ദുബായില്‍ ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ തുടങ്ങിയ കനത്ത മഴ പൊതുഗതാഗതത്തെ കാര്യമായി ബാധിച്ചു.കനത്ത മഴയെ തുടര്‍ന്ന് 10 മണിക്കൂറിനുള്ളില്‍ 154 റോഡപകടങ്ങളില്‍ റിേപാര്‍ട്ട് ചെയ്തതായി ദുബായ് പോലീസ് പ്രസ്താവനയില്‍ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് അര്‍ദ്ധരാത്രി 12 മുതല്‍ 4,581 കോളുകള്‍ ഫോഴ്സിന് ലഭിച്ചതായി കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ ഫാരിസ് പറഞ്ഞു.
കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനാല്‍ അടിയന്തിര സാഹചര്യങ്ങളില്ലെങ്കില്‍ വീട്ടില്‍ തുടരണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോളിംഗ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വെള്ളം നിറഞ്ഞ പ്രദേശങ്ങളില്‍ പോലീസ് കൂടുതല്‍ ട്രാഫിക് പട്രോളിങ് സംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. ‘നിങ്ങള്‍ക്ക് ഡ്രൈവ് ചെയ്യണമെങ്കില്‍, വേഗത കുറയ്ക്കുകയും ട്രാഫിക് ഒഴുക്ക് തടസ്സപ്പെടുത്താതിരിക്കാന്‍ നിങ്ങള്‍ക്ക് ഒരു അപകടമുണ്ടെങ്കില്‍ റോഡ് ഹെഡ് ഹോള്‍ഡറില്‍ വലിക്കുകയും ചെയ്യുക.’
20 കിലോ ഗ്രാം ഭാരം വരുന്ന ഭീമൻ പെരുമ്പാമ്പിനെ സാഹസികമായി കീഴടക്കി വീട്ടമ്മ. കൊച്ചിക്കാരിയായ വിദ്യ രാജു എന്ന വീട്ടമ്മയാണ് ജീവനുള്ള പെരുമ്പാമ്പിനെ കൈക്കൊണ്ട് പിടിച്ച് ചാക്കിലിടുന്നത്. വിദ്യയുടെ സാഹസികത നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ.
റോഡരികിൽ കണ്ടെത്തിയ പെരുമ്പാമ്പിനെയാണ് നാല് നേവി ഉദ്യോഗസ്ഥർക്കൊപ്പം വിദ്യ പിടികൂടിയത്. കൂടെയുണ്ടായിരുന്നവർ പാമ്പിന്റെ വാലിൽ പിടികൂടി. ഇതോടെ വിദ്യ പാമ്പിന്റെ തല കൈക്കലാക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരിന്ന മറ്റൊരു സ്ത്രീ നൽകിയ ചാക്കിലേക്ക് മാറ്റുന്നതുമായിരുന്നു വീഡിയോ. കൊച്ചിയിലെ മുതിർന്ന നേവി ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ബിഹാർ സ്വദേശിയായ വിദ്യ.
പിടികൂടിയ പാമ്പിന്റെ വാൽ ആദ്യം ചാക്കിലേക്ക് താഴ്ത്തുകയും പിന്നീട് പതുക്കെ പാമ്പിന്റെ തല ചാക്കിനുള്ളിലേക്ക് എത്തിച്ച ശേഷം പെട്ടെന്ന് ചാക്ക് വരിഞ്ഞ് കെട്ടുകയുമായിരുന്നു. വിദ്യ ഒറ്റയ്ക്കാണ് പാമ്പിനെ ചാക്കിലേക്ക് കയറ്റിയത്. ഹരീന്ദർ എസ് സിഖ എന്ന നേവി ഉദ്യോഗസ്ഥനാണ് പെരുമ്പാമ്പിനെ പിടികൂടുന്ന വിദ്യയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്.
സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് വീഡിയോക്ക് ലഭിക്കുന്നത്. വീഡിയോ കണ്ട എല്ലാവരും വിദ്യയുടെ ധൈര്യത്തെ പുകഴ്ത്തുകയാണ്.
20 Kg python caught alive by wife of senior Navy officer.
Leave aside women, wonder how many men can show such guts.
