Latest News

തന്റെ കൺമുന്നിൽ വെച്ചാണ് തന്റെ പിതാവിനെ പൊലീസ് കൊലപ്പെടുത്തിയതെന്ന് മംഗലാപുരത്ത് വെടിയേറ്റു മരിച്ചയാളുടെ മകൾ പറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജലീൽ എന്ന കൂലിപ്പണിക്കാരൻ തന്റെ വീട്ടിനു മുമ്പിൽ നിൽക്കുമ്പോഴാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. അന്നേദിവസം കൊല്ലപ്പെട്ട രണ്ടുപേരും പ്രതിഷേധിക്കാൻ കൂടിയവരായിരുന്നില്ല എന്നാണ് വിവരം. എന്നാൽ പ്രതിഷേധിക്കാരാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് കർണാടക പൊലീസ്.

മംഗലാപുരത്ത് ബണ്ടാർ പ്രദേശത്തെ താമസക്കാരനാണ് കൊല്ലപ്പെട്ട ജലീൽ എന്ന 42കാരൻ. ഇദ്ദേഹത്തിന് ഭാര്യയും, പതിന്നാലും പത്തും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. മൂത്ത പെൺകുട്ടിയായ ഷിഫാനിയാണ് അച്ഛനെ പൊലീസ് വെടി വെച്ച് കൊലപ്പെടുത്തുന്നത് നേരിൽക്കണ്ടത്.

“എന്റെ കണ്മുന്നിൽ വെച്ചാണ് അച്ഛനെ അവർ കൊന്നത്,” കരച്ചിലോടെ ഷിഫാനി പറഞ്ഞു. കൂടുതൽ സംസാരിക്കാൻ കഴിയാത്ത വിധം അവൾ കരച്ചിലിലേക്ക് വീണതായി റിപ്പോർട്ട് പറയുന്നു.

ഡിസംബർ 19നായിരുന്നു കൊലപാതകം. മംഗലാപുരത്ത് നടന്ന പൗരത്വ നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തയാളായിരുന്നില്ല ജലീൽ. കുട്ടികളെ സ്കൂളിൽ നിന്നും മടക്കിക്കൊണ്ടു വരികയായിരുന്നു ജലീൽ. സ്കൂൾ വാൻ പ്രതിഷേധ പ്രകടനം നടക്കുന്നതിനാൽ ജലീലിന്റെ വീട്ടിനു സമീപത്തേക്ക് വന്നിരുന്നില്ല. പാതിവഴിയിൽ നിൽക്കുന്ന കുട്ടികളെ ജലീൽ പോയി കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഈ നേരത്താണ് പൊലീസ് വെടിവെച്ചത്. സ്ഥലത്ത് അമ്പതോ നൂറോ പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ജലീലിന്റെ കുടുംബം പറയുന്നത്. എന്നാൽ പൊലീസ് പറയുന്നത് സ്ഥലത്ത് ഏഴായിരത്തിനും ഒമ്പതിനായിരത്തിനുമിടയിൽ ആളുകളുണ്ടായിരുന്നു എന്നാണ്.നൗഷിൻ എന്ന 23കാരനും വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

അതെസമയം അന്ന് നടന്ന സംഭവങ്ങളിൽ പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത് ജലീലിനെ മൂന്നാം പ്രതിയും നൗഷീനെ എട്ടാം പ്രതിയുമാക്കിയാണ്.രണ്ടുപേർ കൊല്ലപ്പെട്ട വിവരം പൊലീസ് ഏറെസമയം മറച്ചു വെക്കുകയുണ്ടായി. രാത്രി ഒമ്പതു മണിയോടെയാണ് കൊലപാതകം നടന്ന വിവരം പൊലീസ് പുറത്തുവിട്ടത്. രണ്ടുപേരും പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്ന് അന്നു തന്നെ പുറത്തു വന്നിരുന്നു. കുട്ടികളെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടുവരുന്ന വേളയിലാണ് ജലീലിന് വെടിയേറ്റതെന്ന് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുമുണ്ട്.

ബന്ദർ തുറമുഖത്തിൽ മത്സ്യബന്ധനം നടത്തി ജീവിച്ചു വരികയായിരുന്നു ജലീൽ.ജലീലിനും നൗഷിനും പുറമേ നാനൂറോളം പേരെ അജ്ഞാതരാക്കി എഴ് എഫ്ഐആറുകളും പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട് പോലീസ്. എഫ്ഐആർ പ്രകാരം 1500 മുതൽ 2000 വരെ ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുള്ളത്. എൻ്നാൽ നേരത്തെ പൊലീസ് അവകാശപ്പെട്ടിരുന്നത് 7000ത്തിനും 9000ത്തിനും ഇടയിൽ ആളുകളെന്നാണ്.

കഴിഞ്ഞ ദിവസം തന്റെ കയ്യിലെ പരിക്ക് സർജറി നടത്തി നേരെയാക്കിയെടുത്ത ഡോക്റ്ററിന് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഡോക്ടറിനൊപ്പമുള്ള ഫോട്ടോയാണ് ലാൽ പങ്കുവച്ചത്. വലത് കയ്യിലാണ് താരത്തിന് പരിക്ക്‌ പറ്റിയത്. എന്തായിരുന്നു മോഹൻലാലിന് സംഭവിച്ചത് എന്ന് വ്യക്തമാക്കിയിരുന്നില്ല. പക്ഷെ അത് സംഭവിച്ചത് ബിഗ് ബ്രദറിന്റെ ചിത്രീകരണം നടക്കുന്ന സമയത്താണ്. ഇപ്പോഴിതാ സംഭവം എന്താണെന്നും മോഹൻലാലിന്റെ സഹനത്തെക്കുറിച്ചും തുറന്നു പറയുകയാണ് ബിഗ് ബ്രദറില്‍ സഹനടൻ കൂടിയായ അനൂപ് മേനോൻ.

കയ്യിലെ പരിക്ക് വച്ച് കഠിനമായ ഫൈറ്റ് സീനുകൾ ചിത്രീകരിച്ചിട്ട് ഇരിക്കുകയാണ് അദ്ദേഹം. ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് അനൂപ് മേനോൻ ഈ പോസ്റ്റ് ഇടാൻ കാരണം.

‘എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്…ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം…നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം…നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ…കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം..’.ഇതായിരുന്നു മോഹന്‍ലാലിന്റെ മറുപടിയെന്ന് അനൂപ് മേനോന്ഡ കുറിക്കുന്നു.

അനൂപ് മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

സംവിധായകൻ സിദ്ധിഖിന്റെ ‘ബിഗ് ബ്രദർ’ എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു … എനിക്ക് വൈകുന്നേരമേ ഷൂട്ട്‌ ഉള്ളൂ…ഞാൻ സെറ്റിൽ എത്തിയപ്പോൾ അവിടെ ലാലേട്ടൻ ഉണ്ട്… കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീൻ ഷൂട്ട്‌ ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം….. ഞാൻ കൈ കൊടുത്തപ്പോൾ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിൻവലിച്ചു…’എന്തു പറ്റി’ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയിൽ കുടുംബവും ഒന്നിച്ചു Dubaiലേക്ക് ഒരു യാത്ര നടത്തിയിരുന്നു… അവിടെ വെച്ചൊന്നു വീണു…കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.

‘ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഈ postന് കാരണം.

“എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്…ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം…നിർമാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം…നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ…കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം…

സിനിമാട്ടോഗ്രാഫർ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോൾ ‘ചേർത്തല ഗോഡൗണിൽ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ’ എന്ന് മാത്രമാണ്‌ പറഞ്ഞത്..അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി..അറിയിച്ചിട്ടില്ല ലാലേട്ടൻ…

ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യിൽ bandage ഉണ്ട്. Surgery കഴിഞ്ഞു എന്നു പറഞ്ഞു…അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.
പ്രിയപ്പെട്ട ലാലേട്ടാ…ഇടയ്ക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആവണം…നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം…ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും.

മോഹൻലാലിന്റെ കൈക്ക് ശസ്‍ത്രക്രിയ നടത്തി. ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ചാണ് ശസ്‍ത്രക്രിയ നടത്തിയത്.ഡോ. ഭുവനേശ്വര്‍ മചാനിയാണ് മോഹൻലാലിന് ശസ്ത്രക്രിയ നടത്തിയത്. ഡോ. ഭുവനേശ്വര്‍ മചാനിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മോഹൻലാല്‍ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പൊതുചടങ്ങുകളില്‍ കൈയില്‍ ബാൻഡേജ് ചുറ്റിയായിരുന്നു മോഹൻലാല്‍ എത്തിയിരുന്നത്. മോഹൻലാലിന്റെ കൈക്ക് പരുക്ക് പറ്റിയതാകാം എന്ന് ആരാധകര്‍ പറയുകയും ചെയ്‍തിരുന്നു. ഇപ്പോള്‍ താരം തന്നെ അക്കാര്യം അറിയിച്ചിരിക്കുകയാണ്.

ന്യൂയോർക്ക് ടൈംസിലെ ആർട്ടിക്കിളിന്റെ പ്രസ്കത ഭാഗങ്ങളുടെ മലയാള പരിപക്ഷ

മോദി ഹിന്ദുത്വ അജണ്ട മുന്നോട്ടുവയ്ക്കുമ്പോള്‍ മതേതര ഇന്ത്യ തിരിച്ചടിക്കുന്നു. (As Modi Pushes Hindu Agenda, a Secular India Fights Back)  എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ആർട്ടിക്കിളുകളിലൊന്നിന്റെ തലക്കെട്ട്. വര്‍ഷങ്ങളായി തങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തിയിരുന്ന രാഷ്ട്രീയത്തേയും കര്‍ഫ്യൂ, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെയെല്ലാം മറികടന്ന് ഇന്ത്യ പോരാടുന്നതായി മരിയ അബി ഹബീബും സമീര്‍ യാസിറും ചേര്‍ന്ന് തയ്യാറാക്കിയ ആർട്ടിക്കിൾ പറയുന്നു.

ഇന്ത്യന്‍ തലസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലീം പള്ളിക്ക് മുന്നില്‍ കണ്ടത് മുസ്ലീം തൊപ്പികളും സിഖ് തലപ്പാവുകളുമെല്ലാമുള്ള ഇന്ത്യയുടെ വൈവിധ്യമാണ്. ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ കണ്ട ഈ ദൃശ്യം രാജ്യത്തെ വിവിധ നഗരങ്ങളിലും ദൃശ്യമായതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ അജണ്ടയ്ക്കും ഇതുവരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിയിരിക്കുന്നത്. കുഴപ്പമുണ്ടാക്കുന്നത് ആരാണ് എന്ന് വസ്ത്രം കണ്ടാലറിയാം എന്ന മോദിയുടെ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള വര്‍ഗീയ പരാമര്‍ശത്തെക്കുറിച്ചും ലേഖനം പറയുന്നുണ്ട്. എന്നാല്‍ ഇത്തരം അജണ്ടകളോടെല്ലാം മതഭേദമില്ലാതെ ഇന്ത്യക്കാര്‍ പ്രതികരിക്കുകയാണ്.

വിവിധ രാഷ്ട്രീയ, മത, സാമുദായിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരന്നിരിക്കുന്നത്. ഈ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ ജനതയെ ഒരുമിപ്പിച്ചത് സര്‍കലാശാല വിദ്യാര്‍ത്ഥികളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യാഥാസ്ഥിതിക ശക്തികള്‍ക്കെതിരായ പോരാട്ടത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവരെല്ലാം ഈ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നു. യുഎന്നും വിവിധ അന്താരാഷ്ട്ര പൗരാവകാശ സംഘടനകളും ഇന്ത്യയുടെ ഈ നിയമത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ചില യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ത്യക്കെതിരെ ഉപരോധം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. രാജ്യം സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുമ്പോള്‍ ഇത്തരം സങ്കുചിതവാദങ്ങളുമായി മുന്നോട്ടുപോകുന്ന മോദിയുടെ സമീപനത്തില്‍ കടുത്ത അമര്‍ഷം പ്രതിഷേധക്കാര്‍ക്കുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

തലയ്ക്ക് 79 ലക്ഷം രൂപ വിലയിട്ടിരുന്ന കൊടും കുറ്റവാളിയെ ദുബായിൽ നിന്നും പിടികൂടി. നെതര്‍ലാൻഡ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ‘ഏയ്ഞ്ചല്‍ ഓഫ് ഡെത്ത് ‘എന്ന മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവനായ റിദോണ്‍ ടാഖിയെയാണ് പിടികൂടിയത്. ദുബായ് പൊലീസിന്റെ സഹായത്തോടെ നെതര്‍ലാൻഡ് പൊലീസ് ഇയാളെ കുടുക്കിയത്.

