വിവാദങ്ങളിലൂടെ വാര്‍ത്താപ്രാധാന്യം നേടിയ യുവനടനാണ് ഷെയിന്‍ നിഗം. ചെറുപ്രായത്തിലേ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്തതിനാലും മലയാളിക്ക് ഏറെ പ്രിയപ്പെട്ട അബിയുടെ മകന്‍ എന്ന നിലയിലും ഒരു പ്രത്യേക ഇഷ്ടത്തോടെയാണ് ഏവരും ഷെയ്നിനെ ചേര്‍ത്തുനിര്‍ത്തിയത്. വെയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുകയും പിന്നീട് ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തത്. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഷെയിന്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ആദ്യം ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജുമായി ആയിരുന്നു തര്‍ക്കമെങ്കില്‍ ഇപ്പോള്‍ സംവിധായകന്‍ ശരത്തുമായി ആണ് പ്രശ്‌നം.
എന്നാലിപ്പോഴിതാ ഷെയ്ന്‍ നിഗമിന്റെ ഉമ്മ സുനില സംഭവത്തെ കുറിച്ച് പ്രതികരിക്കുകയാണ്.
‘ഷെയ്നിനെ കുറ്റം പറയുന്നവര്‍ എന്താണ് അവന്റെ കുടുംബത്തോട് ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാത്തത്.ഇത്രയും നാള്‍ അവന്‍ അഭിനയിച്ച സംവിധായകരുമായി നിങ്ങളൊന്നു സംസാരിക്കണം. അപ്പോള്‍ അറിയാം ആരാണ് ഷെയ്ന്‍ എന്ന്, അവന്‍ എങ്ങനെയായിരുന്നു സെറ്റില്‍ പെരുമാറിയത് എന്ന്. അവനെ സിനിമയില്‍നിന്നു വിലക്കും, കര്‍ശന നടപടി വരും എന്നൊക്കെ പറയുന്നു. പക്ഷേ അവന്‍ എന്തു ചെയ്തിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം. അങ്ങനെയൊരു നടപടി വരുമെങ്കില്‍ അതിനു മുന്‍പ് വീട്ടുകാരില്‍ നിന്നും അഭിപ്രായം തേടാന്‍ അവര്‍ ശ്രമിക്കും എന്നു ഞാന്‍ കരുതുന്നു. മാധ്യമങ്ങളില്‍ ഷെയ്നിന് എതിരായി വരുന്ന വാര്‍ത്തകളില്‍ ഒരു തരി പോലും സത്യമില്ല. അതുകൊണ്ട് അതെന്നെ ഭയപ്പെടുത്തുന്നില്ല. പക്ഷേ നല്ല വിഷമമുണ്ടെന്നും സുനില പറയുകയാണ്.
സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളില്‍ ഒരിടത്തും വീട്ടുകാര്‍ക്ക് എന്താണു പറയാനുള്ളതെന്നു പറഞ്ഞിട്ടുണ്ടോ… ആരും, ഒരു കോണിൽനിന്നും ചോദിച്ചില്ല. വെയിലിന്റെ സംവിധായകന്‍ ശരത് ഒരു ദിവസം രാവിലെ ഒൻപതിന് എന്നെ വിളിച്ചു പറയുകയാണ് ഷെയ്ന്‍ സെറ്റില്‍നിന്ന് ഇറങ്ങിപ്പോയി എന്ന്. ഞാന്‍ അപ്പോള്‍ തന്നെ മകനെ വിളിച്ചു. അപ്പോഴാണ് അവന്‍ പറയുന്നത്, രാത്രി രണ്ടര വരെ ഷൂട്ട് ഉണ്ടായിരുന്നു ഇപ്പോള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റാണ് ഫോണ്‍ എടുത്തതെന്ന്. ഇനി അടുത്ത സമയം ഉച്ചക്ക് പന്ത്രണ്ട് മണി ആണെന്ന്. ഞാന്‍ ഇത് ശരത്തിനോടു പറഞ്ഞ് അല്‍പം വാക്കുതര്‍ക്കം ഉണ്ടായി. ഷെയ്ന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളിലെ സംവിധായകരോട് നിങ്ങള്‍ ചോദിക്കണം ഇതുപോലെ എന്തെങ്കിലും ഒരു സംഭവം അവന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന്.
ഇഷ്ഖിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞല്ലോ ഞങ്ങളോടൊന്നും ഇങ്ങനെയില്ല എന്ന്. ഇനി അഭിനയിക്കേണ്ട ഖുര്‍ബാനി സിനിമയുടെ ഷൂട്ടിങ് ഇപ്പോള്‍ വേണമെങ്കിലും ആരംഭിക്കാന്‍ അവര്‍ തയാറാണ്. ഇടവേള വന്നില്ലേ ഇപ്പോള്‍. ആ സമയത്ത് ചെയ്യാമെന്നാണ് അവര്‍ പറയുന്നത്. ആ സിനിമയിലെ ഒരു സംഭവം പറയാം. ആ ചിത്രത്തില്‍ ചാരുഹാസന്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തെ അത്രമാത്രം വലുതായിട്ടാണ് അവര്‍ ഓരോരുത്തരും കാണുന്നത്. ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം ഷെയ്നിനും കൂട്ടുകാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായി. ചാരുഹാസന്‍ സാറിന് അന്നേ ദിവസം തിരികെ പോകുകയും വേണമായിരുന്നു. അതുകൊണ്ട് മരുന്നു കഴിച്ചിട്ട് അഭിനയിക്കാമോ എന്ന് പ്രൊഡ്യൂസര്‍ ഇവനോടു ചോദിച്ചു. ഷെയ്ന്‍ തയാറായിരുന്നു. പക്ഷേ മുഖത്തൊക്കെ നല്ല ക്ഷീണം ഉണ്ടായിരുന്നു. അന്നേരം ചാരുഹാസന്‍ സര്‍ പറഞ്ഞത് ഒരു ആര്‍ടിസ്റ്റിന്റെ മുഖത്താണ് എക്‌സ്‌പ്രഷന്‍ വരേണ്ടതെന്നാണ്.
