Latest News

ഡൽഹിയിൽ വനിത സബ് ഇൻസ്‌പെക്ടറെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു. രോഹിണി (ഈസ്റ്റ്) മെട്രോ സ്റ്റേഷനു സമീപത്തുവച്ച് ഇന്നലെ വൈകീട്ടായിരുന്നു സംഭവം. എസ്ഐ പ്രീതി അഹ്‌ലാവത് (26) ആണ് കൊല്ലപ്പെട്ടത്. വെടിവച്ച സഹപ്രവർത്തകനായ ദീപാൻഷു റാത്തി പിന്നീട് ആത്മഹത്യ ചെയ്തു.

പ്രീതിയെ ദീപാൻഷു പിന്തുടരുന്നതും മെട്രോ സ്റ്റേഷനു പുറത്തെത്തിയതും തൊട്ടടുത്തുനിന്ന് തലയിൽ വെടിവയ്ക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 2018 ബാച്ച് സബ് ഇൻസ്‌പെക്ടറായ പ്രീതി രോഹിണി സെക്ടർ 8 ൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

”ഈസ്റ്റ് ഡൽഹിയിലെ പട്‌പട്‌ഗൻജ് ഇൻസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിലാണ് പ്രീതിയെ പോസ്റ്റ് ചെയ്തിരുന്നത്. രാത്രി 8.30 ഓടെ സ്റ്റേഷനിൽനിന്നും ഇറങ്ങി. പ്രീതി യൂണിഫോമിൽ അല്ലായിരുന്നു. 9.30 ഓടെയാണ് മെട്രോ സ്റ്റേഷനിൽനിന്നും പുറത്തെത്തിയത്. അവിടെനിന്നും 50 മീറ്റർ നടക്കുന്നതിനിടയിലായിരുന്നു സംഭവം. വെടിയേറ്റ പ്രീതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു,” മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു.

പ്രീതിയെ ദീപാൻഷുവിന് ഇഷ്ടമായിരുന്നെന്നും വിവാഹ അഭ്യർഥന നടത്തിയിരുന്നതായും പൊലീസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ പ്രീതി വിവാഹ അഭ്യർഥന നിരസിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കി.

കടപ്പാട് : ദി ഗാർഡിയൻ

ബാധ്യതകള്‍ പരിഗണിക്കുകയാണെങ്കില്‍ തന്റെ ആസ്തി പൂജ്യമാണെന്ന് അനില്‍ അംബാനി കോടതിയില്‍. 700 ദശലക്ഷം ഡോളറിന്റെ കിട്ടാക്കടത്തിന്മേല്‍ ബാങ്കുകള്‍ നല്‍കിയ ഹരജിയില്‍ നല്‍കിയ മറുപടിയിലാണ് അനില്‍ അംബാനി തന്റെ ഗതികേട് വിവരിച്ചത്. “എന്റെ നിക്ഷേപങ്ങളുടെ മൂല്യം തകര്‍ന്നിരിക്കുകയാണ്. ഇത്രയും പണം നല്‍കാന്‍ പണമാക്കി മാറ്റാന്‍ തക്കതായ ആസ്തി ഇന്നെന്റെ പക്കലില്ല,” അനില്‍ അംബാനി വിവരിച്ചു.

ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളാണ് ഹരജി നല്‍കിയിരിക്കുന്നത്. അനിലിന്റെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് 2012ല്‍ തങ്ങള്‍ 925 ദശലക്ഷം ഡോളര്‍ വായ്പ നല്‍കിയെന്നാണ് ഇവര്‍ പറയുന്നത്. അംബാനിയുടെ വ്യക്തപരമായ ബാധ്യതയേല്‍ക്കലിന്റെ അടിസ്ഥാനത്തിലായിരുന്നു വായ്പ.

വിചാരണയ്ക്കു മുമ്പായി കോടതിയില്‍ ദശലക്ഷക്കണക്കിന് ഡോളറുകള്‍ കെട്ടി വെക്കേണ്ടതായി വരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അനില്‍ അംബാനി തന്റെ അവസ്ഥ വിവരിച്ചത്. ആറാഴ്ചയ്ക്കുള്ളില്‍ 100 ദശലക്ഷം ഡോളര്‍ കോടതിയില്‍ കെട്ടിവെക്കാന്‍ ജഡ്ജി ഡേവിഡ് വാക്സ്മാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് അനില്‍ അംബാനി.

റിയലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കഴിഞ്ഞവര്‍ഷമാണ് പാപ്പരായത്. എന്നാല്‍ അംബാനി കുടുംബത്തിന്റെ കൈയില്‍ പണമില്ലെന്ന് വിശ്വസിക്കാന്‍ ജഡ്ജി തയ്യാറായില്ല. ഇനിയൊരിക്കലും ഉയര്‍ത്താനാകാത്ത വിധത്തില്‍ അനില്‍ അംബാനി ഷട്ടറുകള്‍ അടച്ചിരിക്കുകയാണെന്ന് താന്‍ കരുതുന്നില്ലെന്ന് ജഡ്ജി പറഞ്ഞു. മുന്‍കാലങ്ങളില്‍ പരസ്പരം സഹായിക്കാറുണ്ടായിരുന്ന കുടുംബമാണ് അംബാനി കുടുംബമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 56.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സഹോദരന്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ്.

എന്നാല്‍ തന്റെ കക്ഷിക്ക് താങ്ങാവുന്നതിലും വലിയ തുക അടയ്ക്കാന്‍ ആവശ്യപ്പെടരുതെന്ന് അനില്‍ അംബാനിക്കു വേണ്ടി ഹാജരാകുന്ന വക്കീല്‍ റോബര്‍ട്ട് ഹോവെ വാദിച്ചു. എന്നാല്‍, അംബാനിയുടെ വാദം മറ്റൊരു അവസരവാദപരമായ നീക്കമാണെന്ന് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈനയെയും, ചൈന ഡവലപ്മെന്റ് ബാങ്കിനെയും, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനയെയും പ്രതിനിധീകരിക്കുന്ന വക്കീല്‍ ബങ്കിം തങ്കി പറഞ്ഞു. വായ്പ നല്‍കിയവരെ എങ്ങനെയെങ്കിലും ഒഴിവാക്കുകയാണ് അനിലിന്റെ ലക്ഷ്യം. അനില്‍ കോടതിയുത്തരവ് അനുസരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷവും അനില്‍ അംബാനി സമാനമായൊരു കുടുക്കില്‍ ചെന്നു പെട്ടിരുന്നു. എറിക്സണ്‍ എബിയുടെ ഇന്ത്യന്‍ വിഭാഗമാണ് 77 ദശലക്ഷം ഡോളറിന്റെ അടവ് മുടങ്ങിയതിനെതിരെ കേസ് നല്‍കിയത്. അനില്‍ ജയിലില്‍ പോകുമെന്ന നില വന്നപ്പോള്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി ഇടപെടുകയും പണം കൊടുത്തു തീര്‍ക്കുകയുമായിരുന്നു.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിൽ നിരവധി ഇന്ത്യാക്കാരും കുടുങ്ങിയിട്ടുണ്ടെന്ന് വിവരം. കപ്പലിലുള്ളവരെ പുറത്തിറക്കാതെ കൊറോണ പടരുന്ന സാഹചര്യത്തെ ഒഴിവാക്കിയിരിക്കുകയാണ് അധികൃതർ. കപ്പലിൽ‌ വേണ്ട ചികിത്സകൾ നൽകുന്നുണ്ട്. 200 ഇന്ത്യാക്കാരാണ് കപ്പലിലുള്ളത്. ഇവരിലാർക്കും കൊറോണ ബാധയില്ലെന്നാണ് വിവരം.

പ്രിൻസസ് ക്രൂയിസസ് കമ്പനിയുടെ ഡയമണ്ട് പ്രിൻസസ് കപ്പലിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കപ്പലിലെ 64 പേർക്ക് കൊറോണ ബാധിച്ചതായാണ് വാഷിങ്ടൺ പോസ്റ്റ് പറയുന്നത്. കപ്പലിൽ ആകെ 3700 യാത്രക്കാരുണ്ട്. ഇവരെക്കൂടാതെ കപ്പൽ ജീവനക്കാർ വേറെയും. അവശനിലയിലായിത്തുടങ്ങിയ ചില രോഗികളെ ആംബുലൻസുകളിൽ കയറ്റി ആശുപത്രികളിലെത്തിച്ചതായി വിവരമുണ്ട്.

