Latest News

വാഷിങ്ടൻ ∙ രാജ്യത്തെ വിവിധ നിയമ നിര്‍‌വഹണ ഏജന്‍സികള്‍ 2018 ല്‍, സുരക്ഷയ്ക്ക് ഭീഷണിയായി കണ്ട പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞു വച്ചതായി റിപ്പോര്‍ട്ട്. തടഞ്ഞുവെച്ചവരില്‍ 831 പേരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഗവണ്മെന്റ് അക്കൗണ്ടബിലിറ്റി ഓഫിസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് (ഐസി‌ഇ) തടങ്കലിലാക്കിയ ഇന്ത്യക്കാരുടെ എണ്ണം 2015 നും 2018 നും ഇടയില്‍ ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

2015 ല്‍ 3,532 ഇന്ത്യക്കാരെ ഇമിഗ്രേഷന്‍ തടഞ്ഞുവെച്ചു. 2016 ല്‍ 3,913 പേരെയും, 2017 ല്‍ 5,322 പേരെയും, 2018 ല്‍ 9,811 പേരെയുമാണ് അധികൃതര്‍ തടഞ്ഞുവച്ചത്. 2018 ല്‍ 831 ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ല്‍ 296 ഇന്ത്യക്കാരെയും, 2016 ല്‍ 387 പേരെയും 2017 ല്‍ 474 പേരെയുമാണു നാടുകടത്തിയത്.
റിപ്പോര്‍ട്ടനുസരിച്ച് 2015 ല്‍ ആകെ 1,21,870 പേരെയാണ് ഐസിഇ തടങ്കലില്‍ വച്ചത്. 2018 ല്‍ എണ്ണം 1,51,497 ആയി ഉയര്‍ന്നു.

2016 നും 2018 നും ഇടയില്‍ ട്രാന്‍സ്ജെന്‍ഡര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ എണ്ണം വർധിച്ചതായും, 2017 മുതല്‍ 2018 വരെ പ്രത്യേക പരിഗണനയുള്ളവരുടെ എണ്ണം വർധിച്ചതായും ഐസി‌ഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉണ്ണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് മാമാങ്കത്തിൽ നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ പുറത്തിറങ്ങിയ താരത്തിനോട് ഒരു ആരാധകൻ നടത്തിയ സംഭാഷണമാണ് വിഡിയോയിൽ. ‘പടം സൂപ്പർ ആയിരുന്നു മോനെ, അല്ല മോൻ ഏതാ ഈ പടത്തിൽ..’ എന്നായിരുന്നു ആരാധകന്റെ ചോദ്യം.

തലയിൽ കൈവച്ച് ചിരിച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ മറുപടി. ‘ചേട്ടാ അതിൽ ചന്ദ്രോത്ത് പണിക്കർ എന്ന ആളാണ് ‍ഞാൻ. ഇപ്പോൾ തടി കുറഞ്ഞു അത്..’ ചിരിച്ച് കൊണ്ട് ഉണ്ണിയുടെ മറുപടി. മറുപടി കേട്ട് ചോദ്യം ചോദിച്ച ആരാധകനും ചിരിച്ചുപോയി. മുൻപ് മാമാങ്കം പോസ്റ്റർ പുറത്തുവന്നപ്പോൾ ഇതിൽ ഉണ്ണി മുകുന്ദൻ എതാണെന്ന് ചോദ്യം വന്നിരുന്നു.

അന്നും ഇതാണ് ഞാനെന്ന് ചൂണ്ടിക്കാട്ടി താരം എത്തിയിരുന്നു. ഇപ്പോഴത്തെ വിഡിയോയിൽ അക്കാര്യവും ഉണ്ണി സൂചിപ്പിക്കുന്നുണ്ട്. എന്നെ തിരിച്ചറിയേണ്ട കഥാപാത്രത്തെ തിരിച്ചറിഞ്ഞാ മതി എന്ന് അന്ന് ഞാൻ ഒരു പഞ്ചിന് പറഞ്ഞതാ കോട്ടോ.. ഉണ്ണി പറയുന്നു. വിഡിയോ കാണാം.

മുംബൈയിലെ പനവേൽ കിയ ഷോറൂമിലെ ഡ്രൈവർക്ക് പറ്റിയ അബദ്ധമാണ് അപകടത്തിലേക്ക് നയിച്ചത്.. ഷോറൂമിന്റെ ഒന്നാം നിലയിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അബദ്ധവശാൽ വാഹനം ചില്ലുകൾ തകർത്ത് താഴെ വീഴുകയായിരുന്നു.

ഷോറൂമിന് മുകളിൽ പ്രദർശനത്തിനായി വാഹനം തയാറാക്കുമ്പോൾ ഗിയർ ഇട്ടത് മാറിപ്പോയതാണ് അപകടകാരണം. അപകട സമയത്ത് ഡ്രൈവര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. വീഴ്ചയില്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ ഡ്രൈവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. താഴെ പാർക്ക് ചെയ്ത മറ്റൊരു സെൽറ്റോസിന് മുകളിലാണ് വാഹനം വീണത്. വിഡിയോ കാണാം

ലണ്ടന്‍: പൗരത്വഭേദഗതി ബില്ലിന്റെ സാഹചര്യം വിലയിരുത്തുകയാണെന്ന് യു.എന്‍. ഇതിന്റെ മനുഷ്യാവകാശ തത്വങ്ങള്‍ പരിശോധിക്കുമെന്നും യു.എന്‍ വ്യക്തമാക്കി.

‘പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കിയ പാരത്വഭേദഗതി ബില്ലിനെക്കുറിച്ച് അറിഞ്ഞു. അതിനെതിരെ രാജ്യത്താകമാനം പ്രതിഷേധം നടക്കുകയാണെന്നും അറിഞ്ഞു. ഞങ്ങള്‍ ഈ നിയമത്തിന്റെ അനന്തരഫലങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.’ യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച് നേരത്തെ യു.എസും ആശങ്കയറിച്ചിരുന്നു. ബില്ലിനെ സംബന്ധിച്ച് രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്നും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമായിരുന്നു യു.എസ് വക്താവ് അറിയിച്ചത്.

പൗരത്വ ഭേദഗതി ബില്‍ പ്രകാരം രാജ്യത്ത് അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105നെതിരെ 125വോട്ടുകള്‍ക്കായിരുന്നു ബുധനാഴ്ച ബില്‍ രാജ്യസഭ പാസാക്കിയത്.

പിന്നാലെ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കാരണം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചിരുന്നു. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ കാരണമാണ് ആബെ യാത്ര മാറ്റിവെച്ചിരിക്കുന്നത് എന്നാണ് വിവരങ്ങള്‍.

നേരത്തെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമെന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദ് ചെയ്തിരുന്നു.

വീട്ടു കിണറ്റിൽ നിന്ന് പാമ്പിനെ പിടിച്ചത് വിവാദമാകുന്നു. പേരമംഗലം സ്വദേശി ശ്രീക്കുട്ടനാണ് പാമ്പിനെ പിടികൂടിയത്. വനംവകുപ്പ് റെസ്ക്യൂ വാച്ചറായ ശ്രീ കുട്ടൻ യാതോരു സുരക്ഷാ മുന്നൊരുക്കങ്ങളുമില്ലാതെയാണ് പാമ്പിനെ പിടികൂടിയത് എന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് പാമ്പുപിടുത്ത വിദഗ്ധനായ വാവാസുരേഷ്. പാമ്പിനെ പിടിച്ച രീതി ശരിയായില്ലെന്നാണ് വാവാ സുരേഷ് പറയുന്നത്. കയറിൽ കെട്ടിതൂങ്ങി ഇറങ്ങി പെരുമ്പാമ്പിനെ കയ്യിൽ പിടിച്ച് കറിയ ശ്രീകുട്ടൻ മുകളിലെത്തിയപ്പോൾ പിടുത്തം വിട്ട് താഴേക്കു വീഴുകയുണ്ടായി. പാമ്പിനെ വലയിലോ ചാക്കിലോ ആക്കി സുരക്ഷിതമായ രീതിയിലായിരുന്നു മുകളിലെത്തിക്കേണ്ടിയിരുന്നതെന്നും എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കിൽ വനം വകുപ്പിനും സർക്കാരിനുമെതിരെ കാര്യങ്ങൾ തിരിയുമായിരുന്നു എന്നും ശ്രീക്കുട്ടനെതിരെ നിയമ നടപടി എടുക്കണമെന്നും വാവാ സുരേഷ് അഭിപ്രായപ്പെട്ടു.

