തിരുവനന്തപുരം : സംഗീതജ്‌ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണം സി.ബി.ഐ. അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു ഡി.ജി.പി: ലോക്‌നാഥ് ബഹ്‌റ. അന്വേഷണം സി.ബി.ഐക്കു വിടുന്നതിനോടു ക്രൈംബ്രാഞ്ചിനു വിയോജിപ്പില്ലെന്ന റിപ്പോര്‍ട്ട് ഡി.ജി.പി. ഉടന്‍ മുഖ്യമന്ത്രിക്കു കൈമാറും. കേസുമായി ബന്ധപ്പെട്ടു ചില സാമ്പത്തിക ഇടപാടുകള്‍ കൂടിയുണ്ടെന്നു ബാലഭാസ്‌കറിന്റെ കുടുംബം പരാതിപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം കൂടി പരിശോധിക്കണമെന്നും ഡി.ജി.പി. ആവശ്യപ്പെടും. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞദിവസം യോഗംചേര്‍ന്നു കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണു ഡി.ജി.പിയുടെ നടപടി.
നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ തൃപ്‌തിയില്ലെന്നും മകന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയതിനെത്തുടര്‍ന്നാണ് ഡി.ജി.പി. അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചത്.
ബാലഭാസ്‌കറും രണ്ടു വയസുള്ള മകളും കൊല്ലപ്പെട്ട വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലെ ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്‌കറിന്റെ പിതാവ് പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ മാത്രമാണ് വ്യക്‌തത വരാനുള്ളത്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥര്‍ ഡി.ജി.പിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്ത്, കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി: കെ. ഹരികൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ പങ്കെടുത്തത്.ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഡി.ജി.പി. സംതൃപ്‌തി പ്രകടിപ്പിച്ചു. പൊതുസമൂഹത്തില്‍ ചര്‍ച്ചയായ കേസായതിനാല്‍ സി.ബി.ഐ. അന്വേഷണം വേണോയെന്നു സര്‍ക്കാര്‍ നിലപാടെടുക്കട്ടെയെന്ന അഭിപ്രായമാണു ഡി.ജി.പി. പ്രകടിപ്പിച്ചത്. ബാലഭാസ്‌കറിന്റെ കുടുംബം സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷിക്കട്ടെയെന്ന നിലപാട് ക്രൈംബ്രാഞ്ചും കൈക്കൊണ്ടു.
ബാലഭാസ്‌കറിന്റെ അപകടമരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അതിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്‌ഥലത്തും ബാലഭാസ്‌കര്‍ ദിവസങ്ങള്‍ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍വച്ചും മരിച്ചു. ബാലഭാസ്‌കറിന്റെ മാനേജര്‍ സ്വര്‍ണ കടത്തുക്കേസില്‍ ഉള്‍പ്പെട്ടതോടെയാണു സി.ബി.ഐ അന്വേഷണാവശ്യം ഉയര്‍ന്നത്.
