ലോകരാജ്യങ്ങളിൽ കോവിഡ് പകർന്ന് പിടിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ തിടുക്കപ്പെട്ട് പ്രവാസികൾ. ഗൾഫ് രാജ്യങ്ങളിലുള്ളവരെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ പ്രവർത്തനം തുടങ്ങിയതിന് പിന്നാലെയാണ് നിരവധി പേർ നാട്ടിലേക്ക് മടങ്ങാൻ താർപര്യമറിയിച്ചത്. നാട്ടിലേക്ക് മടങ്ങാനുള്ള മലയാളികളെ കണ്ടെത്താൻ നോർക്ക ആരംഭിച്ച രജിസ്ട്രേഷനോടും വലിയ രീതിയിലാണ് ആളുകൾ പ്രതികരിക്കുന്നത്.
ഇന്നലെ വൈകീട്ടോട്ടെയായിരുന്നു നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചത്. നടപടി ഒരു രാത്രി പിന്നിട്ടപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 1.45 ലക്ഷം പിന്നിട്ടു. രാവിലെ ആറുമണിയോടെയാണ് രജിസ്ട്രേഷൻ ഒന്നരലക്ഷത്തോട് അടുത്തത്. www.registernorkaroots.org എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പുരോഗമിക്കുന്നത്.
എന്നാൽ, ആദ്യം രജിസ്റ്റർ ചെയ്യുന്നവരെ ആദ്യം എത്തിക്കുക എന്നൊരു തീരുമാനം ഇല്ലെന്ന് നേരത്തെ തന്നെ നോർക്ക വ്യക്തമാക്കിയിരുന്നു. ഗർഭിണികൾ, പലതരം രോഗമുള്ളവർ , സന്ദർശക വിസയിൽ പോയവർ എന്നിവർക്കാണ് മുൻഗണന. അതിനാൽ തന്നെ തിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്നും അധികൃകർ ചൂണ്ടിക്കാട്ടുന്നു. വിദേശത്തെ ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്നതിന് കേന്ദ്രം അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് നടപടികൾ വേഗത്തിലായത്. ഇക്കാര്യം ചര്‍ച്ച ചെയ്യാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി ചർച്ചയും നടത്തിയിരുന്നു.
അതേസമയം, വിദേശത്തുള്ള പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതില്‍ സംസ്ഥാനങ്ങൾ ഒരുക്കിയ സൗകര്യങ്ങൾ പരിശോധിച്ച് അനുമതി നൽകുന്ന കാര്യവും കേന്ദ്രം ആലോചിക്കുന്നതായാണ് വിവരം. വിദേശ, വ്യോമയാന മന്ത്രാലയങ്ങളും എയർ ഇന്ത്യയും ചേർന്നായിരിക്കും ആളുകളെ തിരികെ എത്തിക്കുക. തിരികെ വരുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈനില്‍ കഴിയാനുള്ള സൗകര്യം ഒരുക്കിയ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയേക്കുമെന്നാണ് സൂചന. എന്നാൽ വിമാന ടിക്കറ്റിന്റെ തുക യാത്രക്കാരിൽ നിന്ന് ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ആദ്യം ദിനം തന്നെ മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇനി സംഭവിക്കാൻ പോവുന്നത് പ്രവാസികളുടെ വൻതോതിലുള്ള മടങ്ങി വരവാണെന്ന സൂചനകൂടിയാണ് ലഭ്യമാവുന്നത്. എന്നാൽ, പ്രവാസികള്‍ തിരിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണകേന്ദ്രത്തില്‍ കഴിയണമെന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെയും നാട്ടിലെത്തിക്കാനും നോര്‍ക്ക ഇടപെടൽ ശക്തമാക്കും. ഇതിനായുള്ള രജിസ്ട്രേഷനും നോർക്ക ഉടൻ ആരംഭിക്കും.
സൗദി അറേബ്യയിൽ നിലവിലുണ്ടായിരുന്ന ചാട്ടവാറുകൊണ്ടുളള അടി ശിക്ഷ നിരോധിച്ച് സൌദി സുപ്രീം കോടതി ഉത്തരവിട്ടു. വിവിധ കേസുകളിൽ ചാട്ടയടി ശിക്ഷ വിധിക്കപ്പെട്ടവർക്ക് ഇനി പിഴയോ തടവു ശിക്ഷയോ രണ്ടും ഒന്നിച്ചോ ആയിരിക്കും ലഭിക്കുക.
