കൊവിഡ് 19 ബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഐസോലേഷനിലേക്ക് മാറ്റിയ 55 കാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു.ആശുപത്രിയുടെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐസോലേഷന്‍ വാര്‍ഡില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.
ഹരിയാനയിലെ കര്‍ണാലിലെ കല്‍പന ചൗളാ മെഡിക്കല്‍ കേളേജില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ബെഡ്ഷീറ്റുകളും പ്ലാസ്റ്റിക്ക് പാക്കറ്റുകളും ഉപയോഗിച്ച് താഴെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ് മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പാനിപറ്റില് നിന്നുമുള്ള ഇദ്ദേഹത്തെ ഏപ്രില്‍ ഒന്നിനാണ് ആശുപത്രിയില്‍ ഐസോലേഷനില്‍ ആക്കിയത്.
ഒന്നിലധികം രോഗങ്ങള്‍ ഉള്ളതിനാല്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ലെങ്കിലും ഇദ്ദേഹത്തെ ഐസോലേഷനിലേക്ക് മാറ്റുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയുമായി ഐസിസി. കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമെ ലോകകപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ എന്ന് വ്യക്തമാക്കിയ ഐസിസി നിലവിലെ സാഹചര്യമനുസരിച്ച് ലോകകപ്പ് മുന്‍നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും വ്യക്തമാക്കി.
പ്രാദേശിക സംഘാടകസമിതി, അധികൃതരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും അത് തുടരുമെന്നും ഐസിസി വ്യക്തമാക്കി. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ നടക്കേണ്ട ടൂര്‍ണമെന്റുമായി നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോകുകയാണെന്നും ഐസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ടി20 ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ 2022ല്‍ ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നതിനാല്‍ ഒരു വര്‍ഷം രണ്ട് ലോകകപ്പ് നടത്തേണ്ട അവസ്ഥ വരുമെന്നതിനാല്‍ ഈ വര്‍ഷം തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ഐസിസി ആലോചിക്കുന്നത്. നടത്താനാവാത്ത സാഹചര്യം വന്നാല്‍ ഓസ്ട്രേലിയക്ക് അനുവദിച്ച ടി20 ലോകകപ്പ് നഷ്ടമാകും.നിലവില്‍ ഓസ്ട്രേലിയയില്‍ 5788 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 39 പേരാണ് ഇതുവരെ കൊവിഡ് രോഗബാധമൂലം ഓസ്ട്രേലിയയില്‍ മരിച്ചത്.
കാലത്തിനു മുന്നേ നടന്ന മലയാള സിനിമ, കൊറോണയെ എത്ര സില്ലിയായാണ് പ്രേംനസീര്‍ തോല്‍പ്പിച്ചതെന്നുൾപ്പെടെ തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോയിൽ കൊറോണ വൈറസിന്റെ രൂപത്തില്‍ തുങ്ങിയാടുന്ന വലിയ പന്തുപോലുള്ള രുപങ്ങൾക്കിടയിൽ നിന്നും ഒഴിഞ്ഞുമാറുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.
ലോകത്തെ ഭിതിയിൽ നിർത്തി മുന്നോട്ട് പോവുകയാണ് കോവിഡ് രോഗ ബാധ. രോഗത്തെ നേരിടാൻ പാടുപെടുകയാണ് ലോക രാഷ്ട്രങ്ങൾ. ഇതിനിടെ നിരവധി തമാശകളും നവ മാധ്യമങ്ങളിൽ സജീവമാണ്. അതിൽ ഒന്നാണ് അനശ്വര മലയാള നടൻ പ്രേം നസീറിന്റെ ഒരു വീഡിയോ.ഭീതിപ്പെടുത്തുന്ന വാർത്തകൾക്കിടയിൽ ആളുകൾക്കിടയിൽ ചിരിപടർത്തുകയാണ് പ്രേം നസീറിറിന്റെ വീഡിയോ.
കൊവിഡ് 19നുമായി ബന്ധപ്പെട്ട് കൂടുതൽ പണം കണ്ടെത്തുന്നതിനായി നടത്തുന്ന ചെലവ്ചുരുക്കൽ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രിയുടേയും രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരുടേയും ശമ്പളം 30 ശതമാനം വെട്ടിക്കുറക്കാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എംപിമാരുടെ അലവൻസും പെൻഷനും ഏപ്രിൽ ഒന്ന് മുതൽ മുൻകാലപ്രാബല്യത്തോടെ 30 ശതമാനം വെട്ടിക്കുറിക്കും. അടുത്ത രണ്ട് വർഷത്തേയ്ക്ക് എംപി ഫണ്ട് അനുവദിക്കേണ്ടെന്നും തീരുമാനമായി. എംപി ഫണ്ട് അടുത്ത രണ്ട് വർഷത്തേയ്ക്ക് നിർത്തുന്നതിലൂടെ 7900 കോടി രൂപ കൊവിഡ് ഫണ്ടിലേയ്ക്ക് നൽകാനാകുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ജനപ്രതിനിധികളുടേയും ശമ്പളത്തിൻ്റേയും ആനുകൂല്യങ്ങളുടേയും 30 ശതമാനം ഒരു വർഷത്തേയ്ക്ക് സർക്കാരിൻ്റെ കൊവിഡ് ഫണ്ടിലേയ്ക്ക് നൽകണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവര്‍ നേരത്തെ തന്നെ ശമ്പളത്തിന്റെ 30 ശതമാനം സര്‍ക്കാരിന്റെ കൊവിഡ് ഫണ്ടിലേയ്ക്ക് നല്‍കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. കൊറോണ വൈറസ് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന ആശങ്കകൾ പരിഗണിച്ചാണ് ജനപ്രതിനിധികളുടെ ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനമെന്ന് സർക്കാർവൃത്തങ്ങൾ പറയുന്നു.
ലോകരാജ്യങ്ങളിൽ ഒന്നാകെ കൊവിഡ് ബാധിച്ച് നിരവധി പേർ മരിച്ചുകൊണ്ടിരിക്കുമ്പോഴും ഒറ്റമരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഏഷ്യൻ രാജ്യമാണ് ഉത്തരകൊറിയ. ചൈനയിൽ പടർന്നു പിടിച്ച കൊവിഡ് ഏഷ്യൻ രാജ്യങ്ങളിൽ ഒന്നാകെ പടർന്നു പിടിക്കുമ്പോഴായിരുന്നു ഉത്തരകൊറിയയിൽ ആരും കൊവിഡ് വൈറസ് ബാധിച്ച് മരിച്ചില്ലെന്ന അവകാശ വാദം. കൊവിഡ് ബാധിച്ചവരെ വെടിവച്ചുകൊല്ലുന്നെന്ന വാർത്തകളും ഉത്തരകൊറിയയെക്കുറിച്ച് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വിചാരണത്തടവുകാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് ഏറ്റവും പുതിയ റിപ്പോർട്ട്,.
