Latest News

ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. വരാനിരിക്കുന്ന 5 ഉപതിരഞ്ഞെടുപ്പുകളുടെ ‘സെമിഫൈനൽ’ അങ്കമായാണ് പാലാ ഉപതിരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ, എൻഡിഎ സ്ഥാനാർഥി എൻ.ഹരി എന്നിവരടക്കം 13 പേരാണു മത്സര രംഗത്ത്. വോട്ടെടുപ്പ് വൈകിട്ട് 6 വരെ തുടരും. 6നു ക്യൂവിൽ എത്തുന്ന അവസാന വോട്ടർക്കും വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. 1,79,107 വോട്ടർമാർ 176 പോളിങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. 87,729 പുരുഷ വോട്ടർമാരും 91,378 വനിതാ വോട്ടർമാരുമാണ് പാലാ മണ്ഡലത്തിൽ. കഴിഞ്ഞ 13 തിര‍ഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ വിയോഗത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

ആകെ 1,79,107 വോട്ടർമാർ പട്ടികയിലുണ്ട്. ഇവരിൽ വനിതാ വോട്ടർമാർ 91,378, പുരുഷ വോട്ടർമാർ 87,729 എന്നിങ്ങനെയാണു കണക്ക്. 1557 പേർ പുതുതായി പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കുറവ് വോട്ടർമാർ തലനാട് പഞ്ചായത്തിലെ 61-ാം നമ്പർ അത്തിക്കളം ബൂത്തിലാണ്. ഇവിടെ പുരുഷ വോട്ടർമാർ–113, വനിതാ വോട്ടർമാർ–90. ആകെ– 203 പേർ.

കൂടുതൽ വോട്ടർമാരുള്ളത് പാലാ സെന്റ് തോമസ് ടിടിസിയിൽ പ്രവർത്തിക്കുന്ന 131-ാം നമ്പർ ബൂത്താണ്. ആകെ 1380 പേർ. പുരുഷ വോട്ടർമാർ–657, വനിതാ വോട്ടർമാർ– 723. വോട്ടർ പട്ടികയിൽ 89 ഓവർസീസ് വോട്ടർമാരും 152 സർവീസ് വോട്ടർമാരും ഉണ്ട്. ഉപതിരഞ്ഞെടുപ്പിൽ സർവീസ് വോട്ടർമാർക്ക് ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് ബാലറ്റ് പേപ്പറാണ് നൽകിയത്.

212 വോട്ടിങ് യന്ത്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റുകൾ 212 എണ്ണം വീതം. വിവി പാറ്റ് യന്ത്രങ്ങൾ 229. ആകെയുള്ള 176 ബൂത്തുകളിലും ഒന്നു വീതം യന്ത്രങ്ങൾക്ക് പുറമേ ആകെ ബൂത്തുകളുടെ എണ്ണത്തിന്റെ 20% വോട്ടിങ് യന്ത്രങ്ങളും 30 % വിവി പാറ്റ് യന്ത്രങ്ങളും അധികം കരുതിയിട്ടുണ്ട്.

176 ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിൽ മല്ലികശേരി സെന്റ് ഡൊമിനിക് സാവിയോ യുപി സ്കൂളിലെ 159,160 ബൂത്തുകൾ പ്രശ്നബാധിതമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ബൂത്തുകളിലെ എല്ലാ നടപടികളും വിഡിയോ റെക്കോർഡിങ് നടത്തും. ഇവിടെ മൈക്രോ ഒബ്സർവർമാർ നേരിട്ടുള്ള നിരീക്ഷണം നടത്തും. പുലിയന്നൂർ ഗവ. ആശ്രമം എൽ.പി. സ്കൂളിലെ 106, 107 ബൂത്തുകളും മുത്തോലി സെന്റ് ജോസഫ് എച്ച്.എസിലെ 111-ാം നമ്പർ ബൂത്തും അതീവ പ്രശ്നബാധിത ബൂത്തുകളിൽപ്പെടും. 699 സുരക്ഷാ ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്: ഡിവൈഎസ്പി -5, സിഐ -7, എസ്.ഐ, എഎസ്ഐ – 45, ഹെഡ് കോൺസ്റ്റബിൾ, സിപിഒ -396, കേന്ദ്ര സേനാംഗം– 240 (80 പേർ വീതമുള്ള 3 കമ്പനി).

816 ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക. ഒരു ബൂത്തിൽ 4 ഉദ്യോഗസ്ഥർ വീതമുണ്ടാകും. ആകെ പ്രിസൈഡിങ് ഓഫിസർ – 204, പ്രിസൈഡിങ് ഓഫിസർ ഒന്ന് – 204, പ്രിസൈഡിങ് ഓഫിസർ രണ്ട് – 204, പ്രിസൈഡിങ് ഓഫിസർ മൂന്ന്– 204.

മണ്ഡലത്തിൽ റജിസ്റ്റർ ചെയ്ത എല്ലാ ഭിന്നശേഷിക്കാരെയും പോളിങ് ബൂത്തിൽ എത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വാഹന സൗകര്യം സജ്ജമാക്കി. വോട്ടുചെയ്യാൻ കൊണ്ടുപോകുന്ന സമയം രേഖപ്പെടുത്തിയിട്ടുള്ള പ്രത്യേക വോട്ടർ സ്ല‍ിപ് ബൂത്ത് ലെവൽ ഓഫിസർമാർ ഇവരുടെ വീടുകളിലെത്തി വിതരണം ചെയ്തു. വാഹനങ്ങൾ, വീൽചെയറുകൾ എന്നിവ ക്രമീകരിച്ചു. കാഴ്ച ശക്തി കുറഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും വോട്ട് ചെയ്യുന്നതിനു സഹായം ലഭ്യമാക്കും.

