തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്നു കനത്ത ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാൽ പകൽ താപനിലയിൽ വലിയ വർധനയുണ്ടാകാമെന്നാ ണു മുന്നറിയിപ്പ്. കൂടിയ താപനില രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷസ് കൂടി 38 ഡിഗ്രിക്കു മുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍:
താപനില ഉയരാനുള്ള സാധ്യത മുന്നറിയിപ്പ്
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 2020 ഫെബ്രുവരി 17, 18 തീയതികളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുവെ സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ.*
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്നതിൻറെ പശ്ചാത്തലത്തിലും ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും (Humidity) താപസൂചിക (Heat Index) ഉയർത്തുന്ന ഘടകമാണ്. *സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് *
-ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.
-നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
-അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
-വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കണം.
– അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.
-പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
-നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, PWD ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.
– ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യരശ്മികൾ ശരീരത്തിൽ ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
-സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷ്ണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കുവാൻ തൊഴിൽ ദാതാക്കൾ സന്നദ്ധരാവേണ്ടതാണ്.
-പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.
-നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദേശിക്കുന്നു.
-നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
-വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
-ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കാഴ്ച പരിമിതർക്കായി ബ്രെയിൽ മെറ്റീരിയലുകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ശബ്ദ സന്ദേശത്തിനായി sdma.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
*കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുള്ള ജില്ലകളിൽ മാത്രമല്ല, ചൂട് വർധിക്കുന്ന മുഴുവൻ ജില്ലകളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിക്കുന്നു.*
*KSDMA-ദുരന്തനിവാരണ അതോറിറ്റി-IMD*
പുറപ്പെടുവിച്ച സമയം: 1 pm 17-02-2020
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ തോളിലേറ്റി സഹതാരങ്ങൾ സ്റ്റേഡിയം വലംവയ്ക്കുന്ന ചിത്രത്തിന് കായിക ഓസ്കർ എന്ന വിശേഷണമുള്ള ലോറസ് സ്പോര്‍ടിംഗ് മൊമന്റ് പുരസ്കാരം. 2000 മുതൽ 2020വരെയുള്ള 20 വർഷ കാലത്ത് ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള പുരസ്കാരമാണ് സച്ചിന് തെണ്ടുല്‍ക്കറിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത്. 2011ലെ ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലിലെ വിജയത്തിനുശേഷം സച്ചിനെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്കാരം നേടിയത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തി. ലോറസ് സ്പോര്‍ടിംഗ് മൊമന്റ് പുരസ്കാരം രാജ്യത്തിനു സമർപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. 2011ലെ ലോകകപ്പ് നേട്ടത്തെ കുറിച്ച് എപ്പോഴും ഓര്‍മിക്കാറുണ്ടെന്ന് സച്ചിന് പറഞ്ഞു.
പുരസ്കാരം രാജ്യത്തിനായി സമര്‍പ്പിച്ച സച്ചിനെ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കര്‍ പ്രശംസിച്ചു. സച്ചിന് ആദ്യമായി ലോകകപ്പ് കളിച്ചത് 1992ൽ. ആദ്യമായി ലോക ചാമ്പ്യനായത് ആറാമത്തെ ശ്രമത്തിലും. എങ്കിലും ലോകകപ്പെന്നാൽ 1983 ആണ് ആദ്യം മനസ്സില്‍ വരുന്നതെന്ന് സച്ചിൽ പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങളും വ്യത്യസ്ത സംസ്കാരവും ഉള്ള ഇന്ത്യ ഒറ്റമനസ്സോടെയാണ് 2011ലെ ലോകകപ്പ് വിജയത്തെ സ്വീകരിച്ചത്. വോട്ടെടുപ്പിൽ ഒന്നാമതെത്തുമെന്ന വിശ്വാസം ഉണ്ടായിരുന്നെന്നും സച്ചിന് വെളിപ്പെടുത്തി. പുരസ്കാരനേട്ടം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നതിന് പകരം രാജ്യത്തിനായി സമ്മാനിച്ച സച്ചിന് സമാനതകളില്ലാത്ത പ്രതിഭയെന്നായിരുന്നു ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറുടെ പ്രശംസ.
2019ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ലയണൽ മെസിയും ലൂയി ഹാമില്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറസ് പുരസ്കാരം പങ്കിടുന്നത്. ഫോര്‍മുല വണ്‍ ലോകചാമ്പ്യനാണ് ഹാമില്ട്ടണ്. പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്ബോള്‍ താരമാണ് മെസി. മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്കാരം അമേരിക്കന്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബെല്‍സ് നേടി. സ്പാനിഷ് ബാസ്കറ്റ് ബാൾ ടീമിനാണ് മികച്ച ടീമിനുള്ള പുരസ്കാരം.
മുതിർന്ന ബംഗാളി അഭിനേതാവും തൃണമൂൽ കോണ്‍ഗ്രസ് മുൻ എംപിയുമായ തപസ് പാൽ (61) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മകളെ സന്ദർശിച്ചശേഷം കോൽക്കത്തയിലേക്കു മടങ്ങുന്നതിനായി മുംബൈ വിമാനത്താവളത്തിൽ എത്തിയ തപസിനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജൂഹുവിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു.
കൃഷ്ണനഗറിൽനിന്നു രണ്ടു തവണ പാർലമെന്റിലേക്കും അലിപോറിൽനിന്ന് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016 ഡിസംബറിൽ റോസ് വാലി ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തതിനുശേഷം തപസ് അഭിനയിച്ചിരുന്നില്ല. 13 മാസത്തിനുശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
കണ്ണൂര്‍ തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് അറസ്റ്റുണ്ടായേക്കും. കുട്ടിയുടെ അച്ഛനും, അമ്മയും പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാവിലെയാണ് തയ്യില്‍ കടപ്പുറത്തെ ശരണ്യ, പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം കടൽഭിത്തിയിലെ പാറക്കൂട്ടത്തില്‍ നിന്ന് ലഭിച്ചത്. അച്ഛന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇരുവരും വിവാഹമോചനത്തിന്റെ വക്കില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബപ്രശ്നങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അച്ചന്റെയും, അമ്മയുടേയും മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇരുവരേയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നത്. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവിന്റെ മൊഴി. എന്നാല്‍ കുഞ്ഞ് ഉണര്‍ന്നശേഷം, ശ്രദ്ധിക്കണമെന്ന് പ്രണവിനോട് പറഞ്ഞിരുന്നതായി ശരണ്യ പറയുന്നു. നിലവില്‍, ഈ മൊഴി അന്വേഷണസംഘം വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ് ശരണ്യയുടെ കിടക്കവിരിയടക്കമുള്ള സാധനങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി പൊലീസ് അയച്ചിരിക്കുന്നതും. ശരണ്യയും, പ്രണവും വിവാഹമോചനത്തിന്റെ വക്കില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
ശരണ്യയ്ക്ക് മറ്റു വിവാഹാലോചനകള്‍ നടന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രണവ് വീട്ടില്‍ വരുന്നത് ശരണ്യയുടെ പിതാവ് വിലക്കിയിരുന്നു. അദ്ദേഹം വീട്ടില്‍ ഇല്ലാത്ത തക്കം നോക്കിയാണ് ഞായറാഴ്ച രാത്രി പ്രണവ് എത്തിയത്. ഈ കുടുംബപ്രശ്നങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. സമീപവാസികളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.
യുഎസ് പ്രസിഡന്റിന്റെ വരവിനോടനുബന്ധിച്ച മതിൽ നിർമാണം വിവാദമായതോടെ അഹമ്മദാബാദിലെ ചേരി നിവാസികളെ പൂർണമായും ഒഴിപ്പിക്കാൻ ശ്രമം. ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാൻ അഹമ്മദാബാദ് കോർപ്പറേഷൻ നോട്ടിസ് നൽകി.
ട്രംപും-മോദിയും പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടിയുമായി ഇതിനു ബന്ധമില്ലെന്നാണു കോർപ്പറേഷന്റെ വിശദീകരണം. അതിനിടെ മതിലിന്റെ നിർമാണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചേരി നിവാസികള്‍ കയ്യേറി താമസിക്കുന്നത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമിയാണെന്നും ടൗണ്‍ പ്ലാനിംഗിന്റെ ഭാഗമായാണു നടപടിയെന്നും കോര്‍പ്പറേഷന്‍ പറയുന്നു. ഏഴു ദിവസത്തിനകം ഇവർ ഒഴിഞ്ഞു പോകണം. എങ്ങോട്ടു വേണമെങ്കിലും പൊയ്‌ക്കോളൂ എന്നാണ് അധികൃതര്‍ പറയുന്നതെന്നു ചേരി നിവാസികള്‍ പറയുന്നു. കുറഞ്ഞതു നാല് പേരെങ്കിലും അടങ്ങുന്ന ഓരോ കുടുംബവും താല്‍ക്കാലികമായി എവിടെ അന്തിയുറങ്ങുമെന്ന് അറിയാതെ ദുരിതത്തിലാണ്.
