കൊറോണ വൈറസ് പടരുമെന്ന ആശങ്കയെ തുടര്‍ന്ന് ജപ്പാനിലെയും ഹോങ്കോങ്ങിലെയും തീരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കപ്പല്‍ യാത്രക്കാര്‍ക്ക് സൗജന്യമായി പോണ്‍ കാണാന്‍ സൗകര്യമൊരുക്കാമെന്ന വാഗ്ദാനവുമായി പോണ്‍ നിര്‍മാണ കമ്പനി. സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാംസോഡ പോണ്‍ നിര്‍മാണ കമ്പനിയുടെ തലവന്‍ ഡാറിന്‍ പാര്‍ക്കറാണ് ഓഫര്‍ മുന്നോട്ട് വെച്ചത്.

ഡയമണ്ട് പ്രിന്‍സസ്, വേള്‍ഡ് ഡ്രീം എന്നീ രണ്ട് ആഡംബര കപ്പലുകളാണ് ദിവസങ്ങളായി ജപ്പാന്‍, ഹോങ്കോങ് തീരങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. 7300ഓളം യാത്രക്കാരാണ് രണ്ട് കപ്പലുകളിലുമായി ഉള്ളത്. യാത്രക്കാരില്‍ ചിലര്‍ക്ക് കൊറോണവൈറസ് ബാധിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാരെ പുറത്തിറങ്ങാതെ അകത്ത് നിര്‍ത്തിയിരിക്കുന്നത്.

രോഗത്തെക്കുറിച്ചുള്ള ഭയം മാത്രമല്ല, വിരസത നിറഞ്ഞ് അവരുടെ ജീവിതം ഭയാനകമായിരിക്കും. അതുകൊണ്ട് തന്നെ കപ്പലിലെ യാത്രക്കാരുടെ വിരസത മാറ്റാനും ഉന്മേഷത്തിലാക്കാനുമാണ് ഞങ്ങള്‍ ഈ വാഗ്ദാനം മുന്നോട്ട് വെക്കുന്നത്. കപ്പലിലെ സാഹചര്യം ശാന്തമാക്കാനും തമാശ നിറഞ്ഞതാക്കാനും പോണ്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വേള്‍ഡ് ഡ്രീമിലെ 35 യാത്രക്കാര്‍ക്കാണ് കൊറോണ ബാധയുണ്ടെന്ന് സംശയിക്കുന്നത്. 80 വയസ്സുള്ള യാത്രക്കാരന് വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്നാണ് ഡയമണ്ട് പ്രിന്‍സ് കപ്പല്‍ തടഞ്ഞുവെച്ചത്. 11 ഓസ്ട്രേലിയന്‍ പൗരന്മാരും രണ്ട് അമേരിക്കന്‍ പൗരന്മാരും വൈറസ് ബാധയേറ്റവരില്‍ ഉള്‍പ്പെടുന്നു.