ഇൻഡോർ: ഇന്ത്യൻ പൗരത്വം സ്വീകരിച്ച പാക്കിസ്ഥാൻ വംശജനായ ഗായകൻ അദ്‌നാൻ സാമിക്ക് പത്മശ്രീ നൽകിയതിനെച്ചൊല്ലി കേന്ദ്രസർക്കാരിനെ വിമർശിച്ച് നടി സ്വര ഭാസ്‌കർ. “ഭരണഘടന സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക” എന്ന പേരിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു സ്വരയുടെ വിമർശനം.
“അഭയാർഥികൾക്ക് പൗരത്വം നൽകാനും നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യാനുമുള്ള നിയമ നടപടികൾ ഇന്ത്യയിൽ ഇതിനകം നിലവിലുണ്ട്. നിങ്ങൾ (സർക്കാർ) അദ്നാൻ സാമിക്ക് ഇന്ത്യൻ പൗരത്വം നൽകി, ഇപ്പോൾ അദ്ദേഹത്തിന് പദ്മശ്രീയും നൽകി. ഇങ്ങനെയാണെങ്കിൽ എന്താണ് പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ആവശ്യകതയും ന്യായീകരണവും?” സ്വര ഭാസ്‌കർ ചോദിച്ചു. ലണ്ടനിൽ ജനിച്ച പാക്കിസ്ഥാൻ വംശജനായ അദ്നാൻ സാമി പ്രശസ്ത ഗായകനും പെയിന്ററും ഗാനരചയിതാവും നടനുമാണ്.
ഒരു ഭാഗത്ത് പ്രതിഷേധക്കാരെ തല്ലിയോടിക്കുന്ന ബിജെപി മറുഭാഗത്ത് ഒരു പാക്കിസ്ഥാനിക്ക് പദ്മശ്രീ നല്‍കുകയാണെന്ന് സ്വര ഭാസ്കർ വിമർശിച്ചു. പൗരത്വ ഭേദഗതി നിയമം പാസാക്കുന്നത് ഭരണഘടനയെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും സ്വര ഭാസ്കർ പറഞ്ഞു.
”ശബ്ദമുയര്‍ത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു. പൗരത്വഭേദഗതിയെ പിന്തുണയ്ക്കുന്നവര്‍ നുഴഞ്ഞു കയറ്റക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് യഥാര്‍ഥ പ്രശ്‌നക്കാരെ അവര്‍ക്ക് കാണാന്‍ സാധിക്കാത്തത്. ഈ നുഴഞ്ഞു കയറ്റക്കാര്‍ സര്‍ക്കാരിന്റെ മനസ്സിലാണ് കടന്നു കൂടിയിരിക്കുന്നത്. ബിജെപിക്കും സര്‍ക്കാരിനും പാക്കിസ്ഥാനോട് പ്രണയമാണ്. നാഗ്പൂരില്‍ ഇരുന്നുകൊണ്ട് അവര്‍ ഇന്ത്യ മുഴുവന്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു”- സ്വര പറഞ്ഞു
ടൂറിസ്റ്റ് ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള ‘സഹായി’ ആംബുലൻസ് ഡ്രൈവർ സിറാജാണ് ആക്രമിക്കപ്പെട്ടത്. താമരശ്ശേരിക്ക് സമീപം ഈങ്ങാപ്പുഴയിൽ ആയിരുന്നു സംഭവം.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് തടയുകയും പിന്നാലെ കയ്യേറ്റം ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഇരുവാഹനങ്ങൾക്കും പിറകിലെത്തിയ ബൈക്ക് യാത്രികരാണ് അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന DLT കമ്പനിയുടെ NL – 01-1671 എന്ന ബസ്സിലെ ജീവനക്കാരാണ് ആക്രമണം നടത്തിയത്. രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു sys സാന്ത്വനത്തിന്റെ ആംമ്പുലൻസ്.