ഫോറസ്റ്റിന്റെ കീഴിൽ എല്ലാ വിധ സുരക്ഷാ സന്നാഹങ്ങളുമായി വന്നാണ് പാമ്പിനെ രക്ഷിക്കേണ്ടിയിരുന്നത് എന്നും സുരക്ഷയ്ക്കായി ചെയ്യേണ്ട ഒരു മുന്നൊരുക്കങ്ങളും ഉണ്ടായിട്ടില്ലെന്നത് സങ്കടകരമായ കാര്യമാണെന്നും ഇതിനെതിരെ അധികൃതർക്ക് പരാതി നൽകുമെന്നും വാവാ സുരേഷ് പറഞ്ഞു. വീഴ്ച പരിഹരിക്കണമെന്നും ഇനി ഇത് ആവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തനിക്ക് നേരിട്ടു വന്ന ഒരു ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് പാമ്പിനെ പിടിക്കാൻ പോയതെന്നും തനിക്ക് ഇത് ശീലമുള്ളതാണെന്നും എന്ത് നിയമ നടപടിയും നേരിടാൻ തയ്യാറാണഎന്നും ശ്രീകുട്ടൻ പ്രതികരിച്ചു.

ബാലതാരമായി വെള്ളിത്തിരയിലെത്തി സിനിമയിലും മിനിസ്‌ക്രീനിലും തിളങ്ങി നിന്ന താരമാണ് സജിത ബേട്ടി. നിരവധി സീരിയലുകളില്‍ വില്ലത്തിയായും സഹനടിയായും ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുമെല്ലാം സജിത പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. അതിനൊപ്പം ആല്‍ബങ്ങളിലും പരസ്യ ചിത്രങ്ങളിലും ടെലിവിഷന്‍ അവതാരകയുടെ വേഷത്തിലുമൊക്കെ സജിത എത്തിയിരുന്നു.

വിവാഹ ശേഷവും സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും കുറച്ച് കാലത്തോളമായി നടിയെ എങ്ങും കാണാനില്ലായിരുന്നു. സജിത ബേട്ടി എവിടെ പോയി എന്ന് അന്വേഷിക്കുന്നവര്‍ക്ക് മുന്നിലേക്ക് നടി വീണ്ടും എത്തിയിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിന്നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കാനുണ്ടായ കാരണത്തെ കുറിച്ചും തന്റെ കുടുംബത്തിലെ പുതിയ വിശേഷങ്ങള്‍ സജിത പറഞ്ഞിരിക്കുകയാണ്.

അഭിനയ ജീവിതം ആരംഭിച്ചിട്ട് എത്ര വര്‍ഷമായെന്ന് കൃത്യമായി ഓര്‍മയില്ല. പ്രായം പറയാനുള്ള മടി കൊണ്ടല്ല, അങ്ങനെ ചിന്തിച്ചിട്ടില്ല. ബാലതാരമായിട്ടാണ് തുടക്കം. ഇതിനകം അറുപതില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തു. ദിലീപേട്ടന്റെ ലക്കി ആര്‍ട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെ കുറിച്ച് പറയുന്നത്. ദിലീപേട്ടന്റെ ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളും വലിയ ഹിറ്റാണ്.

മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. ടെലിവിഷനില്‍ ടെലി ഫിലിമിലൂടെയാണ് തുടക്കം. ‘തഹസില്‍ദാര്‍ താമരാഷന്‍’ എന്ന സിനിമയില്‍ തെസ്‌നി ഖാന്റെ മകളായി അഭിനയിച്ചു. ചെറുതിലേ, പ്രായത്തില്‍ കവിഞ്ഞ വേഷങ്ങള്‍ ധാരളം ചെയ്തു. അത് കൊണ്ട് തന്നെ കൃത്യമായ ഒരു സെലക്ഷന്‍ ഉണ്ടായിരുന്നില്ല. നായികയായി അഭിനയിക്കാനും സാധിച്ചില്ല. ബാലനടിയായി തുടങ്ങി, ഇത്ര കാലം തുടര്‍ച്ചയായി അഭിനയിക്കുകയായിരുന്നു.