വിഷുവിന് പൂക്കാതിരിക്കാനാവാത്ത കണിക്കൊന്നയെപ്പോലെയാണ് ചിലപ്പോൾ പേനയും – ചില സിനിമകൾ കണ്ടാൽ അതേപ്പറ്റി എഴുതാതിരിക്കാനാവില്ല..! അത്തരമൊരു സിനിമയാണ് ‘ഫൈനൽസ്’. ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടതാണ് ഇത് കാണണം എന്ന്; കാരണം രജിഷ വിജയൻ എന്ന ‘ഉറപ്പ്’ തന്നെ… തിയേറ്ററിൽ പൊതുവേ ആളു കുറവായപ്പോൾ തന്നെ തീർച്ചയായി, ചിത്രം വളരെ നല്ലതായിരിക്കുമെന്ന്! (അല്ല, അതാണല്ലോ പൊതുവേയുള്ള ഒരു രീതി; പിന്നീട് അഭിപ്രായങ്ങളൊക്കെ വന്ന ശേഷമേ മിക്ക നല്ല പടങ്ങളും വിജയിച്ചിട്ടുള്ളൂ…) ഈ റിവ്യൂ മുഴുവൻ വായിക്കാൻ മടിയുള്ളവർക്കു വേണ്ടി ആദ്യം തന്നെ പറയാം, നിങ്ങൾ ഈ സിനിമ കണ്ടില്ലെങ്കിൽ അതൊരു തീരാ നഷ്ടമായിരിക്കും, തീർച്ച…
ഇനി, തുടർന്നു വായിക്കാൻ താൽപര്യമുള്ളവർക്കു വേണ്ടി:
രജിഷയുടെ സിനിമയെന്നു പറഞ്ഞു ടിക്കറ്റെടുക്കുന്നവരെക്കൊണ്ട് സുരാജ് വെഞ്ഞാറമൂടിന്റെ സിനിമയെന്നു മാറ്റിപ്പറയിക്കുന്ന ഒരു സിനിമ – അതാണ് ‘ഫൈനൽസ്’… ടിനി ടോമിന്റെ ഒരു കരിയർ ബെസ്റ്റ് എന്നു പറയാവുന്ന സിനിമ; നിരഞ്ജ് മണിയൻ പിള്ള രാജു എന്ന പയ്യൻ മലയാള സിനിമക്ക് ഒരു വാഗ്ദാനമാണെന്നു വെളിവാക്കുന്ന സിനിമ; ശ്വാസമടക്കിപ്പിടിച്ചിരുന്നു കാണേണ്ടുന്ന ഒരു സ്പോർട്സ് സിനിമ – ഇതൊക്കെയാണ് ഫൈനൽസ്..! ഒരു വ്യക്തിയെ, അതിലൂടെ ഒരു സമൂഹത്തെ, സ്വപ്നങ്ങളെ, ഒക്കെയും രാഷ്ട്രീയ താൽപര്യങ്ങളും മാധ്യമ മുൻവിധികളും എത്രത്തോളം സ്വാധീനിക്കുന്നു എന്ന് അക്കമിട്ടു നിരത്തുന്ന ഈ സിനിമ ചെയ്യാൻ ധൈര്യം കാണിച്ച സംവിധായകനും നിർമ്മാതാക്കൾക്കുമിരിക്കട്ടെ ആദ്യ കൈയടി…
നമ്മുടെ രാഷ്ട്രീയ – സാമൂഹിക – മാധ്യമ വ്യവസ്ഥിതികളോടുള്ള രോഷ പ്രകടനമാണ് ‘ഫൈനൽസ്’ എന്നും വേണമെങ്കിൽ പറയാം…
സംഭാഷണങ്ങളെക്കാളേറെ, മൗനമാണ് ഈ ചിത്രത്തിൽ സ്‌കോർ ചെയ്തിരിക്കുന്നത്!
‘ഇന്റർവെൽ’ എന്ന് സ്ക്രീനിൽ തെളിയുമ്പോൾ പ്രേക്ഷകർ വാച്ചിൽ നോക്കി ‘ഇത്ര പെട്ടെന്നോ’ എന്നൊരു ചോദ്യം ചോദിക്കും, ഉറപ്പ്. രണ്ടാം പകുതിയിൽ തുടക്കം കുറച്ചു ‘വലിച്ചിഴച്ചു’ എന്ന് പറയാതെ വയ്യ. സെന്റിമെൻസ് വർകൗട് ആകണമെങ്കിൽ വലിച്ചു നീട്ടണം എന്ന സംവിധായകന്റെ മിഥ്യാ ധാരണയാവാം ഒരുപക്ഷേ അങ്ങനെയൊന്നിന് കാരണമായത്! ചില സ്ഥലങ്ങളിൽ പശ്ചാത്തല സംഗീതം അരോചകമായി തോന്നി… ക്യാമറാമാനും സംവിധായകനും തമ്മിലുള്ള ഒരു ആരോഗ്യകരമായ മത്സരം സിനിമയിലുടനീളം കാണാം. രണ്ടുപേരും വിജയിക്കുന്ന ഒരു മത്സരം! ഇടക്ക് തോന്നുന്ന ‘ലാഗ്’ ‘ആവിയായി’ പോകുന്ന ഒരു മാന്ത്രികതയാണ് ക്ളൈമാക്സിനപ്പുറം സ്ക്രീനിൽ തെളിയുന്ന ചില വാർത്താ ചിത്രങ്ങൾ…(അത് നിങ്ങൾ തിയേറ്ററിൽ കാണുക). രജിഷയെപ്പറ്റി ഒന്നും പറയാത്തത്, അങ്ങനെയൊരു പറച്ചിലിന്റെ ആവശ്യമുണ്ടെന്ന് തോന്നാത്തതുകൊണ്ടാണ് – അത്രമേൽ തന്മയത്വത്തോടെ തന്റെ കഥാപാത്രമായി രജിഷ മാറിയിരിക്കുന്നു… ആവർത്തിക്കുന്നു, താര രാജാക്കന്മാർ അരങ്ങു വാഴുന്നില്ല എന്ന ഒറ്റക്കാരണത്താൽ ‘ഫൈനൽസും’ ‘അത്ര പോരാ’ എന്ന പാഴ് വാക്കിലൊതുക്കി പരാജിത ചിത്രങ്ങളുടെ ‘ഹിറ്റ് ലിസ്റ്റിൽ’ എഴുതിച്ചേർക്കരുത്; ഇതൊരു അപേക്ഷയാണ്…
റോഷിൻ എ റഹ്‌മാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. പാരലൽ കോളേജ് അധ്യാപകൻ. കവിത, സിനിമാ നിരൂപണം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം.
