ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. വ്യാപാരികളുടെ എതിര്‍പ്പ് ഉണ്ടെങ്കിലും നിരോധനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് നിരോധനം. ഇവ നിര്‍മിച്ചാലും വിറ്റാലും കുറ്റം. ആദ്യതവണ 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 20,000 രൂപയും തുടര്‍ന്നാല്‍ 50,000 രൂപയും പിഴ ഈടാക്കും.നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്
പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും, ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നത്. ഉത്തരവ് എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ബാധകമായിരിക്കും. പ്ലാസ്റ്റിക് വിൽപ്പനയും നിർമാണവും സൂക്ഷിക്കലും നിരോധിക്കും. വ്യക്തികൾക്കും കമ്പനികൾക്കുമൊക്കെ നിരോധനം ബാധകമാണ്.എന്നാൽ, ബ്രാന്റഡ് ഉൽപന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങൾക്കും വെള്ളവും മദ്യവും വിൽക്കുന്ന കുപ്പികൾക്കും പാൽക്കവറിനും നിരോധനം ബാധകമല്ല.
മുൻകൂട്ടി അളന്നുവച്ചിരിക്കുന്ന ധാന്യങ്ങൾ, ധാന്യപ്പൊടികൾ, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന പാക്കറ്റുകൾ എന്നിവയെയും നിരോധനത്തിൽനിന്ന് ഒഴിവാക്കി. പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകൾ നിരോധിച്ചു. നിരോധിച്ചവ നിർമിക്കാനോ വിൽക്കാനോ കൊണ്ടുപോകാനോ പാടില്ല.
നിരോധിക്കുന്നവ
അലങ്കാര വസ്തുക്കൾ
പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്,സ്ട്രോ എന്നിങ്ങനെയുള്ളവ
ക്യാരി ബാഗ്
ടേബിൾമാറ്റ്
വാഹനങ്ങളിൽ ഒട്ടിക്കുന്ന ഫിലിം
പ്ലേറ്റ്,കപ്പ്,സ്പൂൺ മുതലായവ
പ്ലാസ്റ്റിക് പതാക
പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്
പിവിസി ഫ്ലക്സ് സാധനങ്ങൾ
ഗാർബേജ് ബാഗ്
300 മില്ലിക്കു താഴേയുള്ള പെറ്റ് ബോട്ടിൽ
ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽ തീ പടര്‍ന്ന് സ്ത്രീ മരിച്ചു. റൊമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റിലെ ഫ്ലോറാസ്ക ആശുപത്രിയിലാണ് സംഭവം. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതയായ സ്ത്രീ ശസ്ത്രക്രിയക്കായി എത്തിയതായിരുന്നു. ശസ്ത്രക്രിയാ വിദഗ്ധർ ഉപയോഗിക്കുന്ന വൈദ്യുത ശസ്ത്രക്രിയാ കത്തിയില്‍ നിന്നും തീ പടരുകയും രോഗിയുടെ ശരീരത്തില്‍ 40% പൊള്ളലേല്‍ക്കുകയുമായിരുന്നു. ശസ്ത്രക്രിയക്ക് മദ്യം അടിസ്ഥാനമാക്കിയുള്ള അണുനാശിനിയാണ് ഉപയോഗിച്ചത്. അതിന് പെട്ടന്ന് തീ പിടിക്കാന്‍ സാധ്യതയുണ്ട്.
ശസ്ത്രക്രിയാ വാര്‍ഡില്‍ ഉണ്ടായിരുന്ന നഴ്സ് ഒരു ബക്കറ്റ് വെള്ളം ഒഴിച്ചാണ് തീ പടരുന്നത് തടഞ്ഞത്. നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റൊമാനിയന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘ശസ്ത്രക്രിയക്ക് മദ്യം അടിസ്ഥാനമാക്കിയുള്ള അണുനാശിനി ഉപയോഗിക്കുന്നത് നിരോധിച്ചതാണെന്ന് ശസ്ത്രക്രിയാ വിദഗ്ധർ അറിയേണ്ടാതാണ്’ എന്ന് റൊമാനിയന്‍ മന്ത്രി ഹൊറാറ്റിയു മോൾഡോവൻ പറഞ്ഞു.
ആശുപത്രി അധികൃതര്‍ ഒരു അപകടം സംഭവിച്ചു എന്നുമാത്രമാണ് പറഞ്ഞതെന്നും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. റൊമാനിയയിലെ ആരോഗ്യരംഗം താറുമാറായി കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആധുനിക സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടേയും കുറവും, ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ ഇല്ലാത്തതും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നുണ്ട്.
