സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തില്‍ തൊഴില്‍ അവസരം. സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ അഞ്ചിനകം അപേക്ഷ നല്‍കണം. അഭിമുഖം നവംബര്‍ 13 മുതല്‍ 15 വരെ കൊച്ചി നടക്കും.
ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, എമര്‍ജന്‍സി റൂം (ഇആര്‍), ജനറല്‍ നഴ്‌സിംഗ്, ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), മെറ്റേണിറ്റി ജനറല്‍, എന്‍ഐസിയു(ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), ഓപ്പറേറ്റിങ് റൂം (ഒആര്‍), പീഡിയാട്രിക് ജനറല്‍, പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), കാത്ത്‌ലാബ് എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.
നഴ്‌സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തി പരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് 2024 നവംബര്‍ അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.
സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ യോഗ്യതയും വേണം. ഇതിന് പുറമേ അപേക്ഷ നല്‍കുന്നതിനുളള അവസാന തിയതിയ്ക്ക് മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ ഡാറ്റാ ഫ്‌ളോ വെരിഫിക്കേഷന്‍ ചെയ്യുകയോ അല്ലെങ്കില്‍ ഇതിനായി നല്‍കുമ്പോള്‍ ലഭ്യമായ രസീതോ ഹാജരാക്കണം.
അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖ സമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ ശിക്ഷവിധിക്കുന്നത് പാലക്കാട് ജില്ലാ അഡീഷണൽ കോടതി-ഒന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രണയവിവാഹം നടന്ന് 88-ാം നാൾ തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് (27) കൊല്ലപ്പെട്ട കേസിലെ രണ്ടുപ്രതികളും കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച ജഡ്‌ജി ആർ. വിനായകറാവു കണ്ടെത്തിയിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (49) ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻ ചെറുതുപ്പല്ലൂർ പ്രഭുകുമാർ (47) രണ്ടാംപ്രതിയുമാണ്.
ശനിയാഴ്ച വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും നിലപാടുകൾകൂടി േകൾക്കാൻ കോടതി തീരുമാനിക്കയായിരുന്നു. പ്രതികൾ ചെയ്‌തത് അത്യന്തം ഹീനമായ കുറ്റമാണെന്നും ഇരുവർക്കും പരമാവധിശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാതീയമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന അനീഷിനെ കരുതിക്കൂട്ടി കൊലചെയ്തതാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
പ്രതിഭാഗം ഓൺലൈനായാണ് തങ്ങളുടെവാദം നിരത്തിയത്. കരുതിക്കൂട്ടിയുള്ളതും അപൂർവത്തിൽ അപൂർവവുമായ കൊലപാതകമല്ല നടന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും പ്രതികൾ ഇനി കുറ്റകൃത്യം ചെയ്യാനിടയില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. തുടർന്നാണ് കോടതി വിധിപ്രസ്താവിക്കുന്നത് 28-ലേക്ക് മാറ്റിയത്.
2020 ഡിസംബർ 25-ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിന് സമീപത്തുവെച്ച് അനീഷിനെ സുരേഷും പ്രഭുകുമാറും ചേർന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇതരസമുദായത്തിൽപ്പെട്ട അനീഷ് ഹരിതയെ വിവാഹംകഴിച്ചതിൽ ഹരിതയുടെ വീട്ടുകാർക്കുണ്ടായ നീരസമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കേസ്.
കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും കൂസലില്ലാതെയാണ് പ്രതികളായ സുരേഷും പ്രഭുകുമാറും കോടതിയിൽ വിധികേൾക്കാൻ എത്തിയത്. ശനിയാഴ്ചരാവിലെ പോലീസ്ജീപ്പ് ഒഴിവാക്കി ഓട്ടോറിക്ഷയിലാണ് പോലീസ് പ്രതികളെ കോടതിവളപ്പിൽ എത്തിച്ചത്.
