സംസ്ഥാന ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തിവച്ചു. വോളണ്ടിയറായിരുന്ന വിദ്യാർഥിയുടെ തലയിൽ ഹാമർ വീണ് പരിക്കേറ്റതിനെ തുടർന്നാണ് ചാന്പ്യൻഷിപ്പ് നിർത്തിവച്ചത്. പരിക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുകയാണ്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീൽ ജോണ്സനാ(16)ണു പരിക്കേറ്റത്. അഫീലിനെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
മേലുകാവ് ചെവ്വൂർ കുറിഞ്ഞംകുളം ജോർജ് ജോണ്സന്റെ മകനാണ് അഫീൽ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ ഹാമർ ത്രോ മത്സരം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരുവിഭാഗം കായികാധ്യാപകർ സംസ്ഥാന വ്യാപകമായി നിസഹകരണം നടത്തുന്നതിനിടെയാണു പാലായിൽ ജൂണിയർ അത്ലറ്റിക് മീറ്റ് നടക്കുന്നത്. അധ്യാപകരുടെ കുറവിനെത്തുടർന്നു വിദ്യാർഥികളെ ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു. ജാവലിൻ മത്സര വോളണ്ടിയറായിരുന്ന അഫീൽ ജാവലിൻ എടുക്കാനായി ഗ്രൗണ്ടിലേക്കു നീങ്ങവേ മൂന്നു കിലോ തൂക്കമുള്ള ഹാമർ തലയിൽ വന്നു പതിക്കുകയായിരുന്നു.
അടുത്തടുത്താണ് ഇരു മത്സരവും നടന്നിരുന്നത്. മത്സരങ്ങളുടെ അപകടസാധ്യതകൾക്കനുസരിച്ചു ക്രമീകരണം ഏർപ്പെടുത്താത്തതാണ് ദുരന്തത്തിൽ കലാശിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരേ പാലാ പോലീസ് കേസെടുത്തു. കുറ്റകരമായ അനാസ്ഥയും അശ്രദ്ധയുംമൂലം അപകടമുണ്ടായതിന് 338-ാം വകുപ്പ് പ്രകാരമാണ് കേസ്.
പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ച ജൂനിയര്‍ അത് ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഈരാറ്റുപേട്ട ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്‍സണ്‍ ജോര്‍ജ്ജിന്റെ മകന്‍ അഫീല്‍ ജോണ്‍സനാണ് പരുക്കേറ്റത്.
തലയില്‍ ഹാമര്‍ കൊണ്ട് പരുക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ജാവലിന്‍ എടുത്തുമാറ്റാന്‍ പോകുമ്പോഴാണ് ഹാമര്‍ ത്രോബോള്‍ തലയില്‍ വീണത്. അതേസമയം, കുട്ടി അശ്രദ്ധമായി നിന്നതിനാലാണ് അപകടം നടന്നതെന്ന് അത് ലറ്റിക്ക് മീറ്റ് അസോസിയേഷൻ വിശദീകരിച്ചു.
ഹാമർ എറിയുന്നത് ശ്രദ്ധിക്കാതെ ജാവലിന്‍ എടുക്കാനായി ഫീൽഡിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി ഇപ്പോള്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്. സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചു
അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിവാദ പരാമര്‍ശവുമായി പൊതുമാരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലാണ് ഇടതുമന്ത്രിയുടെ പരാമര്‍ശം. ”
കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയും ജയിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫ് ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ളപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അരൂരില്‍ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോള്‍ എങ്ങനെയാണ് വികസനം കൊണ്ടുവരികയെന്നും അരൂരില്‍ വീണ്ടും ഒരു ഇടത് എംഎല്‍എയാണ് ഉണ്ടാവേണ്ടതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. എരമല്ലൂര്‍ – എഴുപുന്ന റോഡിന്റെ അറ്റകുറ്റപണി തടസപ്പെടുത്തിയതിനാണ് കേസ്. അരൂര്‍ പൊലീസാണ് തുറവൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.
സെപ്റ്റംബര്‍ 27ന് രാത്രി 11 മണിക്ക് ഷാനിമോള്‍ ഉസ്മാനും കോണ്‍പ്രവര്‍ത്തകരും ചേര്‍ന്ന് റോഡ് നിര്‍മ്മാണം തടസപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. രാത്രി പണി നടത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പറഞ്ഞാണ് പണി തടസപ്പെടുത്തിയത്.
