കർണാടകയിലെ ഭരണം പിടിക്കാൻ വിമത കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിക്കൊണ്ട് നടത്തിയ നടപടി പാര്‍ട്ടി അധ്യക്ഷൻ അമിത് ഷായുടെ അറിവോടെയെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്താൻ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാര്‍ നടത്തിയ “ത്യാഗം” ചിലർ അംഗീകരിക്കുന്നില്ല. കർണാടകയിലെ സർക്കാറിനെ സംരക്ഷിക്കാൻ സംസ്ഥാനത്തെ ചില ബിജെപി നേതാക്കൾ രംഗത്തെത്തുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
അയോഗ്യരായ എംഎൽഎമാർ തന്നിൽ വിശ്വാസമർപ്പിച്ചെത്തുകയും അവരുടെ പിന്തുണയിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത സംഭവത്തെ ഒരു “കുറ്റകൃത്യം” ചെയ്തതായാണ് ചിലർ കാണുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു. ഹുബള്ളിയിൽ അടുത്തിടെ നടന്ന പാർട്ടി യോഗത്തിലായിരുന്നു നേതാക്കൾക്കെതിരെ യെഡിയൂരപ്പയുടെ ആക്ഷേപം. ഡിസംബർ 5 ൽ നടക്കാനിരിക്കുന്ന 15 നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി അയോഗ്യരായ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർക്ക് ടിക്കറ്റ് നൽകുന്നതിനെതിരെയുള്ള എതിർപ്പിന് എതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിരോധം.
വിമത കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാരെ മുൻ നിർത്തിയുള്ള സഖ്യസർക്കാരിനെതിരായ നീക്കം അവസാന ദിവസങ്ങളിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ നിരീക്ഷണത്തിലായിരുന്നെന്നും പ്രസംഗത്തിന്റെ ഓഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നതായി റിപ്പോർട്ട് പറയുന്നു.
ചില നേതാക്കൾ സംസാരിച്ച രീതി സർക്കാരിനെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് തോന്നുന്നില്ല. 17 എംഎൽഎമാരെ സംബന്ധിച്ച തീരുമാനം യെഡിയൂരപ്പയോ മറ്റേതെങ്കിലും സംസ്ഥാന നേതാവോ എടുത്തിട്ടില്ലെന്ന് നിങ്ങൾക്കറിയാം. ആ തീരുമാനം ദേശീയ പ്രസിഡന്റിന് അറിയാമായിരുന്നു, രണ്ടര മാസത്തോളം അവരെ മുംബൈയിൽ പാർപ്പിക്കുകയും, പിന്നീട് സംഭവിച്ച കാര്യങ്ങളും നിങ്ങൾക്കെല്ലാവർക്കും അറിയാം, ശരിയല്ലേ? മുഖ്യമന്ത്രി പറയുന്നു.
2.5 മുതൽ 3 മാസം വരെ അവർ തങ്ങളുടെ നിയോജകമണ്ഡലത്തിൽ പോകുകയോ കുടുംബത്തെ കാണുകയോ ചെയ്തിട്ടില്ല. നിങ്ങൾക്കത് അറിയാം, ശരിയല്ലേ? ഡിസംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പോടെ സർക്കാർ ഭരണം ഉറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അയോഗ്യരായ എംഎൽഎമാർക്ക് ബിജെപിയിൽ നിന്ന് മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ടിക്കറ്റുകൾ നൽകുമെന്ന് യെദ്യൂയൂരപ്പയുടെ നേരത്തെയുള്ള പ്രഖ്യാപനം പാർട്ടി നേതാക്കളുടെ എതിർപ്പ് ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
സംഭവം തൊടുപുഴ കരിങ്കുന്നം ഗവ. എൽപി സ്കൂളിൽ ‘പോകരുതേ ടീച്ചർ…’ തേങ്ങിക്കരഞ്ഞ് വിദ്യാർഥികൾ അപേക്ഷിച്ചപ്പോൾ സ്കൂളിന്റെ പടിയിറങ്ങുന്ന അമൃതയ്ക്ക് സങ്കടം അടക്കാനായില്ല. താൽക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആർ. അമൃതയെ തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എ.അപ്പുണ്ണി ഉത്തരവിലൂടെ പുറത്താക്കുകയായിരുന്നു. കെ.ആർ.അമൃത, സ്കൂളിന്റെ പടിയിറങ്ങിയപ്പോൾ കുട്ടികൾ കൂട്ടത്തോടെ കരഞ്ഞ് പ്രധാന ഗേറ്റിലേക്കോടി വന്നത് നാടകീയ രംഗങ്ങൾക്കിടയാക്കി.