മയക്കുമരുന്ന് കച്ചവടം, കൊലപാതകം തുടങ്ങി ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയാണ്. വ്യാജ പാസ്‌പോര്‍ട്ട്, വിസ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചാണ് റിദോണ്‍ ദുബായിലെത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ആലപ്പുഴ നഗരത്തിൽനിന്ന് താൽക്കാലിക ടാറ്റൂ പതിച്ച 3 വിദ്യാർഥികളുടെ കൈകളിൽ വൃണമുണ്ടായി തൊലി അടർന്നുമാറി. മുല്ലയ്ക്കൽ ചിറപ്പുമായി ബന്ധപ്പെട്ടു കച്ചവടത്തിനെത്തിയ ഇതര സംസ്ഥാനക്കാരുടെയടുത്തുനിന്നാണ് വിദ്യാർഥികൾ അച്ച് ഉപയോഗിച്ചുള്ള രൂപം കൈകളിൽ താൽക്കാലികമായി കഴിഞ്ഞ ദിവസം പതിപ്പിച്ചത്.

ടാറ്റൂ, മെഹന്തി എന്നീ പേരുകളിലാണ് ശരീരത്തിലും കൈവെള്ളയിലും രൂപം പതിപ്പിക്കൽ. 20 രൂപ മുതലാണ് ഇതിന് ഈടാക്കുന്നത്. പതിപ്പിക്കുന്ന രൂപങ്ങൾ ഒരാഴ്ച വരെ ശരീരത്തിൽ കാണുമെന്നാണ് ചെയ്തു നൽകുന്നവർ പറയുന്നത്. ഇതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അലർജി മൂലമാണ് പൊള്ളിയതു പോലുള്ള വൃണങ്ങൾ ഉണ്ടാകുന്നത്. വിദ്യാർഥികളാണ് ഇവരുടെയടുക്കൽ എത്തുന്നവരിൽ ഏറെയും.

ടാറ്റൂ എന്നതു പൂർണമായും അണുവിമുക്തമാക്കി ചെയ്യേണ്ടതാണ്. വഴിവക്കിലും മറ്റും ചെയ്യുമ്പോൾ പല അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. മോശം സാഹചര്യത്തിൽ ചെയ്യുമ്പോൾ ഹെപ്പറ്റൈറ്റിസ് ബി, ക്ഷയം, കുഷ്ഠം, എച്ച്ഐവി പോലുള്ള രോഗങ്ങൾ പടരാം. രോഗബാധയുള്ള വ്യക്തിക്ക് ടാറ്റൂ ചെയ്തശേഷം, അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ അടുത്തയാളിൽ ഉപയോഗിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്.

കുട്ടികൾ കഴിയുന്നതും ടാറ്റൂ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വെള്ളപ്പാണ്ട് പോലുള്ള കാര്യങ്ങളിൽ മെഡിക്കൽ ടാറ്റൂ ചെയ്യുമ്പോൾ അതിനു കൃത്യമായ മാർഗനിർദേശമുണ്ട്. അത്തരത്തിലേ ചെയ്യാറുള്ളു.- ഡോ. കെ. ശോഭനകുമാരി, ത്വക്‌രോഗ വിഭാഗം മേധാവി ആലപ്പുഴ മെഡിക്കൽ കോളജ് അറിയിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ഉത്തരേന്ത്യയില്‍ ഇന്നും വന്‍ പ്രതിഷേധങ്ങള്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. യു.പിയില്‍ ഇന്നലെ നടന്ന അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ബിഹാറില്‍ ആര്‍.ജെ.ഡി ബന്ദിനിടെ അക്രമമുണ്ടായി. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ അക്രമങ്ങളില്‍ ആറ് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ മരണം പത്തില്‍ അധികമായെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്ച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നതെങ്കിലും കൂടുതല്‍ പേരും വെടിയേറ്റാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആറ് പൊലീസുകാര്‍ക്ക് വെടിയേറ്റെന്നും ഒരു പൊലീസുകാരന്‍റെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധമുണ്ടായ ആദ്യ ദിനത്തില്‍ ലക്നൗവിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.മൊറാദാബാദില്‍ പൊലീസിനുനേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് ന‌ടത്തി. കണ്ണീര്‍വാതകം പ്രയോഗിച്ചു.