ഈ റോഡ് തകര്‍ന്നു കിടക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതികള്‍ രേഖപ്പെടുത്തിയിരുന്നു. അതിനാലാണ് രാത്രി പണിക്കായി പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍ അവിടെ എത്തിച്ചേര്‍ന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വര്‍ക്കല എസ്.ആര്‍. മെഡിക്കല്‍കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊബൈലില്‍ ചിത്രം പകര്‍ത്തുന്നത് തടഞ്ഞ വിദ്യാര്‍ഥിനിക്കാണ് അടികൊണ്ടത്. വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് കോളജ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ആര്‍ മെഡിക്കല്‍ കോളജിലെ എം. ബി.ബി.എസ് സപ്്ളിമെന്‍ററി പരീക്ഷാ ഫലം തടഞ്ഞുവെക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു.
എസ്.ആര്‍ മെഡിക്കല്‍ കോളജിലെ പരീക്ഷാ ഫലം ആരോഗ്യസര്‍വകലാശാല തടഞ്ഞതിനെ കുറിച്ച് സംസാരിച്ച് കൊണ്ടിരുന്ന വിദ്യാര്‍ഥിനിയുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ദൃശ്യം പകര്‍ത്താനാവില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റിഫ് ഉദ്യോഗസ്ഥ രംഗത്തെത്തി.
വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും എസ്.ആര്‍ മെഡിക്കല്‍കോളജിലെ അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥക്കും സെക്യൂരിറ്റി ഉദ്യോഗസ്ഥനും എതിരെ പൊലീസ് കേസെടുത്തു.
കോപ്പിയടികണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ആര്‍ മെഡിക്കല്‍ കോളജിലെ എം. ബി.ബി.എസ്. സപ്്ളിമെന്‍ററി പരീക്ഷാ ഫലം തടഞ്ഞുവെക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു. ഇനി കോളജില്‍ പരീക്ഷാകേന്ദ്രം അനുവദിക്കേണ്ടെന്നും സര്‍വകലാശാലയുടെ ഭരണ സമിതി തീരുമാനമെടുത്തു. എന്നാല്‍ കോളജിലെ പ്രശ്നങ്ങളിലില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
കോളജിനെക്കുറിച്ച് വിദ്യാര്‍ഥികളുന്നയിക്കുന്ന പരാതികള്‍ ശരിയാണെന്ന് മെഡിക്കല്‍ കൗണ്‍സിലും വിജിലന്‍സും കണ്ടെത്തിയിരുന്നു.
കോഴിക്കോട് കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍. ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളില്‍ വനിതയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇവരെ സഹായിച്ചവരാണ് ബന്ധു ഉള്‍പ്പെടെയുള്ള മറ്റ് രണ്ടുപേര്‍. സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
നിരീക്ഷണത്തിലുള്ള വനിതയുടെ മൊഴി ആറുതവണ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പറഞ്ഞ കാര്യങ്ങളില്‍ കാര്യമായ വൈരുദ്ധ്യമുണ്ട്. ചില ചോദ്യങ്ങള്‍ക്കും അന്വേഷണസംഘത്തിന്റെ സംശയങ്ങള്‍ക്കും മറുപടി നല്‍കാനായില്ല.
ഇവരുടെ ഉറ്റ ബന്ധുവും സയനൈഡ് ഉള്‍പ്പെടെ കൈമാറിയ മറ്റൊരാളുമാണ് നിരീക്ഷണത്തിലുള്ളത്. മൂന്ന് മാസത്തിനിടെ അന്വേഷണസംഘം ശേഖരിച്ച തെളിവുകളില്‍ ദുരൂഹമരണങ്ങളില്‍ വനിതയുടെ പങ്ക് വ്യക്തമാണ്. സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തി വൈരാഗ്യവും സംശയങ്ങളും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് നിഗമനം. ആറുപേരുടെയും മരണമുണ്ടായ സമയത്തോ സ്ഥലത്തോ വനിതയുടെ സാന്നിധ്യമുണ്ടായിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും നല്‍കിയിരിക്കുന്ന മൊഴികളും ഈ നിഗമനത്തെ ശരിവയ്ക്കുന്നതാണ്.