കുട്ടികളെ അമൃത മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചില കുട്ടികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസ ഉപഡയറക്ടർക്കു വ്യാഴാഴ്ച പരാതി നൽകിയിരുന്നു. അമൃതയെ കൂടാതെ സ്കൂളിലെ പ്രധാനാധ്യാപിക പി.എസ്. ഗീതയും താൽക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് പ്രധാനാധ്യാപിക ഗീതയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഇന്നലെ സസ്പെൻഡ് ചെയ്യുകയും അമൃതയെയും ജിനില കുമാറിനെയും പുറത്താക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് പുറത്താക്കിയെന്നും ഇനി മുതൽ ജോലിക്കു വരേണ്ടെന്നും സ്കൂൾ അധികൃതർ അമൃതയെ അറിയിച്ചത്.
ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചർ പോകരുതെന്നു പറഞ്ഞ് കുട്ടികൾ വളഞ്ഞതോടെ അമൃത ക്ലാസിൽ നിന്നു പുറത്തിറങ്ങി. ഇതിനിടെ സ്കൂളിലെ ചില അധ്യാപികമാർ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിച്ചു. ഈ സമയം ചില പിടിഎ അംഗങ്ങൾ സ്കൂളിലെത്തി അമൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിടിഎ അംഗങ്ങളുടെ അധിക്ഷേപത്തിൽ മനം നൊന്ത് അമൃത സ്കൂളിനു പുറത്തേക്ക് ഓടിയപ്പോൾ കുട്ടികളും പ്രധാന ഗേറ്റ് വരെ എത്തി.
ഒരിക്കൽ പോലും ടീച്ചർ തല്ലിയിട്ടില്ലെന്നു കുട്ടികൾ മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും പറഞ്ഞു. മാധ്യമപ്രവർത്തകരെ കണ്ടതോടെ ചില പിടിഎ അംഗങ്ങൾ ഇവരെ ആക്രമിക്കാനും ക്യാമറ പിടിച്ചു വാങ്ങാനും ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ഇടത് അധ്യാപക സംഘടനയിലെ അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയും മനഃപൂർവം പരാതികൾ കെട്ടിച്ചമയ്ക്കുകയും ചെയ്താണെന്ന് അമൃത പറഞ്ഞു. സീനിയർ അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാ ഉപഡയറക്ടർക്ക് പരാതി നൽകിയതിന്റെ പ്രതികാരം തീർക്കാനാണ് സംഘടനയിലെ അധ്യാപകർ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത ആരോപിച്ചു.
എന്നാൽ, നടപടി എടുത്ത അധ്യാപികമാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ പതിനേഴോളം കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ നേരിട്ട് സ്കൂളിലെത്തി അന്വേഷണം നടത്തിയതിന്റെ ബാക്കിയാണ് അച്ചടക്ക നടപടിയെന്നും എഇഒ എ. അപ്പുണ്ണി പറഞ്ഞു. പിടിഎ അംഗങ്ങൾ ആരെയും ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അധ്യാപികയോടൊപ്പം വന്നവരാണു പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും പിടിഎ വൈസ് പ്രസിഡന്റ് കെ. ഷാജി പറഞ്ഞു.
