Latest News

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് തോൽവി. അഞ്ച് വിക്കറ്റിനാണ് ന്യൂസിലൻഡ് ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 297 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 47.1 ഓവറിൽ അഞ്ച് വിക്കറ്റ് ശേഷിക്കെ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 296 റൺസ് നേടി. ടോസ് ലഭിച്ച ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ന്യൂസിലൻഡ് തൂത്തുവാരി. ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റിനാണ് ന്യൂസിലൻഡ് ജയിച്ചത്. രണ്ടാം ഏകദിനത്തിൽ 22 റൺസിനായിരുന്നു വിജയം. നാണക്കേട് അകറ്റാൻ അവസാന ഏകദിനത്തിൽ ജയം തേടി ഇറങ്ങിയ ഇന്ത്യയ്‌ക്ക് കിവീസ് വീണ്ടും തിരിച്ചടി നൽകുകയായിരുന്നു. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര ഇന്ത്യ നേരത്തെ തൂത്തുവാരിയിരുന്നു.

ന്യൂസിലൻഡിനു വേണ്ടി ഓപ്പണർമാരായ മാർട്ടിൻ ഗുപ്‌റ്റിലും (66) ഹെൻറി നിക്കോളാസും (80) മികച്ച തുടക്കം നൽകി. അവസാന ഓവറിൽ തകർത്തടിച്ച കോളിൻ ഗ്രാൻഹോം ആണ് കിവീസിനു അനായാസ വിജയം സമ്മാനിച്ചത്. 28 പന്തിൽ നിന്നാണ് ഗ്രാൻഹോം പുറത്താകാതെ 58 റൺസ് നേടിയത്. മൂന്ന് സിക്‌സും ആറ് ഫോറും അടക്കമാണിത്. ഇന്ത്യയ്‌ക്കുവേണ്ടി യുസ്‌വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റ് നേടി.

ഇന്ത്യയ്‌ക്കുവേണ്ടി കെ.എൽ.രാഹുൽ സെഞ്ചുറി നേടി. അഞ്ചാമനായി ഇറങ്ങിയ രാഹുൽ 113 പന്തിൽ നിന്ന് ഒൻപത് ഫോറും രണ്ട് സിക്‌സുമായി 112 റൺസ് നേടി. ഏകദിന കരിയറിലെ നാലാം സെഞ്ചുറിയാണ് രാഹുൽ ഇന്നു നേടിയത്. ശ്രേയസ് അയ്യർ (62), മനീഷ് പാണ്ഡെ (42), പൃഥ്വി ഷാ (40) എന്നിവരും ഇന്ത്യയ്‌ക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തി. ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിക്ക് ഒൻപത് റൺസെടുക്കാനേ സാധിച്ചുള്ളൂ. ന്യൂസിലൻഡിനുവേണ്ടി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി.

പുല്ലൂറ്റ് കോഴിക്കടയില്‍ നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, നാലാം ക്ലാസ് വിദ്യാര്‍ഥി നീരജ് ഭര്‍ത്താവ് വിനോദ് എന്നിവര്‍ മരിച്ച് 24 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് ഭാര്യ രമ മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ, ഭര്‍ത്താവ് മൂവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. എന്നാല്‍, റിപ്പോര്‍ട്ടിലെ ഉള്ളടക്കം പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.

രമയുടെ തലയില്‍ അടിയേറ്റ ഒരു പാടുണ്ട്. സംഭവ ദിവസം മര്‍ദ്ദനമേറ്റ് രമയുടെ ബോധം നഷ്ടപ്പെടുകയും ഇതിന് ശേഷം വിനോദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാം. മണിക്കൂറുകള്‍ക്ക് ശേഷം രമയ്ക്ക് ബോധം തിരിച്ച് കിട്ടുകയും ഈ സമയം ഭര്‍ത്താവിന്റെയും മക്കളുടെയും മൃതദേഹം കാണുകയും ഇവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗനമം. കേസില്‍, ഇവരുടെ മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ഞായറാഴ്ച വൈകീട്ടാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജനല്‍ക്കമ്പിയില്‍ തൂങ്ങിനിന്നിരുന്ന മകള്‍ നയനയുടെ കാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി എല്ലാവരും ഭക്ഷണം കഴിച്ചതായി പൊലീസ് കരുതുന്നുണ്ട്. പാത്രങ്ങളെല്ലാം കഴുകി വെച്ച നിലയിലായിരുന്നു. ഇവര്‍ക്കു സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കളും പറയുന്നില്ല. ഈയിടെ സ്വര്‍ണാഭരണം വാങ്ങിയതും ചിട്ടി ലഭിച്ച തുക ഡിപ്പോസിറ്റ് ചെയ്തതായും ബന്ധുക്കള്‍ പറയുന്നു. എന്താണു സംഭവിച്ചതെന്നു പോലും ചിന്തിക്കാനാകാതെ ബന്ധുക്കളും മരണ വീട്ടിലെത്തി പകച്ചു നില്‍ക്കുന്ന കാഴ്ചയാണു കണ്ടത്.