യാത്രക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള വയോധികയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന വിമാനം റിയാദിൽ അടിയന്തരമായി ഇറക്കുകയുണ്ടായി. അറുപത് വയസുകാരിയായ ആന്ധ്രാ സ്വദേശിനി ബാലനാഗമ്മയെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്ത പുറത്തേക്ക് വന്നത്.
ന്യൂയോർക്കിൽ നിന്ന് അബുദാബി വഴി ഇന്ത്യയിലേക്ക് പോകുന്ന ഇത്തിഹാദ് വിമാനത്തിനാണ് വെള്ളിയാഴ്ച വൈകീട്ട് റിയാദ് കിങ് ഖാലിദ് ഇൻറർനാഷണൽ എയർപ്പോർട്ടിൽ എമർജൻസി ലാൻഡിങ് നടത്തേണ്ടിവന്നിരുന്നത്. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനി ബാല നാഗമ്മയെ ഉടനെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഐസിയുവിൽ കഴിയുന്ന രോഗി അപകടനില തരണം ചെയ്തതായും അധികൃതർ വ്യക്തമാക്കുകയുണ്ടായി. വയോധികയ്ക്ക് ബോധം തിരിച്ചുകിട്ടി. ന്യൂയോർക്കിലുള്ള മകൻ സുരേഷിൻറെ അടുത്തുനിന്ന് സ്വദേശത്തേക്കുള്ള മടക്കയാത്രയിലായിരുന്നു ബാല നാഗമ്മ ഏർപ്പെട്ടിരുന്നത്. വിമാനത്തിൽ വെച്ച് ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സഹയാത്രക്കാർ ജീവനക്കാരെ വിവരം അറിയിക്കുകയും പൈലറ്റ് തൊട്ടടുത്തുള്ള വിമാനത്താവളം ഏതെന്ന് കണ്ടെത്തി റിയാദിൽ അടിയന്തരമായി ഇറക്കാൻ അനുമതി തേടുകയുമായിരുന്നു ചെയ്തത്.
അതോടൊപ്പം തന്നെ ലാൻഡിങ് നടത്തിയ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ ടീം രോഗിയെ ഏറ്റെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മലയാളി സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടാണ് റിയാദിൽ ബാല നാഗമ്മയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് തന്നെ. അസുഖം ഭേദപ്പെട്ടാലുടൻ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി
റെയിൽവേസിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ നിന്ന് പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പിന്മാറിയ മുംബൈ സൂപ്പർ താരങ്ങളായ ശ്രേയസ് അയ്യറിനേയും, ശിവം ഡൂബെയേയും കാത്തിരിക്കുന്നത് കനത്ത തിരിച്ചടി. മുംബൈ 10 വിക്കറ്റിന്റെ ദയനീയ പരാജയം നേരിട്ട ഈ മത്സരത്തിൽ കളിക്കാതിരുന്ന ഇരുവർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ.
അഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ പ്രധാന താരങ്ങളാണ് ശ്രേയസ് അയ്യറും, ശിവം ഡൂബെയും. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുള്ള ഇരുവരും വിശ്രമത്തിന് വേണ്ടിയാണ് റെയിൽവേസിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ കളിക്കാതെ പിന്മാറിയത്. എന്നാൽ ഇരുവരും മത്സരം കളിക്കാതെ മാറിയത് സെലക്ടർമാരുടെ നിർദ്ദേശത്തോടെ ആയിരുന്നില്ല. രഞ്ജിയിൽ കളിക്കാതെ വിശ്രമിക്കണമെന്ന് ബിസിസിഐ സെലക്ടർമാർ തങ്ങളോട് നിർദ്ദേശിച്ചിരുന്നെന്നാണ് നേരത്തെ ഇരുവരും മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നതെങ്കിലും അങ്ങനൊരു നിർദ്ദേശം സെലക്ടർമാർ താരങ്ങൾക്ക് നൽകിയിരുന്നില്ലെന്ന് വിശദമായ അന്വേഷണത്തിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മനസിലാക്കുകയായിരുന്നു.
ഇരുവരും കളിക്കാതെ പിന്മാറിയ മത്സരത്തിൽ മുംബൈ 10 വിക്കറ്റിന്റെ ദയനീയ തോൽവി കൂടി നേരിട്ടതോടെ സംഭവം കൂടുതൽ വഷളായി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അടുത്ത അപക്സ് കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും രണ്ട് താരങ്ങൾക്കുമെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ 2019ലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു . മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിയുടെ സംവിധാനവും മോഹന്‍ലാലിന്റെ അഭിനയം കൂടിയായപ്പോള്‍ സിനിമ തീയേറ്ററില്‍ സൂപ്പര്‍ഹിറ്റായി. പ്രേക്ഷകരെ ആവേശത്തിലാക്കി ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായി.
ലൂസിഫറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നതോടെ ആരാധകര്‍ക്ക് പിന്നെ അറിയേണ്ടിയിരുന്നത് ചിത്രം എന്ന് തീയേറ്ററുകളിലെത്തുമെന്നാണ്. ഗതികെട്ട് ഒരു പ്രേക്ഷകന് മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ എത്രയും പെട്ടെന്ന് സിനിമ തന്നില്ലെങ്കില്‍ കാല് പിടിക്കുമെന്ന് വരെ കമന്റിട്ടു. ഒടുവിൽ ഇതാ ഒരഭിമുഖത്തിൽ സിനിമയുടെ ചീത്രീകരണം എപ്പോള്‍ ആരംഭിക്കുമെന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മുരളി ഗോപി.
‘ലൂസിഫര്‍ 2ന് മുൻപേ ഞാന്‍ വേറൊരു പ്രൊജക്ട് ചെയ്യുന്നുണ്ട്. ലാലേട്ടനും വേറൊരു പ്രൊജക്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം. ഇത് രണ്ടും കഴിഞ്ഞിട്ടായിരിക്കും ലൂസിഫര്‍ 2. 2021അവസാനത്തോടെ ചിത്രീകരണം തുടങ്ങും’-മുരളി ഗോപി പറഞ്ഞു.
മൂന്നുമാസത്തെ വിസിറ്റിങ് വിസയിലെത്തി തെരുവിൽ കച്ചവടം ചെയ്തും തെണ്ടിയും ല്ക്ഷങ്ങൾ സമ്പാദിക്കുന്നവർ യു.എ.ഇയിലുണ്ടെന്ന് ദുബായ് പൊലീസ് .ഭിക്ഷാടനം പോലെ തെരുവു കച്ചവടവും ദുബായിൽ വിലക്കിയിട്ടുണ്ടെന്ന് ദുബായ് പൊലീസിന്റെ കുറ്റാന്വേഷണവിഭാഗം അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
തെരുവു കച്ചവടക്കാരിലേറെയും അനധികൃതമായി ദുബായിൽ തങ്ങുന്നവരാണ്. നഗരത്തിന്റെ അപരിഷ്കൃതമായ മുഖമായി ഇവർ മാറുകയാണ്. ഇവർ കുറ്റകൃത്യങ്ങൾ ചെയ്താൽ കണ്ടെത്തുകയും പ്രയാസമാണെന്ന് അദ്ദേഹം പറയുന്നു.
ഭിക്ഷാടനത്തിന്റെ മറ്റൊരു രൂപമാണ് തെരുവ് കച്ചവടമെന്നും അദ്ദേഹം പറയുന്നു. കാലപ്പഴക്കം ചെന്നവയോ നിലവാരമില്ലാത്തവയോ ആയ സാധനങ്ങളാണ് ഇവർ വിൽക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്നും ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാമ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2017-ൽ യു.എ.ഇയിൽ അനധികൃതമായി തങ്ങിയിരുന്ന 34,881 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുമുമ്പത്തെവർഷം അറസ്റ്റിലായവരുടെ എണ്ണം 49,205 ആയിരുന്നു. 2017-ൽ അറസ്റ്റിലായവരിൽ 2355 പേർ തെരുവ് കച്ചവടക്കാരും 1840 പേർ ഭിക്ഷയാചിക്കുന്നവരുമായിരുന്നു. 2016-ൽ അറസ്റ്റിലായ ഒരു ഭിക്ഷക്കാരൻ മാസം 50 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. വിനോദ സഞ്ചാരിയെന്ന നിലയിൽ മൂ്ന്നുമാസത്തെ ടൂറിസ്റ്റ് വിസയിലെത്തിയാണ് ഇയാൾ ഭിക്ഷയാചിച്ചിരുന്നത്.