വിചാരണത്തടവുകാരുടെ മൃതദേഹങ്ങൾ കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കുന്നതായി ഉത്തരകൊറിയയിലെ കോൺസൺട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.കെയ്ച്ചോൺ പ്രവിശ്യയിലുള്ള കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ട യുവതിയാണ് ഉത്തരകൊറിയയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. യു.എസ് ഗവൺമെന്റ് കമ്മിറ്റിയോടാണ് യുവതിയുടെ വെളിപ്പെടുത്തൽ. യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെയ്ച്ചോണിലെ കോൺസ്ട്രേഷൻ ക്യാംപിലെ ദൃശ്യങ്ങൾ പരിശോധിച്ചതോടെ ജയിലിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള സംവിധാനങ്ങൾ ഇല്ലെന്നു കണ്ടെത്തിയതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇടുങ്ങിയ കുഴികളിലാണു തടവുകാരുടെ മൃതദേഹങ്ങൾ മറവു ചെയ്യുന്നതെന്നും കൂടുതൽ തടവുകാർ മരിച്ചാൽ കൃഷിയിടത്തിന്റെ നടുവിൽ വലിയൊരു കുഴികുത്തി മൃതദേഹങ്ങൾ കൂട്ടമായി മറവ് ചെയ്യുന്നതാണ് രീതിയെന്നും യുവതി പറയുന്നു. 2000 മുതൽ 6000 വരെയാണ് ഇവിടത്തെ തടവുകാരുടെ എണ്ണം. സ്ത്രീകളും കുട്ടികളും എല്ലാം ഇതിൽ ഉൾപ്പെടും.ലീ സൂൺ എന്ന വിചാരണത്തടവുകാരനും യുഎസ് ഗവൺമെന്റ് കമ്മിറ്റിക്കു മുന്നിൽ സമാനമായ മൊഴി നൽകിയിരുന്നു. എലികളെ ജീവനോടെ പിടിച്ചു തിന്നാണ് പലപ്പോഴും വിശപ്പടക്കിയിരുന്നതെന്നും ലീ സൂൺ പറയുന്നു.
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാത്സംഗം ചെയ്യുന്നതും കൊന്നൊടുക്കുന്നതും പതിവാണെന്നുമുള്ള മൊഴികളും നേരത്തെ പുറത്തുവന്നിരുന്നു. പട്ടിണിമരണങ്ങളും പോഷകാഹാരക്കുറവ് കൊണ്ടുള്ള മരണങ്ങളും പതിവാണ്. ശരീര പരിശോധനയ്ക്കിടെ ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുമുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
ജയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്കും ജയിലിൽ മോഷണം നടത്തുന്നവർക്കും നേരെ അതിക്രൂരമായ ശിക്ഷാരീതികളാണു നടപ്പാക്കുന്നതെന്നും യു.എൻ പുറത്തു വിട്ട റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.ഇത്തരക്കാരെ പൊതുജനമധ്യത്തിൽ തൂക്കിക്കൊല്ലുന്നതു പതിവാണ്. തടവറകളിൽ കിടക്കുന്നവർക്കു നേരെ ലൈംഗിക അതിക്രമങ്ങളും നടക്കുന്നു. തടവുകാരെ ഇടയ്ക്കിടെ ശരീര പരിശോധന നടത്തുന്നത് പതിവാണ്. പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തിയാണ് പരിശോധന.
ശരീരത്തിൽ പണമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്നു നോക്കാനെന്ന പേരിലാണിത് നടത്തുന്നത്. ചിലർക്ക് ഒരു മാസവും അതിലേറെയും ചോദ്യം ചെയ്യലിനു മാത്രമായി ജയിലിൽ കഴിയേണ്ടി വരുന്നു. മിക്ക ജയിലുകളും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്,രാഷ്ട്രീയ തടവുകാരെയും സാധാരണക്കാരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പിടികൂടിയവരെയുമെല്ലാം പ്രത്യേകം ജയിലുകളിലാണ് പാർപ്പിക്കുക. ഇവർക്കെല്ലാം അപകടകരങ്ങളായ സാഹചര്യത്തിലാണ് ലേബർ ക്യാംപുകളിൽ ജോലിയെടുക്കേണ്ടതെന്നും യു.എൻ റിപ്പോർട്ടിൽ പറയുന്നു.
രാജ്യം കൊറോണ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ ആരോഗ്യമേഖലയെ സഹായിക്കുന്നതിനായി വീണ്ടും ഡോക്ടറായി അയർലന്റ് പ്രധാനമന്ത്രി ലിയോ വരദ്കർ. 158 പേരാണ് കൊവിഡ് പിടിപെട്ട് അയർലന്റിൽ മരിച്ചത്. അയര്‍ലന്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ മേഖലയിലേക്ക് മെഡിക്കൽ യോഗ്യത ഉള്ളവരും, ഇപ്പോൾ പ്രവർത്തിക്കാത്തവരുമായ ആളുകളോട് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് അയർലന്റ് പ്രധാനമന്ത്രി ലിയോ വരദ്കർ മാതൃകയായത്. ഇദ്ദേഹം വീണ്ടും മെഡിക്കൽ മേഖലയിലേക്ക് തിരികെയെത്തി.
