ലോകം പരന്നതാണെന്ന് തെളിയിക്കാൻ സ്വയം നിർമിച്ച റോക്കറ്റിൽ പറന്ന 64കാരന് ദാരുണാന്ത്യം. അമേരിക്കയിലെ കാലിഫോർണിയ മരുഭൂമിയിലേക്ക് പറപ്പിച്ച റോക്കറ്റ് തകർന്നാണ് മൈക്കൽ ഹ്യൂഗ്സ് എന്ന പരന്ന ഭൂമി സിദ്ധാന്തക്കാരൻ മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ബഹിരാകാശത്തേക്ക് കഴിയുന്നത്ര ദൂരം പറന്ന് ഭൂമി പരന്നതാണെന്ന് തെളിയിക്കാനായിരുന്നു ഹ്യൂഗ്സിൻ്റെ ശ്രമം.
ഏതാണ്ട് 5000 അടി ഉയരത്തിൽ എത്താനായിരുന്നു ഹ്യൂഗ്സിൻ്റെ ശ്രമം. യുഎസ് സയൻസ് ചാനലിലെ ഹോംമേഡ് അസ്ട്രനോട്ട്സ് എന്ന പരിപാടിയുടെ ഭാഗമായി ഈ പറക്കലും അപകടവും ഷൂട്ട് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട വീഡിയോയിൽ റോക്കറ്റ് വിക്ഷേപിക്കുന്നതും പൊട്ടിത്തകരുന്നതും കാണാം. റോക്കറ്റിനു പിന്നിൽ ഒരു പാരച്യൂട്ട് വിടരുന്നതും കാണാം.
ഒരു സഹായിയോടൊപ്പമാണ് ഹ്യൂഗ്സ് ഈ റോക്കറ്റ് നിർമ്മിച്ചത്. ഏതാണ് 18000 യുഎസ് ഡോളർ ചെലവഴിച്ചായിരുന്നു നിർമ്മാണം. മുൻപും ഹ്യൂഗ്സ് ഇത്തരത്തിലുള്ള പറക്കലുകൾ നടത്തിയിട്ടുണ്ട്. ഗിന്നസ് റെക്കോർഡും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.
വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. അയൽക്കാരായ ബംഗ്ലാദേശിനെ 18 റൺസിനു തകർത്താണ് ഇന്ത്യ രണ്ടാം ജയം കുറിച്ചത്. ഇന്ത്യ മുന്നോട്ടു വെച്ച 143 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 35 റൺസെടുത്ത നിഗർ സുൽത്താനയാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി പൂനം യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
തകർച്ചയോടെയാണ് ബംഗ്ലാദേശ് ആരംഭിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തിൽ ശിഖ പാണ്ഡെ ബംഗ്ലാദേശിന് ആദ്യ പ്രഹരം ഏല്പിച്ചു. 3 റൺസെടുത്ത ഷമീമ സുൽത്താനയെ ദീപ്തി ശർമ്മ പിടികൂടി. സ്കോർ ബോർഡിൽ അഞ്ച് റൺസ് മാത്രമുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് രണ്ടാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്ത് മത്സരത്തിലേക്ക് തിരികെ വന്നു. 8ആം ഓവറിൽ രണ്ടാം വിക്കറ്റ് വീണു. 26 പന്തുകളിൽ നാല് ബൗണ്ടറികൾ അടക്കം 30 റൺസെടുത്ത മുർഷിദ ഖാതൂനെ അരുന്ധതി റെഡ്ഡി റിച്ച ഘോഷിൻ്റെ കൈകളിൽ എത്തിച്ചു.
സഞ്ജിദ ഇസ്ലാം (10) പൂനം യാദവിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഫർഗാന ഹഖും (0) വേഗം മടങ്ങി. അരുന്ധതി റെഡ്ഡിക്കായിരുന്നു വിക്കറ്റ്. ഫാതിമ ഖാതൂൻ (17), ജഹനാര ആലം (10) എന്നിവരെ കൂടി പുറത്താക്കിയ പൂനം കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവർത്തിച്ചു. 26 പന്തുകളിൽ അഞ്ച് ബൗണ്ടറി അടക്കം 35 റൺസെടുത്ത നിഗർ സുൽത്താന പുറത്തായതോടെ ബംഗ്ലാദേശ് തകർന്നു. തുടർച്ചയായ രണ്ട് ബൗണ്ടറികളുമായി റുമാന അഹ്മദ് (13) ഇന്ത്യയെ ഒന്ന് വിറപ്പിച്ചെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ ഒരു ഉജ്ജ്വല യോർക്കറിലൂടെ ശിഖ പാണ്ഡെ ഇന്ത്യൻ വിജയം ഉറപ്പിച്ചു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 142 റൺസെടുത്തത്. ഷഫാലി വർമ്മയിലൂടെ അമ്പരപ്പിക്കുന്ന തുടക്കം കിട്ടിയ ഇന്ത്യക്ക് ആ തുടക്കം മുതലാക്കാൻ സാധിക്കാതിരുന്നത് തിരിച്ചടി ആവുകയായിരുന്നു. 39 റൺസെടുത്ത ഷഫാലി തന്നെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ബംഗ്ലാദേശിനു വേണ്ടി സൽമ ഖാത്തൂനും പന്ന ഘോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മദ്യപാനം അത്ര നല്ല ശീലമല്ല. പക്ഷേ, മലയാളിക്ക് മദ്യമില്ലാതെ ജീവിതവുമില്ല. ഇത് രണ്ടും കൂടി എങ്ങനെ ശരിയാവും? എങ്കിൽ അങ്ങനെയൊരു ശരിപ്പെടുത്തലാണ് പുതിയ ഒരു പഠനത്തിലൂടെ തെളിയുന്നത്. ദിനേന മദ്യപിച്ചാൽ 90 വയസ്സ് വരെ ജീവിക്കാമെന്നാണ് പുതിയ പഠനം. പക്ഷേ, മദ്യപിക്കുന്നതിന് ചില രീതികളുണ്ട്.
ഒരു നിശ്ചിത അളവിൽ മദ്യപിക്കുന്നത് 90 വയസ്സു വരെ ആയുസ് നൽകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഹോളണ്ടിലെ ഒരു മെഡിക്കൽ സർവകലാശാലയിലെ ചില ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. 1916നും 17നും ഇടയിൽ ജനിച്ച 5000 സ്ത്രീപുരുഷന്മാരെയാണ് ഇവർ നിരീക്ഷിച്ചത്. അവർക്ക് 60 വയസ് ഉണ്ടായിരുന്ന 1986ലെ മദ്യപാന രീതിയെപ്പറ്റിയാണ് ഗവേഷകർ ആദ്യം നിരീക്ഷിച്ചത്. തുടർന്ന് 90ആം വയസ്സു വരെ നിരീക്ഷണം തുടർന്നു.
നിരീക്ഷണത്തിനൊടുവിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് 90 വയസ്സു വരെ എത്തിയ 34 ശതമാനം സ്ത്രീകളും 16 ശതമാനം പുരുഷന്മാരും ദിവസവും അഞ്ച് മുതൽ 15 ഗ്രാം വരെ മദ്യം കഴിക്കുമായിരുന്നു എന്നാണ്. അതായത് ദിവസവും ഈ അളവിൽ മദ്യം കഴിച്ചാൽ 90 വയസ്സു വരെ ജീവിക്കാനുള്ള സാധ്യത കൂടുമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ, അളവിൽ കൂടുതൽ മദ്യം കഴിക്കുന്നത് മരണം നേരത്തെയാക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
ഇത് ഹോർമെസിസ് എന്ന പ്രതിഭാസമാവാം എന്നാണ് ഗവേഷകർ പറയുന്നത്. അതായത്, ചെറിയ അളവിലാകുമ്പോൾ ഗുണം ഉണ്ടാവുകയും അളവ് കൂടിയാൽ വിഷം ആവുകയും ചെയ്യുന്ന പ്രതിഭാസം. അതിനപ്പുറം ഇതിനൊരു വിശദീകരണം നൽകാൻ അവർക്ക് സാധിക്കുന്നില്ല. ജീവിച്ചിരുന്നാലും ആരോഗ്യം നന്നാവുമെന്ന ഉറപ്പ് അവർ നൽകുന്നുമില്ല.
സ്വന്തം കുഞ്ഞിനെ കല്ലിലടിച്ചു കൊന്നവളുടെ ഇനമല്ലേ നീയൊക്കെ?
നാളെ മുതൽ ഓരോ സ്ത്രീയും വീടുകളിലും തൊഴിലിടങ്ങളിലും ഒക്കെ നേരിടേണ്ടി വരുന്ന ഒരു പ്രധാന ചോദ്യമാണിത്. ക്രിമിനൽ മാനസികാവസ്ഥ ഉള്ള ഒരു സ്ത്രീ സ്വന്തം കുഞ്ഞിനെ മൃഗീയമായി കൊന്നുകളഞ്ഞ വാർത്ത പടർന്നപ്പോൾ നാട്ടിലുള്ള എല്ലാ സ്ത്രീകളും മക്കളെക്കൊല്ലുന്നവരായി മാറി. അവൾ കാമുകനൊപ്പം ജീവിക്കാനാണ് അത് ചെയ്തത് എന്നു വെളിപ്പെടുത്തിയപ്പോൾ ഇവിടുള്ള എല്ലാ പെണ്ണുങ്ങളും കാമുകൻമാരുള്ള കാമഭ്രാന്തികൾ ആയിമാറി. അവളുടെ ശരീരഭാഗങ്ങളിൽ മുളകുപൊടി തേക്കണം എന്നും അവളെ പലതരത്തിൽ പീഢിക്കണമെന്നും വരെയുള്ള അഭിപ്രായങ്ങളാണ് സ്ത്രീകൾ ഉൾപ്പെടെ പറയുന്നത്. തെറ്റുചെയ്യുന്നവരെ ബലാത്സംഗം ചെയ്തു കൊല്ലണം എന്നൊക്കെ പറയുന്നത് മറ്റൊരു തരത്തിലുള്ള മനോവൈകല്യം എന്നല്ലാതെ എന്ത് പറയാൻ.
കാമുകനൊപ്പമുള്ള ജീവിതം കൊതിച്ച് നൊന്തുപെറ്റ ഓമനക്കുഞ്ഞിനെ കൊന്നുകളഞ്ഞ ഒരു ഭ്രാന്തിയുടെ പ്രവർത്തിക്ക് ഉത്തരം പറയേണ്ടതും അഗ്നിപരീക്ഷ നേരിടേണ്ടിവരുന്നതും മുഴുവൻ സ്ത്രീകളും കൂടിയാണന്നുള്ളതാണ് വിഷമകരമായ കാര്യം. എങ്കിൽ ഒന്ന് പറയട്ടെ.. ഒരു നെറികെട്ട കാമുകനും വേണ്ടിയും സ്വന്തം കുഞ്ഞുങ്ങളെ ഒന്ന് നുള്ളിനോവിക്കാൻ പോലും മനസ്സില്ലാത്ത സ്ത്രീകളാണ് ഇവിടെയുള്ളതിൽ കൂടുതലും. സ്വന്തം പെണ്മക്കളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കുകയും, ഉപയോഗിച്ചു സുഖിച്ചിട്ടു കൊന്നുകളയുകയും ചെയ്യുന്ന ഒരുപാട് അച്ചന്മാരുണ്ട് നാട്ടിൽ. എന്നുകരുതി ഇവിടെയുള്ള എല്ലാ അച്ഛന്മാരും പീഡകരും, ബലാത്സംഗികളും, കൊലപാതകികളും അല്ല. അവരുടെയൊക്കെ മാത്രം നാടാണ് ഇത് എന്നങ്ങു ഉറപ്പിക്കാനും കഴിയില്ല.
