Latest News

ശബരിമല ഡ്യൂട്ടിയിൽനിന്ന് എ.ഡി.ജി.പി. എം.ആർ. അജിത്ത്കുമാറിനെ മാറ്റി ഡി.ജി.പി.യുടെ ഉത്തരവ്. മണ്ഡല ഉത്സവത്തിന്റെ കോഡിനേറ്റർ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റി പകരം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. ശ്രീജിത്തിനാണ് ചുമതല നൽകിയത്. എ.ഡി.ജി.പി. അജിത്ത്കുമാർ ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവാദസംഭവത്തിനും നടപടികൾക്കും പിന്നാലെയാണ് ഇപ്പോഴത്തെ മാറ്റം. ശബരിമല കോഡിനേറ്റർ സ്ഥാനത്തുനിന്ന് അജിത്ത്കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ദേവസ്വം ബോർഡും ആഭ്യന്തരവകുപ്പിന് കത്ത് നൽകിയിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്​സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര, നിയമസഭാ മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസുമാണ് സ്ഥാനാർഥികൾ.

പ്രിയങ്കയുടേയും രാഹുല്‍ മാങ്കൂട്ടത്തിന്റേയും ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. നവംബര്‍ 13 നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. ഷാഫി പറമ്പില്‍ എംപിയുടേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും പിന്തുണ രാഹുലിന് നേട്ടമായി

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട രമ്യാ ഹരിദാസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അവസരം നല്‍കുകയായിരുന്നു.

ചൊവ്വാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കാണപ്പെട്ട കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് വിഴിഞ്ഞം സീപോര്‍ട്ട് എംഡി ദിവ്യ എസ് അയ്യര്‍. ദിവ്യ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിവരം പങ്കുവെച്ചത്. തന്നോടൊപ്പം പത്തനംത്തിട്ടയില്‍ തന്റെ കീഴില്‍ തഹസില്‍ദാറായി പ്രവര്‍ത്തിച്ച കാലത്തെ കുറിച്ചും ദിവ്യ പോസ്റ്റില്‍ പറയുന്നുണ്ട്. നവീൻ ബാബു ഏത് പാതിരാത്രിയിലും ഏതു വിഷയത്തിലും കര്‍മ്മനിരതനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം

‘വിശ്വസിക്കാനാകുന്നില്ല നവീനേ!

പത്തനംതിട്ടയില്‍ എന്റെ തഹസീല്‍ദാരായി റാന്നിയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകര്‍ത്തിയ ഈ ചിത്രത്തില്‍ നിങ്ങള്‍ ആദരണീനായ റവന്യു മന്ത്രി കെ രാജന്‍, റാന്നി എം എല്‍ എ പ്രമോദ് നാരായണന്‍ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തില്‍ വലതുവശം എന്റെ പുറകെ ഇളം പച്ച ഷര്‍ട്ട് ഇട്ടു മാസ്‌ക് അണിഞ്ഞു നവീന്‍ നില്‍പ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകില്‍ പിങ്ക് ഷര്‍ട്ടും മാസ്‌കും അണിഞ്ഞു നവീന്‍ നില്‍ക്കുമ്പോള്‍ റവന്യു മന്ത്രി വിസിറ്റഴ്സ് നോട്ട് ഇല്‍ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.

എന്നും ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു തഹസീല്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം. ഏതു പാതിരാത്രിയും, ഏതു വിഷയത്തിലും കര്‍മ്മനിരതനായി, ഈ ചിത്രങ്ങളില്‍ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീന്‍ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവര്‍ത്തകന്‍ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്പോള്‍… ??അമ്മ മരണപ്പെട്ട തരുണത്തില്‍ ഞാന്‍ നവീന്റെ വീട്ടില്‍ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകന്‍ ആയിരുന്നു നവീന്‍ എന്നു അന്നു ഞാന്‍ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. ദുഃഖം പേറുവാന്‍ ഞങ്ങളും ഒപ്പമുണ്ട്.’