വിധികേൾക്കാനായി അനീഷിന്റെ ഭാര്യ ഹരിത, മാതാപിതാക്കളായ ആറുമുഖൻ, രാധ, സഹോദരങ്ങൾ എന്നിവർ കോടതിയിലെത്തിയിരുന്നു. “അനീഷിനെ കൊലപ്പെടുത്തിയവർക്ക് പരമാവധിശിക്ഷ കൊടുക്കണം” -ഹരിത കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കുഴൽമന്ദം പോലീസ്‌സ്റ്റേഷനിൽവെച്ച് 90 ദിവസത്തിനകം അനീഷിനെ കൊലപ്പെടുത്തുമെന്ന ഹരിതയുടെ അച്ഛൻ പ്രഭുകുമാർ ഭീഷണിമുഴക്കിയിരുന്നു. ഇതിനുശേഷം 88-ാം ദിവസം അനീഷ് കൊല്ലപ്പെട്ട സംഭവം മാധ്യമങ്ങളോട് വിവരിക്കവേ ഹരിതയും അനീഷിന്റെ അമ്മ രാധയും പൊട്ടിക്കരഞ്ഞു.
കാനഡയിലെ ടൊറന്റോയില്‍ നടന്ന വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന ടെസ്ല കാര്‍ ഡിവൈഡറില്‍ ഇടിക്കുകയും തൊട്ടുപിന്നാലെ ബാറ്ററിയില്‍ നിന്ന് തീപടര്‍ന്ന് വാഹനം കത്തിയമരുകയുമായിരുന്നു. ഇവരുടെ കാര്‍ സെല്‍ഫ് ഡ്രൈവിങ് മോഡലാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
മരിച്ചവരില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. ഗുജറാത്തിലെ ഗോധ്ര സ്വദേശികളായ കേതബ ഗൊഹില്‍ (30), സഹോദരന്‍ നീല്‍രാജ് ഗൊഹില്‍ (26), ഗുജറാത്തിലെതന്നെ ആനന്ദ് സ്വദേശികളായ ദിഗ്വിജയ് പട്ടേല്‍ (32), ജയ് സിസോദിയ (20) എന്നിവരാണു മരിച്ചത്. 20കാരിയായ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബാറ്ററിക്ക് തീപിടിക്കുകയും കാറിന് തീപിടിക്കുകയുമായിരുന്നു. അപകടസമയം ഇതുവഴി കടന്നുപോയവരാണ് യാത്രികരെ കാറിന്റെ ചില്ലുകള്‍ പൊട്ടിച്ചു പുറത്തെടുത്തത്.
കാനഡയിലെ ബ്രാംപ്ടണിലാണ് സംഘം താമസിച്ചിരുന്നത്. അത്താഴം പുറത്തുപോയി കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഞ്ച് പേരും. മരിച്ച കേതബ ആറ് വര്‍ഷം മുന്‍പായിരുന്നു കാനഡയിലേക്ക് താമസം മാറിയത്. ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് നീല്‍രാജ് കാനഡയിലെത്തിയത്.
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ പേരാണോ പൂരം കലക്കല്‍ എന്നും പിണറായി ചോദിച്ചു. പി. ജയരാജന്‍ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഒരു പോലീസുകാരന്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടു എന്നാണു പറയുന്നത്. ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ കേരള അമീറിന്റെ തോളത്തു കൈയിട്ടുകൊണ്ടല്ലേ ലീഗ് ഇതു പറയുന്നത്? തൃശൂര്‍ പൂരം കലക്കിയെന്നാണു സംഘപരിവാറും ലീഗും ഒരുപോലെ ആക്ഷേപിക്കുന്നത്.
പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍? ലീഗിനെന്തിനാണ് ഇത്തരം കള്ളപ്രചാരണം നടത്താന്‍ സംഘപരിവാറിനേക്കാള്‍ ആവേശം? എന്നും പിണറായി ചോദിച്ചു.
ഷെയർട്രേഡിങ് വഴി പണം നിക്ഷേപിച്ചാൽ അഞ്ചിരട്ടി നേട്ടമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വിയ്യൂർ സ്വദേശിയിൽനിന്ന് പലതവണയായി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കളെ തൃശ്ശൂർ സിറ്റി പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണംസംഘം അറസ്റ്റുചെയ്തു. മലപ്പുറം ഒളകര കാവുങ്ങൽവീട്ടിൽ കെ. മുഹമ്മദ് ഫൈസൽ (26), വേങ്ങര ചേറൂർ കരുമ്പൻവീട്ടിൽ ഖാദർ ഷെരീഫ് (37) എന്നിവരാണ് പിടിയിലായത്. ഒരു വിദ്യാർഥിനിയുടെ അക്കൗണ്ടാണ് ഇവർ തട്ടിപ്പിനുപയോഗിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം. സി.ഐ.എൻ.വി. എന്ന കമ്പനിയുടെ ഫ്രാഞ്ചൈസിയാണെന്നു പറഞ്ഞ് വിയ്യൂർ സ്വദേശിയെ ഫോണിൽ വിളിച്ച് ഷെയർട്രേഡിങ്ങിനെക്കുറിച്ച് സംസാരിക്കുകയും ഓൺലൈൻ വഴി ക്ളാസെടുത്ത് വിശ്വാസ്യത നേടുകയും ചെയ്തു. അഞ്ചിരട്ടി നേട്ടമുണ്ടാക്കാമെന്ന് ഉറപ്പുനൽകി വിവിധ ഘട്ടങ്ങളിലായി 1,24,80,000 രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.
തട്ടിപ്പിനിരയായെന്ന് വ്യക്തമായതോടെ വിയ്യൂർ സ്വദേശി സിറ്റി സൈബർക്രൈം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പരിചയത്തിലുള്ള വിദ്യാർഥിനിയുടെ അക്കൗണ്ടിലേക്കാണ് പണമയച്ചതെന്ന് കണ്ടെത്തി. വിദ്യാർഥികളുടെ അക്കൗണ്ട് സൈബർത്തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നത് നേരത്തേയും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് സിറ്റി പോലീസ് സാമൂഹികമാധ്യമങ്ങളിലൂടെ ബോധവത്കരണവും നടത്തിയിരുന്നു.
സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മിഷണർ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ജയപ്രദീപ്, കെ.എസ്. സന്തോഷ്, സുധീപ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജെസി ചെറിയാൻ, സിവിൽ പോലീസ് ഓഫീസർ സച്ചിൻദേവ് എന്നിവരും ഉണ്ടായിരുന്നു.
ഇറാനില്‍ കനത്ത വ്യോമാക്രമണവുമായി ഇസ്രയേല്‍. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉള്‍പ്പെടെ ശനിയാഴ്ച പുലര്‍ച്ചെ ഉഗ്രസ്‌ഫോടനങ്ങള്‍ ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
സ്‌ഫോടനത്തില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. അതേസമയം ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്നത് തങ്ങളുടെ അവകാശവും കടമയുമാണെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഇരുന്നൂറിലേറെ മിസൈലുകളാണ് ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തത്. ലോകത്തിലെ മറ്റേത് പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനും ഉണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന്ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇറാന്റെ സൈനിക കേന്ദ്രങ്ങളിലുള്ള ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് ഇസ്രയേല്‍ ഇക്കാര്യം വൈറ്റ് ഹൗസിനെ അറിയിച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനെ ദ്രോഹിച്ചതിന് ശത്രുക്കള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വ്യോമാക്രമണം.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് ഭീകരര്‍ നടത്തിയ കൂട്ടക്കുരുതിയ്ക്ക് ശേഷമാണ് പശ്ചിമേഷ്യയില്‍ യുദ്ധത്തിന് തുടക്കമായത്. ഹമാസ് ആക്രമണത്തിനെതിരായ ഇസ്രയേല്‍ പ്രത്യാക്രമണം പലസ്തീനില്‍ കൂട്ടക്കുരുതിക്കിടയാക്കിയിരുന്നു. അടുത്തിടെ ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാന്‍ ഇസ്രായേലിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
തനിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമെന്ന് എന്‍.സി.പി. നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസ്. ഇതുമായി ബന്ധപ്പെട്ടുവന്ന ആരോപണങ്ങളും വാര്‍ത്തകളുമെല്ലാം അടിസ്ഥാനരഹിതമാണെന്നും താന്‍ മന്ത്രിയാകുമെന്ന ഘട്ടം വന്നപ്പോഴാണ് ഇത്തരം ആരോപണം വരുന്നതെന്നും ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണവെ തോമസ് കെ. തോമസ് വ്യക്തമാക്കി.