I love my Navy. pic.twitter.com/6XNUBvE7MU— Harinder S Sikka (@sikka_harinder) December 11, 2019
കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാരിന്‍റേത് കരിനിയമമാണ് . സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. പൗരത്വ ഭേദഗതി നിയമം ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
മതേതരത്വത്തിൽ വിശ്വസിച്ച് ജീവിക്കുന്ന അനേക ലക്ഷം മുസ്ലിം സഹോദരങ്ങളുണ്ട്. പാകിസ്ഥാനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആര്‍എസ്എസ് പറയുന്നത് . ഇത് അംഗീകരിക്കാനാകില്ല. അധികാരത്തിന്‍റെ മുഷ്ക് ഉപയോഗിച്ച് നടപ്പാക്കാൻ ശ്രമിക്കുന്ന നിയമം കേരളത്തിൽ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നിയമമായത് കൊണ്ട് കേരളത്തിൽ നടപ്പാക്കില്ല.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ അസമിലെ ചബുവയിൽ ബി.ജെ.പി എം.എൽ.എ ബിനോദ് ഹസാരിക്കയുടെ വസതി കത്തിച്ചു. കൂടാതെ, വാഹനങ്ങളും സർക്കിൾ ഓഫീസും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.
അതേസമയം, ക്രമസമാധാന സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് കേന്ദ്ര സായുധ പൊലീസ് സേനയെ സഹായിക്കാൻ അസം റൈഫിളുകളുടെ അഞ്ച് കമ്പനികളെ അസമിലും മൂന്ന് കമ്പനികളെ ത്രിപുരയിലും വിന്യസിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ അസമില്‍ മൂന്ന് ആര്‍.എസ്.എസ് ഓഫീസുകള്‍ നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. ദില്‍ബ്രുഗയില്‍ ആര്‍.എസ്.എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാര്‍ ഇന്നലെ രാത്രി തീയിട്ടപ്പോള്‍ തേജ്പൂര്‍, സദിയ എന്നിവിടങ്ങളില്‍ ആര്‍.എസ്.എസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ അസമില്‍ ഇന്നലെ രാത്രി കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെ വീടിനു നേര്‍ക്കും ആക്രമണമുണ്ടായിരുന്നു.
അസമില്‍ സമരക്കാര്‍ കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെ വീട് ആക്രമിച്ചു. അസമിലും ത്രിപുരയിലും സൈന്യമിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ബി.ജെ.പിയും എ.ജി.പിയും തമ്മിലുള്ള ബന്ധം സംസ്ഥാനത്ത് വഷളായതിന് പുറമെ മിക്ക രാഷ്ട്രീയ നേതാക്കളും പട്ടാള സംരക്ഷണം തേടിയതായി വാര്‍ത്തകളുണ്ട്.
വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ അസമില്‍ ഇന്നലെ രാത്രിയാണ് കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായത്. പ്രക്ഷോഭകാരികളെ പിരിച്ചു വിടാന്‍ പട്ടാളം നടത്തിയ വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എ.ജി.പി രാജ്യസഭാംഗം ബീരേന്ദ്ര പ്രസാദിന്റെ വീടിനു നേര്‍ക്കും കല്ലേറുണ്ടായി. തിസ്പൂരിലെയും കര്‍ബി ആങ്‌ലോംഗിലെയും ബി.ജെ.പി ഓഫീസുകള്‍ ജനക്കൂട്ടം അടിച്ചു തകര്‍ത്തു. ബാമുനി മൈതാനിയിലും ഗോഹട്ടി ക്‌ളബ്ബ് പരിസരത്തും പട്ടാളവും വിദയാര്‍ഥികളും ഇപ്പോഴും ഏറ്റുമുട്ടുന്നുണ്ട്. ഗുവാഹത്തിയിലെ പാര്‍ട്ടിയുടെ പണി പൂര്‍ത്തിയായി വരുന്ന മുഖ്യ കാര്യാലയത്തിനു നേര്‍ക്കും ആക്രമണം അരങ്ങേറി.
നഗരത്തില്‍ രണ്ടിടത്ത് ജനക്കൂട്ടത്തിനു നേര്‍ക്ക് വെടിവെപ്പ് നടന്നതായി വാര്‍ത്തകളുണ്ട്. ഗുവാഹത്തിയിലെ മുഴുവന്‍ കോളജുകളെയും സ്തംഭിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ റോഡിലിറങ്ങിയത്. ഗുവാഹത്തി ഫാന്‍സി ബസാറിലെ കോട്ടണ്‍ കോളജില്‍ നിന്നും ആരംഭിച്ച പ്രക്ഷോഭം വൈകുന്നേരത്തോടെ നഗരത്തിലെ എല്ലാ കോളജുകളിലേക്കും വ്യാപിച്ചു. നഗരത്തിലേക്കുള്ള രണ്ട് ദേശീയ പാതകളും ഉപരോധിച്ച വിദ്യാര്‍ഥികള്‍ ബി.ജെ.പിയുടെ ഓഫീസുകള്‍ക്കു നേരെ കല്ലെറിയുകയും നേതാക്കളുടെ വീടുകളിലേക്ക് പ്രകടനം നടത്തുകയും ചെയ്തു. വിദ്യാര്‍ഥി സംഘടനകള്‍ക്ക് പുറമെ നടന്‍മാരും ഗായകരും സാംസ്‌കാരിക നേതാക്കളും ഉള്‍പ്പടെ ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ വിളിച്ച ചേര്‍ത്ത അതിജീവന സമരത്തില്‍ നഗരത്തില്‍ നിലനില്‍ക്കുന്ന കര്‍ഫ്യൂ ഉത്തരവ് ലംഘിച്ച് പങ്കെടുക്കാനെത്തി.
ഇതിനിടെ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തുവന്നിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്‍ ദേശീയതലത്തിലുള്ള ബില്ലാണെന്നും അസം ജനത ഒന്നുകൊണ്ടും പേടിക്കേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഉപദേശം. നേരത്തെ മജൂലിയില്‍ ബി.ജെ.പി, എ.ജി.പി ഓഫീസുകള്‍ക്ക് നേരെ പ്രക്ഷോഭകാരികള്‍ ആക്രമണം നടത്തിയിരുന്നു. വിവാദമായ പൗരത്വ ഭേദഗതി ബില്‍ ഇന്നലെ 105 വോട്ടിനെതിരേ 125 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ പാസായത്.
എറണാകുളം നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നഗരമധ്യത്തിൽ പലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിക്കുകയായിരുന്നു. കൂനന്മാവ് സ്വദേശി യദുലാല്‍ (23)ആണ് മരിച്ചത്. കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച് വീഴുകയും. പിന്നാലെയെത്തിയ ലോറി ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. യദുലാല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അതേസമയം, അധികൃതരുടെ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാണമെന്ന് ഇതിനോടകം ആക്ഷേപം ഉയർന്നിട്ടുണ്ട്. എട്ടുമാസം മുമ്പാണ് റോഡില്‍ കുഴി രൂപപ്പെട്ട കുഴിയാണ് അപകടത്തിന് ഇടയാക്കിയത്. അറ്റകുറ്റപ്പണി നടത്താൻ ഉണ്ടായ വലിയ കാലതാമസം ഒരാളുടെ ജീവൻ കവർന്നതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.
മാസങ്ങള്‍ക്ക് മുൻപ് പൈപ്പ് പൊട്ടി രൂം കൊണ്ട ചെറിയ കുഴിയുടെ അറ്റകുറ്റപണി നടത്തുന്ന വാട്ടർ ആതോറിറ്റി അലംഭാവം കൂടി കാട്ടിയതോടെ ഇത് ഒരടിയിലേറെ താഴ്ചയുള്ള അവസ്ഥയിലേക്ക് രൂപം മാറുകയായിരുന്നു. ഇതിന് മുകളിൽ മുന്നറിയിപ്പ് എന്ന രീതിയിൽ അശാസ്ത്രീയമായി ഒരു ബോർഡും സ്ഥാപിക്കപ്പെട്ടിരുന്നു. ആ ബോര്‍ഡാണ് ഇപ്പോള്‍ അപകടത്തിന് കാരണമായത്. വലിയ വാഹനത്തിരക്കുള്ള പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപത്താണ് ഇത്തരം അപകടക്കെണി ഒരുക്കിവച്ചിരുന്നത്.
അതേസമയം, പാലാരിവട്ടത്തെ അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയെന്ന് മുൻ ഡെപ്യൂട്ടി മേയറും എറണാകുളം എംഎൽഎയുമായ ടി ജെ വിനോദ് പ്രതികരിച്ചു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടു,
കാമുകിയുമായി ചേർന്നു ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിലെ കൂട്ടുപ്രതി സുനിത ജീവിച്ചത് ദുരിത സാഹചര്യങ്ങളിലെന്ന് പൊലീസ്. വെള്ളറട വാലൻവിളയിലെ സുനിതയുടെ വീട്ടിൽ അച്ഛനും അമ്മയുമാണു താമസം. രണ്ടരസെന്റ് സ്ഥലത്ത് ഒരു മുറിയും ഹാളും മാത്രമുള്ള വീട്. മകൾ കൊലപാതകത്തിൽ പങ്കാളിയായ വിവരമറിഞ്ഞു തളർന്നിരിക്കുകയാണു മാതാപിതാക്കൾ.
