Latest News

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് ഈ തരം മുന്നേറുന്നത്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. രണ്ടാംവരവില്‍ താരത്തിന് ലഭിച്ച കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാര്‍ന്നവയായിരുന്നു. അടുത്തിടെയായിരുന്നു സണ്ണി വെയ്‌നൊപ്പമുള്ള സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമെത്തിയത്. ഫേസ്ബുക്കിലൂടെ സണ്ണി വെയ്‌നായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതാദ്യമായാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്.

നവാഗതരാണ് ചിത്രത്തിന് പിന്നിലെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മുഴുനീള ഹൊറര്‍ ചിത്രവുമായാണ് ഇവരെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മഞ്ജു വാര്യരുടെ കരിയര്‍ ബ്രേക്കായി മാറിയേക്കാവുന്ന സിനിമയായിരിക്കും ഇതെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ഇതാദ്യമായാണ് താരം ഹൊറര്‍ ചിത്രവുമായി സഹകരിക്കുന്നത്. ഡിസംബറിലാണ് സിനിമയുടെ ഷൂട്ടിംഗ്. ഹൊറര്‍ ചിത്രമാണോ ഇതെന്ന സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളല്ലാതെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ പ്രകടനത്തിന് മഞ്ജു വാര്യറിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. പ്രിയദര്‍ശിനി രാംദാസാണ് താരമെത്തിയത്. ആദ്യ 100, 200 കോടി ചിത്രത്തിലെ നായികയെന്ന നേട്ടവും ഇതിനകം താരം സ്വന്തമാക്കിയിട്ടുണ്ട്. സിനിമയിലെത്തി വര്‍ഷങ്ങളായെങ്കിലും തമിഴ് ചിത്രത്തില്‍ അഭിനയിച്ചത് ഈ വര്‍ഷമായിരുന്നു. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അസുരനിലൂടെയായിരുന്നു അത് സംഭവിച്ചത്., ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, പ്രതി പൂവന്‍ കോഴി, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളാണ് ഇനി എത്താനുള്ളത്.

വ്യാജ ഐ.പി.എസുകാരന്‍ ചമഞ്ഞ് ബാങ്കുകളെ പറ്റിച്ച വിപിന്‍ കാര്‍ത്തിക് അവസാനം പിടിക്കപ്പെട്ടു. തലശേരിക്കാന്‍ വിപിന്‍ കാര്‍ത്തിക് പൊലീസിനെ നിര്‍ത്താതെ ഓടിച്ചത് രണ്ടാഴ്ച. അമ്മ ശ്യാമള വേണുഗോപാലിനെ ഒക്ടോബര്‍ 27നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് പന്ത്രണ്ടു കാറുകള്‍ വാങ്ങി മറിച്ചുവിറ്റു. വായ്പ അടച്ചതായി ബാങ്കിന്റെ വ്യാജ രേഖയുണ്ടാക്കി ആര്‍.ടി. ഓഫിസില്‍ നല്‍കിയ ശേഷമായിരുന്നു കാറുകള്‍ മറിച്ചുവിറ്റത്. മലപ്പുറത്തെ സാമ്പത്തിക തട്ടിപ്പുക്കേസില്‍ ഇന്‍സ്പെക്ടറെ വിളിച്ച് ഐ.പി.എസുകാരനാണെന്ന് പരിചയപ്പെടുത്തി സ്വാധീനിച്ചു. സംശയം തോന്നിയ ഇന്‍സ്പെക്ടര്‍ ഗുരുവായൂര്‍ പൊലീസിനെ അറിയിച്ചതോടെ വിപിന്‍ കാര്‍ത്തിക്കിന്‍റെ ഐ.പി.എസ്. ജീവിതം പൊളിഞ്ഞു.

