വിഖ്യാത ബ്രിട്ടീഷ് നടന്‍ തിമൊത്തി വെസ്റ്റ് (90) അന്തരിച്ചു. നവംബര്‍ 12-നായിരുന്നു മരണം. അരങ്ങിലെയും പുറത്തെയും ദീര്‍ഘവും അസാധാരണവുമായ ജീവിതത്തിന് ശേഷം ഞങ്ങളുടെ പ്രിയങ്കരനായ പിതാവ് അന്തരിച്ചുവെന്ന് മക്കളായ ജൂലിയറ്റ്, സാമുവല്‍, ജോസഫ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പ്രുനല്ല സ്‌കെയില്‍സാണ് വെസ്റ്റിന്റെ ഭാര്യ.
ടെലിവിഷന്‍ പരമ്പരകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയനായ തിമൊത്തി അവതാരകന്‍ എന്ന നിലയ്ക്കും പ്രശസ്തനായിരുന്നു. നോട്ട് ഗോയിങ് ഔട്ട്, ബ്ലേക്ക് ഹൗസ്, ജെന്റില്‍മാന്‍ ജാക്ക് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ഏറെ ജനപ്രീതി നേടി. ജോസഫ് സ്റ്റാലിന്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവരെ തിരശ്ശീലയില്‍ അവതരിപ്പിച്ചതിലൂടെ കയ്യടി നേടിയിരുന്നു.
തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ ‘തൂങ്ങി മരിച്ച’ പിടികിട്ടാപ്പുളളി പാണ്ടി ചന്ദ്രനെ കായംകുളം കനകക്കുന്ന് ബോട്ട് ഞെട്ടിയില്‍ നിന്ന് ജീവനോടെ പൊക്കി പത്തനംതിട്ട പോലീസ്. മലയാലപ്പുഴ വഞ്ചിക്കുഴിയില്‍ പടി സുധീഷ് ഭവനത്തില്‍ പാണ്ടി ചന്ദ്രന്‍ എന്ന് വിളിപ്പേരുള്ള ചന്ദ്രനെ (52) യാണ് പോലീസ് സാഹസികമായി പിടികൂടിയത്.
പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചോളം മോഷണക്കേസുകളില്‍ ലോങ്പെന്‍ഡിങ് വാറണ്ടും വിവിധ ജില്ലകളില്‍ മറ്റ് മോഷണക്കേസുകളും പാണ്ടി ചന്ദ്രന്റെ പേരിലുണ്ട്. പത്തനംതിട്ടയില്‍ മലയാലപ്പുഴ താവളം ആക്കിയാണ് ചന്ദ്രന്‍ വിവിധ ഭാഗങ്ങളില്‍ മോഷണങ്ങള്‍ നടത്തിയിരുന്നത്. വളരെ വേഗത്തില്‍ വേഷപ്രച്ഛന്നന്‍ ആകാന്‍ കഴിവുള്ള ശരീര പ്രകൃതമാണ് പാണ്ടിയുടേത്. പകല്‍ ഹോട്ടലില്‍ ജോലി ചെയ്യും. രാത്രികാലങ്ങളില്‍ മോഷണ കലയിലെ വിശ്വരൂപം പുറത്തെടുക്കും. പത്തനംതിട്ട പോലീസിന് എന്നും തലവേദനയായിരുന്നു പാണ്ടിചന്ദ്രന്‍ എന്ന പിടികിട്ടാപ്പുള്ളി.
15 വര്‍ഷം മുന്‍പ് മലയാലപ്പുഴയില്‍ നിന്നും വീടും വസ്തുവും വിറ്റ് തമിഴ്നാട്ടിലേക്ക് നാടുവിട്ടു . ഇയാളെ പിന്നീട് ആരും കണ്ടതായി അറിവില്ല. ജില്ലാ പോലീസ് മേധാവിയായി വി.ജി. വിനോദ് കുമാര്‍ ചുമതലയേറ്റ ശേഷം പിടികിട്ടാപ്പുള്ളികളായ പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കുകയും ഓരോ സ്റ്റേഷനിലും എസ്.എച്ച്.ഓയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. ഈ സംഘമാണ് പാണ്ടി ചന്ദ്രനെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിയത്.