ചാട്ടയടി ശിക്ഷയായുള്ള എല്ലാ കേസുകളിലും ഇനി തടവോ പിഴയോ മാത്രമാകും ശിക്ഷയായി ലഭിക്കുക. സൽമാൻ രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറേയും നേരിട്ടുള്ള നിർദേശത്തിൻറെ ഭാഗമായാണ് ഉത്തരവ്.
രാജ്യത്ത് നടപ്പിലാക്കുന്ന മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് മനുഷ്യാവകാശ കമ്മീഷൻ പ്രസിഡണ്ട് ഡോ. അവ്വാദ് ബിൻ സാലിഹ് അൽ അവ്വാദ് പറഞ്ഞു. രാജ്യത്തെ വിവിധ മനുഷ്യാവകാശ പ്രവർത്തരും സ്വദേശികളും തീരുമാനത്തിന് ട്വിറ്ററിൽ പിന്തുണയറിയിച്ചു.
ഗുജറാത്തില്‍ പടരുന്നത് കൊവിഡിന്റെ എല്‍ ടൈപ്പ് വൈറസെന്ന് നിഗമനം. വുഹാനില്‍ ആയിരങ്ങളുടെ ജീവനെടുത്ത വൈറസാണ് എല്‍ ടൈപ്പ് കൊറോണ വൈറസ്. വുഹാനില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് രോഗം പടരുന്നതിനിടെ വൈറസിന്റെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ ആദ്യമായി ഇന്ത്യയില്‍ എല്‍ ടൈപ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് ഗുജറാത്തിലെ ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്.
ഒരു രോഗിയില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ മാത്രമാണ് ജീനോം സീക്വന്‍സിംഗ് നടത്തിയതെന്നും ഭൂരിഭാഗം പേരെയും ബാധിച്ചത് ഇതേ വൈറസാണെന്ന് പറയാറായിട്ടില്ലെന്നും ബയോടെക്‌നോളജി റിസര്‍ച്ചെ സെന്റര്‍ ഡയറക്ടര്‍ സിജി ജോഷി പറയുന്നു.
പക്ഷെ സംസ്ഥാനത്തെ മരണ നിരക്ക് പരിശോധിക്കുമ്പോള്‍ അതിനുള്ള സാധ്യത തള്ളാനാകില്ലെന്ന് വിദഗ്ദര്‍ പറയുന്നു. 151 പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്. ഇന്നലെയും 18 പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ മരിച്ച വിദേശ രാജ്യങ്ങളിലും എല്‍ ടൈപ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ദുബായിയിൽ യുവതി മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും ബന്ധുക്കൾ. മാള വട്ടക്കോട്ട കടവിൽ ഇക്ബാലിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അഴിക്കോട് കടവിൽ ഇസ്ഹാഖ് സേട്ടുവിന്റെ മകളുമായ ഷബ്നയാണ് മരിച്ചത്.
ഷബ്നയുടെ പിതാവ്, ഭർത്താവ്, കേരള പ്രവാസി സംഘം അഴീക്കോട് മേഖല കമ്മിറ്റി എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനും നോർക്ക റൂട്ട്‌സിനും യുഎഇ ഇന്ത്യൻ അംബാസഡർക്കും ദുബായ് ഹൈകമ്മീഷണറേറ്റിലേക്കും പരാതി അയച്ചു.
ഷബ്‌നയുടെ വീട്ടുകാർ പറയുന്നതിങ്ങനെ: കണ്ണൂർ സ്വദേശിനികളായ ദമ്പതികൾ താമസിക്കുന്ന ദുബായ് ഒയാസിസ് കെട്ടിടത്തിലാണ് ഷബ്ന ഗാർഹിക ജോലികൾ ചെയ്തിരുന്നത്. നല്ല ശമ്പളം വാഗ്ദാനം ചെയ്താണ് ഷബ്നയെ സന്ദർശക വിസയിൽ സെപ്റ്റംബറിൽ കൊണ്ടുപോയത്.
