ജെഎന്‍യു ക്യാമ്പസില്‍ പ്രതിഷേധങ്ങള്‍ക്കിടെ അതിക്രൂരമായി ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിനി ഐഷി ഘോഷിനെ മുഖ്യമന്ത്രി കണ്ടു. ഡല്‍ഹിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും സംഘവും മുഖ്യമന്ത്രിയെ കണ്ടത്.
ജെഎന്‍യു ക്യാമ്പസില്‍ നടന്ന ആക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 32 പേര്‍ക്ക് പരിക്കുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന മലയാളി വിദ്യാര്‍ത്ഥി പിണറായി വിജയനോട് പറഞ്ഞു. സംഭവത്തിനിടെ നിരവധി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റതും കൂടിക്കാഴ്ചക്കെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അതേസമയം പുറത്തുനിന്ന് വന്നവര്‍ ഇരുമ്പ് വടികൊണ്ടാണ് തലയ്ക്ക് അടിച്ചതെന്ന് ഐഷി ഘോഷ് പറഞ്ഞു. പരിശീലനം നേടിയവരാണ് അക്രമികളെന്നും അതുകൊണ്ടാണ് തലയ്ക്ക് അടിച്ചതെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. പോരാട്ടം തുടരണമെന്നും പിന്‍മാറരുതെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. കേരളത്തിന്റെ പിന്തുണയില്‍ നന്ദിയുണ്ടെന്നായിരുന്നു ഐഷി ഘോഷിന്റെ പ്രതികരണം.
ടെഹ്റാൻ വിമാനത്താവളത്തിന് സമീപം തകർന്ന വീണ ഉക്രൈയിൻ വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന വെളിപ്പെടുത്തലുമായി ഇറാൻ. ഉക്രേനിയൻ യാത്രാവിമാനം തകർക്കുന്നതിൽ ഇറാൻ സൈനിക പങ്ക് ശനിയാഴ്ച പുലർച്ചെയാണ് ഇറാൻ പ്രഖ്യാപിച്ചത്. വെടിവയ്പ്പ് “മനപൂർവമല്ല” എന്നും “മനുഷ്യ സഹജമായ തെറ്റ്” സംഭവിച്ചതാണെന്നും അധികൃതരെ ഉദ്ധരിച്ച ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പ്രതികരിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ചയാണ് തെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന 176 യാത്രക്കാരും മരിക്കുകയും ചെയ്തിരുന്നു. കുതിച്ചുയര്‍ന്ന ഉടന്‍ ഉക്രൈയ്ന്‍ വിമാനം തെഹ്‌റാനില്‍ തകര്‍ന്നുവീണത് ഇറാന്റെ മിസൈല്‍ പതിച്ചാണെന്ന സംശയം നേരത്തെ തന്നെ ബലപ്പെട്ടിരുന്നു.
എന്നാല്‍ വിമാനം തകര്‍ന്നത് അബന്ധത്തില്‍ മിസൈല്‍ പതിച്ചാണെന്ന് ആരോപണം ഇറാന്‍ നേരത്തെ നിഷേധിച്ചിരുന്നു. ഇറാനെതിരെ നടത്തുന്ന മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമാണ് ഈ ആരോപണമെന്നായിരുന്നു ഇറാന്റെ അവകാശവാദം. ഇതിന് വിരുദ്ധമാണ് പുതിയ റിപ്പോർട്ടുകൾ.