ഹൈദരാബാദിലായിരുന്നപ്പോൾ സുനിത മാതാപിതാക്കൾക്കു പണം അയച്ചിരുന്നു. നാട്ടിൽ വന്ന ശേഷം പണം നൽകിയിട്ടില്ല. പിതാവ് ടാപ്പിങ് ജോലിക്കു പോയാണ് കുടുംബം കഴിയുന്നത്. സുനിതയുടെ രണ്ട് സഹോദരൻമാർ മാതാപിതാക്കൾക്കു ചെലവിനും ചികിൽസയ്ക്കും പണം നൽകുന്നുണ്ട്. രണ്ടാഴ്ച മുൻപാണ് സുനിത അവസാനമായി വീട്ടിലെത്തിയത്. പഠനത്തിൽ സമർഥയായിരുന്നു സുനിത. വീട് ഇടിഞ്ഞുവീണപ്പോൾ, ഒൻപതാം വയസിൽ സുനിതയെ മാതാപിതാക്കൾ അനാഥാലയത്തിലാക്കി.
നല്ല മാർക്കോടെ എസ്എസ്എൽസിയും പ്രീഡിഗ്രിയും ജയിച്ച സുനിത സെക്കന്തരാബാദിൽ നഴ്സിങിന് ചേർന്നു. അവിടെ ജോലിക്കിടെയാണ് റോയ്തോമസിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. മൂന്നു കുട്ടികൾ പിറന്നശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. മനോനില തെറ്റിയ ഭർത്താവ് തന്നെ ഉപദ്രവിക്കുന്നതായി സുനിത വീട്ടുകാരോടു പറഞ്ഞിരുന്നു.
അതിനിടയിലാണു സഹപാഠിയായിരുന്ന പ്രേംകുമാറിനെ വീണ്ടും പരിചയപ്പെടുന്നത്. റോയിയുടെ മൂന്നു കുട്ടികളുമായാണ് ചെറുവാരക്കോണത്തെ സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിനെത്തിയത്. പിന്നീട് ഇരുവരും ഒരുമിച്ച് വില്ലയിൽ താമസം ആരംഭിച്ചു. പ്രേംകുമാറിന്റെ ഭാര്യ ബന്ധം അറിഞ്ഞതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം സെപ്റ്റംബർ അവസാനത്തോടെ പ്രേംകുമാർ പേയാട്ടെ വില്ല ഒഴിഞ്ഞു. വീടിന്റെ താക്കോൽ ഒക്ടോബർ രണ്ടിന് സുരക്ഷാ ജീവനക്കാരനെ ഏൽപ്പിച്ചു. അഡ്വാൻസ് നൽകിയ തുക തിരിച്ചുവാങ്ങിയതടക്കം ഓൺലൈൻ പണമിടപാടാണ് നടത്തിയത്. പ്രേംകുമാറിന്റെ പെരുമാറ്റത്തിൽ പൊലീസിനു സംശയം തോന്നിയതും, ‘അവളെ ഞാൻ കൊന്നുവെന്ന്’ പറയുന്ന ഇയാളുടെ വോയ്സ് മെസേജ് ലഭിച്ചതുമാണ് പ്രതികളെ കുടുക്കിയത്
മലബാറിലെ രണ്ട് നാട്ടുരാജവംശങ്ങളായ സാമൂതിരിമാരും വള്ളുവനാട് രാജാക്കന്മാരും തമ്മിലുള്ള മൂന്നര നൂറ്റാണ്ട് നീണ്ട കുടിപ്പക പരാമർശിക്കുന്നിടത്താണ് മാമാങ്കം, മണിത്തറ, ചാവേറുകൾ, മണിക്കിണർ പോലുള്ള സംജ്ഞകൾ ചരിത്രത്തിൽ കടന്നുവരുന്നത്.
ആളും കോപ്പും ആയുധസന്നാഹങ്ങളും എല്ലാം കണക്കിലേറെയുള്ള സാമൂതിരി മാമാങ്കവേദിയിലെ മണിത്തറയിൽ ഇരിക്കുമ്പോൾ ഉശിരുമാത്രം കൈമുതലാക്കി മരണമുറപ്പായിട്ടും എതിരിടാൻ ചെല്ലുന്ന ചാവേറുകളുടെ വീരചരിതം എത്ര നൂറ്റാണ്ട് കഴിഞ്ഞാലും കേൾക്കുന്നവരിൽ രോമാഞ്ചമുണ്ടാക്കുന്ന ‘ഹെവി ഐറ്റമാണ്’. കാവ്യാ ഫിലിം ഫാക്ടറിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച മാമാങ്കമെന്ന വൻ ബജറ്റ് സിനിമയുടെ ഉള്ളടക്കവും അതുതന്നെ.
