Latest News

കാര്യവട്ടത്ത് മലയാളി ക്രിക്കറ്റ് പ്രേമികള്‍ അത്രയധികം പ്രതീക്ഷയിലായിരുന്നു. തങ്ങളുടെ ഹീറോ സഞ്ജു സാംസണ്‍ ഹോം ഗ്രൗണ്ടില്‍ പാഡണിയും. വിന്‍ഡീസിനെതിരായ രണ്ടാം ടി20ക്ക് മുന്‍പ് ടീം ഇന്ത്യ ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോഴും ആരാധകര്‍ അതുറപ്പിച്ചു. കാരണം, സഞ്ജുവിന്‍റെ കയ്യില്‍ ഗ്ലൗസുണ്ടായിരുന്നു. എന്നാല്‍ ടീം ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ പന്ത് അകത്ത്, സഞ്ജു പുറത്ത്.

പിന്നെ കണ്ടത് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള പോരാട്ടം മാത്രമല്ല. ആരാധകരും ഇന്ത്യന്‍ ടീമും നാട്ടിലെ മത്സരത്തില്‍ മുഖാമുഖം വന്നു. ആരാധകരുടെ കലിപ്പ് അത്രയും ഋഷഭ് പന്തിനോടായിരുന്നു. പന്ത് ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍, വിക്കറ്റ് കീപ്പിംഗ് ചെയ്യുമ്പോള്‍…ആരാധകര്‍ കൂവിവിളിച്ചു. ഇതോടെ കാര്യവട്ടത്തെ കളി കാര്യമായി.

ഒടുവില്‍ നായകന്‍ വിരാട് കോലിക്ക് ആരാധകരോട് പറയേണ്ടിവന്നു വായടക്കാന്‍. ഗാലറിക്കരികില്‍ ഫീല്‍ഡിംഗിന് എത്തിയപ്പോള്‍ കൂവിവിളിക്ക് പകരം കയ്യടിക്കാന്‍ കോലി ആവശ്യപ്പെട്ടു. ഗ്രൗണ്ടില്‍ തീര്‍ന്നില്ല ഈ ആരാധക പോരാട്ടം. സാമൂഹ്യമാധ്യമങ്ങളിലും ക്രിക്കറ്റ് പ്രേമികള്‍ അസ്വസ്തരാണ്. സഞ്ജുവിനെ കാര്യവട്ടത്ത് കളിപ്പിക്കാതിരുന്നാല്‍ പ്രതിഷേധിക്കാന്‍ ആരാധകര്‍ പദ്ധതിയിടുന്നതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഉന്നാവോ ബലാത്സംഗ ഇരയും പ്രതികളാല്‍ തീ കൊളുത്തപ്പെട്ട് അതീവ ഗുരുതരമായി പരിക്കേറ്റ് മരിക്കുകയും ചെയ്ത 23കാരിയായ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. 90 ശതമാനം പൊള്ളലേറ്റിരുന്ന യുവതിയെ ആദ്യം ലക്‌നൗ ആശുപത്രിയിലേയ്ക്കും പിന്നീട് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലേയ്ക്കുമാണ് കൊണ്ടുപോയത്. ബലാത്സംഗ കേസില്‍ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിയെ കേസിലെ പ്രതികളായ രണ്ട് പേരടക്കം ചേര്‍ന്നാണ് റായ്ബറേലി കോടതിയിലേയ്ക്ക് പോകുംവഴി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. യുപി മന്ത്രിമാരായ സ്വാമിപ്രസാദ് മൗര്യ, കമല്‍ റാണി, സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം ഇരയുടെ വീട്ടിലേക്ക് പോകാനായി എത്തിയപ്പോള്‍ സ്വാമി പ്രസാദിനേയും കമല്‍ റാണിയേയും നാട്ടുകാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായാണ് സ്വീകരിച്ചത്. മടങ്ങിപ്പോകൂ എന്ന് പറഞ്ഞ് നാട്ടുകാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചിലര്‍ മന്ത്രി സംഘത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തനിക്ക് ജീവന് ഭീഷണിയുള്ളതായി കാണിച്ച് യുവതി കഴിഞ്ഞ മാസം പരാതി നൽകിയിരുന്നെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന പരാതി ശക്തമാണ്.

രാജ്യത്ത് ഏറ്റവുമധികം ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന ജില്ലയായി ഉന്നാവോ മാറിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 200 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2017ല്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ അടക്കമുള്ളവര്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസ് ദേശീയ തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഈ പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്കിടിക്കുകയും പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു.

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനാകുന്നു.

നടന്‍മാരായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ എന്നിവര്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഐശ്വര്യയാണ് വധു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

2003 ല്‍ ‘എന്‍റെ വീട് അപ്പൂന്‍റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. 2015 ല്‍ ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലെ സഹതിരക്കഥാകൃത്തായി മലയാളികള്‍ക്ക് സുപരിചിതനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പിന്നീട് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷ’നിലൂടെ അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനായി. ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്നീ ചിത്രങ്ങള്‍ക്കും വിഷ്ണു തിരക്കഥ രചിച്ചിരുന്നു. ഷാഫി – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് വിഷ്ണു ഇപ്പോള്‍.

കേരളത്തില്‍ 2020 ജനുവരി ഒന്ന് മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച്‌ രംഗത്തെത്തി പുലിവാല് പിടിച്ച്‌ പ്രമുഖ ഉത്തരേന്ത്യന്‍ കമ്പനി. മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച്‌ അദ്ദേഹത്തിന്റെ ഛായയില്‍ തയ്യാറാക്കിയ നടന്‍ മോഹന്‍ലാലിന്റെ ചിത്രമാണ് കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പിനാണ് അബദ്ധം പറ്റിയത്.

 

 ഫേസ്ബുക്കില്‍ പലരും തെറ്റ് ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തിട്ടുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച്‌ കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന സിനിമ നിര്‍മ്മിക്കാന്‍ മുന്‍പ് ആലോചിച്ചിരുന്നതാണെന്നും എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചതാണെന്നും ശ്രീകുമാര്‍ മുന്‍പ് പറഞ്ഞിരുന്നു.

മുംബൈയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ചിന് തെളിവായത് ടെയ്​ലർ ടാഗും സ്വെറ്ററും ഫെയ്സ്ബുക്ക് പ്രൊഫൈലും. സാന്താക്രൂസ് സ്വദേശി മഹിം കൊലചെയ്യപ്പെട്ടിട്ട് അഞ്ചാം ദിവസമാണ് നിർണായക തെളിവുകളോടെ പ്രതികളെ പൊലീസ് കണ്ടെത്തിയത്. കേസില്‍ മഹിമിന്റെ 19 കാരിയായ ദത്തുപുത്രിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബർ രണ്ടിനാണ് മഹിമിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കെയ്സിൽ ഒളിപ്പിച്ച് ഇരുവരും ഉപേക്ഷിച്ചത്. മൃതദേഹത്തിലെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ടെയ്​ലർ ടാഗായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ പിടിവള്ളി. തയ്യൽക്കട കണ്ടുപിടിച്ച പൊലീസ് ഉടമയായ അൻസാരിയുടെ സഹായം തേടി. നൂറോളം ബിൽബുക്കുകൾ പരിശോധിച്ചതോടെ മൃതദേഹത്തിൽ നിന്ന് കിട്ടിയ ഷർട്ടിന്റെ അതേ തുണിക്കഷ്ണം കിട്ടി. പക്ഷേ ഷർട്ട് അയാളുടേതാവണമെന്നില്ലെന്ന സാധ്യതയും പൊലീസിന് മുന്നിലുണ്ടായിരുന്നു. മാത്രമല്ല, ബിൽബുക്കിൽ ഉപഭോക്താവിന്റെ പേരിന്റെ ആദ്യഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ബാഗിൽ നിന്ന് കണ്ടെത്തിയ ചുവപ്പ് സ്വെറ്ററിലായി പൊലീസിന്റെ അന്വേഷണം.

ബിൽബുക്കിൽ നിന്ന് ലഭിച്ച പേര് ഫെയ്സ്ബുക്കിൽ പൊലീസ് തിരഞ്ഞു. നിരവധി പ്രൊഫൈലുകൾ തിരഞ്ഞതോടെ ഇതേ പേര് കണ്ടെത്തി. ഫോട്ടോയിൽ നിന്നും സ്യൂട്ട്കെയ്സിലേതിന് സമാനമായ ഒരു സ്വെറ്ററും കണ്ടു. ഫെയ്സ്ബുക്കിൽ അപ്​ലോഡ് ചെയ്ത പാട്ടിന്റെ ഈരടികൾക്കൊടുവിൽ പ്രൊഫൈൽ ഉടമ ഒപ്പിട്ടിരിക്കുന്നതും കണ്ടു. ഈ ഒപ്പും തയ്യൽക്കാരന്റെ ബിൽബുക്കിലേതുമായി സാമ്യമുണ്ടെന്ന് കണ്ടതോടെ രണ്ടും ഒരാളാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.

നവംബർ 25 നാണ് ഈ പ്രൊഫൈലിൽ നിന്നും അവസാനമായി അപ്ഡേഷൻ ഉണ്ടായത്. ഫെയ്സ്ബുക്കിൽ നൽകിയിരുന്ന ഫോൺനമ്പർ നവംബർ 25 ന് ശേഷം പ്രവർത്തന രഹിതമാണെന്നും പൊലീസ് കണ്ടെത്തി. ഫെയ്സ്ബുക്കിലെ അടിസ്ഥാന വിവരങ്ങളിൽ നിന്ന്മേൽവിലാസവും കിട്ടിയതോടെ കൊല്ലപ്പെട്ടയാൾ മഹിമാണെന്ന് പൊലീസ് ഉറപ്പിച്ചു. കുറച്ച് ദിവസങ്ങളായി കണ്ടിട്ടില്ലെന്ന് അയൽക്കാരും മൊഴി നൽകി.
വീട്ടിലെത്തി പരിശോധിക്കുമ്പോൾ ഭിത്തിയിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടി മഹിം കാനഡയിലേക്ക് പോയെന്ന് നുണ പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

വളർത്തച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പ്രണയബന്ധത്തെ എതിർത്തുവെന്നുമാണ് കൊല്ലാനുള്ള കാരണമായി പെൺകുട്ടി പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം മാമാങ്കത്തിന് ആശംസകളുമായി മോഹൻലാൽ. മാമാങ്കം മലയാളത്തിന്റെ ഉത്സവമാകട്ടെയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പറഞ്ഞും പറയാതെയും നിറംമങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന വീരകഥയ്ക്ക് ആശംസകൾ നേരുന്നുവെന്നും കുറിപ്പിൽ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ…

‘ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്..’

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് പന്ത്രണ്ടാം തിയതിയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, അനുസിതാര, കനിഹ, സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു

ഹിന്ദു ദേവനായ ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പെട്ടെന്നു തന്നെ പിന്‍വലിക്കണമെന്ന് ക്ലിഫ്ടണ്‍ (ന്യൂജേഴ്സി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണിനോട് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെട്ടു. ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന ഉൽപന്നം എത്രയും വേഗം പിന്‍‌വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണപതി ഹിന്ദുമതത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നതാണെന്നും ക്ഷേത്രങ്ങളിലോ വീടുകളിലെ പൂജാമുറികളിലോ ആരാധനാലയങ്ങളിലോ ആരാധിക്കപ്പെടേണ്ടതാണെന്നും ഒരാളുടെ അടിവസ്ത്രം അലങ്കരിക്കരുതെന്നും രാജന്‍ സെഡ് നെവാഡയില്‍ പ്രസ്താവനയില്‍ പറഞ്ഞു. വാണിജ്യപരമായോ മറ്റു മാര്‍ഗങ്ങളിലോ ഹിന്ദു ദേവതകളുടെയോ സങ്കല്‍പ്പങ്ങളുടെയോ ചിഹ്നങ്ങളുടെ അനുചിതമായ ഉപയോഗം ഭക്തരെ വേദനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പിന്‍വലിക്കുന്നതിനോടൊപ്പം ഔപചാരികമായി ക്ഷമാപണം നടത്താനും കസ്റ്റമണിനോട് രാജന്‍ സെഡ് അഭ്യർഥിച്ചു. 1.1 ബില്യണ്‍ അനുയായികളും സമ്പന്നമായ ദാര്‍ശനിക ചിന്തയുമുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മൂന്നാമത്തേതുമായ മതമാണ് ഹിന്ദു മതം. ആ മതത്തെ നിസ്സാരമായി കാണരുത്. വലുതോ ചെറുതോ ആയ ഏതെങ്കിലും വിശ്വാസത്തിന്‍റെ ചിഹ്നങ്ങള്‍ തെറ്റായി കൈകാര്യം ചെയ്യരുത്– രാജന്‍ സെഡ് അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്ക് അണിയാന്‍ ഗണേഷ് തോംഗ്, ഗണേഷ് പാന്‍റി എന്നിവയ്ക്ക് 18.64 ഡോളര്‍ വീതമാണ് വിലയിട്ടിരിക്കുന്നത്. ഗണേഷ് തോംഗ് ധരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ‘സെക്സി’ ആകാന്‍ കഴിയും എന്നാണ് പ്രൊഡക്റ്റ് വിവരങ്ങളില്‍ കൊടുത്തിരിക്കുന്നത്. കസ്റ്റം ടീ ഷര്‍ട്ട് ഡിജിറ്റല്‍ പ്രിന്‍റിംഗ്, എംബ്രോയിഡറി സേവനങ്ങളില്‍ പ്രമുഖരെന്ന് അവകാശപ്പെടുന്ന ‘കസ്റ്റമണിന്’ മറ്റൊരു ഓഫീസ് ന്യൂജെഴ്സിയിലെ ഈറ്റന്‍‌ ടൗണിലുണ്ട്. ടീ ഷര്‍ട്ടുകള്‍, ടാങ്ക് ടോപ്പുകള്‍, ഹൂഡികള്‍, സ്വെറ്റ് ഷര്‍ട്ടുകള്‍, തൊപ്പികള്‍, അടിവസ്ത്രം, ഫോണ്‍ കേസുകള്‍, മഗ്ഗുകള്‍ തുടങ്ങിയവ ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ പെടുന്നു.