രണ്ടാഴ്ച വിപിന്‍ കാര്‍ത്തിക് ഒളിവില്‍ കഴിഞ്ഞത് പാസഞ്ചര്‍ ട്രെയിനുകളിലായിരുന്നു. കോയമ്പത്തൂര്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിദിനം പാസഞ്ചര്‍ ട്രെയിനുകളില്‍ യാത്ര ചെയ്തു. ട്രെയിനില്‍ തന്നെ അന്തിയുറങ്ങി. പുതിയ ഫോണും സിമ്മും സംഘടിപ്പിച്ചു. കേരളത്തിലെ പലരേയും ഫോണില്‍ വിളിച്ച് പണം ചോദിച്ചു. ഗോഹട്ടിയിലേക്ക് പോകണമെന്നും ഇരുപത്തിയ്യായിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ, പണം ചോദിച്ച് വിളി ലഭിച്ചയാള്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി: എസ്.സുരേന്ദ്രനെ ഫോണില്‍ വിളിച്ചു. വ്യാജ ഐ.പി.എസുകാരന്‍റെ പുതിയ നമ്പര്‍ നല്‍കി. ഡി.ഐ.ജിയാകട്ടെ സൈബര്‍ സെല്ലിനു നമ്പര്‍ കൈമാറി. സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്രയെ വിളിച്ച് പ്രത്യേക സംഘത്തെ പിടികൂടാന്‍ നിര്‍ദ്ദേശിച്ചു.

കോയമ്പത്തൂരിലായിരുന്ന വിപിന്‍ കാര്‍ത്തിക്കിനോട് പണം വാങ്ങാന്‍ പാലക്കാട് ചിറ്റൂരില്‍ എത്താന്‍ സുഹൃത്ത് പറഞ്ഞു. ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അങ്ങനെ പറ‍ഞ്ഞത്. രാത്രി പതിനൊന്നു മണിയോടെ ചിറ്റൂരില്‍ എത്തി. ടാക്സി കാറിലായിരുന്നു വരവ്. ടാക്സി കാറിന്‍റെ നമ്പര്‍ സുഹൃത്തിനോട് വിപിന്‍ പറഞ്ഞിരുന്നു. ഈ സുഹൃത്താകട്ടെ ഡി.ഐ.ജിയോട് കാറിന്‍റെ നമ്പറും പറഞ്ഞു. അങ്ങനെ, പൊലീസ് കാത്തുനിന്നു. സുഹൃത്തിന്‍റെ അടുത്ത് എത്തിയ ഉടനെ പൊലീസ് സംഘത്തെ കണ്ട വിപിന്‍ റോഡിലൂടെ ഓടി. പിന്നാലെ പൊലീസും ഏകദേശം രണ്ടു കിലോമീറ്ററോളം പൊലീസ് പിന്നാലെ ഓടിയാണ് കീഴ്പ്പെടുത്തിയത്.

കാറുകള്‍ വിറ്റു കിട്ടുന്ന പണം ബാങ്കിലിട്ട് ആര്‍ഭാടമായി ജീവിക്കും. സമാന രീതിയില്‍ നാദാപുരം, തലശേരി, കോട്ടയം , തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയിലാണ്ടി വടകര എന്നീ സ്ഥലങ്ങളില്‍ നിന്ന് പതിനാറു കാറുകള്‍ വാങ്ങിയതിന്‍റെ വിശദാംശങ്ങള്‍ വിപിന്‍ കാര്‍ത്തികിന്‍റെ ഡയറിയില്‍ നിന്ന് കിട്ടി. അമ്മ ശ്യാമള വേണുഗോപാല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിലെ പ്യൂണ്‍ ആയിരുന്നു. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന്‍റെ പേരില്‍ പണി പോയി. അസിസ്റ്റന്‍റ് പബ്ലിക് റിലേഷന്‍സ് ഓഫിസറാണെന്ന വ്യാജേന തട്ടിപ്പിനായി മകന് കൂട്ടുനിന്നു. മകനാകട്ടെ ഐ.ടി. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഹോട്ടല്‍ മാനേജ്മെന്‍റ് പഠിക്കാന്‍ പോയി. ഇതിനിടെയാണ്, വ്യാജ ഐ.പി.എസുകാരനായി വിലസാന്‍ തുനിഞ്ഞിറങ്ങിയത്.