ചരിത്രത്തെ കുറിച്ച് അവഗാഹം കുറവുള്ളവർക്ക് ഇത്തരം കാര്യങ്ങളെല്ലാം ലളിതമായി വിശദീകരിക്കുന്ന രഞ്ജിത്തിന്റെ വോയ്സ് ഓവറോടെ സിനിമ തുടങ്ങുന്നു. വിശദീകരിക്കുന്നത് സിംപിളായിട്ടാണെങ്കിലും ചരിത്രം പലപ്പോഴും പവർഫുള്ളും ഒപ്പം കൺഫ്യൂസിങ്ങും ആണെന്ന് പിന്നീടുള്ള സംഭവങ്ങൾ നമ്മളെ ബോധ്യപ്പെടുത്തും. വോയ്സ് ഓവർ പശ്ചാത്തലത്തിൽ നടക്കുമ്പോൾ 1695 -ലെ മാമാങ്ക മഹോത്സവത്തിന്റെ കാഴ്ചകളോടെ സിനിമ മുന്നോട്ട് പോവും. കൃത്യം എട്ടാമത്തെ മിനിറ്റിൽ കൊലമാസ്സായി ഇക്ക അവതരിക്കുകയും ചെയ്യും.
സാമൂതിരിയെ വെട്ടാൻ പറന്നുയരുന്ന ചന്ദ്രോത്ത് വലിയ പണിക്കറാണ് ഇക്ക. അതായത് ചാവേറുകളുടെ തലവൻ. തുടർന്നങ്ങോട്ട് ഏഴുമിനിറ്റോളം ഇക്കയുടെ വിളയാട്ടവും തേരോട്ടവും പടയോട്ടവുമാണ് കാണാൻ കഴിയുക. ഫാൻസുകാരുടെ മനസ്സിൽ അപ്പോൾ ഇക്കയ്ക്ക് ബാഹുബലിയുടെ പ്രഭാസിന്റെയും കെജിഎഫിലെ യാഷിന്റെയും കൂടി ചേർന്ന ഇമേജും ആഹ്ളാദാതിരേകവുമായിരിക്കും. അതു കഴിഞ്ഞ് വലിയ പണിക്കർ നിഷ്ക്രമിക്കും. സ്‌ക്രീനിൽ വൻ ഡെക്കറേഷനോടെ തെളിയും. മാമാങ്കം. സംവിധാനം എം പദ്മകുമാർ.
1695 -ലെ മാമാങ്കവും മേല്പറഞ്ഞ വലിയ പണിക്കരും ചരിത്രത്തിലെ മറ്റ് മാമാങ്കങ്ങളിൽ നിന്നും ചാവേറുകളിൽ നിന്നും വ്യത്യസ്തമാണെന്ന് രഞ്ജിത്തിന്റെ ആത്മഭാഷണം സൂചിപ്പിക്കുന്നുണ്ട്. മാമാങ്കം എന്ന ഹിസ്റ്റോറിക്കൽ ഇവന്റിൽ നിന്നും ഒരു സിനിമാറ്റിക് എലമെന്റ് കണ്ടെത്തുന്നതും ആ വേർതിരിയലിന്റെ പിറകെ സഞ്ചരിച്ചുകൊണ്ടാണ്. 15 മിനിറ്റ് കൊണ്ട് ഇക്ക നിഷ്ക്രമിച്ച ശേഷം പിന്നെ 24 വർഷങ്ങൾക്ക് ശേഷമുള്ള ചന്ദ്രോത്ത് തറവാട്ടിലെ ചില സംഭവങ്ങൾ കാണിച്ചുകൊണ്ടാണ് തുടരുന്നത്. അപ്പോഴത്തെ ചന്ദ്രോത്തെ പണിക്കർ ഉണ്ണിമുകുന്ദനാണ്.
പണിക്കരുടെ അനന്തിരവൻ ചന്തുണ്ണിയായി അച്യുതൻ എന്ന സിങ്കക്കുട്ടിയുമുണ്ട്. ഇന്റർവെൽ വരെ രണ്ടുപേരുമായി ബന്ധപ്പെട്ട സംഭങ്ങളുമായി സിനിമ മുന്നോട്ട് പോവും. ഇന്റർവെൽ ആവുമ്പോൾ മാരകമായൊരു ട്വിസ്റ്റുമായി ഇക്ക വീണ്ടും വരും. തുടർന്ന് ഇന്റർവെല്ലിനു ശേഷം മൂന്നുപേരും ചേർന്നുള്ള ‘മാസോട് മാസ് ക്ലാസ്’ പരിപാടികളാണ്. മാമാങ്കം എന്ന സിനിമയിൽ സജീവ് പിള്ള എത്ര ശതമാനമാണ്, ശങ്കർ രാമകൃഷ്ണൻ എത്ര ശതമാനമാണ് എന്നൊന്നും എനിക്കറിയില്ല.
