Latest News

വിവാഹസമയത്ത് ഭക്ഷണം വിളമ്പുന്നതിൽ തർക്കം. വധുവിന്റെ 9 വയസ്സുള്ള സഹോദരനെ കൊലപ്പെടുത്തി വരൻ. രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കാറിടിച്ച് 3 പേർക്ക് പരുക്ക്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശിലെ ഷംഷാബാദ് മേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട് വരന്‍ മനോജ് കുമാറും സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളുടെ നേര്‍ക്ക് തട്ടിക്കയറി. അതിനിടെ മദ്യലഹരിയിലായിരുന്ന മനോജും സംഘവും അമ്മാവന് നേരെ വെടിയുതിര്‍ത്തതായി വധുവിന്റെ സഹോദരന്‍ പുനീത് പറയുന്നു. തലനാരിഴയ്ക്കാണ് അമ്മാവന്‍ രക്ഷപ്പെട്ടത്.

തുടര്‍ന്ന് ഭക്ഷണം വിളമ്പിയ ഒന്‍പത് വയസുളള വധുവിന്റെ സഹോദരനെയും തട്ടിയെടുത്ത് മനോജും സംഘവും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. എസ്‌യുവി കാറില്‍ രക്ഷപ്പെടുന്നതിനിടെ, നിയന്ത്രണം വിട്ട് റോഡരികില്‍ നിന്ന മൂന്നുപേരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ക്കും ഒരു കൗമാരക്കാരിയ്ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.എന്നാല്‍ നിര്‍ത്താതെ മനോജ് വാഹനം ഓടിച്ചുപോയതായി പൊലീസ് പറയുന്നു.

ഒന്‍പത് വയസ്സുളള പ്രാണ്‍ശുവിനെ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട്് മനോജിനെ തുടര്‍ച്ചയായി വിളിച്ചെങ്കിലും ഇതിന് തയ്യാറായില്ല. തുടര്‍ന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കഴുത്തില്‍ ശ്വാസംമുട്ടിച്ചതിന്റെ പാടുണ്ട്.

ഇന്ത്യാ–ചൈനാ അതിർത്തിയിൽ പിരിമുറുക്കം തുടരുമ്പോള്‍ അമേരിക്കയിലെ വിഖ്യാതമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനം ചർച്ചയാവുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയാല്‍ ഇന്ത്യയ്ക്ക് പരമ്പരാഗതമായ ഒരു മേല്‍ക്കോയ്മ നിലനില്‍ക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ ഇതിൽ വ്യക്തമാക്കുന്നത്. 1962ല്‍ ഉണ്ടായത് പോലെ തിരിച്ചടി ഉണ്ടായേക്കില്ലെന്നാണ് ഹാര്‍വര്‍ഡ് കെന്നഡി സ്‌കൂളിലെ ബെല്‍ഫര്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യയുടെയും ചൈനയുടെയും സൈനിക ശേഷി വിശകലനം ചെയ്താണ് ഈ പഠനം പുറത്തിറക്കിയത്.