മനുഷ്യരിൽ വ്യെത്യസ്തങ്ങളായ സ്വഭാവ രീതികൾ ഉള്ള ആളുകൾ ഉണ്ട്. പലരിലെയും ക്രിമിനൽ സ്വഭാവവും, പ്രകടിപ്പിക്കുന്ന അളവും കൂടിയും കുറഞ്ഞും ഒക്കെയിരിക്കും. അല്ലാതെ ആണായതുകൊണ്ട്, പെണ്ണായതുകൊണ്ടു എന്നൊന്നും തരം തിരിച്ചു കുറ്റകൃത്യത്തെ ലഘൂകരിക്കാനോ പർവ്വതീകരിച്ചു കാണിക്കാനോ ഒന്നും ആകില്ല. സ്ത്രീകളെ മുഴുവൻ തെറി വിളിക്കുകയും അശ്ലീലം പറയുകയും ചെയ്യുന്നവർ ഒന്ന് ചിന്തിക്കണം. നിങ്ങളുടെയൊക്കെ ഓരോ വീടുകളിലും ഈ വാർത്തകൾ പോലും അറിയാതെ പാചകം ചെയ്തും പശുവിനെ നോക്കിയും, മക്കളെ വളർത്തിയും ഒക്കെ സ്വന്തം കാര്യംപോലും ശ്രദ്ധിക്കാൻ സമയം തികയാത്ത പെണ്ണുങ്ങൾ ഉണ്ട്. നിങ്ങൾ വലിച്ചെറിയുന്ന ഓരോ ഉരുളൻ കല്ലുകളും ഈ പാവപ്പെട്ടവരുടെ ആത്മാർത്ഥതയെ കൂടിയാണ് മുറിപ്പെടുത്തുന്നത്.അതുപോലെ മക്കൾക്ക് വേണ്ടിമാത്രം പലതും സഹിച്ച് ജീവിക്കുന്നവരും, മരിക്കാൻ തയ്യാറാകുന്നവരും ഉണ്ട്. ഇവരെല്ലാവരും നിങ്ങളൊക്കെ പറയുന്നപോലെ കാമഭ്രാന്തികളൊന്നും അല്ല. എന്തെങ്കിലും കുസൃതി കാട്ടുന്ന കുഞ്ഞുങ്ങളെ ഈർക്കിൽ കൊണ്ടൊന്നു കൊട്ടിയാൽ രാത്രിമുഴുവൻ കൊട്ട് കൊണ്ടിടം ഊതി ഉമ്മകൾ കൊടുത്തു തഴുകി, ഉറങ്ങാതിരുന്ന അമ്മമാരും ഉണ്ട്. ഒരു സ്ത്രീ അപകടകാരിയാണ് എന്നറിയുമ്പോൾ ലോകത്തുള്ള എല്ലാ സ്ത്രീകളും വൃത്തികെട്ടവളുമാർ എന്ന തരത്തിലേക്ക് തരംതാണ് ചിന്തിക്കുവാൻ തോന്നുന്നതും ഒരു മനോരോഗമാണ്.
അടുത്തതായി അവൾ കാമുകി ആയതാണ് പ്രശ്നം. സത്യത്തിൽ അവൾക്കൊരു കാമുകനുണ്ടന്നതിൽ നമുക്കൊക്കെ എന്താണിത്ര പ്രശ്നം. പക്ഷെ അതിന്റെ പേരിൽ ഒരു കുഞ്ഞിനെ ഇല്ലാതാക്കിയതാണ് തെറ്റ്. ഭഗവാൻ കൃഷ്ണനെക്കാൾ അധികം കാമുകിമാരുള്ള, ചില കുലപുരുഷന്മാർ, കാമുകൻ ഉള്ളത് എന്തോ വലിയ പാപമാണ് എന്നരീതിയിൽ fb യിൽ തള്ളുന്ന തള്ളൽ ഉണ്ടല്ലോ? തനി ആഭാസന്മാരാണ് ഇവരൊക്കെ എന്നു പറയേണ്ടി വരുന്നു. പിന്നെ സ്ത്രീകളോട് ചിലതു പറയാം. പ്രണയിക്കുന്നത് ഒരു തെറ്റൊന്നും അല്ല. പക്ഷെ മറ്റുള്ള ഒരാളെയും ദ്രോഹിക്കുന്ന തരത്തിലാകരുത്. കാമുകനെ തെരഞ്ഞെടുക്കുമ്പോൾ അന്തസ്സുള്ളവനെ വേണം തെരഞ്ഞെടുക്കാൻ. പ്രണയത്തിന്റെ പേരിൽ പിറകെ നടന്നു ശല്യം ചെയ്യുന്നവനെയോ, നിങ്ങൾ എന്ന വ്യക്തിയെ കരിവാരിത്തേച്ച് തകർക്കാൻ സാധ്യത ഉള്ളവനെയോ ആകരുത്.നിനക്കു മക്കളുണ്ടങ്കിൽ, അതിനെ ഒഴിച്ചുനിർത്തണം എന്നു നിർബന്ധം പിടിക്കുന്നവനോടു പോടാ പുല്ലേ എന്ന് പറയുവാനുള്ള തന്റേടം വേണം.