പക്ഷെ, പ്രേക്ഷകരെ രണ്ടര മണിക്കൂർ നേരം തിയേറ്ററിൽ പൂർണമായും എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു മികച്ച സിനിമാനുഭവമാണ് അത്. അതുകൊണ്ടുതന്നെ മാമാങ്കം ജോസഫിന് ശേഷം വന്ന ഒരു പദ്മകുമാർ സിനിമയായി കാണാനാണ് എനിക്കിഷ്ടം. പദ്മകുമാറിന്റെ ക്‌ളാസിൽ നിന്നും ഒരിക്കലും അത് താഴെ പോവുന്നുമില്ല.
ചരിത്രത്തോട് നീതി പുലർത്തിയോ എന്നൊക്കെ ആ മേഖലയിലെ പണ്ഡിതർ വിലയിരുത്തേണ്ട കാര്യമാണ്. സിനിമയ്ക്ക് കേറുന്ന ഞാനുൾപ്പടെ 99.99 ശതമാനത്തിനും പാണ്ഡിത്യബാധ്യത ഇല്ലാത്തതിനാൽ അത്തരം കാര്യങ്ങൾക്ക് പ്രസക്തിയുമില്ല.
പക്ഷെ ഒരു കാര്യം ഉറപ്പാണ്. മാമാങ്കത്തെ ഒരു സൂപ്പർസ്റ്റാർ ചിത്രമെന്ന നിലയിൽ സംവിധായകരോ എഴുത്തുകാരോ വഴിപിഴപ്പിച്ചിട്ടില്ല. മമ്മുട്ടി എന്ന മെഗാസ്റ്റാറിന് വേണ്ടി ആദ്യഭാഗത്തെ ഒരു ഏഴ് മിനിറ്റും അവസാനത്തെ ഒരു ആറു മിനിറ്റും ഒന്ന് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ — ആരാധകർക്കും വേണ്ടേഡേയ് എന്തെങ്കിലുമൊക്കെ.
ഇക്കയുടെ എല്ലാ പരാധീനതകളും അറിഞ്ഞുകൊണ്ടുള്ള പാത്രസൃഷ്ടിയാണ് പണിക്കരുടേത്. വടക്കൻ വീരഗാഥ പോലെ വെല്ലുവിളിയുയർത്തുന്ന വൈകാരിക മുഹൂർത്തങ്ങളൊന്നുമില്ല. ഇക്ക അത് പൂ പറിക്കും പോലെ അനായാസമാക്കി.
ഒപ്പം ഉണ്ണി മുകുന്ദനും അച്യുതനും പൂണ്ടു വിളയാടാനുള്ള അവസരമുണ്ടാക്കി കൊടുക്കുകയും ചെയ്തു. ഉണ്ണി മുകുന്ദന് അഖിലേന്ത്യ അടിസ്ഥാനത്തിൽ തന്നെ മാർക്കറ്റു വർധിപ്പിക്കുന്ന പടമായിരിക്കും മാമാങ്കം. അജ്‌ജാതി മാരക പ്രെസൻസും പെർഫോമൻസുമാണ് ചാത്തോത്ത് പണിക്കർ.
മമ്മൂട്ടിയും ഉണ്ണിമുകുന്ദനും സ്‌ക്രീനിൽ ഉള്ളപ്പോൾ അച്യുതനെന്ന കുട്ടി ഫാൻസ് ഷോയിൽ നേടുന്ന കയ്യടി ആനന്ദകരമായ കാഴ്ചയാണ്. മമ്മുട്ടിയുടെ അനന്തരവനായ ഉണ്ണി മുകുന്ദൻ. ഉണ്ണിമുകുന്ദന്റെ അനന്തിരവനായ അച്യുതൻ. മൂന്നുപേരുടെയും കൂട്ടുകെട്ട് പടത്തിന്റെ നട്ടെല്ലാണെന്ന് നിസംശയം പറയാം.
‘കുലംകുത്തി’യാണോ കഥയിലെ നായകന്‍ എന്നത് സിനിമ കണ്ടിറങ്ങുന്നവന് ചിന്തയ്ക്ക് വിട്ടുകൊടുക്കുന്നു മാമാങ്കം. മാമാങ്കം ഒരു ചരിത്രപുസ്തകമാണ്. മമ്മൂട്ടി ‘മാസ്സായി’ നിറയുന്ന സിനിമയല്ല. വടക്ക് നിന്നുള്ള മറ്റൊരു വീരഗാഥയായി തിയറ്ററില്‍ അത് നിറയുന്നു. മലയാളത്തിന്റെ കാഴ്ചപ്പുറങ്ങളില്‍ നിറയേണ്ട ഒരു ചരിത്രക്കാഴ്ച.