അമേരിക്കന്‍ യുദ്ധ വിമാനമാണെന്ന് കരുതി യാത്രാ വിമാനത്തെ മിസൈല്‍ ലക്ഷ്യമാക്കുകയായിരുന്നുവെന്ന് സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടൻ കാനഡ എന്നീ രാജ്യങ്ങള്‍ വിമാനം തകരാന്‍ കാരണം മിസൈല്‍ പതിച്ചതാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.അരോപണം ശരിവെയ്ക്കുന്നതായിരുന്നും പിന്നീട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍. അമേരിക്കന്‍ മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍ എന്നിവരാണ് മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
സമയം 11.18. നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ നാല് ഫ്ലാറ്റുകളിൽ ഒന്നാമത്തെ ഫ്ലാറ്റ് എച്ച് 2 ഒ നിലംപൊത്തിയപ്പോൾ കേരളം കണ്ടത് അവിശ്വസനീയമായ ചരിത്രകാഴ്ച. 19 നിലകളുള്ള വലിയ കെട്ടിടം തകർന്നുവീണത് അഞ്ച് സെക്കൻഡിൽ. തൊട്ടുപിന്നാലെ ആൽഫാ സെറീന്റെ രണ്ട് ടവറുകൾ ഉൾപ്പെടുന്ന ഫ്ലാറ്റും മണ്ണിലടിഞ്ഞു. സുപ്രീം കോടതി വിധിയുടെ ആദ്യ ദിന ദൗത്യം പൂർത്തിയായപ്പോൾ അത്യപൂർവ്വ കാഴ്ചക്ക് കൂടിയാണ് കേരളം സാക്ഷ്യം വഹിച്ചത്.
212.4 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് എച്ച്2ഒ തകർത്തത്. 1471 ദ്വാരങ്ങളിലാണ് ഇവ നിറച്ചിരുന്നത്. 21, 450 ടൺ കെട്ടിട അവശിഷ്ടങ്ങളുണ്ട്. ആൽഫാ സെറിന്റെ ഇരട്ട ടവറുകൾ തകർത്തത് 343 കിലോഗ്രാം സ്ഫോടക വസ്തു ഉപയോഗിച്ചാണ്. 3598 ദ്വാരങ്ങളിലാണ് ഇവ നിറച്ചത്. 21,400 ടൺ അവശിഷ്ടങ്ങളാണ് പ്രദേശത്തുള്ളത്.
ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെയും റോഡുകളിലെ കാഴ്ചക്കാരേയും മാറ്റിയിരുന്നു. ഫ്ലാറ്റുകള്‍ തകര്‍ന്നുവീഴുമ്പോഴുള്ള പൊടി 50 മീറ്റര്‍ ചുറ്റളവില്‍ നിറയും. വൻ ജനക്കൂട്ടമാണ് സ്ഫോടനം കാണാൻ കൊച്ചിയിൽ തടിച്ചുകൂടിയത്.
കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റായി എച്ച്2ഒ ഹോളിഫെയ്ത്ത് മാറി. മുൻനിശ്ചയിച്ചതിൽ നിന്ന് അൽപം സമയമാറ്റത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയത്. രണ്ടാം സൈറൺ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. ഇത് ചെറിയ ആശങ്ക സൃഷ്ടിച്ചിരുന്നു. നേവിയുടെ അനുമതി വൈകിയത് മൂലമാണ് സൈറണും വൈകിയത്. ഹെലികോപ്റ്റര്‍ മടങ്ങിയശേഷം സൈറണ്‍ മുഴങ്ങുകയായിരുന്നു.
ആൽഫ പൊളിഞ്ഞപ്പോൾ ഉയർന്നത് 46000 ടൺ കോൺക്രീറ്റ് അവശിഷ്ടം. മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെതായ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തും ആൽഫാ സെറീൻ ഇരട്ട ടവറുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റായി എച്ച്2ഒ ഹോളിഫെയ്ത്ത് മാറി. മുൻനിശ്ചയിച്ചതിൽ നിന്ന് അൽപം സമയമാറ്റത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയത്. രണ്ടാം സൈറൺ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്.
തുടർന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റിലും സ്ഫോടനങ്ങൾ അരങ്ങേറി. ഇവിടെ രണ്ടു ടവറുകളും ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ തകർത്തു. ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ ഞായറാഴ്ചയാണ് തകർക്കുക.