മണ്ഡലത്തിൽ കാഴ്ച വെല്ലുവിളി നേരിടുന്നവർ –83, സംസാരം, കേൾവി, പിന്നാക്കാവസ്ഥയുള്ളവർ–75, മറ്റു ഭിന്നശേഷിക്കാർ –41 എന്നിങ്ങനെ ആകെ 603 പേരാണുള്ളത്. കാഴ്ചസഹായം വേണ്ടവർക്കു വോട്ട് ചെയ്യുന്നതിന് ഓരോ പോളിങ് ബൂത്തിലും ബ്രെയിൽ ലിപിയിൽ ഡമ്മി ബാലറ്റ് പേപ്പറുകൾ ലഭ്യമാക്കും. ഇതു വായിച്ച് ബാലറ്റിലെ ക്രമനമ്പർ മനസ്സിലാക്കി വോട്ടിങ് മെഷീന്റെ അരികിലുള്ള ബ്രെയ്‌ലി ലിപിയിലുള്ള നമ്പറിൽ വോട്ടു രേഖപ്പെടുത്താം.

കെ.എം.മാണി പതിവായി വോട്ട് ചെയ്യാനെത്തിയിരുന്ന പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ 128–ാം ബൂത്ത്, ഈ തിരഞ്ഞെടുപ്പിൽ ആ അസാന്നിധ്യം അറിയും. എന്നാൽ, വോട്ടർ പട്ടികയിൽനിന്ന് അദ്ദേഹത്തിന്റെ പേരു നീക്കിയിട്ടില്ല. കെ.എം. മാണിയുടെ പത്നി കുട്ടിയമ്മ, ജോസ് കെ.മാണി എംപി, നിഷ ജോസ് കെ.മാണി, മക്കളായ പ്രിയങ്ക, റിത്വിക എന്നിവർക്കും ഇതേ ബൂത്തിലാണ് വോട്ട്.

∙ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ – പാലാ സെന്റ് തോമസ് ബിഎഡ് കോളജിലെ 129–ാം ബൂത്തിൽ

∙ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, ഭാര്യ ജെസി ജോസ്, മകൻ അമൽ – പൂവത്തോട് ഗവ. എൽപി സ്കൂളിലെ 145–ാം ബൂത്തിൽ

∙ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ, ഭാര്യ ആലീസ് മാണി, മക്കളായ ടീന, ദീപ – കാനാട്ടുപാറ ഗവ. പോളിടെക്നിക്കിലെ 119-ാം ബൂത്തില്‍

∙ മുൻ എംപി ജോയ് ഏബ്രഹാം – മേലമ്പാറ ഗവ. എൽപി സ്കൂളിലെ 64–ാം ബൂത്തിൽ

∙ മുൻ മന്ത്രി പ്രഫ.എൻ.എം.ജോസഫ് – പാലാ അൽഫോൻസാ കോളജിലെ 130–ാം ബൂത്തിൽ

∙ എംജി സർവകലാശാല മുൻ വൈസ് ചാൻസലർമാരായ ഡോ.സിറിയക് തോമസ്, ഡോ.ബാബു സെബാസ്റ്റ്യൻ – പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ 128–ാം ബൂത്തിൽ

∙ എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എ.ടി.ദേവസ്യ – കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് യുപി സ്കൂളിലെ 134–ാം ബൂത്തിൽ

∙ സംവിധായകൻ ഭദ്രൻ മാട്ടേൽ – പാലാ സെന്റ് തോമസ് ടിടിഐയിലെ 131–ാം ബൂത്തിൽ

∙ ചലച്ചിത്ര താരം മിയ – കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് യുപി സ്കൂളിലെ 134–ാം ബൂത്തിൽ.

കിഴതടിയൂർ സെന്റ് വിൻസന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 125-ാം നമ്പർ ബൂത്തിൽ പൊലീസ് ഉൾപ്പെടെയുള്ളവർ വനിതകളാണ്. ഈ ബൂത്തുകളിൽ പോളിങ് ഏജന്റുമാരായി വനിതകളെ നിയമിക്കാൻ ശ്രമിക്കണമെന്നു സ്ഥാനാർഥികളോടു തിരഞ്ഞെടുപ്പ് കമ്മിഷൻ അഭ്യർഥിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് ടീച്ചേഴ്സ് എജ്യുക്കേഷനിലെ 127–ാം നമ്പർ ബൂത്ത്, 129–ാം നമ്പർ ബൂത്ത്, 131–ാം നമ്പർ ബൂത്ത്, സെന്റ് തോമസ് എച്ച്എസ്എസിലെ 128–ാം നമ്പർ ബൂത്ത്, അരുണാപുരം അൽഫോൺസാ കോളജിലെ 130–ാം നമ്പർ ബൂത്ത് എന്നിവിടങ്ങൾ മാതൃകാ പോളിങ് ബൂത്തുകളായി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ വനിതാ കാത്തിരിപ്പ് കേന്ദ്രം, മുലയൂട്ടൽ മുറി, കുട്ടികൾക്കുള്ള ക്രഷ് തുടങ്ങിയവയുണ്ടാകും.

തിരിച്ചറിയൽ കാർഡ് കൂടാതെ പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്, പാൻകാർഡ്, തൊഴിലുറപ്പ് തിരിച്ചറിയൽ കാർഡ്, ഹെൽത്ത് ഇൻഷുറൻസ് സ്മാർട് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖകൾ, എം.പി, എംഎൽഎമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയായി പോളിങ് ബൂത്തിൽ ഉപയോഗിക്കാം. ബൂത്ത് ലെവൽ ഓഫിസർമാർ വീടുകളിലെത്തി സ്‌ലിപ്പുകൾ നൽകും. ഈ സ്‌ലിപ് പാർട്ട് നമ്പർ അറിയുന്നതിനു മാത്രമേ ഉപയോഗിക്കാവൂ.

ജോസ് ടോം (യുഡിഎഫ്)

പാലാ യുഡിഎഫിന്റേതാണ്. യുഡിഎഫിന്റെ സ്ഥാനാർഥി ആരാണെങ്കിലും പാലായിൽ വിജയം ഉറപ്പാണ്. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്തുള്ളതു വലിയ വിജയത്തിനു കാരണമാകും. സത്യം മാത്രം പറഞ്ഞുള്ള പ്രചാരണമായിരുന്നു യുഡിഎഫിന്റേത്. എൽഡിഎഫും എൻഡിഎയുമാണ് നുണ പ്രചരിപ്പിച്ചത്. ‘രണ്ടില’യില്ലാത്തത് ഒരു വിധത്തിലും ബാധിക്കില്ല. മുൻപും മറ്റു ചിഹ്നങ്ങളിൽ കേരള കോൺഗ്രസ് മൽസരിച്ചിട്ടുണ്ട്.

