നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിനി അമൃതയാണ് പൂർണ്ണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്.
പോത്തൻകോട് വാവറ അമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
എസ് എ ടി ആശുപത്രിയിലെ ഡോക്ടർമാരാണ് പോത്തൻകോട് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോത്തൻകോട് പോലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 35 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം പൂക്കോട്ടുംപാടം തോട്ടുങ്കൽ സ്വദേശി രാജൻ (50)നെയാണ് കോടതി ശിക്ഷിച്ചത്.
2023 ജനുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. ഏഴ് വയസ്സുകാരിയെ രണ്ട് തവണ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു പ്രതി. കുട്ടി താമസിക്കുന്ന വീട്ടിൽ വെച്ചും തട്ടിക്കൊണ്ടുപോയുമാണ് ബലാത്സംഗം ചെയ്തത്.
കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ഒരു വർഷം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സർക്കാർ. ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥർ, എൻആർഐ സെൽ പോലീസ് സൂപ്രണ്ട് എന്നിവർ അംഗങ്ങളായി ടാസ്‌ക്ഫോഴ്സ് രൂപീകരിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവായി.റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ ലക്ഷ്യമിട്ടുള്ള നോർക്കയുടെ ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം. റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരിൽ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്‌ക്ഫോഴ്സ് എല്ലാ മാസവും യോഗം ചേർന്നു വിലയിരുത്തും.
കൂടാതെ എൻജിഒ ആയ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ശുപാർശകൾ പ്രകാരം റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിക്കും. എൻആർഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും എൻആർഐ സെല്ലിന് മാത്രമായി ഒരു സൈബർ സെൽ രൂപീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും എൻആർഐ സെല്ലിലെ പോലീസ് സൂപ്രണ്ടിനും നിർദേശം നൽകി.വിദ്യാർഥികളുടെ കുടിയേറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസികളെ നിയന്ത്രിക്കുന്നതിന് നിയമനിർമാണം / നിയമ ചട്ടക്കൂട് ഉണ്ടാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടു. റിക്രൂട്ട്‌മെന്റ് ഫീസുമായി ബന്ധപ്പെട്ട ഇടപാടുകൾ നിരീക്ഷിക്കുന്നതിന് ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് അസാധാരണമോ, സംശയാസ്പദമായതോ ആയ ഇടപാടുകൾ ബാങ്കുകൾക്ക് അധികൃതരെ അറിയിക്കാൻ കഴിയുമോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന് നിർദേശം നൽകി.
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയില്‍ താന്‍ ക്ഷണിക്കാതെ കയറിച്ചെന്നതാണെന്ന വാദം തളളി പി.പി ദിവ്യ. കണ്ണൂര്‍ കളക്ടര്‍ മറ്റൊരു പരിപാടിയില്‍ വെച്ചാണ് യോഗ വിവരം പറഞ്ഞതെന്നും തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ പറഞ്ഞു. സംസാരം സദുദ്ദേശപരമായിരുന്നുവെന്നും അവര്‍ പറയുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പി.പി ദിവ്യ അപേക്ഷ നല്‍കിയിട്ടുണ്ട്.
മുന്‍കൂട്ടി സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി ക്ഷണിച്ചപ്രകാരം ആണ് സംസാരിച്ചത്. ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ ഇരിക്കുന്ന പരിപാടി എന്ന നിലയിലാണ് അഴിമതിക്കാര്യം സംസാരിച്ചതെന്നും ദിവ്യ പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്‍കിയ വിവരപ്രകാരം കണ്ണൂര്‍ ജില്ലാകളക്ടറും സംശയത്തിന്റെ നിഴലിലാണ്. ക്ഷണിക്കാതെ പോയതോ മറ്റ് ഉദ്ദേശങ്ങളോടെ പോയതോ അല്ല എന്ന് ദിവ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പരിപാടിയുമായി ബന്ധമില്ലാത്ത ഒരാളെ എന്തിന് ക്ഷണിച്ചു എന്ന കാര്യത്തില്‍ കളക്ടറും വിശദീകരണം നല്‍കേണ്ടി വരും.