കൊല്ലം കുണ്ടറയിൽ വീട്ടമ്മയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊന്ന സംഭവം വളരെ ഞെട്ടലോടെയാണ് കേട്ടത്. പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശിനി ഷൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം അയല്‍വാസിയായ അനീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു.. ഷൈലയുടെ വയറിലും മുതുകിലുമാണ് കുത്തേറ്റത്. കുത്തേറ്റ് നിലത്തുവീണ് പിടഞ്ഞ ഷൈലയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്നും കുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിരുന്നു.
ഇപ്പോഴിതാ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ വീടിനോടു ചേര്‍ന്ന ഇടറോഡിലാണ് സംഭവം. ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം പാല്‍ വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു യുവതി. ഒളിഞ്ഞുനില്‍ക്കുകയായിരുന്ന പ്രതി പിന്നില്‍നിന്നെത്തിയാണ് കുത്തിവീഴ്ത്തിയത്. അയല്‍ വീടിന്റെ ഗേറ്റിനുമുന്നിലാണ് കുത്തേറ്റുവീണത്..
അതിക്രൂരമായ കൊലപാതകം അനീഷ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലീസ് പറഞ്ഞു. ടെമ്ബോ ലോറി ഡ്രൈവറായ അനീഷ് നിരവധി കേസുകളില്‍ പ്രതിയാണ്. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയായിരുന്ന പ്രതി യുവതിയെ നിരന്തരം ശല്യംചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്ന് കരുതുന്നു. ബുധനാഴ്ച 8.50ന് ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം വീട്ടിലെത്തി പാല്‍ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഷാജില. യുവതി മകളെ സ്‌കൂളിലാക്കാന്‍ പുറത്തിറങ്ങുമെന്ന് അറിയാവുന്ന പ്രതി ബൈക്കില്‍ വന്ന് പരിസരത്ത് ഒളിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍, ഇതിനകം യുവതി മകളെ യാത്രയാക്കി വീട്ടില്‍ കയറിയിരുന്നു. എന്നാല്‍, പാല്‍ വാങ്ങാനായി പുറത്തേക്ക് വരുകയും ചെയ്തു. യുവതി പുറത്തേക്ക് പോകുന്നതു കണ്ട് പിന്നാലെ എത്തി കുത്തിവീഴ്ത്തുകയായിരുന്നു.
31 കുത്തുകളാണ് ശരീരത്തിലേറ്റത്. നിലത്തുവീണ യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. കഴുത്തിന്റെ ഇരുവശത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളായിരുന്നു. പിന്നീട് മരണം ഉറപ്പുവരുത്തുന്നതുവരെ അവിടെ നിലയുറപ്പിച്ചു. മരണം ഉറപ്പാക്കിയശേഷം അതിനോട് ചേര്‍ന്നുള്ള വീടിന്റെ ഗേറ്റ് തുറന്ന് കയറി ടാപ്പില്‍നിന്ന് വെള്ളമെടുത്ത് കത്തിയിലെ ചോരപ്പാടുകള്‍ കഴുകിക്കളഞ്ഞു. പുറത്തിറങ്ങി വീണ്ടും യുവതിക്കു സമീപം നിലയുറപ്പിച്ചു.
സമീപത്തെ വീടുകളെല്ലാം മതില്‍കെട്ടുകള്‍ക്ക് ഉള്ളിലാണ്. ആക്രമണ ശേഷമാണ് സംഭവം അയല്‍ക്കാര്‍ അറിഞ്ഞത്. ആ വീടുകളിലെ സ്ത്രീകള്‍ നിലവിളിച്ചു ബഹളംകൂട്ടിയെങ്കിലും അനീഷ് പിന്മാറാന്‍ തയ്യാറായില്ല.സമീപ വാസികള്‍ വിവരം അറിയിച്ചതനുസരിച്ചു കുണ്ടറയില്‍ നിന്നും പൊലീസ് എത്തിയാണ് ഷാജിലയെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയെ പൊലീസ് വാഹനത്തിലേക്ക് കയറ്റിക്കഴിഞ്ഞയുടന്‍ ഓടാന്‍ ശ്രമിച്ച പ്രതിയെ പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ബൈക്കില്‍ കത്തിയോടൊപ്പം മുളകുപൊടിയും പ്രതി കരുതിയിരുന്നു.