മാണി സി. കാപ്പൻ (എൽഡിഎഫ്)

കെ.എം. മാണി സഹതാപ തരംഗമൊന്നും ഇപ്പോൾ പാലായിൽ ഉള്ളതായി തോന്നുന്നില്ല. നൂറുശതമാനം വിജയസാധ്യതയാണ് മുന്നിൽ. കലാശക്കൊട്ടും പരിപൂർണ വിജയമായിരുന്നു. ആവേശഭരിതരായാണ് അണികൾ പങ്കെടുത്തത്. ഇതു വിജയ പ്രതീക്ഷ വർധിപ്പിക്കുന്നു.

എൻ. ഹരി (എൻഡിഎ)

ഭൂരിപക്ഷത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. ഉപതിരഞ്ഞെടുപ്പായതുകൊണ്ടുതന്നെ ജയത്തിനു മാത്രമാണു പ്രധാന്യം. വിജയപ്രതീക്ഷയുണ്ട്. സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ചുള്ള സമഗ്ര പ്രചാരണമാണു നടത്തിയത്. മലയോര മേഖലകളിലും ഗ്രാമങ്ങളിലും പ്രചാരണത്തിനിറങ്ങി. ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടുകൾ ബിജെപിക്കു ലഭിക്കും.

ഇന്ത്യാരവം’ മുഴങ്ങിയ മണിക്കൂറുകൾ ഉള്ളലിഞ്ഞാസ്വദിച്ച്, പാട്ടും നൃത്തവുമായി ഗൃഹാതുരത്വം പങ്കിട്ടു പ്രവാസികൾ വിശിഷ്ടാതിഥികൾക്കായി കാത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുമെന്നും ഒരു മണിക്കൂറിലേറെ ചെലവിടുമെന്നും വൈറ്റ്ഹൗസ് അറിയിപ്പു വന്നതുമുതൽ തന്നെ ഇന്ത്യൻ സമൂഹം ആഘോഷത്തിലായിരുന്നു.

മോദി വിമാനമിറങ്ങിയതുതന്നെ ‘ഹൗഡി ഹൂസ്റ്റൺ’ (ഹലോ ഹൂസ്റ്റൺ) എന്ന ട്വിറ്റർ കുശലാന്വേഷണത്തോടെയായിരുന്നു. ഹൂസ്റ്റണിലെ പ്രധാനചടങ്ങായ ‘ഹൗഡി മോദി’യുടെ അതേ ആവേശം സ്ഫുരിക്കുന്ന ഹൃദ്യമായ മറുചോദ്യം. അമേരിക്കൻ ശൈലിയിലുള്ള ‘ഹലോ’യാണ് ‘ഹൗഡി’. വാഷിങ്ടൻ ഡിസിയിൽ നിന്നു വിമാനം കയറിയെന്നും ‘ഹൂസ്റ്റണിൽ സുഹൃത്ത് മോദിക്കൊപ്പം കാണാമെന്നും ഗംഭീര ദിനമായിരിക്കു’മെന്നും തൽസമയം ട്വിറ്റർ സന്ദേശങ്ങളുമായി ട്രംപും ആവേശത്തിനു മിഴിവേകി. തീർച്ചയായും ഗംഭീര ദിനമായിരിക്കും എന്നു മോദിയുടെ മറുപടി പിന്നാലെയെത്തി. ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ വംശജരുടെ ഇത്ര വലിയൊരു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ഹൂസ്റ്റൺ വിമാനത്താവളത്തിൽ ഇന്ത്യയിലെ യുഎസ് സ്ഥാനപതി കെനത്ത് ജസ്റ്റർ, യുഎസിലെ ഇന്ത്യൻ സ്ഥാനപതി ഹർഷവർധൻ ഷ്റിഗ്‌ല എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരാണു മോദിയെ വരവേറ്റത്.

90 മിനിറ്റ് സാംസ്കാരിക പരിപാടികളോടെയായിരുന്നു ‘ഹൗഡി മോദി’ തുടക്കം. ഹൂസ്റ്റണിലെ ഡെമോക്രാറ്റിക് പാർട്ടിക്കാരനായ മേയർ സിൽവസ്റ്റർ ടേണറാണു സ്വാഗതം പറഞ്ഞത്. ഒൻപതരയോടെ മോദിയും ട്രംപും വേദിയിലെത്തി. അരമണിക്കൂർ ട്രംപിന്റെ പ്രസംഗം. തുടർന്ന്, മോദി സംസാരിച്ചു തുടങ്ങിയതോടെ ജനസമുദ്രം ഇളകിമറിഞ്ഞു. കരഘോഷവും ‘മോദി മോദി’ വിളികളുമായി എൻആർജി സ്റ്റേഡിയത്തിൽ ആവേശം അലതല്ലി.

ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടേണർ, നഗരത്തിന്റെ ആലങ്കാരിക താക്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാഗതോപഹാരമായി നൽകുന്നു.

ചടങ്ങിൽ മലയാളമുൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹൗഡി മോദി (എങ്ങനെയുണ്ട് മോദി) എന്നു ചോദിച്ചാൽ എന്റെ മനസ്സ് ഇങ്ങനെ പറയും: ഭാരത് മേം സബ് അച്ഛാ ഹേ (ഇന്ത്യയിൽ എല്ലാം നന്നായി പോകുന്നു).’ പിന്നീട് മോദി വിവിധ ഇന്ത്യൻ ഭാഷകളിൽ ഇതേ ആശയം ആവർത്തിച്ചു. ‘എല്ലാം സൗഖ്യം’ എന്നു മലയാളത്തിലും പറഞ്ഞു.

