ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ ജയില്‍ മോചിതനായി. ബുധനാഴ്ച രാവിലെയോടെ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ചതിന് പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ബോബി ജയിലില്‍നിന്ന് പുറത്തിറങ്ങി. ട്രാഫിക് ബ്ലോക് കാരണമാണ് ചൊവ്വാഴ്ച ഉത്തരവ് ജയിലില്‍ എത്തിക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് സത്യവാങ്മൂലമായി ജയില്‍ അധികൃതര്‍ക്ക് എഴുതി നല്‍കി.
വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി കഴിഞ്ഞ ദിവസം ജയില്‍മോചിതനാകാന്‍ തയ്യാറായിരുന്നില്ല. ജയിലിന് പുറത്തെത്തിയ ബോബി ഇക്കാര്യം ആവര്‍ത്തിച്ചു. അത് കോടതി അലക്ഷ്യമല്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ബോബി തയ്യാറായില്ല. ബോബിയെ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് അനുവദിക്കാതെ അഭിഭാഷകര്‍ കൂട്ടിക്കൊണ്ടുപോയി.
കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്. രാത്രി ഏഴരവരെയാണ് ജയിലിൽനിന്ന് പുറത്തിറങ്ങാനുള്ള സമയം അനുവദിച്ചത്. ബോബി ജയില്‍മോചിതനാകുമെന്ന പ്രതീക്ഷയില്‍ നൂറുകണക്കിനാളുകള്‍ ജയില്‍ക്കവാടത്തിന് മുന്നില്‍ എത്തിയിരുന്നു. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു.
പ്രതിഭാഗത്തിന്റെ ഈ നടപടികളില്‍ ഹൈക്കോടതിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് കേസ് വീണ്ടും പരിഗണനയ്‌ക്കെടുത്തു. ബുധനാഴ്ച രാവിലെ 10.15-ഓടെ ബോബിയുടെ അഭിഭാഷകരോട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോബിയെ തിരക്കിട്ട് ജയിലിന് പുറത്തെത്തിച്ചത്.
കുടുംബക്കാർ സമാധിയിരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപൻസ്വാമിയുടെ സമാധിപീഠം തുറക്കാനായുള്ള കളക്ടറുടെ ഉത്തരവ് ബുധനാഴ്ച ഉണ്ടായേക്കും. സമാധിപീഠം തുറക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ബുധനാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും. തിങ്കളാഴ്ച സമാധിസ്ഥലം തുറക്കാനുള്ള ശ്രമം സംഘർഷാവസ്ഥയെത്തുടർന്ന് പോലീസ് ഉപേക്ഷിക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവുണ്ടായാൽ ബുധനാഴ്ച ശക്തമായ പോലീസ് സുരക്ഷയിൽ സമാധി തുറക്കാനാണ് ശ്രമം.
അതിയന്നൂർ, ആറാലുംമൂട്, കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻസ്വാമിയെ (69) കാണ്മാനില്ലെന്ന രണ്ടു നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പോലീസ് തിങ്കളാഴ്ച സമാധി പൊളിക്കാൻ എത്തിയത്. വീട്ടുകാരുടെയും ചില ഹൈന്ദവ സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ചെങ്കിലും ആളിനെ കണ്ടെത്താനായി സമാധി പൊളിച്ചേ തീരൂയെന്നാണ് പോലീസ് നിലപാട്.
വീട്ടുകാർ നൽകിയ മൊഴിപ്രകാരം ഗോപൻസ്വാമി സ്വയമേ നടന്ന് സമാധിപീഠത്തിലിരുന്നെന്നും തുടർന്ന് സമാധിയായെന്നുമാണ്. ജീവൽസമാധിയായതിനാലാണ് നാട്ടുകാരെയോ, ബന്ധുക്കളെയോ അറിയിക്കാത്തതെന്നുമാണ് പറഞ്ഞത്. എന്നാൽ മരണം സ്ഥിരീകരിക്കാനായി വീട്ടുകാർ ഡോക്ടറെക്കൊണ്ട് പരിശോധന നടത്തിയില്ല.