കൊച്ചി പോർട്ടിൽ ചുമട്ടുതൊഴിലാളിയായ ഭർത്താവ് ഇഖ്ബാൽ അസുഖബാധിതനായതോടെ വൻ കടബാധ്യത വന്നതിനാലാണ് 44കാരിയായ ഷബ്ന വാഗ്ദാനത്തിൽ വീണത്. വിസ നൽകി കൊണ്ടുപോയയാൾ കണ്ണൂർ പയ്യന്നൂർ സ്വദേശിയും കുടുംബവും താമസിക്കുന്ന വീട്ടിൽ ജോലിക്ക് നിർത്തുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടിയെ കുളിപ്പിക്കാൻ വെച്ച വെള്ളത്തിൽ കാൽതെറ്റി വീണ് ഷബ്നക്ക് പൊള്ളലേറ്റതായി പറയുന്നത്.
പിന്നീട് കുളിമുറിയിൽ നിന്ന് എന്തോ ദ്രാവകം തലയിൽകൂടി വീണെന്ന് അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷബ്ന മരിച്ചതായി പറയുന്നത്. കോവിഡ് മൂലം കൃത്യമായ വൈദ്യസഹായം ലഭ്യമാക്കാനായില്ലത്രേ. പൊലീസിൽ അറിയിച്ചിരുന്നെങ്കിൽ ആശുപത്രിയിൽ എത്തിക്കാൻ ദുബൈയിൽ തടസ്സമുണ്ടാകുമായിരുന്നില്ലെന്ന് പ്രവാസി സംഘം പ്രവർത്തകർ പറഞ്ഞതായും വീട്ടുകാർ പറയുന്നു. ഷബ്നയുടെ രണ്ടു സഹോദരിമാരും ഭർത്താവും മകളും മാള പള്ളിപ്പുറത്തെ വീട്ടിലാണ്.
ജനങ്ങള്‍ തന്നെ വിളിക്കുന്നത് കഠിനാധ്വാനിയായ പ്രസിഡന്റെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിന് കാരണവും അദ്ദേഹം തന്നെ പറയുന്നുണ്ട്. ഇതുവരെ അധികാരത്തിലിരുന്ന രാഷ്ട്രത്തലവന്മാരെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിനാലാണ് ജനങ്ങള്‍ തന്നെ കഠിനാധ്വാനിയെന്ന് വിളിക്കുന്നതെന്ന് ട്രംപ് പറയുന്നു.
മാധ്യമങ്ങള്‍ തനിക്കെതിരെ തുടരുന്ന കടുത്ത ആക്രമണങ്ങള്‍ക്കിടെയാണ് ട്രംപിന്റെ പുതിയ വാദം. ‘എന്നെക്കുറിച്ചും നമ്മുടെ രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രത്തെ കുറിച്ചും നന്നായി അറിയുന്ന ജനങ്ങളാണ് എന്നെ ഏറ്റവും കഠിനാധ്വാനിയായ വര്‍ക്കിങ് പ്രസിഡന്റാണെന്ന് പറയുന്നത്. അക്കാര്യത്തെ കുറിച്ച് എനിക്ക് വലിയ ധാരണയില്ലെങ്കിലും നന്നായി പ്രയത്നിക്കുന്ന ഒരാളെന്ന നിലയില്‍ മൂന്നരക്കൊല്ലത്തിനിടെ മറ്റുള്ള പ്രസിഡന്റുമാരെക്കാള്‍ കുടുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്’. ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
രാവിലെ നേരത്തെ ആരംഭിച്ച് രാത്രി വൈകുന്നത് വരെ ജോലി ചെയ്യാറുണ്ട്, വ്യാപാര കരാറുകള്‍ക്കായും സൈനിക പുനഃസംഘടനയ്ക്ക് വേണ്ടിയും മാസങ്ങളായി വൈറ്റ് ഹൗസില്‍ തന്നെ കഴിയുകയാണ്. എന്നിട്ടും മാധ്യമങ്ങള്‍ തന്നെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്, ട്രംപ് കൂട്ടിച്ചേര്‍ത്തു. വ്യാജവാര്‍ത്തകള്‍ക്കെതിരെയും മാധ്യമസ്ഥാപനങ്ങളുടെ അധാര്‍മികതക്കെതിരെയും നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്നതിന് മുസ്ലിങ്ങളെ കുറ്റപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കുറച്ച് പേര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ഒരു സമുദായത്തെ ആകെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനം പരാമര്‍ശിക്കാതെയാണ് മോഹന്‍ ഭാഗവത് സംസാരിച്ചത്. കൂടാതെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിലും അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചു.
മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍;
ഒരുതരത്തിലുള്ള വിവേചനവും കാണിക്കാതെ കൊവിഡ് ബാധിച്ചവരെ സഹായിക്കണം. 130 കോടി ഇന്ത്യക്കാരും ഒരു കുടുംബമാണ്. നമ്മളെല്ലാം ഒന്നാണ്. കുറച്ചാളുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ ആ തെറ്റുകള്‍ക്ക് ഒരു സമുദായത്തെ മുഴുവന്‍ പഴിക്കുന്നത് ശരിയല്ല. പക്വതയുള്ളവര്‍ മുന്നോട്ട് വന്ന് ആളുകളിലെ മുന്‍വിധി മാറ്റിയെടുക്കാന്‍ ചര്‍ച്ച നടത്തണം. കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
പ്രദേശവാസികള്‍ ഒരിക്കലും നിയമം കൈയ്യിലെടുക്കാന്‍ പാടില്ലായിരുന്നു. രണ്ട് സന്യാസിമാരും തെറ്റുകാരല്ലായിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന വാദങ്ങള്‍ ശ്രദ്ധിക്കാതെ തെറ്റുകാരല്ലാത്തവരെ കൊല്ലുന്നത് ശരിയാണോയെന്നാണ് ചിന്തിക്കേണ്ടത്. അക്രമത്തിന് പ്രേരിപ്പിക്കുന്ന ആളുകളില്‍ നിന്ന് നമ്മള്‍ അകലം പാലിക്കണം. സമൂഹത്തെ വിഘടിപ്പിച്ച് അക്രമം അഴിച്ചുവിടുന്നതാണ് അവരുടെ തന്ത്രം.
ഇപ്പോഴും ആളുകളെത്തുകയാണ് ആന്ധ്രാപ്രദേശിലെ കുർനൂളിലെ രണ്ടു രൂപ ഡോക്ടറുടെ ക്ലിനിക്കിന് മുന്നിൽ. അദ്ദേഹം കോവിഡ് മരണത്തിന് കീഴടങ്ങിയെന്ന് വിശസിക്കാതെ. കുർനൂളിൽ ക്ലിനിക് നടത്തുന്ന ഡോക്ടർ കെഎം ഇസ്മായിൽ ഹുസൈൻ (76) ഏപ്രിൽ 14നാണ് മരിച്ചത്.
ഒരു കാരണത്താലും രോഗികളെ പരിചരിക്കാതെ മടക്കി അയക്കാത്ത, രണ്ടു രൂപയോ അഞ്ചു രൂപയോ നൽകുന്ന എത്ര കുറഞ്ഞ തുകക്കും ചികിത്സ നൽകിയിരുന്ന ഡോക്ടർ ഇസ്മായിൽ ജനങ്ങൾക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു. ആശുപത്രിയിലെത്തിയ കോവിഡ് രോഗിയിൽ നിന്നും വൈറസ്ബാധിച്ച അദ്ദേഹം കുനൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യയും മകനുമുൾപ്പെടെ കുടുംബത്തിലെ ആറു പേർക്കും കോവഡ് സ്ഥിരീകരിച്ചു.50 വർഷമായി ആതുരസേവന രംഗത്തുള്ള ഡോക്ടർ ഇസ്മായിലിനെ കുർനൂളിൽ നിന്ന് മാത്രമല്ല, തെലങ്കാന, ഗഡ്‌വാൾ, കർണാടകയിലെ റായ്ചൂർ എന്നിവിടങ്ങളിൽ നിന്നു പോലും നിരവധി രോഗികൾ തേടി എത്തുമായിരുന്നു.
രാവിലെ ഏഴു മുതൽ അവസാന രോഗിയും മരുന്ന് വാങ്ങി പോകുന്നതുവരെ അദ്ദേഹം ക്ലിനിക്കിലുണ്ടാകും. രണ്ടു രൂപയാണ് ആദ്യം ഫീസായി വാങ്ങിയിരുന്നത്. ചില രോഗികൾ 20, 50 മെല്ലാം നൽകി തുടങ്ങിയതോടെ അദ്ദേഹം ടേബിളിൽ ഒരു പെട്ടിവെച്ചു. പത്തു രൂപയിട്ടവർക്ക് അഞ്ചു രൂപ തിരിച്ചെടുക്കാം. 20 ഇട്ടവർക്ക് പത്തും 50 നൽകിയവർക്ക് 30തും തിരിച്ചെടുക്കാം. പണമിട്ടില്ലെങ്കിലും പരിചരണവും മരുന്നും ലഭിക്കും.