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുഎഇയിൽ ഇന്ത്യൻ വംശജന് കൊറോണ ബാധിച്ചതായി സ്ഥിരീകരണം. രാജ്യത്ത് സ്ഥിരീകരിച്ച എട്ട് കേസുകളിൽ‌ ഒന്ന് ഇന്ത്യൻ പൗരനാണെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.

നേരത്തെ രോഗ ബാധകണ്ടെത്തിയ വ്യക്തികളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് തിങ്കളാഴ്ച പുതിയതായി രോഗബാധ സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച ഒരു ചൈനീസ് പൗരനും ഫീലിപ്പീൻ സ്വദേശിക്കും കൊറൊണ സ്ഥിരീകരിച്ചിരുന്നു. രോഗ ബാധ സ്ഥിരീകരിച്ചവർ‌ക്ക് എറ്റവും മികച്ച ചികിൽസാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ഇന്നു രാവിലെ വരെ 1,016 പേർ കൊറോണ ബാധിച്ചു മരിച്ചെന്നാണ് കണക്കുകൾ. 108 പേരാണ് തിങ്കളാഴ്ച മാത്രം മരിച്ചത്. ഇതിൽ 103 എണ്ണവും ഹ്യുബെ പ്രവശ്യയിലാണ്. 2,478 പേർക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,000 കവിഞ്ഞു. രോഗം സുഖപ്പെട്ട 3996 പേർ തിങ്കളാഴ്ച ആശുപത്രി വിട്ടു.

2003ൽ ചൈനയുൾപ്പെടെ 20ലേറെ രാജ്യങ്ങളിൽ പടർന്നു പിടിച്ച സാർസ് 774 പേരുടെ ജീവനാണെടുത്തത്. അതേ സമയം, പുതിയതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവു വന്നുതുടങ്ങിയത് ആശ്വാസമായി. ഫെബ്രുവരിയിൽ പുതിയ കേസുകൾ ആദ്യമായി മൂവായിരത്തിനു താഴെ വന്നു.

ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളെന്നും തോല്‍വിയിലും സന്തോഷമെന്നും കോണ്‍ഗ്രസ്. ബിജെപിയുടെ വിഭജനതന്ത്രങ്ങള്‍ തോറ്റതില്‍ സന്തോഷം. ഡൽഹിയിൽ‌ എഎപി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് അറിയാമായിരുന്നുവെന്ന് കോൺഗ്രസ് ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രതികരിച്ചു. അതേസമയം, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല.

അതിനിടെ, ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തെ ഡല്‍ഹി ജനത തോല്‍പ്പിച്ചുവെന്ന് എഎപി നേതാവ് സഞ്ജയ് സിങും പ്രതികരിച്ചിരുന്നു. മോദിയും അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരും ഒന്നിച്ചിറങ്ങിയിട്ടും തോറ്റുവെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ബിജെപിക്ക് മികച്ച ലീഡുള്ളത് 5 സീറ്റില്‍ മാത്രം. ഒന്‍പതിടത്ത് നേരിയ വ്യത്യാസം മാത്രമാണ്. എഎപിക്ക് ബിജെപിയേക്കാള്‍ 13 ശതമാനം വോട്ട് കൂടുതല്‍ ലഭിച്ചു. എഴുപതില്‍ 58 സീറ്റിലും ആം ആദ്മി പാര്‍ട്ടി മുന്നിലാണ്. എന്നാൽ, തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 12 സീറ്റിൽ മാത്രം ഒതുങ്ങി.