ജയഭാരതി മാത്രമാണ് അന്തരിച്ച നടൻ സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് രണ്ടാം ഭാര്യ നസീം ബീന. സത്താറിന്റെ മൃതദേഹത്തിന്റെ അരികിൽ നിൽക്കാൻ പോലും ബന്ധുക്കൾ അനുവദിച്ചില്ല. ജയഭാരതിയുടെയും മകൻ കൃഷ് സത്താറിന്റെയും നടുവിലാണ് താൻ നിനന്നത് എന്നാൽ മാധ്യമങ്ങൾ എത്തിയപ്പോൾ ചില ബന്ധുക്കൾ തന്നെ പിന്നിലേക്ക് തള്ളിമാറ്റി. നിർബന്ധപൂർവ്വം തന്നെ മുറിയിൽ ഇരുത്തിയെന്നും നസീം ബീന പറഞ്ഞു. 30 വർഷം മുൻപാണ് ജയഭാരതിയുമായുള്ള വിവാഹ ബന്ധം സത്താർ വേർപ്പെടുത്തുന്നത്.
താൻ സത്താറിനെ വിവാഹം കഴിച്ചത് പണമോ പദവിയോ മോഹിച്ചല്ല. സിനിമയോ സീരിയലോ ഇല്ലാതെ സ്വന്തം സഹോദരന്റെ വീട്ടില്‍ 2500 രൂപയ്ക്ക് വാടകയ്ക്ക് കഴിയുമ്പോഴാണ് താന്‍ സത്താറിനെ വിവാഹം കഴിച്ചത്. അവിടെ നിന്ന് കൊടുങ്ങല്ലൂരെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ജനിച്ചുവളര്‍ന്ന വീട്ടില്‍ 2500 രൂപ വാടകയ്ക്ക് കഴിയേണ്ടിവന്നയാളാണ് താനെന്ന് സത്താര്‍ ഇടക്കിടെ പറയാറുണ്ടായിരുന്നു. താര സംഘടനയായ അമ്മയുടെ നാലായിരം രൂപയും ഒരു ജ്യേഷ്ഠന്‍ തന്റെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശയായി നല്‍കുന്ന നാലായിരം രൂപയും ചേര്‍ത്ത് എട്ടായിരം രൂപ മാത്രം വരുമാനമുള്ളപ്പോഴാണ് അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. ജയഭാരതിയും മകനും സത്താർ അവശനിലയിലായപ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും നസീം ബീന ആരോപിച്ചു.
മകൻ പണം തരാൻ സാധിക്കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് സത്താർ കരൾ മാറ്റിവെയ്ക്കാൻ സത്താർ തയാറാകാതെയിരുന്നത്. ജോലിയില്ലാതിരുന്നതിനാൽ പ്രത്യേകിച്ച് വരുമാനമൊന്നുമില്ലായിരുന്നു. 2011ലാണ് നസീം ബീനയെ സത്താർ വിവാഹം കഴിക്കുന്നത്. ആരും നോക്കാനില്ലാത്തതിനെ തുടർന്നായിരുന്നു ഈ വിവാഹം. ഈ ഏഴ് വർഷവും സത്താറിനെ നോക്കിയത് താൻ മാത്രമാണെന്നും നസീം ബീന അവകാശപ്പെടുന്നു.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ചവറ്റുവീപ്പയായി എവറസ്റ്റ് മാറുകയാണ്. മഞ്ഞിനടിയിൽ നിന്ന് വെളിപ്പെട്ടത് ടൺ കണക്കിന് മാലിന്യങ്ങളും, നിരവധി മൃതദേഹങ്ങളുമാണ്. എവറസ്റ്റ് കീഴടക്കാനുള്ള പരിശ്രമങ്ങൾക്കിടയിൽ കൊടുമുടി മുകളിൽ മരിച്ചുവീഴുന്നവരുടെ മൃതദേഹങ്ങൾ തിരിച്ച് താഴെയെത്തിക്കാൻ ആരും ശ്രമിക്കാറില്ല. ഇത്തരത്തിൽ ഇരുന്നൂറിലധികം മൃതദേഹങ്ങൾ പലയിടത്തായി മലമുകളിൽ കിടപ്പുണ്ട്. മഞ്ഞുമൂടിക്കിടക്കുന്നതുകൊണ്ട് അളിഞ്ഞുപോവുകയോ ദുർഗന്ധം വമിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഈ മൃതദേഹങ്ങളിലെ ഉടുപ്പുകളുടെയും ഗ്ലൗസുകളുടെയും ഒക്കെ നിറം വെച്ച് ഇവ യാത്രക്കാർ വഴിയടയാളങ്ങളായി പ്രയോജനപ്പെടുത്തിപ്പോന്നിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി എവറസ്റ്റ് കൊടുമുടിയിൽ ഐസ് ഉരുകുന്നത് വർഷം തോറും വർദ്ധിക്കുമ്പോൾ, മലകയറുന്നവർ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ, മനുഷ്യ മാലിന്യങ്ങൾ, മൃതദേഹങ്ങൾ എന്നിവ ഉൾപ്പെടെ മലനിരകളിൽ അവശേഷിക്കുന്ന മലിനീകരണം വെളിപ്പെടുത്തുന്നു.
വൈസ് പറയുന്നതനുസരിച്ച്, വർഷങ്ങളായി കുഴിച്ചിട്ടിരുന്ന മൃതദേഹങ്ങളും മറ്റ് മാലിന്യങ്ങളും ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയുടെ മഞ്ഞുരുകാൻ തുടങ്ങുമ്പോൾ വീണ്ടും ദൃശ്യമാകാൻ തുടങ്ങി.
എവറസ്റ്റിൽ മുകളിൽ 200 മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി കണക്കാക്കുന്നു. ഇവയിൽ 1996-ൽ പർവതത്തിൽ വച്ച് മരണമടഞ്ഞ സെവാങ് പാൽജോർ എന്ന ഇന്ത്യൻ മനുഷ്യന്റെ മൃതദേഹമായ ‘ഗ്രീൻ ബൂട്ട്സ്’ പോലുള്ളവയാണ്. കൊടുമുടിയിൽ നിന്ന് അവർ എത്ര ദൂരെയാണെന്ന് കണക്കാക്കാൻ മലകയറ്റക്കാർ അദ്ദേഹത്തിന്റെ മൃതദേഹം ഒരു മാർക്കെർ പോലെ ഉപയോഗിച്ചു. ബിബിസി പറയുന്നതനുസരിച്ച്, പൽജോറിൻറെ മൃതദേഹം നീക്കിയിട്ടുണ്ടെങ്കിലും എവിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല
2019 -ൽ പർവ്വതാരോഹണത്തിനിടെയുണ്ടായ ഒരു കൊടുങ്കാറ്റ് പന്ത്രണ്ടുപേരുടെ ജീവനാണ് അപഹരിച്ചത്. ഇരുനൂറോളം പർവ്വതാരോഹകർ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി നിൽക്കുന്നതിന്റെ ചിത്രങ്ങൾ അന്ന് വൈറലായിരുന്നു. ഈ വർഷം ഇതുവരെ 383 പേർക്ക് എവറസ്റ്റ് കീഴടക്കാനുള്ള ക്ലൈംബിങ് ലൈസൻസ് നൽകിയ നേപ്പാളീസ് സർക്കാരും ഈ വിഷയത്തിൽ കടുംവെട്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. ഈയിനത്തിൽ സർക്കാരിന് പിരിഞ്ഞു കിട്ടിയത് ഏതാണ്ട് 30 കോടി രൂപയാണ്. അതുകൊണ്ടുതന്നെ നേപ്പാൾ സർക്കാരിന് എവറസ്റ്റിൽ നടക്കുന്ന മാലിന്യ നിക്ഷേപങ്ങൾ കീറാമുട്ടിയായിരിക്കുകയാണ്. ഏകദേശം ഒരു നൂറ്റാണ്ടുമുമ്പേ എവറസ്റ്റിൽ പർവ്വതാരോഹണദൗത്യങ്ങൾ നടന്നുവരുന്നു. ആദ്യമായി ഒരു വൃത്തിയാക്കൽ യജ്‌ഞം നടന്നത് 1996 -ലാണ്. അന്ന്, ഏകദേശം ഏഴു ടണ്ണോളം മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ടിരുന്നു.
ഐസിൽ ഉറഞ്ഞു കിടക്കുന്ന ഒരു മൃതദേഹത്തിന് ഫലത്തിൽ 160 കിലോഗ്രാമിലധികം ഭാരം വരും. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച നേപ്പാളി ഷെർപ്പകൾക്കു മാത്രമാണ് ആ മൃതദേഹങ്ങളെ താഴെ ബേസ് ക്യാമ്പിലേക്ക് എത്തിക്കാനുള്ള ശേഷിയുള്ളത്. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന ഒരു പ്രവൃത്തിയാണ് കൊടുമുടിയിൽ മൃതദേഹങ്ങൾ അടക്കമുള്ള മാലിന്യങ്ങളുടെ വൃത്തിയാക്കൽ നടത്തുക എന്നത്. എവറസ്റ്റ് മലിനമാക്കപ്പെടുന്നു എന്ന പരാതികൾ കൂടിയതോടെ 2014 മുതൽ വൃത്തിയാക്കാനുള്ള ചെലവിലേക്ക് മൂന്നു ലക്ഷം രൂപ കെട്ടി വെച്ചാൽ മാത്രമേ കയറ്റിവിടൂ എന്ന നിയമവും നേപ്പാളീസ് സർക്കാർ കൊണ്ടുവന്നിരുന്നു.
മുപ്പതു ടണ്ണിൽ അധികം മാലിന്യം കൊടുമുടി മുകളിൽ ഇനിയുമുണ്ടെന്നാണ് അനുമാനം. കഴിഞ്ഞ മാസം ഡിസ്പോസബിൾ പ്ലാസ്റ്റിക് എവറസ്റ്റ് പരിസരത്ത് നിരോധിച്ചിരുന്നു സർക്കാർ. പരിചയക്കുറവുള്ളവർ മലകയറുന്നത് കൊണ്ടുണ്ടാകുന്ന മരണങ്ങൾ ഒഴിവാക്കാൻ, നേപ്പാളിലെ തന്നെ എവറസ്റ്റിനേക്കാൾ ഉയരം കുറഞ്ഞ മറ്റേതെങ്കിലും കൊടുമുടി കീഴടക്കിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമേ എവറസ്റ്റിലേക്ക് വിടുന്നുള്ളൂ ഇപ്പോൾ.
അബുദാബി: യാത്രക്കാരന്റെ ടാബ്‍ലറ്റ് ഡിവൈസില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. അബുദാബിയില്‍ നിന്ന് വാഷിങ്ടണ്‍ ഡിസിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇ.വൈ 131 വിമാനമാണ് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനില്‍ അടിയന്തരമായി ഇറക്കിയത്.
അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് ഇത്തിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിമാനം സുരക്ഷിതമായി ഡബ്ലിനില്‍ ഇറക്കിയ ശേഷം ടാബ്‍ലറ്റ് ഡിവൈസ് വിമാനത്തില്‍ നിന്നുമാറ്റി. തുടര്‍ന്ന് യാത്ര തുടരുകയായിരുന്നു.
ബാറ്ററികളില്‍ നിന്ന് തീപിടിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ആപ്പിള്‍ മാക്ബുക്ക് പ്രോ കംപ്യൂട്ടറുകളുടെ ചില മോഡലുകള്‍ക്ക് നേരത്തെ വിവിധ വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും വിമാനം വഴിതിരിച്ചുവിട്ടതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും ഇത്തിഹാദ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടി20യിലെ വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് റെക്കോര്‍ഡ്. അര്‍ധ സെഞ്ചുറിയോടെ കോലി അന്താരാഷ്‌ട്ര ടി20 റണ്‍വേട്ടയില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ മറികടന്നു. തന്‍റെ റണ്‍സമ്പാദ്യം കോലി 2441ലെത്തിച്ചപ്പോള്‍ ഹിറ്റ്‌മാന് 2434 റണ്‍സാണുള്ളത്. ഇതോടെ ടി20 റണ്‍വേട്ടയില്‍ കോലി- രോഹിത് പോര് മുറുകി.
ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്(2283), പാക്കിസ്ഥാന്‍ താരം ഷൊയൈബ് മാലിക്ക്(2263), കിവീസ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം(2140) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
മൊഹാലിയില്‍ 52 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 72 റണ്‍സുമായി കോലി മത്സരത്തിലെ താരമാവുകയായിരുന്നു. കോലി വെടിക്കെട്ടും ശിഖര്‍ ധവാന്‍റെ പ്രകടനവും ചേര്‍ന്നതോടെ മത്സരം ഏഴ് വിക്കറ്റിന് ടീം ഇന്ത്യ വിജയിച്ചു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ നേടി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-149-5 (20), ഇന്ത്യ- 151-3 (19). ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
അബുദാബി: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് മത്സ്യവും മത്സ്യ ഉത്പ്പന്നങ്ങളും വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോരിറ്റി. ഷോപ്പിങില്‍ ഏറ്റവും അവസാനം മാത്രമേ മത്സ്യം വാങ്ങാവൂ എന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.
കൃഷി-ഭക്ഷ്യ സുരക്ഷാ അതോരിറ്റി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇത് സംബന്ധിച്ച വീഡിയോ ക്ലിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷോപ്പിങ് തുടങ്ങുമ്പോള്‍ തന്നെ മത്സ്യം വാങ്ങിവെയ്ക്കുന്നത് അവ കേടാകാന്‍ കാരണമാകുമെന്നും സാധ്യമാവുന്നിടത്തോളം സമയം അവ റഫ്രിജറേറ്ററില്‍ തന്നെ സൂക്ഷിക്കണമെന്നും വീഡിയോയില്‍ പറയുന്നു. ആദ്യം തന്നെ മത്സ്യം വാങ്ങി റഫ്രിജറേറ്ററിന് പുറത്ത് ഏറെനേരം സൂക്ഷിക്കുന്നത് അതിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
വീഡിയോ കാണാം…
اجعل الأسماك آخر مشترياتك #هيئة_أبوظبي_للزراعة_والسلامة_الغذائية #سلامة_غذائك_بين_يديك #السلامة_الغذائية #الرقابة_الغذائية #adafsa #foodsafety #food_safety #abu_dhabi_agriculture_and_food_safety_authority pic.twitter.com/ywlr7nvnKh
— هيئة أبوظبي للزراعة والسلامة الغذائية (@adafsa_gov) September 16, 2019
പറക്കും തളികൾ യാഥാർത്ഥ്യമാണോ, ശാസ്ത്ര ലോകത്തിന് മുന്നിൽ എന്നും തർക്ക വിഷയമാണ് പറക്കും തളികൾ എന്ന വിളിക്കപ്പെടുന്ന യുഎഫ്ഒ (അൺ ഐഡന്റിഫൈഡ് ഫ്ലയിങ് ഒബ്ജക്റ്റ്). എന്നാൽ അടുത്തിടെ യുഎസ് നാവിക സേനയ്ക്കു മുന്നിൽ കുടുങ്ങിയ അജ്ഞാത വസ്ഥു യുഎഫ്ഒയുടെ ഗണത്തിൽ പെടുന്നതാണെന്നാണ് നേവി അധികൃതർ നൽകുന്ന വിശദ്ദീകരണം. ഇതോടെ പറക്കും തളികകൾ യാഥാർത്ഥ്യമാണോ എന്ന് വീണ്ടും ചർച്ച ആരംഭിച്ചിരിക്കുകയാണ്. പുറത്തുവന്ന ‘യുഎഫ്‌ഒ വിഡിയോകൾ’ യഥാർത്ഥ്യമാണെന്നും ഒരിക്കലും പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവിടാൻ പാടില്ലാത്തതാണെന്നുമായിരുന്നു യുഎസ് നേവി വക്താവിന്റെ പ്രതികരണം.
മുന്ന് വീഡിയോകളാണ് പുറത്ത് വന്നിട്ടുള്ളത്. യുഎസ് നാവിക സേനയുടെ വിമാനങ്ങളുടെ റഡാറിൽ കുടുങ്ങിയ യുഎഫ്‌ഒകളുടെ മൂന്ന് വിഡിയോകൾ യഥാർഥമാണെന്നാണ് നാവികർ സ്ഥിരീകരിക്കുന്നതെന്ന് ലൈവ് സയൻസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പുറത്തുവന്ന ‘യുഎഫ്‌ഒ വിഡിയോകൾ’ യഥാർഥമാണ്, എന്നാൽ അത് പറക്കും തളികകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും യുഎസ് നേവി വക്താവ് പറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ന്യൂയോർക്ക് ടൈസാണ് വീഡിയോ പുറത്ത് വിട്ടത്.
നിലവിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് നേരിടാൻ കഴിയാത്ത നിഗൂഢ വസ്തുക്കളായിരുന്നു അവ. ഇത് ഒരിക്കലും പൊതുജനങ്ങളെ കാണിക്കാൻ ആഗ്രഹിച്ചിരുന്നില്ല. നാവികസേന ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ ഓപ്പറേഷൻസ് ഫോർ ഇൻഫർമേഷൻ വാർഫെയർ വക്താവ് ജോസഫ് ഗ്രേഡിഷർ പറയുന്നു.
പുറത്ത് വന്ന ഒരു ക്ലിപ്പിൽ ഇരുണ്ടതും ക്യാപ്സൂൾ ആകൃതിയിലുള്ളതുമായ ഒരു വസ്തു അതിവേഗത്തിൽ വശങ്ങളിലേക്ക് തെന്നിക്കളിക്കുന്നതുമാണ് കാണിക്കുന്നത്. നിരീക്ഷിക്കുന്ന വിമാനത്തിന്റെ സെൻസർ ലോക്ക് അതിവേഗം സഞ്ചരിക്കുന്ന ലക്ഷ്യത്തെ കുടുക്കാൻ ശ്രമിക്കുന്നതാണ് മറ്റൊന്ന്. ഒരു നീളമേറിയ ഒബ്ജക്റ്റ് നീങ്ങുന്നതാണ് മൂന്നാമത്തെ വീഡിയോ. ഇത് നിരീക്ഷിക്കുന്ന പൈലറ്റുമാർ ആശ്ചര്യത്തോടെ ഒച്ചവയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഫലസൂചനകൾ. 91% വോട്ടുകളെണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ വലതുപക്ഷ കക്ഷി ലികുഡ് പാർട്ടി 55 സീറ്റുകളാണ് നേടിയിരിക്കുന്നത്. ആകെ 120 സീറ്റിൽ കേവലഭൂരിപക്ഷം 61 സീറ്റാണ്.
എതിർകക്ഷിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്കും സഖ്യകക്ഷികൾക്കുമായി ആകെ ലഭിച്ചിരിക്കുന്നത് 56 സീറ്റുകളാണ്. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
പേപ്പർ ബാലറ്റുകളാണ് ഇസ്രായേൽ ഉപയോഗിക്കുന്നത്. ഇക്കാരണത്താൽ തന്നെ ഫലങ്ങൾ വൈകിയാണ് വരുന്നത്. 40 ലക്ഷം വോട്ടർമാർക്കു വേണ്ടി 11,000 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരുന്നത്.
ഏപ്രിൽ മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിലും ലികുഡ് പാർട്ടിക്ക് മതിയായ സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സഖ്യ സർക്കാരുണ്ടാക്കാൻ നെതന്യാഹു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതെത്തുടർന്ന് പാർലമെന്റ് പിരിച്ചു വിടുകയായിരുന്നു.
ഏപ്രിലിലെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടിക്ക് 35 സീറ്റുകളാണ് ലഭിച്ചിരുന്നത്. ഇതുവരെ വന്ന ഫലങ്ങൾ പ്രകാരം നെതന്യാഹുവിന്റെ കക്ഷിക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത് 32 സീറ്റുകളാണ്. സഖ്യത്തിലുള്ള മറ്റ് കക്ഷികളെല്ലാം ചേർന്ന് 55 സീറ്റ് നെതന്യാഹു പക്ഷത്തിനുണ്ട്.
അതെസമയം യിസ്രായേൽ ബെയ്തെയ്നു പാർട്ടിയുടെ നേതാവായ അവിഗ്ദോർ ലീബർമാന്‍ തന്റെ കക്ഷിക്ക് 9 സീറ്റുകൾ സംഘടിപ്പിച്ചു കൊടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിലപാടാണ് അടുത്ത സർക്കാർ ആരുടേതാണെന്ന് തീരുമാനിക്കുക എന്നുറപ്പായിട്ടുണ്ട്. ഇദ്ദേഹം ഒരുകാലത്ത് നെതന്യാഹുവിന്റെ വലംകൈയായിരുന്നു.
പൗരത്വപട്ടികയില്‍ നിന്ന് പുറത്താകുന്നവരെ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിന് മാത്രമല്ല, രാജ്യത്തിനാകെ ബാധകമാണ് ദേശീയ പൗരത്വ പട്ടിക. രാജ്യത്തുടനീളം ഇത് നടപ്പാക്കും. അസം പൗരത്വ പട്ടിക എന്നല്ല ദേശീയ പൗരത്വ പട്ടിക എന്നാണ് പേര്. ‘നിയമവിരുദ്ധ’ കുടിയേറ്റക്കാരെ പുറത്താക്കും. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ഹിന്ദി പത്രം ഹിന്ദുസ്ഥാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
നിങ്ങള്‍ ഇംഗ്ലണ്ടിലോ നെതര്‍ലാന്‍ഡ്‌സിലോ അമേരിക്കയിലോ പോയി കുടിയേറാന്‍ നോക്കൂ. നിങ്ങളെ അവര്‍ അകത്ത് കയറ്റില്ല. പിന്നെ നിങ്ങള്‍ക്ക് എങ്ങനെ ഇന്ത്യയിലേയ്ക്ക് വെറുതെ വന്ന് ഇവിടെ താമസമാക്കാന്‍ കഴിയും? – അമിത് ഷാ ചോദിച്ചു. ഒരു രാജ്യവും ഇങ്ങനെയല്ല കാര്യങ്ങള്‍ ചെയ്യുന്നത്. ഇന്ത്യന്‍ പൗരന്മാരുടെ പട്ടികയുണ്ടാവുക എന്നത് കാലത്തിന്റെ അനിവാര്യതയാണ്. ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അസമില്‍ മാത്രമല്ല, രാജ്യത്തുടനീളം എന്‍ആര്‍സി നടപ്പാക്കുമെന്ന് ഞങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് രജിസ്റ്ററുണ്ടാകും. മറ്റുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും – അമിത് ഷാ പറഞ്ഞു.
ഈ രാജ്യത്തെ ജനങ്ങള്‍ 2019ല്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഞങ്ങള്‍ എന്‍ആര്‍സിയുമായി മുന്നോട്ട് പോകും. പട്ടികയില്‍ നിന്ന് പുറത്താകുന്നവരെ നിയമപരമായ നടപടികള്‍ക്ക് ശേഷം രാജ്യത്ത് നിന്ന് പുറത്താക്കും – അമിത് ഷാ പറഞ്ഞു. അസമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷം പേര്‍ക്ക് പൗരത്വം തെളിയിക്കാന്‍ ട്രൈബ്യൂണലിനെ സമീപിക്കാം. അഭിഭാഷകരെ വയ്ക്കാന്‍ പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.