മണർകാട് പള്ളി പിടിച്ചെടുക്കാനുള്ള ഓർത്തഡോക്സ് സഭയുടെ ഏതൊരു നീക്കത്തെയും നാനാജാതി മതസ്ഥരുടെ കൂട്ടായ്മയോടെ ചെറുത്തു നില്ക്കുമെന്ന് മണർകാട് സെന്റ് മേരീസ് പള്ളി ഭാരവാഹികൾ വ്യക്തമാക്കി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പിറവം, കോതമംഗലം പള്ളിക്കു ശേഷം മണർകാട് സെന്റ് മേരീസ് യാക്കോബായ പള്ളി പിടിച്ചെടുക്കുമെന്നാണ് ഓർത്തഡോക്സ് സഭാ അധികൃതർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഭൂരിപക്ഷവും യാക്കോബായക്കാർ മാത്രമുള്ള മണർകാട് പള്ളി സ്വന്തമാക്കാൻ അവർക്ക് യാതൊരു അവകാശവുമില്ല. ഇത്തരം ഒരു നീക്കത്തിൽ നിന്നും അവർ പിന്തിരിയണം. ഞങ്ങൾക്ക് ആരുടെയും പള്ളി സ്വത്തുക്കൾ വേണ്ട. ഞങ്ങളുടെ പള്ളിയും സെമിത്തേരിയും സംരക്ഷിക്കാൻ സമാധാനപൂർണ്ണമായ പ്രതിരോധം സൃഷ്ടിക്കുമെന്നും പള്ളി അധികൃതർ പറഞ്ഞു. ഇത്തരം ഒരു നീക്കത്തിനെതിരെ പ്രതിഷേധിക്കുവാനും സഭ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കാനുമായി അടുത്ത ഞായറാഴ്ച വിശ്വാസ സംരക്ഷണ മനുഷ്യച്ചങ്ങല നടത്തുമെന്ന് അവർ അറിയിച്ചു.
ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് മണർകാട് പള്ളിയിൽ നിന്നും ആരംഭിച്ച് കോട്ടയം ഗാന്ധിസ്ക്വയറിൽ സമാപിക്കുന്ന വിശ്വാസ സംരക്ഷണ ചങ്ങലയിൽ ആയിരക്കണക്കിന് വിശ്വാസികളും നാനാജാതി മതസ്ഥരും സാമൂഹിക- സാംസ്ക്കാരിക- രാഷ്ട്രീയ നേതാക്കളും കണ്ണികളാകുമെന്നും സഹവികാരി ഫാദർ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ, ഫാദർ തോമസ് മറ്റത്തിൽ, ചീഫ് ട്രസ്റ്റി സി.പി ഫിലിപ്പ് ചെമ്മാത്ത്, പുബ്ലിസിറ്റി സമിതി കൺവീനർ സാജു എബ്രഹാം മൈലക്കാട്ട്, ട്രസ്റ്റി രഞ്ജിത് മാത്യു ഒറ്റപ്ലാക്കൽ എന്നിവർ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് ഒത്താശ ചെയ്ത മാതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. കരവാരം ചാത്തമ്പാറ തവക്കൽ മൻസിലിൽ സെനിത്ത് നൌഷാദിന്‍റെ ഭാര്യ ഹയറുന്നിസ(47)യാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതിയും ഹയറുന്നിസയുടെ മകനുമായ ഷിയാസ് ഒളിവിലാണ്.
ഇവരുടെ അകന്ന ബന്ധുവായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് ഷിയാസ് പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാത്തമ്പാറയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ഹയറുന്നിസയായിരുന്നു. ഇവരുടെ അറിവോടെയാണ് ഷിയാസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ പീഡനത്തിനുശേഷം ഷിയാസും ഹയറുന്നിസയും വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറിയതോടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തതോടെ ഹയറുന്നിസയും ഷിയാസും ഒളിവിൽ പോയി.
ഏറെക്കാലമായി ഒളിവിലായിരുന്ന ഹയറുന്നിസ കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷിയാസിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് കിളിമാനൂർ പൊലീസ് അറിയിച്ചു.
പീഡനവിവരം പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലും അറിഞ്ഞിരുന്നു. ഇത് വീട്ടിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഷിയാസും ഒരുക്കമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്. പതിനേഴ് വയസിലും മുന്‍പ് തന്നെ പെണ്‍കുട്ടിയുമായി ഷിയാസിന് ബന്ധമുണ്ട്. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
കരമനയിലെ മരണങ്ങളില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. ശാസ്ത്രീയ പരിശോധനാഫലം പുറത്ത് വരുമ്പോള്‍ മരണങ്ങള്‍ കൊലപാതകം ആയിരിക്കാമെന്ന സൂചനയാണ് നല്‍കുന്നത്. ജയമാധവന്‍ നായരുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്നു മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ട്. തലയില്‍ രണ്ട് മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
2017 ഏപ്രിൽ 2-നാണ് കൂടത്തിൽ കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശി ജയമാധവന്‍ മരിച്ചത്. മുറിവുണ്ടാകാനിടയായ സാഹചര്യം അന്വേഷിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. മുറിയില്‍ വീണ് കിടന്നെന്നായിരുന്നു ആരോപണവിധേയനായ കാര്യസ്ഥന്‍ രവീന്ദ്രൻ നായരുടെ മൊഴി.