ചാറ്റ് ഷോക്കിടെ നാല് വയസുകാരനെ അസഭ്യം പറഞ്ഞതില്‍ ബോളിവുഡ് താരം സ്വര ഭാസ്‌ക്കറിനെതിരെ സോഷ്യല്‍ മീഡിയ. ‘സണ്‍ ഓഫ് അബിഷ്’ എന്ന പരിപാടിക്കിടെ കരിയറിന്റെ തുടക്കകാലത്ത് ബാലതാരത്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചപ്പോഴാണ് മോശം പദങ്ങള്‍ ഉപയോഗിച്ച് സ്വര നാല് വയസുകാരനെ സംബോധന ചെയ്തത്.

കരിയറിന്റെ തുടക്കത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോള്‍ ‘ആന്റി’ എന്ന് വിളിച്ചതായും തുടക്കത്തില്‍ തന്നെ ഇങ്ങനെ വിളിക്കുകയാണെങ്കില്‍ തന്റെ സ്ഥിതി എന്താവുമെന്ന് വിചാരിച്ചതായും സ്വര പറഞ്ഞു. ”കുട്ടി ടോയ്‌ലറ്റില്‍ പോകണമെന്ന് വാശി പിടിച്ചു. കുട്ടിക്ക് ടോയ്‌ലറ്റില്‍ പോകണമെന്ന് ഞാന്‍ മറ്റുള്ളവരോട് പറഞ്ഞപ്പോള്‍ ഇവിടെ തന്നെ എല്ലാം കഴിഞ്ഞെന്ന് പറഞ്ഞു. ഞാന്‍ വീട്ടില്‍ ചെന്നിട്ട് ഫിനോയിലില്‍ കുളിക്കുകയായിരുന്നു” എന്നും സ്വര പറഞ്ഞു.

ചാറ്റ് ഷോയുടെ വീഡിയോ പ്രചരിച്ചതോടെ ട്വിറ്ററില്‍ ട്രോളുകളും നിറഞ്ഞു. ‘സ്വര ആന്റി’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ നിറയുകയായിരുന്നു. നിയമാവകാശ സംരക്ഷണ ഫോറം എന്‍ജിഒ ദേശീയ ബാലാവകാശ കമ്മീഷനില്‍ സ്വരക്കെതിരെ പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗുജറാത്തിലെ ബിജെപി സർക്കാർ മുഖ്യമന്ത്രി വിജയ് രൂപാനിക്കും മറ്റ് വിവിഐപികൾക്കും സഞ്ചരിക്കാനായി ഒരു അത്യാഡംബര വിമാനം സ്വന്തമാക്കി. 191 കോടി രൂപയാണ് ഈ വിമാനത്തിന് വില.

രണ്ട് എൻജിൻ ഘടിപ്പിച്ച ബമ്പാഡിയർ ചാലഞ്ചർ 650 വിമാനമാണ് ഗുജറാത്ത് വാങ്ങിയിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഈ അത്യാഡ‍ംബര വിമാനം ഡെലിവറി ചെയ്ത് കിട്ടും.

12 യാത്രക്കാർക്ക് ഈ വിമാനത്തിൽ സഞ്ചരിക്കാനാകും. ഒറ്റപ്പറക്കൽ‌ റെയ്ഞ്ച് 7000 കിലോമീറ്ററാണ്. കഴിഞ്ഞ 20 വർഷമായി സംസ്ഥാന സർക്കാർ വിവിഐപികൾക്കായി ഉപയോഗിച്ചു വരുന്നത് ബീച്ച്ക്രാഫ്റ്റ് സൂപർ കിങ് എയർക്രാഫ്റ്റാണ്. ഇതിന്റെ റെയ്ഞ്ച് താതരമ്യേന കുറവാണ്. ഇതിൽ ഒമ്പതു പേർക്കേ സഞ്ചരിക്കാനാകൂ.

വിമാനം രണ്ടാഴ്ചയ്ക്കുള്ളിൽ കിട്ടുമെങ്കിലും അനുമതികളെല്ലാം ലഭിച്ച് പറക്കാൻ സജ്ജമാകാൻ രണ്ടുമാസം കൂടി പിടിക്കും.

റെയ്ഞ്ച് വളരെ കൂടുതലായതിനാൽ ചൈന പോലുള്ള അയൽരാജ്യങ്ങളിലേക്കും ഈ വിമാനത്തിൽ മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖർക്കും സഞ്ചരിക്കാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്. ദൂരയാത്രകൾക്ക് നിലവിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യാറ്. മണിക്കൂറിന് കുറഞ്ഞത് 1 ലക്ഷം രൂപ വെച്ച് വാടക വരും ഇവയ്ക്ക്.

ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല, ശൈത്യകാലത്ത് അന്തരീക്ഷ മലിനീകരണം ഉത്തരേന്ത്യയുടെ വിവിഝ പ്രദേശങ്ങളില്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ അന്തരീക്ഷ മലിനീകരണ തോത് 500 പോയിന്റിലെത്തി. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം വായുമലിനീകരണം രൂക്ഷമായി. തീര്‍ത്ഥാടന നഗരമായ വരാണസിയില്‍ ദൈവങ്ങള്‍ക്കും പ്രതീകാത്മകമായി മുഖത്ത് മാസ്‌ക് നല്‍കിയിരിക്കുന്നു ഭക്തര്‍. സിഗ്രയിലെ പ്രശസ്തമായ ശിവ-പാര്‍വതി ക്ഷേത്രത്തില്‍ ശിവൻ, ദുര്‍ഗ, കാളി, സായി ബാബ വിഗ്രഹങ്ങളുടെയെല്ലാം മുഖത്ത് മാസ്‌ക് അണിയിച്ചിരിക്കുകയാണ്. ശിവലിംഗത്തിൽ മാസ്ക് അണിയിച്ചിരിക്കുന്നു. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചൂട് കാലത്ത് വിഗ്രഹങ്ങളെ ചന്ദനം കൊണ്ട് തണുപ്പിക്കുന്ന പതിവ് വരാണസിയിലുണ്ട്. തണുപ്പുകാലത്ത് കമ്പിളി കൊണ്ട് പുതപ്പിക്കും – ക്ഷേത്ര പൂജാരി ഹരീഷ് മിശ്ര ഐഎഎന്‍എസിനോട് പറഞ്ഞു. മനുഷ്യന് ആവശ്യമുള്ളതെല്ലാം ദൈവങ്ങള്‍ക്കും. അതേസമയം കാളിയെ മാസ്‌ക് അണിയിക്കുന്നത് മെനക്കേടാണ്. ക്ഷിപ്രകോപമാണ് കാളിക്ക്. പുറത്തേയ്ക്ക് നീട്ടിയ കാളിയുടെ നാക്ക് ഒരിക്കലും മൂടരുതെന്ന് വിശ്വാസികള്‍ കരുതുന്നു. അതുകൊണ്ട് ഞങ്ങള്‍ കാളിയുടെ മുഖം മൂടേണ്ട എന്ന് തീരുമാനിച്ചു – ഹരീഷ് മിശ്ര പറഞ്ഞു.

വരാണസിയിലെ വര്‍ദ്ധിച്ച അന്തരീക്ഷ മലിനീകരണ തോതില്‍ ഒരോ വ്യക്തികള്‍ക്കും പങ്കുണ്ട് എന്ന് ക്ഷേത്ര പൂജാരി കുറ്റപ്പെടുത്തി. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാന്‍ ആരും തയ്യാറായില്ല. ഇപ്പോള്‍ എല്ലായിടത്തും പുകമഞ്ഞാണ്. നഗരസഭ അധികൃതരും ഇത് തടയാന്‍ ഒന്നും ചെയ്യുന്നില്ല. പകരം മാലന്യം കത്തിച്ച് അവര്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്. ആളുകളുടെ ശീലങ്ങള്‍ മാറാതെ ഇതിന് മാറ്റം വരില്ലെന്നും ഹരീഷ് മിശ്ര ചൂണ്ടിക്കാട്ടി. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള നഗരങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് വരാണസിയ്ക്കാണ്.

ഒരു ആനയുടെ ബുദ്ധിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളെ അമ്പരപ്പിക്കുന്നത്. ആനയ്ക്ക് പോകേണ്ട വഴിയിൽ അതിന്റെ വഴി തടഞ്ഞ് സ്ഥാപിച്ച വൈദ്യുതവേലി തകർത്താണ് ആനയുടെ മുന്നേറ്റം. 5 കിലോവോൾട്ട് വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുതവേലി ബുദ്ധിപരമായി തകർത്തായിരുന്നു ഒരു കാട്ടുകൊമ്പന്റെ മുന്നേറ്റം.