ഒരു ഭിക്ഷക്കാരൻ ദിവസം ശരാശരി ഒന്നരലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് ദുബായ് പൊലീസിന്റെ കണക്ക്. മണിക്കൂറിൽ 25,000 രൂപയോളം. വെള്ളിയാഴ്ചകളിലാണ് ഇവർക്ക് കൂടുതൽ പണം കിട്ടുന്നത്. പള്ളികൾക്ക് മുന്നിൽ ഭിക്ഷയാചിക്കുന്നവർക്ക് വാരിക്കോരിയാണ് പണം കൊടുക്കുന്നതെന്നും പൊലീസ് പറയുന്നു. ജോലിക്കുള്ള വിസയിൽ എത്തിയവർ പോലും വെള്ളിയാഴ്ചകളിൽ ഭിക്ഷാടനം നടത്താറുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
നന്മവൃക്ഷത്തിന്റെ വേരുകൾ
കൊട്ടാരം കോശി വരുന്നതുകണ്ട് രഘുനാഥൻ അമ്പരന്നു. അയാൾ വരുന്നതിന്റെ ഉദ്ദേശം അന്വേഷണത്തെപ്പറ്റി അറിയാൻ തന്നെയാണ്. എന്താണ് തനിക്കതിനെക്കുറിച്ച് പറയാനുള്ളത്? ഉത്തരം കണ്ടെത്താൻ കഴിയാതെ വന്നാൽ അയാൾ ചോദിക്കുക ഒന്നു മാത്രമാണ്. നിങ്ങൾ കുറ്റവാളികളുടെ രക്ഷകരാണോ എന്നാണ്. പാവങ്ങളുടെ നികുതി പണം ശമ്പളം തരുന്നത് കുറ്റവാളികളെ രക്ഷിക്കാനാണോ എന്ന്. മനസ്സിൽ ആശയകുഴപ്പമേറി, അതിന്റെയുള്ളിൽ ധാരാളം നിഗൂഢതകൾ ഉള്ളതായിട്ടറിയാം. അവരെ എതിർത്ത് മുന്നോട്ടുപോയാൽ തൊപ്പി തലയിൽ കാണില്ല. പലജനപ്രതിനിധികളും നിയമങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന സാഹചര്യത്തിലാണ് കൊട്ടാരം കോശിയുടെ കോടതിയിലെ പ്രകടനങ്ങൾ. കണ്ടിട്ടുണ്ടെങ്കിലും സ്റ്റേഷനിലേക്ക് വരുന്നത് ആദ്യമായാണ്. അകത്തിരുന്ന പോലീസുകാരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്. കോശി അകത്തേക്കു വന്നു.
രഘുനാഥനെ നോക്കി.
“”മിസ്റ്റർ രഘുനാഥൻ ഞാൻ ഇപ്പോൾ വന്നത് നിഷയെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെ കണ്ടിട്ടാണ്. അദ്ദേഹത്തോടും പറഞ്ഞത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എന്തെങ്കിലും തിരിമറി നടത്തിയാൽ മറ്റ് ഉന്നത ഡോക്ടർമാരെ ഞാനിവിടെ കൊണ്ടുവരുമെന്നാണ്. നല്ല ഡോക്ടേഴ്സ് ഒരിക്കലും കടമ മറന്ന് ഒന്നും ചെയ്യില്ല”
കൊട്ടാരം കോശി രഘുനാഥനെ സൂക്ഷിച്ചുനോക്കി. കണ്ണുകളും മുഖഭാവവും മാനസിക സമ്മർദ്ദത്തിലെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. നിമിഷനേരം ആ മുഖത്തേക്കു നോക്കിയിട്ടു പറഞ്ഞു. “”ഇതൊന്നും പോലീസിന്റെ മാത്രം കാര്യക്ഷമത ഇല്ലായ്മ എന്നൊന്നും ഞാൻ പറയില്ല. പ്രധാനമന്ത്രി മുതൽ താഴേയ്ക്ക് അഴിമതി ഒരു പകർച്ചവ്യാധിയായി മാറിയിരിക്കുന്ന രാജ്യത്ത് നീതിയും സത്യവും നിക്ഷേധിക്കപ്പെടുക സ്വാഭാവികമാണ്. ഇന്നത്തെ ഇവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണത്. ഇൗ കേസിൽ ഒരു കള്ളത്തരത്തിനും താങ്കൾ കൂട്ടുനില്‍ക്കരുത്. ഇതിന്റെ പിന്നിൽ ഞാനാണുള്ളത്. ”
അതിനിടയിൽ രഘുനാഥിന്റെ ഫോൺ ശബ്ദിച്ചു.
“”സാറെ ഞാൻ വിളിക്കാം. എന്റെ അടുക്കൽ കൊട്ടാരം കോശിസാർ ഉണ്ട്. നിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരല്പം തിരക്കിലാണ്. ശരി സാർ” എല്ലാം നിശ്ശബ്ദം കേട്ടിരുന്ന രഘുനാഥൻ പറഞ്ഞു
“”എന്നെപ്പോലുള്ളവരുടെ അവസ്ഥ സാറിനറിയാമല്ലോ. ഭരണത്തിലുള്ള കക്ഷിയാണ് പ്രതിയെങ്കിൽ കേസ് വളച്ചൊടിക്കാൻ പറയും.”
