ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്നിംഗ്സ് വിജയമാണ് ആതിഥേയരായ ന്യൂസിലൻഡ് സ്വന്തമാക്കിയത്. എന്നാൽ കനത്ത തോൽവി വഴങ്ങിയെങ്കിലും ഒരു കാര്യത്തിൽ ഇംഗ്ലണ്ടിന് ആശ്വസിക്കാം. ഐസിസി യുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ല ഈ മത്സരമെന്നതാണ് അത്. ഇക്കാര്യം കൊണ്ട് തന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ടീമുകളുടെ പോയിന്റിനെ ഈ മത്സരത്തിലെ ജയപരാജയം ബാധിക്കില്ല. അല്ലായിരുന്നെങ്കിൽ ന്യൂസിലൻഡ് ഈ മത്സരത്തിലെ വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 60 പോയിന്റുകൾ നേടിയേനെ.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ നിയമം അനുസരിച്ച് ഓരോ ടീമും മൂന്ന് വീതം ടെസ്റ്റ് പരമ്പരകളാണ് നാട്ടിലും, വിദേശത്തും കളിക്കേണ്ടത്. ഈ പരമ്പരകളിലെ പോയിന്റുകളാണ് ചാമ്പ്യൻഷിപ്പിൽ കണക്കിലെടുക്കുക. ഇതനുസരിച്ച് ഇംഗ്ലണ്ടിന്റെ വിദേശ പരമ്പരകൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ( 4 മത്സര പരമ്പര), ശ്രീലങ്കയ്ക്കെതിരെയും (2 മത്സര പരമ്പര), ഇന്ത്യയ്ക്കെതിരെയുമാണ്(5 മത്സര ടെസ്റ്റ് പരമ്പര). ഈ മൂന്ന് പരമ്പരകളിലെ ജയപരാജയങ്ങൾ മാത്രമേ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന്റെ പോയിന്റിനെ ബാധിക്കൂ.
ന്യൂസിലൻഡിനെതിരെ നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്റെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്തതിനാൽ ഈ മത്സരങ്ങൾ പോയിന്റിന് പരിഗണിക്കില്ല. അത് കൊണ്ട് തന്നെ കിവീസിനെതിരായ ആദ്യ ടെസ്റ്റിലെ കനത്ത പരാജയം ഇംഗ്ലണ്ടിനെ അത്ര കാര്യമായി അലട്ടില്ല.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല് തെളിവുകള് അന്വേഷണ സംഘത്തിന് ലഭിച്ചു. ബാലഭാസ്കര് സഞ്ചരിച്ചിരുന്ന കാര് അപകടത്തില്പ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരില് ചിലര് സ്വര്ണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് ഡി.ആര്.ഐ സ്ഥിരീകരിച്ചു.
മരണവുമായി ബന്ധപ്പെട്ടു ചില വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബിയെ വിളിച്ചു വരുത്തിയ ഡിആർഐ, സ്വർണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോ പരിശോധനയ്ക്കായി നൽകി.വിമാനത്താവളത്തിലൂടെ സ്വര്ണ്ണം കടത്തിയ കേസില് വിദേശത്ത് ഒളിവില് കഴിയുന്നവരുടെയും കാരിയര്മാരായി പ്രവര്ത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകള് അതില് ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവര് ആരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആര്ഐ ചോദിച്ചത്.
ഈ പരിശോധനയില് ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ അദ്ദേഹം തിരിച്ചറിഞ്ഞു. അപകടവുമായി ബന്ധപ്പെട്ട ചില പുതിയ വെളിപ്പെടുത്തലുകളും സോബി നടത്തി. സ്വര്ണക്കടത്തു കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളായതിനാല് ലഭിച്ച വിവരങ്ങള് അന്വേഷണ ഏജന്സിയായ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നു ഡി.ആര്.ഐ ഉദ്യോഗസ്ഥര് പറഞ്ഞു.
തൃശൂരില് ക്ഷേത്ര ദര്ശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2018 സെപ്റ്റംബര് 25ന് പുലര്ച്ചെ ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര് ചികിത്സയ്ക്കിടയിലും മരിച്ചു.
പെരുമ്പാവൂരില് കുറുപ്പംപടി തുരുത്തി സ്വദേശിനിയായ ദീപയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ക്രൂരമായി ബലാല്സംഗം ചെയ്ത ഇതരസംസ്ഥാനക്കാരനായ ഉമര് അലി സ്വന്തം നാടായ അസമിലെ ന്യൂഗാവ് ജില്ലയില് നിന്നും നാടുകടത്തിയ കൊടുംക്രിമിനല്. സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെ നാട്ടുകാര് കൈകാര്യം ചെയ്തപ്പോഴാണ് ഇയാള് നാടുവിട്ട് കേരളത്തിലെത്തിയത്. കുറുപ്പംപടി സ്വദേശിനിയായ ദീപയെ പ്രതി തൂമ്പ കൊണ്ട് തലയ്ക്കടിക്കുന്നതും ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെയും ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പൊലീസ് അന്വേഷണം അസമിലേക്ക് വ്യാപിപ്പിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങള് പ്രദേശവാസികളില് നിന്നും ലഭിച്ചത്. നാട്ടില് സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെ ഇരുപത്തിയേഴുകാരനായ ഉമര് അലിക്കെതിരെ നാട്ടുകാര് സംഘടിതമായി തിരിഞ്ഞിരുന്നു. ഒടുവില് നില്ക്കകള്ളിയില്ലാതെ നാടുവിട്ട് കേരളത്തിലേക്ക് കടക്കുകയായിരുന്നു. കേരളത്തിലെത്തിയ ഉമര് അലി പകല് മുഴുവന് മുഷിഞ്ഞ വേഷത്തില് ഭിക്ഷാടനം നടത്തുകയും കിട്ടുന്ന പണത്തിന് രാത്രി കഞ്ചാവ് ലഹരിയില് കഴിയുകയായിരുന്നു പതിവ്. ലൈംഗിക തൊഴിലാളികളായ സ്ത്രീകളുമായും ഇയാള്ക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല് പകല് ആളുകളോട് സൗമ്യമായാണ് ഉമര്അലി പെരുമാറിയിരുന്നതെന്നാണ് പെരുമ്പാവൂരിലെ പ്രദേശവാസികള് പറയുന്നത്. പലര്ക്കും ഉമര്അലിക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് പോലും വിശ്വസിക്കാനായിട്ടില്ല.
യുവതിയെ ക്രൂരമായി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യത്തില് ഇയാളുടെ പെരുമാറ്റം അമിത ലഹരി ഉപയോഗിച്ച ആളുകളോട് സമാനമാണെന്ന് പൊലീസ് പറയുന്നു. ഇയാള് കൈക്കോട്ട് കൊണ്ട് യുവതിയെ നിരവധി തവണ തലയ്ക്കടിക്കുകയും മരിച്ചോയെന്ന് ഉറപ്പാക്കുന്നതും കാണാം. പിന്നീടാണ് ക്രൂരമായി മാനഭംഗത്തിനിരയാക്കുന്നത്. തുടര്ന്നും കൈക്കോട്ട് ഉപയോഗിച്ച് കഴുത്തില് ക്രൂരമായി മര്ദ്ദിക്കുന്നുണ്ട്. മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാന് ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുമായി സംസാരിക്കുന്നത് മുതല് കൊലപ്പെടുത്തുന്നത് വരെയുള്ള സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ വസ്ത്രത്തില് നിന്ന് യുവതിയുടെ ചോരയും സ്ഥലത്ത് നിന്ന് പ്രതിയുടെ വിരലടയാളവും കണ്ടെടുത്തിട്ടുണ്ട്.
കെൻസിങ്ടൺ കൊട്ടാരത്തില് നിന്ന് മോഷണം നടത്തിയെന്ന് തുറന്നുപറഞ്ഞ് ഗായിക കാമില കാബെല്ലോ. കാമില കുറ്റം സമ്മതിച്ചതോടെ വില്യം രാജകുമാരനും കേറ്റും പ്രതികരിച്ചു. അതോടെ സംഭവം വാര്ത്തയായി.
കൊട്ടാരം സന്ദര്ശിക്കുന്നതിനിടെ ഓര്മ്മയ്ക്കുവേണ്ടി സൂക്ഷിക്കാന് ഒരു പെന്സിലാണ് മോഷ്ടിച്ചത് എന്നാണ് കാമില തുറന്നുപറഞ്ഞത്. അവതാരകന് ഗ്രെഗ് ജെയിംസാണ് തന്നെ മോഷ്ടിക്കാന് പ്രേരിപ്പിച്ചതെന്നും ഗായിക വെളിപ്പെടുത്തി. വില്യം രാജകുമാനെയും കേറ്റിനെയും സന്ദര്ശിക്കുന്നതിനു തൊട്ടുമുന്പാണ് മോഷണം നടത്തിയതെന്നും കാമില പറഞ്ഞു.
എന്തെങ്കിലും ഒന്ന് എടുക്കൂ എന്നുപറഞ്ഞ് ഗ്രെഗാണ് ധൈര്യം തന്നത്. ആ പെന്സിലെങ്കിലും എടുക്കൂ എന്നും ഗ്രെഗ് പറഞ്ഞുവെന്നും അവര് പറയുന്നു. മോഷ്ടിച്ച ആ പെന്സില് അമ്മയുടെ പേഴ്സില് സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. കൊട്ടാരത്തിന് അത് തിരിച്ചുകൊടുക്കണമെന്ന് അമ്മ പറഞ്ഞു. എന്നാല് താനാണ് വേണ്ടയെന്ന് പറഞ്ഞത് എന്നും കാമില തുറന്നുസമ്മതിക്കുന്നു.
പ്രിയപ്പെട്ട രാജകുമാരനോടും കേറ്റിനോടും ഞാന് ക്ഷമാപണം നടത്തുന്നു. മോഷണം നടന്ന ദിവസം രാത്രി താന് ഉറങ്ങിയിട്ടില്ല എന്നും കാമില പറഞ്ഞു. മറുപടിയായി കെനിങ്സ്റ്റണ് കൊട്ടാരത്തിന്റെ പ്രതികരണം ഒരു ഇമോജിയില് ഒതുങ്ങി. ഒരു ജോഡി കണ്ണുകളാണ് ഇവര് പോസ്റ്റ് ചെയ്തത്.
മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുന്നു. വ്യവസായിയായ അരുണാണ് വരൻ.
കുടുംബം തീരുമാനിച്ചുറപ്പിച്ച വിവാഹമാണ്. ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ നായികയായി എത്തിയ താരമാണ് ഭാമ. ഇവര് വിവാഹിതരായാല്, വണ്വേ ടിക്കറ്റ് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിള് നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളിലും, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2016ലെ മറുപടിയാണ് ഭാമ നായികയായി ഏറ്റവും ഒടുവില് പ്രദര്ശനത്തിന് എത്തിയ ചിത്രം.
അധ്യാപകനെതിരെ ലൈംഗിക പീഡന പരാതിയുമായി എട്ടു വിദ്യാർത്ഥിനികൾ.കണ്ണൂർ പയ്യാവൂരിലെ സ്വകാര്യ സ്കൂള അധ്യാപകനെതിരെയാണ് പരാതിയുമായി വിദ്യാർത്ഥിനികൾ രംഗത്തെത്തിയത്.സ്കൂളില് ചൈല്ഡ് പ്രൊട്ടക്ഷന് ഓഫീസറുടെ നേതൃത്വത്തില് നടത്തിയ കൗണ്സിലിങിനിടെയാണ് വിദ്യാര്ത്ഥിനികള് ഇക്കാര്യം പരാതിപ്പെട്ടത്.
സ്കൂളിലെ കായിക അധ്യാപകനെതിരെയാണ് പരാതി ഉയര്ന്നത്.ഇട്യാൾക്കെതിരെ നേരത്തെയും സമാന രീതിയിലുള്ള പരാതി ഉയർന്നിരുന്നു.ഇന്നലെയാണ് രക്ഷിതാക്കളുടെ പരാതിയില് ശിശു സംരക്ഷണ സമിതിയും ജില്ലാ ലീഗല് സര്വീസ് അതോറിട്ടിയും ചേര്ന്ന് സ്കൂളിലെ 200 ഓളം വരുന്ന ആണ്കുട്ടികളെയും പെണ്കുട്ടികളെയും കൗണ്സിലിങ്ങിന് വിധേയനാക്കിയത്.
വിദ്യാര്ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില് അധ്യാപകനെ സ്കൂള് മാനേജ്മെന്റ് സസ്പെന്ഡ് ചെയ്തു. ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച പാരിതകള് തുടര്നടപടികള്ക്കായി ഇന്നുതന്നെ പൊലീസിന് കൈമാറുമെന്ന് അധികൃതര് അറിയിച്ചു.
വയനാട്ടില് ദുരൂഹ സാഹചര്യത്തില് മരിച്ച വൈത്തിരി സ്വദേശിനിയായ യുവതിയുടെ ശരീരത്തില് മുറിവുകളുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയുടെ മരണത്തില് പ്രാദേശീക രാഷ്ട്രീയ നേതാവിന്റെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഭർത്താവിന് കഴിഞ്ഞ ദിവസം മർദനമേറ്റിരുന്നു.
കഴിഞ്ഞ ഒക്ടോബർ 21ന് വൈത്തിരിയിലെ വാടകവീട്ടില് ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തിയ സക്കീനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മരണം സംഭവിക്കുന്നതിന് മണിക്കൂറുകള്ക്ക് മുന്പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്തിലെ മുറിവ് തൂങ്ങിമരിക്കാന് ശ്രമിക്കുമ്പോള് സംഭവിക്കാന് സാധ്യതയുള്ളതാണെങ്കിലും ചുണ്ടിലെ മുറിവിന്റെ കാരണം വ്യക്തമല്ല.
ഈ മുറിവ് ഇതുവരെ അന്വേഷണസംഘത്തിന്റെയും ശ്രദ്ധയില് പെട്ടിട്ടില്ല. ഒരാഴ്ച മുമ്പ് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടില് മുറിവിനെകുറിച്ച് വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തെകുറിച്ച് ഇനി പരിശോധിക്കുമെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ നല്കുന്ന മറുപടി.
വടക്കന് മെക്സിക്കോയിലെ കിഴക്കാംതൂക്കായ പാറക്കൂട്ടത്തില് ക്ലൈംബിങ് നടത്തുന്നതിനിടെ ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റ് വീണ് മരിച്ചു. 31 വയസായിരുന്നു. ഗോബ്രൈറ്റിനൊപ്പം കൂട്ടാളിയായി അമേരിക്കക്കാരനായ ഐദന് ജേക്കബ്സണ് എന്നയാളുമുണ്ടായിരുന്നു.
900 മീറ്ററോളം ഗോബ്രൈറ്റ് കയറിയിരുന്നതായി ദൃക്സാക്ഷികള് പറയുന്നു. തുടര്ന്ന് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
ഇരുവരും താഴേക്ക് പോയെങ്കിലും കൂട്ടാളിയായിരുന്ന ജേക്കബ്സണ് മരണത്തില് നിന്ന് രക്ഷപ്പെടുകയായിരുന്നു. പാറയുടെ തള്ളി നില്ക്കുന്ന ഭാഗത്തിലേക്ക് ചാടി നില്ക്കാന് സാധിച്ചതിനാല് ആണ് രക്ഷപ്പെട്ടത്.കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ ഇയാള് ചികിത്സയിലാണ്. എന്നാല് ഗോബ്രൈറ്റ് 300 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് ഇദ്ദേഹം മരിച്ചത്.
യുവൻ നടൻ ഷെയിൻ നിഗമിനെ മലയാള സിനിമയിൽ നിന്ന് വിലക്കിയ നിർമ്മാതാക്കളുടെ സംഘടനയുടെ നടപടിയെ വിമർശിച്ച് താരം. വെയില് സിനിമയുടെ ചിത്രീകരണത്തിനെ താൻ നേരിട്ടത് സംവിധായകനില് നിന്നുള്പ്പെടെ നിരവധി അധിക്ഷേപങ്ങളാണെന്നും അതിന് മുടി മുറിച്ചെങ്കിലും പ്രതിഷേധിക്കണ്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതിരകണം. ഓൺലൈൻ മാധ്യമമായ ദി ക്യൂവിന് നൽകിയ വിഡിയോ അഭിമുഖത്തിലായിരുന്നു ഷെയിനിന്റെ പ്രതികരണം.