ഓരോ മരണത്തിനും വര്‍ഷങ്ങളുടെ ഇടവേള വരുത്തിയത് ബോധപൂര്‍വമായിരുന്നു. നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും വനിത ഒഴിഞ്ഞുമാറി. വേഗത്തിലുള്ള മരണം. ആറുപേരുടെയും മരണത്തിലെ സമാനത. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ഒഴിവാക്കാനുള്ള വ്യഗ്രത ഇക്കാര്യങ്ങളെല്ലാം സംശയം കൂട്ടി. നിരീക്ഷണത്തിലുള്ള മൂന്നുപേരുടെയും ഫോണ്‍വിളിയുടെ വിശദാംശങ്ങളുള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് പാരമ്പര്യമായി ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നുവെന്ന് പ്രചരിപ്പിച്ചതിന് പിന്നിലും വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
താമരശ്ശേരി കൂടത്തായിയിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ള 6 പേരുടെ മരണവും കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണസംഘം.പതിനേഴ് വർഷങ്ങളായി അടക്കം ചെയ്തിരിക്കുന്ന ദുരൂഹതകൾക്കാണ് കൂടത്തായിയിൽ ഉത്തരം കിട്ടേണ്ടത്. 2002 ഓഗസ്റ്റ് 22ന് സംഭവിച്ച ആദ്യമരണത്തിൽ തുടങ്ങി തുടർച്ചയായി ആറ് മരണങ്ങൾ. ആറും അടുത്ത ബന്ധുക്കള്‍. സയനൈഡ് ഉള്ളിൽച്ചെന്നാണു മരണമെന്നാണു സംശയം. മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയാണു മുഖ്യപ്രതിയെന്ന നിഗമനത്തിലാണു പൊലീസ്. ഇവർക്കു സയനൈഡ് എത്തിച്ചുകൊടുത്ത യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടങ്ങി. മരിച്ചവരുടെ ബന്ധുവായ ഇയാൾ നേരത്തേ ജ്വല്ലറി ജീവനക്കാരനായിരുന്നു.
മരിച്ച 6 പേരെയും സംസ്കരിച്ച കല്ലറകൾ തുറന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഇന്നലെ പൊലീസും ഫൊറൻസിക് വിദഗ്ധരും ശേഖരിച്ചു. ഇവ കണ്ണൂരിലെ റീജനൽ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഡിഎൻഎ പരിശോധനയും വിഷത്തിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ശാസ്ത്രീയ പരിശോധനയുമാണ് നടത്തുക. പരിശോധനഫലം വരുന്നതോടെ മരണകാരണം സംബന്ധിച്ച വ്യക്തത ലഭിക്കും.
2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേർ സമാന സാഹചര്യത്തിൽ മരിച്ചത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (57), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം.മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു മരിച്ചത്.
ഭക്ഷണം കഴിച്ചതിനു ശേഷം കുഴഞ്ഞുവീണ് വായിൽ നിന്നു നുരയും പതയും വന്നായിരുന്നു 6 പേരുടെയും മരണം. ഇതിൽ റോയ് തോമസിന്റെ മൃതദേഹം മാത്രമാണു പോസ്റ്റ്മോർട്ടം ചെയ്തത്. ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു.
റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവര്‍ പറഞ്ഞിരുന്നെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പോലീസിന്റെ നിഗമനം. സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യയെ വിവാഹം കഴിക്കുകയായിരുന്നു.
ടോം തോമസിന്റെ സ്വത്തുക്കൾ മകൻ റോയ് തോമസിന്റെ മരണശേഷം റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്കു മാറ്റിയതിനെതിരെ ടോം തോമസിന്റെ മറ്റു രണ്ടു മക്കൾ പരാതി നൽകിയിരുന്നു. ടോം തോമസ് മരണത്തിനു മുൻപേ എഴുതിവച്ച ഒസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വത്തു കൈമാറ്റം എന്നായിരുന്നു വാദമെങ്കിലും ഒസ്യത്ത് സംശയകരം എന്ന പരാതി ഉയർന്നതോടെ സ്വത്തു കൈമാറ്റം റദ്ദാക്കി.
