്‌കറാണ് ഭിന്ന ശേഷിക്കാരിയായ സഹപ്രവര്‍ത്തകയെ മര്‍ദിച്ചത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.യുവതിയുടെ മുടി പിടിച്ചു വലിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ മറ്റു ജീവനക്കാരും ഓഫിസിലുണ്ട്. മറ്റുള്ളവര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വീണ്ടും സ്ത്രീയെ അടിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved