ട്രോളുകള്ക്കും വിമര്ശനങ്ങള്ക്കും മറുപടി പറയുന്ന താരങ്ങള് കുറവാണ്. എന്നാല് കമന്റുകള് അതിരുവിടുമ്പോള് പ്രതികരിക്കുന്ന താരങ്ങളുണ്ട്. അത്തരത്തില് അതിരുവിട്ട ചോദ്യത്തിന് നടി ഇലിയാന നല്കിയ മറുപടിയാണ് സോഷ്യല് മീഡിയയില് ഹിറ്റായിരിക്കുന്നത്.
ഇന്സ്റ്റഗ്രാമില് ആരാധകരുമായി സംവദിക്കാന് സമയം കണ്ടെത്തുകയായിരുന്നു ഇലിയാന. ആരാധകര് ചോദിക്കുന്ന ചോദ്യങ്ങള്ക്ക് മറുപടി നല്കുകയായിരുന്നു താരം. അടുത്ത സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങളുയര്ന്നു. അതിനിടെയാണ് ഒരു കമന്റെത്തിയത്. ”എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്”?
ഉടന് താരം മറുപടി നല്കി. ”നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക”? ഇലിയേനയുടെ മറുപടി ആരാധകര് ആഘോഷമാക്കി.
അടുത്തിടെ നടന് ടൈഗര് ഷ്രോഫും ഇത്തരം ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ഷ്രോഫ് ചോദ്യത്തിന് മറുപടി നല്കിയത്.
തോട്ടിലൂടെ ഒരു പാവക്കുട്ടി ഒഴുകിപ്പോകുന്നതായാണു മൂലേശേരിച്ചിറ വീട്ടിൽ ജോയൽ തോമസും പുത്തൻപുരയിൽ എസ്.മാർട്ടിനും ആദ്യം വിചാരിച്ചത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒഴുകിമാറുന്നതു തങ്ങളുടെ ആന്റോച്ചനാണെന്നു മനസിലായത്. ഉടൻ വെള്ളത്തിലേക്കുചാടി കുട്ടിയെ കരയ്ക്കു കയറ്റുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ സമീപവാസിയായ കൊടുപ്പുന്നക്കളത്തിൽ റിനിയാണു കുട്ടിയ്ക്കു പ്രഥമ ശുശ്രൂഷ നൽകിയത്. റിനിയുടെ തലയിൽ കമഴ്ത്തിക്കിടത്തി വട്ടംചുറ്റിച്ചതോടെയാണു കുഞ്ഞ് അനങ്ങിയത്. ഇതോടെ റിനിയുടെ ഭർത്താവ് തോമസ് ബൈക്കിൽ മറ്റൊരാളെയും കയറ്റി കുട്ടിയെ ആശുപത്രിയിലെ ത്തിക്കുകയായിരുന്നു.
ദുരിതാശ്വാസ ക്യാംപിൽനിന്നു സാധനങ്ങൾ വാങ്ങി മടങ്ങിയെത്തിയ യുവതി തോട്ടിൽ വീണു മരിച്ചു. ഒഴുകിപ്പോയ ഒന്നേമുക്കാൽ വയസ്സുള്ള മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൈനകരി പഞ്ചായത്ത് 14–ാം വാർഡ് മൂലശേരി ലിനോജിന്റെ ഭാര്യ നീതു ജോർജ് (26) ആണ് ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ വീടിനടുത്തുള്ള തോട്ടിൽ മുങ്ങി മരിച്ചത്. മകൻ ആന്റോച്ചൻ തോട്ടിലൂടെ ഒഴുകുന്നതു കണ്ട് അയൽക്കാർ രക്ഷിക്കുകയായിരുന്നു.
തുടർന്നു നീതുവിനെ തിരഞ്ഞപ്പോഴാണു തോട്ടിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തു.
ദുരിതാശ്വാസ ക്യാംപിൽനിന്നു സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയ നീതു അയൽവാസിയുടെ റേഷൻ കാർഡ് തിരികെ നൽകാൻ പോയി മടങ്ങവേ കൽക്കെട്ടിൽനിന്നു കാൽ വഴുതി വീണതാകാമെന്നു പൊലീസ് പറയുന്നു.