ആൽഫ സെറീനിന്റെ അവശിഷ്ടങ്ങൾ ചുറ്റുവട്ടത്തേക്ക് തെറിച്ചു. തെങ്ങിൻതലപ്പുകളെപ്പോലും മൂടുന്ന രീതിയിലേക്കാണ് ആൽഫ വീണത്. വലിയൊരു അവശിഷ്ട കൂന രൂപപ്പെട്ടു. ഇനി ഈ രിതിയിൽ പൊളിച്ചിട്ട് അവശിഷ്ടങ്ങൾ എടുത്തുമാറ്റാനാണോ തീരുമാനമെന്നും വ്യക്തമല്ല. കെട്ടിടത്തിന്റെ മുകളിലേക്ക് പൊടിപടലങ്ങൾ ഉയർന്നു. അടുത്തുള്ള കെട്ടിടങ്ങൾക്ക് ആഘാതം സംഭവിച്ചിട്ടുണ്ടോയെന്ന് പൊടി ഒഴിഞ്ഞാൽ മാത്രമേ അറിയാൻ സാധിക്കൂ. രണ്ടാമത്തെ കെട്ടിടവും ഒരേസമയത്ത് തന്നെ വീണു.
ഒന്നാം ദിവസത്തെ ദൗത്യം പൂർത്തിയായി. തേവര-കുണ്ടനൂർ പാലം സുരക്ഷിതമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മരടിലെ ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റ് തകർന്നുവീണപ്പോൾ പഴയൊരു ദേശീയ റെക്കോർഡ് കൂടി ചരിത്രമായി. രാജ്യത്ത് ഇതുവരെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത ഏറ്റവും വലിയ കെട്ടിടം ചെന്നൈയിലെ മൗലിവാക്കത്തെ 11 നില കെട്ടിടമായിരുന്നു. ഈ റെക്കോർഡ് ആണ് 19 നിലകളുള്ള എച്ച്2ഒ ഫ്ലാറ്റ് സ്വന്തമാക്കിയത്.
2016 നവംബർ രണ്ടിന് രാത്രി ഏഴരക്കാണ് മൗലിവക്കത്തെ കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. 2020 ജനുവരി 11 ന് രാവിലെ 11.19ന് പുതിയ ചരിത്രം പിറന്നു.
തിരുവല്ല: നിർമ്മാണ രീതിൽ ഏറെ വ്യത്യസ്തത നിറഞ്ഞതും കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൻ്റ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്നതുമായ ക്രിസ്തുശില്പം ( ഹീലീംങ്ങ് ക്രൈസ്റ്റ് )ലോക റിക്കോർഡിൽ പരിഗണിക്കുന്നതിനു ഉള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.368cm ഉയരവും 2400 കിലോ ഭാരവുമുള്ള ശില്പം 2 വർഷം മുമ്പാണ് ഇവിടെ സ്ഥാപിച്ചത്.
യൂണിവേഴ്സൽ റിക്കോർഡ് ഫോറം ചീഫ് എഡിറ്റർ ഡോ.ഗിന്നസ് സുനിൽ ജോസഫ് , ജൂറി അംഗം ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ കഴിഞ്ഞ ദിവസം ശില്പം സന്ദർശിക്കുകയും മാനേജർ ഫാദർ സിജോ പന്തപള്ളിൽ നിരണം അതിഭദ്രാസന പി.ആർ.ഒ സിബി സാം തോട്ടത്തിൽ ശില്പി ബാലകൃഷ്ണൻ ആചാരി എന്നിവരുമായി ചർച്ച നടത്തി വിവരങ്ങൾ നേരിട്ട് ശേഖരിച്ചു.ഒന്നര വർഷം കൊണ്ട് 3 ഘട്ടമായിട്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തികരിച്ചത്.ആദ്യം സിമൻറ് കൊണ്ട് ഇതേ വലിപ്പത്തിൽ നിർമ്മിച്ചതിന് ശേഷം അച്ച് നിർമ്മിച്ച് മെഴുക് ഷീറ്റിൽ തനതായ രൂപം ഉണ്ടാക്കിയിട്ടാണ് 2 ഇഞ്ച് ഘനത്തിൽ പ്രത്യേകം തയ്യറാക്കി എടുത്ത ലോഹത്തിൽ ഇത് വാർത്ത് ഉണ്ടാക്കിയത്. ചെമ്പ് ,വെളുത്തീയം, നാകം എന്നിവ പ്രത്യേക ആനുപാദത്തിൽ ചേർത്ത് ഉരുക്കിയെടുത്ത് ഉണ്ടാക്കിയ ലോഹത്തിന് കടുപ്പം കൂടുതലാണ്.