എംബിബിഎസ് പഠനത്തിന് ശേഷം കുർനൂൾ മെഡിക്കൽ കോളജിൽ നിന്നും എംഡി ബിരുദം നേടിയ അദ്ദേഹം അവിടുത്തെ അധ്യാപകനായി ഏറെ വർഷം പ്രവർത്തിച്ചു. പിന്നീട്സ്വന്തം ഗ്രാമത്തിൽ കെഎം ഹോസ്പിറ്റൽ എന്ന പേരിൽ ക്ലിനിക് തുടങ്ങുകയായിരുന്നു.
അവസാന ശ്വാസം വരെ രോഗികൾക്കായി സേവനമനുഷ്ഠിച്ച ഡോക്ടർ ഇസ്മായിൽ ഹുസൈന്റെ അന്ത്യ ചടങ്ങുകൾ നിർവഹിച്ചത് കോവിഡ് ചട്ടപ്രകാരമായിരുന്നു. കുടുംബത്തിൽ നിന്നുള്ള അഞ്ചു പേർ മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.
ഒരിക്കലും ഒരു രോഗിയിൽ നിന്നു പോലും ഡോക്ടർ പരിശോധനകൾക്കോ മരുന്നുകൾക്കോ ഉള്ള മുഴുവൻ തുക വാങ്ങിയിട്ടില്ല. പണമില്ലെങ്കിലും അസുഖം മൂലം വിഷമിക്കേണ്ട അവസ്ഥ ആർക്കുമുണ്ടായില്ല. കെഎം ക്ലിനിക്കിലെ നീണ്ടവരി ഇനിയും കാണാനാകുമായിരിക്കും.
സാധാരണ സാഹചര്യത്തിലാണെങ്കിൽ അദ്ദേഹത്തിന്റെ അന്ത്യചടങ്ങുകളിലേക്ക് മുഴുവൻ കുർനൂൾ വാസികളും എത്തിയേനെ. ഇങ്ങനൊരു വിട വിശ്വസിക്കാനാവുന്നില്ലെന്ന് പ്രദേശവാസിയായ ഇമാം അബ്ദുൾ റൗഫ് പറയുന്നു.
ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെത്തുടർന്നു മലയാളി വീട്ടമ്മ മരിച്ചു. നവി മുംബൈ ഉൾവ നിവാസിയായ ആലപ്പുഴ അവലൂക്കുന്ന് കൈതവളപ്പിൽ ഗോപാലൻ നിവാസിലെ വിമലയ്ക്ക് (53) ആണു ദാരുണാന്ത്യം. താൽകാലിക ജോലി ആവശ്യത്തിനായി ദുബായിൽ പോയ ഭർത്താവ് എഴുപുന്ന സ്വദേശി സോമൻ, വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിയിരിക്കുകയാണ്.
മൂന്നാഴ്ച മുൻപ് വീണു പരുക്കേറ്റ വിമലയെ നവിമുംബൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 10 ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് നവിമുംബൈയിലെ 5 ആശുപത്രികളിൽ എത്തിച്ചെങ്കിലും കോവിഡ് പരിശോധനാഫലം ഉണ്ടെങ്കിലേ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞു തിരിച്ചയച്ചു.
ഒടുവിൽ ഡി.വൈ. പാട്ടീൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സ്ഥിതി വഷളായി. ഇതിനിടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ഡോക്ടർമാർ അറിയിച്ചതായും മലയാളി സംഘടനാപ്രവർത്തകർ അറിയിച്ചു. ഏകമകൾ: സൗമ്യ. വിമലയുടെ സംസ്കാരം ഇന്ന്.
ഒരിക്കലും പ്രതീക്ഷിക്കാത്തിടത്ത് കോവിഡ് ബാധിതയായി സഹപ്രവർത്തകയെ കണ്ടതും ചോദിച്ചിട്ടു പോലും ഒരു തുള്ളി വെള്ളം കൊടുക്കാൻ കഴിയാതെ വന്ന നിസഹായാവസ്ഥയും ശിൽപ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
യുകെയിലെ ഹാർലോ പ്രിൻസസ് അലക്സാൻട്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ഐസിയു നഴ്സായി 2006 മുതൽ ജോലി ചെയ്യുന്ന മലയാളി ശിൽപ്പ ധനേഷ് കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു
ശിൽപ്പയുടെ പോസ്റ്റ് വായിക്കാം…..