മോദിയുടെ പ്രസംഗത്തിൽനിന്ന്: ഇവിടെ ലഭിച്ച വരവേൽപ്സങ്കൽപിക്കാവുന്നതിലുമേറെയാണ്. പ്രസിഡന്റ് ട്രംപ് വന്നത് എനിക്കു വലിയ പ്രതീക്ഷകൾ നൽകുന്നു. യുഎസ് സെനറ്റർമാർ ഇന്ത്യയെക്കുറിച്ചു പറഞ്ഞത് അമേരിക്കയിലെ ഇന്ത്യക്കാർക്കുള്ള ആദരം കൂടിയാണ്. ഇന്ത്യയിലെ ഓരോ പൗരനുമുള്ള ആദരമാണ്. ഹൗഡി മോദി എന്നാണു പേര്. പക്ഷേ മോദി തനിച്ച് ഒന്നുമല്ല. ഭാരതീയരുടെ നിർദേശമനുസരിച്ചു കാര്യങ്ങൾ ചെയ്യുന്ന ഒരു സാധാരണക്കാരൻ മാത്രം.

വിവിധ ഭാഷകളാണു ഞങ്ങളുടെ സവിശേഷത. നൂറുകണക്കിനു ഭാഷകൾ ഒരുമിച്ചു മുന്നേറുന്നു. ഭാഷ മാത്രമല്ല, വിശ്വാസങ്ങളും ഒരുമിച്ചു മുന്നോട്ടു പോകുന്നു. നാനാത്വം ജനാധിപത്യത്തിന്റെ തറക്കല്ലാണ്; ശക്തിയും പ്രചോദനവുമാണ്. വികസനം എന്നതാണ് ഏറ്റവും വലിയ മന്ത്രം. സബ്കെ സാഥ് സബ്കാ വികാസ്. ലോകം മുഴുവൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡേറ്റ ലഭ്യമാകുന്ന രാജ്യം ഇന്ത്യയാണ്. ചെലവുകുറഞ്ഞ ഡേറ്റ– അതാണ് ഡിജിറ്റൽ ഇന്ത്യയുടെ സവിശേഷത.

പാസ്പോർട്ടിന് 3 മാസം എടുത്തിരുന്നത് ഇപ്പോൾ 1 ആഴ്ചയ്ക്കുള്ളിൽ കിട്ടും. ഇ–വീസ സേവനം, കമ്പനികൾക്ക് റജിസ്ട്രേഷൻ എന്നിവയെല്ലാം 24 മണിക്കൂറിനുള്ളി‍ൽ ലഭ്യം. ആദായനികുതി തിരിച്ചടവ് അനായാസമായി. കുറച്ചുനാൾ മുൻപ് 370 ാം വകുപ്പിനും വിട ചൊല്ലി. വികസനത്തിൽനിന്നു തടസ്സം സൃഷ്ടിച്ചിരുന്നത് എടുത്തുമാറ്റി. ഇപ്പോൾ തുല്യ അധികാരം എല്ലാവർക്കും. ഭീകരതയെ ഊട്ടിവളർത്തുന്നവരെ ലോകം മുഴുവൻ അറിയും.

ഭീകരതയ്ക്ക് എതിരെ നിർണായക യുദ്ധം തുടങ്ങാനുള്ള സമയമായി. ഈ യുദ്ധത്തിൽ ട്രംപിന്റെ പിന്തുണയുണ്ട്. ട്രംപ് എന്നെ ‘ടഫ് നെഗോഷ്യേറ്റർ’ എന്നാണു വിളിക്കുന്നത്. അദ്ദേഹം പക്ഷേ, ‘ആർട് ഓഫ് ദ് ഡീലിൽ’ വളരെ മിടുക്കനാണ്. ഞാൻ അദ്ദേഹത്തിൽനിന്നു പഠിക്കുകയാണ്. ഇന്ത്യയിലേക്കു കുടുംബസമേതം വരാനും ക്ഷണിക്കുന്നു.

ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നിറഞ്ഞ കൈയടികള്‍ക്കിടയിലൂടെ ഹൗഡി മോദി പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൂസ്റ്റണിലെ എന്‍.ആര്‍.ജി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ അന്‍പതിനായിരത്തിലേറെ ഇന്ത്യാക്കാരും യു.എസിലെ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളും ചേര്‍ന്ന് മോദിയെ സ്വീകരിച്ചു.

സുഹൃത്തിനൊപ്പം വേദി പങ്കിടുന്നതായി പ്രസിഡന്റ് ട്രംപും ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ്മയിലേക്ക് ട്രംപിനെ സ്വാഗതംചെയ്ത് മോദിയും ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സമൂഹം ഒരുക്കിയ വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി.

‘ഹൗഡി മോദി’ സംഗമ വേദിയിൽ നരേന്ദ്ര മോദിസയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എത്തി. സമ്മേളനത്തിൽ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ–യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡോണൾഡ് ട്രംപ് ഒരിക്കൽ കൂടി അമേരിക്കൻ പ്രസിഡന്റ് ആകണമെന്നും അദ്ദേഹം പറഞ്ഞു. ‘അടുത്ത തവണയും ട്രംപ് ‘എന്ന വാചകം മോദി ആവര്‍ത്തിച്ചു. 2017ല്‍ താങ്കളുടെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. ഇന്ത്യയാകുന്ന എന്റെ കുടുംബത്തിന് താങ്കളെ പരിചയപ്പെടുത്തുന്നു മോദിയുടെ കീഴിൽ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണെന്നു ട്രംപ് പറഞ്ഞു.

നരേന്ദ്ര മോദിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് ഡോണള്‍ഡ് ട്രംപ്.  ഇരു രാജ്യങ്ങളുടെയും പുരോഗതിക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. അതിര്‍ത്തി കാവല്‍ ഇരു രാജ്യങ്ങള്‍ക്കും പ്രധാനമാണെന്ന് ട്രംപ് ഹൂസ്റ്റൺ വേദിയിൽ ആവർത്തിച്ചു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യവും ട്രംപ് പ്രകടിപ്പിച്ചു.

ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടും ഡോലക് കൊട്ടി ആഘോഷിച്ചുമാണ് ടെക്സസിലെ ഇന്ത്യന്‍ വംശജർ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.