കൊട്ടാരം കോശി അതിന് മറുപടി പറഞ്ഞത് “”എന്റെ കേസുകളിൽ ബാഹ്യശക്തികളോ മന്ത്രിമാരോ ഇടപെടുന്നത് ഞാൻ അനുവദിക്കില്ല. അതൊക്കെ നിങ്ങളെപ്പോലുള്ളവർ ചെയ്താൽ മതി. കഴിഞ്ഞ പതിനെട്ടിന് രണ്ടു യുവാക്കൾ അവളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി തന്നിരുന്നുവല്ലോ. അതിൽ നിങ്ങൾ എന്തു നടപടി എടുത്തു.? ഉം… പറയു. കേൾക്കട്ടെ.
അവർ തന്നെയാണ് കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നത്. അതിനുള്ള ദൃക്സാക്ഷിയും എന്റടുത്തുണ്ട്. അവരെയെല്ലാം കോടതിയിൽ ഞാൻ ഹാജരാക്കും. ആലോചിക്കുക. മേലുദ്യോഗസ്ഥർ എല്ലാം ഇതിലെ പ്രതികളാണ്. ഇവരുമായുള്ള ഫോട്ടോകൾ, ഫോൺ സംഭാഷണങ്ങൾ എല്ലാം തന്നെ ഞാൻ ചോർത്തിക്കഴിഞ്ഞു. നിങ്ങൾ ഏത് ദിശയിൽ ഇൗ കേസ് അട്ടിമറിക്കാൻ ശ്രമിച്ചോ അതേ ദിശയിൽ തന്നെ നിങ്ങൾ ഒാരോരുത്തരെ ഞാൻ അട്ടിമറിച്ചിരിക്കുന്നു. നിയമത്തിനൊപ്പം നടന്നിട്ട് അതിന്റെ കഴുത്ത് അറക്കരുത്. ഇൗ കാര്യങ്ങൾ താങ്കളെ നേരിൽ കണ്ട് ഒന്ന് പറയാൻ വേണ്ടിയാണ് ഞാനിവിടെ വന്നത്. ജോലിത്തിരക്കുണ്ടല്ലോ. ഇറങ്ങുന്നു. എഫ്.എെ.ആറിന്റെ കോപ്പിതരൂ.”
എഫ്എെആറിന്റെ കോപ്പി വാങ്ങിയിട്ട് മിന്നലുപോലെ കൊട്ടാരം കോശി പുറത്തേക്കു നടന്നു. രഘുനാഥൻ നിമിഷങ്ങൾ വിറങ്ങലിച്ചിരുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നത്. ഇൗ ജോലി ലഭിച്ചതിന് ശേഷമാണ് ജീവിതമൊന്ന് പച്ച പിടിച്ചു വന്നത്. സാമ്പത്തിക വകുപ്പ് കണ്ടെത്താതിരിക്കാൻ ബിനാമി പേരുകളിലാണ് കൈക്കൂലി കാശ് നിക്ഷേപിച്ചിരിക്കുന്നത്. കോശിയുമായി ഏറ്റുമുട്ടുന്നത് സൂക്ഷിക്കണം. ഉള്ള മനഃസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. ഫോൺവിളി പോലും ആപത്താണ്. ആരെങ്കിലും വിളിച്ചാലും ഫോൺ എടുക്കില്ല. രഘുനാഥൻ നന്നേ തളർന്നിരുന്നു.
ഇൗ കസേരയിലിരുന്ന് പല കേസുകളും അട്ടിമറിച്ചിട്ടുണ്ട്. കൊട്ടാരം കോശിയുടെ കയ്യിൽ പെട്ടാൽ പഴയ പല കേസുകളും കോടതിമുറിക്കുള്ളിൽ പൊടി തട്ടി ഉണരും. കോശിയുടെ ശരീരഭാഷ കോടതിമുറിയിൽ ഇതുപോലെ ആകില്ല. ആരും വിയർക്കും. ഇപ്പോൾത്തന്നെ നല്ല ഉഷ്ണം. മുകളിലേക്ക് നോക്കി . ഫാൻ കാര്യമായിത്തന്നെ കറങ്ങുന്നുണ്ട്. ഇനിയും ഇൗ കേസിനെ ദുർബലപ്പെടുത്താനാകില്ല. കൊലപാതകികളെ അകത്താക്കാതെ നിവൃത്തിയില്ല. ആദ്യദിവസങ്ങളിൽ മാധ്യമങ്ങളിൽ ചെറിയ വാർത്തകളായിരുന്നു. കോശി കേസ് ഏറ്റെടുത്ത സ്ഥിതിക്ക് ഇനി കളി മാറും. പത്രങ്ങളും ചാനലുകളും എല്ലാം ഇൗ കേസിന്റെ പിന്നാലെയായിരിക്കും. കുറ്റകൃത്യത്തിന് കൂട്ടുനില്ക്കേണ്ടിയിരുന്നില്ല.
