അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ ബാധയെത്തുടർന്ന് വിവരശേഖരണത്തിന് ഭാഗമായി വിമാനയാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ചത് ഓൺലൈനിൽ ചോർന്നതായി പരാതി. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയ നൂറോളം വിമാനയാത്രക്കാരുടെ വിവരങ്ങളാണ് ഓൺലൈനിൽ ചോർന്നത്. സമൂഹ മാധ്യമങ്ങളും മറ്റും ഇത് ആളുകൾക്ക് വ്യാപകമായി ഷെയർ ചെയ്തിരുന്നു.

മാർച്ച് 9 നും 20 നും ഇടയിൽ ഡൽഹിയിലെത്തിയ 722 യാത്രക്കാരുടെയും വിശദാംശങ്ങൾ അടങ്ങിയ ലിസ്റ്റ് നിരവധി വാട്സ്ആപ്പ് ഫേസ്ബുക്ക് സമൂഹമാധ്യമങ്ങളിലൂടെ വരികയുണ്ടായി. ഈ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലേക്ക് ആരാണ് കൈമാറിയത് എന്ന് അറിവായിട്ടില്ല. എല്ലാവരുടെയും പേരും, പാസ്പോർട്ട് നമ്പറുകളും, ഫോൺ നമ്പറുകളും, വിലാസം തുടങ്ങിയ വിശദാംശങ്ങൾ തുടങ്ങിയവയാണ് പ്രചരിച്ച പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. സൗത്ത് ഡൽഹിയിൽ താമസക്കാരൻ തങ്ങളുടെ വിവരങ്ങൾ ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ പ്രചരണത്തിന് ഇടയായതിനെക്കുറിച്ച് രോക്ഷം കൊള്ളുകയുണ്ടായി. ഇത്തരം വിവരങ്ങൾ നിരുത്തരവാദപരമായി കൈമാറുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവരങ്ങൾ അടങ്ങുന്ന ലിസ്റ്റ് അനാവശ്യമായി കൈമാറ്റം ചെയ്യരുതെന്ന് വിവിധ വകുപ്പുകൾ പറഞ്ഞിരുന്നു എന്ന് സർക്കാർ വക്താവ് അറിയിച്ചു.

ഇന്ത്യൻ വിമാനത്താവളങ്ങളിൽ 15 ലക്ഷത്തോളം ആളുകൾ എത്തിച്ചേർന്നതിൽ 70% ആളുകൾ യാത്ര ചെയ്തത് ഡൽഹി വഴിയാണ്. യാത്രക്കാരുടെ സ്വകാര്യവിവരങ്ങൾ പുറത്താകുന്നത് മൂലം അവർ ഓൺലൈൻ തട്ടിപ്പുകൾക്കും മറ്റു കുറ്റകൃത്യങ്ങൾക്കും ഇര ആകാനുള്ള സാധ്യത ഏറെയാണ്. അതേസമയം കോവിഡ് -19 ബാധിതരുടെ സ്ഥലം കണ്ടെത്തുന്നതിനും മറ്റുള്ളവർക്ക് കൂടുതൽ ജാഗ്രത പുലർത്താനും ആയി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്.