ഇന്ത്യൻ പൗരന്മാർക്കാർക്കും കൊറോണയില്ലെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ സ്ഥിരീകരിച്ചു. ടോക്കിയോയിലെ ഇന്ത്യൻ എംബസി കാര്യങ്ങൾ നേരിട്ട് നിരീക്ഷിച്ചു വരുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.കൊറോണ ബാധിച്ചവരിൽ 28 പേർ ജപ്പാന്‍കാരാണ്. പതിനൊന്ന് യുഎസ് പൗരന്മാരും കൂട്ടത്തിലുണ്ട്. ആസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നിന്ന് 61 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ചൈനാക്കാരുമുണ്ട്. യുകെ, ന്യൂസീലാൻഡ്, തായ്‌വാൻ, ഫിലിപ്പൈൻസ്, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതം കൊറോണ ബാധിതരാണ് കപ്പലിൽ.

ജമ്മു കശ്മീരിൽ തടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ ലോക്സഭയിൽ തെറ്റായി ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒമറിന്റെ പേരിൽ പ്രചരിച്ച വ്യാജ വാർത്ത സഭയിൽ ഉദ്ധരിച്ച മോദിയുടെ നടപടി സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയാണ്. ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞാൽ കശ്മീരിൽ ഭൂകമ്പമുണ്ടാകുമെന്ന് ഒമർ പറഞ്ഞെന്നാണ് മോദിയിൽ സഭയിൽ പ്രസ്താവിച്ചത്.

എന്നാൽ ഇങ്ങനെയൊരു പ്രസ്താവന ഒമർ നടത്തിയിട്ടില്ല. 2014 മേയിൽ ആക്ഷേപഹാസ്യ വെബ്സൈറ്റായ ഫേക്കിങ് ന്യൂസ് നൽകിയ സാങ്കല്പിക വാർത്തയാണ് മോദി ഉദ്ധരിച്ചത്. വാട്സാപ്പ് സർവകലാശാലയിൽ നിന്ന് ബിരുദമെടുത്തവർക്ക് മാത്രമേ ഇങ്ങനെ സംഭവിക്കുവെന്ന് കോൺഗ്രസ് പരിഹസിച്ചു. സഭയെ തെറ്റിദ്ധരിപ്പിച്ച മോദിക്കെതിരെ നടപടിയെടുക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.

ബിടെക് പൂർത്തിയാക്കിയശേഷം ഉപരിപഠനത്തിനായി 3 വർഷം മുൻപാണ് നിതിൻ കാനഡയിലേക്ക് പോയത്.

കാനഡയിലെ നീന്തൽകുളത്തിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ചിയാർ പള്ളിക്കവല അമ്പാട്ടുകുന്നേൽ ഗോപിയുടെ മകൻ നിതിനാണ്(25) നീന്തൽകുളത്തിൽ മുങ്ങിമരിച്ചത്.

ദക്ഷിണ കാനഡയിലെ മേഖലയിൽ താമസിക്കുന്ന നിതിനെ ബുധനാഴ്ച നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെന്നാണ് വിവരം. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി അധികൃതരാണ് നാട്ടിൽ വിവരമറിയിച്ചത്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.

ബിടെക് പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി 3 വർഷം മുൻപാണ് നിതിൻ കാനഡയിലേക്ക് പോയത്. അവിടെ പഠനത്തിനു ശേഷം ജോലിയിൽ പ്രവേശിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

25 – )0 ജന്മദിനത്തിന് 11 ദിവസം മാത്രം ശേഷിക്കേയാണ് മരണം. നിതിന്റെ മരണത്തിൽ സംശയവുമുയരുന്നുണ്ട്. അമ്മ ബീന (നേഴ്സ്, കട്ടപ്പന ഗവൺമെന്റ് താലൂക്ക് ആശുപത്രി) സഹോദരങ്ങൾ ജ്യോതി, ശ്രുതി.

രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിര​ഞ്ഞെടുപ്പില്‍ രാഷ്ട്രപതി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയ പ്രമുഖര്‍ വോട്ടുചെയ്തു. ഒന്‍പതരമണിവരെ നാലരശതമാനത്തോളം പേര്‍ വോട്ടുചെയ്തുവെന്നാണ് പ്രാഥമിക കണക്ക്.

പൗരത്വനിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായ ഷഹീൻബാഗിലെ എല്ലാ പോളിങ് കേന്ദ്രങ്ങളിലും കനത്ത പോളിങാണ്. പ്രശ്നബാധിത ബൂത്തുകളായതിനാൽ പോളിങ് കേന്ദ്രങ്ങളെല്ലാം കനത്ത സുരക്ഷവലയത്തിലാണ്. ഷഹീൻബാഗിലെ സമരക്കാർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മല്‍സരമാണ് മിക്ക മണ്ഡലങ്ങളിലും. ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു.

നുഷ്യത്വം എന്ന വാക്ക് പരിഷ്കരിക്കേണ്ട സമയം കഴിഞ്ഞുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രം കണ്ടാൽ നിങ്ങൾക്കും തോന്നിയേക്കാം. നദിയിലെ ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന മനുഷ്യനെ രക്ഷിക്കാൻ കൈ നീട്ടി നിൽക്കുന്ന ആൾക്കുരങ്ങിന്റേതാണ് ചിത്രം. ബോർണിയോയിലെ സംരക്ഷിത വനപ്രദേശത്ത് നിന്നുമാണ് ചിത്രം പകർത്തിയിരിക്കുന്നത്. ബോർണിയോയിലെ വനത്തിൽ സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങുന്നതിനിടെ മലയാളിയായ അനിൽ പ്രഭാകറിന്റെ ക്യാമറയാണ് ഈ നിമിഷം ഒപ്പിയെടുത്തത്.

ബോർണിയോ ഒറാങ്ങുട്ടാൻ സംരക്ഷണ സമിതിയിലെ അംഗമാണ് ചെളിയിൽ പുതഞ്ഞയാളെന്ന് അനിൽ പ്രഭാകർ പറയുന്നു. രക്ഷിക്കാൻ കൈ നീട്ടിയെങ്കിലും ആൾക്കുരങ്ങിന്റെ സഹായം നദിയിൽ വീണയാൾ സ്വീകരിച്ചില്ല. വന്യജീവി ആയതിനാലാണ് സഹായം സ്വീകരിക്കാതിരുന്നതെന്ന് ഇയാൾ അനിലിനോടും സുഹൃത്തുക്കളോടും വെളിപ്പെടുത്തി.
ആൾക്കുരങ്ങുകൾ കഴിയുന്നഭാഗത്ത് പാമ്പിനെ കണ്ടതായി വാർഡൻ അറിയിച്ചതോടെ തിരഞ്ഞ് ഇറങ്ങിയതായിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ.

സ്വകാര്യ ലോഡ്ജുമുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇരുവരും വിവാഹിതരും മറ്റൊരു കുടുംബം ഉള്ളവരുമാണെന്നാണ് റിപ്പോര്‍ട്ട്. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ ഡെയ്‌സിയുടെയും മകന്‍ എബിന്‍ കെ.ആന്റണി (32), അരീക്കോട് തോട്ടുമുക്കം ആശാരിപറമ്പില്‍ അനീനമോള്‍ (22) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഒരേമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മുറി ഉള്ളില്‍നിന്ന് പൂട്ടിയനിലയിലായിരുന്നു. ജോലിക്കു പോവുകയാണെന്നുപറഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് എബിന്‍ മണാശ്ശേരിയിലെ വാടകവീട്ടില്‍നിന്ന് ഇറങ്ങിയത്.വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും മുറിയെടുത്തത്. ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് എത്തിയതാണെന്നും മുറിവേണമെന്നുമാണ് ഇവര്‍ ലോഡ്ജ് അധികൃതരോട് പറഞ്ഞത്. മണാശ്ശേരിയിലെ കെ.എം.സി.ടി. സ്വകാര്യമെഡിക്കല്‍ കോളേജ് അനസ്ത്യേഷ്യ വിഭാഗത്തിലെ വിദ്യാര്‍ഥിനിയാണ് അനീന.

ഇതേ കോളേജിലെ അനസ്തേഷ്യവിഭാഗത്തിലെ ടെക്നീഷ്യനാണ് എബിന്‍. മൂന്നുവര്‍ഷം മുമ്പാണ് അരീക്കോട് പെരുമ്പറമ്പ് സ്വദേശി കിളിയത്തൊടി ശഹീര്‍ അനീനയെ വിവാഹം ചെയ്തത്. അനീനയെ കാണാനില്ലെന്ന പരാതിയില്‍ അരീക്കോട് പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതിനല്‍കിയിട്ടുണ്ട്.ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെന്നും ഇരുവരും കുത്തിവെച്ച്‌ മരിച്ചെന്നാണ് സംശയമെന്നും കസബ എസ്.ഐ. വി. സിജിത്ത് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചിട്ടുണ്ട്.

കൊച്ചി ∙ കേന്ദ്ര ബജറ്റ് പ്രവാസികൾക്കുള്ള തല്ലായിരുന്നെങ്കിൽ സംസ്ഥാന ബജറ്റ് തലോടലാണ്. പ്രവാസികൾക്കായി ഒട്ടേറെ പദ്ധതികൾ തോമസ് ഐസക്കിന്റെ ബജറ്റിലുണ്ട്. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഏറ്റവും വലിയ പരിഗണന നൽകുമെന്ന ഉറപ്പ് ബജറ്റിലുണ്ട്. ഇതിനായുള്ള സാന്ത്വനം പദ്ധതിക്കായി 27 കോടി രൂപ വകയിരുത്തി. സഹായം ലഭിക്കുന്നതിനുള്ള വരുമാന പരിധി 50,000 രൂപ ഉയർത്തി. നേരത്തെ പരിധി ഒരു ലക്ഷം രൂപായിരുന്നു. പ്രവാസി ക്ഷേമനിധിക്ക് 9 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ മൂലധന സബ്സിഡിയും 4 വർഷത്തേക്ക് പലിശ രഹിത വായ്പയും നൽകും. ഇതിനായി 18 കോടി മാറ്റിവച്ചു. വിദേശത്തു സ്ഥിര താമസമാക്കിയ മലയാളി കുടുംബത്തിലെ വയോജനങ്ങൾക്കു വേണ്ടി കെയർ ഹോം അല്ലെങ്കിൽ ഗാർഡൻ ഓഫ് ലൈഫ് പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. വിദേശത്തു ലഭിക്കുന്ന സൗകര്യങ്ങൾ ഇവിടെയും ഉറപ്പുവരുത്തും.

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് 2 കോടി രൂപ പ്രഖ്യാപിച്ചു. വിദേശ ജോലിക്കു പ്രോത്സാഹനം നൽകാൻ വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ജോബ് പോർട്ടൽ തുടങ്ങും. ഇതിന് ഒരു കോടി രൂപ വകയിരുത്തി. വൈവിധ്യ പോഷണത്തിന് രണ്ടുകോടി രൂപയും അനുവദിച്ചു. 10,000 നഴ്സുമാർക്ക് ഈ വർഷം വിദേശജോലി ലഭ്യമാക്കാൻ ക്രാഷ് ഫിനിഷിങ് നൽകും. ഇതിന് 5 കോടി രൂപ നൽകും. വിവിധ ഭാഷകളിൽ പരിശീലനം, സാങ്കേതിക പരിശീലനം, സോഫ്ട്സ്കിൽ എന്നിവ ഉൾപ്പെടുന്നതാണ് ക്രാഷ് ഫിനിഷിങ് കോഴ്സ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് വഴി പദ്ധതി നടപ്പാക്കും.

വിദേശത്തെ മലയാളികൾക്കായി 24 മണിക്കൂർ ഹെൽപ്‌ലൈനും ലീഗൽ സെല്ലും ആരംഭിക്കും. ഇതിനായി മൂന്നുകോടി രൂപ മാറ്റിവയ്ക്കും. പ്രവാസി സംഘടനകൾക്കുവേണ്ടി രണ്ടു കോടി രൂപ നൽകും. എയർപോർട്ട് ആംബുലൻസിനും എയർപോർട്ട് ഇവാക്വേഷനും വേണ്ടി ഒന്നരക്കോടി രൂപ നൽകും. ലോക കേരള സഭയ്ക്കും ലോക സാംസ്കാരിക മേളയ്ക്കും 12 കോടി രൂപ നൽകും. പ്രവാസി ഡിവിഡന്റ്, പ്രവാസി ചിട്ടി എന്നീ പദ്ധതികൾ ഈ വർഷം പൂർണമായി പ്രവർത്തനം ആരംഭിക്കുമെന്നും ബജറ്റിൽ തോമസ് ഐസക്ക് വ്യക്തമാക്കുന്നു. പദ്ധതികളൊട്ടേറെയുണ്ടെങ്കിലും അതിനായി മാറ്റിവച്ച തുക പര്യാപ്തമാണോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.

