ഇറാന്റെ മിസൈൽ യുക്രെയ്ൻ യാത്രാവിമാനം വീഴ്ത്തുന്നതിന്റെ വിഡിയോ എടുത്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്തയാൾ അറസ്റ്റിൽ. ഇറാൻ റവല്യൂഷനറി ഗാർഡ്സ് ആണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു അർധ ഔദ്യോഗിക മാധ്യമമായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനാപകടത്തെപ്പറ്റിയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ പൊതുജനത്തിനു ലഭ്യമാക്കുമെന്നും വാർത്തയിൽ സൂചനയുണ്ട്.
ടെഹ്റാനിൽ വിമാനം വീണത് ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽനിന്നുള്ള രണ്ടു മിസൈലുകളേറ്റാണെന്ന് വ്യക്തമാകുന്ന പുതിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണു പുറത്തു വന്നത്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനപഥത്തിൽനിന്ന് എട്ടു മൈൽ അകലെ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. മിസൈലേറ്റ ഉടനെ നിലംപതിച്ചില്ലെന്നും തീപിടിച്ച വിമാനം ടെഹ്റാനിലെ വിമാനത്താവളത്തിലേക്ക് പറക്കുന്നതും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.
വിമാനം വീഴ്ത്തിയതിനെതിരെ രാജ്യത്തിനകത്തു പ്രതിഷേധം ശക്തമായതോടെ ഉത്തരവാദികളിൽ ചിലരെ കഴിഞ്ഞദിവസം ഇറാൻ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും റവല്യൂഷനറി ഗാർഡ്സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിനു യുഎസിനു സൈനിക മറുപടി നൽകുന്നതിനിടെ ‘അബദ്ധത്തിൽ’ ആണ് യാത്രാവിമാനം വീഴ്ത്തിയതെന്ന് ഇറാൻ സമ്മതിക്കുകയായിരുന്നു.
فردی که لحظه برخورد موشک با #هواپیمای_اوکراینی را پیش از شلیک و برخورد، ضبط و آن را برای شبکه سعودی فرستاده بود در رباطکریم دستگیر شد/نورنیوز pic.twitter.com/NAc9WgbAsG
— خبرآنلاين (@khabaronlinee) January 14, 2020
ആലപ്പുഴയിലെ കാപിക്കോ റിസോർട്ട് പൊളിച്ചുനീക്കാൻ, സാമ്പത്തിക–സാങ്കേതിക സഹായങ്ങള്‍ തേടി പാണാവള്ളി ഗ്രാമപഞ്ചായത്ത്. തീരപരിപാലന നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
മരടിലെ ഫ്ലാറ്റുകള്‍ക്ക് പിന്നാലെ പൊളിച്ചുനീക്കാനുള്ള വിധി കഴുത്തില്‍ തൂങ്ങി നില്‍ക്കുന്ന നിര്‍മിതികളാണിത്. അരൂരിനടുത്ത് നെടിയതുരുത്ത് ദ്വീപിലാണ് പതിനേഴ് ഏക്കറിലധികം സ്ഥലത്ത് അനധികൃതമായി കെട്ടിടം പണിഞ്ഞത്. 54 നക്ഷത്ര വില്ലകൾ, 3500 ചതുരശ്ര അടി വിസ്ത്രിതിയുളള കോൺഫ്രൻസ് ഹാൾ, വിശാലമായ നീന്തൽകുളം എന്നിവയാണ് റിസോര്‍ട്ടിലുള്ളത്. നിയന്ത്രിത സ്ഫോടനങ്ങള്‍ ആവശ്യമില്ലെങ്കിലും പൊളിക്കാനുള്ള സാങ്കേതികവും സാമ്പത്തികവുമായ ശേഷി പാണാവള്ളി ഗ്രാമപഞ്ചായത്തിനില്ല. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാനാണ് തീരുമാനം.