ഡോക്ടറായ പ്രധാനമന്ത്രിയുടെ സേവനം ആഴ്ചയിൽ ഒരിക്കൽ ഉണ്ടാകും, അദ്ദേഹത്തിന്റെ പരിധിയിൽ വരുന്ന മേഖലകളിൽ ഡോ വരദ്കർ കൊറോണയെ നേരിടുന്ന മെഡിക്കൽ സംഘത്തോടൊപ്പം പ്രവർത്തിക്കും. ആഴ്ചയിൽ ഒരു സെഷനായിട്ടായിരിക്കും പ്രധാനമന്ത്രിയുടെ ആരോഗ്യ രംഗത്തെ പ്രവർത്തനം.
ഡബ്ലിൻ ട്രിനിറ്റി സർവകലാശാലയിൽ നിന്നാണ് ഡോ വരദ്കർ മെഡിക്കൽ ബിരുദം നേടിയത്. 2003ൽ ബിരുദം നേടിയ പ്രധാനമന്ത്രിയുടെ അച്ഛൻ ഡോക്ടറും അമ്മ നഴ്‌സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്.
മുംബൈംയില്‍ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
150 ഓളം പേര്‍ നിരീക്ഷണത്തിലാണ്. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്സുമാരാണ്. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്സുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
മൂന്ന് പേര്‍ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ആശുപത്രിയിലെ സര്‍ജന്‍ ആയ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയില്‍ താമസിക്കുന്ന വ്യക്തിയാണ്.
സൗദി അറേബ്യയിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം സ്വദേശി മരണത്തിന് മുൻപ് സുഹൃത്തിനയച്ച ഓഡിയോ പുറത്ത്. സൗദിയിൽ ചികിത്സയിലായിരുന്ന ചെമ്മാട് സ്വദേശി പുതിയകത്ത് സഫ്‌വാൻ ആണ് മരിച്ചത്.
സഫ്‌വാൻ സുഹൃത്തിനയച്ച സന്ദേശം:
…പണി പാളീന്ന് തോന്നുന്നു. കുറേ ദിവസമായി തലവേദനയും പനിയും തുടങ്ങിയിട്ട്. ആശുപത്രിയിൽ കാണിച്ച് രക്തവും മൂത്രവും പരിശോധിച്ചു. ഒരാഴ്ച മരുന്ന് കുടിച്ചു. മറ്റൊരു ആശുപത്രിയിൽ കാണിച്ച് എക്‌സറേ എടുത്തു. മരുന്നും കുടിച്ചു. എന്നിട്ടും ഒരു കുറവില്ല. രണ്ട് ദിവസമായി ശ്വാസംമുട്ടലുണ്ട്. ഇനി ഇപ്പോ എന്ത് ചെയ്യുമെന്ന് അറിയില്ല….
ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന 41 കാരനായ മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാൻ, ശക്തമായ ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ന്യൂമോണിയ ബാധിച്ച് അവശനിലയിലായ ഇദ്ദേഹം റിയാദിലെ ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് 19 പരിശോധനാ ഫലം പോസിറ്റീവാണെന്ന് രണ്ട് ദിവസം മുൻപ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിവരം ലഭിച്ചിരുന്നു.
നിലവിൽ മരണം സംബന്ധിച്ചും രോഗം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണങ്ങൾ സൗദി ഭരണകൂടം പുറത്ത് വിട്ടിട്ടില്ല. സൗദി ചട്ടമനുസരിച്ച് ആരോഗ്യ വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കൂ. സന്ദർശക വിസയിൽ മാർച്ച് 10ന് റിയാദിലെത്തിയ ഭാര്യയും സഫ്‌വാന്റെ ഒപ്പമുണ്ട്. ഇവരും കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുകയാണ്.