മക്കൾക്ക് നേരെ എന്ത് അധിക്രമം കാണിക്കുന്നവനായാലും നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ കൊന്നുകളഞ്ഞേക്കണം. ശേഷം നിങ്ങൾക്ക് ജയിലിൽ പോകുകയോ ആത്മഹത്യ ചെയ്യുകയോ ആകാം. കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ കഴിയാത്തവർ പ്രസവം നിർത്തി വിവാഹം കഴിക്കുകയൊ കുഞ്ഞുങ്ങളെ പ്രസവിക്കാതിരിക്കുകയോ ചെയ്യണം. ചില മൃഗങ്ങളെപ്പോലെ പെറ്റിട്ട് ഭക്ഷിക്കരുത്. നിങ്ങള്ക്ക് നിങ്ങളുടെ കാമുകൻ കുഞ്ഞുങ്ങളെക്കാൾ പ്രധാനമാണെങ്കിൽ അതിനെ അമ്മത്തൊട്ടിലിൽ എങ്കിലും എത്തിക്കണം. കൊന്ന്കളയരുത്. ഏതേലും അലന്ന ഒരുത്തനെ പ്രണയിച്ചുപോയാൽ അവന്റെയൊപ്പം ജീവിക്കണമെന്നും പറഞ്ഞു അനാവശ്യം കാണിച്ചു ലോകത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകളെ മുഴുവൻ പ്രതിക്കൂട്ടിലാക്കരുത്. ഒരുത്തിക്കു ഭ്രാന്തു മൂത്തപ്പോൾ, അതിനെ കാമഭ്രാന്തായി കണക്കാക്കി, അതിന്റെ പാപം എല്ലാ സ്ത്രീകളുടെയും തലയിൽ ചാർത്തരുത്. നാട്ടിലെ മര്യാദയുള്ള എല്ലാ സ്ത്രീകളും അത്തരത്തിലുള്ള കാമഭ്രാന്തികളും അല്ല. ക്രിമിനൽ മനസ്സുള്ള, മറ്റുള്ളവരെ കൊന്ന് ഭ്രാന്തു തീർക്കുന്ന ഏതൊരു മനുഷ്യനും അങ്ങേയറ്റത്തെ ശിക്ഷതന്നെ കിട്ടണം.
നന്മയുള്ള, സാധാരണ മനസുള്ള ഒരു അമ്മയ്ക്കും ഒരു കുഞ്ഞിനേയും കൊല്ലാൻ കഴിയില്ല.ഏതോ ഒരുത്തനെ ആഗ്രഹിച്ചു സ്വന്തം കുഞ്ഞിനെ കുരുതി കൊടുത്ത അവരെ ലോകം മുഴുവൻ കല്ലെറിയട്ടെ. അർഹിക്കുന്ന ശിക്ഷതന്നെ നിയമ സംവിധാനങ്ങൾക്ക് നൽകുവാൻ കഴിയട്ടെ. മുലപ്പാലിനു കൊതിപൂണ്ട് ഉണർന്നു കരഞ്ഞപ്പോൾ പെറ്റമ്മയുടെ അനീതിക്ക് പാത്രമായി മരണമടഞ്ഞ കുഞ്ഞാവയ്ക്ക് മാപ്പ്. ആദരാഞ്ജലികൾ,
സിനിമയിലെ തിരക്കുകൾക്കിടയിലും കുടുംബ ബന്ധങ്ങൾക്കും സ്നേഹത്തിനും പ്രാധാന്യം നൽകുന്നവരാണ് സുകുമാന്റേയും മല്ലികയുടേയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും. കഴിഞ്ഞ ദിവസം ഇരുവരും കുടുംബസമേതം ഇന്ദ്രജിത്തിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. അതിന്റെ ചിത്രങ്ങൾ ഇന്ദ്രജിത്തും സുപ്രിയയും പൂർണിമയും പ്രാർഥനയും സോഷ്യൽ മീഡിയയിൽ പങ്കുച്ചിരുന്നു.
ഇതുകൂടാതെ പൃഥ്വിരാജിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന മറ്റു ചില ചിത്രങ്ങൾ കൂടി പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘എന്റെ ജെയ്‌സൺ മൊമോവയ്‌ക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് പ്രാർഥന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ പൃഥ്വിരാജിന് ഇപ്പോൾ അമേരിക്കൻ നടനായ ജെയ്‌സൺ മൊമോവയുമായി രൂപസാദൃശ്യമുണ്ടെന്ന കമന്റുകളുമായി മറ്റു പലരും എത്തി.
പ്രാർഥന പങ്കുവച്ച ചിത്രങ്ങൾക്കു താഴെ സ്നേഹമറിയിച്ച് സംവിധായകയും നടിയുമായ ഗീതു മോഹൻദാസും നർത്തകിയും നടിയുമായ സാനിയ ഇയ്യപ്പനുമെല്ലാം എത്തി.
മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ജ്യേഷ്ഠാനുജന്മാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരേയും പോലെ തന്നെ ഇവരുടെ കുടുംബത്തേയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ഇപ്പോൾ ഒരു നിർമാതാവ് കൂടിയാണ്. പൃഥ്വിയുടെ വിശേഷങ്ങളും മകളുടെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം സുപ്രിയ പങ്കുയ്ക്കാറുണ്ട്.
ഇനി ഇന്ദ്രജിത്തിന്റെ കുടുംബത്തിലേക്ക് വന്നാൽ ഇന്ദ്രജിത്തിനെ എത്ര ഇഷ്ടമാണോ അത്ര തന്നെ ഇഷ്ടമാണ് നടിയും ഭാര്യയുമായ പൂർണിമയേയും ആരാധകർക്ക്. പൂർണിമയും ഇടയ്ക്കിടെ വീട്ടു വിശേഷങ്ങളും തന്റെ വിശേഷങ്ങളും മക്കൾക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. കൂടാതെ വിവാഹ ശേഷം അഭിനയം നിർത്തിയ പൂർണിമ 17 വർഷങ്ങൾക്കു ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചു വരവും നടത്തി.