ഇന്ത്യയ്ക്ക് പരമ്പാരാഗതമായി നിലനില്‍ക്കുന്ന മേല്‍ക്കോയ്മ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ആണവ ശക്തി പോലും പരിഗണിച്ചു നടത്തിയതാണ് പഠനം. കൂടാതെ, വ്യോമസേനകളുടെ കരുത്തും പരിഗണിച്ചു. പ്രശ്‌നം വഷളായാല്‍ വ്യോമ സെനകളായിരിക്കും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില്‍ എത്തുക.
ഇന്ത്യയ്ക്ക് പരമ്പരാഗതമായി നിലനില്‍ക്കുന്ന ഒരു മേല്‍ക്കോയ്മ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നാണ് തങ്ങള്‍ വിലയിരുത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ചൈനയുടെ ഭീഷണിക്കും ആക്രമണത്തിനുമെതിരെ ഇത് ഇന്ത്യയ്ക്ക് ഗുണകരമായേക്കും. ഇന്ത്യയക്ക് ചൈനയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ട്. എന്നാല്‍, ഇത് ഇന്ത്യയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അംഗീകരിക്കപ്പെടാറില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് പിഎല്‍എയുടെ പരമ്പരാഗത ശക്തിയെയും വിശകലനം ചെയ്യുന്നു. കരസേനകളുടെ കാര്യത്തിലുള്ള താരതമ്യം തെറ്റിധാരണാജനകമാണെന്നും അവര്‍ പറയുന്നു. ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധം തുടങ്ങിയാല്‍ പോലും ചൈനീസ് സേനയുടെ അംഗബലം അവര്‍ക്ക് ഗുണകരമാവില്ല. പല വിഭാഗങ്ങളും റഷ്യയ്‌ക്കെതിരെയും ടിബറ്റിലും സിന്‍ജിയാങിലുമുള്ള കലാപകാരികള്‍ക്കെതിരെയും നിലയുറപ്പിച്ചിരിക്കുകയാണ്. ചൈനയുടെ സേനാംഗങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയുടെ അടുത്തല്ല നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യയ്ക്ക് അതിന്റെ സേനയെ വേണമെങ്കില്‍ പൂര്‍ണമായും ചൈനയ്‌ക്കെതിരെ തിരിക്കാമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.

പിഎല്‍എയുടെ വ്യോമസേനയ്ക്കും ഇന്ത്യന്‍ അതിര്‍ത്തിയില്‍ സാന്നിധ്യം കുറവാണ്. അതേസമയം, ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് മുഴുവന്‍ ശക്തിയോടെയും നീങ്ങാന്‍ സാധിക്കും. ചൈനീസ് വ്യോമസേനയുടെ വലിയൊരു വിഭാഗത്തെ തന്നെ റഷ്യ-കേന്ദ്രീകൃത നീക്കങ്ങള്‍ക്കായി സജ്ജരാക്കി നിർത്തിയിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഒരേ സമയം 101 പോർവിമാനങ്ങളെ വരെ ചൈനയ്‌ക്കെതിരെ മാത്രം അയയ്ക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ പോർവിമാനമായ എസ്‌യു-30 എംകെഐ (Su-30MKI) ഏതു ചൈനീസ് പോർവിമാനത്തേക്കാളും മെച്ചമാണെന്നും പഠനം പറയുന്നു. ഇരു രാജ്യങ്ങളുടെയും കയ്യിലുള്ള നാലാം തലമുറയിലെ പോർവിമാനങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ പഠനവും ചൈനയുടെ ജെ-10 യുദ്ധ വിമാനങ്ങള്‍, സാങ്കേതികമായി ഇന്ത്യയുടെ മിറാഷ്-2000നോട് കിടപിടിക്കുമെന്നു പറയും. എന്നാല്‍, ഇന്ത്യയുടെ എസ്‌യു- 30എംകെഐ യുദ്ധവിമാനം എല്ലാ ചൈനീസ് പോർവിമാനങ്ങളെക്കാളും മികവുറ്റതാണ്. അതു കൂടാതെ ഇന്ത്യയുടെ ജെ-11, എസ്‌യു-27 മോഡലുകളും മികവുപുലര്‍ത്തുന്നവയാണ്. ചൈനയ്ക്ക് നാലാം തലമുറയില്‍ ഏകദേശം 101 പോർവിമാനങ്ങളാണ് ഉള്ളത്. ഇവയില്‍ പലതും റഷ്യയെ പേടിച്ച് നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഇത്തരത്തിലുളള 122 പോർവിമാനങ്ങളുണ്ട്. ഇവയെ എല്ലാം ചൈനയ്‌ക്കെതിരെ ഉപയോഗിക്കാമെന്നാണ് പഠനം പറയുന്നത്.