തുമ്പിക്കൈ വൈദ്യുത കമ്പികളിൽ തട്ടാതെ സൂക്ഷിച്ച് ഇടയ്ക്കുള്ള കമ്പി ചുറ്റിയിരിക്കുന്ന തടിക്കഷണം ആദ്യം പിഴുതെടുത്തു. ഇതുമെല്ലെ തറയിലേക്ക് ചായ്ച്ചശേഷം കമ്പികളിലൊന്നും കാലുകൾ തട്ടാതെ സൂക്ഷിച്ചു കടന്നുപോകുന്നതും ദൃശ്യങ്ങവിൽ വ്യക്തമാണ്.

 

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 10 പേരെ സയനൈഡ് അടങ്ങിയ ‘പ്രസാദം’ നൽകി കൊലപ്പെടുത്തിയ കേസിലെ കൊലയാളിയെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു. 14 വർഷത്തിനിടെ കുടുംബാംഗങ്ങളെ കൊന്ന സീരിയൽ കില്ലർ ജോളി ജോസഫിന്റെ കേസിന് തൊട്ടുപിന്നാലെയാണ് ഈ കേസ് വെളിച്ചത്തുവന്നത്, എന്നാൽ ഈ കേസിൽ പ്രതി 20 മാസത്തിനുള്ളിൽ ഈ ഭീകരമായ പ്രവർത്തികൾ ചെയ്തു.

വിശദവിവരങ്ങൾ പ്രകാരം, 2018 ഫെബ്രുവരി മുതൽ 2019 ഒക്ടോബർ 16 വരെ കൃഷ്ണ, കിഴക്കൻ ഗോദാവരി, പശ്ചിമ ഗോദാവരി ജില്ലകളിൽ നടന്ന കൊലപാതകങ്ങളിൽ വെല്ലങ്കി സിംഹാദ്രി എന്ന ശിവൻ അവലംബിച്ചു. ചൊവ്വാഴ്ച വൈകുന്നേരം എലൂരുവിൽ സീരിയൽ കില്ലറെ അറസ്റ്റ് ചെയ്തതായി പശ്ചിമ ഗോദാവരി പോലീസ് സൂപ്രണ്ട് നവദീപ് സിംഗ് അറിയിച്ചു.

റിയൽ എസ്റ്റേറ്റ് ബിസിനസിൽ നഷ്ടം നേരിട്ട ശേഷം അമാനുഷിക ശക്തികൾ ഉണ്ടെന്ന് അവകാശപ്പെട്ട് സിംഹാദ്രി ആളുകളെ വഞ്ചിക്കാൻ തുടങ്ങിയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മറഞ്ഞിരിക്കുന്ന നിധിയുടെയും വിലയേറിയ കല്ലുകളുടെയും പേരിൽ ആളുകളെ വിളിക്കുകയും അവരുടെ സ്വർണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

എലൂരു പട്ടണത്തിൽ നിന്ന് വന്ന പ്രതി ഇരകളിൽ നിന്ന് പണവും സ്വർണവും ശേഖരിച്ചു, അവർക്ക് “അരി മണി നാണയങ്ങൾ” നൽകാമെന്ന വാഗ്ദാനം നൽകി, അത് അഭിവൃദ്ധി കൈവരുമെന്ന് വിശ്വസിപ്പിച്ചു. ടോക്കൺ പണം വാങ്ങിയ ശേഷം സയനൈഡ് അടങ്ങിയ ‘പ്രസാദം’ നൽകി. ഇരകളെ കൊല്ലാൻ ഇയാൾ സയനൈഡ് ഉപയോഗിച്ചിരുന്നു. കാരണം മരിച്ചയാളുടെ ശരീരത്തിൽ മാറ്റങ്ങളൊന്നും കാണപ്പെട്ടിട്ടില്ലെന്നും ഇത് സ്വാഭാവിക മരണമാണെന്നും പറഞ്ഞു അന്ന് പോലീസ് കേസുകൾ എഴുതി തള്ളി. കഴിഞ്ഞ മാസം എലൂരുവിൽ നടന്ന സംശയാസ്പദമായ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതകങ്ങൾ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അധ്യാപകനായ കെ. നാഗരാജു (49) ഒക്ടോബർ 16 ന് വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും ബാങ്കിൽ നിക്ഷേപിക്കാനായി പോയി മരിച്ച നിലയിൽ കണ്ടത്.