ഒടുവില്‍ ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനന്‍ നായരെ കണ്ടെത്തി. അയാളോട് അന്വേഷിച്ചപ്പോള്‍ പാണ്ടി ചന്ദ്രന് വേണ്ടി ജാമ്യം നിന്നതില്‍ മോഹനന്‍ നായര്‍ക്ക് വാറണ്ടായി. കോടതിയില്‍ 10000 രൂപ കെട്ടിവയ്ക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് മോഹനന്‍ നായര്‍ തമിഴ്നാട്ടിലെ പാണ്ടിചന്ദ്രന്റെ ജന്മസ്ഥലമായ തൃച്ചിയില്‍ ഇയാളെപ്പറ്റി അന്വേഷിച്ചു. 10 വര്‍ഷം മുന്‍പ് ഇയാള്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ കെട്ടിത്തൂങ്ങി മരിച്ചുവെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്ന് കിട്ടിയത്. ഈ മറുപടിയില്‍ പൂര്‍ണമായും വിശ്വാസം വരാത്ത പത്തനംതിട്ട സ്റ്റേഷനിലെ കോടതി ഡ്യൂട്ടിക്കാരന്‍ സി.പി.ഓ രജിത്. കെ. നായര്‍ തമിഴ്നാട്ടുകാരായ പലരോടും പാണ്ടി ചന്ദ്രനെ അന്വേഷിച്ചു.
ശബരിമല കേന്ദ്രീകരിച്ച് ഹോട്ടല്‍ ജോലി ചെയ്യുന്ന ചന്ദ്രന്‍ എന്നയാളെ പറ്റി അറിഞ്ഞു. അയാള്‍ക്ക് മോഷണക്കേസുകള്‍ ഉണ്ടെന്നും വിവരം ലഭിച്ചു. അയാളുടെ മക്കള്‍ കായംകുളം മുതുകുളം ഭാഗത്ത് താമസിക്കുന്നു എന്നുള്ള വിവരവും കിട്ടി. മുതുകുളം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ മലയാലപ്പുഴ ഭാഗത്ത് നിന്നും വന്ന താമസിക്കുന്ന ചന്ദ്രന്‍ എന്ന ആളിന്റെ മകനെ തിരിച്ചറിഞ്ഞു. പാണ്ടി ചന്ദ്രന്റെ മകനാണ് ഇതെന്ന് സ്ഥിരീകരിച്ചു.
അയല്‍വാസികളോട് ചന്ദ്രന്‍ എപ്പോള്‍ വീട്ടില്‍ വന്നാലും വിവരം അറിയിക്കണമെന്ന് രഹസ്യം നിര്‍ദ്ദേശം നല്‍കി പോലീസുകാരന്‍ മടങ്ങി. ഒടുവില്‍ അഞ്ചു മാസത്തോളം പോലീസ് കാത്തിരുന്ന വിളി 13 ന് പുലര്‍ച്ചെ 1.30 ന് എത്തി. പാണ്ടി ചന്ദ്രന്‍ മകന്റെ വീട്ടില്‍ എത്തിയിട്ടുണ്ട് എന്ന വിവരമായിരുന്നു അത്. പോലീസുകാരന്‍ രജിത്ത് ഉടന്‍ തന്നെ എസ്.ഐ ജിനുവിനെ വിവരം അറിയിച്ചു.