സംഭവത്തിന് പിന്നാലെ നാട്ടുകാർ ബസ്സ് തടഞ്ഞുവെച്ചു പോലീസിൽ ഏൽപ്പിച്ചു. അക്രമത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ, ബസ്സ് ക്ലീനർ കൊടുവള്ളി പറക്കുന്നുമ്മൽ ലിജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആമ്പുലൻസിന് സൈഡ് കൊടുക്കാതെ ഏറെ ദൂരം സഞ്ചരിക്കുകയും, പിന്നീട് ചോദ്യം ചെയ്തതിനെ തുടർന്ന് ആമ്പുലൻസ് ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി.
മഹാത്മ ഗാന്ധിയുടെ സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരുമായി ചേര്‍ന്നുള്ള നാടകമെന്ന് മുൻ കേന്ദ്ര മന്ത്രിയും കർണാടകയിലെ ബിജെപി എംപിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെ. ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് ഇന്ത്യയില്‍ മഹാത്മ എന്ന വിശേഷണം കിട്ടുന്നത് എന്ന് അനന്ത്കുമാര്‍ ഹെഗ്‌ഡെ ചോദിച്ചു. സ്വാതന്ത്ര്യസമരം മുഴുവന്‍ ബ്രിട്ടീഷുകാരുടെ പിന്തുണയോടെയാണ് നടത്തിയത് – ഉത്തരകന്നഡയില്‍ നിന്നുള്ള ലോക്‌സഭ എംപിയായ ഹെഗ്‌ഡെ പറഞ്ഞു. ഈ നേതാക്കള്‍ക്കൊന്നും ഒരിക്കല്‍ പോലും പൊലീസിന്റെ തല്ല് കിട്ടിയിട്ടില്ല. ഇവരുടെ സമരപ്രകടനങ്ങള്‍ക്ക് ബ്രിട്ടീഷുകാരുടെ അനുമതിയുണ്ടായിരുന്നു. ഇവരുടെ സ്വാതന്ത്ര്യസമരം വലിയൊരു നാടകമായിരുന്നു. അതൊരു യഥാര്‍ത്ഥ പോരാട്ടമായിരുന്നില്ല. അതൊരു അഡ്ജസ്റ്റ്‌മെന്റായിരുന്നു – ഹെഗ്‌ഡെ പറഞ്ഞിരുന്നു.
മഹാത്മ ഗാന്ധിയുടെ നിരാഹാര സമരങ്ങളും സത്യാഗ്രഹങ്ങളുമെല്ലാം നാടകമായിരുന്നു എന്ന് ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെ പിന്തുണക്കുന്നവര്‍ പറയുന്നത് ഈ നിരാഹാര സത്യാഗ്രഹങ്ങള്‍ കൊണ്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നാണ്. അത് സത്യമല്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത് സത്യാഗ്രഹം മൂലമല്ല. ഇച്ഛാഭംഗം കൊണ്ടാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത്. ചരിത്രം വായിച്ചിട്ട് എന്റെ ചോര തിളക്കുന്നു. ഇത്തരക്കാരൊക്കെയാണ് നമ്മുടെ രാജ്യത്ത് മഹാത്മാക്കളാകുന്നത് – ഹെഗ്‌ഡെ പറഞ്ഞു.
സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറിയായിരുന്ന ജിൽസ് പോളിന്റെ പിതാവ് ശ്രീ : റ്റി. ജെ. പൗലോസ് ( 84 ) നാട്ടിൽ വച്ച് നിര്യാതനായി . വാർദ്ധക്യ സഹജമായ രോഗത്താൽ ഇന്ന് ഉച്ചയ്‍ക്കായിരുന്നു അന്ത്യം . പിതാവിന്റെ രോഗവിവരമറിഞ്ഞ ജിൽസ് പോൾ ഇന്നലെ തന്നെ നാട്ടിലേയ്ക്ക് തിരിച്ചിരുന്നു . പരേതന്റെ ശവസംസ്കാരം ബുധനാഴ്ച്ച കണ്ണൂർ കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വച്ച് നടത്തപ്പെടും. പിതാവിന്റെ ശവസംസ്‌കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി മരുമകൾ ബീന ജിൽസ് നാളെ രാവിലെ നാട്ടിലേയ്ക്ക് തിരിക്കും. ഭാര്യ : മറിയാമ്മ . മക്കൾ : ലില്ലിക്കുട്ടി , എൽസിറ്റ് , ജോസ് , ഷാർലെറ്റ് , റോസിറ്റ് .