കൊവിഡ് ബാധിച്ച് തൊടുപുഴ സ്വദേശിയും അമേരിക്കയിൽ മരിച്ചു. ന്യൂയോർക്ക് മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ തങ്കച്ചനാണ് മരിച്ചത്. കഴിഞ്ഞ കുറെ നാളുകളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾ ഇന്നലെയാണ് മരിച്ചത്.
രാജ്യത്ത് കോവിഡ് 19 വ്യാപനത്തിന് കാരണം തബ്ലീഗ് ജമാഅത്താണെന്ന് പറഞ്ഞ് തര്‍ക്കം. തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ഒരാള്‍ വെടിയേറ്റുമരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയുതിര്‍ത്തയാളെ പൊലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച രാവിലെ പ്രദേശത്തെ ഒരു ചായക്കടയില്‍ എത്തിയ രണ്ടുപേര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.കൊറോണയെക്കുറിച്ചുള്ള ചര്‍ച്ച പിന്നീട് വാക്കേറ്റത്തിലെത്തുകയായിരുന്നു.
ഇതിനിടെ കൊല്ലപ്പെട്ടയാള്‍ കൊറോണ വൈറസ് വ്യാപനത്തിന് കാരണം തബ്ലീഗ് ജമാഅത്താണെന്ന് കുറ്റപ്പെടുത്തി. തൊട്ടുപിന്നാലെയാണ് പ്രതി ഇയാള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്തയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു
ജോൺ കുറിഞ്ഞിരപ്പള്ളി
കോവിഡ് 19 ചൈനയിൽ പൊട്ടിപ്പുറപ്പെട്ട അവസരത്തിൽ കൊറോണ വൈറസ് വഴി മരിക്കുന്നതു പ്രായമായവരും രോഗികളും ആണെന്നത് പല വികസിത രാജ്യങ്ങളുടേയും പ്രത്യേക ശ്രദ്ധനേടുകയുണ്ടായി.
ഇന്ന് ഒട്ടുമിക്ക വികസിത രാജ്യങ്ങളും നേരിടുന്ന ഒരു പ്രശനമാണ് വൃദ്ധ ജനങ്ങൾ.
അറുപതു അറുപത്തഞ്ചുകഴിഞ്ഞവരുടെ പെൻഷനും മറ്റു സോഷ്യൽ സെക്യുരിറ്റികളും നടത്തിക്കൊണ്ട് പോകുവാൻ വികസിത രാജ്യങ്ങൾ കഷ്ടപ്പെടുകയാണ്.
ഇറ്റലിയും സ്പെയിനും ഇംഗ്ലണ്ടും അമേരിക്കയും എന്തുകൊണ്ടാണ് ഒരുതരം നിസ്സംഗത കൊറോണ വൈറസ് അക്രമണത്തോട് പുലർത്തുന്നത് എന്ന് ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ മനസ്സിലാകും.
എന്തിനധികം ഈ പ്രശനം വൃദ്ധരെയല്ലേ ബാധിക്കുന്നത് എന്ന് ഇംഗ്ളണ്ടും അമേരിക്കയും പറയാതെ പറഞ്ഞു.
ഇറ്റലിയുടെ കാര്യത്തിൽ ഭരണ നേതൃത്വം അലസമായി ഈ പ്രശനം കൈക്കാര്യം ചെയ്തു എന്ന് എല്ലാവരും ചിന്തിച്ചു.എന്നാൽ ഇറ്റലിയുടെ സമീപനവും അതുതന്നെ ആയിരുന്നു.കൊറോണ സ്പെയിനും കടന്ന് ഇംഗ്ളണ്ടിൽ എത്തിയപ്പോൾ ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞിരുന്നു. യുറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും ഈ പ്രശനത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല.