എന്നാൽ കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് മുൻകാര്യസ്ഥൻ സഹദേവന്റെയും രവീന്ദ്രൻനായരുടെയും മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
കട്ടിലിൽനിന്ന് വീണ് പരിക്കേറ്റ് തറയിൽ അബോധാവസ്ഥയിൽ കിടന്ന ജയമാധവൻ നായരെ സഹദേവന്റെ സഹായത്തോടെ വിളിച്ച ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെന്നാണ് രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ ഇക്കാര്യം തനിക്കറിയില്ലെന്നാണ് സഹദേവന്റെ മൊഴി.
കൂടത്തില്‍ തറവാട്ടിലെ ഏഴു പേരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. തറവാട്ടിലെ കാരണവൻമാരിൽ ഒരാളായ വേലുപിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയാണ് പരാതിക്കാരി. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരനായ അനില്‍കുമാറും പരാതി നല്‍കിയിരുന്നു.
‘മഹ’ ചുഴലിക്കാറ്റില്‍ കടല്‍ പ്രക്ഷുബ്ധമായപ്പോള്‍ തീരത്തടിഞ്ഞത് സി.പി.ഐ.എം പ്രവര്‍ത്തകന്റെ ബൈക്ക്. മലപ്പുറം തിരൂരില്‍ പറവണ്ണ വേളാപുരം കടല്‍ത്തീരത്താണ് ബൈക്ക് തീരത്തടിഞ്ഞത്.
സി.പി.ഐ.എം പ്രവര്‍ത്തകനായ ഉനൈസിന്റെതാണ് ബൈക്ക്. മൂന്നുമാസം മുമ്പാണ് ബൈക്ക് കാണാതായത്.
ഇന്നലെ പെയ്ത കനത്ത മഴയില്‍ മണല്‍ത്തിട്ടയിടിഞ്ഞ് ഇളകിയതോടെയാണ് ബൈക്ക് കണ്ടെത്തിയത്. ബൈക്ക് കടലില്‍ തള്ളിയതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പൊലീസ് നിഗമനം.
ബൈക്ക് കടലില്‍ തള്ളിയതാണെന്ന് നേരത്തേ നാട്ടില്‍ പ്രചാരണമുണ്ടായിരുന്നു. തിരൂര്‍ പൊലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തിരൂര്‍ എസ്.ഐ ജലീല്‍ അറിയിച്ചു.
ഇന്ത്യന്‍ വംശജനും മുതിര്‍ന്ന എംപി-യുമായ കീത്ത് വാസിനെ യുകെ പാര്‍ലമെന്റ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പുരുഷ ലൈംഗികത്തൊഴിലാളിക്ക് കൊക്കെയ്ന്‍ വാങ്ങി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനാണ് സസ്‌പെന്‍ഷന്‍.
കീത്ത് വാസിനെതിരെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് എംപിമാര്‍ അംഗീകരിക്കുകയായിരുന്നു. അന്വേഷണവുമായി എംപി സഹകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് അംഗീകരിച്ച ലേബര്‍ പാര്‍ട്ടി ദുഃഖകരമായ ദിവസം എന്നാണ് പ്രതികരിച്ചത്. അനാരോഗ്യം മൂലം ആശുപത്രിയിലാണെന്നാണ് കീത്ത് വാസ് അറിയിച്ചിരിക്കുന്നത്.
2016-ല്‍ പുരുഷ ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കീത്ത് വാസിനെതിരെ പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകളാണ് സസ്പെന്‍ഷനിലേക്ക് എത്തിച്ചത്. അന്ന് പരസ്യമായി മാപ്പു പറഞ്ഞ എംപി പൊതുസഭയുടെ ആഭ്യന്തര വകുപ്പ് സമിതി മേധാവി സ്ഥാനം രാജിവച്ചിരുന്നു.