ഇന്ത്യയുമായി കൂടുതൽ അതിർത്തിസംഘർഷങ്ങൾക്ക് താൽപര്യമില്ലെന്ന് ചൈന. തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലിൽ ലഡാക്കിലെ ഗാൽവാൻ വാലിയിൽ തങ്ങളുടെ 20 സൈനികർ കൊല്ലപ്പട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മരണമുണ്ടായെന്ന് പറഞ്ഞെങ്കിലും തങ്ങളുടെ ഭാഗത്ത് നിന്ന് എത്ര പേർ കൊല്ലപ്പെട്ടു എന്ന് ചൈന ഇതുവര പറഞ്ഞിട്ടില്ല. അതിർത്തിലംഘനം സംബന്ധിച്ച് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുകയും ആരോപണങ്ങളുന്നയിക്കുകയുമാണ് ചെയ്തത്. ചൈന നിയന്ത്രണരേഖ ലംഘിച്ച് ആക്രമണം നടത്തിയതിനെതിരെ ഇന്ത്യ പ്രതിഷേധമുയർത്തുമ്പോൾ ഇന്ത്യൻ സൈന്യം രണ്ട് തവണ അതിർത്തി ലംഘിച്ച് കടന്നുകയറിയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ ആരോപിച്ചിരുന്നു.

ഇരു ഭാഗത്തും മരണങ്ങളും പരിക്കുകളുമുണ്ടായി എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞത്. അതേസമയം മരിച്ചവരുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിയമവിരുദ്ധമായി സൈനികർ അതിർത്തി കടക്കുന്നത് തടയണമെന്നും പ്രകോപനമുണ്ടാക്കരുതെന്നും അതിർത്തിസംഘർഷം രൂക്ഷമാക്കുന്ന പ്രകോപനപരമായ നടപടികൾ പാടില്ലെന്നുമാണ് ചൈനീസ് വക്താവ് ഇന്ത്യയോട് പറഞ്ഞത്. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കും. കൂടുതൽ സംഘർഷങ്ങൾക്ക് ഞങ്ങൾക്ക് താൽപര്യമില്ല – ചൈനീസ് വക്താവ് പറഞ്ഞു

പുൽപള്ളി: കാണാതായ യുവാവിനെ വന്യജീവി കൊന്നുതിന്ന നിലയിൽ കാട്ടിനുള്ളിൽ കണ്ടെത്തി. പുൽപള്ളി മണൽവയൽ ബസവൻകൊല്ലി സ്വദേശി ശിവകുമാറിന്റെ (24) മൃതദേഹമാണ് ചെതലയം റെയ്ഞ്ചിലെ കല്ലുവയൽ വനത്തിനുള്ളിൽ കണ്ടെത്തിയത്.

തലയും കാലുകളും ഒഴികെയുള്ള മറ്റു ശരീരഭാഗങ്ങളെല്ലാം പൂർണമായും തിന്നുതീർത്ത നിലയിലാണ്. പ്രദേശം കടുവകളുടെ വിഹാര കേന്ദ്രമാണ്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനന്തരവൾ എഴുതിയ പുസ്തകമാണ് അദ്ദേഹത്തിന് പുതിയ തലവേദനയാകാന്‍ പോകുന്നത്. ‘ഇപ്പോൾ ലോകത്തെ ആരോഗ്യം, സാമ്പത്തിക സുരക്ഷ, സാമൂഹ്യഘടന എന്നിവയെ ഭീഷണിപ്പെടുത്തുന്ന ആളായി തന്റെ അമ്മാവൻ എങ്ങിനെ മാറിയെന്നാണ്’ പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് പ്രസാധകര്‍ വ്യക്തമാക്കി.

‘ലോകത്തിലെ ഏറ്റവും ശക്തവും പ്രവർത്തനരഹിതവുമായ കുടുംബങ്ങളിലൊന്നിനെ’ കുറിച്ച് എഴുതപ്പെട്ട പുസ്തകത്തില്‍ മേരി എൽ ട്രംപ് ഹൃദയഭേദകമായ പല കാര്യങ്ങളും വെളിപ്പെടുത്തുന്നതായി പ്രസാധകരായ സൈമൺ & ഷസ്റ്റർ പറയുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് ട്രംപെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിനെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് ട്രംപ്.

ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനെ എങ്ങനെ എന്റെ കുടുംബം സൃഷ്ടിച്ചു എന്ന കഥപറയുന്ന മേരി എൽ ട്രംപിന്റെ ‘Too Much and Never Enough: How My Family Created the World’s Most Dangerous Man’ എന്ന പുസ്തകം ജൂലൈയിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ട്രംപിനേയും അദ്ദേഹത്തെ സൃഷ്ടിച്ച കുടുംബത്തേയും കുറിച്ചുള്ള ആധികാരിക ചിത്രമാണ് പുസ്തകം വാഗ്ദാനം ചെയ്യുന്നത്. ന്യൂയോർക്ക് ടൈംസിന് പുലിറ്റ്‌സർ സമ്മാനം നേടിക്കൊടുത്ത ട്രംപിന്റെ കുടുംബത്തിന്റെ നികുതി വിവരങ്ങള്‍ സംബന്ധിച്ച വാര്‍ത്തയുടെ പ്രധാന ഉറവിടം മേരിയായിരുന്നു.

ക്വീൻസിന്റെ ഹൃദയഭാഗത്തുള്ള മുത്തശ്ശിയുടെ വീട്ടിലാണ് മേരിയും വളര്‍ന്നത്. ഡൊണാൾഡും അദ്ദേഹത്തിന്റെ നാല് സഹോദരങ്ങളും വളർന്നതും അവിടെത്തന്നെയാണ്‌. ‘ഫ്രെഡ് ട്രംപും അദ്ദേഹത്തിന്റെ മൂത്തമക്കളായ ഫ്രെഡ് ജൂനിയറും ഡൊണാൾഡും തമ്മിലുള്ള വിചിത്രവും ദോഷകരവുമായ ബന്ധം ഉൾപ്പെടെ, അവഗണനയുടെയും ദുരുപയോഗത്തിന്റെയും ദാരുണവും വിനാശകരവുമായ കഥയാണ്‌ പുസ്തകം പറയുന്നതെന്ന്’ ആമസോണില്‍ പ്രസിദ്ധീകരിച്ച പ്രസാധകക്കുറിപ്പില്‍ പറയുന്നു.

ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ രണ്ട് തുറമുഖങ്ങളിൽ കുടുങ്ങിയത് ഇന്ത്യക്കാരായ ആയിരത്തിലേറെ കപ്പൽ ജീവനക്കാർ. ഇതിൽ സൗത്താംപ്റ്റണിൽ കുടുങ്ങിയ 600 ഇന്ത്യക്കാരിൽ 44 മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രത്യേക വിമാനങ്ങളിൽ ക്രൂയിസ് കമ്പനി നാട്ടിലേക്ക് മടക്കി അയച്ചുതുടങ്ങി. അഞ്ചുകപ്പലുകളിലായി ജോലി ചെയ്തിരുന്നവരാണ് 44 മലയാളികൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ.

ആറ് ആഡംബര കപ്പലുകളിലായി ടിൽബറി പോർട്ടിലും കുടുങ്ങിയ  496 ഇന്ത്യൻ ജീവനക്കാർ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ്. ഇതിൽ 120 പേർ മലയാളികളാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരെ കമ്പനി ചാർട്ടർ ചെയ്യുന്ന വിമാനങ്ങളിൽ നാട്ടിലെത്തിച്ചു തുടങ്ങുമെന്നാണ് വിവരം. എന്നാൽ ഏപ്രിൽ 14 മുതൽ തുടങ്ങിയ ഈ കാത്തിരിപ്പിന് ഇനിയും അവസാന ഉത്തരം ആയിട്ടില്ല. ഭക്ഷണവും താമസസൗകര്യവും ബേസിക് സാലറിയും കമ്പനി നൽകുന്നുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റ ആശങ്കയിലാണ് മലയാളികളായ പല ജീവനക്കാരും.