ബ്രസീലിലെ റിയോവിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തുശില്പത്തിന് 125 അടി ഉയരമുണ്ടെങ്കിലും കോൺക്രീറ്റിൽ ആണ് നിർമ്മാണം.
മൂന്ന് ലോഹങ്ങളിൽ നിർമ്മിച്ച ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ക്രിസ്തു ശില്പമാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽകോളേജിൽ സ്ഥിതി ചെയ്യുന്നത്.
പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ . ലോകത്തെ ഏറ്റവും ചെറിയ ലെഡ്ലെസ് പേസ്മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തിയതുൾപ്പെടെ ചികിത്സാരംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ.
മസ്‌ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്.
ഒമാന്‍ ഭരണാധികാരിയുടെ മരണത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അടുത്ത 40 ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അധികാരമേറ്റത്.
അവിവാഹിതനായ ഇദ്ദേഹത്തിന് സഹോദരങ്ങളുമില്ല. ആരാകും അദ്ദേഹത്തിന്റെ പിൻഗാമി എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. ഒമാൻ ഭരണഘടന അനുസരിച്ച് ഭരണാധികാരി മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താൽ മൂന്നു ദിവസത്തിനകം പിൻഗാമിയെ കണ്ടെത്തണം.
പൂനെയിലും സലാലയിലുമായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനായിരുന്നു. ഇന്ത്യയുമായി എക്കാലത്തും സവിശേഷബന്ധം പുലര്‍ത്തിപ്പോന്ന ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്.
ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനിക യുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്ന പേരുമാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി.
രാജ്യ മനസാക്ഷിയെ ഞെട്ടിച്ച ഡൽഹി കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കാൻ ഡൽഹിയിലെ പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. മീററ്റിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ സിന്ദി റാം എന്ന പവൻ ജല്ലാദും ഈ ദിവസത്തിനായി കാത്തിരിക്കുകയാണ്, കാരണം മറ്റൊന്നാണെങ്കിലും.
ഉത്തർപ്രദേശിലെ രണ്ട് തൂക്കിക്കൊല്ലക്കാരിൽ ഒരാളാണ് പവൻ (52). 23 കാരിയെ ബലാത്സംഗത്തിനിരയാക്കിയ മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരെ തൂക്കിക്കൊല്ലാൻ ഏൽപ്പിച്ചിരിക്കുന്നത് അദ്ദേഹത്തെയാണ്.
“നാല് പ്രതികളെ തൂക്കിക്കൊല്ലുന്നതിലൂടെ എനിക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് എന്റെ അഞ്ച് പെൺമക്കളിൽ ഏറ്റവും ഇളയവളുടെ വിവാഹം നടത്താൻ കഴിയും. ഓരോ തൂക്കിക്കൊല്ലലിനും സർക്കാർ 25,000 രൂപ (ഔദ്യോഗിക സ്ഥിരീകരണം ഇല്ല) നൽകും. അതിനാൽ, എനിക്ക് ഒരു ലക്ഷം രൂപ (നാല് കുറ്റവാളികൾ) ലഭിക്കും, ആ തുക ഉപയോഗിച്ച് എനിക്ക് എന്റെ മകളെ വിവാഹം കഴിച്ചയയ്ക്കാൻ മാത്രമല്ല, വായ്പ തിരിച്ചടയ്ക്കാനും കഴിയും,” പവൻ പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരായ സത്വന്ത് സിംഗ്, കെഹർ സിംഗ് എന്നിവരെ തൂക്കിലേറ്റിയത് പവന്റെ പിതാവ് പിതാവ് മമ്മു സിങും മുത്തച്ഛൻ കല്ലു ജല്ലദുമായിരുന്നു. 1989 ജനുവരി 6 ന് തിഹാർ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്.