സീരിയലില്‍ കാവ്യഞ്ജലി, അമ്മക്കിളി, ആലിപ്പഴം, ഒക്കെ വലിയ ഹിറ്റുകളായിരുന്നു. സീരിയലില്‍ എക്കാലവും വലിയ താരപദവി ലഭിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ ആയിരിക്കുമെന്നാണ് പ്രതീക്ഷ. അഭിനയത്തില്‍ രണ്ടര വര്‍ഷത്തോളമായി സജീവമല്ലെങ്കിലും എനിക്ക് ഗ്യാപ്പ് ഫീല്‍ ചെയ്യുന്നില്ല. ഗര്‍ഭിണിയായിരുന്നപ്പോഴാണ് ‘സീത’ ചെയ്തത്. പിന്നീട് മാറി നില്‍ക്കുകയായിരുന്നു. എങ്കിലും ഉദ്ഘാടനങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമൊക്കെ പങ്കെടുക്കുന്നുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോള്‍ അഞ്ചാം മാസത്തില്‍ ഒരു സിനിമ ചെയ്തിരുന്നു. ഡെലവറി കഴിഞ്ഞാണ് അത് പൂര്‍ത്തിയാക്കിയത്.

ഷമാസിക്കയ്ക്ക് (ഭര്‍ത്താവ്) കണ്‍സ്ട്രക്ഷന്‍ ബിസിനസാണ്. ഞങ്ങള്‍ ഇപ്പോള്‍ വയനാട്ടിലാണ് തമാസിക്കുന്നത്. എല്ലാവരും ചോദിക്കും പ്രണയ വിവാഹമായിരുന്നോ എന്ന്. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഇപ്പോള്‍ ഞങ്ങള്‍ നന്നായി പ്രണയിക്കുന്നുണ്ട്. നല്ല ഭര്‍ത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഇപ്പോള്‍ എന്റെ ലോകം ഭര്‍ത്താവും മോളും കുടുംബവുമാണ്. മോള്‍ക്കൊപ്പമാണ് എന്റെ മുഴുവന്‍ സമയവുമെന്നും സജിത പറയുന്നു.

ഇപ്പോഴും ധാരാളം ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ മനസിനിണങ്ങിയ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അഭിനയം ഒരിക്കലും നിര്‍ത്തില്ല. ഷമാസിക്ക സ്റ്റോപ്പ് എന്ന് പറയുന്ന ദിവസം വരെ ഞാന്‍ അഭിനയിക്കും. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ വലിയ സന്തോഷം. തല്‍കാലം സാഹചര്യം കൊണ്ട് മോള്‍ക്ക് വേണ്ടി മാറി നിന്നതാണ്. മോളുടെ വളര്‍ച്ച അടുത്ത് നിന്ന് കാണണമെന്നും നടി പറയുന്നു.

നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ഷെയ്ന്‍ നിഗത്തിനെ പൂട്ടാന്‍ ശ്രമിച്ച ജോബിക്ക് കുരുക്കുവീഴുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

2012 ലായിരുന്നു നിര്‍മാതാവ് ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത്. ബ്രിട്ടണിലെ ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസിന് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 30 പേരില്‍ നിന്നായി 11 കോടി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. മൂവാറ്റുപുഴ പൊലീസാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

എന്നാല്‍, വര്‍ഷങ്ങളോളം കേസിന്റെ അന്വേഷണം മരവിച്ചിരുന്നു. എന്നാല്‍, ചലച്ചിത്രമേഖലയില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുന്നത്. സിഐ ബൈജു പൗലോസാണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.

മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി ബാബു ജോര്‍ജാണ് കേസിലെ പ്രധാന പരാതിക്കാരന്‍. ബാബു ജോര്‍ജിന്റെ മകന് എംബിബിഎസ് അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2 കോടി 47 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.