ഇടയ്ക്കിടെ കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പൂർണിമയും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു കുടുംബ ചിത്രം പങ്കുവച്ചിരുന്നു. ഇന്ദ്രജിത്തും പൂർണിമയും മക്കളായ പ്രാർഥന നക്ഷത്ര എന്നിവരും പൃഥ്വിരാജും സുപ്രിയയുമെല്ലാം ഉള്ള ഒരു ചിത്രം. എന്നാൽ ഫോട്ടോ കണ്ട എല്ലാവരും അന്വേഷിക്കുന്നത് അല്ലി മോളെയാണ്. എന്റെ കുട്ടു പെട്ടെന്ന് ഉറങ്ങിപ്പോയി എന്ന സുപ്രിയ പറഞ്ഞപ്പോൾ അല്ലിയെ കുറിച്ച് എന്റെ രസഗുള എന്നാണ് പൂർണിമ പറഞ്ഞത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം തുടരുകയാണ്. രാവിലെ അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ആദ്യം പോയത് മാഹത്മ ഗാന്ധിയുടെ സബർമതി ആശ്രമത്തിലേക്കായിരുന്നു.
ഇവിടെ നിന്നും മോട്ടെര സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റിനെ കാണാൻ ഒരു ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. ഇവിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പേര് പറഞ്ഞ് ട്രംപ് കുരുക്കിലായത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെയും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെയും പേര് പ്രസംഗത്തിനിടയിൽ തെറ്റായാണ് ട്രംപ് ഉച്ചരിച്ചത്. ബോളിവുഡും ക്രിക്കറ്റുമെല്ലാം നിറഞ്ഞുനിന്ന പ്രസംഗത്തിൽ എന്നാൽ ട്രംപിന്റെ നാക്ക് പിഴയ്ക്കുകയായിരുന്നു. സച്ചിൻ ടെൻഡുൽക്കറിന് പകരം ‘സൂച്ചിൻ ടെൻഡോൽക്കർ’ എന്നും വിരാട് കോഹ്‌ലിക്ക് പകരം ‘വിരോട് കോലി’ എന്നുമാണ് ട്രംപ് പറഞ്ഞത്.
ഇതിന് പിന്നാലെ ട്രംപിനെ ട്രോളി ഐസിസി തന്നെ രംഗത്തെത്തി. ക്രിക്കറ്റ് ഇതിഹാസത്തിന്രെ പേര് ഐസിസിയുടെ ഡേറ്റ് ബെയ്സിൽ എഡിറ്റ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഐസിസി രംഗത്തെത്തിയത്. സച്ചിന്റെ പേര് സൂച്ചിൻ എന്നാണ് തിരുത്തുന്നത്.
സ്വാമി വിവേകാനന്ദന്റെ പേരും പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെറ്റിച്ചാണ് ഉച്ചരിച്ചത്. മോദിയെ വാനോളം പ്രശംസിക്കുന്ന പ്രസംഗമായിരുന്നു മൊട്ടേര സ്റ്റേഡിയത്തിൽ ട്രംപ് നടത്തിയത്. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നു. 300 ദശലക്ഷത്തിലധികം പേർക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചു. ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ ഏറ്റവും വലിയ മധ്യവർഗത്തിന്റെ ആസ്ഥാനമായി മാറും. ശ്രദ്ധേയമായ കാര്യം, ജനാധിപത്യമെന്ന നിലയിലും സഹിഷ്ണുത പുലർത്തുന്ന രാജ്യമെന്ന നിലയിലും ഇന്ത്യ ഇതെല്ലാം നേടിയിട്ടുണ്ട് എന്നതാണ്. ഇന്ത്യയുടെ നേട്ടം സമാനതകളില്ലാത്തതാണെന്നും ട്രംപ് പറഞ്ഞു.
Sach-
Such-
Satch-
Sutch-
Sooch-Anyone know? pic.twitter.com/nkD1ynQXmF
— ICC (@ICC) February 24, 2020
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം എല്ലാവരും മാതൃകയാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഹമ്മദാബാദിലെ മോട്ടെര സ്‌റ്റേഡിയത്തില്‍ നമസ്‌തേ ട്രംപ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്. മോദിയുടെ നേതൃത്വത്തില്‍ ലഭിച്ച സ്വീകരണം മഹത്തായ അംഗീകാരമാണ്. മോദിയെ എല്ലാവരും സ്‌നേഹിക്കുന്നു. എന്നാല്‍ മോദി കര്‍ക്കശക്കാരനാണ് – ട്രംപ് പറഞ്ഞു. നമസ്‌തേ പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം തുടങ്ങിയത്. നേരത്തെ ട്രംപിനും ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും സ്വാഗതം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെക്‌സാസിലെ ഹൂസ്റ്റണില്‍ തനിക്ക് നല്‍കിയ സ്വീകരണത്തെക്കുറിച്ചും ഹൗഡി മോദി പരിപാടിയെക്കുറിച്ചും പറഞ്ഞിരുന്നു. ഹിന്ദിയിലാണ് മോദി പ്രസംഗിച്ചത്. ഭാരത് മാതാ കി ജയ് എന്ന് മൂന്ന് തവണ വിളിക്കുകയും ജനക്കൂട്ടത്തെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്ത ശേഷം മോദി നമസ്തേ ട്രംപ് എന്ന് മൂന്ന് തവണ പറഞ്ഞു.
ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുമെന്നും ലോകത്തെ ഏറ്റവും മികച്ച സൈനിക സാമഗ്രികള്‍ ഇന്ത്യക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത് അമേരിക്കയാണെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസിന്റെ ഏറ്റവും വലിയ പ്രതിരോധപങ്കാളിയാണ് ഇന്ത്യ എന്നും ട്രംപ് പറഞ്ഞു. മൂന്ന് ബില്യൺ ഡോളറിൻ്റെ പ്രതിരോധ കരാർ ഇന്ത്യയുമായുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുടെ മതസൌഹാർദ്ദത്തെ ട്രംപ് പ്രശംസിച്ചു. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നതായും ട്രംപ് പറഞ്ഞു. സ്വാമി വിവേകാനന്ദനേയും സച്ചിൻ ടെണ്ടുൽക്കറേയും വിരാട് കോഹ്ലിയേയും ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു.