സമൃദ്ധി കൈവരുമെന്ന് കരുതുന്ന ഒരു നാണയത്തിന് പകരമായി രണ്ട് ലക്ഷം രൂപ നൽകുന്നതിന് സിംഹാദ്രി അദ്ദേഹത്തെ വഞ്ചിച്ചു. മരണകാരണത്തെക്കുറിച്ച് നാഗരാജുവിന്റെ കുടുംബം സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തി. ചോദ്യം ചെയ്യലിൽ സിംഹാദ്രി കുറ്റം സമ്മതിച്ചു. സിംഹാദ്രിയുമായി ബന്ധപുള്ള 10 കുടുംബങ്ങൾ‌ കഴിഞ്ഞ വർഷം മുതൽ‌ സംശയാസ്പദമായ മരണങ്ങൾ‌ റിപ്പോർട്ട് ചെയ്തതിനാൽ‌, പോലീസ് ആഴത്തിലുള്ള അന്വേഷണം ആരംഭിച്ചു.

വല്ലഭനേനി ഉമാമേശ്വര റാവു (കൃഷ്ണ ജില്ല, നുജിവിദു), പുലപ തവിറ്റയ്യ (കൃഷ്ണ ജില്ലാ മരിബന്ദ), ജി ഭാസ്‌കരറാവു (കൃഷ്ണ ജില്ല, അഗിരിപള്ളി) കെ ബാലപാരമേശ്വര റാവു (ഗണ്ണാവരം), രാമകൃതിമതം കോത്തപ്പള്ളി നാഗമണി (രാജമുണ്ട്രി) ചോടവരപു സൂര്യനാരായണൻ (എലൂരു, വംഗായഗുഡെം), രാമുല്ലമ്മ (എലൂരു, ഹനുമാൻ നഗർ), കടി നാഗരാജു (എലൂരു, എൻ‌ടി‌ആർ കോളനി).

ഇരകളെല്ലാം സയനൈഡ് കലർത്തിയ ‘പ്രസാദം’ കഴിച്ച് മരിച്ചതായി സംശയിക്കുന്നു. സിംഹാദ്രിയുടെ ഇരകളിൽ സ്വന്തം മുത്തശ്ശിയും സഹോദരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. നാല് കേസുകളിൽ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കൊല്ലപ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാൻ പോലീസ് പദ്ധതിയിടുന്നു. പ്രതിക്കെതിരെ ശക്തമായ കേസ് കെട്ടിപ്പടുക്കുന്നതിന് കൂടുതൽ സൂചനകൾ ശേഖരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.

തീപിടിത്തത്തിൽ ഏഴു മക്കൾ മരിച്ച കേസുമായി ബന്ധപ്പെട്ട് മാതാവിനെതിരായ കേസ് ദിബ അൽ ഫുജൈറ കോടതിയുടെ പരിഗണനയിൽ. മാതാവ് കുട്ടികളെ മുറിയിൽ പൂട്ടിയതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായപ്പോൾ ഇവർ ശ്വാസം മുട്ടി മരിച്ചതെന്നാണ് കേസ്. രണ്ടു വർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കുട്ടികളെ അവരുടെ മുറിയിൽ പൂട്ടിയത് മാതാവാണ്. ഗ്യാസ് ചോർച്ചയെ തുടർന്ന് വീടിന് തീപിടിച്ചപ്പോൾ വലിയ രീതിയിൽ പുക ഉയർന്നു. മുറി പുറത്തുനിന്നു പൂട്ടിയതിനാൽ കുട്ടികൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കുട്ടികൾ എല്ലാവരും ഒരു മുറിയിൽ ആയിരുന്നു ഉറങ്ങിയത്. പുലർച്ചെ 4.50ന് ആണ് തീപിടിത്തവും അതേ തുടർന്ന് വലിയ പുകയും ഉയർന്നത്. രക്ഷപ്പെടുന്നതിനായി കുട്ടികൾ ശ്രമിച്ചെങ്കിലും മുറി പുറത്തുനിന്നു പൂട്ടിയതിനാൽ ഇവർ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്. സംഭവം അറിഞ്ഞ് രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു.
അഞ്ചിനും 15നും ഇടയിൽ പ്രായമുള്ള നാലു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് ദാരുണമായി മരിച്ചത്. കൂട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 18ന് വിധിപറയുമെന്നാണ് റിപ്പോർട്ടുകൾ. വളരെ ശ്രദ്ധനേടിയ സംഭവമായിരുന്നു ഇത്. കൂട്ടികളുടെ ദാരുണ മരണത്തെ തുടർന്നാണ് രാജ്യത്തെമ്പാടും വീടുകളിൽ പുകസൂചി (സ്മോക്ക് ഡിറ്ററ്റേഴ്സ്) സ്ഥാപിക്കണമെന്ന ക്യാംപയിൻ നടന്നത്. സർക്കാർ ഇക്കാര്യത്തിൽ കർശനമായ നടപടിയും സ്വീകരിച്ചിരുന്നു.