നീതുവിന്റെ വിയോഗം അയൽക്കാർക്ക് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. 11.20നുള്ള ബസിൽ മെഡിക്കൽ കോളജിൽ പോയിരുന്നെങ്കിൽ നീതു തങ്ങളുടെ കൂടെ ഉണ്ടായേനെയെന്ന് അയൽവാസികൾ വിതുമ്പുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അയൽവാസിയെ കാണാൻപോകാൻ ഒരുങ്ങവെയാണു സഹായം വിതരണം ചെയ്യുന്നതായുള്ള വിവരം അറിഞ്ഞത്. ഇതോടെ സഹായം വാങ്ങിയശേഷം പോകാമെന്നു തീരുമാനിക്കുകയായിരുന്നു. കുട്ടമംഗലം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നിന്നു സഹായം വാങ്ങി തിരികെ എത്തിയശേഷമാണു വിധി നീതുവിനെ തട്ടിയെടുത്തത്.
മീനപ്പള്ളി പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിക്കുന്ന നീതുവിന്റെ കുടുംബം പാടശേഖരം മടവീണതോടെ വീടൊഴിഞ്ഞിരുന്നു. ഒന്നരയാഴ്ച മുൻപാണു തിരികെ എത്തിയത്. 3 വർഷം മുൻപാണ് ആര്യാട് തോട്ടുങ്കൽ വീട്ടിൽ തങ്കച്ചന്റെയും എൽസമ്മയുടെ മകളായ നീതുവിനെ ലിനോജ് വിവാഹം കഴിക്കുന്നത്.
മടവീണെങ്കിലും ഇവിടെ തന്നെ കഴിയാൻ തീരുമാനമെടുത്തെങ്കിലും മകനെ ഓർത്താണു കുടുംബവീട്ടിലേക്കു മാറിയത്. ഭർത്താവിന്റെ അമ്മ ലിസി ഹരിയാനയിലുള്ള മകളുടെ അടുത്തേക്കു പോയതിനാൽ ഭർതൃപിതാവ് അപ്പച്ചൻകുട്ടിയും ലിനോജും നീതുവും മകനുമാണു വീട്ടിലുള്ളത്. ജെസിബി ഓപ്പറേറ്ററായ ലിനോജും കൂലിപ്പണിക്കാരനായ അപ്പച്ചൻകുട്ടിയും ജോലിക്കുപോയാൽ പിന്നെ നീതുവും കുട്ടിയും മാത്രമാണു വീട്ടിലുള്ളത് വീട്ടുജോലിക്കുശേഷം പിഎസ്സി പരിശീലനവുമായി കഴിയുകയായിരുന്നു നീതു.
ടെക്സസിലെ ന്യായാധിപയായി തിരഞ്ഞെടുക്കപ്പെട്ട ജൂലി മാത്യു തിരുവല്ലയിൽ നിന്ന് യുഎസ് ഇൽ എത്തിയ തോമസ് ഡാനിയേൽ, സൂസമ്മ ദമ്പതികളുടെ മകളാണ് .ജൂലിയുടെ ഭർത്താവ് ജിമ്മി മാത്യു കാസർകോഡ് ചിറ്റാരിക്കൽ സ്വദേശിയാണ് .കഴിഞ്ഞ നവംബറിലാണ് ജൂലി സ്ഥാനമേറ്റത് .
ഡെലവെയർ ലോ സ്കൂളിൽ നിന്നു നിയമ ബിരുദം കരസ്ഥമാക്കിയ ശേഷം അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങി. 14 വർഷത്തിനു ശേഷമാണ് ഫോർട്ട്ബെന്റ് കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായത്. വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം ജനപിന്തുണ കൂടിയുണ്ടെങ്കിലേ യുഎസിൽ ന്യായാധിപയാകാൻ കഴിയൂ.
ക്രിമിനൽ കേസുകൾക്കു പുറമെ ലഹരി, കുടുംബപ്രശ്നങ്ങൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നീ കേസുകളും കൈകാര്യം ചെയ്യുന്ന കോടതിയിലെ ജഡ്ജിയാണ് ജൂലി. വിവാഹം നടത്താൻ പോലും കോടതിയെ സമീപിക്കുന്നവർ യുഎസിലുണ്ടെന്ന് ജൂലി പറയുന്നു. ഈ ചുമതലയിൽ എത്തുന്നതിനു മുൻപ് ആർക്കോള നഗരത്തിലെ മുനിസിപ്പൽ ജഡ്ജിയായും ഈ യുവ അഭിഭാഷക സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജൂലിയുടെ മാതാപിതാക്കളും സഹോദരൻ ജോൺസൻ തോമസും വർഷങ്ങളായി യുഎസിലാണ്. ഭർത്താവ് ജിമ്മി മാത്യു യുഎസിൽ വ്യാപാര രംഗത്തു പ്രവർത്തിക്കുന്നു. അൽന, ഐവ, സോഫിയ എന്നിവരാണു മക്കൾ.
സൗത്ത് ഫ്ളോറിഡ: ഒരു കുടുംബത്തിലെ മൂന്ന്പേര് കാര് തടാകത്തിലെക്കു മറിഞ്ഞതിനെ തുടര്ന്നു അപകടത്തില് മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തില് മത്തായിയുടെ മകന് ബോബി മാത്യു (46) ഭാര്യ ഡോളി (42) അവരുടെ മകന് സ്റ്റീവ് (14) എന്നിവര് ആണ് മരിച്ചത്. കോതമംഗലം എം എ കോളേജ് സൂവോളജി വിഭാഗം ഹെഡ് ആയിരുന്നു പരേതനായ ബോബിയുടെ പിതാവ് എം പി മത്തായി.
ഡാലസില് ഐ.ടി. എഞ്ചിനിയറായ ബോബി മാത്യുവിനെ ഫോര്ട്ട് ലോഡര്ഡെയ്ല് എയര്പോര്ട്ടില് വിടാന് പോകുകയായിരുന്നു. ഇവര് യാത്ര ചെയ്തിരുന്ന കാര് റോഡില് നിന്ന് 20 അടിയോളം തെന്നി തടാകത്തിലേക്ക് മറിഞ്ഞതിനെ തുടര്ന്നാണ് അപകടം സംഭവിച്ചത്. ഫ്ളോറിഡ സമയം ചൊവാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. ബാബു (ചിക്കാഗോ), ബീബ (ഡാളസ്) എന്നിവര് ബോബിയുടെ സഹോദരങ്ങള് ആണ്. ബിർമിങ്ഹാമിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ മാത്യു ആണ് യുകെ മലയാളിയായ ടോം ജോസ് തടിയംപാടിന് ഈ വാര്ത്ത അയച്ചു കൊടുത്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് ചുട്ടമറുപടിയുമായി എസ്.ഐ. കൊച്ചിന് യൂണിവേഴ്സിറ്റിയിലെ വിദ്യാര്ത്ഥി സംഘര്ഷത്തില് എസ്എഫ്ഐ നേതാവിനോട് എസ്.ഐ മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് ഭീഷണി.സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര് ഹുസൈനാണ് എസ്ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയത്. വിദ്യാർത്ഥികൾ സംഘം തിരിഞ്ഞ് തമ്മിലടിച്ചപ്പോൾ ഇടപെട്ടതാണെന്നും എസ്എഫ്ഐയുടെ നേതാവിനെ സ്ഥലത്ത് നിന്ന് മാറ്റി കൊണ്ടുവിട്ടെന്നും എസ്.ഐ വ്യക്തമാക്കി.
എന്നാൽ കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞിട്ട് ഇടപ്പെടാൻ സിപിഎം നേതാവ് ആവശ്യപ്പെടുകയായിരുന്നു.രാഷ്ട്രീയക്കാർക്കിടയിലും ജനങ്ങൾക്കിടയിലും നിങ്ങൾ മോശം അഭിപ്രായമുണ്ടെന്നും നിങ്ങൾക്ക് മുമ്പ് കളമശ്ശേരിയിൽ വേറെ എസ്.ഐമാർ വന്നിട്ടുണ്ടെന്നും പ്രവർത്തകരോട് മാന്യമായി പെരുമാറണമെന്നും സക്കീർ പറഞ്ഞു.
നിലപാട് നോക്കി ജോലി ചെയ്യാനാകില്ലെന്നായിരുന്നു എസ്ഐയുടെ മറുപടി. നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവര്ത്തിക്കുന്നതെന്നും എസ്.ഐ അമൃത് രംഗൻ വ്യക്തമാക്കി. ഒരു പാർട്ടിയോടും കൂറില്ല,ഇവിടെ ഇരിക്കാമെന്ന് വാക്കും പറഞ്ഞിട്ടില്ലെന്നും എസ്.ഐ കൂട്ടിച്ചേർത്തു. ഞാനിവിടെ ചത്ത് കെടന്നാലും പിള്ളേര് തമ്മിൽത്തല്ലാൻ ഞാൻ സമ്മതിക്കൂല്ല. ഈ യൂണിഫോം ഞാനിട്ടിട്ടുണ്ടേൽ ചാകാൻ റെഡിയായിട്ടാ വന്നേക്കണേ എന്നും പറഞ്ഞു.
ഇതോടെ സക്കീർ ഹുസൈൻ തന്നേക്കാൾ വലിയ ഉദ്യോഗസ്ഥൻമാരൊക്കെ എന്നോട് മാന്യമായിട്ടാണല്ലോ സംസാരിക്കണതെന്നായി. പല ഉദ്യോഗസ്ഥരെയും താൻ വിളിച്ച് സംസാരിക്കാറുണ്ടെന്നും തനിക്ക് മാത്രമെന്താണ് കൊമ്പുണ്ടോയെന്നും എസ്.ഐയോട് ചോദിച്ചു.
എന്നാൽ അത് തനിക്ക് അറിയില്ലെന്നും ഈ യൂണിഫോം ടെസ്റ്റ് എഴുതിയാണ് പാസായതെന്നും എസ്.ഐ വ്യക്തമാക്കി. ” നിങ്ങക്ക് ഇഷ്ടമുള്ളയാളെ കൊണ്ടിരുത്ത്. ഞാനിരിക്കൂല്ല നിങ്ങള് പറയുന്നിടത്ത്. അങ്ങനെയൊരാളല്ല ഞാൻ. നിങ്ങള് പറയണ മാതിരി പണിയെടുക്കൂല്ല, കേട്ടോ. അങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റൂല്ല,” എസ്.ഐ പറഞ്ഞു.
ന്യൂഡൽഹി: വാഹന നിർമാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ മാരുതി സുസുകി രണ്ട് പ്ലാന്റുകളുടെ പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തുന്നു. ഗുരുഗ്രാം മനേസർ പ്ലാന്റുകളാണ് രണ്ടു ദിവസത്തേക്ക് നിർത്തിവയ്ക്കുന്നത്. കാർ നിർമാതാക്കൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബിഎസ്ഇ) നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഈ മാസം ഏഴിനും ഒമ്പതിനും പ്ലാന്റുകൾ പ്രവർത്തിക്കില്ലെന്നാണ് മാരുതി സുസുകി അറിയിച്ചിരിക്കുന്നത്.
മാരുതി സുസുകിയുടെ വില്പന കഴിഞ്ഞ ഏഴു വര്ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ജൂലൈ മാസത്തിലെ വില്പന 36 ശതമാനമാണ് കുറഞ്ഞത്. ചെറിയ മോഡലുകളായ ആള്ട്ടോ, വാഗണ് ആര് എന്നിവയുടെ വില്പനയില് 69 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ കാര് നിർമാതാക്കാളാണ് സുസുകി.
രാജ്യത്ത് വിൽക്കുന്ന മൂന്നിൽ രണ്ട് വാഹനങ്ങളും സുസുകിയുടേതാണ്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഹ്യൂണ്ടായിയുടെ വില്പന 10 ശതമാനം കുറഞ്ഞു. പുതിയതായി ഇറക്കിയ വെന്യ അടക്കമുളള വാഹനങ്ങളാണ് കനത്ത തകര്ച്ചയില് നിന്നും ഹ്യൂണ്ടായിയെ രക്ഷിച്ചത്. ഹോണ്ടയുടെ വില്പനയില് 49 ശതമാനം കുറവുണ്ടായി. ടയോട്ടയുടെ ജൂലൈ മാസത്തിലെ വില്പനയില് 24 ശതമാനമാണ് ഇടിവ്. മഹീന്ദ്രയുടെ വില്പ്പന 15 ശതമാനവും കുറഞ്ഞു. ഇരു ചക്ര വാഹന വിപണിയും പ്രതിസന്ധിയിലാണ്. ഏററവും കൂടുതല് ഇടിവ് നേരിട്ടത് റോയൽ എന്ഫീല്ഡാണ്. വില്പന 27 ശതമാനമാണ് കുറഞ്ഞത്. ബജാജിന് 13 ശതമാനവും ടിവിഎസിന് 16 ശതമാനവും വില്പന നഷ്ടമുണ്ടായി.
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തിൽനിന്നു പുറത്താക്കിയതിൽ പൊട്ടിത്തെറിച്ചു മുൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ. ദേശീയ ടീം സെലക്ടറായ ദേവാംഗ് ഗാന്ധിയുടെ മുറിയിലേക്ക് ഇടിച്ചുകയറിയ ബംഗാർ, സെലക്ടറോടു കയർത്തു സംസാരിച്ചു എന്നാണു റിപ്പോർട്ട്. കപിൽദേവിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതി മുഖ്യ പരിശീലകനെ തെരഞ്ഞെടുത്തതിനു പിന്നാലെ ദേശീയ ടീം സെലക്ടർമാർ യോഗം ചേർന്നു. യോഗത്തില് മുഖ്യ പരിശീലകൻ, ബൗളിംഗ് പരിശീലകൻ, ഫീൽഡിംഗ് പരിശീലകൻ എന്നിവരെ നിലനിർത്തി ബംഗാറിനെ ബാറ്റിംഗ് പരിശീലക സ്ഥാനത്തുനിന്നു മാറ്റാൻ തീരുമാനിച്ചു.
ഇത് അപ്രതീക്ഷിതമായിരുന്നു. ഇതോടെയാണു ബംഗാർ സെലക്ടറുടെ മുറിയിലേക്ക് ഇടിച്ചുകയറിയത്. പരിശീലക സംഘത്തിൽ അവസരമില്ലെങ്കിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിയമിക്കണമെന്നു ബംഗാർ ഗാന്ധിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ലോകകപ്പോടെ കാലാവധി അവസാനിച്ചിരുന്നെങ്കിലും, ബംഗാർ അടക്കമുള്ള സപ്പോർട്ടിംഗ് സ്റ്റാഫിനു വെസ്റ്റ്ഇൻഡീസ് പര്യടനം കഴിയുന്നതുവരെ പദവി നീട്ടി നൽകുകയായിരുന്നു. വിക്രം റാത്തൗഡാണു സഞ്ജയ് ബംഗാറിനു പകരക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തിൽ എത്തുന്നത്.
ബംഗാറിന്റെ പെരുമാനം സംബന്ധിച്ച് ബിസിസിഐക്കു വിവരം ലഭിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ബംഗാറിനു ബിസിസിഐയുമായി കരാറുകൾ ഇല്ലാത്ത സാഹചര്യത്തിൽ മറ്റു നടപടികളിലേക്കു കടക്കേണ്ടത്തില്ലെന്ന വികാരമാണു ബോർഡിന്. അതേസമയം, സംഭവത്തിൽ മുഖ്യ പരിശീലകനോ സെലക്ടറോ പരാതി നൽകിയാൽ ബംഗാറിനെ ബിസിസിഐ നടപടിയെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
ബോളിവുഡ് നായിക രാഖി സാവന്ത് രണ്ട് മാസം ഗർഭിണിയാണെന്നും അവരുടെ വയറ്റിൽ വളരുന്നത് തന്റെ കുട്ടിയാണെന്നും പറഞ്ഞ് മുൻ കാമുകനും കൊമേജിയനുമായ ദീപക് കലാൽ വീണ്ടും രംഗത്ത്. എന്നാൽ അവർക്ക് ഒരു ഉത്തരവാദിത്തമില്ലെന്നും ജീവിതരീതി തന്റെ കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ദീപക് ഇൻസ്റ്റ്ഗ്രാം വിഡിയോയിലൂടെ പറയുന്നു.
രാഖി സാവന്ത് ഇയാളെ ഉപേക്ഷിച്ച ശേഷം മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ദീപക് രാഖിയ്ക്കെതിരെ പലതരം ആരോപണങ്ങളുമായി രംഗെത്തെത്തിയിരിക്കുകയാണ്. രാഖിയ്ക്കെതിരേ മോശം പരാമര്ശം നടത്തിയതിന് കുറച്ച് ദിവസങ്ങള്ക്ക് മുന്പ് രാഖിയുടെ സഹോദരന്റെ ഭാര്യ ദീപകിനെ മര്ദിച്ചിരുന്നു. ഒരു ഹോട്ടലില് വച്ചായിരുന്നു ദീപകിന് നേരെ ആക്രമണം. ഈ ദൃശ്യങ്ങള് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
രാഖി സാവന്ത് താന് വിവാഹിതയായ വിവരം കുറച്ച് ദിവസങ്ങള്ക്ക് മുന്പ് വെളിപ്പെടുത്തിയിരുന്നു. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് താന് ചിത്രങ്ങള് പുറത്ത് വിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതോടെ രാഖിക്കെതിരേ കടുത്ത ആരോപണങ്ങളുമായി ദീപക് രംഗത്തെത്തി.
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്കി തന്റെ പക്കല് നിന്ന് രാഖി നാല് കോടിയോളം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു തന്നില്ലെങ്കില് ജീവിതം നശിപ്പിക്കുമെന്നും ദീപക് ഭീഷണിപ്പെടുത്തിയിരുന്നു.
ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മലയാളികള് ഉൾപ്പെടെ ഏഴു ജീവനക്കാരെ വിട്ടയയ്ക്കുമെന്ന് ഇറാന്റെ ദേശീയ ടെലിവിഷൻ റിപ്പോർട്ടു ചെയ്തു. 5 ഇന്ത്യക്കാരെയും ഒരു ലാത്വിയ സ്വദേശിയെയും ഒരു റഷ്യൻ സ്വദേശിയെയുമാണ് മോചിപ്പിച്ചത്. ഇവർ കപ്പലിൽ നിന്നിറങ്ങി.
ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്ത് തടവിലാക്കപ്പെട്ട എണ്ണക്കപ്പലിൽ 23 നാവികരാണുള്ളത്. ഇതിൽ 3 മലയാളികളടക്കം 18 പേർ ഇന്ത്യക്കാരാണ്. മോചിക്കപ്പെട്ടവരിൽ മലയാളികൾ ഉള്ളതായി സ്ഥിരീകരണമില്ല. കളമശേരി തേക്കാനത്തു വീട്ടിൽ ഡിജോ പാപ്പച്ചൻ, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസർകോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികൾ. നാവികരെ വിട്ടയയ്ക്കാൻ ടാങ്കർ ഉടമകളായ സ്റ്റെന ബൾക് ഇന്ത്യ, റഷ്യ, ഫിലിപ്പീൻസ്, ലാത്വിയ എന്നീ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.
മാനുഷിക പരിഗണനയിലാണ് ഇവരെ മോചിപ്പിക്കുന്നതെന്നും അവർക്ക് ഉടൻ ഇറാൻ വിടാനാകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു. ജീവനക്കാരും ക്യാപ്റ്റനുമായും ഇറാന് പ്രശ്നങ്ങളില്ലെന്നും എണ്ണക്കപ്പൽ രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എണ്ണക്കപ്പലിൽ നിന്നുള്ള വിഡിയോ ഇറാന്റെ ദേശീയ ടെലിവിഷൻ പുറത്തുവിട്ടു.
സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ ജൂലൈ 19നാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.
യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഇറാന്റെ എണ്ണ ടാങ്കറായ ആഡ്രിയൻ ഡാര്യ 1 (ഗ്രേസ് 1) ജിബ്രാൾട്ടറിൽ പിടികൂടിയതിനു പകരമായാണ് ഈ ടാങ്കർ ഇറാൻ ജൂലൈയിൽ പിടികൂടിയത്. ആഡ്രിയൻ ഡാര്യ കഴിഞ്ഞ ഓഗസ്റ്റ് 15നു വിട്ടയച്ചിരുന്നു. ഈ കപ്പൽ സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിറിയയിലേക്ക് പോകില്ലെന്നും ഗ്രീസിലേക്കാണ് എണ്ണ കൊണ്ടുപോവുകയെന്നും ഇറാൻ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കപ്പൽ വിട്ടയച്ചത്. എന്നാൽ സിറിയയ്ക്കു സമീപമെത്തിയപ്പോൾ കപ്പലിന്റെ ഗതിയെക്കുറിച്ചു വിവരമൊന്നും ലഭിക്കുന്നില്ലെന്ന് രാജ്യാന്തര ഏജൻസികൾ പറയുന്നു. ആഡ്രിയൻ ഡാര്യ കപ്പലിന്റെ പുതിയ ക്യാപ്റ്റൻ അഖിലേഷ് കുമാർ എന്ന ഇന്ത്യക്കാരനെ ഇറാനിയൻ ഭീകരരെ സഹായിക്കുന്നയാളെന്ന രീതിയിലാണ് പരിഗണിക്കുകയെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി മേയര് സൗമിനി ജെയിനെതിരെയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പില്നിന്ന് യു.ഡി.എഫ് വിട്ടുനില്ക്കും. കൊച്ചിയില് ചേര്ന്ന കോണ്ഗ്രസ്– യു.ഡി.എഫ് പാര്ലമെന്ററി പാര്ട്ടിയോഗങ്ങളിലാണ് തീരുമാനം. കഴിഞ്ഞ 31നാണ് പ്രതിപക്ഷം ജില്ല കലക്ടര്ക്ക് അവിശ്വാസപ്രമേയ നോട്ടീസ് നല്കിയത്. ഇതോടെ മേയര്ക്കെതിരെയുള്ള അവിശ്വാസപ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായി.
മേയര് സ്ഥാനത്തിനായി കോണ്ഗ്രസില് തന്നെയുള്ള ഭിന്നതകള് മറന്ന് അവിശ്വാസപ്രമേയത്തെ നേരിടണമെന്നതാണ് കോണ്ഗ്രസ് യു.ഡി.എഫ് പാര്ലമെന്ററി പാര്ട്ടിയോഗങ്ങളിലെ പൊതുവികാരം. ഇതിന്റെ ഭാഗമായാണ് മേയര് സൗമിനി ജെയിനെതിരെയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പില്നിന്ന് വിട്ടുനില്ക്കാന് യു.ഡി.എഫ് തീരുമാനിച്ചത്. പന്ത്രണ്ടിനാണ് അവിശ്വാസപ്രമേയം ചര്ച്ചയ്ക്കെടുക്കുന്നത്. നഗരസഭയില് യു.ഡി.എഫിന് 38ഉം എല്.ഡി.എഫിന് 34-ഉം ബി.ജെ.പിക്ക് രണ്ടും കൗണ്സിലര്മാരാണുള്ളത്. യു.ഡി.എഫിലെ മുപ്പത്തിയെട്ട് കൗണ്സിലര്മാരും വിട്ടുനില്ക്കുന്നതോടെ അവിശ്വാസപ്രമേയം പരാജയപ്പെടും.
യു.ഡി.എഫിലെ ഭിന്നത മുതലെടുത്തുകൊണ്ടാണ് എല്.ഡി.എഫ് കഴിഞ്ഞ 31ന് മേയര്ക്കെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്കിയത്. അതുകൊണ്ടുതന്നെ ഒറ്റക്കെട്ടായി നേരിടുമെന്നതില് കൂടുതല് പ്രതികരണത്തിന് യു.ഡി.എഫ് നേതാക്കള് തയാറായിട്ടില്ല.