ഏഴ് മക്കളുടെ പിതാവായ പവൻ, ഇതോടകം നാല് പെൺമക്കളെ വിവാഹം കഴിച്ചയച്ചു. “അവൾ എന്റെ അവസാന ഉത്തരവാദിത്തമാണ്. വധശിക്ഷയെ കുറിച്ച് എനിക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, മീററ്റിലെ ജയിൽ ഉദ്യോഗസ്ഥർ എന്നോട് മാനസികമായും ശാരീരികമായും ഒരുങ്ങിയിരിക്കാൻ ഇതിനകം പറഞ്ഞിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
ജയിലിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്താൻ പവനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മീററ്റ് ജയിൽ സൂപ്രണ്ട് ബി ഡി സിങ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. എല്ലാ ദിവസവും ഞങ്ങൾ അദ്ദേഹത്തിന്റെ വൈദ്യപരിശോധന നടത്തുന്നുണ്ട്. വധശിക്ഷയ്ക്കായി തിഹാറിലേക്ക് അയയ്ക്കാൻ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അദ്ദേഹവും ലഖ്‌നൗവിലെ മറ്റൊരാളും മാത്രമാണ് സംസ്ഥാനത്തെ രണ്ട് ഔദ്യോഗിക ആരാച്ചാർമാർ. ഇക്കുറി ആരാച്ചാർ യുപിയിൽ നിന്നായിരിക്കുമെന്ന് ഞങ്ങൾക്ക് അറിഞ്ഞു. അതിനാൽ ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുമ്പോൾ ഞങ്ങൾ പവനെ ഡൽഹിയിലേക്ക് അയയ്ക്കും,” സിങ് പറഞ്ഞു.
യുഎഇയിലും ഒമാനിലും കനത്ത മഴ തുടരുന്നു. ശക്തമായ തണുത്ത കാറ്റുവീശുന്ന സാഹചര്യത്തിൽ അന്തരീക്ഷ താപനില താഴ്ന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു അധികൃതർ നിർദേശിക്കുന്നു.
ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴയിൽ താഴ്ന്ന മേഖലകൾ പലതും വെള്ളത്തിലായി. പ്രധാന റോഡുകളിലടക്കം വെള്ളക്കെട്ടുണ്ടായി. തിങ്കൾ വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പ്. ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാദികൾക്കു സമീപത്തു നിന്നു വിട്ടുനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. മുന്നിലുള്ള വാഹനവുമായി നിർബന്ധമായും സുരക്ഷിത അകലം പാലിക്കണം. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, ഉമ്മുൽഖുവൈൻ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ പുലർച്ചെ നല്ല മഴ ലഭിച്ചു. വടക്കൻ എമിറേറ്റുകളിലെ താഴ്ന്ന മേഖലകളിൽ വെള്ളം കയറി. റാസൽഖൈമ ജബൽ ജൈസ് മലനിരകളിലേക്കുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്.
പർവതമേഖലകളിൽ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇന്നലെ വൈകുന്നേരം മുതൽ അഞ്ചു തവണ കൃതൃമമഴയ്ക്കായി ക്ളൌഡ് സീഡിങ് നടത്തിയതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഒമാനിലെ മുസണ്ടം, ബുറൈമി, ബാത്തിന, ദാഹിറ, മസ്കത്ത്, ദാഖ് ലിയ ഗവർണറേറ്റുകളിൽ ഇടിയോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഒമാനിലും ഞായറാഴ്ച വരെ മഴയ്ക്കു സാധ്യതയുണ്ട്.