ആ സംഭവത്തെ പറ്റി അന്ന് അവർ പറഞ്ഞത് ?

ശസ്തക്രിയയ്ക്ക് വിധേയമായതിനാൽ ഡോക്ടർ നിർദേശിച്ച വേദന സംഹാരി കഴിച്ചു ഗാഢനിദ്രയിലായ മാതാവ് വീടിനു തീ പിടിച്ചതും പുക ശ്വസിച്ചു കുട്ടികൾ മരിച്ചതും അറിയാൻ വൈകിയിരുന്നു. മനസ്സും ശരീരവും മരവിപ്പിച്ച വിധിയുടെ ആ രാത്രി കണ്ണീര്‍ വാര്‍ക്കാതെ ഓർക്കാൻ പോലും ആ അമ്മയ്ക്ക് ആവുന്നില്ല.
മക്കൾ നഷ്ടപ്പെട്ട ശേഷം ആ ദിവസത്തെ കുറിച്ച് മാതാവ് പറഞ്ഞത്: ‘ശക്തമായ ശ്വാസതടസ്സം മൂലം പുലർച്ചെയാണ് ഉണരുന്നത്. ഒന്നും കാണാൻ കഴിയുന്നില്ല. ഇരുട്ട് മാത്രമാണ് മുന്നിൽ. അരികിലുള്ള മൊബൈൽ തപ്പിയെടുത്ത് വെളിച്ചം കത്തിച്ചു. തൊട്ടരികിൽ മൂത്തമകൾ ഷൗഖ് ഉറങ്ങുന്നുണ്ട്. പക്ഷേ, അവളുടെ കണ്ണ് തുറന്ന നിലയിലാണ്. പുകശ്വസിച്ചു അവൾ മരിച്ചിരുന്നതായി മരവിച്ച ശരീരത്തിൽ നിന്നും വ്യക്തമായി. വെപ്രാളത്തോടെ ഇരട്ടകളായ സാറയും സുമയ്യയും കിടക്കുന്ന മുറിയിലേക്ക് ഓടി.

തീ മൂലം മുറികളിൽ പടർന്ന പുക ഇരുവരെയും മരണത്തിന്റെ പിടിയിൽ അമർത്തിയിരുന്നു. ഓരോ നിമിഷവും അരണ്ടവെളിച്ചത്തിൽ തെളിഞ്ഞ കാഴ്‌ചകൾ ശരീരം തളർത്തുന്നതായിരുന്നു. പിന്നീട് മകൾ ഷെയ്‌ഖ കിടക്കുന്ന മുറിക്ക് സമീപമെത്തി. അവസാന ശ്വാസവും വലിച്ചവൾ മരണവുമായി മല്ലിടുന്നതാണ് കണ്ടത്. പേടിയും പരിഭ്രാന്തിയും പേറി ഓടിയത് ആൺകുട്ടികളുടെ അടുത്തേക്ക് ആയിരുന്നു. ഖലീഫയും അഹ്മദും അപ്പോഴേക്കും മരണത്തിനു കീഴടങ്ങിയതു നടുക്കത്തോടെ കണ്ടു. ജീവൻ അല്‍പ്പം അവശേഷിച്ചിരുന്ന അലിയുടെയും ഷെയ്‌ഖയുടെയും മേൽ വെള്ളമൊഴിച്ചെങ്കിലും ഫലമുണ്ടായില്ല. വൈകാതെ അവരും എന്നന്നേക്കുമായി കണ്ണുകള്‍ അടച്ചു’.