വിവിധ ലോകരാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ വേൾഡ് ക്രൂയിസ് നടത്തിയിരുന്ന കപ്പലുകളാണ് ഇവയെല്ലാം. തുറമുഖങ്ങൾ അടച്ചതോടെ കപ്പലുകൾ അടിയന്തരമായി യാത്രനിർത്തി ഇംഗ്ലണ്ടിലെ മദർ പോർട്ടുകളിലേക്ക് തിരികെപോന്നു. കപ്പലുകളിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഇതിനോടകം സുരക്ഷിതമായി മടക്കി അയച്ചു കഴിഞ്ഞു.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ജപ്പാൻ, ഓസ്ട്രേലിയ, നോർവേ, സൗത്ത് അമേരിക്ക, ഇന്തോനേഷ്യ എന്നിവയുടെ സമുദ്രാതിർത്തികളിലായിരുന്ന ആറ് ആഡംബര കപ്പലുകളാണ് ഇപ്പോൾ ടിൽബറിയിൽ നങ്കൂരമിട്ടിരിക്കുന്നത്. ക്രൂയിസ് ആൻഡ് മാരിടൈം വോയേജസ് എന്ന കമ്പനിയുടെ കീഴിലുള്ള കൊളംബസ്, വാസ്കോഡഗാമ, മാർക്കോപോളോ, മാഗെല്ലെൻ, അസ്തൂർ, അസ്തോറിയ എന്നീ കപ്പലുകളിലെ ജീവനക്കാരാണ് 120 മലയാളികൾ ഉൾപ്പെടെയുള്ള 496 ഇന്ത്യക്കാർ.

മറ്റ് രാജ്യങ്ങളിൽനിന്നുള്ള ജോലിക്കാരെ ഇതിനോടകം തിരികെ അയച്ചുതുടങ്ങി. ഏറെപ്പേരും ഇന്ത്യക്കാരായതിനാലാണ് ഇവരുടെ യാത്ര അവസാനമാക്കാൻ കമ്പനി അധികൃതർ തീരുമാനിച്ചതെന്നാണ് വിവരം. മലയാളികളും തമിഴ്നാട്ടുകാരുമായ ജീവനക്കാരെ ഒരുമിച്ച് കൊച്ചിയിലേക്കും അവിടെനിന്നും ചെന്നെയിലേക്കും പ്രത്യേക വിമാനത്തിൽ അയയ്ക്കുമെന്നാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള വിവരം.

ടിൽബറിയിലെ ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിൽ പ്രധാനമായും ബ്രിട്ടീഷ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ സൗത്താംപ്റ്റണിൽ എത്തിയ കപ്പലുകളിൽ 77 രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളുണ്ടായിരുന്നു. ഇവരെയെല്ലാം കയറ്റി അയച്ചശേമാണ് ഇപ്പോൾ ഒടുവിൽ ജിവനക്കാരെയും കമ്പനികൾ മടക്കി അയയ്ക്കുന്നത്.
ഇതിനിടെ വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ കയറിപ്പറ്റി നാട്ടിലെത്താൽ ഇവരിൽ ചിലർ ശ്രമം നടത്തിയെങ്കിലും ഇന്ത്യൻ എംബസിയിൽനിന്നും ഇവരുടെ ഇ-മെയിൽ സന്ദേശങ്ങൾക്ക് മറുപടിപോലും ലഭിച്ചില്ലെന്ന് പരാതിയുണ്ട്.

മലയാളികള്‍ക്ക് എത്ര കണ്ടാലും മതിവരാത്ത ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് ‘മണിച്ചിത്രത്താഴ്’. നിരവധി തവണ ഈ ചിത്രം കണ്ട് ഓരോ സീനും മനപാഠമായവരാവും ഭൂരിഭാഗം മലയാളികളും. എന്നാല്‍ ഇപ്പോഴിതാ ‘മണിച്ചിത്രത്താഴി’ലെ അധികമാരും കാണാത്ത ഒരു സീനാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍നിന്നും ഒഴുവാക്കിയ രംഗമാണിത്.