ട്രംപ് പ്രസംഗിച്ചതിന് ശേഷവും മോദി പ്രസംഗിച്ചു. ഭാരത് മാതാ കി ജയ് എന്നും ഇന്ത്യ – യുഎസ് ഫ്രണ്ട്ഷിപ്പ് എന്നും പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. ട്രംപിൻ്റെ ഭാര്യയും യുഎസ് ഫസ്റ്റ് ലേഡിയുമായ മെലാനിയ ട്രംപ് നടത്തുന്ന സാമൂഹ്യപ്രവർത്തനങ്ങളെ മോദി പ്രശംസിച്ചു. നേരത്തെ മഹാത്മഗാന്ധിയുടെ സബർമതി ആശ്രമം ട്രംപ് സന്ദർശിച്ചിരുന്നു. അഹമ്മദാബാദിലെ പരിപാടിക്ക് ശേഷം ട്രംപും സംഘവും ആഗ്രയിലേയ്ക്ക് തിരിക്കും.
#WATCH live: US President Donald Trump and PM Narendra Modi speak at ‘Namaste Trump’ event at Motera Stadium in Ahmedabad https://t.co/arJBVLFAJu
— ANI (@ANI) February 24, 2020
ഒരുവേളയിൽ മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം തള്ളി പറഞ്ഞ നായകനാണ് ഫഹദ്. ഒരിടവേളക്ക് ശേഷം ഫഹദിന്റെ തിരിച്ചു വരവ് ജനങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ഇന്ന് മലയാള സിനിമ നായകന്മാരിൽ ഏറ്റവും കൂടുത കയ്യടി നേടുന്ന നടനാണ് ഫഹദ്.സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞ മലയാള സിനിമയുടെ പുതുതലമുറയിലെ ക്ലാസിക് നായകന്‍ സൂപ്പര്‍ താരം എന്ന ഇമേജ് ഇല്ലാതെയാണ് സൂപ്പര്‍ നായകനായി നിലകൊള്ളുന്നത്. ഹഹദിന്റെ രണ്ടാം തിരിച്ചു വരവിന് ആദ്യത്തെ സാധ്യത ഒരുക്കിയത് സംവിധായകന്‍ ലാല്‍ ജോസ് ആയിരുന്നു.
‘കൈയ്യെത്തും ദൂരത്ത്’ എന്ന സിനിമ നല്‍കിയ പരാജയത്തില്‍ നിന്ന് ഫഹദ് സംവിധായകനായി മലയാള സിനിമയില്‍ മടങ്ങി എത്താനാണ് ആഗ്രഹിച്ചത്. അങ്ങനെ ലാല്‍ ജോസിനോട് ആഗ്രഹം പറഞ്ഞപ്പോള്‍ ലാല്‍ ജോസ് പറഞ്ഞത് നീ വെയിലത്ത് നിന്ന് ക്ലാപ്പടിക്കേണ്ടവനല്ല നായകനായി നിന്നെ ഇനിയും മലയാള സിനിമയ്ക്ക് ആവശ്യമുണ്ട് എന്നാണ് അത് കൊണ്ട് നിന്നെ നായകനാക്കി ഞാന്‍ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ലാല്‍ ജോസ് അറിയിച്ചു.’മദര്‍ ഇന്ത്യ’ എന്ന് ലാല്‍ ജോസ് പേരിട്ടിരുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനെയായിരുന്നു ലാല്‍ ജോസ് നായകനായി തീരുമാനിച്ചത്. ബോളിവുഡില്‍ നിന്ന് ഹേമമാലിനി, രേഖ തുടങ്ങിയ താരങ്ങളെയും സിനിമയിലേക്ക് പരിഗണിച്ചിരുന്നു.
എന്നാല്‍ ഫഹദ് ഫാസില്‍ ആണ് തന്‍റെ സിനിമയിലെ നായകനെന്ന് അറിഞ്ഞപ്പോള്‍ പല നിര്‍മ്മാതാക്കളും പിന്മാറുകയാണുണ്ടായത്. അങ്ങനെ സിനിമ നീണ്ടു പോയി. ഒടുവില്‍ ഫഹദ് ചാപ്പകുരിശ് എന്ന സിനിമയിലൂടെ തിരിച്ചെത്തുകയും ചെയ്തു. താന്‍ ആലോചിച്ച കഥയ്ക്ക് ചാപ്പാകുരിശ് എന്ന സിനിമയുമായി സാമ്യം ഉണ്ടായിരുന്നതിനാല്‍ ലാല്‍ ജോസ് ‘മദര്‍ ഇന്ത്യ’ എന്ന ചിത്രം ഉപേക്ഷിക്കുകയായിരുന്നു.
‘ദ് ഫ്ലൂ’ – സൗത്ത് കൊറിയൻ സിറ്റിയെ വൈറസ് കീഴടക്കുന്ന സിനിമ…! ആ മറുപടിയിലുണ്ട് ഇന്ത്യയിൽ ആദ്യമായി കോവിഡ് –19 (കൊറോണ) രോഗം സ്ഥിരീകരിക്കപ്പെട്ട തൃശൂർ സ്വദേശിയായ പെൺകുട്ടിയുടെ ധീരത. സുഖപ്പെട്ടു വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ആ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. (നിയമ തടസ്സമുള്ളതിനാൽ പേരും വിലാസവും വെളിപ്പെടുത്തുന്നില്ല) ജനുവരി 24നു ചൈനയിൽ നിന്നെത്തി 27ന് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി കുറച്ചുദിവസം മുൻപാണ് ആശുപത്രി വിട്ടത്.