ഇതാണ് നാട്ടുകാരിൽ സംശയമുളവാക്കിയതും പോലീസിൽ പരാതി നൽകാനിടയാക്കിയതും. ഗോപൻസ്വാമിയുടെ തിരോധാനത്തിൽ കുറ്റകൃത്യം നടന്നെന്ന നിലപാടാണ് പോലീസിന്. അതുകൊണ്ട് സമാധി പൊളിക്കുന്നതിനു വീട്ടുകാർക്ക് നോട്ടീസ് നൽകേണ്ടതില്ലെന്ന് ഡിവൈ.എസ്.പി. എസ്.ഷാജി പറഞ്ഞു.
അച്ഛൻ സ്വമേധയ സമാധിയായതാണെന്നും ജീവൽ സമാധിയായതിനാൽ ഹൈന്ദവ ആചാരപ്രകാരം സമാധി തുറക്കാനാവില്ലെന്ന വാദമുയർത്തി ഗോപൻസ്വാമിയുടെ ഭാര്യയും മക്കളും ബുധനാഴ്ച ഹൈക്കോടതിയെ സമീപിക്കും. ബുധനാഴ്ച രാവിലെ റിട്ട് പെറ്റീഷൻ സമർപ്പിക്കുമെന്ന് വീട്ടുകാരുടെ അഭിഭാഷകനായ രഞ്ജിത്ചന്ദ്രൻ വ്യക്തമാക്കി.
തിങ്കളാഴ്ചയുണ്ടായ സംഭവവികാസങ്ങൾക്കിടെ സബ്കളക്ടറുടെയും ഡിവൈ.എസ്.പി.യുടെയും നേതൃത്വത്തിൽ വിളിച്ച യോഗത്തിൽ സമാധി പൊളിക്കുന്നതു സംബന്ധിച്ച് ആർ.ഡി.ഒ.യോ, കളക്ടറോ നോട്ടീസ് നൽകണമെന്നാണ് വീട്ടുകാർ ആവശ്യപ്പെട്ടത്. എന്നാൽ, ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്ന് മൂത്തമകൻ സനന്ദൻ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക് ഷെയറിലെ പ്രമുഖ മലയാളി സംഘടനയായ യോർക്ക് ഷെയർ കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിഡൻറ് ബിനോയി അലക്സിന്റെ മാതാവ് കുറുപ്പൻന്തറ കാരണം കോട്ട് പരേതനായ കെ. എം ചാണ്ടിയുടെ ഭാര്യ ആലിസ് ചാണ്ടി (80) നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ജനുവരി 16 വ്യാഴാഴ്ച 3. 30ന് സ്വഭവനത്തിൽ ആരംഭിച്ച് പേരൂർ സെൻറ് സെബാസ്റ്റ്യൻസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. പരേത കുറുപ്പൻന്തറ കണ്ടാരപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : ബിനി ബെന്നി, ബിനു അലക്സ്, ബിനോയ് അലക്സ് (യു കെ )
മരുമക്കൾ: ബെന്നി ജേക്കബ് (ആകാശാലയിൽ, പിറവം, ) സിന്ധു അലക്സ് (പുല്ലാനപ്പള്ളിയിൽ, കോട്ടയം) ദിവ്യാ അലക്സ് (കൊച്ചുപറമ്പിൽ, കോട്ടയം, യുകെ ).
ബിനോയി അലക്സിൻെറ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മലപ്പുറത്ത് നവവധുവിനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് എന്ന പത്തൊമ്പതുകാരിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് 10 മണിയോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നതോടെയാണ് പെണ്‍കുട്ടിയുടെ മരണ വിവരം പുറത്തറിയുന്നത്.
എന്നാല്‍ ബിരുദ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയ്ക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി അവഹേളിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്.
വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഷഹാനയെ നിര്‍ബന്ധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പരാതി. 2024 മെയ് 27 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത്. പിന്നീട് ഭര്‍ത്താവ് ഗള്‍ഫിലേക്ക് തിരിച്ച് പോയി. അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വിവാഹ മോചനം ആവശ്യപ്പെട്ടിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിച്ചു.
നടി ഹണി റോസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയിലില്‍ നിന്നും പുറത്തു വരില്ല. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും വിവിധ സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് പുറത്തിറങ്ങാന്‍ കഴിയാത്ത മറ്റ് തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താന്‍ പുറത്തു വരുന്നില്ലെന്ന് അദേഹം അഭിഭാഷകരെ അറിയിക്കുകയായിരുന്നു. ഇത്തരം തടവുകാര്‍ പുറത്തിറങ്ങും വരെ താനും ജയിലില്‍ തന്നെ തുടരുമെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.
അഭിഭാഷകര്‍ ഇല്ലാതെയും ബോണ്ട് തുക കെട്ടിവയ്ക്കാന്‍ കഴിയാതെയും നിരവധി പേര്‍ ജയിലില്‍ കഴിയുന്നുണ്ടെന്നും ഇവര്‍ പുറത്തിറങ്ങും വരെ താനും ജയിലില്‍ കിടക്കുമെന്നുമാണ് കാക്കനാട് ജയിലിലുള്ള ബോബി അഭിഭാഷകരെ അറിയിച്ചത്. ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂര്‍ നാളെ പുറത്തിറങ്ങുമോ എന്ന കാര്യം വ്യക്തമല്ല.
ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഉത്തരവ് ഇന്ന് വൈകുന്നേരം പുറത്തിറങ്ങിയിരുന്നു. പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് വിലയിരുത്തിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബോബിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാന്‍ മെന്‍സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജയില്‍ കവാടത്തില്‍ എത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ്ഫീൽഡിൽ താമസിക്കുന്ന വിൽസൺ ജോസഫിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് പുതിയപറമ്പിലിൽ (89) നിര്യാതയായി. പരേതനായ വെള്ളൂക്കുന്നേൽ പുതിയാപറമ്പിൽ പി സി ജോസഫിൻെറ ഭാര്യയാണ് . മൃതസംസ്കാര ശുശ്രൂഷകൾ 18-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പറത്താനം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്.
മക്കൾ: ആലീസ് സെബാസ്റ്റ്യൻ, സിസിലി ജോസഫ്, റുബിസൺ ജോസഫ്, ഫാ. ജേക്കബ് പുതിയാപറമ്പിൽ(വികാരി സെന്റ് തോമസ് ചർച്ച് പൂവത്തോട്), സോമി ജോജി, വിത്സൺ ജോസഫ് (യുകെ ), ജെയ്സൺ ജോസഫ് (എച്ച്എസ്എസ്ടി കൊമേഴ്സ്, സെൻ്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രവിത്താനം), ഡോ . സാന്റി ടെനി ( വൈസ് പ്രിൻസിപ്പൽ, സെൻ്റ് അലോഷ്യസ് കോളേജ്, എടത്വാ)
മരുമക്കൾ: പരേതനായ ടി സി സെബാസ്റ്റ്യൻ തയ്യിൽ ആലക്കോട്, ഔസേപ്പച്ചൻ ഐക്കര പാതാമ്പുഴ. സലോമി റുബിസൺ ആലപ്പാട്ട് ചേന്നാട്, ജോജി ജേക്കബ് മണ്ണംപ്ലാക്കൽ എരുമേലി, സ്മിത വിൽസൺ അരീപറമ്പിൽ മാട്ടുക്കട്ട (യുകെ), ജൂബി സ്കറിയ വാളിപ്ലാക്കൽ പെരിങ്ങുളം (എച്ച്എസ്ടി ഇംഗ്ലീഷ് സെൻ്റ് മേരീസ് എച്ച്എസ്എസ് തീക്കോയി), ടെനി ജോർജ് പിണക്കാട്ട് ഇടമറുക് (എസ് ജെ ഐഎച്ച്എംസിടി പാലാ).