പുരുഷ ലൈംഗികത്തൊഴിലാളികളെ വാഷിംഗ് മെഷിന്‍ വില്‍പനക്കാരനെന്ന പേരില്‍ സമീപിച്ച കീത്ത് വാസ് അവര്‍ക്ക് കൊക്കയ്ന്‍ വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ മറവിരോഗം ഉണ്ടെന്നും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും കീത്ത് വാസ് അന്വേഷണ സമിതിയോടു വ്യക്തമാക്കി.
സ്വന്തം ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ വച്ച് കീത്ത് വാസ് റൊമേനിയക്കാരായ രണ്ട് ലൈംഗികത്തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദമായത്. ഇവര്‍ നടത്തിയ സംഭാഷണം റെക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടിരുന്നു. വാഷിങ് മെഷീന്‍ കമ്പനിയുടെ സെയില്‍സ്മാനാണെന്നു പറഞ്ഞാണു പരിചയപ്പെട്ടത്.
അടുത്ത തവണ കാണുമ്പോള്‍ കൊക്കെയ്ന്‍ വാങ്ങുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ് തുടര്‍ന്നു ചര്‍ച്ച ചെയ്തത്. എന്നാല്‍ ലഹരിമരുന്ന് താന്‍ ഉപയോഗിക്കില്ലെന്നും കീത്ത് വാസ് പറഞ്ഞു. രണ്ടാം തവണ ഇവര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചു കീത്ത് വാസ് സംസാരിക്കുന്നതിന്റെ രേഖകളും പുറത്തുവന്നു.
പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ താഴെയിറക്കാന്‍ പാക്കിസ്ഥാനില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ആരംഭിച്ച പ്രക്ഷോഭം ‘ആസാദി മാര്‍ച്ച്’ ശക്തിപ്പെടുന്നു. ഇന്ന് ഒരു ലക്ഷത്തോളം വരുന്ന പ്രക്ഷേഭകാരികള്‍ ഇസ്ലാമബാദില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചു. ഇമ്രാന്‍ ഖാന്‍ പ്രധാന മന്ത്രി പദം രാജി വെയ്ക്കും വരെ പ്ര്‌ക്ഷോഭം തുടരുമെന്നാണ് ഇവര്‍ പറയുന്നത്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നതിന്റെയും അഴിമതിയുടെയും ഉത്തരവാദിത്വമേറ്റെടുത്ത് ഇമ്രാന്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷമായ രാഷ്ട്രീയക്കാരനായ ജെയുഐ-ഐ നേതാവ് മൗലാന ഫസ്‌ലുര്‍ റഹ്മാനാണ് ഒക്ടോബര്‍ 27ന് സമരത്തിന് തുടക്കമിട്ടത്. സമരം അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്.
ഒക്ടോബര്‍ 31ന് രാജ്യതലസ്ഥാനമായ ഇസ്ലാമാബാദില്‍ എത്തിച്ചേരണമെന്നായിരുന്നു പ്രക്ഷോഭകരുടെ തീരുമാനം. എന്നാല്‍, വാഹനങ്ങളുടെ ആധിക്യം യാത്രയുടെ വേഗത കുറച്ചതിനാല്‍ ഇന്നാണ് തലസ്ഥാനത്തെത്തിയത്. സുക്കുര്‍, മുള്‍ട്ടാന്‍, ലാഹോര്‍, ഗുജ്‌റന്‍വാല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഇസ്ലാമാബാദിലെത്തിയത്. പ്രധാനമന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്ന് ഫസ്‌ലുര്‍ റഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് -നവാസ്, പാകിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി എന്നിവരും സമരത്തില്‍ അണിചേര്‍ന്നു. പെഷവാറിനടുത്തുള്ള മൈതാനത്ത് പ്രക്ഷോഭകര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇമ്രാന്‍ ഖാന്‍ പാവ മുഖ്യമന്ത്രിയാണെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.
അതേസമയം സമരത്തിനെതിരെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. പ്രക്ഷോഭകരും പ്രതിപക്ഷവും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നാണ് ഇമ്രാന്റെ ആരോപണം.