നിര്‍മിതികള്‍ മുഴുവനും ദ്വീപിലായതിനാല്‍ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കുന്നതും ഭാരിച്ച ചെലവാണ്. 24 ഏക്കർ വിസ്ത്രിതിയുളള നെടിയതുരുത്ത് ദ്വിപിൽ നിയമങ്ങള്‍ എല്ലാം മറികടന്നു നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കുന്നതില്‍ സന്തോഷമാണ് നാട്ടുകാര്‍ക്ക്. തീരപരിപാലന നിയമങ്ങള്‍ക്ക് പുല്ലുവില നല്‍കി നിര്‍മിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് 2103 ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പൊളിച്ചുനീക്കാന്‍ തന്നെയായിരുന്നു വിധി.
പാലക്കാട് വടക്കഞ്ചേരിയിൽ നെല്ലിയാമ്പടത്ത് അച്ഛൻ മകനെ തല്ലിക്കൊന്നു.36 വയസുള്ള ബേസിലിനെയാണ് അച്ഛൻ മത്തായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മത്തായിയെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വഴക്കിനിടെ മത്തായി ബേസിലിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് വീണ ബേസിൽ വീട്ടിൽ തന്നെ മരിച്ചു. വിദേശത്തായിരുന്ന ബേസിൽ ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്, അവിവാഹിതനായ ബേസിൽ മുമ്പും മദ്യപിച്ച് വഴക്കുണ്ടാക്കിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.
പ്രായമായ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ ആവശ്യപ്പെട്ട യാത്രക്കാരിയെ ഭീഷണിപ്പെടുത്തിയ ഇന്‍ഡിഗോ പൈലറ്റിനെതിരെ നടപടി. ജയിലിലാക്കുമെന്ന് പൈലറ്റ് ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സുപ്രിയ ഉണ്ണി നായര്‍ എന്ന മലയാളി യാത്രക്കാരിയാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്.
ജനുവരി 13ന് ബെംഗളൂരുവിലെത്തിയ ഇവര്‍ വിമാനത്തില്‍ നിന്നിറങ്ങനായി 75 വയസ്സുള്ള പ്രമേഹരോഗിയായ അമ്മയ്ക്ക് വേണ്ടി വീല്‍ ചെയര്‍ ആവശ്യപ്പെട്ടു. ചെന്നൈയില്‍ നിന്നെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടതിന് ഇന്‍ഡിഗോ 6E 806 പൈലറ്റായ ജയകൃഷ്ണ മോശമായി പെരുമാറിയെന്നും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുമ്പും വിമാനമിറങ്ങുമ്പോള്‍ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിമാന ജീവനക്കാര്‍ സഹകരിച്ചിട്ടുണ്ടെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതറിഞ്ഞ ഉടന്‍ വിഷയത്തില്‍ ഇടപെട്ടെന്നും പൈലറ്റിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് നീക്കിയതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചു. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണ്.
നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം രാവിലെയുണ്ടായ അപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശി സി.വി വര്‍ഗീസാണ് ചൊവ്വാഴ്ച രാവിലെ മസ്‍കത്തിലെ ഗാലയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് താഴെവീണ് മരിച്ചത്.
കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്യുന്ന വര്‍ഗീസ്, അല്‍ സവാഹിര്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒന്നര വര്‍ഷത്തോളം സലാലയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മസ്‍കത്തിലെത്തിയത്. വിസ മാറുന്നതിനായി ചൊവ്വാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് കാല്‍വഴുതി താഴെ വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 255 ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ഇന്ത്യ ഉയര്‍ത്തിയ 255 മറികടക്കുയുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ 128 റണ്‍സും ആരോണ്‍ ഫിഞ്ച് 110 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.
ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിലേ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും കെ.എല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ശിഖര്‍ ധവാന്‍ 74 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ കെ.എല്‍ രാഹുല്‍ 47 റണ്‍സ് എടുത്ത് പുറത്തായി.
തുടര്‍ന്ന് ഇന്ത്യന്‍ നിരയില്‍ ബാറ്റ് ചെയ്യാന്‍ വന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയടക്കം ആര്‍ക്കും കാര്യമായ റണ്‍സ് കണ്ടെത്താനായില്ല. അവസാന ഓവറുകളില്‍ 28 റണ്‍സ് എടുത്ത റിഷഭ് പന്തും 25 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്.
ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്ന് നടി സോനം കപൂര്‍. തന്റെ ലഗേജുകള്‍ കാണാതായതാണ് താരത്തെ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ മൂന്നാമത്തെ പ്രാവശ്യമാണ് സഞ്ചരിക്കുന്നത്. ഈ മാസം രണ്ടാം തവണയും എനിക്ക് ബാഗ് നഷ്ടപ്പെട്ടു. ഇതില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ല. സോനം ട്വീറ്റ് ചെയ്തു. സോനത്തിന്റെ ട്വീറ്റിന് മറുപടിയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ രംഗത്തെത്തി. ലഗേജുകള്‍ ലഭിക്കുവാന്‍ താമസം നേരിട്ടുവെന്ന് അറിഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിമാനത്താവളത്തില്‍ അറിയിച്ചപ്പോള്‍ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നോ എന്ന് കമ്പനി മറുപടി നല്‍കി.
നാളെ പൊങ്കല്‍ നടക്കാനിരിക്കെ കേരളത്തിലും പൊതുഅവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ജനുവരി 13ന് തുടങ്ങി നാലുദിവസമാണ് ആഘോഷിക്കുന്നത്. ബോഗി പൊങ്കലോടെ ആഘോഷത്തിന് ഇന്നലെ തുടക്കമായി. പ്രധാന ആഘോഷം നാളെയാണ് നടക്കുക. നാളെയാണ് തൈപ്പൊങ്കല്‍. വീടിന് മുന്നില്‍ അടുപ്പ് കൂട്ടി പൊങ്കല്‍ പായസമുണ്ടാക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമര്‍പ്പിക്കുന്ന ചടങ്ങാണിത്.
വ്യാഴാവ്ച കര്‍ഷകര്‍ ആവേശപൂര്‍വ്വം മാട്ടുപ്പൊങ്കല്‍ ആഘോഷിക്കും. കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വര്‍ണപ്പൊടികളും അണിയിച്ച് പൂജ നടത്തും.
സ്വന്തം ലേഖകൻ
മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക സ്വന്തമായി ദേവാലയം വാങ്ങിയതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ്. പരിശുദ്ധ സഭയും ഇടവകയും യുകെയിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ദേവാലയമാണ് ഇത്. 2020 ജനുവരി മാസം പന്ത്രണ്ടാം തീയതി ഇടവക പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ മൂന്നിന്മേൽ കുർബാന യുകെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും ഇടവക വികാരി ഫാദർ ഗീവർഗീസ് തണ്ടായത്ത് , സഹ വികാരി ഫാദർ എൽദോസ് വട്ടപ്പറമ്പിൽ എന്നിവരുടെ സഹകാർമികത്വത്തിലും നടത്തപ്പെട്ടു.


തുടർന്ന് നടന്ന പെരുന്നാൾ റാസാ, നേർച്ചസദ്യ, പൊതുസമ്മേളനം എന്നിവ പെരുന്നാൾ അനുഗൃഹകരമാക്കി. പൊതുസമ്മേളനത്തിൽ പുതിയതായി വാങ്ങിയ പള്ളിയുടെ താക്കോൽ ആംഗ്ലിക്കൻ സഭയുടെ പ്രീസ്റ്റ് ഇൻ ചാർജ് വിവിയൻ മാസ്റ്റേഴ്സിൽ നിന്ന് അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ് തിരുമേനി ഏറ്റുവാങ്ങി. വികാരി, സഹ വികാരി, വൈസ് പ്രസിഡന്റ് ജേക്കബ് കോശി, ഇടവക സെക്രട്ടറി ബിജോയ് ഏലിയാസ്, പള്ളി ട്രസ്റ്റി ആഷൻ പോൾ, കൗൺസിൽ അംഗം സാജു പാപ്പച്ചൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ, ആംഗ്ലിക്കൻ സഭാ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അതിനെ തുടർന്ന് താക്കോൽ അഭിവന്ദ്യ തിരുമേനി മാനേജിങ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.