വിൽസൺ ജോസഫിൻെറ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
റോമി കുര്യാക്കോസ്
സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഒ ഐ സി സി (യു കെ) – യുടെ പ്രഥമ ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15, ശനിയാഴ്ച സംഘടിപ്പിക്കും. ‘All U K Men’s Doubles – Intermediate & Age Above 40 Yrs Badminton Tournament’ എന്ന പേരിൽ നടത്തപ്പെടുന്ന ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം പാലക്കാട് നിയമസഭാ മണ്ഡലം പ്രതിനിധിയും കേരള രാഷ്ട്രീയത്തിലെ യൂത്ത് ഐക്കണുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിക്കും. കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ് എം മഹാദേവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
സ്റ്റോക്ക് – ഓൺ – ട്രെന്റിലെ സെന്റ്. പീറ്റേഴ്സ് കോഫ് ആക്കാഡമിയിൽ വച്ച് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾക്ക്, ഒ ഐ സി സി (യു കെ) – യുടെ സ്റ്റോക്ക് – ഓൺ – ട്രെന്റ് യൂണിറ്റ് ആതിഥേയത്വം വഹിക്കും.
ഡബിൾസ് ഇന്റർമീഡിയേറ്റ് വിഭാഗത്തിലെ വിജയികൾക്ക് £301 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്ക് £201 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് £101 പൗണ്ടും ട്രോഫിയും എന്നിങ്ങനെയാണ് സമ്മാനങ്ങൾ. 40 വയസ്സിനു മുകളിലുള്ള വിഭാഗത്തിലെ വിജയികൾക്ക് £201 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് £101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് £75 പൗണ്ടും ട്രോഫിയും എന്നിങ്ങനെയാണ് സമ്മാനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
സാമൂഹിക – രാഷ്ട്രീയ – ചാരിറ്റി പ്രവർത്തനങ്ങളിലും കലാ – സാംസ്കാരിക വേദികളിലും നിറഞ്ഞ സാന്നിധ്യമായ ഓ ഐ സി സി, യു കെയിൽ ആദ്യമായാണ് ഒരു കായിക മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതെന്ന് നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. ടൂണമെന്റിന്റെ സുഗമമായ നടത്തിപ്പിന് സ്റ്റോക്ക് – ഓൺ – ട്രെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാഷണൽ ജോയിന്റ് സെക്രട്ടറി വിജീ കെ പിയെ ടൂർണമെന്റിന്റെ ചീഫ് കോർഡിനേറ്റർ ആയി നിയമിച്ചുകൊണ്ട് ഒരു കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ, പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇതോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ഒന്നിൽ വിളിച്ചു ടീമുകൾക്ക് മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ടീമുകൾക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കൂ. പങ്കെടുക്കുന്ന ടീമുകൾ രാവിലെ കൃത്യം 9 മണിക്ക് തന്നെ ‘ലൈൻ അപ്പി’നായി എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക:
ഷൈനു ക്ലെയർ മാത്യൂസ്: +44 7872 514619
വിജീ കെ പി: +44 7429 590337
ജോഷി വർഗീസ്: +44 7728 324877
റോമി കുര്യാക്കോസ്: +44 7776646163
ബേബി ലൂക്കോസ്: +44 7903 885676
മത്സരങ്ങൾ നടക്കുന്ന സ്ഥലം:
St Peter’s CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR

നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ പ്രതിയായ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച വൈകീട്ട് 3.30-ഓടെ ഹൈക്കോടതി ജാമ്യഉത്തരവ് പുറത്തിറക്കും. ഇതിനുപിന്നാലെ ബോബിക്ക് ജയില്‍മോചിതനാകാം.
ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ബോബി ചെമ്മണൂരിനെ എന്തിന് കസ്റ്റഡിയില്‍ വിടണമെന്ന ചോദ്യത്തിന്, പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള ഹാജരായി.
കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചു. എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നായിരുന്നു ദൃശ്യങ്ങള്‍ കണ്ടശേഷം കോടതിയുടെ ചോദ്യം. അതിനിടെ, ആ സമയത്ത് നടിക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം പറഞ്ഞു. എന്നാല്‍, നടിയുടെ മാന്യത കൊണ്ടാണ് അവര്‍ ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നതെന്ന് കോടതി പറഞ്ഞു.
നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബോബിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്. കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂര്‍ നിലവില്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. റിമാന്‍ഡിലായി ആറാംദിവസമാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിക്കാമെന്ന് വ്യക്തമാക്കിയത്. ജാമ്യം ഉത്തരവ് പുറത്തിറങ്ങുന്നതോടെ ചൊവ്വാഴ്ചതന്നെ ബോബി ചെമ്മണൂര്‍ ജയില്‍മോചിതനായേക്കും.
ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം ഇന്ന്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടന്നു. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് സന്നിധാനത്ത് എത്തും. തുടന്ന് ദീപാരാധനയും ഇതിനുശേഷം പൊന്നമ്പല മേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരനക്ഷത്രവും തെളിയും.
സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്. വെര്‍ച്വല്‍, സ്‌പോട്ട് ബുക്കിംഗിലൂടെ നാല്പത്തി ഒന്നായിരം തീര്‍ഥാടകരെയാണ് സന്നിധാനത്തെക്ക് ഇന്ന് പ്രതീക്ഷിക്കുന്നത്. നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്കുശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ കടത്തിവിടില്ല.
മകര വിളക്ക് കാണാവുന്ന സ്ഥലങ്ങള്‍
നിലക്കല്‍, അട്ടത്തോട്, അട്ടത്താട് പടിഞ്ഞാറെ കോളനി, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല,പമ്പ, ഹില്‍ടോപ്പ്, ഹില്‍ടോപ്പ് മധ്യഭാഗം,വലിയാനവട്ടം, സന്നിധാനം, പാണ്ടിത്താവളം, ദര്‍ശന കോപ്ലക്സിന്റെ പരിസരം, അന്നദാന മണ്ഡപത്തിന്റെ മുന്‍വശം, തിരുമുറ്റം തെക്കുഭാഗം, ആഴിയുടെ പരിസരം, കൊപ്രാക്കളം, ജ്യോതിനഗര്‍, ഫോറസ്റ്റ് ഓഫീസിന്റെ മുന്‍വശം, വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ പരിസരം
രണ്ട് വര്‍ഷത്തിനിടയില്‍ ഒറ്റ ദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ട് രൂപ. ഇന്ന് ഡോളറിനെതിരെ 58 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ താഴ്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി. 86.62 ലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്.
അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വിലയുടെ കുതിപ്പുമാണ് രൂപയെ ബാധിച്ചത്. ഇന്ന് 86.12 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. 0.67 ശതമാനം ഇടിവാണ് ഇന്ന് രൂപ നേരിട്ടത്. 2023 ഫെബ്രുവരി ആറിലെ 68 പൈസയുടെ ഇടിവാണ് ഇതിന് മുന്‍പത്തെ വലിയ മൂല്യത്തകര്‍ച്ച. രണ്ടാഴ്ചക്കിടെ ഒരു രൂപയുടെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായത്.
അമേരിക്കയയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച തൊഴില്‍ വളര്‍ച്ച ഉണ്ടായതാണ് ഡോളര്‍ ശക്തിയാര്‍ജിക്കാന്‍ കാരണം. ഇതിന്റെ ഫലമായി യുഎസ് കടപ്പത്ര വിപണിയില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും രൂപയ്ക്ക് തിരിച്ചടിയായി. ഇതിന് പുറമേയാണ് അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 81 ഡോളറിലേക്ക് നീങ്ങുകയാണ്. ഇറക്കുമതിക്കാര്‍ക്ക് ഇടയില്‍ ഡോളര്‍ ആവശ്യകത വര്‍ധിക്കാന്‍ ഇത് ഇടയാക്കി. ഇതും രൂപയുടെ മൂല്യത്തെ ബാധിച്ചതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ ഓഹരി വിപണിയിലും കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റാണ് താഴ്ന്നത്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതുമാണ് ഓഹരി വിപണിയെ ബാധിച്ചത്.
സെന്‍സെക്സ് 1,048 പോയിന്റ് നഷ്ടത്തോടെ 76,330 ല്‍ ക്ലോസ് ചെയ്തു. 345 പോയിന്റ് നഷ്ടത്തോടെ 23,085 ലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്. പവര്‍ഗ്രിഡ്, അദാനി പോര്‍ട്സ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ്, സൊമാറ്റോ, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.