ചിത്രം റിലീസ് ചെയ്തിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സിനിമാസ്വാദകര്‍ക്കിടയില്‍ ‘മണിച്ചിത്രത്താഴിനെ’ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്നത്. 1993ല്‍ ‘മണിച്ചിത്രത്താഴ്’ റിലീസ് ചെയ്തപ്പോള്‍ മൂന്നു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ടിവി പ്രീമിയറില്‍ നിന്നും വിസിഡിയില്‍ നിന്നുമെല്ലാം ഈ രംഗം നീക്കം ചെയ്യുകയായിരുന്നു. അക്കാലത്തെ ഗള്‍ഫ് കാസറ്റില്‍ മാത്രമാണ് ഈ രംഗം അവശേഷിക്കുന്നത്. ഗോപാലകൃഷ്ണന്‍ നവജീവന്‍ എന്ന സിനിമ സ്‌നേഹിയാണ് ഈ ഡിലീറ്റഡ് സീന്‍ ഉള്‍പ്പെട്ട മണിച്ചിത്രത്താഴിന്റെ വീഡിയോ കാസറ്റ് ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്നത്. ഇന്നസെന്റിന്റെയും കെപിഎസി ലളിതയുടെയും കോമ്പിനേഷനിലുള്ള ഈ രംഗം അരങ്ങേറുന്നത് മാടമ്പള്ളിയില്‍ നകുലനും ഗംഗയും താമസിക്കാന്‍ എത്തുമ്പോഴാണ്.

മണിച്ചിത്രത്താഴ് ചിത്രീകരിച്ചപ്പോള്‍ ഏറ്റവും ശ്രദ്ധ നല്‍കിയത് സ്‌ക്രിപ്റ്റ് ഒരുക്കുന്നതിനായിരുന്നുവെന്ന് ഫാസില്‍ പിന്നീട് പറഞ്ഞിരുന്നു.

ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സർവകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വിഡിയോ കോൺഫറൻസിങ്ങിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അതേസമയം, കിഴക്കൻ ലഡാക്കിലെ ഗൽവാൻ അതിർത്തിയിൽ ബ്രിഗേഡ് തലത്തിൽ ഇരു സേനകളും ഇന്നു ചർച്ച നടത്തി. കാര്യമായ പുരോഗതിയില്ലെന്നു സേനാ വൃത്തങ്ങൾ അറിയിച്ചു. പിൻമാറില്ലെന്നുറച്ച് ചൈനീസ് സേന പട്രോൾ പോയിന്റ് 14നു സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശം തങ്ങളുടേതാണെന്നാണ് അവർ ഇപ്പോൾ വാദിക്കുന്നത്. ഇരു സേനകളും അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കുന്നു.

ഗൽവാനു പുറമെ ഹോട് സ്പ്രിങ്സിലെ പട്രോൾ പോയിന്റുകളായ 15, 17, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ എന്നിവിടങ്ങളിലും സ്ഥിതി സംഘർഷഭരിതമാണ്. സംഘട്ടനത്തിലേക്കു കാര്യങ്ങൾ നീങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണു അതിർത്തിയിലെ കമാൻഡർമാർക്കു സേനാ നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, തങ്ങളുടെ ഭാഗത്തെ മരണസംഖ്യ സ്ഥിരീകരിക്കാൻ ചൈന ഇതുവരെ തയാറായിട്ടില്ല. ഒട്ടേറെ പേരുടെ പരുക്കുകൾ അതീവ ഗുരുതരമായതിനാൽ ഇന്ത്യൻ ഭാഗത്ത് മരണനിരക്ക് ഉയർന്നേക്കാമെന്നാണു വിലയിരുത്തൽ.