ഈ മാസം ഈ മാസം 24,25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. സന്ദര്‍ശനവേളയില്‍ അഹമ്മദാബാദിലെ ചേരി കാണാതിരിക്കാനല്ല സുരക്ഷ ഉറപ്പാക്കാനാണ് മതിൽ പണിതതെന്നായിരുന്നു ഗുജറാത്ത് സർക്കാരിന്റെ വിശദീകരണം. ഗുജറാത്തെന്നാൽ അമേരിക്ക പോലെ വികസിച്ചതാണെന്ന വ്യാജപ്രചാരണം സത്യമാക്കാനെന്ന പോലെ ചേരികളും ദരിദ്രജീവിതങ്ങളും മറച്ചുവയ്ക്കാനാണ് ഏഴടിയോളം ഉയരത്തിൽ മതിൽ പണിയുന്നതെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയത്. മോദി യുഎസ് സന്ദർശിച്ചപ്പോൾ നടത്തിയ ഹൗഡി മോദി പരിപാടിക്കു സമാനമായ രീതിയിൽ കെം ഛോ ട്രംപ് (ഹൗ ആർ യു ട്രംപ്) പരിപാടിയും ലക്ഷങ്ങളെ പങ്കെടുപ്പിച്ചു റോഡ് ഷോയും നടത്താനാണു മോദിയും വിജയ് രുപാണി സർക്കാരും ലക്ഷ്യമിടുന്നത്.
മൂന്നുമണിക്കൂർ മാത്രം ഗുജറാത്തിൽ ചെലവഴിക്കുന്ന ട്രംപ് കടന്നു പോകുന്ന വഴികളിൽ കോടികൾ മുടക്കിയുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിരുന്നു. ട്രംപ് കടന്നു പോകുന്ന വഴികളിലെ പാൻമസാല കടകൾ സീൽ ചെയ്തതായും വഴിയിലെ തെരുവ്‌നായ്ക്കളെ പൂട്ടിയിടാന്‍ തീരുമാനിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
പട്ടിക വിഭാഗ തൊഴിൽ സംവരണത്തിനെതിരെയുണ്ടായ സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്രസർക്കാരിന്റെ നടപടി വൈകുന്നു എന്നു കുറ്റപ്പെടുത്തിയാണ്, അഹമ്മദാബാദ് മൊട്ടേരയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തിന് ട്രംപ് എത്തുമ്പോൾ വേദിക്കു പുറത്തു പ്രതിഷേധിക്കാൻ കോൺഗ്രസ് നീക്കം.
നഗരത്തിൽ ട്രംപ് വരുന്നതിനു മുൻപായി സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പതിനായിരത്തോളം പൊലീസുകാരെ വഴിയിലുടനീളം വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും സുരക്ഷയ്ക്കു കോടികളാണു മുടക്കിയിരിക്കുന്നത്. ഇതോടെ കോൺഗ്രസിന്റെ പ്രതിഷേധം കൈകാര്യം ചെയ്യുകയെന്നതു സർക്കാരിനു അഭിമാനപ്രശ്നമാകും.
സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തില്‍ സംവരണം മൗലികാവകാശമല്ലെന്നും അതു സർക്കാരിനു തീരുമാനിക്കാവുന്നതാണെന്നും അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി അടക്കമുള്ള നടപടികൾ കേന്ദ്ര സർക്കാർ എടുക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ഇതിൽ കാലതാമസമുണ്ടാവുന്നെന്ന് ആരോപിച്ചാണു കോൺഗ്രസ് ഡൽഹിയിലും ഗുജറാത്തിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ തുടക്കമാണ് ഇതെന്നും വേണ്ടിവന്നാൽ ട്രംപും മോദിയും ഒന്നിക്കുന്ന മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിന്റെ വേദിക്കു പുറത്തു പ്രതിഷേധിക്കുമെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് ഛാവഡ വ്യക്തമാക്കി.