14 വർഷത്തെ നഴ്സിങ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലൊരു അവസ്ഥയെ ഞാൻ നേരിടുന്നത്. നിസഹായത തോന്നി, പേടി തോന്നി. പതിവ് പോലെ നൈറ്റ് ഡ്യൂട്ടിക്ക് കയറുമ്പോൾ ഈ ദിവസം കടന്നുപോകാൻ ഇത്രയും ഞാൻ വിഷമിക്കും എന്ന് കരുതിയില്ല. ഏകദേശം രാത്രി പന്ത്രണ്ടു മണി ആയപ്പോൾ ഒരു പേഷ്യന്റ് വന്നു. വന്നപ്പോഴാണ് ഞാൻ ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ് വന്നതെന്ന് മനസിലാകുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളെ ആ ബെഡിൽ കാണാൻ വളരെ പ്രയാസം തോന്നി. വന്നപ്പോൾ അവർക്കു ശരീരത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു, വെന്റിലേറ്റർ തയാറാക്കാൻ ഡോക്ടർ പറഞ്ഞു. അവർ എന്നോട് വെള്ളം ചോദിച്ചു, വെന്റിലേറ്ററിൽ ഇടാൻ പോകുന്ന ആൾക്ക് വെള്ളം കൊടുക്കാൻ നിർവാഹം ഇല്ലായിരുന്നു. അവർ വളരെ വേഗം കൂടുതൽ അവശയാകാനും തുടങ്ങി. ഡോക്ടർ അവരോടു പറഞ്ഞു നിങ്ങളെ ഉറക്കാൻ ഉള്ള മരുന്ന് തരാൻ പോവാണ്, അതിനു ശേഷം നിങ്ങളെ വെന്റിലേറ്ററിലേക്ക് മാറ്റും എന്ന്. എത്രത്തോളം അവർക്കതു മനസിലായി എന്ന് അറിയില്ല. വെന്റിലേറ്റർ റെഡി ആക്കി വച്ചിട്ട് വെള്ളം എടുത്ത് ഒരു സ്പോഞ്ച് അതിൽ മുക്കി ( വായും ചുണ്ടും നനക്കാൻ ) അവർക്കു കൊടുക്കാൻ ചെല്ലുമ്പോൾ ഡോക്ടർ അവരോടു സംസാരിക്കുകയായിരുന്നു.
വെള്ളം ടേബിളിൽ വച്ച് ഞാൻ അവരെ ബെഡിൽ നേരെ ഇരുത്താൻ നോക്കിയപ്പോഴാണ് ഡോക്ടർ അവരോടു പറയുന്നത് മരുന്ന് തന്ന് ഉറങ്ങുന്നതിനു മുൻപ് ആരെയെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ ഫോൺ ചെയ്യൂ എന്ന്, അവർ ഫോൺ വിളിക്കാൻ നോക്കിയിട്ടു പറ്റുന്നില്ല, ഫോൺ ലോക്ക് ആണ്, അത് തുറക്കാൻ അവർക്കു പറ്റുന്നില്ല കാരണം അവർക്കു അതെങ്ങനെ ചെയ്യണം എന്ന് ഓർക്കാൻ പറ്റുന്നില്ല. ഞാൻ കുറെ സഹായിക്കാൻ നോക്കി പക്ഷെ അപ്പോഴേക്കും അവർക്കു ബോധം കുറഞ്ഞു കുറഞ്ഞു വന്നു. കാത്തു നിൽക്കാൻ സമയം ഇല്ലാത്തതു കൊണ്ട് വേഗം അവരെ സെഡേറ്റു ചെയ്തു intubate ചെയ്തു വെന്റിലേറ്ററിലേക്ക് മാറ്റി.