ജിൽസ് പോളിന്റെ പിതാവ് ശ്രീ : റ്റി. ജെ. പൗലോസിന്റെ നിര്യാണത്തിൽ ജി എം എ കമ്മിറ്റി അനുശോചനം അറിയിച്ചു .
ന്യൂഡൽഹി ∙ അടച്ചുപൂട്ടിയ ബസ്സിനുള്ളിൽനിന്ന് അവർ വീണ്ടും വീണ്ടും കൃതജ്ഞതയുടെ കൈ വീശി. അപ്പോഴും ഒരുവശത്ത് ശാന്തരായി നടക്കുകയായിരുന്നു അജോ ജോസും ശരത്തും – ഇന്ത്യയുടെ വുഹാൻ രക്ഷാ ദൗത്യസംഘത്തിന്റെ ഭാഗമായ മലയാളി നഴ്‌സുമാർ.
കൊറോണവൈറസ് ഭീതിയുടെ പ്രഭവകേന്ദ്രമായ വുഹാനിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഒരു മടിയും ആശങ്കയുമില്ലാതെ പ്രത്യേക വിമാനത്തിൽ പുറപ്പെട്ടവർ. 2012 ൽ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ വന്നകാലം മുതൽ ഇരുവരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ രക്ഷാദൗത്യങ്ങളുടെ ഭാഗമാണ്. ആദ്യം സ്വമേധയാ രംഗത്തിറങ്ങിയെങ്കിൽ ഇപ്പോൾ സർക്കാർ ഇവരെ തിരഞ്ഞുപിടിച്ചു നിയോഗിക്കുന്നു. നേപ്പാളിലെയും ഇന്തൊനീഷ്യയിലെയും ഭൂകമ്പ രക്ഷാദൗത്യങ്ങളിലും ശ്രീലങ്കയിൽ ഭീകരാക്രമണങ്ങൾക്കു ശേഷമുള്ള രക്ഷാപ്രവർത്തനങ്ങളിലും ഇന്ത്യൻ സംഘത്തിന്റെ ഭാഗമായി. ഡൽഹിയിലായിരിക്കെ, കേരളത്തിലെ 2 ദൗത്യങ്ങളിൽ പങ്കാളികളായി – നിപ്പ പരിചരണത്തിലും 2018 ലെ പ്രളയക്കെടുതിയിലും.
എയിംസിൽ അസി. നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അമ്മ ആനിയുടെ അനുഭവപാഠങ്ങളാണു തൃശൂർ പറമ്പൂർ സ്വദേശിയായ അജോയുടെ കരുത്ത്. വൈക്കം ചെമ്പ് സ്വദേശിയായ ശരത്തിന്റെ ഭാര്യ സിമി എയിംസിലെ നഴ്‌സാണ്. വുഹാൻ രക്ഷാദൗത്യം കഴിഞ്ഞെത്തിയ അജോക്കും ശരത്തിനും ഇനി രണ്ടാഴ്ചത്തേക്കു ജോലിക്കു പോകാനില്ല. മുൻകരുതലിന്റെ ഭാഗമായി വീട്ടിൽ തന്നെ മാറിത്താമസിക്കണം.