വുഹാൻ സർവകലാശാലയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് ഞാൻ. ജനുവരി 24വരെ വുഹാനിലുണ്ടായിരുന്നു. വൈറസ് ബാധ പടരുന്നുണ്ടെന്നറിഞ്ഞെങ്കിലും ഞാൻ ഹോസ്റ്റലിൽ തന്നെയായിരുന്നു. അവിടെ ഡോക്ടർമാരെത്തി ഞങ്ങളെ പരിശോധിച്ചിരുന്നു. അവധിക്കു വരേണ്ടെന്നാണു തീരുമാനിച്ചിരുന്നത്. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും പോരാൻ തീരുമാനിക്കുകയായിരുന്നു..
എത്തിയപ്പോൾ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ഐസലേഷൻ വാർഡിൽ പ്രവേശിക്കപ്പെട്ടതെങ്ങനെ?
ഞാനൊരു മെഡിക്കൽ വിദ്യാർഥിനിയാണ്. അതിനാൽ ചൈനയിൽ നിന്നെത്തുന്നവർ ആ വിവരം അറിയിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം പാലിച്ചു. വന്ന അന്നുതന്നെ എന്റെ നാട്ടിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. വീട്ടിൽ തന്നെ കഴിഞ്ഞു. 27നു തൊണ്ടവേദനയും ജലദോഷവും തുടങ്ങിയപ്പോൾ ആ വിവരം അറിയിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് വന്നു കൊണ്ടുപോവുകയായിരുന്നു.
അപ്പോൾ ഒന്നു പേടിച്ചില്ലേ?
പേടിയൊന്നും തോന്നിയില്ല. എങ്കിലും എന്റെ കയ്യിൽനിന്ന് ആർക്കെങ്കിലും കിട്ടിയോ എന്ന ആശങ്കയുണ്ടായിരുന്നു. ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ സ്രവം എടുത്തു പരിശോധനയ്ക്ക് അയച്ചു. അപ്പോഴും വൈറസ് ബാധയുണ്ടാകുമെന്നു കരുതിയില്ല. ആദ്യ ദിവസങ്ങളിൽ ഞാൻ വളരെ ‘കൂളായിരുന്നു’. എനിക്കൊപ്പം ജനറൽ ആശുപത്രിയിൽ ഐസലേഷനിലുണ്ടായിരുന്ന എല്ലാവരുടെയും ഫലം നെഗറ്റീവ്. അവരെ വിട്ടയച്ചു.
രോഗബാധയുണ്ടെന്നുള്ള വിവരം അറിഞ്ഞതെങ്ങനെ?
എന്റെ മാത്രം ഫലം വൈകുന്നതു കണ്ടപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു. സത്യത്തിൽ വാർത്ത കണ്ടാണ് എനിക്കു സൂചന കിട്ടിയത്. കൂട്ടുകാരും അടുത്ത മുറിയിലുണ്ടായിരുന്ന അമ്മയുമൊക്കെ ചോദിച്ചെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. കുറേക്കഴിഞ്ഞു രണ്ടുമൂന്നു ഡോക്ടർമാർ എന്റെ അടുത്തു വന്ന് ‘ധൈര്യം പകരാൻ’ തുടങ്ങി. അപ്പോൾ സംഗതി പിടികിട്ടി. ഡോക്ടറോട് ഞാൻ ചോദിച്ചു – രോഗബാധയുണ്ടെന്നു ഫലം വന്നത് എന്റേതാണല്ലേ..?ഏയ്, എല്ലാം നോർമലാണ് എന്നായിരുന്നു മറുപടി. പേടിയുണ്ടോയെന്നു ഡോക്ടർ ചോദിച്ചു. ഇല്ലെന്നു ഞാൻ പറഞ്ഞു. പിന്നെ നാലു ഡോക്ടർമാർ ഒരുമിച്ചുവന്നാണു വിവരം പറയുന്നത്.
സത്യത്തിൽ പേടിയില്ലായിരുന്നോ?
ചൈനയിലെ മരണങ്ങളുടെ വാർത്ത അറിയാമായിരുന്നതിനാൽ വരുന്നത് കഠിനമായ അനുഭവങ്ങളുടെ ദിവസങ്ങളാണെന്നു മനസ്സിലായി. പക്ഷേ, ആശുപത്രി ജീവനക്കാരും ബന്ധുക്കളും നൽകിയ പിന്തുണ സഹായമായി. 25 ദിവസമാണു പിന്നെ ആശുപത്രിയിൽ കിടന്നത്.
ആദ്യ ദിവസം എന്താണു ചെയ്തത്?
ആദ്യദിവസം ആരോഗ്യ ജീവനക്കാരെ സഹായിക്കാൻ എനിക്കു കഴിഞ്ഞു. എന്റെ ഒപ്പം യാത്രചെയ്തവരെയും ഞാനുമായി ഇടപെട്ടവരെയുമൊക്കെ കണ്ടെത്താൻ സഹായിച്ചു. വിമാനത്തിലെ വിശദാംശങ്ങളൊക്കെ ഞാൻ തന്നെയാണു സംഘടിപ്പിച്ചു കൊടുത്തത്.
സർവകലാശാലയിൽ നിന്ന് ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ?
ഉവ്വ്. ൈചനയിലെ അധ്യാപകരൊക്കെ സന്ദേശങ്ങൾ അയച്ചു. സർവകലാശാല ഡീൻ വിദ്യാർഥികളിലെ ഇന്ത്യൻ പ്രതിനിധിയുടെ അടുത്ത് ചോദിച്ച് വിവരങ്ങൾ ആരാഞ്ഞു. സുഹൃത്തുക്കളൊക്കെ നീ സുഖമായി തിരിച്ചുവാ… എന്ന് ആശ്വസിപ്പിച്ചു.