അനധികൃത ഫ്ലക്സുകള്‍ക്കെതിരെ നടപടി. ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഡിജിപി സര്‍ക്കുലര്‍ അയച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഫ്ലെക്സുകള്‍ മാറ്റണമെന്ന റോഡ് സുരക്ഷാ അതോറിറ്റിയും ഉത്തരവിറക്കി. നിര്‍ദേശങ്ങള്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ്.യാത്രക്കാരുടെ ശ്രദ്ധയാകർഷിക്കുന്നതും, ഫുട്ട്പാത്തുകൾ കൈയടക്കിയുള്ള ഫ്ലക്സുകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
ഭര്‍ത്താവിന്റെ അക്രമത്തില്‍ ഗുരുതരമായി പൊളളലേറ്റ നഴ്‌സും ചാലാട് സ്വദേശിനിയുമായ രാഖിയുടെ മരണ വാർത്തയറിഞ്ഞ് ഞെട്ടലോടെ നാട്ടുകാർ. രണ്ടാഴ്ച മുമ്പാണ് മരഫര്‍ണ്ണിച്ചര്‍ പോളിഷിനായി ഉപയോഗിക്കുന്ന തിന്നര്‍ ഉപയോഗിച്ച് ഭര്‍ത്താവ് പൊള്ളലേൽപ്പിച്ചത്. തിങ്കളാഴ്ച്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് രാഖി മരണത്തിന് കീഴടങ്ങിയത്. ഭര്‍തൃവീട്ടില്‍ വച്ച് രാഖിയെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഭര്‍ത്താവ് സന്ദീപ് തന്നെ തിന്നര്‍ ഒഴിച്ച് തീ വെക്കുകയായിരുന്നുവെന്ന് രാഖി മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ പറഞ്ഞിരുന്നു. അമിതമായി മദ്യപിച്ചെത്തിയ സന്ദീപ് അക്രമിക്കുകയും വീടിന്റെ പുറത്ത് വരാന്തയിലേക്ക് വലിച്ചിഴച്ച് തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നുമാണ് രാഖിയുടെ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. സംഭവം നടന്നതിനു ശേഷം പ്രദേശത്തുള്ള ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രാഖിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.
നേരത്തെ യുവതിയുടെ മൊഴി പ്രകാരം ഭര്‍ത്താവ് സന്ദീപിനെ അറസ്റ്റു ചെയ്തിരുന്നു. കുടുംബ വഴക്കിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രാഖിആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. എന്നാല്‍ രാഖി ആശുപത്രിയില്‍ നിന്നും മൊഴി നല്‍കിയത് ഇതിനു കടകവിരുദ്ധമായാണ്. ഭര്‍ത്താവ് തിന്നറുപയോഗിച്ചു സിഗരറ്റ് ലൈറ്റുക്കൊണ്ടു തീകൊളുത്തിയെന്നാണ് രാഖിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണം പൊലിസ് കേസെടുത്തത്. അതീവഗുരുതരവാസ്ഥയില്‍ തുടരുന്നതിനാലാണ് രാഖിയെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആർ എസ് എസ് പ്രവർത്തകനായ ഭർത്താവ് സന്ദീപ് ഒളിവിലാണ്. സംഭവം നടന്നതിനു ശേഷം ആശുപത്രിയിൽ എത്തിച്ചവർ തന്നെ ഭീഷണിപ്പെടുത്തിയെന്നും രാഖി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപിന്റെ പേര് പറഞ്ഞാൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊല്ലും എന്നായിരുന്നു ഭീഷണി.അതുകൊണ്ടാണ് ഭർത്താവാണ് തീവെച്ചത് എന്ന് ആദ്യം പറയാതിരുന്നതെന്നും മൊഴിയിൽ ഉണ്ട്. എന്നാൽ നാലു ദിവസത്തിൽ കൂടുതൽ ജീവിക്കില്ല എന്ന് ഡോക്ടറുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് മരണമൊഴി നൽകുന്നതിന് തയ്യാറായത്. ഒരു നഴ്സ് ആയതിനാലാണ് ഡോക്ടറുടെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ തനിക്ക് കഴിഞ്ഞതെന്നും രാഖി വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ ടൗൺ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുരൂഹസാഹചര്യത്തില്‍ കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. കമ്പം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കമ്ബം സ്വദേശി വിഘ്നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തില്‍ വിഘ്നേശ്വരന്റെ അമ്മയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടി മാറ്റിയ വിഘ്നേശ്വരന്റെ തല ഒരു കിണറ്റില്‍ നിന്നു കണ്ടെത്തി. കൈയും കാലും മറ്റൊരിടത്ത് കുളത്തില്‍ ഉപേക്ഷിച്ചു. മകന്റെ സ്വഭാവദൂഷ്യമാണ് കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു അമ്മ മൊഴി നല്‍കി.