‘അഭിമാനകരമായ നിമിഷമാണു ഞങ്ങൾക്കെല്ലാം. വുഹാനിൽ നിന്ന് ഒരു സംഘത്തെ ഇവിടേക്ക് എത്തിക്കാനായി. ഇന്ത്യയിൽ ഒരുപക്ഷേ, എയർ ഇന്ത്യയ്ക്കു മാത്രം കഴിയുന്ന ദൗത്യം. ഈ വെല്ലുവിളി ഏറ്റെടുക്കാൻ സർക്കാർ ആവശ്യപ്പെട്ടപ്പോൾ, ഒരാൾ പോലും മറിച്ചു പറഞ്ഞില്ല. ‘യെസ്’ എന്നു തന്നെയായിരുന്നു ആദ്യ ഉത്തരം.’ – ദേവദാസ് പിള്ള (എയർ ഇന്ത്യയുടെ സെക്യൂരിറ്റി മാനേജർ, ആലപ്പുഴ സ്വദേശി)
150 സ്വകാര്യ യാത്രാ ട്രെയിനുകള്‍ കൊണ്ടുവരുന്നു. ബജറ്റ് പ്രസംഗത്തിലാണ് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം പറഞ്ഞത്. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആള്‍സ്റ്റം, സിമന്‍സ്, ബംബാര്‍ഡിയര്‍ തുടങ്ങിയ കമ്പനികളെല്ലാം താല്‍പര്യമറിയിച്ച് രംഗത്തെത്തിയതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് അറിയിച്ചു. 22,500 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. തിരക്കുള് 100 റൂട്ടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാനാണ് ആലോചന. പിപിപി (പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്) അഥവാ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ 150 ട്രെയിനുകള്‍ ഓടിക്കുമെന്നാണ് നിര്‍മ്മല സീതാരാമന്‍ അറിയിച്ചത്. നാല് റെയില്‍വെ സ്‌റ്റേഷനുകള്‍ പിപിപി മാതൃകയില്‍ വികസിപ്പിക്കും. റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 51,000 ഹെക്ടര്‍ സ്ഥലം ഇതിനായി ഉപയോഗിക്കും.
അതേസമയം രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ട്രെയിന്‍ ഇന്‍ഡോറിനും വരാണസിയ്ക്കുമിടയില്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. ഹംസഫര്‍ എക്‌സ്പ്രസിന് ഉപയോഗിച്ച റേക്കുകള്‍ തന്നെയായിരിക്കും ഈ ട്രെയിനിനും ഉപയോഗിക്കുക. നിലവില്‍ ഡല്‍ഹി – ലക്‌നൗ, അഹമ്മദാബാദ് – മുംബയ് റൂട്ടുകളിലാണ് ഐര്‍സിടിസിയുടെ സ്വകാര്യ ട്രെയിനുകള്‍ ഓടുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഇന്‍ഡോര്‍-വരാണസി ട്രെയിന്‍ സര്‍വീസ് നടത്തുക. രണ്ട് ദിവസം ലക്‌നൗ വഴിയും ഒരു ദിവസം അലഹബാദ് വഴിയുമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ഫെബ്രുവരി 20ന് ഈ ട്രെയിന്‍ സര്‍വീസ് തുടങ്ങിയേക്കും. ഐആര്‍സിടിസി ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാകും. ചെയര്‍ കാര്‍ ഉണ്ടാകില്ല. അടിസ്ഥാനസൗകര്യവികസനം, മെയിന്റനന്‍സ്, ഓപ്പറേഷന്‍സ്, സേഫ്റ്റി തുടങ്ങിയവ റെയില്‍വേയുടെ ചുമതലയായിരിക്കും.
ലക്നൗ: പ്രഭാത സവാരിക്കിറങ്ങിയ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് രൺജീത് ബച്ചൻ വെടിയേറ്റു മരിച്ചു. ഇന്ന് രാവിലെ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പ്രദേശത്ത് വച്ച് മോട്ടോർ സൈക്കിളിലെത്തിയ രണ്ടു പേരാണ് രൺജീത്തിന് നേരെ നിറയൊഴിച്ചത്.
ഗോരഖ്പൂർ ജില്ല സ്വദേശിയായ രൺജീത് ബച്ചൻ മറ്റൊരാൾക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ഹരത്ഗഞ്ചിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഡിആർഐ) കെട്ടിടത്തിന് സമീപത്ത് വച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
സംഭവ സ്ഥലത്തു വച്ചു തന്നെ ഹിന്ദു മഹാസഭാ നേതാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാൾ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയുടെ (കെജിഎംയു) ട്രോമ സെന്ററിൽ ചികിത്സയിലാണ്.