ഒറ്റദിവസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നിന്ന് കാണാതായത് എട്ടു പെണ്‍കുട്ടികളെ. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എല്ലാവരേയും പൊലീസ് പിന്നീട് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ് ഏഴു പെണ്‍കുട്ടികളെന്നും പൊലീസ് പറഞ്ഞു.

ഇരുപത്തിനാലു മണിക്കൂറിനിടെ പെണ്‍കുട്ടികളെ കാണാതായതിന് തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തത് എട്ടു കേസുകള്‍. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രം കുട്ടിയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ്.

ബാക്കിയുള്ള കേസുകളിലെല്ലാം, പ്രണയമാണ് കാണാതാകലിനു പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കൂടുതലും. ചാലക്കുടിയിലെ കേസ് മാത്രം അയല്‍വാസിയ്ക്കൊപ്പമാണ് പോയത്. കോളജ് വിദ്യാര്‍ഥികളാണ് ഭൂരിഭാഗം പേരും. ഓരോ മാസവും പെണ്‍കുട്ടികളെ കാണാതായതിന് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിക്കുക മാത്രമാണ് പൊലീസിന് നിയമപരമായി ചെയ്യാന്‍ കഴിയുന്നത്. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറയുന്നു.

പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്റ്റേഷനുകളിലാണ് ഈ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്.

സൂറിച്ച്: ആഴമുള്ള വരികളും, ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ്സ് മലയാളികളായ ടോം കുളങ്ങരയും, ബാബു പുല്ലേലിയും ക്രിസ്മസിന് എത്തുന്നു. ദിവ്യതാരകം എന്ന ആല്‍ബമാണ് ഈ വര്‍ഷത്തെ ദിവ്യതാരകം അനുബന്ധിച്ചു സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും പുറത്തിറങ്ങുന്നത്.
സ്വിസ് ബാബു സംഗീതം നല്‍കിയ ആല്‍ബത്തിലെ ഗാനം രചിച്ചിരിക്കുന്നത് ടോം കുളങ്ങരയാണ്. സ്വരമായും, ഈണമായും ഇരട്ടിമധുരമായി കാല്‍ നൂറ്റാണ്ടിലേറെയായി സ്വിറ്റ്‌സര്‍ലണ്ട് മലയാളി കലാസമൂഹത്തിലെ നിറസാന്നിദ്ധ്യമാണ് ബാബു. കാലത്തിനപ്പുറം കാതില്‍ മൂളുന്ന നിരവധി ഈണങ്ങള്‍ ഇതിനകം മലയാളികള്‍ക്കായി ബാബു സമ്മാനിച്ചിട്ടുണ്ട്.
യുവ ഗായകന്‍ അഭിജിത്താണ് ദിവ്യതാരകം ആലപിച്ചിരിക്കുന്നത്. ഓർക്കസ്ട്രേഷൻ ജോസി ആലപ്പുഴയും, ദൃശ്യചാരുത ജോണി അറയ്ക്കലുമാണ്. ഡിസംബര്‍ ആദ്യവാരം റിലീസ് ചെയ്യുന്ന ഈ ആല്‍ബം സ്പോണർ ചെയ്തിരിക്കുന്നത് യൂറോപ്യൻ ടൂർ ആൻഡ് ട്രാവൽസ് (ETT) ആണ്. ക്രിസ്തുമസ്സ് ഓര്‍മ്മകളെ തൊട്ടുണര്‍ത്തി, മനസ്സില്‍ സന്തോഷത്തിരകളുയര്‍ത്തി, കലുഷിതമായ മനസ്സുകളെ തഴുകിത്തലോടി കന്മഷങ്ങള്‍ അകറ്റാൻ ദിവ്യതാരകത്തിനു കഴിയുമെന്ന് അണിയറ പ്രവര്‍ത്തകർ പറയുന്നു.
RECENT POSTS
Copyright © . All rights reserved