ഷെയിം നിഗം പ്രശ്നം പരിഹരിക്കാന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെച്ചൊല്ലി അമ്മയില്‍ പൊട്ടിത്തെറി. സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീര്‍പ്പിലും സഹകരിക്കില്ലെന്ന് നിര്‍വാഹകസമിതിയില്‍ ഒരു വിഭാഗം നിലപാടെടുത്തു. ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്ന് നിര്‍വാഹകസമിതിയംഗം ഉണ്ണി ശിവപാല്‍ പറഞ്ഞു.

അതേസമയം, ഇനിയൊരു തര്‍ക്കമുണ്ടാവില്ലെന്ന് ഉറപ്പാക്കി മാത്രം ഒത്തുതീര്‍പ്പുമായി മുന്നോട്ടുപോകാനാണ് അമ്മയുടെ തീരുമാനം. ഷെയിനുമായി സംസാരിച്ചെങ്കിലും ചിലകാര്യങ്ങളില്‍കൂടി വ്യക്തതവരുത്തി മാത്രമെ നിര്‍മാതാക്കളെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സമീപിക്കാന്‍ കഴിയുകയുള്ളുവെന്ന് അമ്മ ജനറല്‍ െസക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഒരുവട്ടം ഒത്തുതീര്‍പ്പായ ശേഷം വീണ്ടും വിവാദങ്ങളിലേക്കും നിര്‍മാതാക്കളുടെ കടുത്ത നിലപാടിലേക്കും കടന്ന വിഷയത്തില്‍ നിലവില്‍ സിദ്ദിഖും ഇടവേള ബാബുവുമാണ് ഷെയിനിനോട് സംസാരിച്ചത്.

ഫെഫ്കയുമായി ഷെയ്ന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമെങ്കില്‍ അമ്മയുടെ ഭാരവാഹികള്‍ ഷെയ്നുമായി ഒൗദ്യോഗിക കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമെ ഷെയിനിനായി നിര്‍മാതാക്കളെ സമീപിക്കാന്‍ കഴിയുകയുള്ളുവെന്നും ഇടവേള ബാബു പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ഷെയിന്‍ വിഷയത്തിലെ ഇടപെടല്‍ തിരിച്ചടിക്കുമോയെന്ന ഭയവും അമ്മയുമായി ബന്ധപ്പെട്ടവര്‍ പങ്കുവയ്ക്കുന്നു, വിഷയം ഈ രീതിയില്‍മുന്നോട്ടുപകുമ്പോഴും ഒത്തുതീര്‍പ്പിന് വഴിതുറന്നിട്ടില്ലെന്ന നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചുനില്‍ക്കുകയാണ്.

ഷാര്‍ജ നബയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഷാര്‍ജ ഔവര്‍ ഓണ്‍ സ്‍കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി നന്ദിത (15) ആണ് മരിച്ചത്. ആത്മഹത്യ ചെയ്‍തതാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഷാര്‍ജ ഇത്തിസലാത്തിയില്‍ എന്‍ജിനീയറായ എറണാകുളം സ്വദേശി മുരളിയുടെയും നിഷയുടെയും മകളാണ്.വെള്ളിയാഴ്‍ച രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത് 11 മണിയോടെ കുവൈറ്റ് ഹോസ്‍പിറ്റലില്‍ എത്തിച്ചു. സംഭവമറിഞ്ഞയുടൻ ഷാർജ പോലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പരിശോധനകള്‍ക്കായി ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.