മരടിലെ ഫ്ലാറ്റുകളുടെ സമീപവാസികളെ ഒഴിപ്പിക്കുന്നു. സമീപത്തെ റോഡുകളിലെ കാഴ്ചക്കാരേയും പൊലീസെത്തി മാറ്റുകയാണ്. പൊളിക്കലിന് മുമ്പായി ഫ്ലാറ്റുകളുടെ മുമ്പിൽ പൂജ നടത്തി. ആൽഫ സെറിനിൽ ബ്ലാസ്റ്റിക്ക് സ്വിച്ചുകൾ ഘടിപ്പിച്ചു. കായലിൽ നിന്നും ബോട്ടുകളും മറ്റും ഒഴിപ്പിക്കുകയാണ്.
ഫ്ലാറ്റുകള്‍ 100 ശതമാനം സുരക്ഷിതമായി വീഴ്ത്താന്‍ കഴിയുമെന്ന് എഡിഫൈസ് എംഡി ഉത്കര്‍ഷ് മേത്ത. സമീപത്തെ വീടുകള്‍ക്ക് കേടുപാട് വരില്ല. കായലില്‍ കാര്യമായി അവശിഷ്ടങ്ങള്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. പൊടി പ്രശ്നമായേക്കും. എന്നാൽ, ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാനാകുമെന്നും എംഡി പറഞ്ഞു.
ഫ്ലാറ്റുകൾക്ക് ചുറ്റും 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകിട്ട് നാല് വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. 9 മണിക്കുള്ളിൽ ഫ്‌ളാറ്റുകളുടെ പരിസരത്ത് 200 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ ഒഴിഞ്ഞു പോകണം. മരടില്‍ ഒന്‍പതുമുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പെടുത്തുമെന്ന് സബ് കലക്ടര്‍ അറിയിച്ചു.
മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി മൂന്നു സൈറണുകള്‍ മുഴങ്ങും. 10.30ന് ആദ്യ സൈറണ്,10.55 ന് രണ്ടാം സൈറണ്‍, 10.59ന് മൂന്നാം സൈറണ്‍ മുഴങ്ങുന്നതിന് പിന്നാലെ എച്ച്. ടു.ഒയില്‍ സ്ഫോടനം നടക്കും.
മരടിലെ ഫ്ലാറ്റുകൾ മണ്ണടിയാന്‍ മണിക്കൂറുകള്‍ മാത്രമാണ്. തീരദേശ പരിപാലന നിയമം ലംഘിച്ചു പണിതുയർത്തിയ നാല് ഫ്ലാറ്റുകളിൽ രണ്ടെണ്ണം ഇന്ന് നിയന്ത്രിത സ്ഫോടനത്തിൽ തകർക്കും. കുണ്ടന്നൂർ കായലോരത്തെ H20 ഫ്ലാറ്റിൽ രാവിലേ 11 മണിക്കും തുടർന്ന് അഞ്ചു മിനുട്ട് ഇടവേളയിൽ ആൽഫാ സെറിൻ ഫ്ലാറ്റിന്റെ ഇരട്ട കെട്ടിടങ്ങളിലും ആണ് സ്ഫോടനം.