ഇതില് വേറൊരു രാഷ്ട്രീയമുണ്ടെന്ന ആരോപിച്ച അദ്ദേഹം ‘എങ്ങനെയാണ് തന്നെ വിലക്കാന് പറ്റുക? കൈയും കാലും കെട്ടിയിടുമോ’ എന്നും ചോദിക്കുന്നു. വിവാദത്തിന് തുടക്കമിട്ട ജോബി ജോര്ജ് നിര്മ്മിച്ച് ശരത് മേനോന് സംവിധാനെ ചെയ്യുന്ന വെയില് എന്ന സിനിമ പൂര്ത്തിയാക്കാന് രണ്ട് ദിവസം മുൻപ് ചര്ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നുവെന്നും ഷെയിൻ പറയയുന്നു. ഈ സമയത്ത് വിലക്കോ പ്രശ്നങ്ങളോ ഉണ്ടാകില്ലെന്ന് നിര്മാതാക്കളില് ചിലര് ഉറപ്പ് നല്കിയിരുന്നു. മാധ്യമങ്ങളോട് ഒന്നും സംസാരിക്കരുതെന്ന് എഴുതി വാങ്ങിയിരുന്നതായും ഷൈന് അഭിമുഖത്തില് ആരോപിച്ചു.
നിര്മ്മാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈര്, സിയാദ് കോക്കര് എന്നിവര് പറഞ്ഞത് പ്രശ്നങ്ങൾ പരിഹരിക്കാമെന്നായിരുന്നു. വിലക്ക് ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് രേഖാമൂലം ഒപ്പിട്ട് നല്കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്. വിവാദങ്ങൾക്കും ഒത്തു തീർപ്പ് ചർച്ചയ്ക്കും ശേഷം വെയില് എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരണത്തില് സഹകരിച്ചു. അഞ്ച് ദിവസം രാത്രിയും പകലുമായിരുന്നു ചിത്രീകരണം. ഈ സമയത്ത് മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ലൊക്കേഷനില് നിന്ന് പോയത്. വലിയ പെരുന്നാള് എന്ന സിനിമ തീയറ്റര് കാണിക്കില്ലെന്ന് വരെ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. ഈ നടപടികൾക്കെല്ലാം പിന്നിൽ ഒരു രാഷ്ട്രീയമുണ്ടെന്നാണ് താൻ കരുതുന്നതെന്നും ഷൈന് വ്യക്തമാക്കുന്നു.
തനിക്ക് അറിയാവുന്ന ജോലി സിനിമയാണ്. ഇനിയും ആ ജോലി തന്നെ ചെയ്യും. താന് ഇത് വരെ ഒരു സിനിമയും പൂര്ത്തിയാക്കിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഷെയിന് നിഗം പറയുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞാണ് ഷെയിൻ നിഗമിന് മലയാള സിനിമയിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയത്. കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അവർ ഇക്കാര്യം അറിയിച്ചത്. ഷെയിനിനെതിരെ കടുത്ത ആരോപണങ്ങളായിരുന്നു വാർത്താ സമ്മേളനത്തിൽ സംസാരിച്ച നിർമാതാക്കൾ ഉയർത്തിയത്. പുതുതലമുറയിൽപെട്ട താരങ്ങളിൽ മയക്ക് മരുന്ന ഉപയോഗം വരെ കൂടുന്നെന്ന തരത്തിലും അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിർമ്മാതാക്കൾ ആരോപണം ഉയർത്തി.
സിനിമയിലെ ചിലരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ നിർമ്മാതാക്കൾ വിഷയത്തിൽ കർശന നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ലൊക്കേഷനിൽ ഉൾപ്പെടെ മയക്കുമരുന്ന് ഉപയോഗമുണ്ടെന്നു പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പത്രസമ്മേളനം. ‘കഞ്ചാവ് മാത്രമല്ല ലഹരിമരുന്നെന്നു പറയുന്നത്. കഞ്ചാവ് പുകച്ചാൽ അതിന്റെ മണംകൊണ്ടു തിരിച്ചറിയാൻ കഴിയും. ഇവർ ഉപയോഗിക്കുന്നത് എൽ.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളാണെന്ന് ഞങ്ങൾ സംശയിക്കുന്നു. മയക്കുമരുന്ന് ഉപയോഗിച്ചാൽ പലരും പലവിധത്തിലാണ് പ്രതികരിക്കുന്നത്’- നിർമാതാക്കൾ പറയുന്നു.