എന്നാല്‍, മുതുകുളം ഭാഗത്ത് എത്തിയ പോലീസിന് മകന്റെ വീട്ടില്‍ പാണ്ടി ചന്ദ്രനെ കാണാന്‍ സാധിച്ചില്ല. പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലില്‍ കനകക്കുന്ന് ബോട്ട് ജെട്ടിക്ക് സമീപം വച്ച് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇയാളെ കണ്ടെത്തി. തന്ത്രപരവും സാഹസികവുമായ നീക്കത്തിലൂടെ ചന്ദ്രനെ കീഴ്പ്പെടുത്തി പത്തനംതിട്ട സ്റ്റേഷനില്‍ എത്തിക്കുകയും കോടതിയില്‍ ഹാജരാക്കി റിാന്‍ഡ് ചെയ്യുകയും ചെയ്തു. എസ്.ഐ ഷിജു. പി. സാം, എസ്.സി.പി.ഓ വിജീഷ്, സി.പി.ഓമാരായ രജിത്ത്, രാജേഷ്, സൈദലി, രഞ്ജിത്ത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
താനെഴുതാത്ത, തന്നോട് സമ്മതം ചോദിക്കാത്ത ആത്മകഥ താനറിയാതെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് സി.പി.എം. നേതാവും ഇടതു മുന്നണി മുന്‍ കണ്‍വീനറുമായ ഇ.പി. ജയരാജന്‍. താന്‍ ആതമകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ലെന്നും ഇ.പി. ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.
പുസ്തക വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്നും ജയരാജന്‍ അറിയിച്ചു. സമഗ്രമായ അന്വേഷണം നടത്തണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനടപടികൾ സ്വീകരിക്കാൻ അഭിഭാഷകൻ മുഖേന നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഇപ്പോൾ പുറത്തുവന്നതെല്ലാം കൃത്രിമമായി സൃഷ്ടിച്ച് തന്റെ ആത്മകഥയുമായി കൂട്ടിക്കുഴച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെ പ്രസിദ്ധീകരിക്കും. പുസ്തകം പ്രസിദ്ധീകരിച്ച കാര്യം മാധ്യമ വാര്‍ത്തകളിലാണ് അറിഞ്ഞത്. തികച്ചും തെറ്റായിട്ടുള്ള നിലപാടാണ് ഡിസി ബുക്‌സ് സ്വീകരിച്ചത്. ഞാനെഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കുന്നുവെന്ന് ഞാനറിഞ്ഞത് മാധ്യമ വാര്‍ത്തകളിലാണെന്നും ഇ.പി. പറഞ്ഞു.
‘ഞാൻ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. എന്നോട് ഡി.സി. ബുക്‌സ് ചോദിച്ചിരുന്നു. മാതൃഭൂമി ബുക്‌സ് ചോദിച്ചിരുന്നു. അങ്ങനെ നിൽക്കുകയാണ് ഇതിന്റെ പ്രസിദ്ധീകരണത്തിനു വേണ്ട നടപടിക്രമം. എല്ലാം പൂർത്തീകരിച്ച്, ആകെയൊന്നു വായിച്ചുനോക്കി അതിന്റെ അടിസ്ഥാനത്തിൽ പൂർത്തീകരിച്ച് അച്ചടിക്കായി കൊടുക്കാം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്.
“ഇത് ആസൂത്രിതമായ ഗൂഢാലോചനയാണ്. പ്രത്യേകിച്ച് ഇന്ന് തിരഞ്ഞെടുപ്പ് ദിവസമാണ്. ഈ ദിവസം തന്നെ തിരഞ്ഞെടുത്ത് ആസൂത്രിതമായ പദ്ധതി തയ്യാറാക്കിയതാണ്. ഇതുപോലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, ഒന്നര വർഷം മുൻപ് നടന്ന സംഭവം വാർത്തയാക്കി. ഇത് തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നടപടിയാണ്. അന്വേഷിച്ച് കണ്ടെത്തേണ്ട കുറേ കാര്യങ്ങളുണ്ട്. കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
“എഴുതിയതെല്ലാം എഡിറ്റ് ചെയ്ത് തയ്യാറാക്കാൻ, വിശ്വസ്തനായ ഒരു പത്രപ്രവർത്തകനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിൽനിന്ന് ഇത് പുറത്തുപോകാൻ സാധാരണഗതിയിൽ സാധ്യതയില്ല. എവിടെനിന്നാണ് ഇത് പുറത്തുപോയതെന്ന് പരിശോധിക്കണം’, അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇപ്പോൾ നടന്നത് വ്യക്തഹത്യയാണ്. അതുവഴി പാർട്ടിയെ തകർക്കുക, തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക എന്നിവയൊക്കെയാണ് ലക്ഷ്യം.” ഇവ നടന്നിരിക്കുന്നത് പാർട്ടിക്കുള്ളിൽനിന്ന് തന്നെയാണോ എന്ന് കണ്ടെത്തിയാൽ ആല്ലേ പറയാൻ പറ്റൂവെന്നും ഇ.പി. പറഞ്ഞു.
