അര്‍ദ്ധരാത്രിയില്‍ ഗവര്‍ണറെ വിളിച്ചുണര്‍ത്തിയും പ്രധാനമന്ത്രി തന്റെ പ്രത്യേക അവകാശങ്ങള്‍ ഉപയോഗിച്ചും മുംബൈയില്‍ നടത്തിയ രാഷ്ട്രീയ നാടകത്തിന് മൂന്ന് ദിവസത്തിന് ശേഷം അന്ത്യം. ഇന്നലെ സുപ്രീം കോടതിയില്‍ വിശ്വാസ വോട്ട് നേടാന്‍ 14 ദിവസം വേണമെന്ന ആവശ്യം ഉന്നയിക്കുകയും അതൊന്നും അംഗീകരിക്കപെടാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അമിത് ഷായും സംഘവും ജനാധിപത്യത്തിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. മൂന്ന് ദിവസത്തെ മുഖ്യമന്ത്രി സ്ഥാനം ഫഡ്‌നാവിസ് രാജിവെച്ചു. രണ്ടാം മോദി സര്‍ക്കാരിന് ഏല്‍ക്കുന്ന ആദ്യത്തെ രാഷ്ട്രീയ പ്രഹരമാണ് ഇത്. ഇതിന് കാരണം സുപ്രീം കോടതിയും ശരത്പവാറുമാണെന്ന് പറയാം.

14 ദിവസമുണ്ടായിരുന്നെങ്കില്‍ കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്നും അതില്ലാതെ ഭരണം നിലനിര്‍ത്താന്‍ സാധിക്കില്ലെന്നുമുള്ള ബിജെപി നേതൃത്വത്തിന്റെ സമ്മതമാണ് രാജിയിലൂടെ വ്യക്തമായത്. എത്രയോ കാലത്തിന് ശേഷം ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സംരക്ഷകരായി സുപ്രീം കോടതി മാറിയെന്നതും മഹാരാഷ്ട്ര നാടകത്തിന്റെ ബാക്കി പത്രമാണ്. ബിജെപിയും ഫഡ്‌നാവിസും കേന്ദ്ര സര്‍ക്കാരും ഗവര്‍ണറുമെല്ലാം ഉന്നയിച്ച വാദങ്ങള്‍ കോടതി തളളിയതോടെ നില്‍ക്കകള്ളിയില്ലാതെയായിരുന്നു ഫഡ്‌നാവിസിന്റെ രാജി. കര്‍ണാടകത്തില്‍ ബി എസ് യെദ്യുരപ്പ കാണിച്ചതുപോലെ അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കാനുള്ള ത്രാണി ഫഡ്‌നാവിസ് പരാജയം ഉറപ്പായപ്പോള്‍ കാണിച്ചില്ലെന്ന് മാത്രം.

അമിത് ഷായല്ല, ശരത് പവാറാണ് മഹാരാഷ്ട്രയില്‍ വിജയിച്ചത്. അജിത്ത് പവാറിന്റെ ബിജെപി ബാന്ധവത്തിന് പിന്നില്‍ ശരത് പവാറിന്റെ മൗനാനുവാദം ഉണ്ടോ എന്ന സംശയം പലപ്പോഴും ഉയര്‍ന്നപ്പോഴും തന്റെ കൂടെയുള്ളവരെ കുടെനിര്‍ത്തി എതിര്‍ പോസ്റ്റിലേക്ക് ഗോളടിക്കുകയാണ് ശരത് പവാര്‍ ചെയ്തത്. ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തിട്ടും സത്യ പ്രതിജ്ഞാചടങ്ങില്‍ കൂടെയുണ്ടായിരുന്നവരെ പോലും നഷ്ടമായാണ് അജിത് പവാര്‍ രാജിവെക്കേണ്ടിവന്നത്. അജിത് പവാറിനെ തിരിച്ച് എന്‍സിപിയിലെത്തിച്ച് പുതിയ മന്ത്രിസഭയിലെത്തിയേക്കുമെന്നാണ് ഒടുവില്‍ കിട്ടുന്ന സൂചന.

ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മന്ത്രിസഭ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനിരിക്കെയായിരുന്നു ശനിയാഴ്ച അര്‍ദ്ധരാത്രിയിലെ കലാപം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കാര്‍മികത്വത്തില്‍ നടന്നത്. പുലര്‍കാലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ട് രാംനാഥ് കോവിന്ദ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഫക്ക്രൂദിന്‍ അലി അഹമ്മദിന്റെ തീരുമാനമായി താരതമ്യം ചെയ്യപ്പെട്ടു. ശക്തമായ പ്രലോഭനങ്ങള്‍ക്കിടയിലും എംഎല്‍എമാരെ പിടിച്ചുനിര്‍്ത്താന്‍ ശരത്പവാറിനും കോണ്‍ഗ്രസ് നേതൃത്വത്തിനും കഴിഞ്ഞതും ഉചിതമായ സമയത്ത് സുപ്രീം കോടതിയുടെ ഉത്തരവുണ്ടായതും ബിജെപിയ്ക്ക് തിരിച്ചടിയായി. പ്രലോഭനത്തെ ഇത്രയും ശക്തമായി എതിര്‍പക്ഷത്തുളളവര്‍ അതിജീവിക്കുമെന്ന് അമിത്ഷായും ഫഡ്‌നാവിസും കരുതികാണില്ല.

അജിത്ത് പവാറിനെ തിരിച്ച് എന്‍സിപി പാളയത്തിലെത്തിക്കുന്നതിലുടെ വരുന്ന കാലത്ത് ഉണ്ടാകാന്‍ ഇടയുള്ള ഒരു ഭീഷണി ഇല്ലാതാക്കാനുള്ള നീക്കവുമാണ് ശരത് പവാര്‍ നടത്തുന്നതെന്നാണ് സൂചന.ദേശീയ രാഷ്ട്രീയത്തില്‍ എല്ലാ അര്‍ത്ഥത്തിലും അപ്രസക്തരാക്കപ്പെട്ടുകൊണ്ടിരിക്കുകയും തിരിച്ചുവരാന്‍ ഒരു സാധ്യതയുമില്ലാത്ത രീതിയില്‍ ലക്ഷ്യ ബോധവുമില്ലാതെ കഴിയുകയായിരുന്ന കോണ്‍ഗ്രസിന് ഊര്‍ജ്ജം നല്‍കുകയാണ് ബിജെപിയും സംഘവും യഥാര്‍ത്ഥത്തില്‍ ചെയ്തത്. ശിവസേനയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപികരിക്കുന്നത് ന്യായികരിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന കോണ്‍ഗ്രസിനും പുതിയ സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ തുണയാവുകയാണ് ചെയ്തത്. ഫലത്തില്‍ ആരും വെല്ലാനില്ലാത്ത തന്ത്രശാലിയെന്ന് വൈതാളിക സംഘവും ചില മാധ്യമങ്ങളും വാഴ്ത്തുന്ന അമിത് ഷായുടെ മഹാരാഷ്ട്ര നീക്കങ്ങള്‍ ബിജെപിയെ ഒരിക്കല്‍ കൂടി അപഹാസ്യമാക്കുക മാത്രമല്ല, അതിനപ്പുറം പ്രതിപക്ഷത്തെ ഊര്‍ജ്ജ,സ്വലമാക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ താല്‍ക്കാലിക അധ്യക്ഷയായി ചുമതലയേറ്റ സോണിയാഗാന്ധിയ്ക്കും മഹാരാഷ്ട്ര പോരാടി നോക്കാനുള്ള ആത്മവിശ്വാസം നല്‍കും. എന്നാല്‍ മധ്യപ്രദേശില്‍നിന്ന് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ പുകയുന്ന വിമതത്വം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ നേരിടാന്‍ മഹാരാഷ്ട്രയിലെ ജയം അവര്‍ക്ക് കരുത്തുനല്‍കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.