പ്രയാഗ്‍രാജില്‍ ഇന്നലത്തെ അക്രമങ്ങളില്‍ പതിനായിരം പേര്‍ക്കെതിരെ കേസെടുത്തു. അക്രമം തുടരുകയാണെങ്കില്‍ നേരിടാന്‍ അര്‍ധസെനികരെ നിയോഗിച്ചേക്കും. വാരാണസി, ല്കനൗ തുടങ്ങി 21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിര്‍ത്തിവച്ചു. ബിഹാറില്‍ ആര്‍.ജെ.ഡി ബന്ദിനിടെ അക്രമങ്ങളുണ്ടായി. പ്രതിഷേധക്കാര്‍ തീവണ്ടികള്‍ തടഞ്ഞു. പട്നയിലടക്കം റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചാണ് ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്. അതേസമയം അസമിലെ പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നതിനെ തുടര്‍ന്ന് കര്‍ഫ്യൂവില്‍ ഇളവ് നല്‍കി.

കോഴിക്കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റ് ഒാഫീസിലേക്ക് തള്ളിക്കയറി. പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ച പൊലീസ് പ്രക്ഷോഭകരെ അറസറ്റുചെയ്ത് നീക്കി. ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെയും കെഎസ്‌‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലത്തും പോസ്റ്റ് ഒാഫീസിനുമുന്നില്‍ പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടന്നു. പത്തനംതിട്ടയിലും മലപ്പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.

നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി നടന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്തു. മലപ്പുറത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമം ചവറ്റുകൊട്ടയില്‍ എറിയേണ്ടിവരുമെന്ന് ചെന്നിത്തല പറഞ്ഞു.

കാസര്‍കോട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തിരുവനന്തപുരത്ത് എം.എം.ഹസനും പ്രതിഷേധമാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് പോസ്റ്റ് ഓഫിസിലേക്ക് തളളിക്കയറാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു. കോഴിക്കോട് റോഡുപരോധം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ കലക്ട്രേറ്റ് മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പത്തനംതിട്ടയിലും തൃശൂരിലും ആലപ്പുഴയിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. പാലക്കാട് വി.ടി. ബല്‍റാം എംഎല്‍എയുടെ നേതൃത്വത്തില്‍ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഏകദിന ഉപവാസം ആരംഭിച്ചു.പാലക്കാട് കൽമണ്ഡപത്ത് സംയുക്ത പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രവീണ. 13 വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്. നിരവധി ചലചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും താരം അഭിനയിച്ചു. ക്ലാസ്സിക്കല്‍ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗള്‍ഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നാഷണല്‍ ബാങ്ക് ഓഫ് ദുബായ്-ല്‍ ഓഫീസറായ പ്രമോദ് ആണ് ഭര്‍ത്താവ്.ഗൗരിയാണ് പ്രവീണയുടെ മകള്‍. ഇപ്പോഴിതാ താരത്തിന്റെ പോസ്റ്റാണ് സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായി മാറുന്നത്.

പോസ്റ്റിന് പിന്നാലെ സിനിമ – സീരിയല്‍ നടിയായ പ്രവീണ അമ്മയാകാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകൾ. നാല്‍പ്പതില്‍ ഒരു ചെറിയ വളക്കാപ്പ് എന്ന ക്യാപ്‌ഷനിലാണ് താരം ചിത്രം പങ്ക് വച്ചത്. അതേസമയം, ഏതെങ്കിലും സിനിമയുടെയോ, സീരിയലിന്റെയോ പ്രമോഷന്റെ ഭാഗമായിട്ടാകും ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് ചില ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്നന്റ് ആകുമ്ബോള്‍ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കുന്നുണ്ട്.

ചൈനയിലോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഒക്കെ പുഴുവിനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരുണ്ടെന്ന് പറഞ്ഞാല്‍, വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ കേരളത്തില്‍ ഒരു കുടുംബം തങ്ങളുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമായി പുഴുക്കളെ മാറ്റിയിരിക്കുകയാണ് എന്നു പറഞ്ഞാല്‍ നെറ്റി ചുളിക്കുന്നവരാകും അധികവും. രുചിയുടെ പറുദീസയായ കോഴിക്കോട്ടെ ഒരു കുടുംബമാണ് ഈ വ്യത്യസ്തത പരീക്ഷിക്കുന്നത്.

കോഴിക്കോട് സ്വദേശികളായ ഫിറോസ്, ഭാര്യ ജസീല, മൂന്നു വയസുകാരന്‍ മകന്‍ ഷഹബാസ് എന്നിവരാണ് പുഴുവിനെ അകത്താക്കുന്ന മലയാളികള്‍. പൊരിച്ചും കറിവച്ചും സൂപ്പാക്കിയും എങ്ങനെ വേണമെങ്കിലും പുഴുവിനെ കഴിക്കാന്‍ ഇവര്‍ തയ്യാര്‍. മൂന്നു വയസുകാരന്‍ ഷഹബാസാണ് പുഴു ഭക്ഷണത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.

എന്തുകൊണ്ട് പുഴുവിനെ കഴിക്കുന്നുവെന്നു ചോദിച്ചാല്‍ ഫിറോസിന് കൃത്യമായ മറുപടിയുണ്ട്. പുഴുവിലെ പ്രോട്ടീന്‍ സത്ത് തന്നെയാണ് ഒന്നാമത്തെ കാരണം. പലരിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പുഴുവിന്റെ രൂപവും ആകൃതിയുമാണ്. ഒരിക്കല്‍ കഴിച്ചു നോക്കിയാല്‍ പുഴുവിന്റെ രുചി മനസിലാകുമെന്നും ഫിറോസ് പറയുന്നു. ഓട്‌സും ഗോതമ്പും ഉള്‍പ്പെടുന്ന ഭക്ഷണം കൊടുത്താണ് ഈ പുഴുക്കളെ വളര്‍ത്തുന്നത്. മീനെല്ലാം വറുത്തെടുക്കുന്നത് പോലൊണ് പാചകമെങ്കിലും മസാലയൊന്നും ചേര്‍ക്കേണ്ടതില്ലെന്ന് ഇവര്‍ പറയുന്നു.

നിലവില്‍ വളര്‍ത്തുപക്ഷികള്‍ക്ക് ഭക്ഷണമായാണ് ഫിറോസിന്റെ കടയില്‍ നിന്ന് ഇപ്പോള്‍ പുഴുവിനെ കൊണ്ടു പോകുന്നത്. ഒരു പരീക്ഷണത്തിന് വേണ്ടി തുടങ്ങിയ പുഴുകൃഷിയാണ് ഫിറോസിന്റെ ഇപ്പോഴത്തെ ഉപജീവനമാര്‍ഗം. പുഴുകൃഷി അത്ര ജനകീയമായിട്ടില്ലെങ്കിലും ദിനംപ്രതി ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നവരുടെ എണ്ണം കൂടുകയാണ്.

വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ആദ്യകാലത്ത് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ഇപ്പോള്‍ ഇവരെല്ലാം പിന്തുണയുമായുണ്ട്. ലോകത്തെവിടെയമുള്ള ഭക്ഷണങ്ങളെ രുചിക്കാനിഷ്ടപ്പെടുന്ന മലയാളികള്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ് ആകും പുഴു ഫ്രൈയും പുഴു സൂപ്പുമെല്ലാം എന്ന പ്രതീക്ഷയിലാണ് ഫിറോസും കുടുംബവും.