“ആരോപണത്തിനു പിന്നില്‍ ആന്റണി രാജുവാണെന്നും അദ്ദേഹത്തിന് തന്നോട് എന്തിനാണ് വ്യക്തിവൈരാഗ്യമെന്ന് അറിയില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. പാര്‍ട്ടിയുടെ കമ്മിറ്റികൂടി ഐകകണ്ഠ്യേന ഒരു തീരുമാനമെടുത്തു. ആ തീരുമാനം പുറത്തുവന്നപ്പോഴാണ് ഈ ആരോപണം വരുന്നത്. ഇതില്‍ ഗൂഢാലോചനയുണ്ട്.
100 കോടിയെന്നൊക്കെയുള്ള വലിയൊരു കാര്യം നിയമസഭാ ലോബിയിലാണോ ചര്‍ച്ച ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. എംഎല്‍എമാരും അവരുടെ അതിഥികളും സെക്രട്ടറിമാരുമടക്കം പലരും കയറിയിറങ്ങുന്ന നിയമസഭയുടെ ലോബിയില്‍ ഇത്തരം കാര്യങ്ങള്‍ ആരെങ്കിലും ചര്‍ച്ച ചെയ്യുമോ”. കോവൂര്‍ കുഞ്ഞുമോന്റെ മറുപടി മതി എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് തെളിയിക്കാനെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോഴ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ആന്റണി രാജു തോമസ് ചാണ്ടിയേയും ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ആരോപിച്ചു. കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമമാണ് ഈ ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ തോമസ് കെ. തോമസ് വാഗ്ദാനം ചെയ്‌തെന്നായിരുന്നു അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണം. മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എം.എല്‍.എയുമായ ആന്റണി രാജുവിനും ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യം കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിച്ചിരുന്നു.
ജില്ലയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഒക്ടോബർ 26 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
കൂടാതെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്രയും ഒക്ടോബർ 26 വരെ നിരോധിച്ചു.
ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. 2012ൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഒരു കേസ് ആണ് മോഹൻദാസ് വധക്കേസ്. പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മോഹൻദാസിനെ ഭാര്യയും കാമുകനും ചേർന്നു ഗൂഢാലോചന നടത്തി കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫോമം മണപ്പിച്ചു ബോധംകെടുത്തിയ ശേഷം കഴുത്തറത്തു കൊലപ്പെടുത്തി എന്നാണ് കേസ്. പിന്നീട് കൊല്ലപ്പെട്ട മോഹൻദാസിന്റെ ബൈക്ക് ആളില്ലാതെ കണ്ടെയ്നർ റോഡിന്റെ അരികിൽ ഇരിക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെയ്നർ റോഡിന്റെ സമീപത്തുള്ള കുറ്റികാട്ടിൽ നിന്നുമാണ് മൃതുദേഹം കണ്ടെത്തുന്നത്.
നോർത്ത് പറവൂർ അഡിഷണൽ സെഷൻസ് കോടതി രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അപ്പീൽ പരിഗണിച്ച ഹൈക്കോടതി നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു എന്ന് വിലയിരുത്തി. കേസിലെ തെളിവുകളും കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും കുറ്റം ചെയ്തത് പ്രതികൾ തന്നെയാണ് എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.പ്രതികൾക്ക് വേണ്ടി അഡ്വ. എം. വിവേക്,അഡ്വ.പി. എ. അയൂബ്ഖാൻ എന്നിവർ ഹാജരായി.
അനേകം മലയാള കലാസാഹിത്യ പ്രതിഭകളാല്‍ സമ്പന്നമായ യു.കെയില്‍ വീണ്ടുമൊരു എഴുത്തുകാരുടെ സംഗമം ‘മലയാളോത്സവം 2024’ എന്നപേരില്‍ കേരളപ്പിറവിയാഘോഷത്തോടൊപ്പം ഇക്കൊല്ലം നവംബറിലെ ആദ്യ ശനിയും ഞായറും ദിനങ്ങളില്‍ ലണ്ടനിലുള്ള കേരള ഹൗസില്‍ വെച്ച് അരങ്ങേറുകയാണ്..
യു.കെയിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ (MAUK )’ യുടെ ആസ്ഥാനമായ ലണ്ടനിലെ ‘കേരളാഹൗസി’ല്‍വച്ചു 2017 ല്‍ നടത്തുകയുണ്ടായി. അതേത്തുടര്‍ന്നു 2019 ല്‍ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാര്‍ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങള്‍ യു.കെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തു.
വീണ്ടും 2024 നവംബര്‍ 2, 3 തീയതികളിലായി ലണ്ടനിലെ ‘കേരളാഹൗസി’ല്‍ ‘മലയാളോത്സവം 2024’ എന്ന പേരില്‍ വേദി ഒരുങ്ങുകയാണ് . കഥോത്സവം, കവിതോത്സവം, പുസ്തക പ്രദര്‍ശനം, പുസ്തക വില്പന, കവിതാലാപനം, രചനാ മത്സങ്ങള്‍, കലാ പ്രദര്‍ശനം എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു. ആദ്യ ദിനത്തില്‍ , ചിത്ര/ശില്പ കലാ പ്രദര്‍ശനവും രണ്ടാം ദിനത്തിൽ സമ്മേളനങ്ങളും ഉണ്ടായിരിക്കും.
ഇതോടൊപ്പം ‘എഴുത്തച്ഛന്‍ ഗ്രന്ഥശാല’യുടെ ഔപചാരികമായ ഉത്ഘാടനവും അന്നേദിവസം നടത്തപ്പെടും !എഴുത്തുകാര്‍ക്ക് അവരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്താനും, വില്പന നടത്താനും സൗകര്യമുണ്ടായിരിക്കും.
മലയാളി കലാപ്രവര്‍ത്തകര്‍ സൃഷ്ടിച്ച ചിത്രങ്ങളും, ശില്പങ്ങളും, ഒപ്പം ബ്രിട്ടനിലെ സിനിമാ പ്രേമികള്‍ അണിയിച്ചൊരുക്കിയ സിനിമകളുടെ പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുവാനും സൗകര്യമുണ്ടായിരിക്കും.
നിങ്ങളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയിക്കുക.അന്വേഷണങ്ങള്‍ക്ക്, പ്രിയവ്രതന്‍ (07812059822) മുരളീമുകുന്ദന്‍ (07930134340) ശ്രീജിത്ത് ശ്രീധരന്‍ (07960212334).
www.mauk.org. www.coffeeandpoetry.org.
ഈ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ക്കായി തുടങ്ങിയിട്ടുള്ള ‘വാട്ട്‌സാപ്പ് ഗ്രൂപ്പി’ല്‍ അണിചേരുവാന്‍ എല്ലാ കലാസാഹിത്യ കുതുകികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
Join the WhatsApp group https://chat.whatsapp.com/G2kPYI7HKGd3RuvX1CdZ7x
Inviting volunteers to the Organising committee. Inviting sponsorship from community spirited businesses