പുല്ലൂറ്റ് കോഴിക്കടയിൽ നാലു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ തൈപറമ്പിൽ വിനോദിന്റെ മേശക്കു മുകളിൽ നിന്നു ലഭിച്ച കുറിപ്പാണിത്.മകൻ നീരജിന്റെ ചെറിയ നോട്ട് പുസ്തകത്തിൽ നിന്നു കീറിയെടുത്ത പേജിലാണ് ഇത് കുറിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് വീട്ടുകാരെ അവസാനമായി നാട്ടുകാർ കാണുന്നത്. അന്ന് ഇതുവഴി പോയ നഗരസഭ കൗൺസിലർ കവിത മധു നയനയെ വീടിനു മുന്നിൽ കണ്ടിരുന്നു. പതിവു പോലെ തലയാട്ടി ചിരിച്ചു.

വ്യാഴാഴ്ച രാത്രി എല്ലാവരും ഭക്ഷണം കഴിച്ചതായി പൊലീസ് കരുതുന്നുണ്ട്. പാത്രങ്ങളെല്ലാം കഴുകി വെച്ച നിലയിലായിരുന്നു. ഇവർക്കു സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കളും പറയുന്നില്ല. ഇൗയിടെ സ്വർണാഭരണം വാങ്ങിയതും ചിട്ടി ലഭിച്ച തുക ഡിപ്പോസിറ്റ് ചെയ്തതായും ബന്ധുക്കൾ പറയുന്നു. എന്താണു സംഭവിച്ചതെന്നു പോലും ചിന്തിക്കാനാകാതെ ബന്ധുക്കളും മരണ വീട്ടിലെത്തി പകച്ചു നിൽക്കുന്ന കാഴ്ചയാണു കണ്ടത്.

മിടുക്കരായ രണ്ടു വിദ്യാർഥികൾ. പുല്ലൂറ്റ് കോഴിക്കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നയനയുടെയും നീരജിന്റെയും അധ്യാപകരുടെ വാക്കുകളാണിത്. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താംക്ലാസ് പഠിച്ച നയന ഇപ്പോൾ കരൂപ്പടന്ന ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ്. മികച്ച പഠനം കാഴ്ചവെക്കുന്നതായി അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

സഹപാഠികൾക്കും തങ്ങളുടെ സുഹൃത്തിനെ കുറിച്ചു പറയാൻ നല്ല വാക്കുകൾ മാത്രം. അവധി ദിനമാണെങ്കിലും സഹപാഠിയുടെയും കുടുംബത്തിന്റെയും മരണം അറിഞ്ഞെത്തിയ വിദ്യാർഥികൾ തേങ്ങലോടെയാണ് വീടു വിട്ടിറങ്ങിയത്. മൂന്നു ദിവസത്തെ പത്രങ്ങൾ വീടിനു മുൻപിൽ കിടക്കുന്നുണ്ടായിരുന്നു. വിനോദിന്റെ ബൈക്ക് പ്ലാസ്റ്റിക് കവർ ഇട്ടുവച്ചിരുന്നു. നീരജിന്റെ സൈക്കിളും കൃത്യമായി ഒതുക്കി വച്ചിരിക്കുകയായിരുന്നു.

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ ലാലും സംസ്ഥാന സര്‍ക്കാരും രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മോഹന്‍ലാലിന്റ വസതിയില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കണമെന്ന ആവശ്യത്തിലാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചത്.

മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നടന്ന റെയ്ഡില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തപ്പോള്‍ സാധനങ്ങളുടെ പട്ടികയില്‍ പതിനൊന്ന് അനധികൃതശില്‍പ്പങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതു തൊണ്ടിമുതലാണന്നും പിടിച്ചെടുക്കാന്‍ വനം വകുപ്പിനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

റാന്നി സ്വദേശിയും മുന്‍ ഫോറസ്റ്റ് അസിസ്റ്റന്‍സ് കണ്‍സര്‍വേറ്ററുമായ ജെയിംസ് മാത്യുവാണ് ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ സുക്ഷിക്കുന്ന തൊണ്ടിമുതല്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയില്ല. ഇതിനുപകരം വനം വകുപ്പ് തൊണ്ടി സാധനങ്ങള്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണന്നും ഇതില്‍ നടപടി വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നു. രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവന്നു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 500 ലേറെ പൊലീസ് ഉദ്യോഗസ്ഥരെ കാവൽ നിർത്തിയിട്ടുണ്ട്. ആം ആദ്‌മിയും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് കാത്തിരുന്ന് കാണാം.