ഐസലേഷൻ കാലത്തെ ആശ്വാസം എന്തായിരുന്നു.
31നു മെഡിക്കൽ കോളജിലേക്കു മാറ്റി. മന്ത്രി ശൈലജ ടീച്ചർ വന്നു കണ്ടു. പേടിക്കേണ്ട എന്നുപറഞ്ഞു. അതു വലിയ ആശ്വാസമായി. പിന്നെ ഡോക്ടർമാരും മറ്റുമായി നല്ല കൂട്ടായി. ചൈനയിൽ നിന്ന് അധ്യാപകർ ഓൺലൈനായി ക്ലാസെടുത്തു തുടങ്ങിയപ്പോൾ അതിലായി ശ്രദ്ധ. ഞങ്ങൾ കൂട്ടുകാരെല്ലാം ‘കണക്ടഡ്’ ആയി. സംശയങ്ങളൊക്കെ ചോദിക്കാവുന്ന സംവിധാനമായിരുന്നു. ശരിക്കും ക്ലാസ് മുറിയിൽ ഇരിക്കുന്ന അനുഭവമായിരുന്നു അപ്പോൾ. എനിക്കുവേണ്ടി വൈഫൈ സംവിധാനമൊക്കെ ആശുപത്രിയിൽ ഏർപ്പെടുത്തിയിരുന്നു. സിനിമയൊക്കെ കണ്ടു. ഇഷ്ടമുള്ള ഭക്ഷണം കിട്ടുമായിരുന്നു. ബിരിയാണിയൊക്കെ കുറേ കഴിച്ചു.
ഏതു സിനിമയാണു കണ്ടത്.
മൊബൈലിൽ ഒരുപാടു സിനിമകൾ കണ്ടു. ‘ദ് ഫ്ളൂ’ എന്ന കൊറിയൻ സിനിമയാണ് ഇഷ്ടപ്പെട്ടത്. അതും ഇതുപോലെ വൈറസ് ബാധയുടെ കഥയാണല്ലോ. കൂട്ടുകാർ പറഞ്ഞു: ഇത്തരം സിനിമ ഇപ്പോൾ കാണണ്ട എന്ന്. പിന്നെ മലയാളം ചിരിപ്പടങ്ങളിലേക്കു മാറി.
ഫലം നെഗറ്റീവായെന്നറിഞ്ഞപ്പോൾ എന്തു തോന്നി.
ഭയങ്കര സന്തോഷമായിരുന്നു. പക്ഷേ, തുടർച്ചയായി രണ്ടുഫലവും നെഗറ്റീവായിട്ട് അറിയിക്കാമെന്നു കരുതി. പക്ഷേ, എനിക്കു മുൻപേ വാർത്തയിലൂടെ എല്ലാവരും അറിഞ്ഞു. ചൈനക്കാരായ എന്റെ അധ്യാപകരൊക്കെ വുഹാനിൽ വീട്ടിൽ അടച്ചിട്ടിരിക്കുകയാണ് ഇപ്പോഴും. ഞാൻ സുഖപ്പെട്ടുവെന്ന വാർത്ത അവർക്കുവലിയ ആശ്വാസമായെന്നാണ് അറിഞ്ഞത്. അവിടെ ആൾക്കാർ മരിക്കുന്ന വാർത്തയാണലല്ലോ അധികവും.
ഡോക്ടറാകാൻ പഠിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ഇപ്പോൾ എന്തു തോന്നുന്നു?
അതിലുള്ള സന്തോഷം കൂടി. ഞാനിപ്പോഴും ഓർക്കുന്നൊരു കാര്യമുണ്ട്: ഐസലേഷൻ വാർഡിൽ നിന്നു ഞാൻ ഇറങ്ങി. പക്ഷേ, എന്നെ പരിചരിച്ച ഡോക്ടർമാരും ജീവനക്കാരും ഇപ്പോഴും ‘ഐസലേഷൻ വാർഡിൽ’ത്തന്നെയാണ്. അതാണ് ഈ ജോലിയുടെ മഹത്വം. പഠനം പൂർത്തിയാക്കി മടങ്ങിവന്ന് കേരളത്തിൽത്തന്നെ സേവനം ചെയ്യും.
ആർത്തവം ഉണ്ടോയെന്ന് കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡല്‍ഹി ആസ്ഥാനമായ സന്നദ്ധ സംഘടനയായ ‘സച്ചി സഹേലി’ മയൂര്‍ വിഹാറില്‍ ആര്‍ത്തവമുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെ ഭക്ഷണം പാകം ചെയ്തു. ആർത്തവമുള്ള സ്ത്രീകളാണ് ഭക്ഷണം പാകം ചെയ്തത്.
ആര്‍ത്തവമുള്ള സ്ത്രീകള്‍ പാചകം ചെയ്താല്‍ അടുത്ത ജന്മത്തില്‍ നായയായി ജനിക്കുമെന്ന് ഗുജറാത്തിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ പുരോഹിതരിലൊരാളായ കൃഷ്ണസ്വരൂപ് ദാസ് ആര്‍ത്തവ പരിശോധനയെ ന്യായീകരിച്ച് പറഞ്ഞിരുന്നു. ഇത് വിവാദമായിരുന്നു.
ആർത്തവത്തെ തുടർച്ചയായി അപമാനിക്കുന്നതിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് നടന്ന വ്യത്യസ്തമായ പ്രതിഷേധം ശ്രദ്ധ നേടി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഴുത്തുകാരിയായ കമല ഭാസിന്‍ അടക്കം നിരവധി പേര്‍ പേർ പരിപാടിക്ക് പിന്തുണയുമായി എത്തി.