വീട്ടിലെത്തി കോശി ആഭ്യന്തരമന്ത്രിക്ക് കമ്പ്യൂട്ടറിലൂടെ ഒരു മെയിൽ അയച്ചു. “”താങ്കളുടെ ആഭ്യന്തര വകുപ്പിന് തന്നെ അപമാനമായി പോലീസിന്റെ ഭാഗത്തുനിന്ന് പലതും സംഭവിക്കുന്നു. പോലീസുകാർ കുറ്റവാളികളെ സംരക്ഷിക്കുന്നു.പോലീസ് സ്റ്റേഷൻ ഭരിക്കുന്നത് രാഷ്ട്രീയക്കാരാണ്. എന്റെ പ്രദേശത്ത് ഒരു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ഒരു മന്ത്രിപുത്രനെന്ന് പരസ്യമായ രഹസ്യമാണ്.
ഇവരുടെമേൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമത്തെ കാറ്റിൽ പറത്തുന്ന ഇൗ വ്യവസ്ഥിതിക്ക് മാറ്റം വരുത്തണം. സ്ത്രീപുരുഷസമത്വം ഇവിടെ നിഷ്കരുണം ചവുട്ടി മെതിക്കപ്പെടുന്നു. സ്ത്രീകൾക്ക് സംരക്ഷണവും സ്വാതന്ത്യവും ഉറപ്പു വരുത്തുന്നില്ല. കപടസദാചാരസംസ്കാരത്തിൽ പുരുഷന്മാരെ വളർത്താതെ ലൈംഗികവിഷയങ്ങളിൽ സ്കൂൾതലം മുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കണം. നിഷയുടെ ഗതി ഇനി ഒരു പെൺകുട്ടിക്കുമുണ്ടാകരുത്.”
ആ കത്ത് വായിച്ച ആഭ്യാന്തരമന്ത്രി നിമിഷങ്ങൾ നിശ്ചലനായിരുന്നു.
ഇന്ത്യയിലെ കിരാത പൗരത്വ ഭേദഗതി നിയമത്തിനും ദേശിയ പൗരത്വ പട്ടികയ്ക്കും എതിരെ യു കെ ഇന്ത്യൻ പ്രവാസികൾ സംഘടിപ്പിച്ച പ്രതിഷേധം വമ്പിച്ച ജന പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി. ഡിസംബർ 29 ന് നോട്ടിങ് ഹാമിലെ ഓൾഡ് മാർക്കറ്റ് സ്ക്വയറിലെ ബ്രിയൻ ക്ലൂ സ്റ്റാ ച് യു വേദിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ, കുട്ടികൾ ഉൾപ്പെടുന്ന നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. ഇന്ത്യൻ മുസ്ലിങ്ങളുടെ വംശ ഹത്യക്ക് അടിത്തറ പാകുന്ന ഫാസിസ്റ്റ് അജണ്ടക്കെതിരിൽ ആവേശോജ്ജ്വലമായ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രവാസികൾ സി.എ.എ, എൻ.ആർ. സി ക്കെത്തിരിലുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
‘നാനാത്വത്തിൽ ഏകത്വം ‘ എന്നുള്ള തത്വത്തെ മുൻ നിർത്തി കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം നിലവിലെ ഇന്ത്യയുടെ അവസ്ഥ വരച്ചു കാട്ടി. അയൽ രാജ്യങ്ങളിലെ അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന വ്യാജേന രാജ്യത്തെ മുസ്ലിങ്ങളെ അന്യവൽകരിക്കുന്ന ബി. ജെ. പി യുടെ ഫാസിസ്റ്റ് അജണ്ട യെ പറ്റിയുള്ള ലഘു ലേഖകളും വിതരണം ചെയ്തു.
യൂറോപ്യൻ യൂണിയന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് മുന്നിൽ ഇന്ത്യ അനുഭാവപൂര്‍വ്വം നിലപാടെടുക്കുന്നു. യൂറോപ്യൻ യൂണിയനിലെ അംഗരാഷ്ട്രങ്ങളിൽ നിന്നുള്ള മദ്യത്തിനും കാറുകൾക്കും ഇറക്കുമതി തീരുവ കുറയ്ക്കാനാണ് നീക്കം. ആര്‍സിഇപി കരാറിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനോട് ഇന്ത്യ അടുക്കുന്നത്.