ലോകത്ത് ഏറ്റവും കൂടുതല്‍ കുടുംബകലഹങ്ങളുണ്ടാകുന്ന നാട് ഒരുപക്ഷേ അമേരിക്കയായിരിക്കും. ഇതില്‍ മാനസികമായി മാത്രമല്ല, ശാരീരികമായും പരിക്കേല്‍ക്കുന്നത് മഹാഭൂരിപക്ഷവും സ്ത്രീകള്‍ക്കാണ്. കണക്കുകള്‍ അനുസരിച്ച് അമേരിക്കയില്‍ ശരാശരി 40 ലക്ഷം സ്ത്രീകള്‍ക്കാണ് വര്‍ഷത്തില്‍ വീട്ടിലെ പുരുഷന്മാരില്‍നിന്നും പരിക്കേല്‍ക്കുന്നത്. പതിനഞ്ചു വയസ്സിനും നാല്‍പ്പത്തിനാല് വയസ്സിനും മധ്യേയുള്ളവരാണ് ഇതിന്‍റെ ഇരകള്‍.

സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യവും പദവിയും എന്നൊക്കെയാണ് പറച്ചിലെങ്കിലും സ്ത്രീക്ക് എന്നും രണ്ടാംകിട സ്ഥാനമേ ലഭിക്കാറുളളൂ എന്നത് ഖേദകരമായ യാഥാര്‍ത്ഥ്യം. നമ്മുടെ ഈ കൊച്ചു കേരളത്തിലും സ്ത്രീകളുടെ സ്ഥിതി ഇതൊക്കെതന്നെയാണല്ലോ.

പുരുഷനുമായുള്ള സ്ത്രീയുടെ ഇടപഴകല്‍ എല്ലാ അര്‍ത്ഥത്തിലും അവളുടെ ആയുസ്സുകുറയ്ക്കുമെന്നാണ് ഇപ്പോള്‍ അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. സ്ത്രീകളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ പുരുഷന്മാരെ ആകാവുന്നതും അകറ്റി നിര്‍ത്തണമെന്ന് പഠനഫലങ്ങള്‍ ഉപദേശിക്കുന്നു. പകരം സ്ത്രീകള്‍ തമ്മിലുള്ള ഗാഢസൗഹൃദം ദീര്‍ഘായുസുവര്‍ദ്ധിപ്പിക്കുക മാത്രമല്ല സുന്ദരികളുമാക്കുമത്രെ!

കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ നരവംശ- സാമൂഹിക- ശാസ്ത്ര സംഘമാണ് സ്ത്രീകള്‍ക്ക് സ്ത്രീകള്‍തന്നെ കൂട്ടായാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്ന കണ്ടെത്താലുമായി രംഗത്തെത്തിയിരിക്കുന്നത്. പതിനാറു പേരടങ്ങുന്ന ഗവേഷകസംഘത്തില്‍ പതിമൂന്നു പേരും പുരുഷന്മാരായിരുന്നുവെന്നതും ഓര്‍ക്കണം. എന്തായാലും പഠനഫലങ്ങള്‍ പുരുഷന്മാര്‍ക്ക് അത്ര പിടിച്ചിട്ടില്ലെന്നാണ് ഉടന്‍ വന്ന പ്രതികരണങ്ങളില്‍നിന്ന്‍ വ്യക്തമാകുന്നത്.

സ്നേഹിതകള്‍ തമ്മിലുള്ള അടുപ്പം മാനസികസമ്മര്‍ദ്ദം കുറയ്ക്കുമെന്നതാണ് ആയുസ്സുവര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ പരസ്പരം സൗഹൃദം ദൃഢമാക്കുമ്പോള്‍ മനസ്സില്‍ താരതമ്യേന ശാന്തത വര്‍ദ്ധിക്കുമെന്ന് ശാസ്ത്ര സംഘത്തിലുണ്ടായിരുന്ന ഡോ. പീറ്റര്‍ സണ്‍മെര്‍ക്ക് ചൂണ്ടിക്കാട്ടുന്നു. ഇത് രക്തസമ്മര്‍ദ്ദത്തേയും മറ്റ് പാര്‍ശ്വ ദുര്‍ഫലങ്ങളേയും ഒഴിവാക്കും. സ്ത്രീകള്‍ തമ്മിലുള്ള ദൃഢസൗഹൃദം ഇവരില്‍ ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകരമാണ്.