മലയാളികളടക്കമുള്ള സിനിമ പ്രേമികല്‍ക്ക് സുശാന്ത് സിങ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച നടുക്കം വളരെ വലുതായിരുന്നു. ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും അത് വിശ്വസിക്കാന്‍പോലും കഴിഞ്ഞില്ല. സുശാന്തിന്റെ അടുത്ത സുഹൃത്തും നടിയുമായ കൃതി സനോണിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ ആളുകളെ വീണ്ടും വേദനയിലാഴ്ത്തുന്നത്. ‘എന്റെ പാതി ഹൃദയവുമായിട്ടാണ് നീ പോയിരിക്കുന്നത് മറുപാതി നീ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു’ ഏറെ വൈകാരികമായ കുറിപ്പില്‍ കൃതി പറയുന്നു. സുശാന്ത് സിങ്ങിനൊപ്പം ‘റാബ്ത’ എന്ന ചിത്രത്തില്‍ കൃതി അഭിനയിച്ചിരുന്നു. സിനിമാ ഇന്‍ഡസ്ട്രിയിലെ അടുത്ത സുഹൃത്തുക്കള്‍ ആരെന്ന ചോദ്യത്തിന് ആഭിമുഖങ്ങളില്‍ സുശാന്ത് പറയാറുള്ള മറുപടി കാസ്റ്റിംഗ് ഡയറക്ടറായ മുകേഷ് ചബ്ര, കൃതി സനോണ്‍, രോഹിണി അയ്യര്‍ എന്നായിരുന്നു.

സുശ്, എനിക്കറിയാം നിന്റെ മനസ് ആത്മ സുഹൃത്തും ഏറ്റവും മോശം ശത്രുവുമാണെന്ന്. ജീവിക്കുകയെന്നതിനേക്കാള്‍ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിന്റെ ജീവിതത്തില്‍ ഉണ്ടായി എന്നറിഞ്ഞപ്പോള്‍ അതെന്നെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞു. ആ ഒരു നിമിഷത്തെ മറികടക്കാന്‍ നിനക്ക് ചുറ്റും ആളുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു. നിന്നെ സ്‌നേഹിക്കുന്നവരെ നീ തള്ളിമാറ്റിയിട്ടില്ലായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു… നിന്നെ തകര്‍ത്തു കളഞ്ഞ കാര്യങ്ങള്‍ ശരിയാക്കാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നിനക്കൊപ്പം പോയി. മറുഭാഗം എപ്പോഴും നിന്നെ ജീവനോടെ ഉള്ളതായി വിശ്വസിക്കുന്നു. കൃതി എഴുതുന്നു.

 

ഇന്ത്യയുടെ ഇതിഹാസ ഫുട്ബോളര്‍ ഐ.എം വിജയനെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തു. ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന കേരളത്തിന്റെ ഐ എം വിജയന്‍ 1992ലാണ് ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. 92നും 2003നും ഇടയില്‍ 79 മത്സരങ്ങളിലാണ് വിജയന്‍ ഇന്ത്യക്കായി ബൂട്ടണിഞ്ഞത്. ബൈച്ചുംഗ് ബൂട്ടിയക്കൊപ്പം മുന്നേറ്റ നിരയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച അദ്ദേഹം 11 വര്‍ഷമാണ് ഇന്ത്യക്കായി കളിച്ചത്. 2003-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു.

വിജയന്‍ 17-ാം വയസില്‍ കേരള പോലീസിലൂടെയാണ് തന്റെ ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്. കരിയറില്‍ മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ജെസിടി ഫഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചു. 1989-ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യയ്ക്കായി 40 ഗോളുകളും സ്‌കോര്‍ ചെയ്തു. 1999-ല്‍ മികച്ച ഫോമിലായിരുന്ന അദ്ദേഹം 13 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി.

ഫുട്ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോഡും വിജയന്റെ പേരിലാണ്. സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലാണ് വിജയന്‍ വലകുലുക്കിയത്. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരേ ഹാട്രിക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റി. 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി.1992, 1997, 2000 വര്‍ഷങ്ങളില്‍ എ.ഐ.എഫ്.എഫിന്റെ മികച്ച ഫുട്ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006-ലാണ് ബൂട്ടഴിച്ചത്.

RECENT POSTS
Copyright © . All rights reserved