ഭരണത്തുടർച്ചയാണ് ആം ആദ്‌മി ലക്ഷ്യമിടുന്നത്. തുടർച്ചയായി മൂന്നാം തവണയും ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ആം ആദ്‌മി ഉറച്ചു വിശ്വസിക്കുന്നു. എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്‌മിക്ക് ആത്മവിശ്വാസം പകരുന്നു. മുഖ്യമന്ത്രി കസേരയിൽ ഹാട്രിക് നേട്ടം കുറിക്കാം എന്ന വിശ്വാസത്തിലാണ് അരവിന്ദ് കേജ്‌രിവാൾ. വികസനത്തിലൂന്നിയ പ്രചാരണമാണ് ആം ആദ്‌മി ഡൽഹിയിൽ നയിച്ചത്. എന്നാൽ, ബിജെപി കേജ്‌രിവാളിനെ വിമർശിച്ചും ഹിന്ദുത്വ അജണ്ട ഉന്നയിച്ചുമാണ് വോട്ട് തേടിയത്.

എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് എതിരാണെങ്കിലും അവർ ആത്മവിശ്വാസം തുടരുന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾ എല്ലാം യാഥാർഥ്യമാകണമെന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വവും വലിയ ആത്മവിശ്വാസത്തിലാണ്.

2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപി അന്ന് മൂന്ന് സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാതെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. നാളെ രാവിലെ എട്ട് മുതൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഫെബ്രുവരി എട്ടിനാണ് 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്.

ക്രിക്കറ്റ് ലോകത്ത് നാണംകെട്ട് നില്‍ക്കുകയാണ് ഇന്ത്യ, ബംഗ്ലാദേശ് ടീമുകള്‍. സംഭവമെന്തന്നല്ലേ? ദക്ഷിണാഫ്രിക്കയിലെ പോച്ചെസ്ട്രൂമില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ കയ്യാങ്കളിയിലാണ് ചെന്നവസാനിച്ചത്. കളി കഴിഞ്ഞതിന് പിന്നാലെ ഗ്രൗണ്ടില്‍ തല്ലും ബഹളവുമായിരുന്നു. മത്സരം ബംഗ്ലാദേശാണ് ജയിച്ചത്. ടീമിന്റെ ആദ്യ കന്നിക്കിരീടം. ഇന്ത്യ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം ഡക്ക്‌വര്‍ത്ത് ലൂയിസ് മഴനിയമം പ്രകാരം ബംഗ്ലാദേശ് മൂന്നു വിക്കറ്റിന് ജയിച്ചു.

43 ആം ഓവറില്‍ ഇന്ത്യന്‍ പേസര്‍ സുഷാന്ത് മിശ്രയ്‌ക്കെതിരെ ഒരു റണ്‍സ് കുറിച്ചാണ് റാക്കിബുള്‍ ഹസന്‍ ചരിത്രം രചിച്ചത്. അപ്പോഴേക്കും ബംഗ്ലാദേശ് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഗ്രൗണ്ടിലേക്ക് ഇരച്ചെത്തി, വിജയമാഘോഷിക്കാന്‍. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബംഗ്ലാദേശ് ഒരു ഐസിസി കിരീടം ചൂടുന്നത്. ‘നാളിതുവരെ ചേട്ടന്‍മാരെ കൊണ്ട് കഴിയാഞ്ഞത് അനിയന്മാര്‍ ചെയ്തു’, ഈ ആവേശത്തിലായിരുന്നു സംഘം. എന്നാല്‍ ആഹ്‌ളാദപ്രകടനങ്ങള്‍ അതിരുകടന്നു.

ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ ബംഗ്ലാദേശ് താരങ്ങളില്‍ ചിലര്‍ ആക്രോശം നടത്തിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ പ്രതികരിച്ചു. കളിയാക്കല്‍ അതിരുകടന്നപ്പോള്‍ ന്ത്യന്‍ ടീമിലെ ഒരു യുവതാരം ബംഗ്ലാ താരത്തെ പിടിച്ചുതള്ളി. ഇതോടെ ഇരുപക്ഷത്തു നിന്നും കൂടുതല്‍ താരങ്ങള്‍ കയ്യാങ്കളിയില്‍ പങ്കുചേര്‍ന്നു. ഒരു മിനിറ്റോളം ഈ നാടകീയ രംഗങ്ങള്‍ ഗ്രൗണ്ടില്‍ തുടര്‍ന്നു.