തിരക്ക് കുറഞ്ഞപ്പോൾ ഞാൻ ഇതേപ്പറ്റി ഡോക്ടറോട് സംസാരിച്ചു. അപ്പോൾ ഡോക്ടർ എന്നോടു പറഞ്ഞു അവർ രക്ഷപ്പെടുമോ എന്ന് ഉറപ്പില്ല, അവസാനമായി ഭർത്താവിനോടോ പ്രിയപ്പെട്ടവരോടോ സംസാരിക്കാമല്ലോ എന്ന് കരുതിയാണ് വിളിക്കാൻ പറഞ്ഞതെന്ന്. എന്തോ അത് കേട്ടപ്പോൾ ഇതുവരെ ഒരിക്കലും അനുഭവിക്കാത്ത വീർപ്പുമുട്ടൽ എനിക്കുണ്ടായി, കണ്ണ് നിറയാൻ തുടങ്ങി. അവർക്കു വെള്ളം കൊടുക്കാൻ പറ്റാത്തതിൽ മരണം വരെ ഞാൻ സങ്കടപ്പെടും.
ഒരു നിമിഷം പെട്ടന്ന് എന്നെത്തന്നെ ആ ബെഡിൽ ഞാൻ കണ്ടു, കണ്ണേട്ടന്റെ, എന്റെ മോൾടെ, മമ്മിയുടെ, പപ്പയുടെ, അനിയത്തിയുടെ ഒക്കെ മുഖങ്ങൾ മുന്നിൽ വരാൻ തുടങ്ങി. അവിടുന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാനും ഉച്ചത്തിൽ നിലവിളിക്കാനും അപ്പോൾ എനിക്ക് തോന്നി. നിവർത്തിയില്ലാത്തതു കൊണ്ട് വെളിയിൽ പോകാതെ അകത്തുതന്നെ നിൽക്കേണ്ടി വന്നു. ആ രാത്രി മറക്കാൻ എനിക്ക് ഒരിക്കലും സാധിക്കും എന്ന് തോന്നുന്നില്ല. അവരിപ്പോഴും കോറോണയോടു മത്സരിക്കുകയാണ്, അവർ ജയിക്കണം എന്ന് മറ്റാരേക്കാളും കൂടുതൽ ഞാനും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. അതുകൊണ്ട് അവരെപ്പറ്റി കൂടുതൽ പറയാനാവില്ല.
വിവാദങ്ങള്‍ ഒഴിയാതെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ വരനെ ആവശ്യമുണ്ട്. തന്റെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനെതിരെ തെറിവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് പുലി ആരാധകര്‍.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ സുരേഷ് ഗോപിയുടെ പട്ടിക്ക് ‘പ്രഭാകരന്‍’ എന്ന് പേരിട്ടതാണ് ആളുകളെ ചൊടിപ്പിച്ചത്. തമിഴ് പുലി നേതാവായ വേലുപിള്ള പ്രഭാകരന്റെ പേര് പട്ടിക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ദുല്‍ഖറിനെതിരെ തെറിവിളിയുമായി തമിഴ് പുലി ആരാധകര്‍ രംഗത്ത് എത്തിയത്.

ദുല്‍ഖറിന്റെ പിതാവായ മമ്മൂട്ടിയെ അടക്കം അധിക്ഷേപിക്കുന്ന തരത്തിലാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. തങ്ങളുടെ നായക്ക് ദുല്‍ഖര്‍ എന്ന് പേരിടും എന്നാണ് ചിലര്‍ പറയുന്നത്. സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. ആരെയും മോശപ്പെടുത്തുന്നതല്ല, മറിച്ച് മലയാള സിനിമയായ പട്ടണ പ്രവേശത്തിലെ തമാശയേറിയ ഒരു സീന്‍ മാത്രമാണെന്നും താരം പറയുന്നു. കേരളത്തില്‍ തന്നെ മികച്ചതായി നില്‍ക്കുന്ന ഒരു മീം കൂടിയാണെന്ന് ദുല്‍ഖര്‍ പറയുന്നു. ചിത്രത്തിലെ രംഗം കൂടി പങ്കുവെച്ചാണ് ദുല്‍ഖര്‍ മറുപടി നല്‍കിയിരിക്കുന്നത്.
Hello sir we tamils have great respect on you @dulQuer & your father but now what you guys did is just bullshit. How dare you guys insulted our Tamizh leader ? #BoycottMalayalamMovies#Prabhakaran_is_tamizh_leader pic.twitter.com/WTPD3GLmPP
— வெங்கட் ரௌத்திரன் (@Venkate04196108) April 26, 2020