ഇത് മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതാണ്. കൂടുതല്‍ ശാന്തമായ മാനസികാവസ്ഥ കൈവരിക്കാന്‍ ഇതുമൂലം കഴിയുന്നു.ഓക്സിറ്റോസിന്‍ ഉല്പാദനത്തിന്‍റെ വര്‍ദ്ധനവ് അനുസരിച്ച് കൂടുതല്‍ സ്നേഹിതകളുമായി കൂട്ടുകൂടാനുള്ള ഒരു ത്വരയുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് ചിലപ്പോള്‍ ലെസ്ബിയനിസത്തിലേക്ക് (സ്വവര്‍ഗരതി പ്രേമത്തിലേക്ക്) നയിച്ചേക്കാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല. സ്വന്തം ലിംഗത്തിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇത്തരക്കാര്‍ക്ക് താല്‍പര്യം കൂടുമെന്നാണ് നിരീക്ഷണങ്ങളില്‍നിന്നും ശാസ്ത്രസംഘത്തിന് മനസ്സിലായത്‌.

എന്നാല്‍ ഈ പഠനറിപ്പോര്‍ട്ടിലൂടെ സ്ത്രീകളെ വഴിതെറ്റിക്കാനാണ് ഗവേഷകര്‍ ശ്രമിക്കുന്നതെന്ന വാദവുമായി അമേരിക്കയില്‍ പുരുഷകേസരികള്‍ ഇളകിക്കഴിഞ്ഞു. പുരുഷന്‍ സ്ത്രീക്ക് താങ്ങും തണലുമായി നില്‍ക്കണമെന്നും അതുവഴി വംശവര്‍ധനയും നിലനില്പും ഉണ്ടാവണമെന്നും പഠിപ്പിക്കുന്ന മതമേലാളരും യാഥാസ്ഥിതിക ചിന്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

പക്ഷേ എതിരഭിപ്രായവും പ്രതിക്ഷേധവുമായി എത്തുന്നവരോട് തല്ക്കാലം ഒന്നും മിണ്ടേണ്ടതില്ല എന്താണ് ഗവേഷണസംഘത്തിന്‍റെ തീരുമാനം. കാരണം ഇവര്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളില്‍ മുഴുകിയിരിക്കയാണ്. ഇനിയും പുറത്തുവരാനിരിക്കുന്ന ഫലങ്ങള്‍ പുരുഷന്മാര്‍ക്ക് ഇതിനേക്കാള്‍ കനത്ത പ്രഹരമായിരിക്കുമെന്നും സുചനയുണ്ട്.

ലോകം ആരംഭം മുതലേ പുരുഷന്‍റെ കൈപ്പിടിക്കുള്ളിലാണെന്നാണ് ഭാവം. അത് അമേരിക്കയിലായാലും ഏഷ്യയിലായാലും വലിയ പുരോഗമനം പ്രസംഗിക്കുന്നവര്‍ക്കിടയിലായാലും ഒരുപോലെതന്നെ. ലോകത്തെവിടെയും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് പുരുഷനാലാണ്. സ്ത്രീയുടെ ഭൂരിഭാഗം ദുരന്തങ്ങള്‍ക്കു പിന്നിലും പുരുഷന്‍റെ പങ്കുണ്ട്. ശാസ്ത്രസംഘത്തിന്‍റെ പുതിയ കണ്ടെത്തലില്‍ അതിശയോക്തിയൊന്നുമില്ലെന്നും ലോകാരംഭം മുതല്‍ ഈ പ്രശ്നങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതാണെന്നും കാണാന്‍ കഴിഞ്ഞാല്‍ പ്രശ്നങ്ങള്‍ക്ക് ഇടമില്ലെന്നാണ് സ്വതന്ത്ര ചിന്തകള്‍ പറയുന്നത്.

ഗവേഷണസംഘത്തില്‍ ഭൂരിപക്ഷവും പുരുഷന്മാരായിരുന്നിട്ടും, ഗവേഷണത്തിലെ സത്യസന്ധമായ വിവരങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനുള്ള ആര്‍ജ്ജവം കാണിച്ചതില്‍ സ്ത്രീ സംഘടനകള്‍ പുരുഷസംഘാംഗങ്ങളെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ്.