ടീം ഇന്ത്യക്ക് എല്ലാ ഫോര്മാറ്റുകളിലും വിജയം നേടി തന്ന ക്യാപ്റ്റനായിരുന്നു എംഎസ് ധോണി. നാട്ടിലും വിദേശത്തും എതിരാളികള്ക്കെതിരെ ഏത് ഫോര്മാറ്റിലും ജയിക്കാനാകുമെന്ന് ഇന്ത്യയെ ശരിക്കും വിശ്വസിപ്പിച്ചത് ധോണിയാണ്. ക്യാപ്റ്റനെന്ന നിലയില് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത റെക്കോര്ഡ് ഇതിന് തെളിവാണ്. ധോണിയുടെ ക്യാപ്റ്റന്സിക്ക് കീഴില് ഇന്ത്യ ലോകമെമ്പാടും വലിയ വിജയം നേടി. രാജ്യം കണ്ട ഏറ്റവും മികച്ച നായകനാണ് ധോണി. ധോണിയുടെ നായകത്വത്തില് ഇന്ത്യ തുടര്ച്ചയായ പരമ്പരകള് നേടി 2009 ല് ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിംഗില് ഒന്നാമതെത്തി. 2007 ടി 20 ലോകകപ്പ്, 2011 ലോകകപ്പ്, 2013 ചാമ്പ്യന്സ് ട്രോഫി എന്നിവയിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.
ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും വാര്ത്തകളും അഭ്യൂഹങ്ങളും പ്രചരിച്ചുകൊണ്ടിരിക്കെ കരിയറില് ഒരിക്കലും മറക്കാത്ത രണ്ട് സംഭവങ്ങളെക്കുറിച്ച് മനസു തുറന്ന് ഇന്ത്യന് മുന് നായകന്. ആദ്യത്തേത് 2007ലെ ടി20 ലോകകപ്പ് വിജയത്തിനുശേഷമായിരുന്നുവെന്ന് ധോണി പറഞ്ഞു. കിരീടവുമായി ഇന്ത്യയിലെത്തിയശേഷം മുംബൈ മറൈന് ഡ്രൈവിലൂടെ ഓപ്പണ് ബസില് കാണികളെ അഭിവാദ്യം ചെയ്ത് യാത്ര ചെയ്ത സംഭവമാണ് ഒന്നാമത്തേത്. റോഡിനിരുവശവും ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു.
ആളുകള് വാഹനങ്ങള് നിര്ത്തി പുറത്തിറങ്ങി ഞങ്ങളെ അഭിവാദ്യം ചെയ്യുന്നു. എല്ലാവരുടെയും മുഖത്ത് സന്തോഷമുണ്ടായിരുന്നു. ചിരിയുണ്ടായിരുന്നു. ഒരിക്കലും മറക്കാനാവില്ല ആ മുഹൂര്ത്തമെന്ന് ധോണി പറഞ്ഞു. ‘എല്ലാവരുടെയും മുഖത്ത് പുഞ്ചിരി കണ്ടപ്പോള് എനിക്ക് സന്തോഷം തോന്നി. കാരണം, ജനക്കൂട്ടത്തില് ധാരാളം ആളുകള് ഉണ്ടായിരിക്കാം, അവര്ക്ക് അവരുടെ ഫ്ലൈറ്റുകള് നഷ്ടമായിരിക്കാം, ഒരുപക്ഷേ അവര് പ്രധാനപ്പെട്ട ജോലികള്ക്കായി പോകുന്നുണ്ടാകാം. ഒരു തരത്തിലുള്ള സ്വീകരണം, ഞങ്ങള്ക്ക് ലഭിച്ചു, മറൈന് ഡ്രൈവ് മുഴുവന് ഒരു അറ്റത്ത് നിന്ന് മറ്റൊന്നിലേക്ക് നിറഞ്ഞിരുന്നു, ”അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഓര്മ്മയില് നില്ക്കുന്ന രണ്ടാമത്തെ സംഭവമായി ധോണി പറയുന്നത് 2011 ഏകദിന ലോകകപ്പ് ഫൈനല് ആയിരുന്നു. ലോകകപ്പ് ജയത്തിലേക്ക് 15-20 റണ്സ് വേണ്ടപ്പോള് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ കാണികള് മുഴുവന് എഴുന്നേറ്റ് നിന്ന് ഉച്ചത്തില് ഒരേ സ്വരത്തില് വന്ദേ മാതരം പാടിയതായിരുന്നു. ഇവ ഇനിയൊരിക്കലും ആവര്ത്തിക്കില്ല. അതിനാല് തന്നെ ഈ രണ്ട് സംഭവങ്ങളും തന്റെ ഹൃദയത്തോട് ചേര്ന്നു നില്ക്കുന്നതാണെന്നും ധോണി പറഞ്ഞു.