39,000 അടി ഉയര‍ത്തിൽ നിന്നും വിമാനം താഴേക്ക്. ഞെട്ടിവിറച്ച് യാത്രക്കാർ. ഭയാനക ദൃശ്യങ്ങളുടെ വിഡിയോ പുറത്ത്. അറ്റ്ലാന്റയിൽ നിന്നും വൈകിട്ട് 3.47 മണിയോടെയാണ് ഡെൽറ്റ ഫ്ലൈറ്റ് 2353 പറന്നുയർന്നത്. ഒന്നര മണിക്കൂർ വരെ പ്രശ്നങ്ങളില്ലായിരുന്നു. എന്നാൽ പെട്ടന്ന് കാബിനിലെ വായു മര്‍ദ്ദത്തിൽ മാറ്റം വന്നു. ഇതോടെ യാത്രക്കാർക്ക് അസ്വസ്തത നേരിടാൻ തുടങ്ങി. ചിലരുടെ മൂക്ക്, ചെവി പൊട്ടി രക്തം വന്നു. മുകളിൽ നിന്ന് ഓക്സിജൻ മാസ്കുകൾ യാത്രക്കാരുടെ സീറ്റിലേക്ക് വീണു. പിന്നീടുള്ള യാത്ര ഓക്സിജൻ മാസ്ക് ധരിച്ചായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെ ഓക്സിജൻ മാസ്കുകൾ താഴേക്ക് വീണതോടെ യാത്രക്കാർ ഭയന്നു.

വിമാനത്തിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും ഉയർന്നു. ചിലർ സമൂഹമാധ്യമത്തിലൂടെ അനുഭവം പങ്കുവെച്ചു. വിമാനം താഴേക്ക് വീഴുന്നുവെന്നും ഞങ്ങളെല്ലാം മരിക്കാൻ പോകുകയാണെന്ന് കരുതി വീട്ടിലേക്കും പ്രിയപ്പെട്ടവർക്കും സന്ദേശം അയച്ചവർ വരെയുണ്ട്. വിമാനത്തിനകത്തു നിന്നുള്ള ചിത്രങ്ങളും വിഡിയോയും യാത്രക്കാരുടെ ഭീതി വ്യക്തമാക്കുന്നുണ്ട്.

യാത്രയ്ക്കിടെ കാബിൻ പ്രഷറൈസേഷൻ ക്രമക്കേട് ഉണ്ടായതിനെത്തുടർന്നാണ് വിവമാനം താഴ്ക്ക് പതിച്ചത്. 39,000 അടി ഉയര‍ത്തിൽ പറക്കുകയായിരുന്നു വിമാനം 10,000 അടി താഴേക്ക് പതിക്കുകയായിരുന്നു. ഏഴര മിനിറ്റോളം ഈ രീതിയിൽ യാത്ര തുടർന്നു. ഒരു യാത്രക്കാരൻ ഭയന്ന് മകനെ കെട്ടിപ്പിടിച്ച് തങ്ങളെ സ്നേഹിക്കുന്നുവെന്ന് കുടുംബത്തോട് പറയുന്നത് ഒരു ട്വീറ്റിൽ കാണാം. 60 മുതൽ 90 സെക്കൻഡ് വരെ ഭയാനകമായ ഒരു സംഭവമായിരുന്നു, അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ലായിരുന്നു. ഭയപ്പെടുത്തുന്ന നിമിഷമായിരുന്നുവെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു. അവസാനം സുരക്ഷിതമായി വിമാനം ഇറക്കിയപ്പോഴാണ് യാത്രകാർക്ക് ശ്വാസം നേരെ വീണത്.

 

വേങ്ങര • മരിച്ച യൂസുഫിന്റെ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേയാണ് വേങ്ങര പറമ്പിൽപടി മങ്ങാടൻ യൂസുഫിനെയും ചേറൂർ കിളിനക്കോട് തടത്തിൽപാറ സ്വദേശി ഷഹീദയെയും മലവെള്ളപ്പാച്ചിലിന്റെ രൂപത്തിൽ വിധി വേർപിരിച്ചത് . വിദേശത്ത് ജോലിയുള്ള യൂസുഫിന്റെ വിവാഹം കഴിഞ്ഞമാസം 25ന് ആയിരുന്നു . വിവാഹത്തിന് ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത് . യൂസുഫിന്റെ പിതൃസഹോദരന്റെ മകനാണ് മരിച്ച ജുവൈരിയയുടെ ഭർത്താവ് മങ്ങാടൻ അവറാൻകുട്ടി , യുസുഫും അവറാൻകൂട്ടിയും അബുദാബിയിൽ ഒരുമിച്ചു ജോലിചെയ്യുന്നവരാണ് . യുസുഫിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം അബുദാബിയിലേക്കു മടങ്ങിയതാണ് അവറാൻകുട്ടി .

നവദമ്പതികളെയും കൂട്ടി മാതാവിന്റെ സഹോദരിയുടെ പുല്ലങ്കോട്ടുള്ള വീട്ടിൽ സൽക്കാരത്തിനെത്തിയതായിരുന്നു ജുവൈരിയ . 4 മക്കളും അവറാൻകുട്ടിയുടെ മാതാവ് ഖദീജയും ബന്ധു മുതുകാട്ടിൽ അലിയും കൂടെയുണ്ടായിരുന്നു . ഇന്നലെ രാവിലെയാണ് ഇവർ കാളികാവിലെത്തിയത് . 5 പേരാണ് കുളിക്കാൻ പോയത് . മരിച്ച അബീഹയെയും രക്ഷപ്പെട്ട അക്മലിനെയും കൂടാതെ തൻഹ , സിനാൻ എന്നീ മക്കളും കൂടെണ്ടായിരുന്നെങ്കിലും ഇവർ വെള്ളത്തിൽ ഇറങ്ങിയിരുന്നില്ല .

മഹാരാജാസ് കോളേജിലെ പരസ്യമായ പ്രണയമായിരുന്നു ബിജുവിന്റേതും ശ്രീലതയുടെയും . ആരാധികമാര്‍ നിരവധിയുണ്ടായിരുന്നുവെങ്കിലും ബിജുവിന്റെ ഹൃദയം കീഴടക്കിയത് ശ്രീലതയായിരുന്നു. ഭാര്യ പറഞ്ഞ ഒരു ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ തനിക്കായില്ലെന്ന സങ്കടത്തിലാണ് ബിജു നാരായണൻ ഇപ്പോൾ .പൊതുവെ അങ്ങനെ ഒന്നും ആവശ്യപ്പെടുന്നയാളല്ല ശ്രീലത , എന്നാല്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിപ്പിച്ചുകൊടുക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം. കളമശ്ശേരിയില്‍ പുഴയോരത്തായി തങ്ങള്‍ക്കൊരു വീടുണ്ട്. ഗായകരുടെ കൂട്ടയായ സമം ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത് അവിടെ വെച്ചായിരുന്നു. മൂന്നാമത്തെ യോഗം ചേരുന്നതിനിടയിലാണ് ശ്രീ ഈ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്.എല്ലാവരും യോഗത്തില്‍ പങ്കെടുക്കാനായി വീട്ടിലേക്ക് എത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണമെന്നായിരുന്നു ശ്രീ പറഞ്ഞത്.

ഗൗരവകരമായ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു അന്ന് നടന്നത്. ഫോട്ടോയെടുക്കുന്ന കാര്യത്തെക്കുറിച്ച് താന്‍ വിട്ടുപോയിരുന്നു. എല്ലാവരും പോയതിന് ശേഷമായിരുന്നു ഇതേക്കുറിച്ച് ഓര്‍ത്തത്. അയ്യോ , അത് കഷ്ടമായിപ്പോയല്ലോ, അടുത്ത തവണ ഉറപ്പായും ഫോട്ടോയെടുക്കാമെന്നായിരുന്നു അന്ന് താന്‍ ശ്രീയോട് പറഞ്ഞത്. എന്നാല്‍ അതിന് ശ്രീയുണ്ടായിരുന്നില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം പെട്ടെന്നൊരു ദിവസമാണ് അസുഖത്തെക്കുറിച്ച് അറിഞ്ഞതും അവള്‍ തന്നെ വിട്ടുപോയെന്നും ബിജു നാരായണന്‍ പറഞ്ഞിരുന്നു.

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തലയണമന്ത്രം മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. അതില്‍ ഉര്‍വശി അവതരിപ്പിച്ച കാഞ്ചന എന്ന കഥാപാത്രം നടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.

ചിത്രത്തില്‍ ഉര്‍വശിയോട് ഇംഗ്ലീഷില്‍ സംസാരിച്ച് ‘വെള്ളം കുടിപ്പിക്കുന്ന’ ഒരു കൊച്ചു പെണ്‍കുട്ടിയെ ആരും മറക്കാനിടയില്ല. ആഡംബര മോഹം കൊണ്ട് നാട്ടിന്‍പുറത്തു നിന്നും നഗരത്തിലേക്ക് താമസം മാറ്റുന്ന ഉര്‍വശിയും ശ്രീനിവാസനും പുതിയതായി താമസിക്കാനെത്തുന്ന കോളനിയിലെ താമസക്കാരിയാണ് സ്‌കൂള്‍ വിദ്യര്‍ഥിനിയായ ആ പെണ്‍കുട്ടി.

ഇന്നസെന്റിന്റെയും മീനയുടെയും മകളായി ചിത്രത്തിലെത്തിയ വാശിക്കാരിയായ പെണ്‍കുട്ടിയെ അധികമാര്‍ക്കും പരിചയമില്ല. നടന്‍ ജഗന്നാഥ വര്‍മ്മയുടെ മകന്‍ മനു വര്‍മ്മയുടെ ഭാര്യയായ സിന്ധു മനു വര്‍മ്മയാണ് അത്‌. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഗാനഗന്ധര്‍വനില്‍ സിന്ധു അഭിനയിക്കുന്നുണ്ട്. അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിനി ആയിരുന്നെങ്കില്‍ ഇന്ന് ലക്ഷ്മിയെന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളായാണ് നടി അഭിനയിക്കുന്നത്.

ലണ്ടൻ∙ ലോകത്താകമാനം ഉപയോക്താക്കളും ഓഫിസും ബിസിനസ് ശൃംഖലയുമുള്ള തോമസ് കുക്ക് ട്രാവൽ സംഘാടകർ അടച്ചുപൂട്ടൽ ഭീഷണിയിൽ. 178 വർഷത്തെ പ്രവർത്തന പാരമ്പര്യവും നിരവധി രാജ്യങ്ങളിലായി 20,000 പേർ ജോലി ചെയ്യുന്നതുമായ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ രണ്ടുദിവസത്തിനുള്ളിൽ പ്രവർത്തനം നിർത്തുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ. ഇതോടെ വിവിധ രാജ്യങ്ങളിൽ ഇവരിലൂടെ സന്ദർശനത്തിലായിരുന്ന ലക്ഷക്കണക്കിന് ആളുകളുടെ മടക്കയാത്രയും സുരക്ഷിതത്വവും അപകടത്തിലായി.

തോമസ് കുക്കിന്റെ പ്രവർത്തനങ്ങൾ നിലവിലെ സ്ഥിതിയിൽ രണ്ടു ദിവസത്തിനകം അവസാനിക്കുമെന്നാണ് ബിബിസി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.  അത്രമാത്രം സാമ്പത്തിക പ്രതിസന്ധിയിലാണ് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ ട്രാവൽ ഫേമായ തോമസ് കുക്ക്.

ലോകകത്തെ പ്രമുഖ വിമാനത്താവളങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തോമസ് കുക്കിന് സ്വന്തമായി ഓഫിസും പ്രവർത്തന സംവിധാനങ്ങളുമുണ്ട്. 16 രാജ്യങ്ങളിലായി 20,000 പേർ തോമസ് കുക്കിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മണി എക്സേഞ്ചുകളും വിമാന സർവീസുകളും ഫെറി സർവീസുകളും വേറെയും.

തോമസ് കുക്കിലൂടെ ബ്രിട്ടീഷുകാരായ വിനോദ സഞ്ചാരികൾ മാത്രം നിലവിൽ 1,80,000 പേർ വിവിധ രാജ്യങ്ങളിൽ സന്ദർശനത്തിൽ ഉണ്ടെന്നാണ് കണക്ക്. മറ്റു രാജ്യങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ വേറെയും. കമ്പനി പ്രവർത്തനം നിർത്തുന്നതോടെ ഇവരുടെ മടക്കയാത്രയും മറ്റ് അനുബന്ധ സേവനങ്ങളും അവതാളത്തിലാകും.

200 മില്യൻ പൗണ്ടിന്റെ ധനകമ്മി നേരിടുന്ന സ്ഥാപനം ഇതിനുള്ള പരിഹാരം രണ്ടുദിവസത്തിനുള്ളിൽ കണ്ടെത്തിയില്ലെങ്കിൽ ഞായറാഴ്ചയോടെ പ്രവർത്തനം നിർത്തേണ്ടിവരുമെന്നാണ് മുന്നിറിയിപ്പ്. റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡുമായും ലോയിഡ്സ് ബാങ്കുമായും ബന്ധപ്പെട്ട് ഇതിനുള്ള അവസാനവട്ട ശ്രമങ്ങൾ കമ്പനി നടത്തുന്നുണ്ടെങ്കിലും ഇത്രയേറെ ഭീമമായ ബാധ്യത ഏറ്റെടുക്കാൻ ബാങ്കുകൾ തയാറാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ വന്നാൽ 1.6 ബില്യൻ പൗണ്ടിന്റെ കടബാധ്യതയിൽ അകപ്പെട്ട കമ്പനിക്ക് സ്വാഭാവികമായും  പൂട്ടുവീഴും. ഇത് ആയിരക്കണക്കിന് ആളുകളുടെ ജോലിക്കും  ലക്ഷക്കണക്കിനാളുകളുടെ ടൂറിസം പദ്ധതികൾക്കും അവസാനമാകും.

കമ്പനിയുടെ ഏറ്റവും വലിയ ഷെയർ ഹോൾഡമാരായ ചൈനീസ് കമ്പനി ഫോസനുമായി ചേർന്നും രക്ഷാദൗത്യത്തിന് കമ്പനി ശ്രമം തുടരുന്നുണ്ട്. എന്നാൽ അടിയന്തര സഹായമായ 2000 മില്യൻ പൗണ്ട് നൽകാൻ ഇവരും തയാറാകാതിരുന്നതോടെയാണ് കമ്പനി വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്.

അതേസമയം, തോമസ് കുക്ക് യുകെയുടെ ഭാഗമല്ല തോമസ് കുക്ക് (ഇന്ത്യ)യെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാധവന്‍ മേനോൻ അറിയിച്ചു. 2012 ഓഗസ്റ്റ് മുതല്‍ തോമസ് കുക്ക് (ഇന്ത്യ) ബ്രിട്ടീഷ് കമ്പനിയുടെ ഭാഗമല്ല. 2012 ഓഗസ്റ്റില്‍ കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് (ഫെയര്‍ഫാക്‌സ്) തോമസ് കുക്ക് (ഇന്ത്യ)യെ ഏറ്റൈടുത്തിരുന്നു. അന്നു മുതല്‍ ഇന്ത്യന്‍ കമ്പനിയ്ക്ക് തീര്‍ത്തും വ്യത്യസ്തമായ നിലനില്‍പ്പാണുള്ളതെന്നും മാധവന്‍ മേനോൻ പറഞ്ഞു.

പഴയന്നൂർ: ബാറിൽ കയറി മദ്യപിച്ചതിന് ശേഷം പണം നൽകാത്തതിനെ തുടർന്ന് തർക്കമുണ്ടായതിന് പിന്നാലെ നായ്ക്കളുമായെത്തിയ രണ്ട് യുവാക്കൾ ബാർ അടിച്ചുതകർത്തു. പഴയന്നൂരിലെ രാജ് റെസിഡൻസി ബാറാണ് വെള്ളിയാഴ്ച രാത്രി തകർത്തത്. മൂന്ന് ബാർ ജീവനക്കാർക്ക് പരിക്കേറ്റു. രാത്രി പത്തേമുക്കാലോടെ നാല് ജർമ്മൻ ഷെപ്പേർഡ് നായ്ക്കളുമായെത്തിയ യുവാക്കളാണ് വടിവാളുകൊണ്ട് ചില്ലുഡോറും കൗണ്ടറുകളും കമ്പ്യൂട്ടറുകളും തകർത്തത്. ആക്രമണം കണ്ട് ഭയന്ന പോയ ബാർ ജീവനക്കാരും ബാറിലെത്തിയവരും ഇത് കണ്ട് ഭയന്നോടി. അഞ്ച് മിനിറ്റ് കൊണ്ട് ഇവർ ബാർ മുഴുവൻ അടിച്ച് തകർക്കുകയും ചെയ്തു. പൊലീസിൽ അറിയിച്ചെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഇവർ സ്ഥലം വിട്ടിരുന്നു. ആക്രമണത്തിൽ ബാറിലെ ജീവനക്കാരായ ഇ.ടി. കൃഷ്ണൻകുട്ടി, രാധാകൃഷ്ണൻ, ഒഡീഷ സ്വദേശിയായ സുഭാഷ് എന്നിവർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ബാറിലെത്തിയ യുവാക്കൾ മദ്യവും ഭക്ഷണവും കഴിച്ചു. ഏകദേശം നാലുമണിക്കൂറോളം ബാറിൽ ചെലവഴിക്കുകയും ചെയ്തു. ഭക്ഷണവും കഴിച്ച് മദ്യപിച്ചതിനും ശേഷം കൈയിൽ പണമില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ജീവനക്കാർ വിഷയത്തിൽ ഇടപെട്ടു. 950 രൂപയായിരുന്നു ബില്ലായി നൽകേണ്ടിയിരുന്നത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കമായി. തുടർന്ന് യുവാക്കളുടെ കൈവശമുള്ള മൊബൈൽ ഫോൺ വാങ്ങിവെച്ചശേഷം പണം കൊണ്ടുവരുമ്പോൾ തിരിച്ചുനൽകാമെന്ന് അറിയിച്ചു. ഇതേത്തുടർന്ന് യുവാക്കൾ ബാറിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ രാത്രിയോടെ ഇവർ തിരിച്ചെത്തി. ഏകദേശം പത്തേമുക്കാലോടെ ആയിരുന്നു ഇവർ തിരിച്ചെത്തിയത്.