ആക്രമണസമയത്ത് രൺജിത് ബച്ചന്റെ സ്വർണ്ണ മാലയും സെൽ ഫോണും തട്ടിയെടുക്കാൻ അക്രമികൾ ശ്രമിച്ചതായി അന്വേഷണ സംഘത്തിലെ അംഗമായ പോലീസ് സബ് ഇൻസ്പെക്ടർ പറഞ്ഞു.
എന്നാൽ ഇത് ആസൂത്രണമായൊരു കൊലപാതകമാണെന്നും, മോഷണമാണ് ലക്ഷ്യമെന്ന് തെറ്റിദ്ധരിപ്പിക്കാൻ അക്രമി സംഘം സ്വർണമാലയും സെൽഫോണും തട്ടിയെടുക്കാൻ ശ്രമിച്ചതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രൺജിത് ബച്ചന്റെ തലയ്ക്കാണ് വെടിയേറ്റത്. ഇതാണ് മരണ കാരണം. അതേസമയം കൂടെയുണ്ടായിരുന്നയാൾ അപകടനില തരണം ചെയ്തതായി ഡിസിപി അറിയിച്ചു.
“ഫോറൻസിക് വിദഗ്ധർ സ്ഥലം പരിശോധിക്കുകയാണ്. ഞങ്ങൾ സിസിടിവി സ്കാൻ ചെയ്യുകയും എല്ലാ കോണുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികൾ ഉടൻ പിടിക്കപ്പെടും,” അദ്ദേഹം പറഞ്ഞു. ആറ് സംഘങ്ങളായാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമീപകാലത്ത് സംസ്ഥാന തലസ്ഥാനത്ത് രണ്ടാം തവണയാണ് ഒരു വലതുപക്ഷ ഹിന്ദു നേതാവ് കൊല്ലപ്പെടുന്നത്. ഹിന്ദു സമാജ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി കഴിഞ്ഞ ഒക്ടോബറിൽ ഖുർഷെഡ് ബാഗ് വസതിയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു.
വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമ നസീലയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി ഷാളുപയോഗിച്ച് തൂങ്ങിമരിച്ചതാകാമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നിഗമനം. മറ്റ് അസ്വഭാവികതകളൊന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണമറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലാസ് മുറിയിലോ ഇടവേളയിലോ എപ്പോഴെങ്കിലും വിദ്യാര്‍ഥിയെ മാനസികമായി തളര്‍ത്തുന്ന സംഭവങ്ങളുമാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ഇതുവരെ പരാതികള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കിലും അനേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പോട്ട് പോകാനാണ് അവരുടെ തീരുമാനമെന്നാണ് വിവരം. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കമ്ബളക്കാട് സ്വദേശി ഫാത്തിമ നസീലയെയാണ് ശുചിമുറിക്കുള്ളില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ച നിലയില്‍കണ്ടെത്തിയത്. സ്‌കൂളിലെ അടച്ചിട്ട ശുചിമുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കല്‍പറ്റ ജനറല്‍ ഹോസ്പിറ്റലിലെത്തിച്ച മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍കോളജിലേക്ക് മാറ്റിയിരുന്നു. ശ്വാസം മുട്ടി മരിച്ചതാണെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചതാകാമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടി തനിച്ചാണ് ശുചിമുറിയിലേക്ക് കയറിപ്പോയതെന്ന് കണ്ടെത്തിയിരുന്നു.
ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു
പത്തനംതിട്ടയിൽ മരംവെട്ടുതൊഴിലാളി മരത്തിൽ നിന്ന് വീണ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അനാസ്ഥ കാണിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളിയുടെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ്.പുന്നലത്തുപടി പാലശ്ശേരി സത്യശീലൻ ആണ് മരത്തിൽ നിന്നും വീണ് മരിച്ചത്. അപകടത്തിൽപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കാനോ മൃതദേഹം മാറ്റാനോ തയ്യാറാവാത്തവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സത്യശീലന്റെ ഭാര്യയും മക്കളുമാണ് രംഗത്ത് വന്നിരിക്കുന്നത്.