പുതിയ ദേവാലയത്തിൽ അഭിവന്ദ്യ തിരുമനസ്സുകൊണ്ട് യാക്കോബായ സുറിയാനി സഭയുടെ ആരാധനയ്ക്ക് വേണ്ടുന്ന വിധത്തിലേക്ക് മാറ്റങ്ങൾ വരുത്തുവാൻ ഉള്ള പണികൾക്കു തുടക്കം കുറിക്കുകയും ചെയ്തു. ദൈവം ഒരുക്കിയ ഈ അനുഗ്രഹ നിമിഷം ഇടവക ജനങ്ങളുടെ പ്രാർത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണെന്നും ഈ ഒത്തൊരുമയിൽ താൻ അഭിമാനം കൊള്ളുന്നു എന്നും തിരുമേനി പറഞ്ഞു.

പരിശുദ്ധ സഭ ഇന്ന് ഏറ്റവും വേദനയിലൂടെ കടന്നുപോകുന്ന കാലഘട്ടമാണ് എന്നാൽ, ദൈവത്താൽ അസാധ്യമായിട്ട് ഒന്നുമില്ല. ‘ദൈവം തമ്പുരാൻ നമ്മുടെ മുൻപിൽ പുതിയ വഴികൾ തുറന്നു തരും’. എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിക്കണം എന്ന് തിരുമേനി ഉദ്‌ബോധിപ്പിച്ചു . പുതിയ ദേവാലയത്തിന്റെ പുതുക്കി പണികൾ പൂർത്തിയാകുന്നതോടെ വിപുലമായ ആഘോഷങ്ങളോടെ മൂറോൻ കൂദാശ നടത്തപ്പെടും.
സിഡ്നി(ഓസ്ട്രേലിയ): കാട്ടുതീ പടര്‍ന്ന് വരള്‍ച്ച ബാധിച്ച ഓസ്‌ട്രേലിയയില്‍ അഞ്ചു ദിവസത്തിനിടെ കൊന്നത് 5,000ത്തോളം ഒട്ടകങ്ങളെ. വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തിയ പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ വെടിവെച്ച് കൊന്നത്. ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിക്ക് നേരത്തെ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.
23,000ത്തോളം ആദിവാസികള്‍ താമസിക്കുന്ന തെക്കന്‍ ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത് അതി രൂക്ഷമായ വരൾച്ചയാണ് അനുഭവപ്പെടുന്നത്. വാസസ്ഥലങ്ങളിൽ മൃഗങ്ങൾ കടന്നുകയറി വീടുകള്‍ക്കും കൃഷിയിടങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് നിരവധി പരാതികളാണ് ഇവിടുത്തെ ആളുകൾ അധികൃതർക്ക് കൈമാറിയിരുന്നത്.
എപിവൈ പ്രദേശത്തെ രൂക്ഷമായ ഒട്ടക ശല്യത്തിനെതിരേയുള്ള ദൗത്യം ഞായറാഴ്ചയോടെ അവസാനിപ്പിച്ചുവെന്ന് എപിവൈ ജനറല്‍ മാനേജര്‍ റിച്ചാര്‍ഡ് കിങ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2019 സെപ്തംബറില്‍ ആരംഭിച്ച കാട്ടുതീ ഓസ്ട്രേലിയയില്‍ ഭീകര നാശനഷ്ടമാണ് വിതച്ചത്. കാട്ടുതീയുടെ പിന്നാലെ വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് ഓസ്ട്രേലിയയിലെ വനംവകുപ്പ് അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു.
കാട്ടുതീയിൽ നിരവധി ആളുകളുടെ ജീവന്‍ നഷ്ടമാവുകയും 480 മില്ല്യന്‍ മ്യഗങ്ങളെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് സിഡ്നി യൂണിവേഴ്സ്റ്റി ഗവേഷകര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.