മദ്യം, കാര്‍ തുടങ്ങി യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങളോട് ദീര്‍ഘകാലമായി ഇന്ത്യ മുഖംതിരിച്ചിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മ്മൻ ചാൻസലര്‍ ഏയ്ഞ്ചെല മെര്‍ക്കലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഈ കരാറിലേക്ക് വീണ്ടും ഇന്ത്യ തിരിച്ചെത്തിയത്. പിന്നീട് വാണിജ്യ-വ്യവസായ വകുപ്പുമന്ത്രി പിയൂഷ് ഗോയൽ ഇത് സംബന്ധിച്ച് ഏയ്ഞ്ചെല മെര്‍ക്കലുമായി വിശദമായ ചര്‍ച്ച നടത്തി. യൂറോപ്യൻ യൂണിയന്റെ ട്രേഡ് കമ്മിഷണര്‍ ഫിൽ ഹോഗനോടും ഇദ്ദേഹം സംസാരിച്ചിരുന്നു.
യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് വില കുറഞ്ഞാലും മദ്യത്തിന്റെ ആഭ്യന്തര വിപണിയെ ഇത് ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളുടെ കാര്യത്തിലും കേന്ദ്രത്തിന്റെ നിഗമനം സമാനമാണ്.
ഉഭയകക്ഷി വ്യാപാര കരാര്‍ യൂറോപ്യൻ യൂണിയനുമായും അമേരിക്കയുമായും ഒപ്പുവയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി നേരത്തെ പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആര്‍സിഇപി കരാറിൽ നിന്ന് പിന്മാറാമെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതോടെയാണ് യൂറോപ്പുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുന്നത്. ബ്രെക്സിറ്റിന് ശേഷം ഇന്ത്യ ബ്രിട്ടനുമായും വ്യാപാര കരാര്‍ ഒപ്പുവയ്ക്കും. ടെക്സ്റ്റൈൽ, ഫാം പ്രൊഡക്ട്സ് എന്നിവയ്ക്കായാവും കരാറെന്നാണ് വിലയിരുത്തൽ.
ലണ്ടൻ ∙ സ്വന്തമായി വിമാനം പോലും ലഭിക്കുമെന്നിരിക്കെ, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഇക്കണോമി ക്ലാസിൽ, പിന്നിലെ സീറ്റിലിരുന്നു യാത്ര ചെയ്യുന്നതു പലർക്കും സങ്കല്പിക്കാന് പോലുമാകില്ല. പക്ഷേ ബ്രിട്ടിഷ് എയർവേസിൽ കഴിഞ്ഞ ദിവസം അത്തരത്തിൽ യാത്ര ചെയ്ത വ്യക്തിയെക്കണ്ട് യാത്രക്കാർ ആദ്യമൊന്നമ്പരന്നു. ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസനും പെൺസുഹൃത്ത് കേരി സൈമണ്ട്സുമായിരുന്നു അത്. കരീബിയൻ ദ്വീപുകളിൽ പുതുവർഷാഘോഷത്തിനുള്ള യാത്രയിലായിരുന്നു ഇരുവരും.
കരീബിയൻ ദ്വീപുരാഷ്ട്രമായ സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലെ മസ്റ്റീക്ക് എന്ന ടൂറിസം കേന്ദ്രത്തിലേക്കായിരുന്നു യാത്ര. ലണ്ടനിൽ നിന്നുള്ള ആ യാത്രയ്ക്കിടെ സഹയാത്രികരിലൊരാൾ പകർത്തിയ ചിത്രമാണു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ലാളിത്യത്തെപ്പറ്റിയുള്ള ചർച്ചകൾക്കിടയാക്കിയത്. വിൻഡോ സീറ്റിലിരുന്ന് പുസ്തകം വായിക്കുന്ന ബോറിസും സമീപം പുതച്ചിരിക്കുന്ന കേരിയുമാണു ചിത്രത്തിൽ. യാത്രയ്ക്കിടെ ഉയർന്ന ക്ലാസിലേക്ക് സീറ്റ് അപ്ഗ്രേഡ് ചെയ്യാനുമാകില്ല. സീറ്റുമാറ്റത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങൾ നിലവിലുള്ളതിനാൽ അത്തരമൊരു ‘സഹായവും’ ഫ്ലൈറ്റ് ജീവനക്കാർക്കു നൽകാനാകില്ലെന്നതാണു സത്യം.
കാര്യമായ സുരക്ഷാപ്പടയും ഒപ്പമില്ലാതെയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ബ്രിട്ടിഷ് എയർവേസിലെ യാത്രയ്ക്കു ബോറിസിനു മാത്രം ടിക്കറ്റ് നിരക്ക് 1323 പൗണ്ടായിരുന്നു (ഏകദേശം 1.23 ലക്ഷം രൂപ). എന്നാൽ ബ്രിട്ടന്റെ റോയൽ എയർഫോഴ്സിന്റെ സ്വകാര്യ വിമാനത്തിൽ പോവുകയായിരുന്നെങ്കിൽ ഒരാൾക്കു ചെലവു വരിക ഒരു ലക്ഷം പൗണ്ടും (ഏകദേശം 93.44 ലക്ഷം രൂപ). കന്നുകാലി ക്ലാസ് എന്നു വിളിപ്പേരുള്ള ഇക്കണോമി ക്ലാസിൽ യാത്ര ചെയ്തതോടെ പ്രധാനമന്ത്രിയിലൂടെ മാത്രം ടിക്കറ്റ് നിരക്കിൽ ലാഭിച്ചത് 91 ലക്ഷത്തിലേറെ രൂപ!
കേരി സൈമണ്ട്സും പ്രധാനമന്ത്രിയുടെ ഭാര്യാപദത്തിന്റെ ആഡംബരങ്ങളിൽ അഭിരമിച്ചിട്ടില്ല. അടുത്തിടെ ഒരു സുപ്രധാന ചടങ്ങിലേക്കു ഡിസൈനർ വസ്ത്രങ്ങൾ വാങ്ങുന്നതിനു പകരം വാടകയ്ക്കെടുത്തു വരികയായിരുന്നുവെന്ന് കേരി വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല, ഇപ്പോഴും തൊഴിലെന്ന നിലയ്ക്ക് ‘ഓഷ്യാന’ എന്ന പരിസ്ഥിതി ക്യാംപെയ്ൻ ഗ്രൂപ്പിന്റെ ഉപദേശകയായും ഈ മുപ്പത്തിയൊന്നുകാരി തുടരുകയാണ്. സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലെ ആഡംബര വില്ലകളിലൊന്നിലേക്കാണു പുതുവർഷാഘോഷത്തിനായി ബോറിസ് എത്തിയിരിക്കുന്നത്.
യാത്രയ്ക്കിടെ സെന്റ് ലൂഷ്യ പ്രധാനമന്ത്രി അലൻ ഷസ്റ്റനെയും ഒപ്പമുണ്ടായിരുന്നു. ക്രിസ്മസിന്റെ പിറ്റേന്ന് സെന്റ് ലൂഷ്യയിലിറങ്ങിയ ബോറിസ് ഷസ്റ്റനെയ്ക്കും വിമാനത്തിലെ ജീവനക്കാർക്കുമൊപ്പം ഫോട്ടോയും എടുത്തു. ബ്രിട്ടനിൽ നിന്ന് സെന്റ് ലൂഷ്യയ്ക്കു ലഭിക്കുന്ന സഹായങ്ങളിൽ ഷസ്റ്റനെ നന്ദി രേഖപ്പെടുത്തി. സെന്റ് ലൂഷ്യയിൽ നിന്നാണു ബോറിസും സംഘവും സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡെൻസിലേക്കു പോയത്. ബ്രിട്ടിഷ് രാജകുടുംബം ഉൾപ്പെടെ അവധിക്കാലം ചെലവഴിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണു മസ്റ്റീക്ക്.
ഇവിടെ ഒരാഴ്ചയ്ക്ക് 20,000 പൗണ്ട് (ഏകദേശം 18.69 ലക്ഷം രൂപ) ചെലവു വരുന്ന വില്ലയിലാണു ബോറിസിന്റെ പുതുവർഷാഘോഷം. ആറു കിടപ്പുമുറികളുള്ള വില്ല കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപിന്റെ മനോഹരമായ കാഴ്ച ചുറ്റിലും ദൃശ്യമാകുന്നുവെന്നതാണു പ്രത്യേകത. മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രിമാർ ചെലവു കുറഞ്ഞ അവധിക്കാല യാത്രാപാക്കേജുകളാണു പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്, അതും ഇംഗ്ലണ്ടിൽ തന്നെയുള്ളവ. തെരേസ മേയുടെ പ്രിയപ്പെട്ട സ്ഥലം വെയ്ൽസാണ്. ഡേവിഡ് കാമറൂണിന്റേത് ഇംഗ്ലണ്ടിലെതന്നെ കോൺവോളും.