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

വയനാട് ലോക്‌സഭ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും നവംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 20നാണ്. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 23 ന്. പത്രികാ സമര്‍പ്പണം ഈ മാസം 29 മുതല്‍. ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായാണ്. നവംബര്‍ 13നും 20നും. വോട്ടെണ്ണല്‍ നവംബര്‍ 23ന്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കും ജാര്‍ഖണ്ഡില്‍ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.

രാഹുല്‍ ഗാന്ധി റായ് ബറേലി നിലനിര്‍ത്തിയതോടെയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്കാഗാന്ധിയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. സിപിഐയുടെ സീറ്റായ വയാനാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആനി രാജയാണ് മല്‍സരിച്ചത്. ഇക്കുറി ഇടത് സ്ഥാനാര്‍ഥിയാരാകുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എല്‍.എ ആയിരുന്ന കെ. രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.

പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും ചേലക്കരയില്‍ രമ്യ ഹരിദാസിനെയും സ്ഥാനാര്‍ഥികളാക്കാന്‍ കെ.പി.സി.സി ശുപാര്‍ശ ചെയ്യും. രണ്ട് മണ്ഡലങ്ങളിലേക്കും ഒറ്റ പേരുള്ള പട്ടിക ഹൈക്കമാന്‍ഡിന് നല്‍കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി.

നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമാക്കുക, യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞ ശേഷമായിരിക്കും. ചേലക്കരയിലും പാലക്കാടും സ്ഥാനാര്‍ഥികളെ ഏറക്കുറെ പാര്‍ട്ടി അന്തിമമാക്കിയിട്ടുണ്ടെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായിട്ട് മതി പ്രഖ്യാപനം എന്നാണ് സി.പി.എമ്മിന്റെ നിലപാട്.

ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം കാനഡയില്‍ ഇറക്കി. ന്യൂഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട എഐ127 വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് വിമാനം വഴിതിരിച്ച് കാനഡയിലെ ഇഖാലുയറ്റ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഓണ്‍ലൈനിലാണ് ബോംബ് സന്ദേശം ലഭിച്ചത്.

സുരക്ഷാ പ്രോട്ടോകോള്‍ അനുസരിച്ച് വിമാനത്തെയും യാത്രക്കാരേയും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. വിമാനത്താവളത്തിലെ ഏജന്‍സികളും പരിശോധനയ്ക്ക് സഹായിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടയന്തരമായി ഇറക്കേണ്ടിവന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഐ 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്.

സെപ്റ്റംബറില്‍ ജബല്‍പുര്‍-ഹൈദരാബാദ് ഇന്‍ഡിഗോ വിമാനവും ബോംബ് ഭീഷണിയെ തുടര്‍ന്ന് വഴി തിരിച്ചുവിടേണ്ടി വന്നു. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

തൊടുപുഴ : കേരള യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡലം നേതൃ സംഗമത്തിൽ കേരള കോൺഗ്രസ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യു കെ പ്രവാസി കേരള കോൺഗ്രസ് യുവജന വിദ്യാർത്ഥി വിഭാഗം മധുര വിതരണം നടത്തി.

പ്രവാസി യുവജന-വിദ്യാർത്ഥി വിഭാഗം കോഓർഡിനേറ്ററും നോർത്താംപ്ടൺ സ്വദേശിയും ആയ ലിറ്റു മുട്ടേത്താഴത്ത് പാർട്ടി ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫിന് മധുരം നൽകി വജ്ര ജൂബിലി ആഘോഷങ്ങളിൽ പങ്കാളിയായി.

യൂത്ത് ഫണ്ട് നേതൃസംഗമം ഉദ്ഘാടനം ചെയ്ത അപു ജോൺ ജോസഫ് നേതൃ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ യൂത്ത്ഫ്രണ്ട് നേതാവുമായ എം മോനിച്ചനും യൂത്ത്
ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ ചാർജ് വഹിക്കുന്ന ക്ലമൻറ് ഇമ്മാനുവലിനും പ്രവർത്തകർക്കും മധുരം നൽകി പ്രവാസി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തു.

ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറെക്കുറിച്ച് കാനഡ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ. ഇതിന് പിന്നാലെ ഇന്ത്യയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ അടക്കമുള്ള ആറ് ഉദ്യോഗസ്ഥരെയാണ് കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കാനഡ പുറത്താക്കിയത്. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ടുയര്‍ന്ന നയതന്ത്ര തര്‍ക്കം ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളാക്കിയിരിക്കുകയാണ്.

നിജ്ജറുടെ കൊലപാതകത്തിന് ശേഷം ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷനിലെ ഇരുപത് ഉദ്യോഗസ്ഥരെ ഇന്ത്യ നേരത്തെ പുറത്താക്കിയിരുന്നു. കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും അടിസ്ഥാന രഹിതമായി ഇന്ത്യയെ ഉന്നം വെയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഇന്ത്യ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്രജ്ഞരെയും ഇന്ന് തിരികെ വിളിച്ചു. ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തിയ വിദേശകാര്യ മന്ത്രാലയം അദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു.

നേരത്തെ കാനഡയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് വീലറെ ഇന്ത്യ വിളിപ്പിച്ചിരുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയ്ക്ക് നിജ്ജര്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ കാനഡ പ്രസ്താവന നടത്തിയ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ നീക്കം. ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറായ കാമറൂണ്‍ മക്കേയ് രാജ്യത്തില്ലാത്ത പശ്ചാത്തലത്തിലാണ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിപ്പിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്.

ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നിജ്ജര്‍ വധത്തില്‍ ചില താല്‍പര്യങ്ങള്‍ ഉണ്ടെന്നായിരുന്നു കാനഡയുടെ പ്രസ്താവന. വസ്തുതയില്ലാത്ത ആരോപണങ്ങളുന്നയിച്ച കാനഡയ്ക്ക് അതിരൂക്ഷമായ ഭാഷയിലാണ് ഇന്ത്യ മറുപടി നല്‍കിയത്. വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച കനേഡിയന്‍ സര്‍ക്കാരിന്റെ നടപടിയെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇതിന് പിന്നാലെയാണ് കനേഡിയന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിപ്പിച്ചതും ഒട്ടാവയിലെ ഇന്ത്യന്‍ പ്രതിനിധികളെ തിരിച്ച് വിളിച്ചതും.

രാഷ്ട്രീയ അജണ്ടയ്ക്കായി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ പങ്ക് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കാനഡ അയച്ച കത്തിന് മറുപടിയായാണ് ഇന്ത്യ ഇന്ന് പ്രസ്താവന ഇറക്കിയത്. നിജ്ജര്‍ വധത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവുകളും കാനഡ ഇതുവരെ നല്‍കിയിട്ടില്ലെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

2023 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്ന് നിരവധി അഭ്യര്‍ഥനകള്‍ ഉണ്ടായിട്ടും കനേഡിയന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു തെളിവും തങ്ങളുമായി പങ്കിട്ടിട്ടില്ല. കാനഡയുടെ ആരോപണങ്ങള്‍ ഒരു വസ്തുതയുമില്ലാത്ത അവകാശവാദങ്ങളാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യയോടുള്ള ശത്രുത വളരെക്കാലമായി വ്യക്തമായി കാണാവുന്നതാണ്. ഇന്ത്യയുമായി ബന്ധപ്പെട്ട തീവ്രവാദ, വിഘടനവാദ അജണ്ടയുമായി പരസ്യ ബന്ധമുള്ള വ്യക്തികളെ അദേഹത്തിന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രൂഡോ സര്‍ക്കാര്‍ എല്ലായിപ്പോഴും ഇന്ത്യാ വിരുദ്ധ വിഘടനവാദ അജണ്ടയാണ് സേവിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

കാനഡയില്‍ ഖാലിസ്ഥാന്‍ വാദികള്‍ ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ പരസ്യമായി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശമായ നിലയിലാണ്. നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയ്ക്കും പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന കാനഡയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും വഷളാക്കിയിരിക്കുന്നത്. 36 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന നയതന്ത്രജ്ഞനാണ് സഞ്ജയ് കുമാര്‍ വര്‍മ.