എന്തുകൊണ്ട് ചിന്ത ബുക്സിനെ പുസ്തകം പ്രസിദ്ധീകരിക്കാൻ ഏൽപ്പിച്ചില്ലാ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ചിന്ത ബുക്സ് വന്നാൽ അപ്പോൾ ആലോചിക്കാമെന്നായിരുന്നു ഇ.പിയുടെ മറുപടി. സിപിഎമ്മിൽ എല്ലാ കാലത്തും വിവാദമുണ്ടാകുമ്പോൾ അതിന്റെ ഒരറ്റത്ത് ഇ.പി ജയരാജന്റെ പേര് ഉണ്ടല്ലോ എന്ന ചോദ്യത്തിന്, മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ എന്നായിരുന്നു പ്രതികരണം.
ബുധനാഴ്ച രാവിലെ മുതലാണ് ഇടതുമുന്നണിയെ വെട്ടിലാക്കി ഇ.പി.യുടെ ആത്മകഥാ വിവാദം ചൂടുപിടിക്കുന്നത്. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്മകഥയിൽ പറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങൾ ഉയർന്നു.എന്നാൽ, ഈ ആരോപണങ്ങളെ പൂർണമായും തള്ളി ഇ.പി രംഗത്തെത്തി.
ഇ.പി. ജയരാജൻ എഴുതിയതെന്ന് ഡി.സി ബുക്സ് അവകാശപ്പെട്ട കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചതായി പിന്നീട് പ്രസാധകര്‍ അറിയിച്ചു. നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്സ് ഫെയ്സ്ബുക്കിൽ കുറിച്ചു.
വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനുള്ള നിശ്ചിത സമയം അവസാനിച്ചു. രണ്ടിടങ്ങളിലും രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയതെങ്കിലും ചേലക്കരയില്‍ പല ബൂത്തുകളിലും ആറുമണിക്ക് ശേഷവും പോളിങ് തുടരുകയാണ്. വയനാട്ടില്‍ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു.
വയനാട്ടില്‍ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കനുസരിച്ച് വയനാട്ടില്‍ 64.53 ശതമാനമാണ് പോളിങ്.
കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു ഇത്. പോളിങ് ശതമാനം കുറഞ്ഞത് വയനാട്ടിലെ യുഡിഎഫ് ക്യാമ്പുകളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് കേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞത് എന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതിലുള്ള ജനങ്ങളുടെ എതിര്‍പ്പാണ് പോളിങ് കുറയാന്‍ കാരണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി പറഞ്ഞു. എല്‍ഡിഎഫ് വോട്ടുകള്‍ എല്ലാം പോള്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയില്‍ 72.54 ശതമാനം വോട്ടാണ് ഇതുവരെ രേഖപ്പെടുത്തിയത്. അറുമണിക്ക് ശേഷവും ചില ബൂത്തുകളില്‍ നീണ്ട നിരയായിരുന്നു കാഴ്ച. 70 ശതമാനത്തിന് മുകളിലാണ് പല ബൂത്തുകളിലും പോളിങ്.പോളിങ് ഉയര്‍ന്നത് ഭരണവിരുദ്ധ വികാരമായി യുഡിഎഫ് കണക്കുക്കൂട്ടുന്നു. എന്നാല്‍ ചേലക്കര നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാംപ്.
കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ CSMEGB കമ്മീഷൻ ഫോർ ചർച്ച് ക്വയർ,
നടത്തുന്ന കരോൾ ഗാനമത്സരം ” Qandish 2024” ഡിസംബർ 7- ന് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ രാവിലെ 10 മണി മുതൽ നടക്കും .
രൂപതയിലെ എല്ലാ ഇടവകളിലെ, മിഷനുകളിലെ, പ്രൊപോസ്ഡ് മിഷനുകളിലെ, മാസ്സ് സെന്ററുകളിലെ ക്വയർ ടീമുകൾക്ക് പങ്കെടുക്കാം. നവംബർ 30-ന് മുൻപ് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാം .
Google Form Registration
https://docs.google.com/forms/d/e/1FAIpQLScXMIfX8vh77RqA_wNqYe5zXGmbuZZGe-qGtmsZR8bB66cqzg/viewform
വിജയികൾക്കുള്ള സമ്മാനങ്ങൾ
ഒന്നാം സമ്മാനം: £500 + ട്രോഫി
രണ്ടാം സമ്മാനം: £300 + ട്രോഫി
മൂന്നാം സമ്മാനം: £200 + ട്രോഫി
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ (Chairman, CSMEGB Commission For Church Choir)
07424 165013
ജോമോൻ മാമ്മൂട്ടിൽ
07930 431445
വേദിയുടെ വിലാസം:
Mother of God Church,
Leicester LE3 6NZ
സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയില്‍. വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിക്കും വിധം വാർത്ത ചെയ്യുകയും അശ്ലീല വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. പാലാരിവട്ടത്തുള്ള ഓഫീസിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തി.
പ്രമുഖ വ്യവസായിയായ ആർ പ്രേംകുമാറിനെതിരെ ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ടും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ കേസുണ്ട്. പോലീസ് പല തവണ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഹാജാരായില്ല.
പാലക്കാട് തിരഞ്ഞെടുപ്പിനായി ഹോട്ടലില്‍ ഭരത് ലജന മള്‍ട്ടി-സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പണം എത്തിച്ചു, 20000 കോടിയുടെ അനധികൃത ഇടപാടുകള്‍ നടത്തി എന്നും സൂരജ് വീഡിയോയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ വീഡിയോകള്‍ യുടുബിലും ഫേസ്ബുക്കിലും പ്രചരിപ്പിച്ചതിനാണ് ഭരത് ലജന മള്‍ട്ടി-സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വക്കീല്‍ നോട്ടീസ് അയച്ചത്.
സ്ഥിരമായി അപവാദ പ്രചാരണം അടങ്ങുന്ന വീഡിയോകള്‍ ഇറക്കുകയും അസഭ്യ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്ന സൂരജ് പാലാക്കാരനെതിരെ നിലവില്‍ നിരവധി കേസുകള്‍ ഉണ്ട്.
വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന വയനാട്ടിലെ മത്സരം കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതോടെ ദേശീയശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
ഝാർഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പും പത്തു സംസ്ഥാനങ്ങളിലായി 31 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ബുധനാഴ്ച നടക്കും. ഈ ഉപതിരഞ്ഞെടുപ്പുകൾ സർക്കാരുകളെ ബാധിക്കില്ലെങ്കിലും ഈയിടെ നടന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട കോൺഗ്രസിനും ഇന്ത്യസഖ്യത്തിനും വലിയ പരീക്ഷണംതന്നെയാണ്. 23-നാണ് വോട്ടെണ്ണൽ.