അഹമ്മദാബാദ് സർദാർ‌ വല്ലഭായി പട്ടേൽ‌ വിമാനത്താവളത്തിൽനിന്ന് വളരെ രസകരമായൊരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കുരങ്ങൻമാരുടെ ശല്യം കാരണം പൊറുതിമുട്ടിയ വിമാനത്താവളത്തിലെ ജീവനക്കാർ വ്യത്യസ്തമായ വഴിയിലൂടെ അവയെ തുരത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കരടിയുടെ വേഷമണിഞ്ഞാണ് ജീവനക്കാർ കുരങ്ങൻമാരെ തുരത്തുന്നതിനായി ഇറങ്ങിയത്.

വിമാനത്താവളത്തിലും പരിസരത്തുമായി കുരങ്ങ് ശല്യം വർധിച്ചതോടുകൂടിയാണ് ഇത്തരത്തിലൂള്ള പരീക്ഷണത്തിന് അധികൃതർ‌ മുതിർന്നത്. ജീവനക്കാരിൽ ഒരാൾ കരടിയുടെ വേഷമണിയുകയും അവയെ തുരത്തുന്നതിനായി ശ്രമിക്കുകയും ചെയ്തത് വൻ വിജയമായിരുന്നു. കരടിയുടെ വേഷത്തിലെത്തിയ ജീവനക്കാരെനെ കണ്ട് കുരങ്ങൻമാർ പേടിച്ച് ഓടുകയായിരുന്നു. പിന്നീടങ്ങോട്ട് ഇതേ തന്ത്രം പയറ്റുകയായിരുന്നുവെന്നും എയർപോർട്ട് ഡയറക്ടർ മനോജ് ​ഗം​ഗൽ പറ‍ഞ്ഞു.

കുരങ്ങൻമാരെ വിമാനത്താവളത്തിന്റെ പരിസരത്തേക്ക് കടക്കുമ്പോൾ തന്നെ ജീവനക്കാർ കരടിയുടെ വേഷമണിഞ്ഞ് അവയെ തുരത്താനായി ഓടും. കരടി തങ്ങളെ ആക്രമിക്കാനായി വരുകയാണെന്ന് കരുതിയാവണം കരടിയുടെ വേഷമണിഞ്ഞ് പാഞ്ഞടുക്കുന്ന ജീവനക്കാരെ കാണുമ്പോൾ തന്നെ കുരങ്ങൻമാർ സ്ഥലംവിടുന്നതെന്നും മനോജ് ​ഗം​ഗൽ കൂട്ടിച്ചേർത്തു.

അതേസമയം, കരടിയുടെ വേഷമണിഞ്ഞ് വിമാനത്താവളത്തിന്റെ പരിസരത്തുകൂടി ഓടി നടക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വളരെ നല്ലൊരു മാർ​ഗമാണിതെന്നും ഈ പരീക്ഷണത്തിൽ കുരങ്ങൻമാർക്ക് യാതൊരുവിധ ഉപദ്രവവും ഏൽക്കുന്നില്ലെന്നുമാണ് ആളുകൾ പറയുന്നത്.

ഉത്തർപ്രദേശിലെ ഒരു ​ഗ്രാമത്തിലുള്ളവർ കുരങ്ങൻമാരെ തുരത്തുന്നതിനായി ഇത്തരത്തിൽ കരടിയുടെ വേഷം ധരിക്കാറുണ്ട്. കാടിനു സമീപമുള്ള ​ഗ്രാമമായതിനാൽ ആയിരക്കണക്കിന് കുരങ്ങൻമാരാണ് ​ഗ്രാമത്തിൽ എത്താറുള്ളത്. അവ പ്രദേശവാസികളെ ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ​നാട്ടുകാർ കരടിയുടെ വേഷമണിഞ്ഞ് നടക്കുന്നത്.

 

RECENT POSTS
Copyright © . All rights reserved