യാത്രയയപ്പ് നല്‍കിയ ദിവസം രാവിലെ കളക്ടറേറ്റില്‍ നടന്ന പരിപാടിയിലാണ് ജില്ലാ കളക്ടര്‍ യാത്രയയപ്പ് വിവരം ദിവ്യയോട് പറഞ്ഞത്. അഴിമതിയുടെ കാര്യം കളക്ടറുമായി സംസാരിച്ചിരുന്നോ എന്ന കാര്യവും കളക്ടര്‍ ഇതോടെ വ്യക്തമാക്കേണ്ടി വരും.
എന്നാല്‍ ‘ഇതുവഴിയെ പോയപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടക്കുന്നു എന്ന് അറിഞ്ഞാണ് വന്നത്’ എന്നായിരുന്നു പ്രസംഗത്തിലെ വാക്കുകള്‍. ഇതിന് വിപരീതമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദം. ആത്മഹത്യയിലേക്ക് തള്ളി വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ലെന്നും ഗുരുതരമായ രോഗാവസ്ഥയുള്ള പിതാവ് ഉള്‍പ്പെടെ വീട്ടില്‍ ഉണ്ടെന്നും അറസ്റ്റ് തടയണം എന്നും പി.പി ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.
നവീന്‍ ബാബുവിനെതിരെയും ജാമ്യാപേക്ഷയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഫയലുകള്‍ വൈകിപ്പിച്ചെന്ന ആരോപണം നവീനെതിരെ നേരത്തെയും ഉണ്ടെന്നും ഗംഗാധരന്‍ എന്ന വ്യക്തിയും പരാതി പറഞ്ഞിരുന്നു എന്നും ദിവ്യ ആവര്‍ത്തിക്കുന്നു. ഫയല്‍ നീക്കം വേഗത്തിലാക്കണം എന്ന കാര്യമേ ഈ സംസാരം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ എന്നും ദിവ്യ പറഞ്ഞു. പ്രസംഗത്തിന്റെ മുഴുവന്‍ കോപ്പിയും ഹാജരാക്കിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ സ്വപ്‌ന വിജയം കൈപ്പിടിയിലൊതുക്കി പാകിസ്താന്‍. 1338 ദിവസങ്ങള്‍ക്കുശേഷം സ്വന്തം മണ്ണില്‍ പാകിസ്താന്‍ ടെസ്റ്റ് വിജയം ആഘോഷിച്ചു. പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 152 റണ്‍സിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. 2021-ലാണ് പാകിസ്താന്‍ സ്വന്തം മണ്ണില്‍ അവസാനമായി ടെസ്റ്റ് വിജയിച്ചത്.
297 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 144 റണ്‍സിന് ആതിഥേയര്‍ പുറത്താക്കി. നൊമാന്‍ അലിയുടേയും സാജിദ് ഖാന്റേയും ബൗളിങ് മികവാണ് പാകിസ്താന് വിജയം സമ്മാനിച്ചത്. രണ്ടാമിന്നിങ്‌സില്‍ 16 ഓവറില്‍ 48 റണ്‍സ് മാത്രം വഴങ്ങി നൊമാന്‍ എട്ട് ഇംഗ്ലീഷ് ബാറ്റര്‍മാരെയാണ് പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സില്‍ നൊമാന്‍ മൂന്ന് വിക്കറ്റെടുത്തിരുന്നു. രണ്ടിന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകളാണ് സാജിദ് ഖാന്‍ വീഴ്ത്തിയത്. കളിയിലെ താരവും സാജിദ് ഖാനാണ്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ യുവതാരം കമ്രാന്‍ ഗുലാമിന്റെ പാകിസ്താന്റെ വിജയത്തില്‍ നിര്‍ണായകമായി.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ ഇന്നിങ്‌സിനും 47 റണ്‍സിനും തോറ്റിരുന്നു. ഇതിന് പിന്നാലെ ടീം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, സര്‍ഫറാസ് അഹമ്മദ് തുടങ്ങിയ താരങ്ങളെ മാറ്റിയാണ് രണ്ടാം ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചത്. ആ നീക്കം തെറ്റിയില്ല.
