Latest News

ബിച്ച് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍; 24 കാരനായ ബി മഹേന്ദ്രന്‍ നായരെയാണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയാണ് പരാതിക്കാരി. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവര്‍ത്തകയാണ് ചികിത്സിച്ചിരുന്നത്. ഇവര്‍ തിരക്കിലായതിനാല്‍ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രന്‍ ചികിത്സ നല്‍കാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

ഇക്കാര്യം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകയോട് പെണ്‍കുട്ടി തുറന്നു പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആരോപണവിധേയനെതിരേ കേസെടുത്തത്. ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായി. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചു.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നവീന്‍ ബാബു ചെയ്തത് നിയമപരമായ നടപടികള്‍ മാത്രമാണ്. എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ല. ഫയല്‍ വൈകിപ്പിച്ചുവെന്ന ആരോപണം തെറ്റാണ്. ആറ് ദിവസം മാത്രമാണ് പ്രസ്തുത ഫയല്‍ നവീന്‍ ബാബുവിന്റെ പക്കലുണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എഡിഎമ്മിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ല. പരിശോധനകള്‍ നടത്തിയാണ് നവീന്‍ ബാബു മുന്നോട്ടുപോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ വൈകിപ്പിച്ചു, കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരേ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍.

കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് ആരംഭിക്കാന്‍ എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്ന് സ്ഥലം ലീസിനെടുത്ത ടി.വി. പ്രശാന്തന്‍ ആരോപിച്ചിരുന്നു. നവീന്‍ബാബുവിന് കൈക്കൂലി കൊടുത്തെന്ന് പോലീസിനും പ്രശാന്തന്‍ മൊഴി നല്‍കി. സ്വര്‍ണം പണയംവെച്ചാണ് കൈക്കൂലിപ്പണം നല്‍കിയത്, പണയം വെച്ചതിന്റെ രേഖകളും പ്രശാന്തന്‍ ഹാജരാക്കിയിരുന്നു. ആറാംതീയതി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സിലെത്തി കണ്ടു. അവിടെ വെച്ചാണ് കൈക്കൂലി നല്‍കിയത്. പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നുമാണ് പ്രശാന്തന്‍ പോലീസിനെ അറിയിച്ചത്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന പേരിലുള്ള പരാതി വ്യാജമാണെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ല മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഒക്ടോബര്‍ 29ന് വിധി പറയും. നവീന്‍ ബാബുവിനെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമര്‍ശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയില്‍ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വന്‍ വാദിച്ചത്. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്, 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകയാണ്, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന വ്യക്തിയാണ് തുടങ്ങിയ വാദങ്ങളും കോടതിയില്‍ നിരത്തിയിരുന്നു.

സ്കോട്ട് ലൻഡ് : യുണൈറ്റഡ് സ്കോട്ട് ലൻഡ് മലയാളി അസോസിയേഷൻ്റെ നേത്രത്വത്തിൽ ഇദം പ്രഥമായി നടത്തപ്പെടുന്ന ഓൾ സ്കോട്ട് ലൻഡ് മലയാളി ഫുട്ബോൾ മത്സരം നവംബർ 2ാം തീയതി ശനിയാഴ്ച ലിവിംഗ്സ്റ്റണിനടുത്ത് ബാത്ത്ഗേറ്റിലുള്ള വിൻച് ബർഗ്ഗ് സ്പോർട്സ് ക്ലബ്ബിന്റെ 3G പിച്ചിലാണ് കാൽപന്തുകളിയുടെ മലയാളി മാമാങ്കം നടത്തപ്പെടുന്നത്.

സ്കോട്ട് ലൻഡിൽ ഇതാദ്യമായാണ് മലയാളി ടീമുകൾക്ക് വേണ്ടി നാഷണൻ ലെവലിൽ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുസ്മ ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഔദ്യോഗിക പ്രഖ്യാപനം സോക്ഷ്യൽ മീഡിയായിൽ പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കുള്ളിൽ 9 ടീമുകളാണ് ഇതുവരെ മത്സരത്തിനായി സമീപിച്ചിട്ടുള്ളത്. ഇനിയും മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഒക്ടോബർ 25നകം സംഘാടകരെ ബന്ധപെടേണ്ടതാണ്. യുസ്മ സ്പോർട്സ് കോർഡിനേറ്റർ അനൂജ് ഫ്രാൻസിസ്, നോബിൻ പെരുംപള്ളിയുമാണ് യുസ്മ ഫുട്ബോൾ 2024ൻ്റെ മത്സരങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

വിശ്വാസത്തിൻറെ സുവിശേഷം കലകളിലൂടെ പ്രഘോഷിച്ചുകൊണ്ട് ബിർമിഹാം റീജിയണൽ ബൈബിൾ കലോത്സവത്തിന് തിരശ്ശീല വീണു. ഒക്ടോബർ 19-ാം തീയതി ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെൻഡിലെ നടന്ന ബൈബിൾ കലോത്സവത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് 500 ഓളം മത്സരാർത്ഥികളാണ് പങ്കെടുത്തത്.

ബർമിംഗ്ഹാം റീജൺ ബൈബിൾ കലോത്സവത്തിൽ സെൻറ് ബെനഡിക് മിഷൻ 253 പോയിൻ്റോടു കൂടി ഒന്നാം സമ്മാനത്തിന് അർഹരായി. 243 പോയൻ്റോടു കൂടി സ്റ്റോക്ക് ഓൺ ട്രെൻഡ് ഔവർ ലേഡി ഓഫ് പെർപ്പച്വൽ ഹെൽപ്പ് മിഷൻ രണ്ടാം സ്ഥാനത്തിന് അർഹരായി. ക്രൂവിലെ സെന്റ് മേരീസ് മിഷനാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് .

ഓരോ മത്സര ഇനങ്ങളും സുഗമമായി നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. വിവിധ പള്ളികളിലെ സൺഡേ സ്കൂൾ അധ്യാപകർ കൈകാരന്മാർ, കമ്മറ്റി അംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ള കമ്മറ്റികൾ ബൈബിൾ കലോത്സവ വിജയത്തിനായി സുത്യർഹമായ സേവനമാണ് നടത്തിയത്. ബർമിംഗ്ഹാം റീജൺ ബൈബിൾ കലോത്സവത്തിലെ വിജയികൾ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ദേശീയ ബൈബിൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.

   

വൈറ്റിലയിൽ ഒഡിഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ ബലാത്സംഗം ചെയ്തെന്ന കേസിൽ അറസ്റ്റ് വൈകുന്നു. 22 വയസുള്ള യുവതിയെ വീട്ടുടമസ്ഥനായ എഴുപത്തിയഞ്ചുകാരൻ ശിവപ്രസാദ് ശീതളപാനീയത്തിൽ മദ്യം നൽകി ബലാത്സംഗം ചെയ്തെന്നാണ് പൊലീസ് കേസ്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉയർന്ന പദവിയിലിരുന്ന വ്യക്തിയുടെ അറസ്റ്റ് വൈകുന്നതിലാണ് ചോദ്യങ്ങൾ ഉയരുന്നത്. 22 വയസ്സുള്ള ആദിവാസി യുവതിയും ഒഡീഷയിലെ ഗജപതി ജില്ല സ്വദേശിമാണ് പരാതിക്കാരി. അമ്മ മരിച്ചതേടെ രണ്ടാനമ്മയുടെ നിർബന്ധത്തെ തുടർന്ന് 12 വയസ്സ് മുതൽ വീട്ടു ജോലി ചെയ്ത് വരികയാണ് ഇവർ.

കഴിഞ്ഞ ഒക്ടോബർ 4ന് കൊച്ചിയിലെത്തി. 15,000 രൂപ മാസ ശമ്പളത്തിൽ വൈറ്റിലയിലെ കെ ശിവപ്രസാദിന്റെ വീട്ടിൽ ജോലിക്ക് കയറി. ഇക്കഴിഞ്ഞ 15 ആം തിയതി ചൊവ്വാഴ്ച ആണ് സംഭവം. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ശീതളപാനീയത്തിൽ മദ്യം നൽകിയായിരുന്നു വീട്ടുടമസ്ഥന്റെ അതിക്രമം. ഇക്കാര്യം യുവതി തന്റെ ബന്ധുവിനെ അറിയിച്ചു.

ഇവർ പെരുമ്പാവൂർ ആസ്ഥാനമായി ഇതരസംസ്ഥാനക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സിഎംഐഡി യുമായി ബന്ധപ്പെട്ടു. എൻജിഒ പൊലീസ് സഹായത്തിൽ യുവതിയെ വീട്ടിൽ നിന്നും പുറത്തെത്തിച്ചു. യുവതിയുടെ പരാതിയിൽ ശിവപ്രസാദിനെതിരെ കേസെടുത്ത പൊലീസ് മെഡിക്കൽ പരിശോധനയും രഹസ്യ മൊഴിയും രേഖപ്പെടുത്തി.