കാര്യവട്ടം ട്വന്റി–20യില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 54 റണ്‍സെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റന്‍ വിരാട് കോലിക്ക് പകരം മൂന്നാമനായാണ് ഡുബെ ഇറങ്ങിയത്. ദുബെയുടെ ആദ്യട്വന്റി–20 അര്‍ധസെഞ്ചുറിയാണ് ഇത്. നായകന്‍ വിരാട് കോലിക്ക് 19 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കെസ്റിക് വില്യംസാണ് കോലിയെ പുറത്താക്കിയത്. കഴി‍ഞ്ഞ മല്‍സരത്തില്‍ വില്യംസിനെതിരായ കോലിയുടെ നോട്ബുക്ക് സെലിബ്രേഷന്‍ ഏറെ ചര്‍ച്ചയായിരുന്നു. 22 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 33 റൺസുമായി പുറത്താകാതെ നിന്ന ഋഷഭ് പന്തിന്റെ പ്രകടനവും ടീമിനെ തുണച്ചു. രോഹിത് ശര്‍മ 15 റണ്‍സും കെ.എല്‍.രാഹുല്‍ 11 റണ്‍സുമെടുത്ത് പുറത്തായി.

രാജ്യാന്തര കരിയറിലെ അഞ്ചാമത്തെ മാത്രം ട്വന്റി20 കളിക്കുന്ന ദുബെയുടെ അർധസെഞ്ചുറി പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. മൂന്നാം നമ്പറിലേക്ക് ലഭിച്ച ബാറ്റിങ് പ്രമോഷൻ മുതലെടുത്താണ് ദുബെ ആദ്യ രാജ്യാന്തര അർധസെഞ്ചുറി കുറിച്ചത്. 27 പന്തുകൾ നേരിട്ട ദുബെ രണ്ടു ഫോറും നാലു സിക്സും സഹിതമാണ് അർധസെ‍ഞ്ചുറി പിന്നിട്ടത്. വിൻഡീസ് നായകൻ കീറോൺ പൊള്ളാർഡിനെതിരെ ഒരു ഓവറിൽ നേടിയ മൂന്നു സിക്സ് സഹിതമാണിത്. അർധസെഞ്ചുറി പൂർത്തിയാക്കി അധികം വൈകാതെ ദുബെ പുറത്തായി. 30 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 54 റൺസെടുത്ത ദുബെയെ ഹെയ്ഡൻ വാൽഷിന്റെ പന്തിൽ ഹെറ്റ്മയർ ക്യാച്ചെടുത്തു പുറത്താക്കി.

ക്യാപ്റ്റൻ വിരാട് കോലി 17 പന്തിൽ രണ്ടു ഫോറുകൾ സഹിതം 19 റൺസെടുത്ത് പുറത്തായി. കെസറിക് വില്യംസിനായിരുന്നു വിക്കറ്റ്. കഴിഞ്ഞ മത്സരത്തിൽ വില്യംസിനെ സിക്സറിനു പറത്തിയ ശേഷം കോലി നടത്തിയ ‘നോട്ട്ബുക് ആഘോഷം’ വൈറലായിരുന്നു. എന്നാൽ, വിക്കറ്റ് ആഘോഷിക്കാനെത്തിയ സഹതാരങ്ങളോട് ചുണ്ടിൽ വിരൽ ചേർത്ത് ‘നിശബ്ദരാകൂ’ എന്ന് അടയാളം കാട്ടിയാണ് വില്യംസ് വിക്കറ്റ് പ്രതികരിച്ചത്. കോലിയെക്കൂടി മാറ്റിനിർത്തിയാൽ വിൻഡീസ് ബോളർമാർ എക്സ്ട്രാ ഇനത്തിൽ വഴങ്ങിയ 18 റൺസാണ് ഇന്ത്യയുടെ ‘ടോപ് സ്കോറർ’. രോഹിത് ശർമ (18 പന്തിൽ 15), ലോകേഷ് രാഹുൽ (11 പന്തിൽ 11), ശ്രേയസ് അയ്യർ (11 പന്തിൽ 10), രവീന്ദ്ര ജഡേജ (11 പന്തിൽ ഒൻപത്), വാഷിങ്ടൺ സുന്ദർ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ദീപക് ചാഹർ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

വിൻഡീസിനായി കെസറിക് വില്യംസ്, ഹെയ്ഡൻ വാൽഷ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കലിഞ്ഞ മത്സരത്തിൽ 3.4 ഓവറിൽ 60 റൺസ് വഴങ്ങി നാണംകെട്ട വില്യംസ്, തിരുവനന്തപുരത്ത് നാല് ഓവറിൽ 30 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഇതിൽ കഴിഞ്ഞ മത്സരത്തിൽ വില്യംസിനെ പരിഹസിച്ച കോലിയുടെ വിക്കറ്റും ഉൾപ്പെടുന്നു. വാൽഷ് നാല് ഓവറിൽ 28 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്. ഷെൽഡൺ കോട്രൽ, ഖാരി പിയറി, ജെയ്സൻ ഹോള്‍ഡർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

RECENT POSTS
Copyright © . All rights reserved