എന്‍സിപി എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ കുട്ടനാട് മണ്ഡലത്തില്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് വേണ്ടിവരും. രണ്ടര വര്‍ഷത്തിനകം കേരളത്തില്‍ നടക്കുന്ന ഒമ്പതാമത്തെ ഉപതിരഞ്ഞെടുപ്പായിരിക്കും ഇത്. ആദ്യത്തേത് മലപ്പുറം വേങ്ങരയിലായിരുന്നു. മലപ്പുറം എംപിയായിരുന്ന ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍, വേങ്ങരയിലെ സിറ്റിംഗ് എംഎല്‍എയായ മുസ്ലീം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്് മത്സരിച്ച് ലോക്‌സഭയിലേയ്ക്ക് ജയിച്ചു. ഇതേത്തുടര്‍ന്നാണ് 2017 ഒക്ടോബര്‍ 11ന് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിന്റെ കെഎന്‍എ ഖാദര്‍ എല്‍ഡിഎഫിലെ പി പി ബഷീറിനെ 23,310 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

സിറ്റിംഗ് എംഎല്‍എയായിരുന്ന സിപിഎമ്മിലെ കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2018 മേയ് 28ന് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ സജി ചെറിയാന്‍ 20,956 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ഡി വിജയ കുമാറിനെ തോല്‍പ്പിച്ചു.

1967 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ എം മാണി അന്തരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവില്‍ 2019 സെപ്റ്റംബര്‍ 23നാണ് പാലായില്‍ തിരഞ്ഞെടുപ്പ് നടന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് കുറിച്ച് എന്‍സിപിയുടെ മാണി സി കാപ്പന്‍ എല്‍ഡിഎഫിന് വേണ്ടി മണ്ഡലം പിടിച്ചെടുത്തു. കേരള കോൺഗ്രസ് എമ്മിലെ ജോസ് ടോം പുലിക്കുന്നേലിനെതിരെ വിജയം 2943 വോട്ടുകള്‍ക്ക്.

സിംറ്റിംഗ് എംഎല്‍എയായിരുന്ന കെ മുരളീധരന്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2019 ഒക്ടോബര്‍ 21ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജനകീയനായ നഗരസഭ മേയറായിരുന്ന വി കെ പ്രശാന്തിനെ ഇറക്കി സിപിഎം വിജയം കൊയ്തു. 14465 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തി യുഡിഎഫ് കോട്ട പ്രശാന്ത് പിടിച്ചെടുത്തത്.

കോന്നിയില്‍ സിറ്റിംഗ് എംഎല്‍എയായ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് 2019 ഒക്ടോബര്‍ 21ന് കോന്നിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 1991ന് ശേഷം ആദ്യമായി എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. സിപിഎമ്മിന്റെ കെ യു ജനീഷ് കുമാര്‍ ജയിച്ചത് 9953 വോട്ടുകള്‍ക്ക്.

തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ ആദ്യമായി ഒരു തിരഞ്ഞെടുപ്പ് വിജയം നേടിയത് അരൂരിലാണ്. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നഷ്ടമായ ഏക സിറ്റിംഗ് സീറ്റും അരൂരാണ്. 1955 വോട്ടിന് ഷാനിമോള്‍ ഉസ്മാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മനു സി പുളിക്കനെ തോല്‍പ്പിച്ചു. സിറ്റിംഗ് എംഎല്‍എയായിരുന്ന സിപിഎമ്മിലെ എ എം ആരിഫ് ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.

സിറ്റിംഗ് എംഎല്‍എയായിരുന്ന ഹൈബി ഈഡന്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് എറണാകുളത്ത് ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന്റെ ഉരുക്ക് കോട്ടയായ എറണാകുളം മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് ഇറക്കിയത് നഗരസഭ ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദിനം. നഗരസഭയ്‌ക്കെതിരായ ആരോപണങ്ങളും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും യുഡിഎഫിനെ പ്രതികൂലമായി ബാധിച്ച തിരഞ്ഞെടുപ്പില്‍ 3750 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ മനു റോയിയെ വിനോദ് തോല്‍പ്പിച്ചത്.

സിറ്റിംഗ് എംഎല്‍എയായിരുന്ന മുസ്ലീം ലീഗിലെ പി പി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 21ന് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ രവീശ തന്ത്രി കുണ്ടാറിനെ 7923 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ലീഗിലെ എം എസി കമറുദ്ദീന്‍ യുഡിഎഫിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി.

Copyright © . All rights reserved