യുവാവിന്‍റെ അമ്മയും സഹോദരനും ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇവര്‍ തമിഴ്നാട് സ്വേദേശികളാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള കനാലില്‍ ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒന്‍പത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി മൃതദേഹം വലിച്ചെറിഞ്ഞതായി ഇവര്‍ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷം അവശിഷ്ടങ്ങള്‍ കളയാനെത്തിയതാണ് എന്നു മറുപടി നല്‍കിത്. തുടര്‍ന്ന് ഇവര്‍ ഇവിടുന്നു മടങ്ങി. സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോഴാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഇരുവരേയും അവിടെ മുന്‍പ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവര്‍ പറഞ്ഞു. രാവിലെ പൊലീസ് നായ അടക്കം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ട്.
ദുരൂഹസാഹചര്യത്തില്‍ കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ കമ്ബത്തിനു സമീപം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. പൊലീസ് നായ അടക്കം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചില്ല. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ട്. 25 നും 30 നും ഇടയില്‍ പ്രായമുള്ള മൃതദേഹമാണ് ഇതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കേരളത്തിന്റെ അതിര്‍ത്തി മേഖലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
സമീപത്തുള്ള കനാലില്‍ ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒന്‍പത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി മൃതദേഹം വലിച്ചെറിഞ്ഞതായി ഇവര്‍ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷം അവശിഷ്ടങ്ങള്‍ കളയാനെത്തിയതാണ് എന്നു മറുപടി നല്‍കിത്. തുടര്‍ന്ന് ഇവര്‍ ഇവിടുന്നു മടങ്ങി. സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോഴാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഇരുവരേയും അവിടെ മുന്‍പ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവര്‍ പറഞ്ഞു.
മുന്‍ ഭര്‍ത്താവും സംവിധായകനുമായ വിജയ്യുമായി നടി അമല പോള്‍ പിരിയാന്‍ കാരണം നടന്‍ ധനുഷ് ആണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തയോട് പ്രതികരിത്ത് അമല രംഗത്തെത്തി. വിവാഹമോചനത്തെ കുറിച്ച് പ്രചരിക്കുന്ന കഥകള്‍ അനാവശ്യമാണെന്നും വിവാഹമോചനം തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും അമല പറഞ്ഞു.
എന്റെ വിവാഹമോചനത്തിന് ആരും കാരണക്കാരല്ല. അത് വ്യക്തിപരമായ കാര്യമാണ്. ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷി ആണെന്നും അമല വ്യക്തമാക്കി. രണ്ടാമതൊരു വിവാഹം ഉടന്‍ ഉണ്ടാവില്ലെന്നും പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയ ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അമല വ്യക്തമാക്കി.
അമല പോളിന്റെ വിവാഹബന്ധം തകരാന്‍ കാരണം ധനുഷ് ആണെന്ന് വിജയ്‌യുടെ അച്ഛനും നിര്‍മാതാവുമായ അളകപ്പന്‍ ആരോപിച്ചിരുന്നു. വിവാഹശേഷം അഭിനയിക്കുന്നില്ലെന്നാണ് അമല തീരുമാനിച്ചിരുന്നതെന്നും ധനുഷാണ് തിരികെ വരാന്‍ നിര്‍ബന്ധിച്ചതെന്നുമായിരുന്നു അളകപ്പന്‍ പറഞ്ഞത്. ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല ഒപ്പിട്ടിരുന്നു. ധനുഷിന്റെ നിര്‍ബന്ധപ്രകാരമാണ് അമല അഭിനയിക്കാന്‍ തയ്യാറായതെന്നും അളകപ്പന്‍ പറയുകയുണ്ടായി.