യു.കെ മറ്റൊരു പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ പരസ്യ പ്രതികരണവുമായി യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ബോറിസ് ജോൺസണും നിഗൽ ഫാരേജും ഒരുമിച്ചുനിന്ന് ആര്‍ക്കും ‘തടുക്കാന്‍ കഴിയാത്ത ഒരു ശക്തിയായി മാറണമെന്ന്’ നിര്‍ദേശിച്ച അദ്ദേഹം, ജെറമി കോർബിൻ ‘നിങ്ങളുടെ രാജ്യത്തിന് ഒട്ടും ചേരാത്ത ആളാണെന്ന്’ തുറന്നടിക്കുകയും ചെയ്തു.
അതേസമയം, ജോണ്‍സണ്‍ മുന്നോട്ടു വയ്ക്കുന്ന ബ്രെക്‌സിറ്റ് കരാര്‍ യുഎസുമായി തുടര്‍ന്നൊരു വ്യാപാര കരാർ ഉണ്ടാക്കുന്നതിന് തടസ്സമാണെന്നും ട്രംപ് പറഞ്ഞു. ‘ഇടപാടിലെ ചില വശങ്ങള്‍’ നോക്കുമ്പോള്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ഒരു വ്യാപാര ഉടമ്പടി ഉണ്ടാക്കുക അസാധ്യമാണ്’ അദ്ദേഹം വ്യക്തമാക്കി. യു.കെ-ക്ക് ഒരു സ്വതന്ത്ര വ്യാപാര നയമാണ് ഉണ്ടാവുക എന്ന ജോൺസന്റെ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പ്രസ്താവനയാണ് ട്രംപിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രി ട്രംപുമായി വളരെ അടുപ്പമുള്ളയാളാണെന്നും, യുഎസ് കമ്പനികൾക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള പൊതുമേഖല മൊത്തത്തില്‍ തീറെഴുതി കൊടുക്കുവാനാണ് അദ്ദേഹത്തിന്‍റെ ശ്രമമെന്നുമാണ് ജോണ്‍സണെതിരെ എതിരാളികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ എൻഎച്ച്‌എസ് വാങ്ങാൻ തനിക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞ ട്രംപ്, കോർബിനെതിരെ തിരിയുകയാണ് ചെയ്തത്.
എന്നാല്‍, യുകെ-യുഎസ് വ്യാപാര കരാർ സാധ്യമാകില്ലെന്ന ട്രംപിന്‍റെ വാദത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ‘ഞങ്ങളുടെ നിയമങ്ങളുടെയും, വ്യാപാരത്തിന്‍റെയും, അതിർത്തിയുടേയും നിയന്ത്രണം തിരിച്ചുപിടിക്കുന്ന ഒരു പുതിയ കരാര്‍ ഉണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അതു പ്രകാരം യു.കെ യൂറോപ്യൻ യൂണിയന്‍റെ കസ്റ്റംസ് യൂണിയനിൽ നിന്ന് പുറത്തുപോകും. അതിനർത്ഥം ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം സ്വതന്ത്ര വ്യാപാര ഇടപാടുകൾ നടത്താം എന്നാണ്’- നമ്പര്‍ 10 വ്യക്തമാക്കി. ‘ഞങ്ങൾക്ക് യുകെയുമായി വ്യാപാരം നടത്താൻ ആഗ്രഹമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉണ്ടാക്കാന്‍ പോകുന്ന കരാര്‍ പ്രകാരം അതിന് സാധ്യതയില്ല’ എന്നാണ് ട്രംപ് പറയുന്നത്.
നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് രണ്ട് പേര്‍ കുഴിയെടുക്കുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ പൊലീസിന് വിവരം നല്‍കി. പൊലീസ് എത്തി വിവരം തിരക്കിയപ്പോള്‍ കുട്ടി മരിച്ചതാണെന്നും ബസില്‍ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കാത്തതിനാലാണ് ഇവിടെ അടക്കുന്നതെന്നും മൊഴി നല്‍കി.
തന്‍റെ പേരമകളുടെ കുട്ടിയാണെന്നും പേരമകളും പ്രസവത്തിനിടെ മരിച്ചെന്നും പൊലീസിനെ അറിയിച്ചു. ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ബാഗില്‍ അടച്ച നിലയിലായിരുന്നു കുട്ടി. എന്നാല്‍, ബാഗ് തുറന്ന് പരിശോധിച്ച പൊലീസ് ഞെട്ടി. കുഞ്ഞിന് ജീവനുണ്ടായിരുന്നു. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തച്ഛനും അമ്മാവനുമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.