ഈ ക്ഷീണിച്ച മുഖത്ത് അത് എങ്ങനെ വരാനാണ്. അതിനു സാധിക്കില്ല. എനിക്ക് ആയുസ്സ് ഉണ്ടെങ്കില്‍ ഞാന്‍ മടങ്ങിവന്ന് ഈ സിനിമയില്‍ അഭിനയിക്കും എന്നദ്ദേഹം പറഞ്ഞു. അതാണ് ശരി. ഒരു ആര്‍ടിസ്റ്റിന്റെ മുഖത്ത് ഭാവം വരണം. പക്ഷേ ആര്‍ടിസ്റ്റിന് സ്‌പേസ് കൊടുക്കാത്ത, അവരെ പ്രകോപിപ്പിക്കുന്ന ഒരു ടീമിനൊപ്പം എങ്ങനെയാണ് മുഖത്ത് എക്‌സ്‌പ്രഷന്‍ വരുത്തേണ്ടത്. അതാണ് ഇവിടെ സംഭവിച്ചത്. ഇവര്‍ എന്തിനാണ് ഓരോ പ്രശ്‌നം ഉണ്ടാക്കുന്നതെന്നു മനസ്സിലാകുന്നില്ല. അവനെ പ്രകോപിപ്പിച്ച് ഓരോന്നു പറയിച്ചിട്ട് അവര്‍ തന്നെ പറയുന്നു സിനിമ മുടക്കുന്നു എന്ന്. ദൈവം സഹായിച്ച് ആ സിനിമ വരികയാണെങ്കില്‍ നിങ്ങള്‍ക്കു മനസ്സിലാകും ഷെയ്ന്‍ എന്തുമാത്രം ശ്രമം ആ സിനിമയില്‍ നടത്തിയിട്ടുണ്ട് എന്ന്. അന്നൊരു പ്രശ്‌നമുണ്ടായി, അത് പിന്നീട് ഫെഫ്ക ഇടപെട്ടു ചര്‍ച്ച നടത്തി പരിഹരിച്ചു.
15 ദിവസമാണ് ഷൂട്ടിങ് പറഞ്ഞത്. അത് പിന്നീടു മാറ്റി 24 ദിവസം വേണം എന്നു സിനിമാ ടീം പറഞ്ഞപ്പോള്‍ അതു പറ്റില്ല എന്ന് ഞങ്ങള്‍ പറഞ്ഞു. അത് വാസ്തവമാണ്. അവര്‍ തന്നെ ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ട് അവര്‍ അതെല്ലാം ഷെയ്നിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ്. ‘ചേട്ടന്‍ പ്രകൃതിയെ നശിപ്പിക്കുന്നുവെന്ന്’ ശരത്തിനോട് ഷെയ്ന്‍ പറഞ്ഞിരുന്നുവത്രേ. പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍ പറഞ്ഞു ഷെയ്ന്‍ എന്നൊക്കെയാണ് ആരോപണം. അവന്‍ 22 വയസ്സ് മാത്രം പ്രായമുള്ള ഒരാളാണ്. നല്ല വിഷമത്തില്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ പറയാന്‍ ഉദ്ദേശിച്ച വാക്കുകള്‍ ആയിരിക്കില്ല വരിക. അതാണ് ഇവിടെയും സംഭവിച്ചത്. ചേട്ടന്‍ സത്യത്തെ കണ്ടില്ലെന്നു നടിച്ച് അതിനെ നശിപ്പിക്കുകയാണ് എന്നാണ് അവന്‍ ഉദ്ദേശിച്ചത്. പ്രകൃതിയാണ് സത്യം എന്നൊക്കെയാണ് മനസ്സില്‍ കരുതിയത്.
പക്ഷേ പറഞ്ഞു വന്നപ്പോള്‍ അങ്ങനെയായി. പുതിയ വാര്‍ത്ത അവന്‍ തലമുടി വെട്ടിയത് വെല്ലുവിളിയായിട്ടാണ് എന്നാണ്. അങ്ങനെയൊന്നും മനസില്‍ വിചാരിച്ചിട്ടില്ല. എന്തിനാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എന്ന് എനിക്ക് അറിയില്ല.കഞ്ചാവ് വലിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍ എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അവന്‍ കഞ്ചാവു വലിക്കുന്നുവെങ്കില്‍ അത് ആദ്യം തിരിച്ചറിയേണ്ടതും അതില്‍ ഏറ്റവും വിഷമിക്കേണ്ടതും തിരുത്തേണ്ടതും ഞാന്‍ തന്നെയല്ലേ. അമ്മ എന്ന നിലയില്‍ എനിക്കല്ലേ ബാധ്യത. പക്ഷേ ആ ആരോപണം തീര്‍ത്തും തെറ്റാണ് എന്നെനിക്ക് അറിയാം. അതുകൊണ്ട് അത്തരം ആരോപണം എന്നെ ബാധിക്കുന്നില്ല. ഷെയ്ന്‍ അവന്റെ കരിയര്‍ നശിപ്പിക്കുന്നുവെന്നാണ് മറ്റൊരു പറച്ചില്‍. അവന്‍ എന്തിനാണ് സ്വന്തം കരിയര്‍ ഇല്ലാതെയാക്കുന്നത്. ഓരോ പ്രശ്‌നവും സൃഷ്ടിച്ച് ഏകപക്ഷീയമായി സംസാരിച്ച് പ്രകോപിപ്പിച്ചിട്ട് പറയുന്നു, അവന്‍ സ്വന്തം കരിയര്‍ നശിപ്പിക്കുന്നു എന്ന്. എന്താണ് സത്യാവസ്ഥ എന്ന് അറിയാന്‍ സിനിമയിൽ ഉളളവരോ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവരോ ശ്രമിച്ചിട്ടില്ല.
ഹാര്‍ലി ഡേവിഡ്സണ്‍ വാങ്ങിനല്‍കാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു. തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും ലേഖയുടെയും മകന്‍ അഖിലേഷ് അജിയെയാണ് വാടക വീട്ടിലെ കിടപ്പുമുറിയില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നര ലക്ഷം രൂപയ്ക്കു മേൽ വിലവരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഉൾപ്പെട അഞ്ച് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള അഖിലേഷ് ഇതൊന്നും പോരാഞ്ഞിട്ട് ലക്ഷങ്ങൾ വിലമതിക്കുന്ന സൂപ്പർബൈക്ക് വാങ്ങിച്ചു നൽകാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഒരുമുഴം കയറിൽ ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്നമാണോ ഇതെന്നാണ് സോഷ്യൽ മീഡിയ ഉൾപ്പെടെ ചോദിക്കുന്നത്?
വിലകൂടിയ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഉൾപ്പെട അഞ്ച് ബൈക്കുകളും കാറും സ്വന്തമായുള്ളപ്പോഴും 14 ലക്ഷം രൂപ വിലവരുന്ന ഹാർലി ഡേവിസൻ ബൈക്ക് വേണമെന്ന് അഖിലേഷ് ഏറെക്കാലമായി നിർബന്ധം പിടിക്കുകയായിരുന്നു. എന്നാൽ സാമ്പത്തിക ഞെരുക്കത്തിനിടയിൽ തത്കാലം ആ ആവശ്യം നടപ്പില്ലെന്ന് അച്ഛൻ അജികുമാർ അഖിലേഷിനോട് പറഞ്ഞു. ഒരു വർഷത്തിനുശേഷം ഇത് വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഇതേച്ചൊല്ലി വീട്ടിൽ അഖിലേഷ് വഴക്കുണ്ടാക്കിയിരുന്നു. അതിരാവിലെ എഴുന്നേൽക്കാറുള്ള അഖിലേഷ് കഴിഞ്ഞ ദിവസം ഒമ്പത് മണിയായിട്ടും മുറിയിൽനിന്ന് പുറത്തുവരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കാണുന്നത്.
കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇവര്‍ കുടുംബമായി നരിയ്ക്കലില്‍ വാടകവീട്ടിലാണ് താമസം.കുട്ടിക്കാലം മുതൽക്കേ ബൈക്കുകളോട് വലിയ ഇഷ്ടം പുലർത്തിയിരുന്നയാളായിരുന്നു അഖിലേഷ്. ഇതിനോടകം ആറ് ബൈക്കുകൾ സ്വന്തമായി ഉണ്ടായിരുന്നു. ഇതിൽ രണ്ടെണ്ണം റോയൽ എൻഫീൽഡ് ബുള്ളറ്റ് ആയിരുന്നു. ഇതുകൂടാതെ ഒരു ബൈക്കും രണ്ട് സ്കൂട്ടറുകളും അഖിലേഷിന് ഉണ്ടായിരുന്നു. എന്നാൽ അഖിലേഷിന്റെ ആത്മഹത്യക്ക് പിന്നിൽ ബൈക്ക് ഭ്രമം അല്ലെന്നും, പ്രണയ ബന്ധത്തെ ചൊല്ലിയുണ്ടായ വിഷയങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അഖിലേഷുമായി അടുപ്പം സൂക്ഷിക്കുന്ന സുഹൃത്തുക്കൾ ആരോപിക്കുന്നത്.
വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന വാർത്തകളുമായി ബന്ധപ്പെട്ട് ഒരു പരാതിയും ബന്ധുക്കൾ നൽകിയിട്ടില്ലെന്നാണ് പോത്തൻകോട് എസ് ഐ അജേഷ് വ്യക്തമാക്കുന്നത്. മാനസിക വിഷമമാണ് മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ സൂചിപ്പിക്കുന്നത്. അഖിലേഷിന്റേത് തൂങ്ങിമരണം തന്നെയാണെന്ന് സ്ഥിരീകാരിച്ചിട്ടുണ്ട്. അഖിലേഷ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോത്തൻകോട് പൊലീസ് കേസെടുത്തു.
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ശക്തമായ മറുപടി നൽകുകയും ചെയ്യാറുണ്ട് സാധിക. ഇപ്പോൾ സാധികയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സംഭവമെന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലൂടെ ബോൾഡായി തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന നടിയാണ് സാധിക വേണുഗോപാൽ. അതോടൊപ്പം തന്നെ സൈബർ അറ്റാക്കിങ്ങിന് ഇരയാവുകയും ചെയ്യാറുണ്ട് നടി. അത്തരം മോശം കമന്റുകൾക്കും സദാചാര പരാമർശങ്ങൾക്കും കൃത്യമായി മറുപടിയും നല്‍കാറുണ്ട്. മോശമായി പെരുമാറുന്നവരെക്കുറിച്ചും താരം തുറന്നടിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കുറെ പേര്‍ പലവട്ടം അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇന്‍ബോക്‌സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട്, കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്.

എല്ലാവർക്കുമായി ഒരൊറ്റ മറുപടിയേ ഉള്ളൂ; ഞാനെന്റെ ജോലിയുടെ ഭാഗമായി പല തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കും. അതെന്റെ ഉത്തരവാദിത്തവും ജോലിയോടുള്ള ആത്മാർഥതയുമാണ്. അതിന്റെ പേരിൽ നിങ്ങൾക്കെന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല. മറച്ചുവെക്കോണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകൾക്ക് പിന്നിൽ മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ലെന്നും താരം തുറന്ന് പറഞ്ഞിരുന്നു.

അഭിനയമാണ് തൊഴിലെന്ന് കരുതി പലരും മോശമായി പെരുമാറാറുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി നടി രംഗത്തുവന്നിരുന്നു. ‘പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളും നഗ്നചിത്രങ്ങളും എനിക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാൾ നിശബ്ദയായി ഇരുന്നു. കുറച്ച് പേരെ ബ്ലോക്ക് ചെയ്തു. എന്നാൽ വീണ്ടും തുടരുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് പ്രതികരിക്കാൻ തീരുമാനിച്ചതെന്നും സാധിക തുറന്നടിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എളുപ്പത്തില്‍ വീഴ്ത്താമെന്നും അവര്‍ പ്രതികരിക്കില്ലെന്നുമാണ് പലരുടെയും ധാരണ. മോശം കമന്റുകളും ചിത്രങ്ങളും അയയ്ക്കുന്നതിലൂടെ പലരും ലക്ഷ്യമാക്കുന്നതും ഇതാണ്’.

എന്റെ വിഡിയോ തന്നെ മോശം തലക്കെട്ടിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയും പരാതി നൽകിയിട്ടുണ്ട്. കരിയറിനെക്കുറിച്ചോര്‍ത്താണ് പലരും പ്രതികരിക്കാന്‍ ഭയപ്പെടുന്നത്. രൂക്ഷമായി പ്രതികരിക്കുന്നവരെ പിന്നീട് മാറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ അത്തരത്തിലൊരു ദുരനുഭവത്തിലൂടെയും കടന്നുപോകേണ്ടി വന്നിട്ടില്ല. മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തില്‍ നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നാണ് താന്‍ കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു. ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താനെന്ന് സാധിക പറയുന്നു. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാറില്ല. തനിക്ക് അങ്ങനെയുള്ള പ്രലോഭനങ്ങൾ ആരിൽ നിന്നും ഉണ്ടായിട്ടില്ലെന്നും എന്തിനോടും പ്രതികരിക്കുന്ന നടി എന്ന വിശേഷണം ഇൻഡസ്ട്രിയിൽ ഉണ്ടായതുകൊണ്ടാകും ഇതെന്നും സാധിക വ്യക്തമാക്കി.
പെരുമ്പാവൂരില്‍ യുവതിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി ദീപയെയാണ് നഗരത്തിലെ കടമുറിക്ക് മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിയായ അസം സ്വദേശി ഉമര്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെയാണ് പെരുമ്പാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കടമുറിക്ക് മുന്നില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് നാടോടി യുവതിയാണെന്നായിരുന്നു ആദ്യം പോലീസിന്റെ സംശയം.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുറുപ്പംപടി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടിയത്. തൂമ്പ കൊണ്ടുള്ള അടിയേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ശരീരമാസകലം തൂമ്പ കൊണ്ട് മുറിവേല്‍പ്പിച്ച പാടുകളുമുണ്ട്. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഗതാഗതനിയമലംഘന പിഴത്തുക കുത്തനെ കൂട്ടിയതിന് പിന്നാലെ മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ടാര്‍ജറ്റും കൂട്ടി. മാസം 300 കേസും ഒരു ലക്ഷം രൂപയും ഈടാക്കി നല്‍കിയിരുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇനി മുതല്‍ അഞ്ഞൂറ് പേരില്‍ നിന്നായി നാലുലക്ഷം രൂപ ഈടാക്കണമെന്നാണ് നിര്‍ദേശം.
വാഹനവുമായി റോഡിലിറങ്ങുന്നവര്‍ സൂക്ഷിക്കുക. ചെറിയ പിഴവുകള്‍ പോലും ഇനി മോട്ടോര്‍വാഹനവകുപ്പുകാര്‍ ക്ഷമിക്കില്ല. ക്ഷമിച്ചാല്‍ ടാര്‍ജറ്റ് തികയില്ല. ഫ്ലൈയിങ് സ്ക്വാഡായിരിക്കും കൂടുതല്‍ കണിശക്കാര്‍. സ്ക്വാഡിലെ മൂന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരില്‍ ഒാരോരുത്തരും മാസം അഞ്ഞൂറ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് മാത്രമല്ല, പിഴയായി നാലുലക്ഷം രൂപയും ഈടാക്കിയിരിക്കണം.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറും സമാനമായ തുക പിരിച്ചെടുക്കണം. അതായത് ഒരു സ്ക്വാഡ് മാസം പതിനാറ് ലക്ഷം രൂപ ഖജനാവില്‍ അടച്ചിരിക്കണമെന്നാണ് ഉത്തരവ്. ആര്‍.ടി ഒാഫീസുകളിലെ എ.എം.വി.െഎമാര്‍ മാസം റജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍ 75 ല്‍ നിന്ന് 150 ആയി ഉയര്‍ത്തി. തുക അന്‍പതിനായിരത്തില്‍ നിന്ന് രണ്ടുലക്ഷമായും കൂട്ടി. എം.വി.െഎമാര്‍ നൂറ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് പുറമെ ഒന്നരലക്ഷവും ഈടാക്കി നല്‍കണം.
ചെക്ക് പോസ്റ്റുകളിലുമുണ്ട് ടാര്‍ജറ്റ്. വാളയാര്‍ ഇന്നര്‍ ചെക്ക്പോസ്റ്റിലിരിക്കുന്ന ഒരു എ.എം.വി.ഐ ഒരുമാസം നാലുലക്ഷം രൂപയും എം.വി.ഐ മൂന്നുലക്ഷം രൂപയും പിരിച്ചിരിക്കണം. ഒൗട്ടര്‍ ചെക്ക് പോസ്റ്റിലിത് യഥാക്രമം 2,50000വും ഒരുലക്ഷവുമാണ്. പിഴത്തുക കൂട്ടിയതുകൊണ്ടാണ് ടാര്‍ജറ്റ് കൂട്ടിയതെന്നാണ് വാദം. എന്നാല്‍ മിക്കവരും കോടതിയില്‍ പിഴയൊടുക്കുന്നത് കാരണം ടാര്‍ജറ്റ് തികയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പാടുപെടും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ കൊള്ളയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സര്‍ക്കുലര്‍ പുറത്തുവന്നതോടെ ടാര്‍ജറ്റില്ലെന്ന് പറഞ്ഞൊഴിയാനും ഇനി ഗതാഗതകമ്മീഷണര്‍ക്കാവില്ല.
പ്രിയപ്പെട്ടവരുടെ തോളിലേറി എൽസൺ ഓർമകളുടെ കാണാക്കയങ്ങളിലേക്ക് അന്ത്യയാത്ര ചെയ്യുകയായിരുന്നു. മകന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ അച്ഛൻ മാർക്കോസിനും അമ്മ മേരിക്കും സങ്കടമടക്കാനായില്ല. കൂട്ടുകാർ അലമുറയിട്ട് കരഞ്ഞു. കൈകളിൽ ഒരുപിടി കണ്ണീർപ്പൂക്കളുമായി നാടൊന്നാകെ അവനു അന്ത്യചുംബനങ്ങൾ നൽകിയപ്പോൾ ആകാശത്തു മേഘങ്ങൾക്കൊപ്പമിരുന്ന് എൽസണും കണ്ണീർ പൊഴിച്ചിട്ടുണ്ടാകണം.
ഒട്ടേറെ കണ്ണുകളെ ഈറനണിയിച്ചു ഒടുവിൽ തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം. കഴിഞ്ഞദിവസം രാത്രിയോടെ ദൊട്ടപ്പൻകുളത്തെ ടർഫ് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കിടെ എൽസൺ കുഴഞ്ഞുവീഴുകയായിരുന്നു. എൽസണും കൂട്ടുകാരും ചേർന്നു രൂപീകരിച്ച മാണ്ടാട് ഡൈനാമോസ് ക്ലബ് അംഗങ്ങളുമായി പരിശീലനം നടത്തുന്നതിനിടെയാണു മരണം കവർന്നത്. മികച്ച സ്ട്രൈക്കറായിരുന്നു എൽസൺ. മൃതദേഹത്തിനൊപ്പം എൽസന്റെ ഇഷ്ടടീമായ ലിവർപൂളിന്റെ ജഴ്സിയും കൂട്ടുകാർ മടക്കിവച്ചിരുന്നു.
കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എൽസൺ കുറച്ചുനേരം കളിയിൽ നിന്നു മാറിനിന്നിരുന്നു. പിന്നീട് വിശ്രമത്തിനു ശേഷം വീണ്ടും കളിക്കാനിറങ്ങി. കളി അവസാനിച്ച ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. കൂട്ടുകാർ ഉടൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനായി മൊബൈൽ ഐസിയു ആംബുലൻസിനായി കൂട്ടുകാർ ഏറെ അലഞ്ഞെങ്കിലും ലഭ്യമായില്ല. ഇതിനിടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങൾ: ബിജു, ഷാന്റി, പരേതനായ ജോബി.
മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാരിന് വഴിയൊരുക്കിയ അജിത് പവാര്‍ വീണ്ടും ശരദ് പവാര്‍ ക്യാംപിലേക്ക്. ഇന്നലെ രാത്രി ശരദ് പവാറുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തി. അജിത്തിനെ എന്‍.സി.പിയില്‍ നിലനിര്‍ത്തുമെന്നാണ് സൂചന. അജിത്തിനെ ഉള്‍ക്കൊളളുന്നതില്‍ ശരദ് പവാറും സന്നദ്ധനാണ്. അതിനിടെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സിപിഎം അറിയിച്ചു. മഹാരാഷ്ട്രയിലെ സിപിഎമ്മിന്റെ ഏക എംഎല്‍എയാണ് ശിവസേന– എന്‍സിപി–കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുക. പാല്‍ഘര്‍ ജില്ലയിലെ ദഹാണു മണ്ഡലത്തിലെ വിനോദ് നിക്കോളെയാണ് സിപിഎം എംഎല്‍എ
മഹാരാഷ്ട്രയിലെ ആദ്യ താക്കറെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. മഹാസഖ്യത്തിന്‍റെ കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉദ്ധവ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. നാളെ ശിവജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളത്തില്‍ നടക്കും.
ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുടെ സംയുക്ത യോഗത്തിലാണ് ഉദ്ധവിനെ നേതാവായി തിരഞ്ഞെടുത്തത്. സഖ്യനേതാക്കള്‍ക്കൊപ്പം രാത്രിതന്നെ ഉദ്ധവ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ടു. നാളെ മുംബൈ ശിവാജി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ധവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്‍സിപിയില്‍നിന്ന് ജയന്ത് പാട്ടീലും കോണ്‍ഗ്രസില്‍നിന്ന് ബാലാസാഹെബ് തോറാട്ടും ഉപമുഖ്യമന്ത്രിമാരാകും. സാധാരണക്കാരുടെ സര്‍ക്കാരാകും മഹാസഖ്യത്തിന്റേതെന്ന് ഉദ്ധവ് പറഞ്ഞു. ശരത്പവറിനും സോണിയ ഗാന്ധിക്കും നന്ദിയും അറിയിച്ചു
എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്കായി ഇന്ന് ചേരുന്ന പ്രത്യേക നിയസമഭാ സമ്മേളത്തില്‍ പ്രൊട്ടേം സ്പീക്കറായി ബിജെപി നേതാവ് കാവിദാസ് കൊളംബ്കറെ ഗവര്‍ണര്‍ നിയമിച്ചു.
റിട്ട എസ്ഐ സി.ആർ. ശശിധരൻ കൊലക്കേസിൽ മിനിയാന്നു രാത്രി ഇറക്കിവിട്ട പ്രതിയെ ഇന്നലെ രാവിലെ വീണ്ടും പിടികൂടി. പൊലീസ് തന്ത്രങ്ങളിൽ ദുരൂഹത. കുറ്റാന്വേഷണത്തിലെ പിഴവിനും കൃത്യവിലോപത്തിനും ഗാന്ധിനഗർ സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന് സസ്പെൻഷൻ. കസ്റ്റഡിയിലുള്ളയാളെ സുരക്ഷിതമായി സൂക്ഷിക്കാത്തതിനാണ് അനൂപ് ജോസിനെ ഐജി സസ്പെൻഡ് ചെയ്തത്. അന്വേഷണച്ചുമതല കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാറിനു കൈമാറി.
ഞായറാഴ്ച പുലർച്ചെയാണ് ശശിധരൻ വീടിനു സമീപം റോഡരികിൽ തലയ്ക്കു വെട്ടേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. അയൽവാസിയായ അടിച്ചിറ സ്വദേശി സിജുവിനെ (ജോർജ് കുര്യൻ) അന്നു രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. 24 മണിക്കൂർ കസ്റ്റഡിയിൽ പൊലീസ് ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു സിജുവിന്റെ മൊഴി.
കസ്റ്റഡിയിൽ 24 മണിക്കൂർ വച്ചിട്ടും തെളിവൊന്നും കിട്ടാതെ വന്നതോടെ സിജുവിനെ രേഖാമൂലം സ്റ്റേഷനിൽ നിന്ന് ഇറക്കിവിടാൻ പൊലീസ് തീരുമാനിച്ചു. പുറത്തിറങ്ങുന്ന സിജുവിനെ പിന്തുടർന്ന് രഹസ്യമായി പിടികൂടി വീണ്ടും ചോദ്യം ചെയ്യാനായിരുന്നു പ്ലാൻ.
രാത്രിയിൽ സ്റ്റേഷനിൽ നിന്നു പുറത്തിറങ്ങിയ സിജു ഓട്ടോറിക്ഷയിൽ കയറി കടന്നുകളഞ്ഞു.അതോടെ തിങ്കളാഴ്ച രാത്രി മുതൽ പൊലീസ് സിജുവിനെ തിരയാൻ തുടങ്ങി. ഇന്നലെ രാവിലെ ഏറ്റുമാനൂർ തൊണ്ടൻകുഴിയിൽ ഇയാളെ കണ്ടെത്തി. പൊലീസുകാരനെ ഇടിച്ചു വീഴ്ത്തിയ സിജു പൊലീസിന്റെ സ്കൂട്ടറിൽ കടന്നുകളഞ്ഞു. പിന്നീട് സിജുവിനെ മണർകാട് സിഐ കെ. ഷിജിയുടെ നേതൃത്വത്തിൽ തിരുവഞ്ചൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.
ഏറ്റുമാനൂർ ഹൈടെക് പൊലീസ് സ്റ്റേഷനിൽ വീണ്ടും ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ തനിക്കു പങ്കില്ലെന്ന നിലപാട് സിജു ആവർത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് സ്കൂട്ടർ തട്ടിയെടുത്തതിനും ഇന്നലെ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ വരാത്തതിനും സിജുവിനെതിരെ കേസെടുത്തു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
1. സിജുവിനെ പൊലീസ് ഇറക്കിവിട്ടതാണോ അതോ സിജു രക്ഷപ്പെട്ടതാണോ. പൊലീസിന് കൃത്യമായ ഉത്തരമില്ല. ‘നാളെ രാവിലെ ചോദ്യം ചെയ്യലിന് എത്താമെന്ന് എഴുതി വാങ്ങിയ ശേഷമാണ് പൊലീസ് സിജുവിനെ വിട്ടത്. എന്നാൽ വിട്ടയച്ച സിജുവിനായി തിങ്കളാഴ്ച രാത്രി മുതൽ തിരിച്ചു പിടിക്കുന്നതു വരെ വൻ പൊലീസ് സംഘം തിരിച്ചിൽ നടത്തി. സിജു ഇറങ്ങിപ്പോകുമ്പോൾ ഉന്നത ഉദ്യോഗസ്ഥർ അടക്കം സ്റ്റേഷനിൽ ഉണ്ടായിരുന്നു.
2. രാഷ്ട്രീയ സമ്മർദം മൂലമാണ് സിജുവിനെ വിട്ടയച്ചതെന്ന് ആരോപണമുണ്ട്. സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ട സിജു ആദ്യം സഹായം തേടിയത് ഭരണകക്ഷിയിലെ നേതാവിന്റെ വീട്ടിൽ.
3. ശശിധരൻ മരിച്ചു കിടന്ന സ്ഥലത്തെ രക്തം പൊലീസ് ഇടപെട്ടു കഴുകി വൃത്തിയാക്കി. ഇതു തെളിവു നശിക്കാൻ ഇടയാക്കി. സംഭവത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്.
4. സംശയമുള്ളവരെ ദിവസങ്ങളോളം അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുന്നതാണ് പൊലീസിന്റെ രീതി. എന്നാൽ 24 മണിക്കൂർ കഴിഞ്ഞുവെന്നു പറഞ്ഞ് പൊലീസ് തന്നെയാണ് സിജുവിനെ വിട്ടയച്ചത്. സിജുവിനെ തിരിച്ചയ്ക്കാൻ പൊലീസ് തിടുക്കം കാട്ടിയത് എന്തിന്. സിജുവിന് വേണ്ടി ആരും പൊലീസിൽ പരാതി നൽകുകയോ കോടതിയെ സമീപിക്കുകയോ ചെയ്തിട്ടില്ല.
5. അന്വേഷണ സംഘത്തെ ഇതുവരെ രൂപീകരിച്ചിട്ടില്ല. ഫോൺ കോൾ പരിശോധന, സംശയമുള്ള മറ്റുള്ളവരുടെ മൊഴി എടുക്കൽ പോലുള്ള കാര്യങ്ങളും ചെയ്തിട്ടില്ല.
അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ കൂട്ടത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം. വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ചിത്രം വഴിയാണ് ഇവരെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. മകളും കുടുംബവും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്ന് വിവരം ലഭിച്ചതായി ബിന്ദു പറഞ്ഞു. മൂന്നുദിവസംമുമ്പ് ഓസ്‌ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്കു കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍നിന്നാണ് മരുമകനെയും ചെറുമകളെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭര്‍ത്താവ് ഈസയും സംസാരിച്ചിരുന്നു’ ബിന്ദു പറഞ്ഞു.
2016 ജൂലൈയിലാണ് നിമിഷയെ കാണാതായത്. കാസര്‍കോട്ടുനിന്നു ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. നിമിഷയ്‌ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു.’എന്റെ മോളും ഒപ്പമുണ്ട്. കുറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഖംമറച്ച സ്ത്രീകളില്‍നിന്നു മകളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഒരു ചിത്രത്തില്‍നിന്നു മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യന്‍ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റിനെ വിവാഹംകഴിച്ചത്. തുടര്‍ന്ന് ഇരുവരും ഇസ്‌ലാംമതം സ്വീകരിച്ചു. ശ്രീലങ്കവഴിയാണ് ഇവരുള്‍പ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്. നാഗര്‍ഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കള്‍ക്ക് മുമ്പ് ലഭിച്ച വിവരം. ഇവരെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിന്ദു.
മുംബൈ ∙ സുപ്രീം കോടതി വിധിക്കു പിന്നാലെ ഭൂരിപക്ഷമില്ലെന്നു തുറന്നു പറഞ്ഞ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമ്പോള്‍ വിജയം കാണുന്നത് ശരദ് പവാര്‍ എന്ന രാഷ്ട്രീയ അതികായന്റെ കൂടി തന്ത്രങ്ങളാണ്. എന്‍സിപിയെ പിളര്‍ത്തി എംഎല്‍എമാര്‍ക്കൊപ്പം അജിത് പവാര്‍ മറുകണ്ടം ചാടിയെന്ന വാര്‍ത്ത പുറത്തുവന്നപ്പോഴും കുലുങ്ങാതെ നിന്ന പവാര്‍ കോണ്‍ഗ്രസിനു നല്‍കിയ വാക്ക് പാലിച്ച് എംഎല്‍എമാരെ തന്റെ ക്യാംപില്‍ തിരിച്ചെത്തിച്ചു.
23 ന് പുലര്‍ച്ചെ രാഷ്ട്രീയ രംഗത്തെയാകെ ഞെട്ടിച്ചു കൊണ്ടു എന്‍സിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയപ്പോള്‍ സംശയത്തിന്റെ മുന നീണ്ടതു മുഴുവന്‍ ശരദ് പവാറിനു നേരെയായിരുന്നു. ശരദ് പവാറിന്റെ അറിവോടെയാണ് സഹോദരപുത്രനായ അജിത് പവാര്‍ ബിജെപിക്കു പിന്തുണ നല്‍കിയതെന്നു കോണ്‍ഗ്രസ് പോലും സംശയിച്ചു.
പവാര്‍ അറിയാതെ എന്‍സിപിയില്‍ ഒന്നും നടക്കില്ലെന്നും മഹാരാഷ്ട്ര നേതാക്കള്‍ അടക്കം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനിന്ന നാളുകളില്‍ മഹാരാഷ്ട്രയിലെ കര്‍ഷക വിഷയങ്ങള്‍ ഉന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പവാര്‍ കൂടിക്കാഴ്ച നടത്തിയതും സംശയങ്ങള്‍ ബലപ്പെടുത്തി.
എന്നാല്‍ പിന്നീടു കണ്ട കാഴ്ചകള്‍ ശരദ് പവാര്‍ എന്ന ഇരുത്തം വന്ന ജനനേതാവിന്റെ വിശ്വാസ്യതയുടെ നേര്‍സാക്ഷ്യമായി. അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും ഒരു കാരണവശാലും ബിജെപിയെ പിന്തുണയ്ക്കില്ലെന്നും സംശയത്തിനിടയില്ലാതെ പവാര്‍ തുറന്നടിച്ചു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്‌ക്കൊപ്പം പത്രസമ്മേളനം നടത്തി ശരദ് പവാര്‍ തന്റെ നിലപാട് തറപ്പിച്ച് പറഞ്ഞു.

അജിത് പവാറിനൊപ്പം പോയ എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ തിരിച്ചെത്തിക്കാന്‍ പവാര്‍ കാട്ടിയ രാഷ്ട്രീയതന്ത്രജ്ഞതയും ബിജെപിയുടെ നീക്കങ്ങള്‍ക്കു കനത്ത തിരിച്ചടിയായി. നേതാവ് ശരദ് പവാർ തന്നെയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് അജിത് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ചതെന്നും എംഎല്‍എമാര്‍ പറഞ്ഞു. ഒടുവില്‍ ബിജെപിയെ പിന്തുണച്ച് ഡല്‍ഹിക്കു പോയ നാല് എംഎല്‍എമാരെ എന്‍സിപിയുടെ യുവജനവിഭാഗം നേതാക്കളെ വിട്ടു മുംബൈയില്‍ തിരിച്ചെത്തിക്കാനും പവാറിനു കഴിഞ്ഞു.
ബിജെപി-ശിവസേന സഖ്യത്തിനെതിരെ പവാര്‍ നയിച്ച ഒറ്റയാള്‍ പോരാട്ടമായിരുന്നു ഇത്തവണത്തെ മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. അറുപതിലധികം പ്രചാരണ യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. കര്‍ഷകരോട് അവരുടെ വിഷയങ്ങള്‍ സംസാരിച്ചു; യുവാക്കളോടു സംവദിച്ചത് മോദി സര്‍ക്കാര്‍ നശിപ്പിച്ച തൊഴിലവസരങ്ങളെക്കുറിച്ച്. നഗരമേഖലകളില്‍ സാമ്പത്തിക മാന്ദ്യവും വ്യവസായ മുരടിപ്പുമാണ് പവാർ ഉയർത്തിക്കാട്ടിയത്. കശ്മീരും ദേശസുരക്ഷയും പ്രചാരണായുധങ്ങളാക്കി ബിജെപി പട നയിക്കുമ്പോള്‍ മഹാരാഷ്ട്രയുടെ മണ്ണിലൂന്നി ജനകീയ വിഷയങ്ങളുന്നയിച്ചുള്ള ബദല്‍ നീക്കം. ജനം അത് ഒരുപരിധി വരെ ശരിവച്ചുവെന്നതിന്റെ തെളിവായിരുന്നു തിരഞ്ഞെടുപ്പു ഫലം.
സത്താറയില്‍ എന്‍സിപിയെ വഞ്ചിച്ചു ബിജെപിയിലേക്കു പോയ ഉദയന്‍ രാജെ ഭോസലെയ്‌ക്കെതിരെ നടത്തിയ പ്രചാരണത്തിനിടെ പെയ്ത മഴയത്രയും നനഞ്ഞ പവാര്‍ നടത്തിയ ആ പ്രസംഗമാണ് തിരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ചതും ചര്‍ച്ചയായതും. ‘എന്റെ അണികള്‍ നനയുമ്പോള്‍ എനിക്കു കുട വേണ്ടെ’ന്നു പറഞ്ഞ അദ്ദേഹത്തിന്റെ കാല്‍ച്ചുവട്ടിലേക്കല്ലാതെ മറ്റേതു കുടക്കീഴിലേക്കു പോകും എന്‍സിപി അണികള്‍. അണഞ്ഞുതുടങ്ങിയ വിളക്കെന്ന് എതിരാളികൾ കളിയാക്കിയ നിലയെയാണ് ശരദ് പവാര്‍ ചെറിയൊരു തീപ്പന്തമാക്കിയത്.
പ്രതിപക്ഷം എവിടെയെന്നു പരിഹസിച്ചു പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും പ്രചാരണത്തിൽ പവാർ കൃത്യമായ മറുപടി നല്‍കി. അരനൂറ്റാണ്ടു പിന്നിട്ട രാഷ്ട്രീയ ജീവിതത്തില്‍, 79-ാം വയസ്സില്‍, ഏറ്റവും കഠിനാധ്വാനം ചെയ്ത പ്രചാരണത്തിനു സാഫല്യമായി അന്‍പതിലേറെ സീറ്റുകളുമായി ശിവസേനയ്ക്ക് തൊട്ടരികെ, കോണ്‍ഗ്രസിനു മുകളില്‍ മുഖ്യ പ്രതിപക്ഷമായി എന്‍സിപിയെ പ്രതിഷ്ഠിക്കാനും പവാറിനു കഴിഞ്ഞു.
ബിജെപിയുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരണം ശിവസേനയ്ക്ക് അസാധ്യമായതോടെ എന്‍സിപി നിര്‍ണായക ശക്തിയായി. തുടര്‍ന്ന് ശിവസേനയ്ക്കു പിന്തുണ നല്‍കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ പവാര്‍ തന്നെ കളത്തിലിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കണ്ട് അധികാരത്തില്‍നിന്ന് ബിജെപിയെ അകറ്റി നിര്‍ത്തേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ശിവസേനയുമായി സഹകരിക്കാമെന്ന തീരുമാനത്തിലേക്കു കോണ്‍ഗ്രസിനെ എത്തിച്ചതിനു പിന്നിലും പവാറിന്റെ രാഷ്ട്രീയകൗശലം തന്നെ.പശ്ചിമ മഹാരാഷ്ട്രയിലെ ബാരാമതിയിൽ ജനിച്ചു വളർന്ന പവാർ മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രി വൈ.ബി. ചവാന്റെ ശിഷ്യനായാണു രാഷ്ട്രീയത്തിൽ സജീവമായത്. ബാരമതിയിൽ സഹകരണ സംഘങ്ങളിലെ പ്രവർത്തനങ്ങളിൽ നിന്നായിരുന്നു തുടക്കം.
1967ലാണ് നിയമസഭയിലേക്കു കന്നി അങ്കം. 1978ൽ 38-ാം വയസ്സിൽ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായ അദ്ദേഹം പലവട്ടം കേന്ദ്രമന്ത്രിയുമായി. വിദേശത്തു ജനിച്ച സോണിയ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ വരുന്നതിനോടുള്ള വിയോജിപ്പിന്റെ പേരിൽ 1999 പാർട്ടിവിട്ട് എൻസിപി രൂപീകരിച്ച പവാർ പിന്നീടു കോൺഗ്രസുമായി ചേർന്നു മഹാരാഷ്ട്രയിലും കേന്ദ്രത്തിലും സർക്കാർ രൂപീകരണത്തിൽ പങ്കാളിയായി.
ശരദ് പവാറിന്റെ വിരലനക്കം അദ്ദേഹത്തിന്റെ നിഴൽപോലും അറിയില്ലെന്നാണു വയ്‌പ്. ഓരോ നീക്കത്തിലും പാലിക്കുന്ന ഈ നിഗൂഢതയാണു ശരദ്‌ചന്ദ്ര ഗോവിന്ദ്‌റാവു പവാറിനെ തിരഞ്ഞെടുപ്പിനു മുൻപും ശേഷവും ശ്രദ്ധാകേന്ദ്രമാക്കുന്നത്. സ്വന്തം ആയുധപ്പുരയ്‌ക്കു മുന്നിൽ പവാർ കയ്യുംകെട്ടി പുഞ്ചിരിച്ചുകൊണ്ടു നിൽക്കുമ്പോൾ ഉള്ളിലെന്തെന്ന് അറിയാതെ മറ്റുള്ളവർ അമ്പരക്കും. ഏറിയാൽ രണ്ടു വാക്ക് സംസാരിക്കും. അപ്പോഴും അവ്യക്‌തതയുടെ കവചത്തിൽ അദ്ദേഹം ഒളിച്ചിരിക്കുകയാകും. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും സ്വന്തം കരുക്കുകൾ പുറത്തെടുത്ത് എതിരാളികളെ ഞെട്ടിപ്പിക്കുകയും ചെയ്യും.
കർഷക കുടുംബത്തിൽ ജനിച്ചു വൈ.ബി. ചവാന്റെ ശിഷ്യനായി യൂത്ത് കോൺഗ്രസിലൂടെ വളർന്ന പവാറിന് മഹാരാഷ്‌ട്ര സ്വന്തം കൈവെള്ളയിലാണ്. പശ്‌ചിമ മഹാരാഷ്‌ട്രയാകട്ടെ വിരൽത്തുമ്പിലും. പവാർ ഒന്നു വിരൽ ഞൊടിക്കാൻ കാത്തിരിക്കുകയാണു പഞ്ചസാര ഫാക്‌ടറികളുടെ സാമ്രാജ്യമായ പശ്‌ചിമ മഹാരാഷ്‌ട്ര. 1967 മുതൽ നിയമസഭയിലും ലോക്‌സഭയിലും സ്വന്തം തട്ടകമായി സൂക്ഷിക്കുന്ന ബാരാമതിയിലെ വോട്ടർമാരെ പേരെടുത്തു വിളിക്കാൻ കഴിയുന്നത്ര ആഴത്തിലാണു മണ്ഡലവുമായുള്ള ബന്ധം. ഒരാളെ ഒരു തവണ കണ്ടാൽ പിന്നീട് മറക്കാതെ പേര് വിളിക്കാനുള്ള ആ കഴിവ് രാഷ്‌ട്രീയ കളരിയിലെ വിദ്യാർഥികൾ പഠിക്കേണ്ടതാണ്.
യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു വേരു പാകിയ പവാർ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ആ ആത്മവിശ്വാസമാണ് 1978ൽ കോൺഗ്രസിനെ പിളർത്തി വസന്ത്‌ദാദാ പാട്ടീൽ സർക്കാരിനെ വീഴ്‌ത്താനും ജനതയുമൊത്തുള്ള സഖ്യത്തിലൂടെ മുഖ്യമന്ത്രിയാകാനും കരുത്തു പകർന്നത്. അന്നു പ്രായം 38. 1980ൽ ഇന്ദിര കേന്ദ്രത്തിൽ അധികാരം തിരിച്ചുപിടിച്ചതോടെ മഹാരാഷ്‌ട്രയിൽ പവാറിന് അധികാരം നഷ്‌ടമായി.
സർക്കാരിനെ പിരിച്ചുവിട്ടു നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തി. 1986ൽ കോൺഗ്രസിലേക്കു മടങ്ങിയ പവാർ 1988ൽ മുഖ്യമന്ത്രി പദവും വീണ്ടെടുത്തു. 1991ൽ രാജീവ് ഗാന്ധി വധത്തെത്തുടർന്നു കോൺഗ്രസിൽ പ്രധാനമന്ത്രി സ്‌ഥാനാർഥിയായി സ്വയം രംഗത്തുവന്ന പവാറിനു പക്ഷേ, നരസിംഹറാവുവിനു വഴി മാറേണ്ടി വന്നു. വഴങ്ങേണ്ടപ്പോൾ വഴങ്ങാനും ഇടയേണ്ടപ്പോൾ ഇടയാനുമുള്ള രാഷ്ട്രീയ മെയ്വഴക്കമാണ് കോൺഗ്രസ് വിട്ടിട്ടും യുപിഎയിലെ ശക്‌തനായ ഘടകകക്ഷി നേതാവായി പവാറിനെ നിലനിർത്തുന്നത്.