ഇതിന് ഏക അപവാദം ജർമ്മനി മാത്രമാണ്.
രാജ്യം അടച്ചുപൂട്ടി നിശ്ചലമാക്കി സാമ്പത്തികമേഖല താറുമാറാക്കി ഒരു കൂട്ടം വൃദ്ധ ജനനങ്ങൾക്കു വേണ്ടി നശിപ്പിക്കണമോ?
ഉത്പാദനക്ഷമത നഷ്ട്ടപെട്ട ഒരു കൂട്ടം വൃദ്ധജങ്ങളുടെ ജീവനോ ഒരു രാജ്യത്തിൻറെ സാമ്പത്തിക ഭദ്രതക്കോ ,ഏതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്?
ഒന്നുകിൽ സമ്പദ്‌വ്യവസ്ഥ അല്ലെങ്കിൽ ആരോഗ്യം എന്ന നിലയിൽ എത്തുമ്പോൾ ഭരണകൂടങ്ങൾ ഏത് തിരഞ്ഞെടുക്കും എന്നത് വികസിത രാജ്യങ്ങൾ പറയാതെ പറയുകയാണ്.
കൊറോണ വൈറസ് കാരണം പൊതുജീവിതം പ്രായോഗികമായി നാശത്തിന്റെ വക്കിൽ ആണ്. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണ്. കമ്പനികൾ അതിജീവനത്തിന് പാടുപെടുകയാണ്. അതിനാൽ രാജ്യത്തിന് ഏറ്റവും നല്ലത് എന്താണെന്നതിനെക്കുറിച്ച് ചർച്ചകൾ ഗോസിപ്പുകൾ നടക്കുന്നു.കഴിയുന്നത്ര കൊറോണ രോഗികളെ രക്ഷിക്കുക അല്ലെങ്കിൽ ആഴത്തിലുള്ള മാന്ദ്യം അനുഭവിക്കുക .
സ്വിറ്റ്സർലൻഡ് ഏതുവഴിക്ക് ചിന്തിക്കുന്നു?
സ്വിറ്റ്‌സർലൻഡിന് ഈ ചോദ്യം എത്രയും വേഗം ചോദിക്കേണ്ടിവരുമെന്ന് സാമ്പത്തിക വിദക്തർ അഭിപ്രായപ്പെടുന്നു.
ഒരു മഹാമാരിയോടുള്ള ആദ്യ പ്രതികരണമെന്ന നിലയിൽ, പൊതുജനാരോഗ്യത്തിന് മുൻഗണന നൽകുന്നത് ശരിയാണ്. എന്നിരുന്നാലും, പ്രതിസന്ധി നീണ്ടുനിന്നാൽ മറ്റ് വശങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
രണ്ട് തിന്മകളിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ താരതമ്യേന ലഘുവായത് തിരഞ്ഞു എടുക്കേണ്ടിവരും എന്നാണ് പലരുംപറയാതെ പറഞ്ഞു വയ്ക്കുന്നത്.അതായത് സാമ്പത്തിക പ്രതിസന്ധിയിൽ ഒരു രാജ്യത്തെ നട്ടം തിരിയാൻ വിടണമോ അതെല്ലങ്കിൽ അപകടസാധ്യതയുള്ള ആളുകളുടെ ജീവിതം സംരക്ഷിക്കണമോ എന്നാണ് ചോദ്യം ഉയരുന്നത്.
സമ്പദ്‌വ്യവസ്ഥയ്ക്കായി ആളുകളെ ബലിയർപ്പിക്കണമോ ?ഉത്തരം ആരും പറയുന്നില്ല,പക്ഷെ അപകടകരമായ മൗനം ഒരു വിപത്തിലേക്കുള്ള ചൂണ്ടുപലകയായി നിൽക്കുന്നു.

ജോൺ കുറിഞ്ഞിരപ്പള്ളി