കൊല്ലത്ത് അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുറയില്‍കുന്ന് എസ്‌എന്‍ യുപി സ്‌കൂളിലെ അധ്യാപിക സുഖലതയാണ് മരിച്ചത്. കരുനാഗപ്പള്ളി തൊടിയൂരിലാണ് സംഭവം.സ്ഥലത്ത് പോലിസും ഫോറന്‍സിക് വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അടുക്കളയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. അടുക്കളയില്‍ തീപിടിത്തം നടന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതമായ നിലയിലായിരുന്നു
കാത്തിരുന്ന് കിട്ടിയ ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് തകർപ്പൻ തുടക്കത്തിനുശേഷം തകർച്ചയോടെ മടക്കം! നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ച് ക്യാപ്റ്റൻ വിരാട് കോലിയുള്‍പ്പെടെയുള്ള സഹതാരങ്ങളിലും ആരാധകരിലും ആവേശമുണർത്തിയ സഞ്ജു, രണ്ടാം പന്തിൽ എൽബിയിൽ കുരുങ്ങി പുറത്തായി. കാത്തുകാത്തിരുന്നു കിട്ടിയ അവസരത്തിൽ സഞ്ജു ആവേശത്തോടെ തുടങ്ങിയെങ്കിലും ആ ആവേശം അതേപടി നിലനിർത്താനാകാതെ പോയത് ആരാധകർക്കും നിരാശയായി. പിന്നീടു വിക്കറ്റിനു പിന്നിൽ കരുത്തുകാട്ടിയ സഞ്ജു ഒരു സ്റ്റംപിങ്ങും സ്വന്തമാക്കി കയ്യടി നേടി. ബാറ്റുകൊണ്ടും ബോളുകൊണ്ടും കരുത്തുകാട്ടിയ ഷാർദുൽ താക്കൂറാണ് കളിയിലെ കേമൻ. നവ്ദീപ് സെയ്നി പരമ്പരയുടെ താരമായി.
ട്വന്റി20യിൽ തന്റെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറി കണ്ടെത്തിയ ഓൾറൗണ്ടർ ധനഞ്ജയ ഡിസിൽവയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. 36 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 57 റൺസാണ് ധനഞ്ജയയുടെ സമ്പാദ്യം. ധനഞ്ജയയ്ക്കു പുറമെ ലങ്കൻ നിരയിൽ രണ്ടക്കം കടന്നത് ഒരാൾ മാത്രം. 20 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 31 റൺസെടുത്ത ഏഞ്ചലോ മാത്യൂസ്. അഞ്ചാം വിക്കറ്റിൽ വെറും 37 പന്തിൽനിന്ന് മാത്യൂസ് – ധനഞ്ജയ സഖ്യം അടിച്ചുകൂട്ടിയ 68 റൺസാണ് ശ്രീലങ്കയുടെ തോൽവിഭാരം ഇത്രയെങ്കിലും കുറച്ചത്.
ധനുഷ്ക ഗുണതിലക (ഒന്ന്), ആവിഷ്ക ഫെർണാണ്ടോ (ഒൻപത്), കുശാൽ പെരേര (10 പന്തിൽ ഏഴ്), ഒഷാഡ ഫെർണാണ്ടോ (അഞ്ച് പന്തിൽ രണ്ട്), ദസൂൺ ഷാനക (ഒൻപതു പന്തിൽ 9), വാനിന്ദു ഹസരംഗ (0), ലക്ഷൺ സന്ദാകൻ (ഒന്ന്), ക്യാപ്റ്റൻ ലസിത് മലിംഗ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റു ലങ്കൻ താരങ്ങളുടെ പ്രകടനം. ലഹിരു കുമാര ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി നവ്ദീപ് സെയ്നി 3.5 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷാർദുൽ താക്കൂർ, വാഷിങ്ടൻ സുന്ദർ എന്നിവർ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി. രണ്ടു ലങ്കൻ താരങ്ങൾ റണ്ണൗട്ടായി.