എന്നാൽ അറസ്റ്റ് വൈകുകയാണ്. അറസ്റ്റ് വൈകിയതോടെ കഴിഞ്ഞ ദിവസം പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി എറണാകുളം ജില്ല സെഷൻസ് കോടതിയെ സമീപിച്ചു. യുവതി ഇപ്പോൾ സർക്കാർ സംരക്ഷണകേന്ദ്രത്തിലാണ് താമസം. നടപടികളിൽ വീഴ്ച ഇല്ലെന്നും കുറ്റമറ്റ രീതിയിൽ അന്വേഷണം ഉണ്ടാകുമെന്നും കൊച്ചി പൊലീസ് പ്രതികരിച്ചു.

യാത്രയയപ്പ് യോഗത്തില്‍ അപമാനിതനായെന്ന തോന്നലുണ്ടായി കണ്ണൂര്‍ എ.ഡി.എം. അവസാനിപ്പിച്ചത് ജീവിതയാത്രയായിരുന്നു. ആരെങ്കിലും അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹത്തിന്റെ ഭാര്യയും നെടുവീര്‍പ്പിട്ടിരുന്നു. എങ്കില്‍ കാര്യങ്ങള്‍ മറ്റൊന്നായിപ്പോയേനേ എന്ന് തോന്നിക്കുന്നതരത്തിലാണ് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ആദ്യം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ പരിസരത്തെത്തിയ അദ്ദേഹം മടങ്ങിപ്പോവുകയായിരുന്നു. പിന്നീട് ബാഗുമായി വീണ്ടും എത്തിയപ്പോഴേക്കും തീവണ്ടി പുറപ്പെട്ടിരുന്നു. പിന്നീട് മണിക്കൂറുകളോളം സ്റ്റേഷനില്‍ ചെലവിട്ട ശേഷമാണ് തിരിച്ച് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയതും ജീവനൊടുക്കിയതും. ഒരു പക്ഷേ ആ തീവണ്ടി കിട്ടിയിരുന്നെങ്കില്‍….

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻ ബാബു ആത്മഹത്യ ചെയ്യുന്നതിന് മുൻപ് നാലരമണിക്കൂർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചെലവഴിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഇത് മനസ്സിലായത്. മാനസികനില തകർത്ത യാത്രയയപ്പ് യോഗത്തിനുശേഷം വൈകീട്ട് ആറോടെ ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ട അദ്ദേഹം 200 മീറ്റർ ദൂരെ മുനീശ്വരൻ കോവിലിന് സമീപം ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് കാറിൽനിന്ന് ഇറങ്ങിയിരുന്നു. കോവിൽ പരിസരത്ത് കുറച്ച് സമയം ചെലവഴിച്ചശേഷം 6.45-ഓടെ ഓട്ടോറിക്ഷയിൽ താമസസ്ഥലമായ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പിന്നീട് ഭാര്യ ഉൾപ്പെടെ മൂന്നുപേർക്ക്‌ ഫോൺ ചെയ്തു. നേരത്തേ ബുക്ക് ചെയ്ത മലബാർ എക്സ്പ്രസിന് നാട്ടിലേക്ക് പോകാനായി 8.35-ഓടെ ക്വാർട്ടേഴ്സ് പൂട്ടിയിറങ്ങി. പള്ളിക്കുന്നിൽനിന്ന്‌ ഓട്ടോറിക്ഷയിൽ നേരേ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും തീവണ്ടി സ്റ്റേഷൻ വിട്ടിരുന്നു. അതോടെ ബാഗുമായി പ്ലാറ്റ്‌ഫോമിലെ കസേരയിൽ തലചായ്ച്ച്‌ അരമണിക്കൂറോളം ഇരുന്നു. വീണ്ടും ഫോൺ വിളിച്ചു. പിന്നീട് ഇരിപ്പിടത്തിൽ ബാഗ് വെച്ചശേഷം പ്ലാറ്റ്ഫോമിലൂടെ കൂറെദൂരം നടന്നു. അതിനിടയിൽ പാളത്തിൽ ഇറങ്ങുന്നതായും സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.

സ്റ്റേഷനകത്ത് നടക്കുകയും ഇരിക്കുകയും ചെയ്യുന്നതിനിടയിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. ഇടയ്ക്ക് ഫോൺ ചെയ്തു. പിന്നീട് വീണ്ടും സീറ്റിലെത്തിയശേഷം മണിക്കൂറുകളോളം സാമൂഹികമാധ്യമങ്ങളിൽ നോക്കിയിരുന്നു. പുലർച്ചെ ഒന്നോടെ ബാഗുമായി സ്റ്റേഷന് പുറത്തിറങ്ങി. റോഡിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ വീണ്ടും പള്ളിക്കുന്നിലെ താമസസ്ഥലത്തേക്ക് പോയി. പുലർച്ചെ 1.30 വരെ ഓൺലൈനിൽ ‌ഉണ്ടായതായി അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. പുലർച്ചെ നാലിനും ആറിനും ഇടയിലുള്ള സമയത്താണ് ജീവനൊടുക്കിയത്.

ഉപയോക്താവിന് ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കാതിരിക്കുകയും വാഹനത്തിന്റെ ടയറില്‍ കാറ്റ് നിറയ്ക്കാനുള്ള സംവിധാനം നല്‍കുകയും ചെയ്യാത്ത പെട്രോള്‍ പമ്ബുടമ 23,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാരം കമ്മിഷന്‍ വിധി.

മല്ലശേരി മണ്ണില്‍ ഫ്യൂവല്‍ എന്ന നയാര പമ്ബിന്റെ പ്രൊപ്രൈറ്റര്‍ക്ക് എതിരേയാണ് കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് വിധി പ്രസ്താവിച്ചത്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായ വാഴമുട്ടം ഈസ്റ്റ് പാലയ്ക്കല്‍ വീട്ടില്‍ കെ.ജെ. മനുവാണ് അഡ്വ. വര്‍ഗീസ് പി. മാത്യു മുഖേനെ കമ്മിഷനെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 25 ന് മനു തന്റെ കാറില്‍ 2022 രൂപയ്ക്ക് ഡീസല്‍ പമ്ബില്‍ നിന്നും നിറച്ചു. തുടര്‍ന്ന് ടയറില്‍ കാറ്റ് അടിക്കണമെന്ന് ആവശ്യപ്പെട്ടു. വേണമെങ്കില്‍ തന്നെ അടിച്ചോളാനാണ് ജീവനക്കാര്‍ നിര്‍ദേശിച്ചത്. ഇതിന്‍ പ്രകാരം മനു തനിയെ കാറ്റടിക്കാന്‍ ശ്രമിച്ചുവെങ്കിലും കംപ്രസര്‍ ഓണ്‍ അല്ലാത്തതിനാല്‍ കഴിഞ്ഞില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കംപ്രസര്‍ ഓണ്‍ ചെയ്യാന്‍ സൗകര്യമില്ല എന്ന് അറിയിച്ചു. തുടര്‍ന്നാണ് മനു ടോയ്ലറ്റ് സൗകര്യം ചോദിച്ചത്. ഇതും നിഷേധിച്ചു. കമ്മിഷന്‍ ഇരുകൂട്ടര്‍ക്കും നോട്ടീസ് അയച്ചു. എതിര്‍ കക്ഷി വക്കീല്‍ മുഖേനെ ഹാജരായെങ്കിലും തന്റെ ഭാഗം കൃത്യസമയത്തത് ഹാജരാക്കാന്‍ സാധിച്ചില്ല.

ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ എക്സ്പാര്‍ട്ടി വിധി പ്രസ്താവിച്ചു. ഹര്‍ജി കക്ഷിക്കുണ്ടായ മാനസിക വ്യഥയും സമ്മര്‍ദവും കണക്കിലെടുത്ത് 20000 രൂപ നഷ്ടപരിഹാരം 30 ദിവസത്തിനുള്ളില്‍ നല്‍കണം. വീഴ്ച വരുത്തിയാല്‍ 10 ശതമാനം പലിശ കൂടി നല്‍കണം. കൂടാതെ കോടതി ചെലവിലേക്ക് 3000 രൂപ കൂടി നല്‍കണം. പെട്രോള്‍ പമ്ബില്‍ ഉപയോക്താക്കള്‍ക്ക് ചില അവകാശങ്ങള്‍ കൂടിയുണ്ടെന്നും ഇത് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണ് താന്‍ കമ്മിഷനെ സമീപിച്ചതെന്നും മനു പറഞ്ഞു.

വീണ്ടും വിവാഹം കഴിക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നാലാം വിവാഹ ജീവിതത്തിലേക്കു കടന്ന് ബാല. ബാലയുടെ മാമന്റെ മകൾ കോകിലയാണ് ജീവിത സഖി ആയെത്തുന്നത്. കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും മാധ്യമ പ്രവർത്തകരുമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

‘‘എന്റെ ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്ക് വരാൻ പറ്റിയില്ല, 74 വയസ്സുണ്ട്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ഒരു ആഗ്രഹമാണ് ഇപ്പോൾ നടന്നത്. വാഴ്‍ത്തണമെന്ന് മനസ്സുള്ളവർ വാഴ്ത്തുക.

കോകിലയ്ക്ക് മലയാളം അറിയില്ല. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യത്തിൽ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകില. കരൾ മാറ്റിവച്ച ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. ജീവിതത്തിൽ സമാധാനമുണ്ട്. ’’–വിവാഹശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞു.

ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആദ്യ വിവാഹത്തെക്കുറിച്ച് ബാല ഒരിക്കൽപോലും വെളിപ്പെടുത്തിയിരുന്നില്ല. 2010ല്‍ മലയാളത്തിലെ ഒരു ഗായികയെ ബാല വിവാഹം ചെയ്തു.

എങ്കിലും വിവാഹജീവിതം അത്ര രസത്തിൽ ആയിരുന്നില്ല. തന്നെ കല്യാണം കഴിക്കുന്നതിന് മുന്‍പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന് ഈ ഗായിക തന്നെ പിന്നീട് തുറന്നു പറയുകയും ചെയ്തു. ഗായികയുമായുള്ള വിവാഹമോചനത്തിനുശേഷം ഡോക്ടർ എലിസബത്ത് ഉദയനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം നിയമപരമായി റജിസ്റ്റർ ചെയ്തിരുന്നില്ല.

അതിനുശേഷം സമൂഹ മാധ്യമങ്ങളിലൂടെ ഗായികയെയും മകളെയും ആക്ഷേപിക്കുന്നുവെന്ന പരാതിയിൽ നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം താൻ വീണ്ടും വിവാഹിതനാകുമെന്ന് നടൻ പ്രഖ്യാപിച്ചു. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉടൻ ഉണ്ടാകുമെന്നും ബാല അറിയിച്ചിരുന്നു.

അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ചത്. മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ചാണ് അപകടം. അല്‍ റീം ഐലന്‍ഡിലെ കെട്ടിടത്തിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന തൊഴിലാളി ശ്വാസം മുട്ടി വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മലയാളികള്‍ അപകടത്തില്‍പെട്ടത്.

കോന്നി മണപ്പാട്ടില്‍ വടക്കേത്തില്‍ രാമചന്ദ്രകുറുപ്പിന്റെയും ശ്യാമളയമ്മയുടേയും മകനാണ് അജിത്ത്. അശ്വതിയാണ് ഭാര്യ. മൂന്നര വയസ്സുള്ള മകനുണ്ട്.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.

ദേശീയപാത കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കൾ മരിച്ചു. കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടിൽ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തിൽ വീട്ടിൽ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മുഹമ്മദ് അഫ്സൽ (17) എന്നിവരെ തിരിച്ചറിഞ്ഞു. വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവർമാരാണ്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണാന്തറ വെളയാൻതോട് വിജയകുമാറിന്റെയും ജാനകിയുടെയും മകനാണ് വിഷ്ണു. കീഴ്‍മുറി വീട്ടിൽ കൃഷ്ണന്റെയും ഓമനയുടെയും മകനാണ് വിജേഷ്. വീണ്ടപ്പാറ വീണ്ടക്കുന്ന് ചിദംബരന്റെ മകനാണ് രമേഷ്. മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മെഹമൂദിന്റെ മകനാണ് അഫ്സൽ.

ചൊവ്വാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. പാലക്കാട്ടുനിന്ന് കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചെന്നു പോലീസ് പറഞ്ഞു. ജില്ലാശുപത്രിയിലേക്ക് കൊണ്ടുവരുംവഴിയാണ് രണ്ടുപേർ മരിച്ചത്.

മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ അമിതവേഗത്തിലായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് ചെറിയ മഴയുമുണ്ടായിരുന്നു. കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറി. കരിമ്പുഴ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കൾ.

സംഭവമറിഞ്ഞ നാട്ടുകാരാണ് പോലീസിനെയും അഗ്നിരക്ഷാസേനയെയും ആംബുലൻസിനെയും വിളിച്ചത്. കല്ലടിക്കോട് പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കോങ്ങാടുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ലോറിഡ്രൈവറായ തമിഴ്‌നാട് സ്വദേശിക്കും പരിക്കുണ്ട്.

RECENT POSTS
Copyright © . All rights reserved