ഷർട്ട് ധരിക്കാതെ കൈയിൽ നായയെ പിടിച്ച് കൊണ്ടായിരുന്നു ഇവർ എത്തിയത്. അക്രമം തുടങ്ങിയതിന് ശേഷം ഇവർ നായയെ അഴിച്ച് വിടുകയും ചെയ്തു. ഇവ കുരച്ച് ചാടിയതോടെ ബാക്കിയുള്ളവർ ഇറങ്ങിയോടി. വടിവാൾ ഉപയോഗിച്ച് കംപ്യൂട്ടർ, നൂറു കണക്കിനു ഗ്ലാസുകൾ, ബീയർസോഡാക്കുപ്പികൾ, ഫർണിച്ചർ എന്നിവ വെട്ടിനശിപ്പിച്ചു. രാജ് റീജൻസി ഹോട്ടലിലാണ് സംഭവം നടന്നത്. ജീവനക്കാരുൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെട്ടതോടെ ഇവരുടെ അക്രമം തടയാൻ ആരും ഉണ്ടായിരുന്നില്ല. ഇരുവരും നിമിഷ നേരം കൊണ്ട് ബാർ അടിച്ച് തകർത്തപ്പോൾ വൻ നഷ്ടം ബാറുടമയ്ക്കും. ഇരുവരുടേയും ഫോൺ വാങ്ങി വെച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.

റോഡിലൂടെ നടന്നെത്തിയ ഇവർ ബാറിലേക്ക് കയറുകയും പെട്ടെന്ന് വടിവാൾ ചുഴറ്റി എല്ലാം അടിച്ചുതകർക്കുകയുമായിരുന്നു.നായ്ക്കളെ പരിശീലിപ്പിക്കാൻ പഴയന്നൂരിലെത്തിയവരാണ് അക്രമം നടത്തിയതെന്ന് കരുതുന്നു. ഇവർ പരിശീലകരായി പ്രവർത്തിക്കുന്ന വെള്ളപ്പാറയിലെ കേന്ദ്രത്തിൽ പൊലീസ് അന്വേഷണം നടത്തി. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നതായി ബാർ ഉടമ സായി രാജേഷ് പറഞ്ഞു. അക്രമദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസിന് കൈമാറിയ യുവാക്കളിലൊരാളുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരികയാണെന്നും അക്രമികൾ തൃശ്ശൂർ സ്വദേശികളാണെന്നും പഴയന്നൂർ സിഐ. എം. മഹേന്ദ്രസിംഹൻ പറഞ്ഞു.

നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ‍ഡവലപ്മെന്റിൽ (നബാർഡ്) ഡവലപ്മെന്റ് അസിസ്റ്റന്റ്, ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികകളിൽ അവസരം. 91 ഒഴിവുകളാണുള്ളത്. ഓൺലൈൻ മുഖേന അപേക്ഷിക്കണം.

സംസ്ഥാനാടിസ്ഥാനത്തിലാണ്  ഒഴിവുകൾ. കേരളത്തിൽ ഡവലപ്മെന്റ് അസിസ്റ്റന്റ് തസ്തികയിൽ ഒരൊഴിവ് (ജനറൽ) മാത്രമാണുള്ളത്.  ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികയിൽ കേരളത്തിൽ ഒഴിവില്ല. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കണം. ഏതെങ്കിലും  ഒരു സംസ്ഥാനത്തെ ഒഴിവുകളിലേയ്ക്കു മാത്രം അപേക്ഷിക്കുക.

ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.

ശമ്പളം: 13150 –34990 രൂപ

യോഗ്യത (2019 സെപ്റ്റംബർ ഒന്നിന്): 

ഡവലപ്മെന്റ് അസിസ്റ്റന്റ്: കുറഞ്ഞത് മൊത്തം 50 % മാർക്കോടെ (പട്ടികവിഭാഗം. വികലാംഗർ, വിമുക്തഭടൻമാർക്കു പാസ് മാർക്ക് മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദം.

ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി): ഹിന്ദിയും ഇംഗ്ലിഷും കംപൽസറി/ ഇലക്ടീവ് വിഷയമായി പഠിച്ചു കുറഞ്ഞത് മൊത്തം 50 % മാർക്കോടെ  ഇംഗ്ലിഷ്/ ഹിന്ദി മീഡിയത്തിലുള്ള ബിരുദം (പട്ടികവിഭാഗം. വികലാംഗർ, വിമുക്തഭടൻമാർക്കു പാസ് മാർക്ക് മതി)

അല്ലെങ്കിൽ

ഹിന്ദിയും ഇംഗ്ലിഷും മെയിൻ വിഷയമായി കുറഞ്ഞത് മൊത്തം 50 % മാർക്കോടെ ബിരുദം (പട്ടികവിഭാഗം. വികലാംഗർ, വിമുക്തഭടൻമാർക്കു പാസ് മാർക്ക് മതി)

അപേക്ഷകർക്ക് ഇംഗ്ലിഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും ട്രാൻസ്‌ലേറ്റ് ചെയ്യാനുള്ള പരിജ്ഞാനം വേണം.

പ്രായം: 2019 സെപ്റ്റംബർ ഒന്നിന് 18 നും 35 നും മധ്യേ.  ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു 10 വർഷവും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്ക് ഉൾപ്പെടെയുള്ള മറ്റിളവുകൾ ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.  പ്രാഥമിക എഴുത്തുപരീക്ഷ ഒക്ടോബർ 20നു നടത്തും.

പരീക്ഷാ കേന്ദ്രം, സിലബസ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

അപേക്ഷാഫീസ്: ഇന്റിമേഷൻ ചാർജ് ഉൾപ്പെടെ 450 രൂപ.പട്ടികവിഭാഗം/വികലാംഗർ/ വിമുക്തഭടൻമാർക്കു ഇന്റിമേഷൻ ചാർജായ 50 രൂപ മാത്രം മതി. ഡെബിറ്റ് കാർഡ് (വിസ, മാസ്റ്റർ, റുപേ, മാസ്ട്രോ), ക്രെഡിറ്റ് കാർഡ്,  ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക.

അപേക്ഷിക്കേണ്ട വിധം: www.nabard.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കുക.

അപേക്ഷകർക്ക് ഇ–മെയിൽ വിലാസം ഉണ്ടായിരിക്കണം.അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

RECENT POSTS
Copyright © . All rights reserved