16 സ്ഥാനാർഥികളാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഏഴുമണ്ഡലങ്ങളിലായി 14,71,742 വോട്ടർമാരാണുള്ളത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണുള്ളത്. ഉപതിരഞ്ഞെടുപ്പ് ബാലറ്റിൽ ഒന്നു മുതൽ മൂന്നു വരെയാണ് മുന്നണി സ്ഥാനാർഥികൾ. ഒന്ന് യു.ആർ. പ്രദീപ് (ചുറ്റിക അരിവാൾ നക്ഷത്രം), രണ്ട് കെ. ബാലകൃഷ്ണൻ (താമര), മൂന്ന് രമ്യാ ഹരിദാസ് (കൈ) എന്നിങ്ങനെയാണ് മുന്നണി സ്ഥാനാർഥികളുടെ ചിഹ്നം. തുടർന്ന് സ്വതന്ത്രസ്ഥാനാർഥികളാണ്. നാല്- ലിൻഡേഷ് കെ.ബി.(മോതിരം), അഞ്ച്-സുധീർ എൻ. കെ. (ഓട്ടോറിക്ഷ), ആറ്-ഹരിദാസൻ (കുടം).
നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
പൗരപ്രമുഖരുമായിട്ടുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ത്ഥികളുടെ പ്രധാന പരിപാടി. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ട് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെ നിശ്ചിത പോളിങ് കേന്ദ്രങ്ങളിലെത്തും.
വയനാട്ടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ കന്നിപ്പോരാട്ടമാണ്. സിപിഐയിലെ സത്യന്‍ മൊകേരിയും, ബിജെപിയിലെ നവ്യ ഹരിദാസുമാണ് പ്രധാന എതിരാളികള്‍. ചേലക്കരയില്‍ കോണ്‍ഗ്രസിലെ രമ്യ ഹരിദാസ്, സിപിഎമ്മിലെ യു.ആര്‍ പ്രദീപ്, ബിജെപിയിലെ ബാലകൃഷ്ണന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.
വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന 2013 ലെ നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട്, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുണ്ടായിരുന്ന കേസാണ് ജസ്റ്റിസ് പി.വികുഞ്ഞികൃഷ്ണന്‍ റദ്ദാക്കിയത്.
വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഏറെ തര്‍ക്കങ്ങളും നിയമ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സമയത്താണ് ഹൈക്കോടതിയില്‍ നിന്ന് ഇത്തരമൊരു വിധി വരുന്നത് എന്നതും ശ്രദ്ധേയമാണ്.
വഖഫ് ബോര്‍ഡിന്റെ പരാതിയനുസരിച്ചാണ് പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 1999 ലാണ് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. കാലാകാലങ്ങളില്‍ ഇതിന്റെ വാടക കരാര്‍ പുതുക്കുകയും ചെയ്തിരുന്നു.
പോസ്റ്റ് ഇരിക്കുന്ന സ്ഥലത്ത് ഷോപ്പിങ് കോംപ്ലെക്‌സ് നിര്‍മിക്കുന്നതിനാല്‍ തന്റെ തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റണമെന്നും കെട്ടിടം ഉടമസ്ഥന്‍ പോസ്റ്റ് ഓഫിസ് അധികൃതരോട് ആവശ്യപ്പെട്ട പ്രകാരം 2005 ജൂണില്‍ പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിലേക്കു മാറ്റി.
കെട്ടിടത്തിന് മതിയായ സുരക്ഷ ഉണ്ടാകണമെന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് കെട്ടിടത്തിന് പുതിയ ഗ്രില്‍ വച്ചു നല്‍കാമെന്ന് ഉടമസ്ഥന്‍ 2006 ഓഗസ്റ്റില്‍ അറിയിച്ചെങ്കിലും 2014 വരെ ഇതു നടപ്പാക്കിയില്ല. ഈ സമയം വരെ വാടകയും സ്വീകരിച്ചിരുന്നു.
പിന്നീട് കെട്ടിടം ഉടമ വാടക സ്വീകരിക്കാതായി. പിന്നാലെ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഓഫിസിനു നോട്ടിസും അയച്ചു. ഇതിനൊപ്പം സ്ഥലം തിരിച്ചു പിടിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ട്രൈബ്യൂണലിലും സ്ഥലമുടമ പരാതി നല്‍കി. ട്രൈബ്യൂണല്‍ ഇതിനിടെ സ്ഥലമുടമയ്ക്ക് അനുകൂലമായി വിധി പറഞ്ഞെങ്കിലും പോസ്റ്റ് ഓഫിസിന്റെ അപ്പീലില്‍ ഈ വിധി റദ്ദാക്കി.