പുന്നലത്തുപടി പാലശ്ശേരിയിൽ സത്യശീലന്‍റെ മൃതദേഹം കരിമ്പനാക്കുഴി പൗവ്വത്ത് വീട്ടിൽ ബിജി കുഞ്ചാക്കോയുടെ പറമ്പിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. സത്യശീലൻ മരത്തിൽ നിന്ന് വീണിട്ടും ഇക്കാര്യം നാട്ടുകാരെ അറിയിക്കാൻ പണിക്ക് കൊണ്ട് വന്ന കരിമ്പനാക്കുഴി സ്വദേശി പുരുഷോത്തമൻ തയ്യാറായിരുന്നില്ല. ബിജി കുഞ്ചാക്കോയുടെ അയൽവാസിയായ രത്നമ്മയാണ് തന്‍റെ പുരയിടത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന ചില്ല വെട്ടാൻ ഏൽപ്പിച്ചത്. സത്യശീലൻ വീണെന്നും കുറച്ച് കഴിഞ്ഞ് എഴുന്നേറ്റ് പോകുമെന്നുമാണ് പുരുഷോത്തമൻ വീട്ടുകാരെ അറിയിച്ചത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് നാല് ദിവസത്തിന് ശേഷം സത്യശീലന്‍റെ മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
ചികിത്സ ലഭ്യമാക്കാതിരുന്ന പുരുഷോത്തമനെതിരെയും വിവരം മറച്ചുവെച്ച വീട്ടുകാർക്കെതിരെയും കേസെടുക്കണമെന്ന ആവശ്യമാണ് പുരുഷോത്തമന്റെ വീട്ടുകാർ ആവശ്യപ്പെടുന്നത്. സംഭവത്തിൽ പുരുഷോഷത്തമനെ പത്തനംതിട്ട പൊലീസ് ചോദ്യം ചെയ്തു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക. നാലിൽ നാലും ജയിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അതേസമയം ആശ്വാസജയത്തിനായാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.
ബേ ഓവലിലും ഇന്ത്യ ടീമിലെ പരീക്ഷണം തുടരും. ക്യാപ്റ്റൻ വിരാട് കോലിക്കും തകർപ്പൻ ഫോമിലുള്ള കെ എൽ രാഹുലിനും വിശ്രമം നൽകാനാണ് ആലോചന. ഇതോടെ കോലിക്ക് പകരം ക്യാപ്റ്റനായി തിരിച്ചെത്തുന്ന രോഹിത് ശർമ്മ സഞ്ജു സാംസണൊപ്പം ഓപ്പണറാവും. അവസാന രണ്ടുകളിയിലും സിക്സറോടെ തുടങ്ങിയിട്ടും രണ്ടക്കം കാണാത്ത സഞ്ജുവിനിത് മികവ് തെളിയിക്കാനുള്ള സുവർണാവസരം.
രാഹുൽ പുറത്തിരിക്കുന്നതോടെ ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചെത്തും. യുസ്‍വേന്ദ്ര ചാഹലിന് പകരം കുൽദീപ് യാദവിനും അവസരം നൽകിയേക്കും. ഇന്ത്യൻ ടീമിന് ഇന്നലെ പരിശീലനമോ പതിവ് വാർത്താ സമ്മേളനമോ ഉണ്ടായിരുന്നില്ല. അവസാന രണ്ടുകളിയിലും സൂപ്പർ ഓവറിലായിരുന്നു ഇന്ത്യൻ ജയം.
ബാറ്റിംഗും ബൗളിംഗും കിവീസിന് ഒരുപോലെ തലവേദനയാണ്. പരുക്കേറ്റ കെയ്ൻ വില്യംസൺ ഇന്നും കളിക്കാനിടയില്ല. ടിം സൗത്തി നായകനായി തുടരും. ഫീൽഡിംഗിനിടെ പരുക്കേറ്റെങ്കിലും മാർട്ടിൻ ഗപ്‌ടിൽ ടീമിലുണ്ടാവും. ബേ ഓവലിലെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്‌കോർ 199 ആണ്. അവസാന അഞ്ച് കളിയിലും ഇവിടെ ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ് എന്നതും സവിശേഷതാണ്.