2020 ഡിസംബറില്‍ ഇന്ത്യന്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ ജസ്റ്റിന്‍ ട്രൂഡോ നടത്തിയ നഗ്‌നമായ ഇടപെടല്‍ ഈ വിഷയത്തില്‍ എത്ര ദൂരം സഞ്ചരിക്കാന്‍ അദേഹത്തിന് സാധിക്കുമെന്ന് കാണിച്ച് തന്നു. ട്രൂഡോ സര്‍ക്കാര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ആശ്രയിച്ചിരിക്കുന്നു. അതിന്റെ നേതാവ് ഇന്ത്യയ്ക്കെതിരായ വിഘടനവാദ പ്രത്യയശാസ്ത്രം പരസ്യമായി അംഗീകരിക്കുന്നു. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടേയുള്ളു, കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങിനെ പരാമര്‍ശിച്ച് ഇന്ത്യ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കാനഡ-ഇന്ത്യാ നയതന്ത്ര ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ മുന്നോട്ടുള്ള കാര്യങ്ങളെ ആശങ്കയോടെയാണ് ഇന്ത്യന്‍ സമൂഹം ഉറ്റുനോക്കുന്നത്.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ഒക്ടോ:25 ന് വെള്ളിയാഴ്ച വാൽത്തംസ്റ്റോ ബ്ലെസ്ഡ് കുഞ്ഞച്ചൻ സീറോമലബാർ മിഷനിൽ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കുക. വാൽത്തംസ്റ്റോയിലെ ഔർ ലേഡി ആൻഡ് സെന്റ് ജോർജ്ജ്സ് കാത്തലിക്ക് ദേവാലയത്തിൽ വെച്ചാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച്‌ ദിനാന്ത യാമങ്ങളിൽ ഉണർന്നിരുന്നുള്ള പ്രാർത്ഥനക്കും, ദിവ്യകാരുണ്യ ആരാധനക്കും കൂടാതെ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും രോഗശാന്തി ശുശ്രൂഷക്കും ഉള്ള അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ ജപമാല സമർപ്പണത്തോടെ വൈകുന്നേരം ഏഴുമണിക്ക് നൈറ്റ് വിജിൽ ശുശ്രുഷകൾ ആരംഭിക്കും. വിശുദ്ധ കുർബ്ബാന, പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, ഹീലിംഗ് പ്രയർ ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നരയോടെ ശുശ്രുഷകൾ അവസാനിക്കും.

പരിശുദ്ധ അമ്മയുടെ വണക്കത്തിനായി ആഗോള കത്തോലിക്കാ സഭ ജപമാലാമാസം ആയി ആചരിക്കുന്ന ഒക്ടോബറിൽ മാതാവിന്റെ സംരക്ഷണയിലും മാദ്ധ്യസ്ഥത്തിലും ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുവാൻ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

മനോജ് തയ്യിൽ-07848808550,
മാത്തച്ചൻ വിളങ്ങാടൻ- 07915602258

നൈറ്റ് വിജിൽ സമയം:
ഒക്ടോബർ 25, വെള്ളിയാഴ്ച, രാത്രി 7:00 മുതൽ 11:30 വരെ.

Venue: Our Lady & St. George’s Catholic Church, Walthamstow, E17 9HU

മോഹനപ്പള്ളി പിന്നീട് മോനിപ്പള്ളി എന്ന പേരിൽ അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ ഉഴവൂർ പഞ്ചായത്തിലെ കൊച്ചുഗ്രാമമായ മോനിപ്പള്ളി പ്രവാസി സംഗമം യുകെയ്ക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. യുകെയിൽ വച്ച് നടത്തപ്പെടുന്ന മികച്ച സംഗമങ്ങളിൽ ഒന്നായ മോനിപ്പള്ളി സംഗമം യുകെയെ അടുത്ത രണ്ട് വർഷത്തേയ്ക്ക് നയിയ്ക്കുവാൻ ആയിട്ട് സിജു കുറുപ്പൻന്തറയിൽ(പ്രസിഡൻ്റ് ) നോട്ടിഗ്ഹാം. ജിൻസ് സണ്ണി മംഗലത്ത് (സെക്രട്ടറി ) ,നോട്ടിഗ്ഹാം. നോബി കൊച്ചു പറമ്പിൽ (ട്രഷറർ ) വൂസ്റ്റർ എന്നിവരെ ഒക്ടോബർ അഞ്ചാം തിയതി സ്റ്റോക്ക് ഓൺ ട്രൺൻ്റിൽ വച്ച് നടന്ന സംഗമത്തിൽ വച്ച് തെരെഞ്ഞെടുത്തു.