ഒടുവില്‍ ഏറെ പണിപ്പെട്ടാണ് ഫീല്‍ഡ് അംപയര്‍മാരും ഇരു ടീമിലെയും മുതിര്‍ന്ന സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങളും ഇടപെട്ട് കുട്ടിപ്പടയെ ശാന്തരാക്കിയത്. പിന്നാലെ ഇന്ത്യയുടെ അണ്ടര്‍ 19 പരിശീലകന്‍ പരസ് മാംബ്രെ ടീമിനെയും കൂട്ടി ഡ്രസിങ് റൂമിലേക്ക് പോയി. എന്തായാലും സംഭവത്തില്‍ ഐസിസി ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗ്ലാദേശ് താരങ്ങള്‍ക്ക് എതിരെ കര്‍ശനമായ അച്ചടക്ക നടപടി ക്രിക്കറ്റ് കൗണ്‍സില്‍ സ്വീകരിക്കുമെന്ന് ഇന്ത്യയുടെ ടീം മാനേജര്‍ അനില്‍ പട്ടേല്‍ വ്യക്തമാക്കി. മാച്ച് റഫറി മത്സരത്തിന്റെ അവസാന മിനിറ്റുകള്‍ വിശകലനം ചെയ്യുകയാണ്. ഇതേസമയം, സംഭവത്തില്‍ തെറ്റ് തങ്ങളുടെ ഭാഗത്താണെന്ന് ബംഗ്ലാദേശ് നായകന്‍ അക്ബര്‍ അലി മത്സരശേഷം അറിയിച്ചു.

കാര്യങ്ങള്‍ കയ്യാങ്കളിയില്‍ കലാശിച്ചത് നിര്‍ഭാഗ്യകരമാണ്. സംഭവിക്കാന്‍ പാടുള്ളതല്ല നടന്നത്. മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ്. ക്രിക്കറ്റിന്റെ മാനം കളങ്കപ്പെടുത്തിയതില്‍ ടീമിന് വേണ്ടി താന്‍ ക്ഷമ ചോദിക്കുന്നതായി അക്ബര്‍ അലി പുരസ്‌കാര വിതരണ ചടങ്ങില്‍ പറഞ്ഞു.

അവിടെ നടന്നതെന്താണെന്ന് കൃത്യമായി അറിയില്ല. എന്നാല്‍ ഫൈനലില്‍ കളിക്കാരില്‍ ആവേശം കയറുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആവേശം അതിരുകടന്നത് തെറ്റാണ്. ഏതു സന്ദര്‍ഭത്തിലും എതിരാളികളെ മാനിക്കാന്‍ ടീം ബാധ്യസ്തരാണ്, അക്ബര്‍ അലി കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ഇന്ത്യന്‍ നായകന്‍ പ്രിയം ഗാര്‍ഗും പ്രതികരിച്ചു. ബംഗ്ലാദേശ് താരങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. തോല്‍വി അംഗീകരിച്ചാണ് ടീം പെരുമാറി. കളിയാകുമ്പോള്‍ ജയിക്കും, തോല്‍ക്കും. എന്നാല്‍ ബംഗ്ലാദേശ് താരങ്ങളുടെ മോശമായ പ്രതികരണമാണ് ഇന്ത്യന്‍ താരങ്ങളെ ചൊടിപ്പിച്ചതെന്ന് പ്രിയം ഗാര്‍ഗ് വ്യക്തമാക്കി. ഫൈനലില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

തുടക്കം മുതല്‍ക്കെ ആക്രമണോത്സുകമായാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് എതിരെ ബംഗ്ലാ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഒടുവില്‍ 48 ആം ഓവറില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു. 177 റണ്‍സ് മാത്രമേ ടീമിന് സ്‌കോര്‍ ചെയ്യാനായുള്ളൂ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ്, നായകന്‍ അക്ബര്‍ അലിയുടെ മികവില്‍ അനായാസം വിജയം തീരം കണ്ടു. 77 പന്തില്‍ പുറത്താകാതെ അക്ബര്‍ അലി കുറിച്ച 43 റണ്‍സാണ് ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ നെടുംതൂണായത്. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചും അക്ബര്‍ അലി തന്നെ.