അനീഷും ഷൈലയും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നീട് ഇവർ തമ്മിൽ അകന്നു. അടുത്തിടെ സമീപത്തു താമസമാക്കിയ കുടുംബവുമായി ഷൈല സഹകരിക്കുന്നതിൽ അനീഷിന് എതിർപ്പുണ്ടായിരുന്നു. എന്നാൽ, യുവതി ഇത് അവഗണിച്ചു. തന്നെ ഒഴിവാക്കാൻ ഷൈല ശ്രമിച്ചതോടെ അനീഷിന്റെ വിരോധം മൂർഛിക്കുകയായിരുന്നു. ഇതു കൊലപാതകത്തിൽ കലാശിച്ചുവെന്നാണു പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ രണ്ട് മൂന്ന ദിവസം മുമ്പും ഷെെലയെ പ്രതി തടഞ്ഞ് നിർത്താൻ ശ്രമിച്ചതായി വിവരങ്ങള് ലഭിക്കുന്നുണ്ട്. ഇവര്‍ അയല്‍വീട്ടിലേക്ക് ഓടിക്കയറിയാണ് അന്ന് രക്ഷപ്പെട്ടത്. രോഷാകുലനായ അനീഷ് അന്ന് വീട്ടുടമയെ അവരുടെ വീട്ടില്‍ കയറി മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരേ കുണ്ടറ പോലിസില്‍ പരാതി നല്‍കിയിരുന്നു.
കിങ് ഖാനെ നായകനാക്കി സംവിധായകൻ ആഷിക് അബു ബോളിവുഡ് ചിത്രം ഒരുക്കുന്നു. ആക്ഷൻ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചന ശ്യാം പുഷ്ക്കരൻ നിർവഹിക്കും. ഇതുസംബന്ധിച്ച് ഷാരൂഖ് ഖാനുമായുള്ള ചർച്ചകൾ മുംബൈയിൽ പൂർത്തിയായി. ഷാരൂഖുമൊത്തുള്ള ചിത്രം ആഷിഖ് അബു ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
ഷാരൂഖിന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസാണ് ചിത്രം നിർമിക്കുന്നത്. മറ്റ് താരനിർണയം പൂർത്തിയാകുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരുദിവസങ്ങളിൽ പുറത്തുവിടുമെന്ന് ആഷിക് അബു പറഞ്ഞു.
ബ്രിട്ടനിൽ ഇന്ന് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി ബോറിസ് ജോൺസൺ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയും ജെറമി കോർബിന്‍റെ ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. പ്രാദേശിക സമയം രാവിലെ 7 മണി മുതൽ രാത്രി പത്ത് മണിവരെയാണ് വോട്ടെടുപ്പ്.
ബ്രക്സിറ്റ് നടപ്പാക്കുന്നതിലെ പരാജയം ബ്രിട്ടനെ എത്തിച്ചത് നാലര വർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്ക്. ഒക്ടോബർ 31ന് ബ്രക്സിറ്റ് നടപ്പാക്കാനുള്ള പ്രധാനമന്ത്രി ബോറിസ്‌ജോൺസന്റെ നീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ്‌വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബ്രെക്‌സിറ്റ് കരാറിന് പാർലമെന്റിന്റെ അംഗീകാരം വാങ്ങുന്നതിൽ പരാജയപ്പെട്ട തെരേസ മേ കഴിഞ്ഞ ജൂലൈയിലാണ് രാജി വെച്ചത്.
കൺസർവേറ്റീവ് പാർട്ടി വിജയിച്ചാൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി അടുത്ത മാസം 31നകം ബ്രക്സിറ്റ് നടപ്പാക്കുമെന്ന് ബോറിസ് ജോൺസൺ പറയുമ്പോൾ, ബ്രക്സിറ്റിൽ വീണ്ടും ഹിത പരിശോധന നടത്താമെന്നാണ് ലേബർ പാർട്ടിയുടെ വാഗ്ദാനം.
650 അംഗ ജനസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷമായ 320 സീറ്റ് നേടിയാൽ മാത്രമേ ജോൺസണ് അധികാരത്തിലെത്താനാകാവൂ. അല്ലെങ്കിൽ മറ്റ് കക്ഷികളുടെ പിന്തുണയോടെ ജെറമി കോർബിന് സർക്കാരുണ്ടാക്കാൻ അവസരമുണ്ടായേക്കും. കുടിയേറ്റ വിരുദ്ധ വികാരം ഉണർത്തിക്കൊണ്ടായിരുന്നു ജോൺസന്റെ പ്രധാന പ്രചരണം. എന്നാൽ സർവ്വേ ഫലങ്ങൾ പലതും എതിരായത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ബോറിസ് ജോൺസൺ തന്നെ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രപിന്റെ ഇടപെടലും റഷ്യ കൺസർവേറ്റിവ് പാർട്ടിക്കായി പണമിറക്കിയെന്ന ആരോപണവും പ്രചരണ സമയത്ത് വിവാദമായിരുന്നു. ആരായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്നത് ബ്രക്സിറ്റിന്റെ ഭാവിയിലും നിർണായകമാവും.