ഇതിനു പിന്നാലെയാണു ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡിവെഎസ്പി ആർ.ഹരിദാസൻ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആറു മരണങ്ങളുടെയും ദുരൂഹതകൾ ചുരുളഴിഞ്ഞത്.
മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയിലേക്കാണ് ഇപ്പോൾ അന്വേഷണം നീളുന്നത്. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയർന്നു.
മരണം നടന്ന സ്ഥലങ്ങളിലെല്ലാം മരിച്ചവരുടെ ഉറ്റ ബന്ധുവായ യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നു. കോഴിക്കോട് എൻഐടിയിൽ അധ്യാപികയാണെന്ന ഇവരുടെ വാദം തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തി. മരണങ്ങളുമായി ബന്ധപ്പെട്ട ഇവരുടെ മൊഴികളിലും വൈരുധ്യമുണ്ട്. വിവിധ ഘട്ടങ്ങളിൽ ഇവരെ സഹായിച്ചവരെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റിലേക്കു നീങ്ങാനാണു അന്വേഷണസംഘത്തിന്റെ തീരുമാനം.
ഐഎസ്ആർഒ ശാസ്ത്രജ്ഞനെ അപ്പാർട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. മലയാളിയായ എസ്.സുരേഷ് കുമാറിന്റെ (56) കൊലപാതകത്തിൽ ഹൈദരാബാദ് സ്വദേശിയും ലാബ് ടെക്‌നീഷ്യനുമായ ജെ.ശ്രീനിവാസിനെ(39) പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും സ്വവർഗ അനുരാഗികളായിരുന്നുവെന്നും ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ പറഞ്ഞു. സ്വവർഗ്ഗരതിക്കു ശേഷം 50,000 രൂപ നൽകാത്തതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
കൊലപാതകത്തിനുള്ള വിവരങ്ങൾ തേടി ഓൺലൈനിൽ നിന്ന് പ്രതി വിവരങ്ങൾ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. ഈമാസം ഒന്നിനാണ് ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ മുതിർന്ന ശാസ്ത്രജ്ഞനായ എസ്.സുരേഷ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിനുള്ളിൽ തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അരിവാൾ ഉപയോഗിച്ച് ശ്രീനിവാസിനറെ തലയിൽ പരുക്കേൽപ്പിച്ചാണ് കൊല നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
അമീർപേട്ടിലെ അന്നപൂർണ അപ്പാർട്മെന്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ജോലിക്ക് എത്താത്തിനെത്തുടർന്ന് സഹപ്രവർത്തകർ സുരേഷിന്റെ ചെന്നൈയിലുള്ള ഭാര്യയെ ഫോണിൽ വിവരം അറിയിച്ചു. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണു മരിച്ചകിടക്കുന്നത് കണ്ടെത്തിയത്. 20 വർഷമായി സുരേഷ് ഹൈദരാബാദിലാണു താമസം. സുരേഷ് കുമാറിന്റെ രണ്ട് സ്വർണ മോതിരങ്ങളും സെൽഫോണും പ്രതി ജോലി ചെയ്തു വന്ന വിജയാ ഡയഗ്നോസ്റ്റിക് സെന്ററിൽ നിന്ന് കണ്ടെടുത്തു.
പാലക്കാട് ആലത്തൂരില്‍ പുരുഷന്റെയും സ്ത്രീയുടെയും ജഡം കാണപ്പെട്ടു. ഇരുവരും തൂങ്ങിമരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധമായിരുന്നു മൃതദേഹങ്ങള്‍. ആലത്തൂര്‍ എരിമയൂരിലെ സ്വകാര്യഭൂമിയിലാണ് സ്ത്രീയുടെയും പുരുഷന്റയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. അസഹ്യമായ ദുര്‍ഗന്ധം പ്രദേശത്ത് ഉണ്ടായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ജഡം കണ്ടെത്തിയത്. രണ്ടു മാസത്തേോളം പഴക്കമുണ്ടാകാം. ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
ഇരുവരും മരത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് കാണപ്പെട്ടത്. സ്ത്രീയുടെ വസ്ത്രമാണ് ഇരുവരുടെയും കഴുത്തില്‍ മുറുക്കിയിരിക്കുന്നത്. പ്രദേശത്തു നിന്ന് ആരെയും കാണാതാവുകയോ പരാതിയുളള കേസുകളോ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ ലഭിച്ച വിവരം.
ഏകദേശം നാല്‍പതു വയസ് പ്രായമുളളവരാണ് മരിച്ചതെന്നാണ് തോന്നുന്നത്. ശാസ്ത്രീയ അന്വേഷണ സംഘവും ആലത്തൂര്‍ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ചവരെക്കുറിച്ചുളള വിവരവും തുടര്‍ അന്വേഷണവും ഉണ്ടായാല്‍ മാത്രമേ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകു.
ആള്‍ക്കൂട്ട അക്രമങ്ങളില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന കേസില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രണ്ടാം പ്രതി. നടി രേവതി അഞ്ചാം പ്രതിയും രാമചന്ദ്രഗുഹ ഒന്‍പതാം പ്രതിയുമാണ്.
കത്തില്‍ ഒപ്പിട്ട അപര്‍ണസെനാണ് ഒന്നാം പ്രതി. ഗാന്ധി ജയന്തി ദിനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.
കേസെടുത്തതിനെതിരെ കടുത്ത പ്രതികരണവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. കത്തയച്ചതില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടായിരുന്നില്ല. സര്‍ക്കാരിന് എതിരുമല്ല. വളരെ വിനീതമായി എഴുതിയതാണ്. ജനാധ്യപത്യം നിലനിൽക്കുന്നെന്ന് വിശ്വസിച്ചെന്നും അടൂർ പറഞ്ഞു. ഗാന്ധിജിയുടെ ചിത്രത്തില്‍ വെടിവച്ചവര്‍ പോലും ഇപ്പോള്‍ എംപിമാരാണെന്നും അടൂര്‍ തിരുവനന്തപുരത്തു പറഞ്ഞു.
രാജ്യത്ത് ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്നകത്തെഴുതിയതിനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍, എഴുത്തുകാരന്‍ രാമചന്ദ്രഗുഹ, മണിരത്നം തുടങ്ങിയ അന്‍പത് പ്രമുഖ വ്യക്തികള്‍ക്കെതിരെ കേസ് എടുത്തത്. അഭിഭാഷകനായ സുധീര്‍കുമാര്‍ ഓജയുടെ പരാതിയില്‍ ബിഹാറിലെ മുസഫര്‍പുര്‍ സി.ജെ.എം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സദര്‍ പൊലീസ് കേസെടുത്തത്.
തുറന്ന കത്ത് രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതായും വിഘടനവാദപ്രവണതകളെ പിന്തുണയ്‍ക്കുന്നതാണെന്നും പരാതിയില്‍ ആരോപിക്കുന്നു. രാജ്യദ്രോഹം, മതവികാരം വൃണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
പ്രധാനമന്ത്രിക്കെതിരെ പറഞ്ഞാല്‍ ജയിലിലാകുന്ന അവസ്ഥയാണെന്ന് രാഹുല്‍ഗാന്ധിയും കുറ്റപ്പെടുത്തി. ജയ്ശ്രീറാം കൊലവിളിയായി മാറിയെന്നും ന്യൂനപക്ഷങ്ങള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമെതിരായ അക്രമങ്ങളില്‍ ആശങ്കയുണ്ടെന്നും അറിയിച്ച് ജൂലായ് 23നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് തുറന്നകത്തയച്ചു.
ഇത് രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതായും വിഘടനവാദപ്രവണതകളെ പിന്തുണയ്‍ക്കുന്നതാണെന്നും ആരോപിച്ച് അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവുപ്രകാരം മുസഫര്‍പുര്‍ പൊലീസ് കേസെടുത്തത്.
വിശാഖ് എസ് രാജ് , മലയാളം യുകെ ന്യൂസ് ടീം
കയറുപൊട്ടിച്ചു പായുന്ന പോത്തിന് പുറകെ ഓടുന്ന കുറേയേറെ മനുഷ്യരുടെ കഥയാണ് ഒറ്റനോട്ടത്തിൽ ജെല്ലിക്കട്ട് എന്ന സിനിമ. ഒരു മൃഗത്തിനെ പിടിക്കാനോടുന്ന വേറൊരു കൂട്ടം മൃഗങ്ങളുടെ കഥയെന്ന് തോന്നും പിന്നീടുള്ള ചിന്തകളിൽ. കൂടുതൽ ആഴ്ന്നിറങ്ങാൻ നിങ്ങളിലെ പ്രേക്ഷകൻ തയ്യാറാണെങ്കിൽ മനുഷ്യർ മനുഷ്യരെതന്നെ പിടിക്കാൻ ഭ്രാന്ത് പിടിച്ചോടുന്നതിന്റെ കഥയാണെന്ന് ബോധ്യപ്പെടും. ഇങ്ങനെ നിരവധി മാനങ്ങളിലേയ്ക്ക് ഒരു പോത്തിനേയും പുറകെ കുറെ മനുഷ്യരെയും അഴിച്ചു വിട്ടിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ.
പ്രശസ്ത കഥാകൃത്ത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയിൽ നിന്നാണ് ജെല്ലിക്കട്ടിന്റെ പിറവി. എസ് . ഹരീഷും ആർ. ജയകുമാറും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും രംഗനാഥ് രവി പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് , ജാഫർ ഇടുക്കി , സാബുമോൻ , ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് അഭിനേതാക്കൾ.
സ്നേഹം , കരുണ , സഹാനുഭൂതി , സഹജീവി സ്നേഹം , ക്ഷമിക്കാനും മറക്കുവാനുമുള്ള കഴിവ് ഇതൊക്കെയാണ് മനുഷ്യനെ മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. മേൽപ്പറഞ്ഞതെല്ലാം ഒത്തുചേരുമ്പോൾ മനുഷ്യത്വം ആയി. ഒരേ ആവാസ വ്യവസ്‌ഥയിൽ ജീവിക്കുമ്പോഴും മനുഷ്യൻ മറ്റൊരു മൃഗമാകാതിരിക്കുന്നത് ഈ മനുഷ്യത്വം ഉള്ളതിനാലാണ്. എന്നാൽ മനുഷ്യത്വത്തിന് പരിധിയുണ്ടോ? ഒരു വേലി. അപ്പുറത്ത് മൃഗതൃഷ്ണ. അതുകടന്ന് വന്നാണ് നീ മനുഷ്യനായത്. പക്ഷെ ആ വേലി ബലമുള്ളതോ ? ചാടി കടക്കാനാകാത്ത വിധം ഉയരമുള്ളതോ ? ഒരാൾ വേലി ചാടി അപ്പുറം പോയാൽ ? കുറെ മനുഷ്യർ ഒരുമിച്ചു പോയാൽ ? സിനിമയിലെ കഥാപാത്രങ്ങൾ പോത്തിന് പുറകെ ഓടുമ്പോൾ നമ്മിലെ പ്രേക്ഷകൻ ഈ ചോദ്യങ്ങളുമായി മനുഷ്യരുടെ പുറകെ ഓടുകയാണ്. ആര് ആർക്ക് പുറകെയാണ് ഓടുന്നതെന്ന് അമ്പരക്കുകയാണ്. ആരെയാണ് പിടിച്ചു കെട്ടേണ്ടതെന്ന് സംശയിക്കുകയാണ്. നാളെ ജലത്തിന് ക്ഷാമം ഉണ്ടായാൽ , ഭക്ഷണത്തിനും ഇന്ധനത്തിനും ക്ഷാമം വന്നാൽ നമ്മിലെ സംസ്കാരചിത്തനായ മനുഷ്യൻ നിലനിൽപ്പിന് വേണ്ടി ഏതറ്റം വരെ പോയേക്കാം ? അതുതന്നെയല്ലേ ഇടുക്കിയിലെ ആ മലയോരഗ്രാമത്തിലെ പോത്തിനെ പിടിക്കാനോടുന്ന മനുഷ്യരും ചെയ്യുന്നത് ? മനുഷ്യനാകാൻ മനസ്സിന്റെ അടിത്തട്ടിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയ വന്യത പുറത്തുവരാൻ അധിക സമയം വേണ്ടി വരുമോ ? എത്ര നാൾ താൻ
വെറുമൊരു മൃഗമല്ലെന്ന് സ്വയം വിശ്വസിപ്പിച്ചു പിടിച്ചു നിൽക്കാനാകും ?
സിനിമയുടെ അവസാന മിനിറ്റുകൾ മനുഷ്യത്വത്തിന്റെ വീരഗാഥകളിൽ അഭിരമിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം. അരാജകത്വം പന്തം കൊളുത്തി ആയുധങ്ങളുമായി മലയിറങ്ങുന്ന കാഴ്ച്ച ഭീതിജനകമാണ്. ഇവിടെ നിലനിൽപ്പിന്റെ പരിണാമ ശാസ്ത്രമെഴുതിയ ആചാര്യന്റെ വാക്കുകൾ ശരി വെയ്ക്കുകയാണ് സംവിധായകൻ. ശാസ്ത്ര സിദ്ധാന്തത്തിന് സെല്ലുലോയിഡിൽ ഒരു പ്രൂഫ്.
കാഴ്ചയിൽ സിനിമ മനോഹരമാണ്. രാത്രി ദൃശ്യങ്ങൾ ഇത്ര ഭംഗിയിൽ കാണാൻ കഴിഞ്ഞ മറ്റൊരു മലയാള സിനിമയില്ല. നായിക വെള്ളത്തിലേക്ക് ചാടുമ്പോൾ കാമറയും ചടട്ടെ എന്നുള്ള ശ്രീനിവാസൻ കോമഡി പോലെ ഇവിടെ ഗിരീഷ് ഗംഗാധരന്റെ കാമറ പോത്തിനും ജനത്തിനുമൊപ്പം ഓടുകയാണ്. സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള ഇടവഴികളിലും ഇടങ്ങളിലും ദൈർഘ്യമുള്ള സിംഗിൾ ഷോട്ടുകളുമായി കാമറ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്നു.
പേരെടുത്ത് അറിയാവുന്നവരും അല്ലാത്തവരുമായ അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പ്രഗൽഭരല്ലാത്തവരെകൊണ്ട് അഭിനയിപ്പിച്ചെടുക്കാനുള്ള സംവിധായകന്റെ കഴിവ് അങ്കമാലി ഡയറീസിൽ നാം കണ്ടതാണ്. ജെല്ലിക്കട്ടിൽ എത്തുമ്പോൾ ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അയാൾ വരുത്തിയിട്ടില്ല. ആന്റണി വർഗീസും സാബുമോനുമാണ് അഭിനയത്തിൽ മുന്നിട്ട് നിന്നത്. പാത്ര സൃഷ്ടിയിൽ കൂടുതൽ ഇടം ലഭിച്ച കഥാപാത്രങ്ങളും ഇവർ രണ്ടുപേരുടെയുംതന്നെ.
മരണ വീട്ടിലെ തമാശ പോലെ (ഈ മ യൗ) ഇവിടെ കലാപത്തിന്റെ പന്തംകൊളുത്തി പ്രകടനത്തിനിടയിലും ചില ചിരിക്കൂട്ടുകളുണ്ട്. പക്ഷേ ചിരിക്കാനുള്ള സിനിമയല്ല. നിങ്ങൾ നിങ്ങളിലെ മനുഷ്യത്വംതന്നെ ഉരച്ചു നോക്കുന്ന പരുഷ യാഥാർത്ഥ്യങ്ങളുടെ തിരക്കാഴ്ചയാണ്. എല്ലാവരും തൃപ്തിപ്പെടണമെന്നില്ല.
അവസാനമായി സംവിധായകനെക്കുറിച്ച്. സിനിമ കണ്ടിറങ്ങിയപ്പോൾ ഒരു സുഹൃത്തിനെ വിളിച്ചു. സിനിമ എങ്ങനെയുണ്ടെന്ന് സുഹൃത്തിന്റെ ചോദ്യം. തിരശീലയിൽ കണ്ട കാഴ്ചകളുടെ ഭ്രമത്തിൽ ആദ്യം വാക്കുകൾ പുറത്തേക്ക് വന്നില്ല. പിന്നെ ഇങ്ങനെ പറഞ്ഞു : ” an absolute master class “. അതുതന്നെയല്ലാതെ സംവിധായകനെക്കുറിച്ചും മറ്റൊന്നും പറയാനില്ല.