പിന്നീടാണ് പോസ്റ്റ് ഓഫിസ് ഭൂമി കയ്യേറിയെന്നു കാണിച്ച് വഖഫ് ബോര്‍ഡ് സിഇഒ നോട്ടിസ് ഇറക്കുന്നത്. കേസ് വീണ്ടും ട്രൈബ്യൂണല്‍ മുമ്പാകെയെത്തി. 45 ദിവസത്തിനകം സ്ഥലമൊഴിയണമെന്ന് ട്രൈബ്യൂണല്‍ പോസ്റ്റ് ഓഫിസിന് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് സ്ഥലം തേടി പോസ്റ്റ് ഓഫിസ് പത്ര പരസ്യങ്ങള്‍ നല്‍കിയെങ്കിലും സ്ഥലം കിട്ടിയില്ല.
ഇതിനു പിന്നാലെയാണ് പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്കെതിരെ 2013 ലെ നിയമഭേദഗതി പ്രകാരമുള്ള വഖഫ് നിയമത്തിലെ വകുപ്പ് 52 എ അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ചത്. ഇതിനെതിരെ പോസ്റ്റ് ഓഫിസ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പോസ്റ്റ് ഓഫിസ് 1999 മുതല്‍ പ്രവര്‍ത്തിക്കുകയാണെന്നും നിയമ ഭേദഗതി വന്നത് 2013 ലാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഈ വകുപ്പനുസരിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കേസ് റദ്ദാക്കുകയായിരുന്നു.
റോമി കുര്യാക്കോസ്
കവൻട്രി: ‘ഇന്നത്തെ ഇന്ത്യയിൽ നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി’ (The Relevance of Nehruvian Thoughts on India Today) എന്ന വിഷയം ആസ്പദമാക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) യു കെ ഘടകം ചർച്ച സംഘടിപ്പിക്കുന്നു. കവൻട്രിയിലെ ടിഫിൻ ബോക്സ് റെസ്റ്റോറന്റിൽ വച്ച് നവംബർ 13, ബുധനാഴ്ച 6 മണിക്ക് ആരംഭിക്കുന്ന ചർച്ചയിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും കേരള ഹൈ കോടതിയിലെ സീനിയർ അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേബ്രിഡ്ജിന്റെ ആദരണീയനായ മേയറും യു കെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു രാഷ്ട്രനിർമാണത്തിന്റെ ചില അടിസ്ഥാന ആശയങ്ങൾ അവതരിപ്പിക്കുകയും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാർശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകൾ ഇന്ന് ഇന്ത്യയിൽ എങ്ങനെ പ്രയോഗിക്കാമെന്നും അതിന്റെ പ്രാധാന്യം എത്രത്തോളം ആണെന്നും പരിശോധിക്കുക എന്നതാണ് ചർച്ചയുടെ ഉദ്ദേശം.
യു കെയിലെ ഹാരോ സ്കൂളിലും കേബ്രിഡ്ജ് ട്രിനിറ്റി കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ പണ്ഡിറ്റ് നെഹ്‌റുവിന്റെ ചിന്താധാരകൾ യു കെയിൽ തന്നെ പ്രഭാഷണ വിഷയമാകുക ഏറെ പ്രത്യേകത ഉളവാക്കുന്നതാണ്.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്നും കാലിക പ്രസക്തമായ വിഷയം പ്രതിബാദിക്കുന്ന ചർച്ചയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
രണ്ട് ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ യോദ്ധാക്കൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് കേബ്രിഡ്ജ് കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും എത്തിച്ചേർന്നതാണ് അഡ്വ. എ ജയശങ്കർ.