ട്വന്റി20യിൽ റൺ അടിസ്ഥാനത്തിൽ ശ്രീലങ്കയുടെ ഏറ്റവും വലിയ ആറാമത്തെ തോൽവിയാണിത്. ആദ്യ അഞ്ചു തോൽവികളിൽ രണ്ടെണ്ണവും ഇന്ത്യയുടെ വകതന്നെ. രാജ്യാന്തര ട്വന്റി20യിൽ ഒരു ടീമിനെതിരെ മറ്റൊരു ടീം നേടുന്ന കൂടുതൽ വിജയങ്ങളെന്ന റെക്കോർഡും ഇനി ഇന്ത്യയ്ക്കാണ്. ഇതുവരെ ശ്രീലങ്കയ്‌ക്കെതിരെ 19 മത്സരങ്ങളിൽ മുഖാമുഖമെത്തിയതിൽ 13–ാം ജയമാണ് ഇന്ത്യ കുറിച്ചത്. പാക്കിസ്ഥാൻ ശ്രീലങ്ക, ന്യൂസീലൻഡ് ടീമുകൾക്കെതിരെയും ഇംഗ്ലണ്ട് ന്യൂസീലൻഡിനെതിരെയും 13 ജയം നേടിയിട്ടുണ്ടെങ്കിലും അതെല്ലാം 21 മത്സരങ്ങളിൽനിന്നാണ്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്. ഓപ്പണർമാരായ ശിഖർ ധവാൻ (36 പന്തിൽ 52), കെ.എൽ. രാഹുൽ (36 പന്തിൽ 54) എന്നിവരുടെ അർധസെഞ്ചുറികളും ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ പടുത്തുയർത്തിയ 97 റൺസ് കൂട്ടുകെട്ടുമാണ് ഇന്ത്യൻ ഇന്നിങ്സിന് ഇന്ധനമായത്. അവസാന ഓവറുകളിൽ മനീഷ് പാണ്ഡെയും (18 പന്തിൽ പുറത്താകാതെ 31), ഷാർദൂല്‍ താക്കൂറും (8 പന്തിൽ പുറത്താകാതെ 22) ചേർന്നു നടത്തിയ ബാറ്റിങ് വിസ്ഫോടനമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. മലയാളി താരം സഞ്ജു സാംസൺ നേരിട്ട ആദ്യ പന്തു തന്നെ സിക്സർ പറത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. ശ്രേയസ് അയ്യർ (രണ്ട് പന്തിൽ നാല്), വിരാട് കോലി (17 പന്തിൽ 26), വാഷിങ്ടന്‍ സുന്ദർ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ ശിഖർ ധവാനും കെ.എല്‍. രാഹുലും ഇന്ത്യയ്ക്കു മികച്ച തുടക്കമാണു നൽകിയത്. ഇരുവരും ചേർന്നു കൂട്ടിച്ചേർത്തത് 97 റൺസ്. അർധസെഞ്ചുറിക്കു പിന്നാലെ ധവാനെ ലക്ഷൻ സന്ദാകൻ പുറത്താക്കിയതോടെ രണ്ടാമനായി സഞ്ജു എത്തി. ആദ്യ പന്തു സിക്സ് പറത്തി തുടങ്ങിയ സഞ്ജു രണ്ടാം പന്തിൽ തന്നെ എൽബി ആയി പുറത്തുപോയി. വനിന്തു ഹസരങ്കയാണ് സഞ്ജുവിനെ പുറത്താക്കിയത്. തൊട്ടുപിന്നാലെ രാഹുലും ശ്രേയസ് അയ്യരും പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി.
മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് വിരാട് കോലി റൺസുയർത്താൻ ശ്രമിച്ചെങ്കിലും കോലി റണ്ണൗട്ടായി പുറത്തുപോയി. വാഷിങ്ടൻ സുന്ദർ പൂജ്യത്തിന് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ഷാർദൂൽ ഠാക്കൂർ രണ്ട് സിക്സും ഒരു ഫോറുമുള്‍പ്പെടെ 8 പന്തില്‍ 22 റൺസെടുത്തു നിലയുറപ്പിച്ചതോടെ ഇന്ത്യൻ സ്കോർ 200 കടന്നു. ശ്രീലങ്കയ്ക്കായി ലക്ഷൻ സന്ദാകൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലഹിരു കുമാര, വനിന്തു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.