റെജി ശൗര്യാമാക്കിലും ,ലാൻസ് വരിക്കശ്ശേരിലും പതിനാറ് വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ഇപ്പോഴും വർഷത്തിൽ ഒരു ദിവസം യുകെയുടെ ഏതെങ്കിലും നഗരത്തിൽ ഒരു ദിവസം മാത്രമായി ഒത്ത് കൂടുന്ന സംഗമത്തിൽ പങ്കെടുക്കുന്നവരുടെ ആൾബലത്തിൽ ഓരോ വർഷം ചെല്ലും തോറും അംഗങ്ങളുടെ എണ്ണം വർദ്ധിച്ച് വരുന്നു. യുകെയിൽ നിരവധി നാട്ടുകാരുടെ സംഗമം തുടങ്ങി നിന്നു പോവുകയും അതുപോലെ പല സംഗമങ്ങളും ഉദ്ധേശത്തിൽ നിന്നും മാറി സഞ്ചരിച്ച് വളരെ ചുരുക്കം ആൾക്കാരുമായി നടത്തപ്പെടുമ്പോഴും മോനിപ്പള്ളി പ്രവാസി സംഗമം യുകെയുടെ അംഗങ്ങളുടെ ഒത്തൊരുമയും സഹകരണവുമായിട്ട് ഓരോ വർഷവും വളരെ മികച്ച രീതിയിൽ നടത്തപ്പെടുന്നു.

പതിനാറാമത് സംഗമത്തിൽ വച്ച് അടുത്ത വർഷത്തെ കമ്മറ്റിക്കാരായ സിജുവിനും, ജിൻസിനും, നോബിക്കും. അടുത്ത വർഷം വൂസ്റ്ററ്ററിൽ വച്ച് നടത്തപ്പെടുന്ന സംഗമത്തിന് ആഥിതേയത്വം വഹിക്കുന്ന കുര്യാച്ചൻ, സന്തോഷ് എന്നിവർക്ക് മുൻ പ്രസിഡൻ്റ് ജിജി, സെക്രട്ടറി ജോമോൻ, ട്രഷൻ വികാസ് എന്നിവരിൽ നിന്നും ബാനർ കെമാറുകയുണ്ടായി. ഇപ്പോൾ തെരെഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങൾ സബ് കമ്മിറ്റികൾ രൂപീകരിച്ച് അടുത്ത വർഷത്തെ സംഗമം വിജയമാക്കുവാനായിട്ടുളള പരിശ്രമത്തിലാണ്.

നടന്‍ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഭാര്യയുടെ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കടവന്ത്ര പോലീസാണ് നടനെ അറസ്റ്റു ചെയ്തത്.

മകളെയും തന്നെയും പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നടനെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെയാണ് ബാലയെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ കടവന്ത്ര പോലീസ് സ്‌റ്റേഷനിലാണ് ബാലയെ എത്തിച്ചിരിക്കുന്നത്. ബാലയും സുഹൃത്തുക്കളുമാണ് ഇപ്പോള്‍ പോലീസ് സ്‌റ്റേഷനിലുള്ളത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വൈകിട്ടോടെ ബാലയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മുന്‍ ഭാര്യയുടെ പരാതി ഏറെ ഗൗരവമുള്ളതാണെന്നാണ് പോലീസ് പറയുന്നത്. ബന്ധം വേര്‍പെടുത്തിയ ശേഷവും അവരെയും മകളെയും പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്നതാണ് പരാതി. ഈ വിഷയത്തില്‍ ബാലയുടെ മകള്‍ തന്നെ പരസ്യമായി ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൗത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറാനുള്ള സാധ്യതയുമുണ്ട്.

RECENT POSTS
Copyright © . All rights reserved