ഐപിഎല്‍ താരലേലത്തിനുള്ള അന്തിമ പട്ടികയായി.971 താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇവരില്‍ നിന്ന് 332 പേരെയാണ് അന്തിമ ലേലത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 19ന് കൊല്‍ക്കത്തയിലാണ് താരലേലം. ലേലത്തില്‍ പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടിക എട്ട് ഫ്രാഞ്ചൈസികള്‍ക്കും ഐപിഎല്‍ മാനേജ്മെന്റ് കൈമാറി.

ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ച 19 കളിക്കാരും 24 പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് അന്തിമ പട്ടിക. 332 പേരില്‍ നിന്നും ആകെ 73 കളിക്കാരെയാണ് ലേലത്തിലൂടെ എട്ട് ടീമുകള്‍ കണ്ടെത്തുക. അതില്‍ 29 വിദേശ താരങ്ങളുണ്ടാവണം. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ കെസ്രിക് വില്യംസ്, ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീം, ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ, ടി10 ലീഗില്‍ 25 പന്തില്‍ സെഞ്ചുറി അടിച്ച സറേ താരം വില്‍ ജാക്‌സ് എന്നിവരുള്‍പ്പെടെ 24 കളിക്കാരുടെ പേരുകളാണ് പുതിയതായി ഉള്‍പ്പെടുത്തിയത്.

ഇന്ത്യന്‍ താരങ്ങളില്‍ റോബിന്‍ ഉത്തപ്പയ്ക്കാണ് ഉയര്‍ന്ന അടിസ്ഥാന വില, 1.5 കോടി. കഴിഞ്ഞ രണ്ട് താര ലേലത്തിലും വലിയ തുക ലഭിച്ച പേസര്‍ ജയദേവ് ഉനദ്ഖട്ടിന്റെ അടിസ്ഥാന വില ഈ സീസണില്‍ കുറഞ്ഞു. ഒരു കോടി രൂപയാണ് ഉനദ്ഘട്ടിന്റെ അടിസ്ഥാന വില. കഴിഞ്ഞ വട്ടം 1.5 കോടി രൂപയായിരുന്നു. വിദേശ താരങ്ങളില്‍ ഓസീസ് ഓള്‍ റൗണ്ടര്‍ മാക്സ്വെല്ലിന് കൂറ്റന്‍ തുക ലഭിക്കുമെന്നാണ് റിപോര്‍ട്ട്.

ഇംഗ്ലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കുടുംബം പൊലീസ് പിടിയില്‍. മൈസൂര്‍ കേന്ദ്രമാക്കി കണ്ണൂര്‍, കാസര്‍കോട് മേഖലകളിലെ നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘമാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്.

ഇംഗ്ലണ്ടിലേക്ക് വിസ തരാമെന്ന് വാഗ്ദാനം നല്‍കി വിവിധ ആളുകളില്‍ നിന്ന് ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തെയാണ് ബേക്കല്‍ പൊലീസ് മൈസൂരുവില്‍ നിന്ന് പിടികൂടിയത്. മൈസൂര്‍ സ്വദേശികളായ ജോണ്‍ ബെന്‍ഹര്‍ ഭാര്യ വീണ റോഡ്രിഗ്രസ്, ഇവരുടെ സഹോദരന്‍ ഫ്രാന്‍സിസ് റോഡ്രിഗ്രസ് അചഛന്‍ ഡെന്നിസ് എന്നിവരാണ് പൊലീസ് പിടിയിലായത്. രണ്ടുവര്‍ഷത്തോളമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി ഇരുപത് ലക്ഷത്തോളം രൂപയാണ് വിവിധ ആളുകളില്‍ നിന്ന് ഇവര്‍ തട്ടിയെടുത്തത്. ബേക്കല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.

വിസ വാഗ്ദാനം നല്‍കി കര്‍ണാടകയിെല വിവിധ ഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ കോഴിക്കോട്, എറണാകുളം ജില്ലകളിലും സമാനമായി ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ബേക്കല്‍ പൊലീസ് പ്രതികളെ മൈസൂരവില്‍ നിന്ന് പിടികൂടിയത്. പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്‍ഡ് ചെയ്തു.

RECENT POSTS
Copyright © . All rights reserved