കമ്രാന്‍ ഗുലാമിന്റെ സെഞ്ചുറി മികവിൽ ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ 366 റണ്‍സാണ് അടിച്ചെടുത്തത്. 77 റണ്‍സുമായി സയിം അയ്യൂബും 41 റണ്‍സോടെ മുഹമ്മദ് റിസ്‌വാനും കമ്രാന് പിന്തുണ നല്‍കി. ജാക്ക് ലീച്ച് നാലും ബ്രൈഡന്‍ കാഴ്‌സ് മൂന്നും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 291 റണ്‍സിന് അവസാനിച്ചു. സെഞ്ചുറി നേടിയ ബെന്‍ ഡെക്കറ്റിനൊഴികെ മറ്റാര്‍ക്കും ഇംഗ്ലീഷ് നിരയില്‍ തിളങ്ങാനായില്ല. സാജിദിന്റേയും നൊമാന്റേയും ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലണ്ടിന് അടി പതറുകയായിരുന്നു. ഇതോടെ പാകിസ്താന്‍ 75 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സില്‍ സല്‍മാന്‍ അലി ആഗയുടെ ബാറ്റിങ് കരുത്തില്‍ പാകിസ്താന്‍ 221 റണ്‍സ് അടിച്ചു. മറ്റുള്ളവരെല്ലാം നിലയുറപ്പിക്കാന്‍ പരാജയപ്പെട്ടപ്പോള്‍ സല്‍മാന്‍ 89 പന്തില്‍ 63 റണ്‍സ് അടിച്ചെടുത്തു. നാല് വിക്കറ്റെടുത്ത ഷുഐബ് ബഷീറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചുമാണ് ഇംഗ്ലണ്ടിനായി മികച്ച ബൗളിങ് കാഴ്ച്ചവെച്ചത്.
യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ ഏഴാമത് ദേശീയ സമ്മേളനത്തിനൊരുങ്ങുന്നു. അടുത്ത മാസം (നവംബർ) 30ന് ബെർമിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. സമീക്ഷയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങള്‍ സമ്മേളനം വിലയിരുത്തും. ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. ചെലവ് ചുരുക്കുന്നതിന് ഇത്തവണ സമ്മേളനം ഒരു ദിവസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ഉരുൾപ്പൊട്ടലിൽ തകർന്ന വയനാട് ചൂരൽമലയുടെ പുനർനിർമ്മാണത്തിന് പണം സ്വരൂപിക്കുന്നതിൻ്റെ ഭാഗമായാണിത്. ദേശീയ സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങള്‍ വിവിധ നഗരങ്ങളില്‍ പുരോഗമിക്കുകയാണ്. ഈ ആഴ്ച മാത്രം അഞ്ചിടങ്ങളിലാണ് യൂണിറ്റ് സമ്മേളനം നടക്കുന്നത്. കെറ്ററിംഗ്, കോവെൻട്രി, കേംബ്രിഡ്ജ്, എക്സിറ്റെർ, സൌത്ത് വെയില്‍സ് & കാർഡിഫ് എന്നിവിടങ്ങളിലെ സമ്മേളനം ഈ വരുന്ന ശനി ഞായർ ദിവസങ്ങളില്‍ ചേരും. പ്രദേശത്തെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് യൂണിറ്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്.
യുകെയുടെ പൊതുമണ്ഡലങ്ങളില്‍ ആഴത്തില്‍ ഇടപെടുന്നതിന്‍റെ ആവശ്യകതയെ കുറിച്ച് പ്രതിനിധികള്‍ സംസാരിച്ചു. സംഘടനയുടെ മുന്നോട്ടുപോക്കിന് ശക്തിപകരുന്ന ക്രിയാത്മകമായ നിർദേശങ്ങളും ഉയർന്നുവന്നു. ഊർജ്ജ്വസ്വലരായ നേതൃത്വത്തെയും യൂണിറ്റ് സമ്മേളനങ്ങള്‍ തെരഞ്ഞെടുത്തു. ബ്രിട്ടനില്‍ സമീക്ഷയ്ക്ക് ആകെ 33 യൂണിറ്റുകളുണ്ട്. ഇത്തവണത്തെ ആദ്യ യൂണിറ്റ് സമ്മേളനം ജൂലൈ 31ന് നോർത്താംപ്റ്റണിലായിരുന്നു. അടുത്ത മാസം ആദ്യവാരത്തോടെ യൂണിറ്റ് സമ്മേളനങ്ങള്‍ പൂർത്തിയാക്കി ഏരിയാ സമ്മേളനങ്ങളിലേക്ക് കടക്കും.
യു കെ : മാഞ്ചസ്റ്റർ മഹനിയം ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 19 – മത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 18, 19 ,20 തീയതികളിൽ സ്റ്റോക്‌പോർട്ട് ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗ് ചർച്ച് ഓഫ് ഗോഡ് യുകെ & ഇ യു ജനറൽ സെക്രെട്ടറിയും , മഹനിയം സഭാ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബിജു ചെറിയാൻ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്യും. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ സുരേഷ് ബാബു മുഖ്യ പ്രഭാഷകൻ ആയിരിക്കും. പാസ്റ്റർ ലോർഡ്‌സൺ ആൻ്റണിയുടെ നേതൃത്വത്തിൽ മഹനിയം സഭ കോയർ ഗാനങ്ങൾക്ക് നേതൃത്വം നൽകും.
19 വർഷങ്ങൾക്ക് മുമ്പ് ഓൾഡാം എന്ന പട്ടണത്തിൽ പ്രാർത്ഥിച്ച് ആരംഭിച്ചതാണ് മഹനിയം ചർച്ച് ഓഫ് ഗോഡ് . മഹനിയം മാഞ്ചസ്റ്റർ , ടെൽഫോർഡ് , കീതലി, ക്രൂ , പ്രെസ്റ്റൻ, ബോൾട്ടൻ , ഷ്രൂസ്ബറി , ബർൺലി , ബ്രാഡ്ഫോർഡ് , ലഡ്‌ലോ , ഹെരിഫോർഡ് എന്നീ സഭകൾ കൺവൻഷന് നേതൃത്വം നൽകുന്നു.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നീക്കം.
നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യയ്ക്കെതിരെ കേസെടുത്തത്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ദിവ്യയ്ക്കും പമ്പിന് അപേക്ഷിച്ച പ്രശാന്തനുമെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നവീന്റെ കുടുംബം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ പൊലീസ് പത്തനംതിട്ടയിലെത്തി ഇവരുടെ മൊഴിയെടുത്തു.
കേസില്‍ ദിവ്യയെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും. കൂടാതെ പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. പെട്രോള്‍ പമ്പ് കോഴ ആരോപണത്തെ സംബന്ധിച്ചുള്ള അന്വേഷണം വിജിലന്‍സ് ഇന്ന് ആരംഭിക്കും. മുസ്ലീംലീഗ് നേതാവിന്റെ അടക്കം രണ്ട് പരാതികളിലാണ് വിജിലന്‍സ് അന്വേഷണം.
ദിവ്യയെ ഇന്നലെ രാത്രിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു. തുടര്‍ന്ന് അവര്‍ രാജി നല്‍കുകയായിരുന്നു. അഡ്വ. കെ.കെ രത്‌നകുമാരിയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയതിന് പിന്നാലെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.
വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിനിനെ (31) മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള ഒരു ഹോട്ടലിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ലിയാം പെയിന്‍ മുറിയുടെ ബാല്‍ക്കണിയില്‍നിന്ന് പുറത്തേക്ക് ചാടിയതാണെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു.
കാസ സര്‍ എന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും ലിയാം പെയിന്‍ എടുത്തുചാടുകയും മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തുവെന്നാണ് ബ്യൂണസ് അയേഴ്സ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ലിയാം പെയിനും കാമുകി കെയിറ്റ് കാസിഡിയും സെപ്റ്റംബര്‍ 30-നാണ് അര്‍ജന്റീനയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതെന്നാണ് വിവരം. തുടര്‍ന്ന് ഈ മാസം 14-ന് കാമുകി തിരിച്ച് പോകുകയും ലിയാം അര്‍ജന്റീനയില്‍ തന്നെ തുടരുകയുമായിരുന്നു.
ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്നുമുള്ള അഭ്യൂഹം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ നിന്നും ലഭിക്കുന്നുണ്ട്. ഈ അവസരത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയുക എളുപ്പമല്ല എന്നും സ്ഥിരീകരണത്തിനായി പരിശോധന നടത്തുമെന്നും ഫോഴ്‌സ് പറയുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വാര്‍ ആയിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് ഹമാസ്, യഹിയയെ അവരോധിച്ചത്.