തിരുവല്ല:കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുശില്പം (ഹീലീംങ്ങ് ക്രൈസ്റ്റ് )ലോക റിക്കോർഡിൽ ഇടം പിടിച്ചു.ഇതിന്റെ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും അന്താരാഷ്ട്ര ജൂറി ചെയർമാനും ചീഫ് എഡിറ്ററുമായ ഗിന്നസ് ഡോ.സുനിൽ ജോസഫും ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള അംഗികാര മുദ്രയും നല്കി .

ഹോസ്പിറ്റൽ സെന്റർ കോർട്ടിയാഡിൽ ചേർന്ന പൊതുസമ്മേളനം സുപ്രസിദ്ധ സിനിമാതാരം ഓൾ കേരള ഗിന്നസ് റിക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ ചെയർമാൻ ഗിന്നസ് പക്രൂ ഉദ്ഘാടനം ചെയ്തു. ജോഷ്വാ മോർ ബർണബാസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.

മെഡിക്കൽ മിഷൻസ് ഡയറക്ടർ റവ.ഫാ.ഡോ. ഡാനിയേൽ ജോൺസൺ ശില്പി ബാലകൃഷ്ണൻ ആചാരിയെ ആദരിച്ചു.

ഹോസ്പിറ്റൽ മാനേജർ റവ. ഫാ. സിജോ പന്തപള്ളിൽ , ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജോർജ്ജ് ചാണ്ടി മറ്റിത്ര എന്നിവർ പ്രസംഗിച്ചു.

യു.ആർ.എഫ് അഡ്ജുഡിക്കേറ്റർ ആതിര മുരളി,യു.ആർ.എഫ് പി.ആർ.ഒ: ലിജോ ജോർജ് , ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസനം പി.ആർ.ഒ: സിബി സാം തോട്ടത്തിൽ എന്നിവർ സംബന്ധിച്ചു.

2014 ഡിസംബർ 1ന് ആണ് 368 സെ.മി ഉയരവും 2400 കിലോ ഭാരവും 55 മി.മീ ഘനവുമുള്ള ക്രിസ്തുശില്പം ഇവിടെ സ്ഥാപിച്ചത്.മൂന്ന് ലോഹങ്ങളിൽ നിർമ്മിച്ച ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ക്രിസ്തു ശില്പമാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽകോളേജിൽ സ്ഥിതി ചെയ്യുന്നത്. ( THE LARGEST TRIMETAL SCULPTURE OF JESUS) .ഒന്നര വർഷം കൊണ്ട് 3 ഘട്ടമായിട്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തികരിച്ചത്.

നിർമ്മാണ രീതിയിൽ ഏറെ വ്യത്യസ്തത നിറഞ്ഞ ശില്പമാണിത്.സിമന്റിൽ രൂപമുണ്ടാക്കിയതിനു ശേഷം അതിന്റെ അച്ചെടുക്കുകയും ( മോൾഡ്) ആ അച്ചിൽ മെഴുകു ഷീറ്റാക്കി ഒട്ടിച്ച് അകത്തു ഭാഗം മണ്ണു കെട്ടി ഉണക്കിഎടുത്ത് വീണ്ടും മെഴുകു രൂപം പൂർത്തിയാക്കി മൊത്തമായും മണ്ണു കെട്ടി ഉണക്കിയെടുത്തു.പിന്നെ ചൂളയിൽ വച്ച് ചൂടാക്കി മെഴുക് ഉരുക്കി കളയുമ്പോൾ മണ്ണു കെട്ടിയതിന്റെ ഉള്ളിൽ വരുന്ന ഭാഗത്തേക്ക് ലോഹം ഉരുക്കി ഒഴിക്കുമ്പോൾ മെഴുക് ഉരുകിപ്പൊയസ്ഥലത്തേക്ക് മെറ്റൽ നിറയുകയും മെഴുകിൽ നിന്ന ആകൃതി മെറ്റലിൽ കിട്ടുകയും ചെയ്യും.പല ഭാഗങ്ങളായി വാർത്ത് എടുത്തിട്ട് അത് പിന്നെ കൂട്ടിച്ചേർത്ത് പൂർണ്ണ രൂപമാക്കുകയായിരുന്നു.

പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രി കൂടിയാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ . ലോകത്തെ ഏറ്റവും ചെറിയ ലെഡ്ലെസ് പേസ്മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തിയതുൾപ്പെടെ ചികിത്സാരംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

സൂറിക് ∙ ഒട്ടേറെ മലയാളികളുമായി സൂറിക്കിൽ നിന്നും മസ്കത്തിലേക്ക് പറന്ന ഒമാൻ എയർവെയ്‌സിന് തുർക്കിയിൽ അടിയന്തര ലാൻഡിങ്. ക്യാബിനിലെ ഓക്‌സിജൻ തീരുകയും, പുകയുടെ ഗന്ധം വരുകയും വിമാനം അൽപസമയം താഴേക്ക് കൂപ്പ് കുത്തുകയും ചെയ്‌തതായി ഡബ്യൂവൈ 0154 വിമാനത്തിലുണ്ടായിരുന്ന മലയാളി യാത്രികർ പറഞ്ഞു. അടിയന്തര ലാൻഡിങ്ങിന് തയാറായിരിക്കാൻ പരിഭ്രാന്തിയിൽ കരയുന്ന ശബ്ദത്തിലാണ് പൈലറ്റ് അനൗൺസ് ചെയ്‌തതെന്നും യാത്രികർ വിശദീകരിക്കുന്നു. ക്യാബിൻ ജീവനക്കാർ തീ കെടുത്താനുള്ള ഉപകരണങ്ങളുമായി ഓടി നടന്നു. എല്ലാ യാത്രികർക്കും ഓക്സിജൻമാസ്‌ക് ഉപയോഗിക്കേണ്ടിയും വന്നു.

ശനിയാഴ്ച രാത്രി 9.30ന് സൂറിക്കിൽ നിന്നും പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.05ന് മസ്കത്തിൽ എത്തേണ്ടിയിരുന്ന ഒമാൻ എയർവെയ്‌സാണ് സിറിയൻ അതിർത്തിയോട് ചേർന്ന തുർക്കിയിലെ വിമാനത്താവളമായ ഡിയാർബാകിറിൽ വെളുപ്പിന് മൂന്നിന് എമർജൻസി അടിയന്തര നടത്തിയത്. ക്യാബിൻ പ്രഷർ സംവിധാനത്തിലുണ്ടായ കുഴപ്പംകാരണമാണ് വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നെന്നാണ് ട്വിറ്ററിൽ ഒമാൻ എയർ വെയ്‌സ് നൽകുന്ന വിശദീകരണം.

സംഭവം നടക്കുമ്പോൾ ഉറക്കത്തിലായിരുന്നു മിക്ക യാത്രികരും. മരണത്തെ മുഖാമുഖം കണ്ട പ്രതീതിയായിരുന്നു കുറെ നേരത്തേക്കെന്ന് യാത്രികർ പറയുന്നു. അലറി വിളിക്കുകയും, ഉറക്കെ പ്രാർഥന ചൊല്ലിയുമാണ് മിക്കവരും മുന്നിൽകണ്ട അപകടത്തെ നേരിട്ടത്. സുരക്ഷിതമായി ലാൻഡ് ചെയ്‌ത വിമാനത്തിലെ യാത്രികരെല്ലാം സുരക്ഷിതരാണ്. ഇവരെ കുറെ മണിക്കൂറുകളുടെ അനിശ്ചിതത്തിന് ശേഷം സമീപത്തുള്ള ഹോട്ടലുകളിലേക്കു മാറ്റിയിരിക്കുകയാണ്.

ഡിയാർബാകിറിൽ നിന്നും പ്രാദേശിക സമയം രാത്രി എട്ടുമണിക്ക് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക്  എത്തിക്കുമെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച ഒമാൻ എയർ അധികൃതർ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുഖ്യപ്രാധാന്യം നൽകുന്നതെന്നും വ്യക്തമാക്കി. തുടർന്നുള്ള വിവരങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും കോൺടാക്ട് സെന്ററിലൂടെയും അറിയിക്കുമെന്നും വാർത്താക്കുറിപ്പിൽ ഒമാൻ എയർ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved