ഇനി അവർ ക്ഷമിക്കില്ല…. ക്ഷമിച്ചാല്‍ ടാര്‍ജറ്റ് തികയില്ല…! ടാർജറ്റ് കൂട്ടി മോട്ടോര്‍വാഹനവകുപ്പ്; സൂക്ഷിച്ചാലും പിടിവീഴും…..

ഇനി അവർ ക്ഷമിക്കില്ല…. ക്ഷമിച്ചാല്‍ ടാര്‍ജറ്റ് തികയില്ല…!  ടാർജറ്റ് കൂട്ടി മോട്ടോര്‍വാഹനവകുപ്പ്; സൂക്ഷിച്ചാലും പിടിവീഴും…..
November 27 06:25 2019 Print This Article

ഗതാഗതനിയമലംഘന പിഴത്തുക കുത്തനെ കൂട്ടിയതിന് പിന്നാലെ മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ടാര്‍ജറ്റും കൂട്ടി. മാസം 300 കേസും ഒരു ലക്ഷം രൂപയും ഈടാക്കി നല്‍കിയിരുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇനി മുതല്‍ അ‍ഞ്ഞൂറ് പേരില്‍ നിന്നായി നാലുലക്ഷം രൂപ ഈടാക്കണമെന്നാണ് നിര്‍ദേശം.

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ സൂക്ഷിക്കുക. ചെറിയ പിഴവുകള്‍ പോലും ഇനി മോട്ടോര്‍വാഹനവകുപ്പുകാര്‍ ക്ഷമിക്കില്ല. ക്ഷമിച്ചാല്‍ ടാര്‍ജറ്റ് തികയില്ല. ഫ്ലൈയിങ് സ്ക്വാഡായിരിക്കും കൂടുതല്‍ കണിശക്കാര്‍. സ്ക്വാഡിലെ മൂന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരില്‍ ഒാരോരുത്തരും മാസം അഞ്ഞൂറ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് മാത്രമല്ല, പിഴയായി നാലുലക്ഷം രൂപയും ഈടാക്കിയിരിക്കണം.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറും സമാനമായ തുക പിരിച്ചെടുക്കണം. അതായത് ഒരു സ്ക്വാഡ് മാസം പതിനാറ് ലക്ഷം രൂപ ഖജനാവില്‍ അടച്ചിരിക്കണമെന്നാണ് ഉത്തരവ്. ആര്‍.ടി ഒാഫീസുകളിലെ എ.എം.വി.െഎമാര്‍ മാസം റജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍ 75 ല്‍ നിന്ന് 150 ആയി ഉയര്‍ത്തി. തുക അന്‍പതിനായിരത്തില്‍ നിന്ന് രണ്ടുലക്ഷമായും കൂട്ടി. എം.വി.െഎമാര്‍ നൂറ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് പുറമെ ഒന്നരലക്ഷവും ഈടാക്കി നല്‍കണം.

ചെക്ക് പോസ്റ്റുകളിലുമുണ്ട് ടാര്‍ജറ്റ്. വാളയാര്‍ ഇന്നര്‍ ചെക്ക്പോസ്റ്റിലിരിക്കുന്ന ഒരു എ.എം.വി.ഐ ഒരുമാസം നാലുലക്ഷം രൂപയും എം.വി.ഐ മൂന്നുലക്ഷം രൂപയും പിരിച്ചിരിക്കണം. ഒൗട്ടര്‍ ചെക്ക് പോസ്റ്റിലിത് യഥാക്രമം 2,50000വും ഒരുലക്ഷവുമാണ്. പിഴത്തുക കൂട്ടിയതുകൊണ്ടാണ് ടാര്‍ജറ്റ് കൂട്ടിയതെന്നാണ് വാദം. എന്നാല്‍ മിക്കവരും കോടതിയില്‍ പിഴയൊടുക്കുന്നത് കാരണം ടാര്‍ജറ്റ് തികയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പാടുപെടും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ കൊള്ളയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സര്‍ക്കുലര്‍ പുറത്തുവന്നതോടെ ടാര്‍ജറ്റില്ലെന്ന് പറഞ്ഞൊഴിയാനും ഇനി ഗതാഗതകമ്മീഷണര്‍ക്കാവില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles